Sunday, December 22, 2024
Novel

മരുമക്കൾ : ഭാഗം 2

നോവൽ
എഴുത്തുകാരി: ശിവന്യ

മാസത്തിൽ രണ്ടു ഞായറാഴ്ച എങ്കിലും മാലിനി രാജീവിന്റെ വീട്ടിൽ വരാൻ ശ്രദ്ധിച്ചിരുന്നു…

…പതിവ് പോലെ ശനിയാഴ്ച്ച വൈകുന്നേരം രാജീവും മാലിനിയും വീട്ടിലെത്തി… ബൈക്കിൽ മുട്ടിയുരുമ്മി കൊണ്ടുള്ള അവരുടെ യാത്രയോളം അസൂയ ഉണ്ടാക്കുന്ന വേറൊരു കാര്യം സൗമ്യക്ക് ഇല്ല….

എന്തു കാര്യത്തിനും രാജേഷിനെ കാത്തുനില്കേണ്ടി വരുന്നു, അതുകൊണ്ടു ഒന്നും സമയത്തിന് നടക്കുന്നില്ലെന്നു പറഞ്ഞു ഒരു ദിവസം വഴക്കുണ്ടാക്കിയ സൗമ്യയെ ഡ്രൈവിംഗ് പഠിക്കാൻ അയച്ചതും അതു കഴിഞ്ഞു അവൾക്കിഷ്ടപെട്ട മോഡൽ സ്‌കൂട്ടി വാങ്ങികൊടുത്തതും കൊണ്ട് രാജേഷിന്റെ കൂടെയുള്ള അവളുടെ യാത്ര കുറഞ്ഞിരുന്നു…
മാത്രമല്ല എവിടെ പോകുന്നെങ്കിലും മോനും കൂടെ ഉണ്ടാകും, അവനെ നടുവിൽ ഇരുത്തുന്നത് കൊണ്ടു സൗമ്യക്ക് രാജേഷിനെ മുട്ടിയുരുമ്മി ഇരിക്കാനും കഴിയില്ല….

അവരെ കണ്ട ഉടൻ സൗമ്യയുടെ മുഖം മാറിയത് മാലിനിക്ക് വ്യക്തമായി മനസ്സിലായെങ്കിലും അവളതു പുറത്തു കാണിക്കാതെ സൗമ്യയെ നോക്കി മനോഹരമായി പുഞ്ചിരിച്ചു കൊണ്ടു അകത്തേക്ക് കയറി പോയി…

മുകളിലത്തെ നിലയിൽ ഉള്ള അവരുടെ മുറി സൗമ്യ തൂക്കാറും തുടക്കാറുമില്ല… അതറിയുന്നത് കൊണ്ടു തന്നെ മാലിനി പെട്ടെന്നു ഡ്രെസ്സ് മാറി മുറി വൃത്തിയാക്കാൻ തുടങ്ങി…

അതുകഴിഞ്ഞു ചായ ഉണ്ടാക്കാൻ വേണ്ടി അടുക്കളയിൽ കേറുമ്പോഴേക്കും സൗമ്യ ഓടി വന്നു…

“ഗ്യാസ് തീരാറായിരിക്കുവാണ് ചേച്ചീ… അതുകൊണ്ട് ചായ അടുപ്പിൽ വെച്ചാ മതിയെ…”

ഒന്നും മിണ്ടാതെ ചായയുടെ വെള്ളമെടുത്തു അടുപ്പിനരികിലേക്കു നീങ്ങിയ മാലിനിയെ നോക്കി ഒരു പുച്ഛച്ചിരി ചിരിച്ചു കൊണ്ട് സൗമ്യ നിന്നു…

അന്ന് വൈകുന്നേരം രാക്കിയമ്മ വരുമ്പോൾ രണ്ടു കയ്യിലും കവർ നിറയെ സാധനങ്ങൾ ഉണ്ടായിരുന്നു…

അവരെ കണ്ട ഉടനെ മാലിനി ഓടിപ്പോയി കവർ വാങ്ങി അടുക്കളയിൽ കൊണ്ടുവെച്ചു…. ഉടനെ സൗമ്യ വന്നു കവർ അഴിച്ചു സാധനങ്ങൾ എല്ലാം അവളുടെ രീതിയിൽ കൊണ്ടുവെച്ചു… ആ അടുക്കളയിൽ എവിടെയൊക്കെയാണ് സാധനങ്ങൾ സൂക്ഷിക്കുന്നതെന്നു രാക്കിയമ്മക്കോ , മാലിനിക്കോ അറിയില്ല… പക്ഷെ ആഴ്ചയിൽ രണ്ടുതവണ മകളെ കാണാൻ വരുന്ന സൗമ്യയുടെ അമ്മക്ക് ആ വീടിന്റെ മുക്കുംമൂലയിലും വരെ സ്വാതന്ത്ര്യം ഉണ്ട്…

