Tuesday, December 24, 2024
Novel

Mr. കടുവ : ഭാഗം 3

എഴുത്തുകാരി: കീർത്തി


“എന്താടി വിളിച്ചത് കടുവന്നോ? നിന്നെ ഞാൻ……. ”
അതും പറഞ്ഞു കൈ ഒന്നുകൂടി പിടിച്ചു തിരിച്ചു. വേദനകൊണ്ടു കണ്ണിൽന്നെല്ലാം വെള്ളം വരാൻ തുടങ്ങി.

കൂടെ വായിൽ തോന്നിയ എല്ലാ നല്ല വാക്കുകളും അയാൾക്ക് ഫ്രീയായി കൊടുത്തു. കുറെ പുതിയ വാക്കുകൾ എനിക്കും പറഞ്ഞുതന്നു. പണ്ഡിതനാണ് 🤓

എന്റെ കരച്ചിലും ബഹളവും എല്ലാം കേട്ട് അകത്തു നിന്നും ആരൊക്കെയോ ഓടിവന്നു. കൂട്ടത്തിൽ ഏകദേശം 50നോടടുത്ത് പ്രായമുള്ള, വെളുത്ത തടിച്ച ഐശ്വര്യമുള്ള ഒരു സ്ത്രീ ഇറങ്ങിവന്ന് കടുവയിൽ നിന്ന് എന്നെ സ്വാതന്ത്രയാക്കി.

കടുവ പിടിച്ച ഭാഗം ചുവന്നു കിടക്കുന്നു. അതു കണ്ടപ്പോൾ സ്ഥലവും സന്ദർഭവും എന്തിന് ആരൊക്കെ നിൽക്കുന്നുണ്ടെന്ന് പോലും നോക്കാതെ വീണ്ടും അയാളോട് തട്ടിക്കയറി.

“ദുഷ്ട….. എന്റെ കൈ ഓടിച്ചല്ലോടോ? “😫😡

“മര്യാദയ്ക്ക് നിന്നില്ലെങ്കി ഇനിയും ഓടിക്കൂടി പൂതനെ. “😡

“പൂതന തന്റെ മറ്റവളാടോ കടുവതോട്ടക്കാര. “😡

“ടി… നിന്നെ ഞാൻ……. ”
അതും പറഞ്ഞു എന്റെ നേർക്ക് അടുത്തപ്പോൾ ഞാൻ ഓടിപ്പോയി ആ സ്ത്രീയുടെ പിറകിലൊളിച്ചു.

“ചന്ദ്രൂ വേണ്ട വിട്ടേക്ക് പോട്ടെ….. ”
ആ സ്ത്രീ അയാളെ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. ആര് കേൾക്കാൻ ആരോട് പറയാൻ? 🙄

“അമ്മ ഇങ്ങോട്ട് മാറിയേ… ഇവളെ ഞാനിന്ന് ശരിയാക്കും ”

“ചന്ദ്രൂ…. ”

ശാന്തമായ എന്നാൽ ഗാംഭീര്യമുള്ള ശബ്ദം അവിടെ ഉയർന്നു. അമ്മയുടെ പിറകിൽ നിന്നുകൊണ്ട് തന്നെ ഞാൻ ശബ്ദം കേട്ടിടത്തേക്ക് നോക്കി. 60നോടടുത്ത് പ്രായം വരുന്ന ആഢിത്യം വിളിച്ചോതുന്ന മുഖമുള്ള ഒരു മനുഷ്യൻ.

” കുട്ടി ഇങ്ങോട്ട് നീങ്ങി നിൽക്കൂ. ”

അദ്ദേഹം എന്നോട് പറഞ്ഞു. പക്ഷെ ഞാനെപ്പോഴും കുന്തം വിഴുങ്ങിയ പോലെ അവിടെ തന്നെ നിന്നു. എനിക്ക് അനക്കമൊന്നും ഇല്ലെന്നു കണ്ടപ്പോൾ അമ്മ എന്റെ മുന്നിൽ നിന്നു മാറി അദ്ദേഹത്തിന്റെ അടുത്ത് പോയി നിന്നു. വിചാരണക്ക് നിൽക്കുന്ന പ്രതികളെ പോലെ ഞാനും കടുവയും നിന്നു.

