Tuesday, December 17, 2024
Novel

മിഴിനിറയാതെ : ഭാഗം 12

എഴുത്തുകാരി: റിൻസി പ്രിൻസ്

പിന്നീടുള്ള രണ്ട് ദിവസങ്ങൾ പരസ്പരം കാണാതെ ആദിയും സ്വാതിയും തള്ളിനീക്കി, പിറ്റേന്ന് സ്കൂളിലേക്ക് പോകുമ്പോൾ ജോൺ മുന്നിൽ വന്നു നിന്നത്. ജോണിനെ കണ്ടു സ്വാതിയുടെ ഒപ്പമുണ്ടായിരുന്ന വേണിയുടെ മുഖം ദേഷ്യത്തിൽ ചുവന്നു, ജോൺ അവർക്കരികിലേക്ക് വന്നു അവൻറെ കയ്യിൽ പ്ളാസ്റ്റർ ഇട്ടിരിക്കുന്നത് അവർ കണ്ടു , “നിന്നെ ഞാൻ ഒന്ന് കാണാൻ ഇരിക്കുകയായിരുന്നു, നിൻറെ പേരിൽ ഒരു കംപ്ലൈൻറ് കൊടുക്കാൻ ആയിട്ട് ഞങ്ങള് നാളെയോ മറ്റേന്നാളോ സ്റ്റേഷനിൽ പോകും വേണി അവൻറെ മുഖത്തുനോക്കി പറഞ്ഞു

“അയ്യോ പെങ്ങളെ ചതിക്കല്ലേ, ഇനി അതും കൂടി താങ്ങാൻ വയ്യ, ഞാൻ സ്വാതിയോട് മാപ്പ് പറയാൻ വന്നതാ എൻറെ അറിവില്ലായ്മ കൊണ്ട് സംഭവിച്ച പോയതാ, ഇനി ഞാൻ ഒരിക്കലും അങ്ങനെ ചെയ്യില്ല ഒരു പെണ്ണിനോടും “എന്നോട് ക്ഷമിക്കണം തീരെ വയ്യായിരുന്നു കിടപ്പായിരുന്നു അതുകൊണ്ട് ആണ് അടുത്തെങ്ങും വരാഞ്ഞത്, ക്ഷമിക്കണം ഇതിൻറെ പേരിൽ ഒരു പ്രശ്നവും ഉണ്ടാകരുത് അവൻ അവളുടെ മുൻപിൽ കൈതൊഴുതു പിടിച്ചു വേണിയും സ്വാതിയും എന്താണ് നടക്കുന്നത് എന്ന് അറിയാതെ പരസ്പരം നോക്കി,

അവരുടെ മറുപടിക്ക് കാക്കാതെ ജോൺ നടന്നുപോയി, “ഇവന് ഇത് എന്തു പറ്റിയതാ? വേണി വിശ്വാസം വരാതെ സ്വാതിയെ നോക്കി “ആവോ ആർക്കറിയാം നീ വാ വെെകും സ്വാതി പറഞ്ഞു ഉച്ചയ്ക്ക് ലഞ്ച് ബ്രേക്ക് കഴിഞ്ഞ് നോട്ട് എഴുതിക്കൊണ്ടിരുന്ന സ്വാതിയുടെ അരികിലേക്ക് വേണി വന്നു “എടീ അവന് എന്ത് പറ്റിയതാണെന്ന് അറിയോ ? ഉത്സാഹത്തോടെ വേണി ചോദിച്ചു “ആർക്ക് ? സ്വാതി തിരക്കി “ആ ജോണിന് “അവന് എന്തു പറ്റിയതാണ് എന്ന് എനിക്ക് എങ്ങനെ അറിയാം

“എങ്കിൽ എനിക്കറിയാം, നിൻറെ ഡോക്ടർ പണി കൊടുത്തത് ആണ് “ഡോക്ടറോ? “എടീ അന്ന് ആ സംഭവം നടന്ന അന്ന് വൈകിട്ട് ഡോക്ടർ അവനെ കാണാൻ ചെന്നിരുന്നു, അവനെ ചെറുതായിട്ട് പെരുമാറി എന്നാ കേട്ടത്, ഡോക്ടറുടെ ഒറ്റ അടിയിലെ മൂന്നുദിവസം അവന് മുള്ളാൻ പറ്റിയില്ലെന്നാ അറിഞ്ഞത് , ഡോക്ടർ മർമ്മം അറിയാവുന്ന ആളല്ലേ എല്ലാം കേട്ട സ്വാതി ഞെട്ടിത്തെറിച്ചു നിന്നു, ” ഇതൊക്കെ നീ എങ്ങനെ അറിഞ്ഞു ആദി അവളോട് ചോദിച്ചു “അവൻറെ ഒരു ഫ്രണ്ട് എൻറെ ട്യൂഷൻ സെൻററിൽ ആണ് പഠിക്കുന്നത് ,