പണി കഴിഞ്ഞു ക്ഷീണിച്ചു വന്ന രാക്കിയമ്മക്കു കുളിക്കാനായി മാലിനി ചൂടുവെള്ളം അടുപ്പിലേക്കു കയറ്റുമ്പോൾ സൗമ്യയെ ഇടംകണ്ണിട്ടൊന്നു നോക്കി… എന്തുകൊണ്ടോ കൂടുതലൊന്നും പറയാതെ അവൾ അകത്തേക്ക് കയറിപ്പോയി…

*************************

ഞായറാഴ്ച ദിവസമായത് കൊണ്ടു രാജീവ് രാവിലെ തന്നെ പോയി ചിക്കനും മീനുമൊക്കെ വാങ്ങി കൊണ്ടു വന്നു…

സുഹൃത്തിന്റെ പെങ്ങളുടെ വിവാഹം എന്നു പറഞ്ഞു രാജേഷും പോയി…

ഒരുതരത്തിലും അടുക്കള ജോലികൾ തന്നെ ഏല്പികില്ലെന്നു അറിയുന്നതുകൊണ്ടു മാലിനി ഒന്നിലും ഇടപെടാതെ പുറംപണികൾ ചെയ്യാന് പോയി…

പക്ഷെ അതും സൗമ്യയുടെ കൗശലമായിരുന്നു…

മാലിനിയെ കുറിച്ചു ചോദിക്കുന്ന ബന്ധുക്കളോട് അയൽകാരോടുമൊക്കെ അവൾ പറയും..

“ചേച്ചി വല്ലപ്പോഴും രണ്ടു ദിവസം നിക്കാൻ വന്നാൽ തന്നെ കാര്യമുണ്ടോ.. പണികളൊക്കെ ഞാൻ തന്നെയാ എടുക്കുന്നെ… രണ്ടു കഷ്ണം തുണി അലക്കിയും മുറ്റം അടിച്ചുവാരിയും പാത്രം കഴുകിയും സമയം കളയും… ആരു വന്നാലും കഷ്ടപ്പാട് എനിക്ക് തന്നെയാ…”

പക്ഷെ സൗമ്യയുടെ യഥാർത്ഥ സ്വഭാവം അറിയുന്ന ആരും തന്നെ ഇതൊന്നും വിശ്വസിക്കാനും പോകുന്നില്ല….

ഉച്ചക്ക് ഭക്ഷണം കഴിക്കാൻ ഇരുന്നാൽ എപ്പോഴും മാലിനി രാകേഷിനെ വിളിക്കും…

“ഏട്ടത്തിയാണോ ഭക്ഷണം ഉണ്ടാക്കിയത് എന്നാൽ ഞാൻ വരാം…”

ഇതായിരിക്കും അപ്പോഴൊക്കെ അവന്റെ മറുപടി…

അന്ന് പക്ഷെ പ്രതീക്ഷിക്കാതെ രണ്ടതിഥികൾ ആ വീട്ടിലെത്തി…

രാക്കിയമ്മയുടെ “കുട്ടികളുടെ അച്ഛൻ” ദിവാകരന്റെ അനിയനും മകനായിരുന്നു അതു…

എപ്പഴത്തെയും പോലെ അതിഥികളെ സ്വീകരിക്കാൻ സൗമ്യ ഓടിനടന്നു…

സൽക്കാരം കഴിഞ്ഞു അവർ വന്ന കാര്യത്തിലേക്ക് കടന്നു…

ദിവാകരന്റെ പേരിൽ , അദ്ദേഹത്തിന്റെ അമ്മ മരിക്കുന്നതിന് മുൻപേ കുറച്ചു സ്ഥലം, എഴുതിവെച്ചിട്ടുണ്ടായിരുന്നു…