രാമേട്ടനെ നോക്കിയപ്പോൾ ആകെ പേടിച്ചു നെഞ്ചിൽ കൈയും വെച്ച് ഒരു സൈഡിൽ മാറിനിൽക്കുന്നു. ഇടയ്ക്ക് എന്നെ നോക്കി കണ്ണുരുട്ടുന്നുണ്ട്. ഞാൻ എല്ലാവരുടെയും മുഖത്തേക്ക് ഒന്ന് നോക്കി.

അതിനുശേഷം കൂട്ടുപ്രതിയുടെ മുഖത്തേക്ക് ഒളികണ്ണിട്ട് നോക്കി. എവിടന്ന്??? അവിടെ ഇപ്പോഴും ദഹിപ്പിക്കൽ നടക്കാണ്. ഇങ്ങേർക്ക് ദഹനത്തിന്റെ അസുഖം വല്ലോം ഉണ്ടോ ആവോ?? 🤔

“എന്താ പ്രശ്നം.? ”
അദ്ദേഹം ചോദിച്ചു.

“അത്… ഞാൻ ആ പൂവ് ഒന്ന് തൊട്ടതിനാണ്. ”
അത് കേട്ടപ്പോൾ അദ്ദേഹം കടുവയെ ഒന്ന് നോക്കി. ശേഷം തുടർന്നു.

“മ്മ്മ്…… സാരല്ല്യ. ആ പ്രശ്നം നിങ്ങൾ തന്നെ തീർത്തൂന്ന് മനസിലായി.ഇനി അതിനെ ചൊല്ലി വഴക്ക് വേണ്ട. കേട്ടല്ലോ? ചന്ദ്രുനോടും കൂടിയ. ”

“മ്മ്…… ”
കടുവ ഒന്നിരുത്തി മൂളി. ആ മൂളലിൽ മനസിലായി അങ്ങനെയൊന്നും വിടില്ല എന്ന്.

“കുട്ടി ഏതാ? “ആ അമ്മ ചോദിച്ചു.

ഇത്രേം നേരം മിണ്ടാതിരുന്ന രാമേട്ടനാണ് അതിനുള്ള മറുപടി കൊടുത്തത്.

“അങ്ങുന്നേ ഇതാണ് ഞാൻ പറഞ്ഞ ആള്. പ്രിയ. ”

എന്നിട്ട് രാമേട്ടൻ എന്റെ നേർക്ക് തിരിഞ്ഞു.

“കുട്ടി, ഇതാണ് മേനോൻ സർ. ഇത് അദ്ദേഹത്തിന്റെ ഭാര്യ ലക്ഷ്മിയമ്മ. പിന്നെ ദാ ആ നിൽക്കുന്നത് മകൻ ചന്ദ്രമൗലി. ”

ആദ്യം പറഞ്ഞതൊക്കെ കേട്ട് പറഞ്ഞത് കേട്ട് പുഞ്ചിരിച്ചു നിന്നു. കൈകൾ കൂപ്പി നമസ്കാരം പറഞ്ഞു. എന്നാൽ അവസാനം പറഞ്ഞത് കേട്ടപ്പോൾ ഒരുനിമിഷം ഞാൻ നിശ്ചലമായി.

ഈ നിമിഷം ഭൂമി പിളർന്നു അതിനകത്തേക്ക് പോയിരുന്നെങ്കിൽ അല്ലെങ്കിൽ എവിടുന്നേലും ഒരു വാമനേട്ടൻ വന്ന് എന്നെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയിരുന്നെങ്കിൽ എന്ന് ചിന്തിച്ചു.

ആ മുഖം കണ്ടാൽ അയാൾ തന്നെ പാതാളത്തിലേക്ക് ഉള്ള എന്റെ എൻട്രി ശെരിയാക്കി തരുമെന്ന് തോന്നുന്നു.

“രാമൻ പറഞ്ഞപ്പോൾ ഇങ്ങനെ ഒരാളെയല്ല ഞാൻ പ്രതീക്ഷിച്ചത്. അപ്പൊ നാളെ ജോയിൻ ചെയ്യല്ലേ? ”
മേനോൻ സാറ് ചോദിച്ചു.

“മ്മ്….. അതേ. ”
ഞാൻ പറഞ്ഞു.

“ജോയിൻ ചെയ്യാനോ??? എവിടെ??? ”
കടുവ ചാടിക്കേറി ചോദിച്ചു.

