മഴപോലെ : ഭാഗം 3
നോവൽ
****
എഴുത്തുകാരി: ശ്രീകുട്ടി
പിറ്റേദിവസം അർച്ചന കോളേജിലേക്കിറങ്ങാൻ അല്പം താമസിച്ചിരുന്നു. കോളേജിന് മുന്നിലെ സ്റ്റോപ്പിൽ ബസ്സിറങ്ങുമ്പോഴേക്കും കൂട്ടുകാരെല്ലാം അകത്തേക്ക് പോയിരുന്നു. അവൾ ധൃതിയിൽ മുന്നോട്ട് ഓടി.
ക്ലാസ്സിന് മുന്നിലെത്തുമ്പോഴേക്കും സമയം ഒൻപതര കഴിഞ്ഞിരുന്നു.
” സാർ … ”
ക്ലാസ്സിന് മുന്നിലെത്തി കിതപ്പോടെ അവൾ വിളിച്ചു. അകത്ത് ക്ലാസ് എടുത്തുകൊണ്ടിരുന്ന ഗണിത അധ്യാപകനായ അനീഷ് തിരിഞ്ഞു നോക്കി.
” എന്ത് വേണം ? ”
മുഖത്തെ കണ്ണട ഒന്നിളക്കിവച്ച് ഗൗരവത്തിൽ അയാൾ ചോദിച്ചു.
” സാർ ഞാൻ…. ”
” തനിക്കൊക്കെ തോന്നുന്ന നേരത്ത് കേറി വരാനുള്ളതല്ല എന്റെ ക്ലാസ്. ”
അവളെ മുഴുമിപ്പിക്കാനനുവദിക്കാതെ തുള്ളി വിറച്ചുകൊണ്ട് അയാൾ പറഞ്ഞു.
” സോറി സാർ ബസ് കിട്ടാഞ്ഞത് കൊണ്ടാ ”
അർച്ചന ശബ്ദം താഴ്ത്തി പറഞ്ഞു
” ഓ ബസ് കിട്ടണമെങ്കിൽ ബസ്സിന്റെ സമയത്തിറങ്ങണം അല്ലാതെ തനിക്ക് തോന്നുന്ന സമയത്ത് ഇറങ്ങിയാൽ ബസ് കിട്ടില്ല ”
വിടാൻ ഭാവമില്ലാത്തത് പോലെ അയാൾ വീണ്ടും പറഞ്ഞു.
” സോറി സാർ… ”
തല കുനിച്ച് നിന്നുകൊണ്ട് അവൾ പറഞ്ഞു.
” എല്ലാം കാണിച്ചുവച്ചിട്ട് ഒരു സോറി പറഞ്ഞാൽ മതിയല്ലോ ”
അയാൾ വീണ്ടും പറഞ്ഞു.
പെട്ടന്ന് അർച്ചന ഏങ്ങലടിച്ച് കരയാൻ തുടങ്ങി. അത് കണ്ട് അയാളൊന്ന് വല്ലാതെയായി .
” ആഹ് മതി മതി ഇനി അവിടെ നിന്ന് കരഞ്ഞ് ബാക്കി സമയം കൂടി കളയണ്ട. ഗെറ്റ് ഇൻ ഡോണ്ട് റിപീറ്റ് എഗൈൻ ”
അയാൾ പറഞ്ഞതും തല കുലുക്കി അർച്ചന അകത്തേക്ക് നടന്നു.
” രാവിലെ വേഷം കെട്ടി ഇറങ്ങിക്കോളും മനുഷ്യന്റെ ടൈം വേസ്റ്റാക്കാൻ നോൺസെൻസ് ”
തല കുമ്പിട്ട് അകത്തേക്ക് പോകുന്ന അവളെ നോക്കി പിറുപിറുത്തുകൊണ്ട് അനീഷ് വീണ്ടും ക്ലാസ്സ് എടുക്കാൻ തുടങ്ങി.
” പോട്ടെടി അച്ചൂ അയാളെന്തെകിലും പറയട്ടെ അതിന് നീയെന്തിനാ കരയാൻ പോണേ ? ”
അടുത്തേക്ക് വന്നിരുന്ന അർച്ചനയുടെ തോളിൽ തട്ടി ആശ്വസിപ്പിക്കാനെന്ന പോലെ പതിയെ അമൃത ചോദിച്ചു.