ഒരു വലിയ പ്ലോട്ട് രണ്ട് ആണ്മക്കൾക്കായി വീതിച്ചു നൽകിയ അദ്ദേഹത്തിന്റെ അമ്മ മുൻപിലുള്ള മുപ്പത് സെന്റ് ദിവകാരനും അതിന്റെ പിന്നിൽ ബാക്കിയുള്ള മുപ്പത്തഞ്ച് സെന്റ് അനിയനായ വേലായുധനും ആയിരുന്നു എഴുതിയതു… പിന്നീട് ആ സ്ഥലത്തിന് മുന്നിലൂടെ റോഡ് വന്നപ്പോൾ സ്ഥലത്തിന് ഡിമാൻഡ് ഏറി… പക്ഷെ മുൻപിലെ സ്ഥലം ദിവാകരന്റെ പേരിൽ ആയത് കൊണ്ട് വേലായുധന് അതു വിൽക്കാൻ സാധിക്കുന്നില്ല… പിന്നിലുള്ള സ്ഥലം മാത്രമായി ആർക്കും വേണ്ട… മുന്പിലത്തെ സ്ഥലം കൂടി വിൽക്കുകയാണെങ്കിൽ നല്ല പൊന്നിൻ വില കിട്ടുമെന്നും അതിനു രാക്കിയമ്മയുടെയും മക്കളുടെയും സമ്മതം വാങ്ങിക്കാനുമായിരുന്നു അവർ വന്നത്….

പക്ഷെ ദിവാകരനെയും അദ്ദേഹത്തിന്റെ അമ്മയെയും അടക്കം ചെയ്ത ആ സ്ഥലത്തു തന്നെ താൻ മരിച്ചു കഴിഞ്ഞാൽ തന്നെയും അടക്കം ചെയ്യണമെന്നായിരുന്നു രാക്കിയമ്മയുടെ ആഗ്രഹം… അതുകൊണ്ടു തന്നെ അവർക്കതിനു സമ്മതമായിരുന്നില്ല…

രാജീവും അമ്മയുടെ അതേ അഭിപ്രായം ആയിരുന്നു…

പക്ഷെ അപ്പോഴേക്കും സൗമ്യ മുന്നോട്ടു വന്നു…

“ഇതിപ്പോ വിൽക്കുന്നതാണ് നല്ലതെന്നാണ് എന്റെ അഭിപ്രായം… മരിച്ചവർ അങ്ങു പോയി… ഇനിയിപ്പോ അമ്മക്കും അവിടെ തന്നെ പോയി കിടക്കണമെന്നു എന്താ ഇത്ര നിർബന്ധം… ഇവിടെയും ഉണ്ടല്ലോ അതിനൊക്കെ സ്ഥലം… അല്ലെങ്കിൽ രാജിവേട്ടനും രാകേഷേട്ടനും ഉള്ള സ്ഥലം മാറ്റി വെച്ചു ഞങ്ങൾക്കുള്ളത് ഇങ്ങു തന്നേക്കു… എന്നാൽ ഇവർ വിൽക്കുന്നതിന്റെ കൂടെ ഞങ്ങളുടെ സ്ഥലവും വിൽക്കാലോ…”

സൗമ്യ പറഞ്ഞതു കേട്ടു രാക്കിയമ്മ വല്ലാതായി…

ഭർത്താവിന്റെ അനിയന്റെയും മകന്റെയും മുന്നിലുള്ള അവളുടെ ആ സംസാരം അവർക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല…

“സൗമ്യേ, ഇതവരുടെ ഓഹരിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ അല്ലെ… നമ്മൾ ഇവിടെ വന്നു കയറിയവരാ… ഇതിൽ അഭിപ്രായം പറയേണ്ട ആവശ്യം നമുക്കില്ല…”

മാലിനി അവളെ തടയാൻ ശ്രമിച്ചു…

” ചേച്ചി ഒന്നു മിണ്ടാതിരിക്കുന്നുണ്ടോ… അല്ലെങ്കിലും മക്കളില്ലാത്ത ചേച്ചിക്ക് പൈസയുടെ ആവശ്യം ഇല്ലല്ലോ… എനിക്ക് അങ്ങനല്ല , ഒരു മോൻ വളർന്നു വരുന്നുണ്ട്… അതിനുവേണ്ടി നാളത്തേക്ക് എന്തെങ്കിലും കരുതി വെക്കണം…”

അവൾ മാലിനിയുടെ നേർക്ക് ചീറി… പിന്നെ കൂടുതൽ ഒന്നും പറയാൻ നിക്കാതെ മാലിനി അകത്തേക്ക് കയറി പോയി.. പക്ഷെ ആ പോക്കിനിടയിലും കത്തുന്ന ഒരു നോട്ടം അവൾ രാജീവിനെ നോക്കി…