“ഈ കുട്ടി നമ്മുടെ സ്കൂളിലെ പുതിയ അപ്പോയ്ന്റ്മെന്റ്ആണ്. തോമസ് മാഷ് പോയ ഒഴിവിലേക്ക്. ”
സാർ പറഞ്ഞു.

“ഇവളോ??? ടീച്ചറോ??? ”
കടുവക്ക് അത്ഭുതം. ഹും… എനിക്കെന്താ ടീച്ചറായിക്കൂടെ? 😏മനസിലാണ് ചോദിച്ചത്.

“ഹ …….. ഹ…….. ഹ……….. “🤣🤣🤣
ആരും പേടിക്കണ്ട അട്ടഹാസം കടുവേടെയാ. എന്നെ നോക്കി കളിയാക്കി ചിരിക്കാണ് കാലമാടൻ. 🤨മറ്റുള്ളവരെ നോക്കിയപ്പോൾ അവരൊക്കെ എന്തോ ലോകാത്ഭുതം കണ്ടതുപോലെ അയാളെ തന്നെ നോക്കുന്നു.

ആ അമ്മയുടെ കണ്ണ് നിറഞ്ഞിട്ടുണ്ടോ……….ന്നൊരു സംശയം. 🤔ഞാൻ കടുവയെ ഒന്ന് കൂർപ്പിച്ചു നോക്കി. ചവിട്ടുപടിയിൽ പോയിരുന്ന് വയറുപൊത്തി ചിരിക്കുന്നു. ഇത്ര കഷ്ടപ്പെട്ട് ചിരിക്കാൻ ആരേലും പറഞ്ഞോ? ഹും….

“എന്റെ അച്ഛാ…. അച്ഛന് ആ സ്കൂൾ അടച്ചു പൂട്ടാൻ ധൃതിയായോ? ”

ദുഷ്ടൻ… എന്റെ കഞ്ഞിയിൽ മണ്ണ് വാരി ഇടുവാണല്ലോ. ഞാൻ ദയനീയമായി മേനോൻ സാറിനെ നോക്കി.

“ഇത്രയും ദൂരെന്ന് വന്നതല്ലേ. നോക്കട്ടെ എന്നിട്ട് തീരുമാനിക്കാം. ”
കടുവയെ അനുനയിപ്പിക്കാൻ വേണ്ടി അദ്ദേഹം പറഞ്ഞു എന്നിട്ട് എന്നെ നോക്കി കണ്ണ് ചിമ്മി.
അയ്യേ…… കടുവയെ പറ്റിച്ചേ…. 😜

“ഞാനൊന്നും പറയുന്നില്ലേ….. അനുഭവം വരുമ്പോൾ പഠിച്ചോളും. ഈശ്വരാ…. എന്റെ അച്ഛനെ രക്ഷിക്കണേ… സ്കൂളിലെ കുട്ടികളും അവരുടെ രക്ഷിതാക്കളും ഈ വീട്ടുമുറ്റത്തു വന്ന് സമരം ചെയ്യാതെ നോക്കണേ….. ”

മുകളിലേക്ക് നോക്കി കൈക്കൂപ്പി പ്രാർത്ഥിക്കുന്നതിന് ഇടയിൽ ഒളികണ്ണിട്ട് എന്നെയും നോക്കുന്നുണ്ട്. എല്ലാവരുടെയും ശ്രദ്ധ കടുവയെ ആണെന്ന് കണ്ടതും ശബ്ദം പുറത്ത് വരാതെ ചുണ്ടനക്കി ‘പോടാ കാടുവെ’ ന്ന് വിളിച്ചു.

“നീ പോടീ ഉണ്ടക്കണ്ണി ”

പാവം. ആവേശം കൊണ്ട് ഉറക്കെയാണ് വിളിച്ചത്. സാറും അമ്മയും കടുവയെ നോക്കി കണ്ണുരുട്ടി ‘നിനക്ക് ഞാൻ വെച്ചിട്ടുണ്ടടി ‘ന്നുള്ള അർത്ഥത്തിൽ എന്നെയൊന്നു ഉഴിഞ്ഞു നോക്കിക്കൊണ്ട് അവിടെ നിന്നും ചവിട്ടിത്തുള്ളിപോയി. ആ നോട്ടം കണ്ടപ്പോൾ ഞാൻ നല്ല അസ്സലായിട്ട് കൊഞ്ഞനം കുത്തിക്കാണിച്ചു.