” അതിനിവിടിപ്പോ ആരാ കരഞ്ഞത് ? ”
ഒരു കള്ളച്ചിരിയോടെ അവൾക്ക് നേരെ തിരിഞ്ഞുകൊണ്ട് അർച്ചന ചോദിച്ചു.
” ഏഹ് അപ്പൊ നീ കരയുവല്ലായിരുന്നോ ? ”
കണ്ണും മിഴിച്ച് അമൃത ചോദിച്ചു.
” അത് ഞാനാ മർക്കടന്റെ കയ്യിന്ന് രക്ഷപെടാൻ ചുമ്മാ കാണിച്ചതല്ലേ അല്ലേ അയാളിപ്പോ എന്നേ തൂക്കി വെളിയിൽ കളഞ്ഞേനെ ”
അവളെ നോക്കി പല്ല് മുഴുവൻ വെളിയിൽ കാണിച്ച് ചിരിച്ചുകൊണ്ട് അർച്ചന പറഞ്ഞു.
” എന്റെ ദൈവമേ ഇതിനേയാണല്ലോ ഞാൻ ആശ്വസിപ്പിക്കാൻ ചെന്നത് നീ ഇവിടെങ്ങും ജനിക്കേണ്ട ആളല്ലെഡീ നീ ജനിക്കേണ്ടതേയല്ലാരുന്നു. ”
അവളെ നോക്കി തലക്ക് കൈ കൊടുത്തുകൊണ്ട് അമൃത പറഞ്ഞു. അത് കേട്ട് അർച്ചന വീണ്ടും ചിരിച്ചു.
” ഇളിക്കാതെടീ മരയോന്തേ ”
അവളുടെ കവിളിൽ കുത്തിക്കൊണ്ട് അമൃത പറഞ്ഞു.
ക്ലാസ്സിലിരിക്കുമ്പോഴും അർച്ചനയുടെ ഉള്ളിൽ മറ്റെന്തൊക്കെയോ ചിന്തകളായിരുന്നു നിറഞ്ഞുനിന്നിരുന്നത്.
ഇടവേളകളിൽ പുറത്തേക്കിറങ്ങിയപ്പോഴെല്ലാം അവൾ പോലുമറിയാതെ അവളുടെ മിഴികൾ ആരെയോ തേടിക്കോണ്ടിരുന്നു.
” എടീ ദേ നിന്റെ രക്ഷകൻ വരുന്നുണ്ട്. ആ വരവ് കണ്ടിട്ട് നിന്നോട് പ്രേമം വെളിപ്പെടുത്താനുള്ള വരവാണെന്നാ തോന്നുന്നത്. ”
ലഞ്ച് ബ്രേക്കിൽ എന്തോ ആലോചിച്ചിരുന്ന് ചോറ് കഴിച്ചുകൊണ്ടിരുന്ന അർച്ചനയോടായി വിദ്യ പറഞ്ഞു. പെട്ടന്ന് ഒന്നും മനസ്സിലാകാതെ അവൾ തല ഉയർത്തി നോക്കി.
കണ്ണുകൾ ക്ലാസ്സിലേക്ക് കയറിവന്ന സിദ്ധാർദ്ധിൽ തന്നെ തറഞ്ഞ് നിന്നു.
പക്ഷേ അവന്റെ ഒരു നോട്ടം പോലും തന്നിലേക്ക് നീളുന്നില്ലെന്ന് കണ്ടപ്പോൾ ഉള്ളിന്റെ ഉള്ളിലെവിടെയോ ഒരു നൊമ്പരം ഉടലെടുക്കുന്നതവളറിഞ്ഞു.
അവൻ ക്ലാസ്സിലെ ഏതോ ഒരു പയ്യനെ വിളിച്ചുനിർത്തി എന്തോ പറയുകയായിരുന്നു അപ്പോൾ.
” എന്താടീ പന്തം കണ്ട പെരുച്ചാഴിയെപ്പോലെ നിക്കുന്നത് ? ”
തിരികെ പോകാനായി പുറത്തേക്ക് നടക്കുമ്പോൾ അവളുടെ അരികിലെത്തിയതും സിദ്ധാർഥ് ചോദിച്ചു. പെട്ടന്ന് കണ്ണുകൾ പിൻവലിച്ച് ഒന്നുമില്ലെന്ന അർത്ഥത്തിൽ അർച്ചന പതിയെ തലയനക്കി.