പ്രശ്നം കൂടുതൽ വഷളാകുന്നതിനു മുൻപേ വന്നവർ തിരിച്ചു പോയതും അകത്തേക്ക് നടന്ന സൗമ്യയെ രാജീവ് തടഞ്ഞു…

“സൗമ്യേ , ഇത്രേം കാലം നിന്റെ വിളയാട്ടം ഞങ്ങൾ സഹിച്ചത് ഞങ്ങടെ ചെക്കനെ ഓർത്താ… ഞങ്ങളുടെ അച്ഛന്റെ പേരിലുള്ള സ്ഥലത്തിന് നിനക്കെന്താ അവകാശം.. ആ സ്ഥലം ഞങ്ങടെ അമ്മ അവർക്കിഷ്ടമുള്ളത് പോലെ ചെയ്യും.. അതിൽ കൈകടത്താനോ അഭിപ്രായം പറയാനോ വന്നാലുണ്ടല്ലോ…”

അയാളുടെ മുഖം ദേഷ്യത്താൽ ചുവന്നു..

“മോനെ വേണ്ട…”

രാക്കിയമ്മ അവനെ തടഞ്ഞിട്ടും അവൻ നിർത്തിയില്ല…

“എന്റെ മാലിനി പ്രസവിക്കാത്തത് അവളുടെ കുഴപ്പം കൊണ്ടാണെന്നു ഏതെങ്കിലും ഡോക്ടർ സൗമ്യക്ക് സർട്ടിഫിക്കറ്റ് തന്നിട്ടുണ്ടോ…”

സൗമ്യ അയാളെ പകച്ചു നോക്കി…

ആദ്യമായിട്ടായിരുന്നു ആ വീട്ടിൽ ഒരാൾ അവൾക്കു നേരെ കയർക്കുന്നത്…

“പിന്നെ നി വളർത്തുന്ന നിന്റെ മോൻ… എടീ , നാളെ അവനും എവിടുന്നെങ്കിലും നിന്നെ പോലൊരുത്തിയെ വിളിച്ചു കൊണ്ടു വന്നാൽ തീരുന്നതെയുള്ളു നിന്റെ ഈ മക്കളെ പ്രസവിച്ച അഹംഭാവം.. വന്നവഴി മറക്കരുത് കേട്ടോ… ഇത്രയൊക്കെ നി പറഞ്ഞിട്ടും നിന്നെ ഞാൻ തല്ലാത്തത് എന്റെ അമ്മ അതെന്നെ പടിപ്പിക്കാത്തത് കൊണ്ടാ…”

ആത്രയും പറഞ്ഞു മുകളിലേക്ക് കയറി പോയ രാജീവിനെ നോക്കി അവൾ പല്ലിറുമ്മി…

**************************

“ഇതൊക്കെ നിങ്ങളുടെ അനിയനും അമ്മയും ആദ്യമേ തിരുത്തേണ്ടതായിരുന്നു രാജീവേട്ടാ… അപ്പോൾ വളം വെച്ചുകൊടുത്തതാ ഇപ്പോൾ അനുഭവിക്കുന്നെ… ഇനി എന്തൊക്കെ പറഞ്ഞാലും അവൾ നന്നാകില്ല…”

മാലിനി പറഞ്ഞു..

“നീയോ… നി കൊള്ളാമെങ്കിൽ അവൾ നിലക്ക് നിന്നേനെ….അവൾ പറയുന്നത് കേട്ട് അടിമയെപോലെ നിന്നിട്ട് ഇപ്പൊ….”

അയാൾക്ക് ദേഷ്യം വന്നു…

“ഈ നാട്ടിൽ അവൾക്കു നല്ല ചീത്തപ്പേരാ… എനിക്ക് കൂടി അതു കിട്ടാതെന്റെ കെറുവാണോ നിങ്ങൾക്കു… ഇനി രാകേഷ് ഒരു പെണ്ണിനെ കൊണ്ടു വന്നാലേ ഇവിടെ ശരിയകത്തുള്ളൂ…”

അവൾ ആത്മഗതം പോലെ പറഞ്ഞു…

അൽപസമയം കഴിഞ്ഞു അവൾ ഫോണെടുത്തു രാകേഷിനെ വിളിച്ചു നാളെ വൈകീട്ട് തന്റെ വീട്ടിൽ വരാമോ എന്നു ചോദിച്ചു…

