Friday, November 15, 2024
Novel

മകരക്കൊയ്ത്ത്‌ : ഭാഗം 4 – അവസാനിച്ചു

എഴുത്തുകാരൻ: സജി തൈപ്പറമ്പ്

വൈകുന്നേരം സ്കൂളിൽ നിന്നും വീട്ടിലെത്തിയപ്പോൾ, വരാന്തയുടെ പടിക്കെട്ടിലിരുന്ന്, അപരിചിതയായ ഒരു യുവതി, ശാരദയുടെ തലയിലെ പേൻ നോക്കി കൊടുക്കുന്നത് കണ്ട്, സ്കൂട്ടർ സ്റ്റാൻ്റിൽ വച്ചിട്ട് നീലിമ ,ആകാംക്ഷയോടെയാണ് അവരുടെയടുത്തേക്ക് വന്നത്. ആങ്ഹാ, ഇതാണോ അമ്മായീ സുധിയേട്ടൻ്റെ ഭാര്യ? അത് കേട്ട് ശാരദ തല ഉയർത്തി നോക്കി ങ്ഹാ, ഇതാണ് മോളേ നീലിമ ഹലോ നമ്മളാദ്യം കാണുകയാണല്ലേ? ഞാൻ നിങ്ങളുടെ കല്യാണത്തിന് സ്ഥലത്തില്ലായിരുന്നു ,

ഭർത്താവുമായി പഞ്ചാബിലായിരുന്നു അദ്ദേഹം അവിടെ പട്ടാളത്തിലാണ് കല്യാണം കഴിഞ്ഞ് പോയി അവിടെ രണ്ട് വർഷം നിന്നു ,രണ്ട് ദിവസം മുമ്പ് , ഞാനിങ്ങ് തിരിച്ച് പോന്നു മോളേ നീലിമേ.. ഇതാണ് ശാലിനി ,എൻ്റെ ആങ്ങളയുടെ മോളാ ,രണ്ട് വർഷം മുമ്പായിരുന്നു ഇവളുടെ കല്യാണം, സുധാകരനെ കൊണ്ട് ഇവളെ കല്യാണം കഴിപ്പിക്കണമെന്നായിരുന്നു എൻ്റെ ആഗ്രഹം ,അവനും ഇവൾക്കും പരസ്പരം ഇഷ്ടവുമായിരുന്നു, പക്ഷേ ഇവളുടെ അച്ഛന്, ജോലിക്കാരെ തന്നെ വേണമെന്ന ഒറ്റ വാശിയായിരുന്നു ,അങ്ങനെയാ ഇവളെ പട്ടാളക്കാരന് തന്നെ കെട്ടിച്ച് കൊടുത്തത് ഉം ശരിയാ നീലിമേ..

അച്ഛനും അമ്മയും മക്കളുടെ നന്മയ്ക്ക് വേണ്ടിയാണ് ഓരോന്ന് ചെയ്ത് വയ്ക്കുന്നത്, പക്ഷേ എൻ്റെ കാര്യത്തിൽ അത് പാളിപ്പോയി, എൻ്റെ ഭർത്താവ് ഒരു സംശയ രോഗിയായിരുന്നു ,കല്യാണം കഴിഞ്ഞ് ആദ്യമായി ഞങ്ങളിവിടെയാണ് വിരുന്ന് വന്നത് ,അന്ന് അമ്മായി ഇത് പോലെ എന്നെ സുധിയേട്ടനെ കൊണ്ട് കെട്ടിക്കാനിരിക്കുകയായിരുന്നു എന്ന് പറഞ്ഞതിന് ശേഷം, അങ്ങേർക്ക് എപ്പോഴും സംശയമായിരുന്നു, ഞങ്ങള് തമ്മിൽ കല്യാണത്തിന് മുമ്പ് അവിഹിത ബന്ധമുണ്ടായിരുന്നോ എന്ന സംശയം ,അതിൻ്റെ പേരിൽ എന്നും വഴക്ക്, ഒടുവിൽ എനിക്ക് മടുത്തിട്ടാണ്,

