Wednesday, January 22, 2025
Novel

നീരവം : ഭാഗം 10

എഴുത്തുകാരി: വാസുകി വസു


നിയന്ത്രണത്തിന് അനുസരണമായി ഒഴുകി നടക്കുകയാണ്…

അതേ ചരട് പൊട്ടിയ പട്ടം പോലെ അന്തരീക്ഷത്തിൽ ഉയർന്നും താണും പാറിപ്പറക്കുക ആയിരുന്നു അവളുടെ മനസ്സ്…

ആദ്യമായാണ് ഒരു പുരുഷന്റെ ചുംബനം ഏറ്റ് വാങ്ങുന്നത്.അതങ്ങനെ സിരകളിലൊഴുകി വീര്യം കൂടിയ വീഞ്ഞായി പതഞ്ഞ് ഉയരുന്നു.മീരക്ക് ബലമെല്ലാം നഷ്ടപ്പെട്ടു അപ്പൂപ്പൻ താടിപോലെ ഭാരമില്ലാതായി തീർന്നു.ആശ്രയത്തിനെന്നവണ്ണം അവൾ മീനമ്മയുടെ തോളിൽ തന്റെ ഭാരം മുഴുവനും അർപ്പിച്ചു…

“മനസ്സ് നിറയെ,,,ശരീരമാകെ,,,നാഡീവ്യൂഹത്തിലൂടെ നീരവിനോടുളള മീരയുടെ പ്രണയമായിരുന്നു..

മുറിയിലെത്തി കഴിഞ്ഞിട്ടും മീര അനുഭൂതികളിൽ നിന്നും ഉണർന്നിരുന്നില്ല.അപ്പൂപ്പൻ താടിപോലെയവൾ അവൾ കട്ടിലേക്ക് കമഴ്ന്ന് വീണു..

കുറച്ചു നേരം അവളെ നോക്കിനിന്ന ശേഷം മീനമ്മ മുറിവിട്ടിറങ്ങി. ഈ പെണ്ണിന് ഇതെന്താ പറ്റിയതെന്നവർ ചിന്തിക്കാതിരുന്നില്ല.ഏഹ്’ എന്തെങ്കിലും ആകട്ടെയെന്ന് ചിന്തിച്ചു തന്റെ ജോലികളിൽ മുഴുകി.

പക്ഷേ മുറിയിലെത്തിയ നീരജാകെ അസ്വസ്ഥനായി.മീരയുടെ ചുണ്ടിൽ നീരവ് മുത്തിയതിന്റെ അടയാളം പെട്ടെന്ന് മനസ്സിലാക്കാൻ അവന് കഴിഞ്ഞു.

ഏട്ടനെ പരിചരിക്കാനാണ് മീരജക്ക് മുമ്പിലെത്തിയത്.എങ്കിലും ആദ്യമായി കണ്ടു കഴിഞ്ഞപ്പോൾ മനസ്സിലാ മുഖം കടന്നു കയറി.അനുവാദം പോലും ചോദിക്കും മുമ്പേ അവൾ തന്റെ ഹൃദയം കവർന്നു.നഷ്ടപ്പെടാതിരിക്കാനാണ് അമ്മയോട് ഇഷ്ടം സൂചിപ്പിച്ചത്.അച്ഛനോട് അനുവാദം ചോദിക്കാമെന്ന് അമ്മ ഉറപ്പ് നൽകിയതുമാണ്.എന്നിട്ടും ഏട്ടൻ അവളിൽ അവകാശം സ്ഥാപിച്ചിരിക്കുന്നു.

മനസ്സാകെ ആടിയുലഞ്ഞതോടെ മുറിയിൽ നിന്ന് നീരജ് കിച്ചണിലെത്തി.അമ്മ ജോലിത്തിരക്കിൽ ആണെങ്കിലും മറുപടി ലഭിക്കാത്തതിനാൽ അവൻ അവിടെ ചുറ്റിപ്പറ്റി നിന്നു.

” അമ്മ അച്ഛനോട് ചോദിച്ചോ?”