എന്നിട്ട് നേരെ നോക്കിയത് മേനോൻ സാറിന്റെ മുഖത്തേക്ക്. എല്ലാം നല്ല hd ക്വാളിറ്റിയിൽ തന്നെ കണ്ടൂന്ന് മുഖം പറയുന്നുണ്ട്. ഒരു ചമ്മിയ ചിരിയായിരുന്നു എന്റെ മറുപടി. 😁

“മ്മ്….. എന്തിനാ അവനെ മാത്രം പറയുന്നേ. ആള് മോശമൊന്നുമല്ല. ”
ഒരു ദീർഘശ്വാസമെടുത്ത് അദ്ദേഹം ആരോടെന്നില്ലാതെ പറഞ്ഞു.

“മുറ്റത്ത് തന്നെ നിൽക്കാതെ അകത്തേക്ക് വാ ”

അമ്മ എന്നെയും കൂട്ടി അകത്തേക്ക് പോയി. സാറും രാമേട്ടനും പിറകെയും. സാർ സ്കൂൾ നെ കുറിച്ച് ഒരുപാട് പറഞ്ഞു തന്നു.

“അപ്പൊ എവിടെയാ രാമ താമസമൊക്കെ ശെരിയാക്കിയിരിക്കണേ? “സാർ ചോദിച്ചു.

“ഇതുവരെ ഒന്നും ശെരിയായിട്ടില്ല അങ്ങുന്നേ. തൽക്കാലം വീട്ടിലേക്ക് കൂട്ടാന്നാ വിചാരിച്ചിരിക്കുന്നെ. ”

“മ്മ്……. “അദ്ദേഹം ഒന്ന് മൂളിയതേയുള്ളു.

“വിശ്വേട്ടാ ഞാനൊരു കാര്യം പറയട്ടെ? ”
അമ്മ ചോദിച്ചപ്പോൾ എന്താ ന്നുള്ള അർത്ഥത്തിൽ സാർ അമ്മയെ നോക്കി.

“വിരോധമില്ലെങ്കി പ്രിയ ഔട്ട് ഹൗസിൽ താമസിച്ചോട്ടെ. ദൂരെ നാട്ടിൽന്നു ഒറ്റയ്ക്ക് വന്നതല്ലേ, ഇവിടെയാവുമ്പോ നമ്മുടെ കണ്ണെത്തുന്നോടത് ഉണ്ടാവും പിന്നെ മോൾടെ വീട്ടുകാർക്കും അതൊരു ആശ്വാസവും. ”

അമ്മ വീട്ടുകാരെക്കുറിച്ച് പറഞ്ഞപ്പോൾ അരുതെന്ന് ശാസിച്ചിട്ടും എന്റെ കണ്ണുകൾ എന്നെ ചതിച്ചു.

“എന്തിനാ കരയുന്നെ, അവരെയൊക്കെ ഓർത്തു ല്ലേ? കുറച്ചു കഴിഞ്ഞു ഇവിടെയൊക്കെ പരിചയാവുമ്പോ അച്ഛനേം അമ്മേം കൂടി കൊണ്ടുവരാം കേട്ടോ? കരയണ്ട. ”
അമ്മ എന്നെ ആശ്വസിപ്പിച്ചു.

“അങ്ങനെ ഞാൻ വിളിക്കുമ്പോൾ ഓടിവരാൻ പറ്റുന്ന ദൂരത്തൊന്നും അവരില്ലമ്മേ. ”
എല്ലാവരും സംശയത്തോടെ എന്നെ നോക്കി.

“ഒരു ആക്‌സിഡന്റ് ആയിരുന്നു. ഒന്നര വർഷം മുൻപ്. “ഞാൻ കൂട്ടിച്ചേർത്തു.

അമ്മ ഓടിവന്നു എന്നെ ചേർത്തു പിടിച്ചു. കുറച്ചു നേരത്തിനു ശേഷം ഞങ്ങൾ അകന്നു മാറി. അമ്മ പോയി ഔട്ട് ഹൗസിന്റെ താക്കോൽ കൊണ്ടുത്തന്നു. ഔട്ടോയിൽ നിന്ന് ബാഗെല്ലാം എടുത്തു വന്നു. ഔട്ട് ഹൗസിലേക്ക് നടക്കുമ്പോൾ മേനോൻ സാർ ചോദിച്ചു.

