Sunday, December 22, 2024
Novel

നല്ല‍ പാതി : ഭാഗം 1

നോവൽ

*******
എഴുത്തുകാരി: ധന്യ സുജിത്ത്‌

 

“ചക്കീ….
ദാ അപ്പ വന്നല്ലോ..”

“അപ്പയെന്താ ലേയ്റ്റായെ…
ചക്കി പിണക്കാ… മിണ്ടണ്ടാ…”

സഞ്ജയ് ന്റെയും മോളുടെയും
വര്ത്തമാനം കേട്ടിട്ടാണ് നന്ദിത ബാത്റൂമില് നിന്ന് ഇറങ്ങിയത്.

“എന്താ വന്നപ്പോഴേയ്ക്കും അപ്പേം മോളും പിണങ്ങിയോ..??”

“ഏയ് ,പിണങ്ങാനോ..
ഞങ്ങളോ..
ആ പൂതി മനസ്സില് വച്ചാ മതിട്ടോ മോളേ..’

“അല്ലേ ചക്കീ..
അപ്പേടെ ചക്കി പോയി വേഗം റെഡിയാക്, നമുക്ക് പാര്ക്കില് പോകണ്ടേ..അപ്പൊഴേയ്ക്കും അപ്പയും ഒന്നു ഫ്രഷാവട്ടെ…”

അതു കേട്ടതും പിണക്കമൊക്കെ മാറി ചക്കി ഉഷാറായി..

ഓഫീസില് നിന്ന് വന്നാല് ഇതൊരു പതിവാണ്. ഒരു ചായയും അതു കഴിഞ്ഞു,ചക്കിയെയും കൊണ്ട് ഫ്ലാറ്റിനു മുന്നിലെ പാര്ക്കില് കുറച്ചു നേരം ചുമ്മാ വര്ത്തമാനം പറഞ്ഞിരിക്കുന്നതും.
നന്ദിതയ്ക്കും അതൊരു ശീലമായി കഴിഞ്ഞിരുന്നു.
അവിടെ ഇരിയ്ക്കുമ്പോഴാണ് ആ ദിവസം നടന്ന സംഭവങ്ങൾ നന്ദുവും ഓഫീസിലെ വിശേഷങ്ങൾ സഞ്ജുവും പറയുന്നത്. ഇവിടെ വന്നതു മുതൽ അതാണ് ശീലം.

“വേഗമാകട്ടെ ചക്കീ , അമ്മ റെഡിയാണുട്ടോ..”

സഞ്ജുവിനുള്ള ചായയും സ്നാക്സും കൊണ്ടു വച്ച് നന്ദു പറഞ്ഞു.

“വെയ്റ്റ് അമ്മാ, ഇപ്പം വരാം…ഈ ടോയ്സ് എടുത്തു വച്ചോട്ടെ…”

അതു കേട്ടതും സഞ്ജയ് പിന്നിലൂടെ വന്നു കെട്ടിപിടിച്ചതും ഒരുമിച്ചായിരുന്നു..

“ടീ പെണ്ണേ, ഇന്നു കാണാൻ നല്ല ചേലുണ്ടല്ലോ…ആകൊരു പ്രത്യേക ചന്തം..”

അതു പറഞ്ഞു അവന് അവളുടെ ചെവിയിൽ ഒരു കുഞ്ഞു കടി കൊടുത്തു..

“എന്ത് പ്രത്യേകത, അത് മോന്റെ മനസ്സിലിരിപ്പ് ശരിയല്ലാത്തോണ്ട് തോന്നണതാ, അല്ല പിന്നെ..
ഔ…വേദനിയ്ക്കുന്നു സഞ്ജൂ..പതിയെ..
ഈ ചെക്കന്റെ ഒരു കാര്യം…”

“എങ്കില് വേദന മാറാന് ഒന്നൂടെ തരാം…”

അവളുടെ ചെവിയിലായി അവന് പറഞ്ഞു..

“അയ്യട…”

അവള് കുതറിമാറാന് നോക്കിയിട്ടും അവന്റെ പിടിത്തം മുറുകിയേ ഉള്ളൂ..

“വിട് സഞ്ജൂ, ദേ ആ ചായ ചൂടാറുംന്ന്..അല്ലെങ്കിലേ ഇന്നു വൈകി, ആ ശ്വേത നോക്കി നില്പ്പുണ്ടാകും വാരാന്…”

“അവളു വാരട്ടെ..സത്യല്ലേ അവളുടെ പറയണത്…”

സഞ്ജു പിടിവിടുന്ന ലക്ഷണമില്ലാത്തതുകൊണ്ടും അവള്ക്കങ്ങനെ നില്ക്കുന്നത് ഒരുപാട് ഇഷ്ടമായതുകൊണ്ടും രണ്ടാളും അങ്ങനെ തന്നെ കുറച്ചു നേരം സ്വയം മറന്നുനിന്നു..