മുഖവുരയിട്ടിലെങ്കിലും ആശങ്കാജനകമായിരുന്നു അവന്റെ ചോദ്യത്തിന്. മീനമ്മക്കത് മനസ്സിലാവുകയും ചെയ്തു.

“എടാ ആ കൊച്ച് ഇവിടേക്ക് വന്ന് കയറുയതല്ലേയുള്ളൂ.നമ്മളിപ്പോൾ ചെന്ന് വിവാഹം ആലോചിച്ചാൽ മീരയെന്താകും കരുതുക.ഇനിയും സമയം ഉണ്ടല്ലോ.. നീയൊന്ന് അടങ്ങ്”

നീരജിനെ മീനമ്മ സമാധാനിപ്പിക്കാൻ ശ്രമിച്ചു.. നീരവിനായിട്ടാണു മാധവ് മീരയുടെ കാര്യം സൂചിപ്പിച്ചതെന്ന് അവർ നീരജിനോട് പറഞ്ഞില്ല.മകനെ വിഷമിപ്പിക്കണ്ടാന്ന് കരുതിയാകും.അവനിലതൊരു പ്രതീക്ഷയായി നിലനിൽക്കുമെന്ന് ആ നിമിഷം മീനമ്മ ഓർത്തില്ല.

അമ്മയിൽ നിന്ന് ആശിക്കാനുളള വക ലഭിച്ച ആശ്വാസത്തിൽ നീരജ് കിച്ചണിൽ നിന്ന് ഹാളിലേക്കെത്തി.നീരജ ഹാളിൽ ടിവിക്ക് മുമ്പിൽ ചാനൽ മാറ്റി മാറ്റി ഇരിപ്പുണ്ടായിരുന്നു.

“എന്താടാ മുഖത്ത് പതിവില്ലാത്തൊരു സന്തോഷം”

തനിക്ക് അരികിൽ വന്നിരുന്നു നീരജിനെ അവളൊന്ന് കുത്തി.അവനത് മനസ്സിലാവുകയും ചെയ്തു.

“എന്തേ എനിക്ക് സന്തോഷിക്കാൻ പറ്റില്ലേടീ”

ടിവിയുടെ റിമോട്ട് അവളുടെ കയ്യിൽ നിന്ന് തട്ടിയെടുത്ത് കൊണ്ട് നീരജ് മറുചോദ്യമെറിഞ്ഞു.

“നീയാദ്യം റിമോട്ട് ഇങ്ങോട്ട് തന്നേ”

റിമോട്ടിനായി നീരജ കൈനീട്ടി.നീരജത് കൊടുക്കാൻ പോയില്ല.

“നീ പോയിരുന്നു മൊബൈലിൽ തേച്ചിരിക്കെടീ”

“നെറ്റ് തീർന്നെടാ..റീചാർജ് ചെയ്യാൻ പൈസ ചോദിച്ചിട്ട് അമ്മ തന്നില്ല”

അവൾ തന്റെ സങ്കടം ആങ്ങളക്ക് മുമ്പിൽ സമർപ്പിച്ചു. മീനമ്മ എപ്പോഴും നീരജയെ വഴക്ക് പറയാറുണ്ട്. എപ്പോഴും മൊബൈലിൽ കുത്തിയിരിക്കുന്നതിന്.

“നിനക്ക് ഞാൻ റീചാർജ് ചെയ്തു തരാം”

റിമോട്ട് നീരജയെ ഏൽപ്പിച്ചു നീരജ് തന്റെ മുറിയിലേക്ക് പോയി.ഡെബിറ്റ് കാർഡ് എടുത്തിട്ട് വന്ന് നീരജക്ക് നെറ്റ് റീചാർജ് ചെയ്തു കൊടുത്തു.

“താങ്ക്സ് ഡാ””

“താങ്ക്സ് നീ വെച്ചോളൂ..സമയം ആകുമ്പോൾ ഉപകരിച്ചാൽ മതി”

“നീയെന്തോ മനസ്സിൽ വെച്ചാണല്ലോ സംസാരിക്കുന്നത്”

സംശയത്തിന്റെ മുനകൾ നിറഞ്ഞ കണ്ണുകൾ അവൾ അവനിലേക്കെറിഞ്ഞു.കൂടപ്പിറപ്പൊക്കെയാണ് എന്നാലും എന്തെങ്കിലും കാര്യസാദ്ധ്യമുണ്ടങ്കിലേ നീരജ് സ്നേഹമായി പെരുമാറുള്ളൂ..അവൻ പിശുക്കനാണെന്ന് അവൾക്ക് നന്നായിട്ട് അറിയാം.