ഞാനിങ്ങോട്ട് തിരിച്ച് വന്നത് അല്ലാ അപ്പോൾ ,ശാലിനിക്ക് കുട്ടികളൊന്നുമില്ലേ? നീലിമ ജിജ്ഞാസയോടെ ചോദിച്ചു. ഓഹ് ഭാഗ്യത്തിന് ഇത് വരെ ഞാൻ ഗർഭിണിയായിട്ടില്ല, അല്ലെങ്കിൽ ഞങ്ങളുടെ വഴക്കിനിടയിൽ അതൊരു വലിയ ബാധ്യത ആയേനെ? അല്ലാ നീലിമയ്ക്ക് വിശേഷമൊന്നുമായില്ലേ? ഹേയ് ഇല്ല ഒഴുക്കൻ മട്ടിൽ മറുപടി പറഞ്ഞിട്ട് നീലിമ വേഗം അകത്തേയ്ക്ക് കയറി പോയി. സുധിയേട്ടൻ എപ്പോഴാ വരുന്നത് ഞാൻ വന്നിട്ട് കണ്ടതേയില്ല? നീലിമ സാരി അഴിച്ചിടുമ്പോൾ, ശാലിനി മുറിയിലേക്ക് കയറി വന്നു.

ആഹ് അറിയില്ല,അമ്മ ഒന്നും പറഞ്ഞില്ലേ? ഇല്ല അമ്മായിയോട് ഒന്നും പറയാതെയാണ് പോയതെന്ന് പറഞ്ഞു ഞാൻ രാവിലെ ഇവിടുന്ന് പോയതല്ലേ ശാലിനി , അത് കൊണ്ട് എനിക്കും വലിയ നിശ്ചയമില്ല സുധിയേട്ടൻ വന്നിട്ട് എനിക്ക് ടൗണ് വരെയൊന്ന് പോകണമായിരുന്നു കുറച്ച് സാധനങ്ങൾ വാങ്ങാനുണ്ട് ഇവിടെയിപ്പോൾ സ്കൂട്ടറുള്ളത് കൊണ്ട് വേഗം പോയി വരാമല്ലോ? അതിന് പുള്ളിക്കാരന് സ്കൂട്ടർ ഓടിക്കാനൊന്നുമറിയില്ല നീലിമ പരിഹാസച്ചിരിയോടെ പറഞ്ഞു അതെനിക്കുമറിയാം പക്ഷേ ഞാനോടിക്കുമല്ലോ സുധിയേട്ടനെ പുറകിലിരുത്താനാ, എൻ്റെയൊരു ധൈര്യത്തിന് എങ്കിൽ ഞാൻ വന്നാൽ പോരെ?

ഹേയ് നീലിമയെ ബുദ്ധിമുട്ടിക്കുന്നത് ശരിയല്ലല്ലോ മാത്രമല്ല നമ്മുടെ ഇടയിൽ ഒരകൽച്ചയുണ്ട് സുധിയേട്ടനാകുമ്പോൾ ഞങ്ങൾക്കിടയിൽ ഫോർമാലിറ്റികളൊന്നുമില്ലല്ലോ? ഇവളാള് കൊള്ളാമല്ലോ ?അവൾക്ക് സർക്കീട്ടിന് പോകാൻ തൻ്റെ ഭർത്താവിനെ തന്നെ വേണമല്ലേ? അവളുടെ വേഷവും സംസാരവുമൊക്കെ കണ്ടിട്ട് ആളത്ര വെടിപ്പല്ലെന്ന് തോന്നുന്നു. നീലിമ മനസ്സിൽ പറഞ്ഞു അവൾക്ക് ശാലിനിയുടെ സംസാരരീതിയും വേഷവുമൊന്നും തീരെ ദഹിച്ചില്ല സൂക്ഷിച്ച് നോക്കിയാൽ ആകാര വടിവ് വ്യക്തമാക്കുന്ന സിൽക്കിൻ്റെ ഒരു സ്ളീവ് ലെസ്സ് ടോപ്പും ബോട്ടവുമായിരുന്നു അവൾ ധരിച്ചിരുന്നത് ശാലിനിക്ക് എൻ്റെ ഒരു നൈറ്റിയെടുത്ത് തരാം ഈ വേഷം ഒട്ടും കംഫർട്ടല്ല എന്നാര് പറഞ്ഞു,

എനിക്കും നോർത്തിൽ ചെല്ലുമ്പോൾ ആദ്യമൊക്കെ അങ്ങനെ തോന്നിയിരുന്നു പക്ഷേ ഇപ്പോൾ എനിക്കുമിത് ശീലമായി പക്ഷേ സുധാകരേട്ടൻ വരുമ്പോൾ ശാലിനിയെ ഈ വേഷത്തിൽ കണ്ടാൽ? കണ്ടാലെന്താ? സുധിയേട്ടന് ഒന്നും തോന്നില്ല, ഞാൻ ജനിച്ചപ്പോൾ മുതൽ കാണാൻ തുടങ്ങിയതാ സുധിയേട്ടനെ, എൻ്റെ ജീവിതത്തിൽ ഇത്രയും മാന്യനായൊരു വ്യക്തിയെ ഞാൻ കണ്ടിട്ടില്ല ,നീലിമ ഭാഗ്യവതിയാ എനിക്ക് തന്നോട് ഇപ്പോൾ അസൂയ തോന്നുവാ ശാലിനിയത് പറഞ്ഞപ്പോൾ നീലിമയ്ക്ക് വല്ലായ്ക തോന്നി.