അവൻ എൻറെ ഒരു ഫ്രണ്ടാ, ഫ്രണ്ട് എന്ന് പറയാൻ പറ്റില്ല എന്നെ നന്നായിട്ട് വായ് നോക്കുന്ന ഒരു വായ്നോക്കി, എന്നെ ഇംപ്രസ് ചെയ്യാൻ വേണ്ടി അവൻ എന്തും ചെയ്യും, ഞാൻ അവനോട് പറഞ്ഞു ഒന്ന് തിരക്കാൻ, അവൻ തിരക്കി ഫുൾ ഡീറ്റെയിൽസ് എടുത്തു തന്നു, “സ്വാതി വെറുതെ മൂളി “നിൻറെ ഡോക്ടർ ആളൊരു ഹീറോ തന്നെയാണ്, ഞാൻ വെറുതെ പറഞ്ഞതല്ല അയാൾക്ക് നിന്നോട് ശരിക്കും ഇഷ്ടമാണ് അല്ലെങ്കിൽ എവിടെയോ കിടക്കുന്ന ഒരു പെണ്ണിനെ വേണ്ടി ആരെങ്കിലും ഇങ്ങനെയൊക്കെ ചെയ്യൂവോ? സ്വാതി മറുപടിയൊന്നും പറഞ്ഞില്ല,

തിരികെ വീട്ടിൽ ചെന്നപ്പോഴും വേണി പറഞ്ഞ കാര്യങ്ങൾ ആയിരുന്നു അവളുടെ മനസ്സിൽ തനിക്ക് വേണ്ടി എന്തിനാണ് അയാൾ ഇത്രയും ഒക്കെ ചെയ്യുന്നത് സ്വാതി ഓർത്തു, എന്തൊ ഒരു ഉൾപ്രേരണയാൽ അവൾ അയാൾ താമസിക്കുന്ന മുറിയിലേക്ക് നോക്കി പക്ഷേ അത് അടഞ്ഞു കിടക്കുകയായിരുന്നു, ആൾ വന്നിട്ടുണ്ടായിരുന്നില്ല ,അവൾക്ക് എന്തോ ഒരു നഷ്ടബോധം തോന്നി , അവൾ ജോലികൾ എല്ലാം ഒതുക്കി നാമം ജപിക്കാൻ ആയി പോകുമ്പോഴാണ് ഗീത വന്ന് പറയുന്നത് “ഞാൻ ദത്തേട്ടന്റെ പെങ്ങളുടെ വീട്ടിലേക്ക് പോകുവാ നാളെ കാലത്തെ വരൂ,

ഞാൻ ഇല്ലെന്നു കരുതി ജോലി ഒന്നും ചെയ്യാതിരിക്കരുത്, കുട്ടികൾക്ക് ഭക്ഷണവും, രാവിലത്തേയ്ക്കുള്ള പ്രാതലും, കൊടുക്കണം,നാളെ കാലത്ത് ഞാൻ വരും, അവർ എന്തെങ്കിലും പരാതി പറഞ്ഞാൽ നിന്നെ ഞാൻ ജീവനോടെ വെച്ചേക്കില്ല, “എല്ലാം ഞാൻ ചെയ്തോളാം വല്യമ്മേ അവളെ ഒന്നിരുത്തി നോക്കിയിട്ട് ഗീത നടന്നു, എല്ലാവരും അത്താഴം കഴിച്ചു കഴിഞ്ഞ് പാത്രങ്ങളെല്ലാം കഴുകി മുറിയിലേക്ക് പോകാൻ ഇറങ്ങുമ്പോഴാണ് ഒരു വണ്ടി വന്നു നിൽക്കുന്ന ശബ്ദം സ്വാതിയുടെ കാതുകളിൽ മുഴങ്ങിയത്,