നീരജക്ക് സ്നേഹം കൂടുതൽ നീരവിനോടാണ്..അത് നീരജിനു നന്നായിട്ടറിയാം.അതിനാണ് ഇപ്പോൾ അവളെ സ്നേഹിച്ചു കൂടെ കൂട്ടാൻ ശ്രമിക്കുന്നത്.

നീരജ മൊബൈലിൽ ശ്രദ്ധ കേന്ദിരീകരിച്ചതോടെ നീരജ് വാർത്താ ചാനൽ കാണുന്നതിൽ മുഴുകി..

**********

മീര കുറച്ചു നേരം കിടന്നിട്ട് എഴുന്നേറ്റു. കണ്ണാടിക്ക് മുമ്പിൽ ചെന്നു നിന്നു.മിഴികളിൽ നാണം പൂത്തുലയുന്നത് അവൾ കണ്ടു.നീരവ് ഉമ്മവെച്ച ചുണ്ടിൽ മെല്ലെ കരതലമോടിച്ചു.അവിടെമാകെ ചുവന്ന് തുടുത്തിരിക്കുന്നു.

അവനെ ഒന്നുകൂടി കാണണമെന്ന് മീരക്കപ്പോൾ തോന്നി.അവൾ സ്വയം മറക്കുകയായിരുന്നു.താനിവിടുത്തെ ആശ്രിതയാണെന്നതു വരെ…

മീര ചെല്ലുമ്പോൾ നീരവ് നിദ്രയുടെ ആഴങ്ങളിലായിരുന്നു.മധുരതമായ സ്വപ്നം കാണുകയാകും.ഇടക്കവൻ പുഞ്ചിരിക്കുന്നുണ്ട്.അവൾ അവനടുത്തേക്ക് കസേര നീക്കിയിട്ടിരുന്നു.രണ്ടു കൈകളും താടിക്ക് ഊന്നൽ കൊടുത്തിട്ട് അവനെ നോക്കിയങ്ങനെ ഇരുന്നു.

എത്ര ശാന്തനാണ് നീരവേട്ടനിപ്പോൾ ..ഉണങ്ങുമ്പോളാ മുഖം കൊച്ചുകുട്ടികളെ പോലെയുണ്ട്.ഇടക്കിടെ പുഞ്ചിരി തൂകുമ്പോൾ ഓമനിച്ചു പോകാൻ കൊതി തോന്നുന്നു.

നീരജ് ഇതെല്ലാം വാതിക്കൽ നിന്നും കാണുന്നത് മീര അറിഞ്ഞിരുന്നില്ല.അവനിൽ കോപം ഇരച്ചു കയറി. ഏട്ടനോട് മീരജ കൂടുതൽ അടുപ്പം കാണിക്കുന്നത് അവന് ഉൾക്കൊളളാൻ കഴിഞ്ഞില്ല. ചുമച്ചു കൊണ്ട് അവൻ അകത്തേക്ക് കയറിയതും മീര ഞെട്ടിയെഴുന്നേറ്റു.

“ഏട്ടനെ നോക്കാനായി മാത്രമാണ് നിന്നെയിവിടെ നിർത്തിയിരിക്കുന്നത് അത് മറക്കരുത്”

ശബ്ദം കുറച്ചു ഗൗരവത്തിലാണ് നീരജ് പറഞ്ഞതെങ്കിലും മീരയുടെ ചെവിയിലത് തുളച്ചു കയറി. അവളുടെ കണ്ണുകൾ നിറഞ്ഞത് അവൻ കണ്ടില്ലെന്ന് നടിച്ചു.