“അയ്യടാ, രണ്ടാളും അവിടെ കെട്ടിപിടിച്ച് നിന്നോട്ടാ ചക്കി റെഡിയായേ!!”

ചക്കിയുടെ കളിയാക്കല് കേട്ടപ്പഴാണ് രണ്ടും സ്വപ്നത്തില് നിന്നുണര്ന്നത്.

“ഈ കുരുപ്പ് എപ്പോഴാണാവോ വന്നത്”

നന്ദു ന്റെ ചെവിയിലായി അവനതു പറയുമ്പോള് നന്ദു ചിരിയ്ക്കുകയായിരുന്നു..

“ശ്വേതയ്ക്ക് ഇന്നത്തെയ്ക്കും നേരംപോക്കായി..ദേ ഇവളാണ് ശ്വേതയുടെ റിപ്പോര്ട്ടര്. വള്ളിപുള്ളി വിടാതെ പറയും നോക്കിക്കോ…” നന്ദിത പറഞ്ഞു.

ചമ്മല് മുഖത്തു കാണിക്കാതെ സഞ്ജു വേഗം ചായ കുടിച്ച് കപ്പും കൊണ്ട് സ്കൂട്ടായി.
കഴുകി കഴിഞ്ഞു വാതിൽ പൂട്ടി ഇറങ്ങുമ്പോള് നന്ദു മോളോടായി പറഞ്ഞു..

“ചക്കീ, അമ്മു ചേച്ചീനേം വിളിച്ചോ..”

“നിങ്ങള് വിളിക്കേണ്ട ആവശ്യമില്ല, അവളെപ്പഴേ റെഡിയായി നില്ക്കുവാ..
ഇന്നെന്താ ലെയ്റ്റായല്ലോ ചക്കിക്കുട്ടീ..”

എന്നിട്ടു ആക്കിയൊരു ചിരിയും നോട്ടവും..

ശ്വേതയുടെ ചോദ്യം കേട്ടപ്പഴേ സഞ്ജുവിന് അപകടം മണത്തു..

“ഈ മുതല് ഇപ്പൊ തന്നെ ഞങ്ങളെ നാറ്റിയ്ക്കുലോ ഭഗവാനേ..ബെസ്റ്റ്..”

“അതോ, ഇവരുടെ സ്നേഹിക്കല് കഴിയണ്ടേ..ശ്വേതാമ്മേ..എന്നാലല്ലേ ഇറങ്ങാന് പറ്റൂ…”

മറുപടി കേട്ടതും ചമ്മിയ മുഖത്തോടെ നന്ദു കണ്ണുകള് കൂട്ടിയടച്ചു.
സഞ്ജയ് തലയിൽ കൈ വച്ചു നിന്നു..

“അയ്യേ ഈ പെണ്ണിനെ ഞാന്..”

ചക്കിയെ അടിയ്ക്കാനായി കയ്യുയര്ത്തി നന്ദു പറഞ്ഞു..

“ക്ടാവിനെ എന്തിനാ നീ പറയണേ നന്ദൂ..നിങ്ങള്ക്ക് സ്ഥകാല ബോധം വേണ്ടെ…ഒന്നു വീതം മൂന്നു നേരം എന്ന കണക്കല്ലേ..ഇപ്പൊ കെട്ടു കഴിഞ്ഞപ്പോലല്ലേ രണ്ടും..”

“ഛെ, ആകെ നാറ്റിച്ചല്ലോ ഈ കുരുപ്പ്..
അവളാണേല് വല്ലതും കിട്ടാന് കാത്തിരിയ്ക്കാ..നന്ദൂ ഞാൻ താഴെ കാണും അങ്ങോട്ടു വന്നാമതി..”

അതും പറഞ്ഞു സഞ്ജയ് ഗോവണി ഇറങ്ങാനായി നടന്നു..

“അയ്യട..അവന്റെ പോക്കു നോക്ക്..”

സഞ്ജയ് ചമ്മിയ ഒരു ചിരി ചിരിച്ച് അവിടെ നിന്ന് തടി തപ്പി.

“അപ്പൊ ശ്വേതാമ്മ വരണില്ലേ”

ചക്കിയുടെ ചോദ്യം കേട്ട് സഞ്ജയ് തിരിഞ്ഞു നിന്നു നന്ദുനെ നോക്കി.

“നീ അവളെ നോക്കി കണ്ണുരുട്ടണ്ട സഞ്ജൂ, ഞാൻ വരുന്നില്ല.”