കുറച്ചുനേരങ്ങൾക്ക്ശേഷം കോളിംഗ് ബെൽ ശബ്ദിച്ചു സ്വാതി ചെന്ന് മുറി തുറന്നു, മുന്നിൽ നിൽക്കുന്ന ആളെ കണ്ട് അവൾ ഭയന്നു, “ദത്തൻ ” ഒരു വഷളൻ ചിരിയുമായി അയാൾ അവളെ തന്നെ നോക്കി നിൽക്കുകയാണ് എന്ത് ചെയ്യണമെന്ന് അറിയാതെ സ്വാതി കുഴങ്ങി, അവളുടെ മനസ്സിൽ അരുതാത്ത ചിന്തകൾ ഉണർന്നു, വല്യമ്മ ഇവിടെയില്ല എന്നത് അവളെ ഭയത്തിൽ ആഴ്ത്തി, അയാളോട് പറയാതെ വല്യമ്മ എങ്ങും പോകില്ല, തീർച്ചയായും വല്യമ്മ പോയ വിവരം അറിഞ്ഞു കൊണ്ടാണ് അയാൾ ഇവിടേക്ക് വന്നിരിക്കുന്നത്, അപ്പോൾ അതിനർത്ഥം അയാൾ പല കാര്യങ്ങളും ഈ രാത്രിയിൽ കണക്ക് കൂട്ടിയിട്ടുണ്ട് എന്നാണ്, സ്വാതി മനസ്സിലോർത്തു,

“എടാ സുജിത്തേ നീ വണ്ടിയിൽ കിടന്നോ അയാൾ സഹായിയായ സുജിത്തിനോട് പറഞ്ഞിട്ട് മീശ ഉഴിഞ്ഞു അവളെ നോക്കി “എന്താ മോളെ ഇങ്ങനെ ഞെട്ടിത്തരിച്ച് നിൽക്കുന്നത്? അയാൾ കപട വാൽസല്യത്തോടെ അവളോട് ചോദിച്ചു അവൾ ഒന്നും മിണ്ടിയില്ല, അവളുടെ മനസ്സിൽ ഭയം വർദ്ധിച്ചു , “ഗീത ഇവിടെ ഇല്ല അല്ലേ അയാൾ അർത്ഥം വെച്ച് ചോദിച്ചു അവളുടെ നെഞ്ചിൽ ഒരു കൊള്ളിയാൻ മിന്നി “കുട്ടികളും അമ്മയും ഉറങ്ങിയിട്ട് ഉണ്ടായിരിക്കുമല്ലോ, വല്യച്ഛൻ കുളിച്ചിട്ട് വരാം, മോൾ ഭക്ഷണം എടുത്ത് വയ്ക്ക്,

പിന്നെ ആ വണ്ടിയിൽ ഉള്ളവനും എന്തേലും കഴിക്കാൻ കോടുക്ക്, അയാൾ അവളുടെ കവിളിൽ തലോടി പറഞ്ഞു , അവൾ വെറുപ്പോടെ ആ കൈ തട്ടിമാറ്റി അയാളുടെ വാക്കുകളുടെ അർത്ഥം അവൾക്ക് മനസ്സിലായിരുന്നു , “മോൾ എന്തിനാ ഇങ്ങനെ വല്യച്ഛനെ പേടിക്കുന്നത്, ഗീതയെ പോലെ മോളോട് വല്യച്ഛന് ദേഷ്യമൊന്നുമില്ല, സ്നേഹം മാത്രമേ ഉള്ളൂ, സ്നേഹം മാത്രം അവളെ ആകമാനം ഒന്ന് നോക്കി ഒരു വഷളൻ ചിരിയോടെ അയാൾ പറഞ്ഞു, സ്വാതിക്ക് മനംപിരട്ടുന്ന പോലെ തോന്നി അയാളുടെ നോട്ടം കണ്ടിട്ട്, ഇന്നത്തെ ദിവസം എൻറെ ആഗ്രഹം ഞാൻ സാധിക്കും, അയാൾ മനസ്സിൽ പറഞ്ഞു.