“കുട്ടീടെ പേര് എന്താന്നാ പറഞ്ഞത്? ”

“പ്രിയ. പ്രിയദർശിനി. ”
ഞാൻ മറുപടി പറഞ്ഞു.

“അധികം കേൾക്കാത്തൊരു പേര്. ”

“എന്റെ മുത്തശ്ശന്റെ കണ്ടുപിടിത്ത, പുള്ളി വലിയൊരു ഇന്ദിരാ ഗാന്ധി ഫാനായിരുന്നു. ഇന്ദിരാന്ന് ഇടാൻ അമ്മ സമ്മതിച്ചില്ല. ”
ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു.

“എവിടെയോ കണ്ടതുപോലൊരു തോന്നൽ….. പ്രിയടെ അച്ഛന്റെ പേരെന്താ? ”

“പേരും നാളുമൊക്കെ പിന്നെ പറയാം . മോള് പോയി കുറച്ചു നേരം വിശ്രമിക്ക് യാത്രാക്ഷീണം ഉണ്ടാവും. ”

സാറിനോട് മറുപടി പറയുന്നതിന് മുന്നേ അമ്മ എന്നെയും കൂടി ഔട്ട് ഹൗസിലേക്ക് നടന്നു. അമ്മ ഔട്ട്‌ ഹൗസ് കാണിച്ചു തന്ന് തിരിച്ചും പോയി.

ആധുനിക രീതിയിൽ ഇന്റീരിയർ ചെയ്ത ഒരു കൊച്ചു വീട്. ഒരു ഫാമിലിക്ക്‌ താമസിക്കാം. അകത്തെ കോണി തുറസ്സായിക്കിടക്കുന്ന ടെറസ്സിലേക്കാണ്.

നാലുവശത്തുമുള്ള ചുറ്റുമതിലിനോട് ചേർന്ന് അവിടെയും കുറെ ചെടികൾ നട്ടുപിടിപൊട്ടിച്ചിട്ടുണ്ട് ഒരു സ്ഥലം പോലും ആ കടുവ വെറുതെ വിട്ടിട്ടില്ല.

കാണാൻ നല്ല ചന്തമൊക്കെയുണ്ട്. എന്തായാലും കടുവയുടെ ഉള്ളിൽ നല്ലൊരു ഉദ്യാനപാലകനുണ്ട്. ഈ ചെടികളൊക്ക എവിടുന്ന് സംഘടിപ്പിക്കുന്നോ എന്തോ?

ഓരോരുത്തർക്കും ഓരോ ഭ്രാന്താല്ലേ. അമ്മ പറഞ്ഞു കേട്ടിട്ടുണ്ട് എനിക്ക് പണ്ട് തീപ്പെട്ടിക്കൂട് ശേഖരിക്കലായിരുന്നത്രെ എന്റെ ഭ്രാന്ത്. പിന്നെ എങ്ങനെയോ മരുന്നൊന്നും കഴിക്കാതെ അതങ്ങ് മാറി.

ഞാനൊന്ന് ഫ്രഷായി, എത്തിയ വിവരം രേവതിയെ വിളിച്ചു പറഞ്ഞു ശേഷം അമ്മ കൊണ്ടുതന്ന പുട്ടും കടലക്കറിയും കഴിച്ചു കുറച്ചു നേരം കിടന്നു. ക്ഷീണം കാരണം വേഗം ഉറങ്ങിപ്പോയി. പിന്നെ എണീറ്റ് അമ്മയുടെ അടുത്തേക്ക് പോയി.

അവിടെ അമ്മയും സഹായത്തിനു നിൽക്കുന്ന സീതച്ചേച്ചിയും മാത്രമേ ഉണ്ടായിരുന്നുള്ളു. അവരോട് കുറെ വർത്തമാനം പറഞ്ഞിരുന്നു. അന്നത്തെ ഭക്ഷണം അവിടുന്നായിരുന്നു.

വൈകുന്നേരം രാമേട്ടന്റെ മകൾ പരിചയപ്പെടാൻ വന്നിരുന്നു. രാധിക. രാധിക ഞാൻ ജോയിൻ ചെയ്യാൻ പോകുന്ന സ്കൂളിൽ തന്നെ ടീച്ചർ ആണ് .