“ഇല്ല ചക്കിക്കുട്ടീ…ശ്വേതാമ്മ വന്നാ അപ്പയ്ക്കും അമ്മയ്ക്കും സ്നേഹിക്കാന് പറ്റില്ലാന്ന്..”

“ആ അതാ നല്ലത് ”

നന്ദു പറഞ്ഞതു കേട്ട് സഞ്ജയും ശ്വേതയും ചിരിച്ചു.

കല്യാണം കഴിഞ്ഞു ദുബായ് എന്ന മഹാനഗരത്തില് വന്ന തനിക്ക് കിട്ടിയ ആദ്യ സൗഹൃദം, അതാണ് ശ്വേത, ചക്കിയുടെ ശ്വേതാമ്മ…എതിർ വശത്തെ ഫ്ളാറ്റില് താമസിക്കുന്ന
ശ്വേതയും വിനോദും അമ്മു എന്നു അമേയയും സുഹൃത്തുക്കളെക്കാളുപരി കൂടപിറപ്പുകളാണ് തനിക്കും സഞ്ജുവിനും.ചക്കിക്കും അമ്മുചേച്ചി എന്നു വച്ചാല് ജീവനാണ്.

പാര്ക്കിലെ പുല്ത്തകിടിയില് സഞ്ജു തന്റെ മടിയില് കിടക്കുമ്പോള് തന്റെ സ്വര്ഗ്ഗം സഞ്ജുവും ചക്കിയും മാത്രമായി ചുരുങ്ങി കഴിഞ്ഞെന്ന് നന്ദുവിന് തോന്നി.

ഇങ്ങനൊരു ജീവിതം തനിക്ക് സ്വപ്നം മാത്രമായിരുന്നു ഒരു കാലത്ത്. അവിടെ നിന്ന് ഇതു പോലൊരു സ്വപ്നതുല്യമായ ജീവിതം ലഭിച്ചത് സഞ്ജു തന്റെ ജീവിതത്തിലേയ്ക്ക് വന്നതു കൊണ്ടു മാത്രമാണ്.
അല്ലെങ്കില് എന്താകുമായിരുന്നു?? നന്ദിത എന്നൊരാള് ഈ ഭൂമുഖത്ത് ഉണ്ടാകുമായിരുന്നോ?? ഉണ്ടായിരിയ്ക്കാം..
ഉണ്ടായാല് തന്നെ ഏതെങ്കിലും മാനസികാശുപത്രിയുടെ ഏതെങ്കിലും ഒരു കുടുസ്സുമുറിയില് ആയി പോയേനെ.

“എന്താ നന്ദു.. എന്തു പറ്റി???
ഒന്നും പറഞ്ഞിലല്ലോ ഇന്നത്തെ വിശേഷങ്ങൾ..പറയടോ..??”

സഞ്ജുന്റെ ചോദ്യമാണ് നന്ദുവിനെ ചിന്ത യില് നിന്നുണര്ത്തിയത്.

“ഏയ് ഒന്നുമില്ല സഞ്ജൂ..
ആദ്യം ഓഫീസിലെ വിശേഷങ്ങൾ പറ..”

“നാളെ കഴിഞ്ഞു ഒരു ഇന്റർവ്യൂ കണ്ടക്ട് ചെയ്യണം, ചാര്ജ്ജ് എനിയ്ക്കാണ്.
മെക്കാനിക്കല് സെക്ഷനിലോട്ടാ..
പുതിയ പ്രൊജക്ടിലേയ്ക്ക്. അതിന്റെ പ്രിപെറേഷനിലായിരുന്നു ഇന്ന് മൊത്തം.., പോരാത്തതിന് നാളെ സൗദി ബ്രാഞ്ചില് നിന്ന് പുതിയ എന്ജീനിയര് വരുന്നുണ്ട്, ആളും ഉണ്ടാകും ഇന്റർവ്യൂ ബോർഡില്.
അഡ്ജസ്റ്റബിള് ആയാല് മതിയായിരുന്നു.അല്ലേല് പ്രൊജക്റ്റ് തീരുന്നവരെ തലവേദന ഒഴിയില്ല.”

“ഇപ്പൊ എന്താ ഒരിക്കലുമില്ലാത്ത ഒരു ടെന്ഷന്

“ഏയ് ഒന്നുമില്ലടോ..തനിക്കു തോന്നിയതാകും.
ആ പിന്നെ തന്നോട് മേഘ അന്വേഷണം പറഞ്ഞിട്ടുണ്ട്. ഇടയ്ക്കൊന്നു വിളിയ്ക്കാനും..”