” മിഴിച്ച് നിക്കാതെ ചെയ്തോണ്ടിരുന്ന പണി ചെയ്യെഡീ ”
പറഞ്ഞുകൊണ്ട് അവൻ പുറത്തേക്ക് നടന്നു. അർച്ചനയുടെ അധരങ്ങളിൽ ഒരു ചെറുപുഞ്ചിരി മൊട്ടിട്ടു.
ദിവസങ്ങൾ വളരെ വേഗം കൊഴിഞ്ഞുവീണുകൊണ്ടിരുന്നു.
ദിവസവും പലതവണ തമ്മിൽ കാണാറുണ്ടായിരുന്നെങ്കിലും ഒരിക്കൽ പോലും സിദ്ധുവും അർച്ചനയും തമ്മിൽ സംസാരിച്ചിരുന്നില്ല.
എങ്കിലും പരസ്പരം ബന്ധിപ്പിക്കുന്ന എന്തോ ഒന്ന് എപ്പോഴും അവർക്കിടയിൽ ഉണ്ടായിരുന്നു.
അർച്ചനയോടുള്ള ഗൗതമിന്റെ പെരുമാറ്റത്തിന്റെ പേരിൽ സിദ്ധുവും ഗൗതവും തമ്മിൽ ഇടയ്ക്കിടെ സാരമല്ലാത്ത ഉരസലുകളും നടന്നുകൊണ്ടിരുന്നു.
അങ്ങനെ ഓണാഘോഷം വന്നെത്തി. പെൺകുട്ടികളെല്ലാം സെറ്റ് സാരിയും ആൺകുട്ടികൾ മുണ്ടും ഷർട്ടുമായിരുന്നു ഡ്രസ്സ് കോഡ് തീരുമാനിച്ചത്.
രാവിലെ കുറച്ച് നേരത്തെതന്നെ സിദ്ധാർഥ് കോളേജിൽ എത്തി. ബ്ലാക്ക് ഫുൾ സ്ലീവ് ഷർട്ടും അതിന് മാച്ച് ആയിട്ടുള്ള മുണ്ടും ആയിരുന്നു അവന്റെ വേഷം.
ഗേറ്റ് കടന്ന് അകത്തേക്ക് കടക്കുമ്പോഴേ കണ്ടു മുകളിൽ നിന്ന് ആരോടോ സംസാരിക്കുന്ന അർച്ചനയെ.
അവന്റെ കണ്ണുകൾ അവളിൽത്തന്നെ ഉടക്കി നിന്നു.
സെറ്റ് സാരിയുടുത്ത് മുല്ലപ്പൂവുമൊക്കെ വച്ച അവൾക്ക് വല്ലാത്തൊരുതരം ഭംഗി തോന്നിച്ചിരുന്നു .
അല്പനേരം അവളെത്തന്നെ നോക്കി നിന്നിട്ട് അവൻ പതിയെ മുകളിലേക്ക് കയറി.
സിദ്ധാർഥ് മുകളിലെത്തുമ്പോഴും അർച്ചന അവിടെത്തന്നെ നിന്നിരുന്നു. അവൻ അവളെത്തന്നെ നോക്കി മുന്നോട്ട് നടന്നു.
അപ്പോഴാണ് അവളെ നോക്കി നിന്നിരുന്ന ഒരുത്തൻ അവന്റെ കണ്ണിലുടക്കിയത്. അവന്റെ കണ്ണുകൾ അർച്ചനയുടെ വയർഭാഗത്തേക്ക് നീളുന്നത് കണ്ട് സിദ്ധുവും അങ്ങോട്ട് നോക്കി.
സാരി അല്പം മാറിക്കിടന്നിടത്തുകൂടി വെളുത്തുസുന്ദരമായ അവളുടെ ആലില വയർ പുറത്തേക്ക് എത്തി നോക്കിയിരുന്നു. മുന്നിൽ നിൽക്കുന്നവന്റെ കണ്ണുകൾ അവിടെയാണെന്ന് കണ്ടതും സിദ്ധാർദ്ധിന് ദേഷ്യം ഇരച്ചുകയറി.