നാളെ സ്കൂളിൽ പോവുമ്പോൾ കൂട്ടാൻ വരാമെന്നു പറഞ്ഞു അവൾ പോയി. എന്റെ രേവതിയെപോലെ തന്നെയായിരുന്നു അവളും. ഭയങ്കര വായാടി.

ഞങ്ങൾ പെട്ടന്ന്തന്നെ കൂട്ടായി. അന്നത്തെ ദിവസം പിന്നെ കടുവയെ കണ്ടതേയില്ല. അമ്മയോട് ചോദിച്ചപ്പോൾ രാവിലെ അപ്പൊത്തന്നെ ജീപ്പെടുത്ത് എങ്ങോട്ടോ പോകുന്നത് കണ്ടൂന്ന് പറഞ്ഞു.

എവിടെക്കാ എന്താ എന്നൊന്നും പറയാറില്ലത്രേ. പാവം അമ്മ എന്തൊക്കെയോ സങ്കടങ്ങളുണ്ട്. രാത്രി ഭക്ഷണം കഴിക്കലൊക്കെ കഴിഞ്ഞ് ഔട്ട് ഹൗസിൽ തിരിച്ചെത്തി.

നാളത്തെക്ക്‌ സ്കൂളിലേക്കുള്ളതെല്ലാം ഒരുക്കിവെച്ച്, അച്ചന്റേയും അമ്മയുടെയും ഏട്ടന്റെയും ഫോട്ടോയിൽ നോക്കി വിശേഷങ്ങളൊക്കെ പറഞ്ഞ് ഉറങ്ങാൻ കിടന്നു.

😴😴😴 ഇരുട്ടുള്ള വിജനമായ വഴിയിലൂടെ ഒരു പെൺകുട്ടി നടന്നു പോകുന്നു. പിറകെ കുറച്ചു ആളുകൾ അവളെ പിന്തുടരുന്നു .

അവൾ നടത്തത്തിന്റെ വേഗത കൂട്ടി. വൈകാതെ നടത്തം ഓട്ടമായി മാറി. ആ ആളുകൾ പിറകെയും.

പെട്ടെന്ന് താടിയും മുടിയുമെല്ലാം നീട്ടിവളർത്തിയ ഒരാൾ അവളുടെ മുന്നിൽ വന്ന്, അവളുടെ കൈ പിടിച്ചു എങ്ങോട്ടോ ഓടി.

അവൾ എതിർക്കാതെ അയാളോടൊപ്പം ഓടി. ഓട്ടത്തിനിടയിൽ അവൾ ഒരു കല്ലിൽ തട്ടി കമഴ്ന്നുവീണു. ഒപ്പം ഭാരമുള്ള എന്തോ ഒന്ന് അവളുടെ ദേഹത്തും വീണു.

പെട്ടന്ന് ഞെട്ടി ഞാൻ കണ്ണ് തുറന്നു. ബെഡിൽ നിന്ന് എഴുന്നേൽക്കാൻ നോക്കിയപ്പോൾ പറ്റുന്നില്ല.

സ്വപ്നത്തിൽ കണ്ടതുപോലെ ഭാരമുള്ള എന്തോ എന്റെ ദേഹത്ത് കിടപ്പുണ്ട്.പേടിച്ചിട്ട് നാവും പൊന്തുന്നില്ല. സർവ്വശക്തിയുമെടുത്ത് ഞാൻ ഉച്ചത്തിൽ നിലവിളിച്ചു.

ഉടനെ ആ ഭാരം എന്റെ ദേഹത്ത് നിന്ന് മാറുന്നത് ഞാനറിഞ്ഞു ഒപ്പം റൂമിലെ ലൈറ്റ് തെളിഞ്ഞു. ഞാൻ ബെഡിലല്ലേ പിന്നെ ആരാ ലൈറ്റ് ഇട്ടത്🤔.

സ്വിച്ച് ബോർഡിന്റെ അടുത്തേക്ക് നോക്കി ലൈറ്റ് ഇട്ട ആളെ കണ്ട് ഞാൻ ഞെട്ടിപ്പോയി.

(തുടരും )

Mr. കടുവ : ഭാഗം 1

Mr. കടുവ : ഭാഗം 2