“ആഹാ..അവള്ക്കപ്പൊ എന്നെ ഓര്മ്മയുണ്ടല്ലേ..ഞാൻ വിളിച്ചോളാം സഞ്ജൂ..”

സഞ്ജുവിന് ഒരു പ്രമുഖ കണ്സ്ട്രക്ഷന് കമ്പനിയിലാണ് ജോലി.വര്ഷം 6 കഴിഞ്ഞു ഒരേ കമ്പനിയില്,അവിടെ നിന്ന് മാറാന് സഞ്ജൂന് താല്പര്യവുമില്ല.
മാനേജ്മെന്റിനും താല്പര്യമാണ് സഞ്ജയ് അവിടെ തുടരുന്നതില്. നന്ദിതയും അവിടെ തന്നെയായിരുന്നു ജോലി ചെയ്തിരുന്നത്. ചക്കി ഉണ്ടായതിനു ശേഷം ചക്കിയെ നോക്കാനും ചില്ലറ ആരോഗ്യ പ്രശ്നങ്ങള് കൊണ്ടും അത് വേണ്ട എന്നു വച്ചതാണ്. അടുത്ത മാസം തുടങ്ങുന്ന പുതിയ പ്രൊജക്റ്റിന്റെ തിരക്കിലാണ് സഞ്ജയ്.

നന്ദു വിശേഷങ്ങൾ പറയുന്നതിനിടയില് ഇടയ്ക്കിടെ ചക്കിയെ ശ്രദ്ധിക്കുന്നുണ്ട്. അവളും അമ്മുവും കളിയുടെ തിരക്കിലായിരുന്നു.

കുറച്ചു നേരം പാര്ക്കില് ചിലവഴിച്ചതിനു ശേഷം സമീപമുള്ള ലുലുവില് കയറി സാധാരണയുള്ള ഷോപ്പിംഗും കഴിഞ്ഞ് ഫ്ലാറ്റിലെത്തുമ്പോള് വാതിക്കല് തന്നെ വിനുവും ശ്വേതയും നില്പുണ്ടായിരുന്നു.

“ആഹാ, സഞ്ജൂസിന്റെ കീശ മൊത്തമുണ്ടല്ലോ രണ്ടാളുടേം കയ്യില്, മതി മതി അമ്മു വായോ, അല്ലെങ്കിലേ ഉറക്കത്തില് എടുത്തു കൊണ്ടുവരേണ്ടി വരും, അതാണല്ലോ പതിവ്..”

വിനു പറഞ്ഞു.
മനസ്സില്ലാ മനസ്സോടെ അമ്മു ചക്കിക്ക് ഉമ്മ കൊടുത്തു റൂമിലോട്ട് പോയി.

“അപ്പോ ശരീട്ടാ നാളെ കാണാം..ബൈ ശ്വേതാ..”

“ഓ. കെ ഡാ ഗുഡ്നൈറ്റ്”

രണ്ടാളോടും യാത്ര പറഞ്ഞു അവർ ഫ്ലാറ്റു തുറന്നു അകത്തു കയറി..

“അയ്യോ സമയം 9 കഴിഞ്ഞു.
ചക്കീ, പോയി അപ്പയോട് മേക്കഴുകി തരാൻ പറ, അമ്മ അപ്പഴേയ്ക്കും ഡിന്നര്‍ വിളമ്പാം..”

“ഓ. കെ അമ്മാ..”

അവളോടി ബാത്റൂമിലോട്ട്.
നന്ദു അടുക്കളയിലെ തിരക്കിലോട്ടും.

മോളേം കുളിപ്പിച്ച് താനും കുളിച്ച് ഭക്ഷണം കഴിക്കാനായി സഞ്ജുവും ഇരുന്നു.

“നന്ദൂ..”

“ദാ വരുണൂ..ഈ പപ്പടം ഒന്നു വറുത്തോട്ടെ..”

“ഞാന്‍ ഹെല്‍പ്പണോ..??”

അതും ചോദിച്ചു സഞ്ജു അടുക്കളയിലേയ്ക്ക് ചെന്നു.

“അയ്യോ വേണ്ടേ, എന്നിട്ട് ആ പേരും പറഞ്ഞു നാളെ ലീവാക്കാനല്ലേ…”

“ഓഹോ നീയെന്നെ ഊതിയതാണല്ലേ..”

“ആഹാ അപ്പോ കാറ്റടിച്ചപ്പോ മനസ്സിലായല്ലോ എന്റെ മുത്തിന്..”

“പോടി പോടി.. ഒരു തവണ ലീവാക്കീന്ന് വച്ച്..അന്ന് ലീവാക്കാനെന്താ കാരണം..ഞാനാണോ..ഞാനാണോന്ന്…”എന്നും ചോദിച്ചു അവളുടെ അരക്കെട്ടില്‍ പിടി മുറുക്കി സഞ്ജു.