അയാൾ കുളിക്കാനായി കയറിപ്പോയി, ആ സമയം കൊണ്ട് മേശയിൽ ഭക്ഷണം എല്ലാം എടുത്തു വെച്ച് എന്തുചെയ്യണമെന്നറിയാതെ അവൾ നിന്നു, ഈ രാത്രിയിൽ താൻ എങ്ങോട്ട് പോകും, ബാത്റൂമിൽ അയാളുടെ മൂളിപ്പാട്ട് കേൾക്കാമായിരുന്നു , അവൾ മുറിയിൽ ചെന്ന് നോക്കി മുത്തശ്ശി നല്ല ഉറക്കം ആണ്, അമ്മു ചേച്ചി എന്തു നടന്നാലും വാതിൽ തുറക്കാറില്ല അപ്പുവും അങ്ങനെതന്നെ, അവിടെ നിന്നാൽ സംഭവിക്കുന്ന അപകടം സ്വാതിക്ക് മനസ്സിലായി, അവൾ പുറത്തേക്കിറങ്ങി, എങ്ങോട്ട് പോകുമെന്ന് ഒരു രൂപവും അവൾക്കുണ്ടായിരുന്നില്ല, പെട്ടെന്നാണ് ആദിയുടെ കാര്യം അവൾക്ക് ഓർമവന്നത്,

എന്തോ ഒരു ഉൾപ്രേരണയാൽ അവൾ ഔട്ട് ഹൗസ് നേരെ നടന്നു, ആലോചിച്ചു നിൽക്കാതെ ആദിയുടെ ഡോർ തട്ടി, ആദി നല്ല ഉറക്കത്തിലായിരുന്നു, ഈ സമയത്ത് ആരാണെന്ന് വിചാരിച്ചാണ് ആദി അവിടേക്ക് ചെന്നത്, സ്വാതിയെ മുന്നിൽ കണ്ട് അവൻ ഒന്ന് ഞെട്ടി , “എന്താ ഈ സമയത്ത് മുത്തശ്ശിക്ക് എന്തെങ്കിലും വയ്യായ്ക ഉണ്ടോ ആദി തിരക്കി “ഇല്ല “പിന്നെന്താ “ഞാൻ അകത്തേക്ക് കയറികോട്ടെ ആദി മനസ്സിലാകാതെ നിന്നു, അവൾ പ്രതീക്ഷയോടെ അവനെ നോക്കി,അവൻ വഴിമാറിക്കൊടുത്തു , അവൾ അകത്തേക്ക് കയറി,

“ആ ഡോർ അടച്ചേക്കാമോ? സ്വാതി ചോദിച്ചു, എന്താണ് സംഭവിക്കുന്നത് മനസ്സിലാകാതെ ആദ്യം തരിച്ചുനിന്നു, “താൻ എന്താണെന്നുവെച്ചാൽ കാര്യം പറ ആദിയുടെ ക്ഷമ കെട്ടു, .”വല്യച്ഛൻ വന്നിട്ടുണ്ട് പതിഞ്ഞ ശബ്ദത്തിൽ അവൾ പറഞ്ഞു “അതിനെന്താ മനസ്സിലാകാതെ ആദി ചോദിച്ചു “വല്യച്ഛൻ ഒറ്റയ്ക്ക് അവിടെ ഉള്ളപ്പോൾ വീട്ടിൽ നിൽക്കാൻ എനിക്ക് പേടിയാ അവളുടെ മറുപടി കേട്ട് ആദി ഞെട്ടിത്തരിച്ചു നിന്നു , കുളി കഴിഞ്ഞ് ഇറങ്ങിയ ദത്തൻ ശരീരമാകെ പെർഫ്യൂമിനാൽ മൂടി, ഒരു മൂളിപ്പാട്ടും പാടി അയാൾ ഭക്ഷണം വെച്ചിരിക്കുന്ന മേശക്കരികിലേക്ക് ചെന്നു,