“നീരജേട്ടാ ഞാൻ.. ഞാൻ”

അവൾ വാക്കുകൾക്കായി പരതി.സ്വയം ചെറുതായതുപോലെ തോന്നിയവൾക്ക്.കുറച്ചു നിമിഷ നേരത്തേക്ക് നീരവിനോട് തോന്നിയ സ്നേഹം മനസ്സിൽ വിങ്ങലായ് നിറഞ്ഞു.ഒരിക്കലും തന്റെ നിലയും വിലയും മറക്കാൻ പാടില്ലായിരുന്നു.

“ഇല്ല നീരജേട്ടാ..അർഹിക്കാത്തതൊന്നും ഞാൻ ആഗ്രഹിക്കില്ല.നീരവേട്ടന്റെ അസുഖം പൂർണ്ണമായും ഭേദമായി കഴിഞ്ഞാൽ ഞാൻ ഇവിടെ നിന്ന് മടങ്ങി പൊയ്ക്കോളാം”

ഇതാണ് പറ്റിയ അവസരം..മനസ്സിലുളളത് പൂർണ്ണമായും മീരക്ക് മുമ്പിൽ തുറന്നു കാട്ടാനായി ഇനിയൊരു ചാൻസ് ലഭിച്ചെന്ന് വരില്ല.നീരജ് അവൾക്ക് മുമ്പിൽ മനസ്സ് തുറക്കാൻ ഒരുങ്ങിയതും നീരജ മുറിയിലേക്ക് കയറി വന്നു.

“എന്താ രണ്ടും കൂടിയൊരു സൊളളൽ”

നീരജ അവരെ കളിയാക്കി..മീരയുടെ മുഖം വിളറിപ്പോയി.ചേച്ചി തന്നെ തെറ്റിദ്ധരിച്ചുവല്ലോന്ന് ഓർത്തവൾ സങ്കടപ്പെട്ടു.

നീരജിനു പക്ഷേ കലിയാണ് വന്നത്..നീരജക്ക് കയറി വരാൻ തോന്നിയ നിമിഷത്തെ മനസ്സിൽ ശപിച്ചിട്ട് കലിയോടെ മുറിവിട്ടിറങ്ങി.

“ഏട്ടൻ ഉറങ്ങുവല്ലേ വാ നമുക്ക് വെളിയിലേക്ക് ഒന്ന് ഇറങ്ങാം”

“വരാം ചേച്ചി”

നീരജയുടെ കൂടെ മീര പുറത്തേക്കിറങ്ങി..മുറ്റത്തെ പൂന്തോട്ടത്തിലേക്കാണ് അവർ ചെന്നത്.പലവിധ വർണ്ണങ്ങളാലുളള പൂക്കളാൽ പൂന്തോട്ടം മനോഹരമായിരുന്നു.

സൂര്യകാന്തിയും ജമന്തിയും ചുവപ്പ് റോസയും കുറ്റിമുല്ലയും എല്ലാം കൂടി അടങ്ങിയ പൂക്കളുടെ സമ്മിശ്ര ഗന്ധം അവിടെമാകെ നിറഞ്ഞു.അവയെ എല്ലാം കൊതിയോടെ മീര നോക്കി കണ്ടു.

“മീരേ ഈ മരമേതാണെന്ന് നിനക്ക് അറിയാമോ?”

കുറച്ചു മാറി നിൽക്കുന്ന മരങ്ങളിലേക്ക് നീരജ വിരൽ ചൂണ്ടി.. ചുവന്ന് രക്തവർണ്ണമായ പൂക്കൾ നിലത്തേക്ക് കൊഴിഞ്ഞു വീണു കിടക്കുന്നത് അവൾ കണ്ടു.മുകളിലെ മരങ്ങളിലും ചുവപ്പൂക്കൾ വിരിയിച്ചിട്ടുണ്ട്.

“ഇതല്ലേ ചേച്ചി വാകമരം”

“ഇതിനു വേറൊരു പേരുകൂടിയുണ്ട്…ഗുൽമോഹർ..”

രക്തവർണ്ണങ്ങൾ നിറച്ച ചുവപ്പുപൂക്കൾ വകഞ്ഞുമാറ്റി അവർ മരച്ചുവട്ടിൽ ഇരുന്നു..

“മീര ആരെയെങ്കിലേയും പ്രണയിച്ചിട്ടുണ്ടോ?”