നന്ദു സഞ്ജുവിനെ കുറുമ്പോടു കൂടി നോക്കി.

“ആ, നിന്റെ ഈ നോട്ടം തന്നെയല്ലേ കാരണം..മനുഷ്യനെ വഴി തെറ്റിയ്ക്കാനായി ഉണ്ടക്കണ്ണുരുട്ടി നിന്നിട്ട്… ഇതിനെല്ലാം കൂടി ഞാന്‍ തരാംട്ടോ… എന്റെടുത്തോട്ടല്ലേ നീ വരണത്. വന്നു വന്നു നിനക്കെന്നോട് ഒട്ടും ബഹുമാനം ഇല്ലാതായിട്ടുണ്ട്.
ഒന്നുമില്ലേലും നിന്നെക്കാളും വയസ്സിനു മൂത്തതല്ലേ ഞാൻ..”

“ചുമ്മാതല്ലേ സഞ്ജുട്ടാ, പിണങ്ങാതെ
വായോ…ഫുഡ് റെഡി…”

ഉണ്ണാനിരുന്നാല്‍ ചക്കിയ്ക്കും നന്ദുവിനും തന്റെ കയ്യില്‍ നിന്ന് ഓരോ ഉരുള അത് സഞ്ജുവിന് നിര്‍ബന്ധമാണ്, അവര്‍ക്കും.

ഊണൊക്കെ കഴിഞ്ഞു, സഞ്ജുവും ചക്കിയും റൂമിലോട്ട് കിടക്കാനായി പോയി. ചെന്നു കുറച്ചു കഴിഞ്ഞപ്പഴേയ്ക്കും ചക്കി ബഹളം തുടങ്ങി.

അവള്‍ക്ക് ഉറങ്ങണമെങ്കില്‍ അമ്മയുടെ കൈ വേണം.
കൈ തലയണയാക്കിയേ അവളുറങ്ങൂ..
ഉറക്കം കഴിഞ്ഞു എണീറ്റാല്‍ ആദ്യം അമ്മയെ കാണണം..
അങ്ങനെ ചില വാശികളുണ്ട് ചക്കിയ്ക്ക്.

“നന്ദൂ നീ വരണുണ്ടോ..ഈ പെണ്ണു ദേ വാശി തുടങ്ങിട്ടോ..”

സഞ്ജു വിളിച്ചു ചോദിച്ചു.

“ദാ വന്നു, എന്താ മോളെ വാശി പിടിയ്ക്കണേ..??
നന്ദുന്റെ ചക്കി നല്ല കുട്ട്യല്ലേ..?
വാ..അമ്മ ഉറക്കാംട്ടോ..”

എന്നും പറഞ്ഞു അവളെ കൈത്തണ്ടയില്‍ കിടത്തി നന്ദു.

“പാടമ്മേ ചക്കീടെ പാട്ട്..”

“ഊം പാടാം..” നന്ദു മൂളി കൊടുത്തു.

“ആ ..ആ.. ആ….
അല്ലിയിളം പൂവോ…
ഇല്ലിമുളം തേനോ…
തെങ്ങിളനീരോ…തേന്മൊഴിയോ…
മണ്ണില്‍ വിരിഞ്ഞ നിലാവോ…

അല്ലിയിളം പൂവോ…
ഇല്ലിമുളം തേനോ…
തെങ്ങിളനീരോ…തെന്മോഴിയോ…
മണ്ണില്‍ വിരിഞ്ഞ നിലാവോ…

കല്ലലം മൂളും കാറ്റേ…
പുല്ലാനിക്കാട്ടിലെ കാറ്റേ…
കന്നിവയല്‍ കാറ്റേ നീ..
കണ്മണിയെ ഉറക്കാന്‍ വാ..
നീ ചെല്ലം ചെല്ലം താ തെയ്യം തെയ്യം
നീ ചെല്ലം ചെല്ലം തെയ്യം തെയ്യം
തുള്ളി തുള്ളി വാ വാ…

അല്ലിയിളം പൂവോ…
ഇല്ലിമുളം തേനോ…
തെങ്ങിളനീരോ.. തെന്മോഴിയോ..
മണ്ണില്‍ വിരിഞ്ഞ നിലാവോ…

കൈവിരലുണ്ണും നേരം…
കണ്ണുകള്‍ ചിമ്മും നേരം…
കന്നിവയല്‍ കിളിയേ നീ….
കണ്മണിയെ ഉണര്‍ത്താതെ…
നീ താലീ പീലീ…പൂങ്കാട്ടിന്നുള്ളില്‍…
നീ താലീ പീലീ കാട്ടിന്നുള്ളില്‍
കൂടും തേടി പോ പോ…