” ഡാ…. ”
സ്ഥലകാലബോധം മറന്ന് സിദ്ധാർദ്ധിന്റെ സ്വരമുയർന്നു. പെട്ടന്ന് ഒന്ന് ഞെട്ടിയ അവന്റെ കണ്ണുകൾ അവളിൽ നിന്നും പിൻവലിഞ്ഞു.
” നിനക്കെന്താടാ കൊങ്കണ്ണുണ്ടോ ? ”
എന്ത് ചെയ്യണമെന്നറിയാതെ നിക്കുന്ന അവനെ നോക്കി സിദ്ധാർഥ് ചോദിച്ചു.
” ഇ….ഇല്ല ”
അവൻ വിക്കി വിക്കി പറഞ്ഞു.
” ആവശ്യമില്ലാത്തിടത്തോട്ടൊക്കെ നോട്ടം പോയാൽ നിന്റെ കണ്ണ് കാണില്ല പോടാ… ”
അവന്റെ കണ്ണുകളിലേക്ക് നോക്കി കോളറിൽ പിടിച്ചുകൊണ്ട് പതിയെ ശബ്ദം താഴ്ത്തി സിദ്ധാർഥ് പറഞ്ഞു. അവൻ കൈ വിട്ടതും ആ പയ്യൻ വേഗം അവിടെനിന്നും പോയി.
അപ്പോഴും ഒന്നും മനസ്സിലാകാതെ സിദ്ധാർദ്ധിനെത്തന്നെ നോക്കി നിൽക്കുകയായിരുന്നു അർച്ചന.
പലരോടും അവൻ തല്ലുണ്ടാക്കുന്നത് കണ്ടിട്ടുണ്ടെങ്കിലും ഒരിക്കൽ പോലും അവനിൽ ഇങ്ങനൊരു ഭാവം അവൾ കണ്ടിട്ടുണ്ടായിരുന്നില്ല.
” എന്താടീ തുറിച്ചുനോക്കുന്നത് ? ”
ഉള്ളിലെ മുഴുവൻ ദേഷ്യത്തോടും കൂടി തന്നെത്തന്നെ നോക്കി നിന്ന അവളുടെ അരികിലേക്ക് ചെന്നുകൊണ്ട് അവൻ ചോദിച്ചു. അവൾ ഒന്നും മിണ്ടാതെ ഒന്ന് തലയനക്കുക മാത്രം ചെയ്തു.
” ഇതൊക്കെ ഉടുക്കാൻ അറിയില്ലേൽ ഉടുക്കാൻ പോകരുത്. കണ്ടവന്റെയൊക്കെ മുന്നിൽ തുറന്നിട്ടോണ്ട് നിക്കുന്നു. നിന്റെ ശ്രദ്ധ എവിടാഡീ ? ”
അവന്റെ ദേഷ്യം അണപൊട്ടിയൊഴുകുകയായിരുന്നു അപ്പോൾ . പെട്ടന്ന് കാര്യം മനസ്സിലായ അർച്ചന വേഗം സാരി പിടിച്ച് നേരെയാക്കി.
” സിദ്ധുവേട്ടാ ഞാൻ…… ”
” പോടീ എന്റെ മുന്നിന്ന് ”
എന്തോ പറയാൻ വന്ന അവളുടെ നേരെ ചീറിക്കൊണ്ട് സിദ്ധാർഥ് താഴേക്ക് നടന്നു. അവന്റെയാ പോക്ക് നോക്കി നിന്ന അർച്ചന നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞു.
പിന്നീട് ഒന്നിലും പങ്കെടുക്കാതെ അവൾ ക്ലാസ്സിന്റെ ഒരു മൂലയിൽ തന്നെയിരുന്നു.
ആരൊക്കെ നിർബന്ധിച്ചിട്ടും അവൾ കാര്യം പറയുകയോ അവിടെനിന്ന് എണീക്കുകയോ ചെയ്തില്ല.
സിദ്ധാർദ്ധിന്റെ അവസ്ഥയും മറ്റൊന്നായിരുന്നില്ല.
” അവളുടെ കാര്യത്തിൽ ഞാനിത്രയും ഇറിട്ടേറ്റാകുന്നതെന്തിനാ ? ”
അവൻ സ്വയം ചോദിച്ചുകൊണ്ടിരുന്നു. ഓർക്കും തോറും വീണ്ടും അവന്റെ തലക്ക് ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നി.