നേരം ഇരുട്ടി തുടങ്ങി രാത്രി ഏറെ വൈകിയിട്ടും സുധാകരനെ കാണാതിരുന്നപ്പോൾ ആദ്യമായി നീലിമയുടെ ഉള്ളിൽ എന്തോ ഒരു അസ്വസ്ഥത തുടങ്ങി. സുധാകരൻ വന്നിട്ട് ടൗണിൽ പോകാൻ വേണ്ടി കാത്തിരുന്ന,ശാലിനിയും നിരാശയോടെ ,ഒടുവിൽ ഉറങ്ങാനായി അമ്മായിയോടൊപ്പം മുറിയിൽ കയറി കതകടച്ചു. കുറച്ച് നേരം കൂടി സുധാകരനെ നോക്കിയിരുന്നിട്ട് കണ്ണിലുറക്കം പിടിച്ച നീലിമയും കതക് ചാരിയിട്ട് കട്ടിലിൽ പോയി കിടന്നു . രാത്രിയുടെ ഏതോ യാമത്തിൽ പട്ടികൾ ഓലിയിടുന്ന ശബ്ദം കേട്ട് നീലിമ ഞെട്ടിയുണർന്നു തൻ്റെയരികിൽ സുധാകരൻ ഇല്ലെന്ന് മനസ്സിലാക്കിയ അവൾ ആശങ്കയോടെ ചാടിയെഴുന്നേറ്റ് ചാരിയിട്ടിരുന്ന വാതിൽ മെല്ലെത്തുറന്ന്, മുറിയിൽ നിന്ന് പുറത്തേയ്ക്കിറങ്ങി .

ഹാളിലെത്തിയ നീലിമ വരാന്തയിൽ ഇരുട്ടത്ത് രണ്ട് ആൾരൂപങ്ങൾ നില്ക്കുന്നത് കണ്ട് ലെറ്റ് ഓൺ ചെയ്യാതെ കുറച്ച് കൂടെ അടുത്തേയ്ക്ക് ചെന്നു അത് സുധാകരനും ശാലിനിയുമാണെന്ന് തിരിച്ചറിഞ്ഞപ്പോൾ നീലിമയുടെ ഉള്ളിലൂടെ ഒരു മിന്നൽപ്പിണർ കടന്ന് പോയി. അവരെന്താ സംസാരിക്കുന്നതെന്ന് അറിയാനായി ശബ്ദമുണ്ടാക്കാതെ നീലിമ മുൻവാതിലിൻ്റെ പുറകിൽ ഒതുങ്ങി നിന്ന് ചെവിയോർത്തു. സുധിയേട്ടനറിയുമോ? നിങ്ങള് കാരണമാ, ഞാനയാളുമായി വഴക്കിട്ട് വന്നത് ,ഞാനിപ്പോഴും നിങ്ങളെ സ്നേഹിക്കുന്നുണ്ടെന്ന് അങ്ങേർക്കറിയാം , എന്നിട്ടും നിങ്ങൾക്കത് മനസ്സിലാകുന്നില്ലല്ലോ? ശാലിനീ…

നീയൊരു കാര്യം മനസ്സിലാക്കണം ,മുമ്പ് നമ്മൾ തമ്മിൽ ഇഷ്ടമായിരുന്നു എന്നും കല്യാണം കഴിക്കണമെന്ന് ആഗ്രഹിച്ചിരുന്നു എന്നുള്ളതും സത്യമാണ് ,പക്ഷെ നിൻ്റെ കല്യാണം കഴിഞ്ഞതോട് കൂടി എൻ്റെ മനസ്സിൽ പിന്നെ നീയുണ്ടായിട്ടില്ല.എനിക്കിന്നൊരു ഭാര്യയുണ്ട് ,പണ്ട് ഞാൻ നിന്നെ സ്നേഹിച്ചിരുന്നതിനെക്കാൾ എത്രയോ ഇരട്ടിയാണ് ഞാനിപ്പോൾ എൻ്റെ ഭാര്യയെ സ്നേഹിക്കുന്നതെന്ന് നിനക്കറിയാമോ? അവളാണിപ്പോൾ എൻ്റെ സുഖവും സന്തോഷവുമെല്ലാം അവളെ വഞ്ചിച്ച് കൊണ്ട് നിന്നയെനിക്ക് സ്നേഹിക്കാൻ കഴിയില്ല മ്ഹും ഭാര്യ ,