അല്ലിയിളം പൂവോ…
ഇല്ലിമുളം തേനോ…
തെങ്ങിളനീരോ…തെന്മോഴിയോ…
മണ്ണില്‍ വിരിഞ്ഞ നിലാവോ…”

പാട്ട് അവസാനിച്ചപ്പഴേയ്ക്കും ചക്കി ഉറങ്ങിയിരുന്നു.
എഴുന്നേറ്റു പോകാനായി എണീറ്റപ്പോള്‍ വാതിയ്ക്കല്‍ പാട്ടും കേട്ട് അവളെയും നോക്കി ചിരിച്ചുകൊണ്ട് നില്‍ക്കുവായിരുന്നു സഞ്ജു.

“ഊം…ഇന്നെന്താണൊരു കള്ള ലക്ഷണം എന്റെ ചെക്കന്???”

അതും പറഞ്ഞ് അടുക്കളയിലോട്ട് പോകാനൊരുങ്ങിയ അവളെ പിടിച്ചു നിര്‍ത്തി സഞ്ജയ്.

“അവിടെ നില്‍ക്ക്.. എങ്ങോട്ടാ ഈ ഓടണത്..”

ചുമരിലോട്ട് ചേര്‍ത്തു നിര്‍ത്തി ചുമരില്‍ അവളുടെ ഇരുവശത്തും കയ്യും വച്ച് തടഞ്ഞു നിര്‍ത്തി അവന്‍ ചോദിച്ചു.

അവന്റെ തീക്ഷണമായ നോട്ടം കാണുമ്പോള്‍ ആ ദിവസം ഓടി ഓര്‍മ്മയിലെത്തും. വര്‍ഷങ്ങളിത്രയായിട്ടും ആ നോട്ടം അവളെ ആറു വര്‍ഷം പിറകിലോട്ടു കൊണ്ടു പോകും.
അവന്റെ കണ്ണിലിപ്പോഴും ആ പ്രണയം കാണുകയായിരുന്നു നന്ദു.
അവന്‍ തന്നോടടുക്കുമ്പോള്‍ അനുസരണയുള്ള ഒരു പൂച്ചകുഞ്ഞായി അവള്‍ മാറും..കൊഞ്ചിക്കപ്പെടാന്‍ ആഗ്രഹിക്കുന്ന ഒരു കുഞ്ഞുപൂച്ചക്കുട്ടി.

“മാറി നില്‍ക്ക് സഞ്ജു ,കിച്ചനാകെ കോലം കെട്ടു കിടക്കാ..ഞാനതൊന്നു വൃത്തിയാക്കി ഫ്രഷായി വരാം..”

“പൊയ്ക്കോ, അതിനു മുന്‍പൊരു ഉമ്മ തന്നിട്ടു പോടീ, അതും പറഞ്ഞു അവളുടെ കഴുത്തിനടുത്തേയ്ക്ക് മുഖം അടിപ്പിച്ചു..”

“അയ്യടാ”, എന്നും പറഞ്ഞു കുനിഞ്ഞൊരോട്ടം കൊടുത്തു നന്ദു..

“ആ നീ ഇപ്പോ പോ…എന്റെല് കിട്ടുല്ലോ നിന്നെ…അപ്പൊ തരാം ബാക്കിട്ടാ..”

“ഓ…ശരീട്ടാ…”

അടുക്കളയില് ചെല്ലുമ്പോ എല്ലാ ജോലിയും തീര്ത്തു കിച്ചന് വൃത്തിയാക്കിയിട്ടിരുന്നു സഞ്ജയ്.. മോളെ ഉറക്കുന്ന സമയം കൊണ്ട് ചെയ്ത പണിയാണ്. താന് ചെയ്തോളാമെന്ന് എത്ര പറഞ്ഞാലും കേള്ക്കില്ല. വൈകീട്ട് മിക്കവാറും കിച്ചന് വൃത്തിയാക്കല് സഞ്ജു തന്നെയാണ് ചെയ്യാറ്.

“ദേ നന്ദൂ…വേഗം വരണം, എന്റെ ക്ഷമ പരീക്ഷിക്കരുത്…
അഞ്ചേ അഞ്ചു മിനിറ്റിൽ കണ്ടില്ലെങ്കില് ഞാനങ്ങോട്ടു വരും.. കേട്ടല്ലോ..”

ഡ്രസ്സെടുക്കാനായി റൂമിലേയ്ക്ക് കയറി
നന്ദൂനോടായി പറഞ്ഞു.