” ഡാ അളിയാ നിനക്കിതെന്ത് പറ്റി ? നീയെന്തിനാ ഇവിടിങ്ങനെ ഒറ്റക്ക് വന്നിരിക്കുന്നത്.? ”
ഓരോന്നാലോചിച്ചിരുന്ന സിദ്ധുവിന്റെ അടുത്തേക്ക് വന്നുകൊണ്ട് വിഷ്ണു ചോദിച്ചു.
” ഏയ് ഒന്നുല്ലടാ ഞാൻ വെറുതെ … ”
എന്ത് പറയണമെന്നറിയാതെ സിദ്ധാർഥ് വാക്കുകൾ പാതിയിൽ നിർത്തി.
” മതി ഉരുളണ്ട കുറച്ചുമുൻപ് നീ മുകളിൽ വച്ചുണ്ടാക്കിയ കോലാഹലമെല്ലാം ഞാനും കണ്ടു. അവളോടിത്രയൊക്കെ പറയാൻ അവിടെന്താ ഉണ്ടായത് ? ”
അവന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കിക്കൊണ്ട് വിഷ്ണു ചോദിച്ചു.
” നീയെല്ലാം കണ്ടെന്നല്ലേ പറഞ്ഞത് എന്നിട്ട് അവിടെന്താ ഉണ്ടായതെന്ന് നീ കണ്ടില്ലേ ? ”
അവനെ തറപ്പിച്ച് നോക്കി അല്പം ശബ്ദമുയർത്തി സിദ്ധാർഥ് ചോദിച്ചു.
” കണ്ടു പക്ഷേ അതിൽ നിനക്കിത്ര പൊള്ളാൻ എന്താന്ന് എനിക്ക് മനസ്സിലായില്ല. അവളെ ആരുവേണേൽ നോക്കട്ടെ അതിന് നിനക്കെന്താ ? ”
അവന്റെ മുഖത്തെ ഭാവങ്ങൾ ശ്രദ്ധിച്ചുകൊണ്ട് വിഷ്ണു ചോദിച്ചു.
” അത്…” സിദ്ധാർഥ് ഒന്ന് നിർത്തി.
” അത് ? ”
വിഷ്ണു വീണ്ടും ചോദിച്ചു.
” അതുപിന്നെ അവളെ മോശമായി ആരും നോക്കുന്നത് എനിക്കിഷ്ടമല്ല. എനിക്കവളെ….”
” എങ്ങനെ ? നിനക്കവളെ..? ”
ഒരു കള്ളച്ചിരിയോടെ വിഷ്ണു വീണ്ടും ചോദിച്ചു.
അത് കണ്ടപ്പോൾ സിദ്ധാർദ്ധിന് വീണ്ടും ദേഷ്യമിരച്ചുകയറി.
” എടാ @@**$… എനിക്കവളെ ഇഷ്ടമാണ്. നിനക്ക് കാര്യം മനസ്സിലായല്ലോ പിന്നെ കൂടുതലിട്ടിളക്കല്ലേ ”
അവന്റെ മുഖത്ത് നോക്കി ദേഷ്യത്തിൽ സിദ്ധാർഥ് പറഞ്ഞു.
പെട്ടന്ന് വിഷ്ണു പൊട്ടിച്ചിരിച്ചു.
” എന്താടാ @##@*&% ? ”
സിദ്ധാർഥ് ചോദിച്ചു.
” എനിക്കപ്പോഴേ തോന്നി അളിയന് പനി പിടിച്ചെന്ന്. അവളുടെ പിന്നാലെ ചക്കപ്പഴത്തിൽ ഈച്ച പറ്റുന്നത് പോലെ അളിയൻ നടന്നപ്പോഴേ എനിക്ക് മണമടിച്ചു പിന്നെ ഇന്നത്തെ പ്രകടനം കൂടി കണ്ടപ്പോൾ ഉറപ്പായി. ”
പൊട്ടിച്ചിരിച്ചുകൊണ്ട് വിഷ്ണുവത് പറയുമ്പോൾ എല്ലാം മറന്ന് സിദ്ധാർദ്ധിന്റെ ചുണ്ടിലും ഒരു പുഞ്ചിരി തെളിഞ്ഞു.