വളരെയധികം അപ്രതീക്ഷിതമായിട്ടായിരുന്നു മീരയുടെ ചോദ്യം.അതിനാൽ മീരയിൽ അമ്പരപ്പ് നിറഞ്ഞു.

“ഇല്ല ചേച്ചി..വീട്ടിൽ അതിനുള്ള സാഹചര്യം ഇല്ലായിരുന്നു”

മനസ്സിൽ ഭദ്രനെയും അമ്മയേയും ഓർത്താണവൾ പറഞ്ഞത്.അമ്മയുടെയും തന്റെയും സങ്കടക്കലടിനു നടുവിൽ ആരെ പ്രണയിക്കാൻ…ആരോട് പ്രണയം തോന്നാൻ..

“ഇല്ലെങ്കിൽ ഒരുപ്രാവശ്യമെങ്കിലുമൊന്ന് പ്രണയിക്കണം മീരേ..ജീവിതത്തിൽ ഒരുപ്രാവശ്യമെങ്കിലും പ്രണയത്തിന്റെ മധുരവും കയ്പും അറിയണം.”

മീരയുടെ മനസ്സിലേക്കപ്പോൾ ഓടിയെത്തിയത് നീരവിന്റെ മുഖമായിരുന്നു. തന്നിലേക്ക് അണച്ച് ചുണ്ടുകളിൽ അമർത്തി ചുംബിക്കുന്ന നീരവിനെ.

മറ്റൊരു മുഖം ഓർമ്മയിൽ എത്തിയതും ക്ഷണ നേരത്തിൽ അവളുടെ പ്രണയം എരിഞ്ഞടങ്ങി.നീരജിന്റെ വാക്കുകൾ ഇപ്പോഴും ചെവിയിൽ മുഴങ്ങുന്നുണ്ട്..

ഏട്ടനെ നോക്കാനായി മാത്രമാണ് നിന്നെയിവിടെ നിർത്തിയിരിക്കുന്നത് അത് മറക്കരുത്”

“ചേച്ചി ആരെയെങ്കിലും പ്രണയിക്കുന്നുണ്ടോ?”

പെട്ടെന്ന് ആയിരുന്നു മീരയുടെ ചോദ്യം.. അവളുടെ കണ്ണുകളെ എതിരിടാൻ കഴിയാതെ പുഞ്ചിരിയോടെ നീരജ തല കുനിച്ചു.എങ്കിലും ഉത്തരം നൽകാൻ അവൾ മടിച്ചില്ല..

“ഉണ്ട്…”

“ആരാ ചേച്ചി ആൾ…എങ്ങനെ ആയിരുന്നു പ്രണയം തുടങ്ങിയത്”

മീരക്ക് അതറിയാൻ തിടുക്കമായി..അല്ല കൗതുകമായിരുന്നു പ്രണയത്തെ കുറിച്ച് അറിയാനായി..

നീരവിന്റെ മുഖം മറക്കാൻ ശ്രമിക്കുന്തോറും ശക്തമായി ഹൃദയത്തിൽ അവൻ നിറഞ്ഞ് നിൽക്കുന്നു. ഓടിയൊളിക്കാൻ ശ്രമിച്ചാലും വിട്ടൊഴിയാതെ പിന്തുടർന്ന് കൊണ്ട് നീരവുണ്ട്..അതായിരുന്നു സത്യം…

“നീരവിനോടുളളത് ആത്മാർത്ഥമായ പ്രണയമാണ്.. അതവനോട് ഒന്നിച്ചു ജീവിക്കാനുള്ള കൊതിയായിരുന്നില്ല.എത്രയും വേഗത്തിൽ അസുഖം ഭേദപ്പെട്ട് വരണമെന്നുളള അഗാധമായ സ്നേഹമാണ്….

(തുടരും)

നീരവം : ഭാഗം 1

നീരവം : ഭാഗം 2

നീരവം : ഭാഗം 3

നീരവം : ഭാഗം 4

നീരവം : ഭാഗം 5

നീരവം : ഭാഗം 6

നീരവം : ഭാഗം 7

നീരവം : ഭാഗം 8

നീരവം : ഭാഗം 9