“ഊം കേട്ടു..പൊന്നേ..
ഇപ്പം വരാം ..
എന്റെ മോന് തിരക്ക് പിടിയ്ക്കാതെ..”

“അതേയ്..ഞാനാ ലാവന്ഡര് കളര് നൈറ്റി എടുത്തു വച്ചിട്ടുണ്ട്..അത് ഇട്ടാ മതീട്ടോ..”

“അയ്യടാ..എന്താ പൂതി..ഞാനിടില്ല നോക്കിക്കോ…”

“എനിയ്ക്കറിയാം നീ അതു തന്നെ ഇടുമെന്ന്..”

“ഉവ്വ ഉവ്വേ..നോക്കിയിരുന്നോ…”

അവള് അവനെ തള്ളി മാറ്റി ഫ്രഷാവാനായി ബാത്റൂമിലോട്ട് കയറി.

ഇന്നത്തെ ദിവസം ആ കളര് തന്നെ ഇടാന് സഞ്ജു നിര്ബന്ധം പിടിയ്ക്കുമെന്ന് അവള്ക്കറിയാം. അതുകൊണ്ടുതന്നെ അവളെടുത്തതും അവനെടുത്തു വച്ച ആ ലാവന്ഡര് നിറമുള്ള നൈറ്റി തന്നെയായിരുന്നു..

താന് സഞ്ജുവിന്റെ മാത്രമായി മാറിയിട്ട് ഇന്നേയ്ക്കിതാ ആറു വര്ഷങ്ങള്..തന്റെ ജീവിതം സഞ്ജുവിലേയ്ക്ക് മാത്രമായി ചുരുങ്ങിയിരിക്കുന്നു.. എത്ര വേഗത്തിലാണ് സമയം പോകുന്നത്. ബാത്റൂമിലെ കണ്ണാടി യില് നോക്കി നെഞ്ചിൽ ചേര്ന്നു കിടക്കുന്ന തന്റെ താലിയിലേയ്ക്ക് നോക്കികൊണ്ടവള് ഓര്ത്തു.

മേക്കഴുകി ഇറങ്ങിയപ്പോള് സഞ്ജുവിനെ റൂമില് കാണുന്നില്ലായിരുന്നു.

🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

ആ സമയം ബാല്ക്കണിയില് പുറത്തെ കാഴ്ച്ചയും നോക്കി തന്റെ ജീവിതത്തിലേയ്ക്ക് തിരിച്ചു പോക്ക് നടത്തുകയായിരുന്നു സഞ്ജയ്.

“നിനക്കറിയോ കാര്ത്തീ..
എന്തെങ്കിലും നേടിയെടുക്കണമെന്ന് ഒരാൾ പൂർണ മനസ്സോടെ ആഗ്രഹിച്ചാൽ ആ ആഗ്രഹം സഫലമാക്കാനായി ലോകം മുഴുവൻ അവന്റെ സഹായത്തിനെത്തും..എന്നാ പറയാ”

“ആ അത് ഞാന് കേട്ടിട്ടുണ്ട്..അത് ആ ആല്ക്കെമിസ്റ്റ് പറഞ്ഞതല്ലേ…”

കാര്ത്തിയുടെ ഉത്തരം കേട്ട് സഞ്ജു ചിരിച്ചു.

“ആല്ക്കെമിസ്റ്റ് അല്ലടാ പൊട്ടാ…പൗലോ കൊയ്ലോ..ആല്ക്കെമിസ്റ്റ് അയാളെഴുതിയ പുസ്തകത്തിന്റെ പേരാ…”

“ഓ..നമ്മളെ വിട്ടേക്കു ബ്രോ.. നമ്മൾ നിങ്ങളെ പോലെ ബുദ്ധിജീവി സെറ്റപ്പൊന്നുമല്ലേ…പാവങ്ങളാണേ..”

“ബ്രോ..സാഹിത്യം പറയാതെ.. കാര്യത്തിലോട്ട് വരണുണ്ടോ…”

“നന്ദുവിനെ എനിയ്ക്കു വിധിച്ചിട്ടുണ്ടേല് എനിക്കു തന്നെ കിട്ടും..”

“ഒലക്കേടെ മൂട്..അതിനു നിങ്ങടെ ഈ ദിവ്യ പ്രണയം പോയിട്ട്, നിങ്ങളെ അവളൊന്നു ശ്രദ്ധിച്ചിട്ടു പോലുമുണ്ടാകില്ല. അല്ല പിന്നെ..അപ്പഴാ ബ്രോയുടെ വക ഫിലോസഫി..”