ഏട്ടത്തിക്ക് അവന്റെ മനസ്സിൽ അമ്മയുടെ സ്ഥാനമാണ്… അതുകൊണ്ടു തന്നെ മാലിനി ആവശ്യപ്പെടുന്ന ഒരു കാര്യവും അവൾ തള്ളിക്കളയാറില്ല…

അതു മാലിനിക്കും അറിയാം… അതുകൊണ്ടു തന്നെയാണു അവനോടു അവളുടെ വീട്ടിലേക്കു വരാൻ അവൻ ആവശ്യപ്പെട്ടതും…

“എത്രയും പെട്ടെന്ന് രാകേഷിന് പറ്റിയ… അല്ല, സൗമ്യക്ക് പറ്റിയ ഒരാളെ കണ്ടുപിടിക്കണം…”

അവൾ മനസ്സിൽ തീരുമാനിച്ചു…

********************

അപ്പോൾ തന്റെ റൂമിൽ ഫോണിലൂടെ രാജേഷുമായി വഴക്കിടുകയായിരുന്നു സൗമ്യ…

“ഇപ്പൊ ഈ നിമിഷം വന്നു എന്നെ എന്റെ വീട്ടിൽ കൊണ്ടു വിടണം.. നിങ്ങളുടെ അമ്മക്കും ഏട്ടനും ചീത്ത പറയാൻ കൊണ്ടു വന്നതാണോ എന്നെ…”

അവളുടെ സ്ഥിര പല്ലവി ആയതിനാൽ രാജേഷ് ഒന്നും പറയാതെ ഫോണ് വെച്ചു ..

വിവാഹത്തിന് പോയ തന്നെ എത്രയും പെട്ടെന്ന് വീട്ടിലെത്തിക്കാൻ അവളതല്ല അതിലും മേലെ പറയുമെന്ന് മനസ്സിൽ ഓർത്തുകൊണ്ടു അവൻ ഫോണ് സ്വിച്ച് ഓഫ് ചെയ്തു…

സന്ധ്യവിളക്ക് വെച്ചു കഴിഞ്ഞിട്ടും സൗമ്യ മുറിക്കു പുറത്തിറങ്ങിയില്ല…
സമയം പൊയ്കൊണ്ടിരുന്നു…

എട്ടുമണി കഴിഞ്ഞപ്പോൾ എവിടെയോ പോകാൻ ഇറങ്ങിയ വേഷത്തിൽ സൗമ്യ പുറത്തേക്കിറങ്ങി… മോനേയും കൂടെ കൂട്ടി വരാന്തയിൽ പോയിരുന്ന അവളെ ആരും ശ്രദ്ധിച്ചില്ല….

ഏകദേശം ഒരുമണിക്കൂർ കഴിഞ്ഞപ്പോൾ രാജേഷ് കയറി വന്നു… അവൻ മുറ്റത്തേക്ക് കയറിയപ്പോൾ തന്നെ രാജീവ് പറഞ്ഞതൊക്കെ പൊടിപ്പും തൊങ്ങലും വെച്ചു സൗമ്യ വിളമ്പി…

എല്ലാം കെട്ടുകൊണ്ടിരുന്ന രാക്കിയമ്മ നടന്നതൊക്കെ സത്യസന്ധമായും പറഞ്ഞു…

“ഞാൻ എന്റെ വീട്ടിലേക്കു പോവാ… നിങ്ങൾക്കെന്നെ കൊണ്ടുവിടാൻ പറ്റുമോ…”

“ഇല്ല…”

അവൻ അകത്തേക്ക് കയറിയപ്പോൾ സൗമ്യ പുറത്തേക്കിറങ്ങി..

“ഞാൻ പോകും…”

“നി പോകുമോ..”

അവൾ തലയാട്ടി…

“ഉറപ്പാണല്ലോ…”

“അതേ…”

ഉടനെ അവൻ കൈ ആഞ്ഞു വീശി… സൗമ്യയുടെ കണ്ണിലൂടെ നക്ഷത്രം പറന്നുപോയി…

“ഇനി പൊയ്ക്കോ…”

അവൾ ഉടനെ തന്നെ മോനെ എടുത്തു വണ്ടിയുടെ മുൻപിൽ ഇരുത്തി വണ്ടി സ്റ്റാർട്ട് ചെയ്തു….

അടുത്തുള്ള പോലീസ് സ്റ്റേഷൻ ലക്ഷ്യമാക്കി ആ വണ്ടി പാഞ്ഞു..

(തുടരും)

മരുമക്കൾ : ഭാഗം 1