” ചുമ്മാതല്ല അളിയൻ നമ്മുടെ ഗൗതമന്റെ കൈ തല്ലിയൊടിച്ചതല്ലേ ? ”
ചിരിയോടെ വിഷ്ണു ചോദിച്ചു.
” ഏയ് അതങ്ങനൊന്നുമല്ലളിയാ അത് അവനാരോട് കാണിച്ചാലും ഞാനത് തന്നെ ചെയ്തേനെ. പക്ഷേ പിന്നീട് അവളെന്നെ നോക്കിയ ആ നോട്ടം അതാ അവളിലേക്ക് എന്നെ വലിച്ചടുപ്പിച്ചത്.
അപ്പൊ ഞാനുറപ്പിച്ചു അവളെന്റെ പെണ്ണാണെന്ന് ”
ആ രംഗങ്ങളൊക്കെ മുന്നിൽ കാണുന്നത് പോലെ ഒരു നനുത്ത പുഞ്ചിരിയോടെ സിദ്ധാർഥ് പറഞ്ഞുനിർത്തി.
ആഘോഷങ്ങൾ നടക്കുമ്പോഴും അർച്ചനയുടെ ഉള്ളിൽ എന്തെന്നറിയാത്ത ഒരു നൊമ്പരം കൂടുകെട്ടിയിരുന്നു. ഉച്ചയോടെ അവൾ ആരോടും ഒന്നും പറയാതെ കോളേജിൽ നിന്നും ഇറങ്ങി.
” ആഹാ ഇതെന്താ ഓണമാഘോഷിക്കാൻ വല്യ ഉത്സാഹത്തിൽ പോയിട്ട് നേരത്തെയിങ്ങ് പൊന്നോ ? ”
വാടിക്കുഴഞ്ഞ് അകത്തേക്ക് കയറി വന്ന അർച്ചനയോടായി ശ്രീദേവി ചോദിച്ചു.
” ഓഹ് ചെറിയൊരു തലവേദന പോലെ തോന്നി. അതുകൊണ്ട് ഞാൻ പിന്നിങ്ങ് പൊന്നു. ”
പറഞ്ഞുകൊണ്ട് അവൾ അകത്തേക്ക് പോയി. അകത്തെത്തി ബാഗ് ടേബിളിലേക്ക് വച്ച് അവൾ പതിയെ കിടക്കയിലേക്കിരുന്നു.
അപ്പോഴും സിദ്ധാർദ്ധിന്റെ വാക്കുകൾ കൂരമ്പുകൾപ്പോലെ അവളുടെ നെഞ്ചിലേക്ക് വന്നുതറച്ചുകൊണ്ടിരുന്നു.
സ്വയമറിയാതെ അവളുടെ മിഴികളിൽ നീർപൊടിഞ്ഞു. ഈ സമയം കോളേജിൽ എല്ലായിടത്തും അവളെത്തേടുകയായിരുന്നു സിദ്ധാർഥ്.
” ഇവളിതെവിടെപ്പോയിക്കിടക്കുവാ? ”
അവൻ ആരോടെന്നില്ലാതെ പറഞ്ഞു. രണ്ടും കല്പ്പിച്ച് അവൻ പതിയെ അവളുടെ ക്ലാസ്സിലേക്ക് നടന്നു. അവിടെയും എല്ലാവരും ആഘോഷത്തിൽ മുഴുകിയിരിക്കുകയായിരുന്നു.
പക്ഷേ അർച്ചനയെ മാത്രം അവിടെങ്ങും കാണാനുണ്ടായിരുന്നില്ല. അവന്റെ കണ്ണുകൾ അവിടമാകെ അവളെത്തിരഞ്ഞ് നടന്നു.
ദേഷ്യവും നിരാശയുമെല്ലാം കൂടി സിദ്ധാർദ്ധിന് സമനില തെറ്റുന്നത് പോലെ തോന്നി.
ആരോടും ഒന്നും പറയാതെ പുറത്തേക്ക് വന്ന അവൻ തന്റെ ബൈക്കുമെടുത്ത് കൊടുങ്കാറ്റ് പോലെ പുറത്തേക്ക് പാഞ്ഞു.
( തുടരും… )