പക്ഷേ അവിടെ എങ്ങും സ്വാതിയെ കാണുന്നുണ്ടായിരുന്നില്ല, അവൾ എവിടെപ്പോയി എന്ന് ചിന്തിച്ചു, പല പ്രാവശ്യമായി തനിക്ക് പിടിതരാതെ വഴുതി പോയ ഒരു ഗോൾഡ്ഫിഷ് ആണ് അവൾ എന്ന് അയാൾ ചിന്തിച്ചു, ശബ്ദമുണ്ടാക്കാതെ അയാൾ ദേവകിയുടെ മുറിയിലേക്ക് നോക്കി അവിടെ സ്വാതിയെ കാണാഞ്ഞപ്പോൾ അയാളുടെ മനസ്സിൽ ദേഷ്യം ഇരച്ചു കയറി , .അതെ ഈ പ്രാവശ്യവും അവൾ തൻറെ കയ്യിൽ നിന്നും രക്ഷപ്പെട്ടിരിക്കുന്നു, അയാൾ അടുക്കളയിലേക്ക് നോക്കി, അടുക്കള വാതിൽ തുറന്നു കിടക്കുന്നു, അയാൾക്ക് ദേഷ്യം നിയന്ത്രിക്കാൻ സാധിച്ചില്ല, അയാൾ മുറ്റത്തേക്കിറങ്ങി സ്വാതിയെ തിരയാൻ തുടങ്ങി ദത്തൻറെ സംഭവം ആദിയോട് പറഞ്ഞു കഴിഞ്ഞപ്പോഴേക്കും,

സ്വാതിയുടെ കണ്ണിൽ നിന്നും നീർ മണികൾ വീണിരുന്നു, “താൻ എന്നിട്ട് പ്രതികരിച്ചിട്ടില്ലേ ആദി ചോദിച്ചു “ആരോട് പ്രതികരിക്കാൻ? എങ്ങനെ പ്രതികരിക്കാൻ പ്രതികരിച്ചാൽ പിന്നെ എനിക്ക് ഈ വീട്ടിൽ താമസിക്കാൻ പറ്റുമോ ? അതുമാത്രമല്ല ഇതൊക്കെ ഞാൻ വല്യമ്മയോട് പറഞ്ഞാൽ അത് എൻറെ കുറ്റമാണെന്നേ വല്യമ്മ പറയു, മുത്തശ്ശിയോട് പറഞ്ഞിട്ടുണ്ട്, പിന്നെ അയാളെ കാണാതെ ഒഴിഞ്ഞു മാറി നടക്കാൻ തുടങ്ങി ആദ്യം വല്ലാത്ത സങ്കടം അനുഭവപ്പെട്ടു, അവളുടെ കണ്ണുനീർ തന്നെ ചുട്ടുപൊള്ളിക്കുന്ന തായി ആദിക്ക് തോന്നി, അവൾ വേദനിക്കുമ്പോൾ അവളെക്കാൾ കൂടുതലായി തന്റെ ഹൃദയം വേദനിക്കുന്നുണ്ടെന്ന് ആദിക്ക് മനസ്സിലായി,

“ആർക്കും വേണ്ടാത്തവളല്ലേ ആർക്കുവേണമെങ്കിലും തട്ടിക്കളിക്കാമല്ലോ സ്വാതി കണ്ണുനീരോടെ പറഞ്ഞു ആദി അവൾക്ക് അരികിലേക്ക് ചേർന്നിരുന്നു അവളുടെ കണ്ണുനീർത്തുള്ളികൾ തൻറെ കൈവിരലുകളാൽ ഒപ്പിയെടുത്തു, ശേഷം അവളോട് പറഞ്ഞു , “ആർക്ക് വേണ്ടെങ്കിലും എനിക്ക് വേണം, ഇനി എന്നും, ഒരിക്കലും വിട്ടു കളയില്ല ഞാൻ , അവൻ അലിവോടെ അവളുടെ മുഖം കെെകുമ്പിളിൽ എടുത്തു, സ്വാതി എതിർത്തില്ല, ” ഇനി മുതൽ ആർക്കും ഇട്ടു തട്ടിക്കളിക്കാൻ ഞാൻ വിട്ടുകൊടുക്കില്ല , എനിക്ക് വേണം എൻറെ സ്വന്തമായി ,എൻറെ മാത്രമായി അവൻ അവളുടെ കൈകൾ ചേർത്തു പിടിച്ചു, അവളുടെ ശരീരത്തിലൂടെ ഒരു വിറയൽ കടന്നു പോയി, പെട്ടെന്ന് ഡോറിൽ ആരോ മുട്ടി, ഞെട്ടി തിരിഞ്ഞ് രണ്ടുപേരും അങ്ങോട്ട് നോക്കി ,

(തുടരും ) റിൻസി

മിഴിനിറയാതെ : ഭാഗം 11