“നീ വിഷമിയ്ക്കാതെ.. കൂടപ്പിറപ്പായി നീ കരുതുന്ന നിന്റെ നന്ദുവിന് ഒന്നും സംഭവിയ്ക്കില്ല. അതു പോരെ..അതിനുള്ള പരിപാടി ഞാൻ ചെയ്തിട്ടുണ്ട്…”

സഞ്ജയ് ന്റെ അനിയനാണ് കാര്ത്തീ എന്നു വിളിപ്പേരുള്ള കാര്ത്തിക്. മാരാത്ത് നാരായണൻ നായരുടെയും ശ്രീദേവിയുടെയും രണ്ടു മക്കളില് ഇളയവന്.അവനാണെങ്കില് ചേട്ടനായ സഞ്ജയ്ടെ നേര് വിപരീതം. ഒരു വെപ്രാളക്കാരന്.അടിച്ചുപൊളി ടൈപ്പ്.

നന്ദിതയും കാര്ത്തികും എഞ്ചിനീയറിംഗിന് ഒരേ കോളേജിലായിരുന്നു.
സഞ്ജയ് പഠിച്ചതും അതേ കോളേജില് തന്നെ.പോളിടെക്നിക്ക് കഴിഞ്ഞ് ലാറ്ററല് എന്ട്രിയില് അവരെക്കാള് മൂന്ന് വര്ഷം സീനിയര്, പിന്നെ അതേ കോളേജിൽ തന്നെ എം.ടെക്കും.
കാര്ത്തിയ്ക്ക് നന്ദുവെന്നു വച്ചാല് ജീവനാണ്.കോളേജ് കഴിഞ്ഞും നന്ദു കോണ്ടാക്റ്റ് ചെയ്യുന്ന ഒരേ ഒരു സുഹൃത്ത് അത് അവന് മാത്രമാണ്.

കാര്ത്തി പറഞ്ഞു പറഞ്ഞു തന്റെ മനസ്സില് കയറി കൂടിയതാണ് അവള്.
നന്ദിത വേണുഗോപാൽ.
കോളേജിലെ കാന്താരിപ്പെണ്ണ്. വെളിച്ചപ്പാടിനെ എല്ലാരും അറിയുമെന്നു കരുതി തിരിച്ചങ്ങനെ ആകണമെന്നില്ലല്ലോ..അതുകൊണ്ടുതന്നെ അവള്ക്കെന്നെ അറിയാന് സാധ്യതയില്ല. കാര്ത്തിയുടെ ഏട്ടനാണെന്നറിയാം.അതിനുപ്പറം ഒരറിവുമില്ല.

ഒരുതവണ പരിചയപ്പെട്ടിട്ടുണ്ട് അത്രമാത്രം. അല്ലാതെ അവളോടൊന്നു സംസാരിക്കാന് പോലും താന് നിന്നിട്ടില്ല,മന:പൂര്വ്വം..അന്നൊന്നും അവളോട് പ്രണയത്തിന്റെ കണിക പോലുമില്ലായിരുന്നു.അന്നൊക്കെ പഠിപ്പിസ്റ്റ് ലേബലായിരുന്നു തനിക്ക്.കാര്ത്തിയാണേല് തിരിച്ചും. എന്തു തല്ലുകൊള്ളിത്തരത്തിനും അവനുണ്ടാകും കൂടെ അവളും.

ഒരു മരംകേറിപ്പെണ്ണ്. പോരാത്തതിന് ഒരു പ്രണയവും കൂട്ടിനുണ്ടായിരുന്നു അവള്ക്ക്. അവളെപ്പറ്റിയുള്ള കഥകൾ ഓരോന്നും പറഞ്ഞു പറഞ്ഞു മനസ്സില് അവളെ പ്രതിഷ്ഠിച്ചു തുടങ്ങിയപ്പോഴാണ് കോപ്പിലെ ഒരു പ്രണയം. അപ്പൊ തന്നെ തന്റെ മനസ്സിലുള്ള ആ കുഞ്ഞിഷ്ടം പുസ്തകങ്ങളുടെ പുതപ്പിട്ടു മൂടിയതാണ് സഞ്ജയ്.

ഭാഗ്യം ആരോടും പറയാഞ്ഞത് എന്നേ സഞ്ജു അന്നു കരുതിയള്ളൂ..പക്ഷേ വിധി അവളെ കാത്തു വച്ചത് അവന്റെ നല്ലപാതിയാവാനായിരുന്നു. പ്രണയം സത്യമെങ്കില് അതു നമ്മളെ തേടിയെത്തിത്തും നമ്മള് പോലുമറിയാതെ… അതുകൊണ്ട്
തന്നെയാണ് അവളിന്ന് തന്റെ നല്ല പാതിയായി തന്റെ ചക്കിമോളുടെ അമ്മയായി തന്റെ കൂടെയുള്ളത്.

(തുടരും )