നിങ്ങള് താലികെട്ടിയെന്നൊരു ബന്ധമല്ലാതെ ഭർത്താവാണെന്ന പരിഗണന നീലിമ നിങ്ങൾക്കെപ്പോഴെങ്കിലും തന്നിട്ടുണ്ടോ? എന്നെങ്കിലും അവള് നിങ്ങളെ സ്നേഹിച്ചിട്ടുണ്ടോ? നിങ്ങള് പാടത്ത് പൊരിവെയിലിൽ കിടന്ന് കഷ്ടപ്പെട്ട് വരുമ്പോൾ നിങ്ങൾക്ക് കുളിക്കാൻ ഇത്തിരി വെള്ളം ചൂടാക്കി തന്നിട്ടുണ്ടോ നിങ്ങളുടെ മുഷിഞ്ഞ തുണികൾ നിങ്ങൾ സ്വന്തമായല്ലേ ഇപ്പോഴും അലക്കുന്നത്, സ്നേഹമുള്ള ഭാര്യയായിരുന്നെങ്കിൽ നിങ്ങളെയവൾ കൈവെള്ളയിൽ കൊണ്ട് നടക്കുമായിരുന്നു ,

ഞാനിതൊക്കെ എങ്ങനെ അറിഞ്ഞെനായിരിക്കും അമ്മായിയാണ് എല്ലാം എന്നോട് പറഞ്ഞത് ,തെറ്റ് പറ്റിപ്പോയെന്ന കുറ്റബോധം ഇപ്പോഴവർക്കുണ്ട് ഭർത്താവിന് കുളിക്കാൻ വെള്ളം ചൂടാക്കി കൊടുക്കുന്നതും ,അയാളുടെ മുഷിഞ്ഞ വസ്ത്രങ്ങൾ അലക്കി കൊടുക്കുന്നതുമാണ് ഭാര്യയുടെ സ്നേഹമെന്ന് കരുതിയിരിക്കുന്ന നിനക്ക് തെറ്റി ശാലിനീ … ഒരു ഉത്തമയായ ഭാര്യ,സ്നേഹം പ്രകടിപ്പിക്കുന്നത് മറ്റുള്ളവരുടെ മുന്നിൽ വച്ചല്ല, അവളുടെ യഥാർത്ഥ സ്നേഹം പുറത്ത് വരുന്നത് കിടപ്പറയിൽ ഭാര്യയും ഭർത്താവും മാത്രമുള്ള സ്വകാര്യ നിമിഷങ്ങളിലാ,

അതെന്തായാലും അമ്മ കണ്ടിരിക്കാൻ വഴിയില്ല അത് കൊണ്ടാണ് അമ്മ നിന്നോട് അങ്ങനെ പറഞ്ഞത് മ്ഹും നിങ്ങള് നോക്കിക്കോ സുധിയേട്ടാ … ഭാര്യയെ ഇങ്ങനെ അന്ധമായി സ്നേഹിക്കുന്ന എല്ലാ ഭർത്താക്കന്മാർക്കും പണി കിട്ടിയിട്ടുണ്ട് ,നിങ്ങളും ഇന്നല്ലെങ്കിൽ നാളെ വഞ്ചിക്കപ്പെടും ,ലക്ഷങ്ങൾ മുടക്കി നിങ്ങളവളെ വലിയ ടീച്ചറാക്കിയില്ലെ ? ഇപ്പോൾ അവളും നിങ്ങളും തമ്മിൽ ഒരു പാട്അന്തരമുണ്ട് , നാളെയൊരിക്കൽ, ടീച്ചറായ നീലിമയ്ക്ക് വെറുമൊരു കർഷകനായ ഭർത്താവിനോട് പുശ്ചം തോന്നും,

അന്ന് യോഗ്യനായ മറ്റൊരുത്തൻ്റെ കൂടി അവൾ പോയിരിക്കും ,ഇത് ശാലിനിയാണ് പറയുന്നത് പടേ … അവൾ പറഞ്ഞ് തീരുന്നതിന് മുമ്പ് സുധാകരൻ കൈവലിച്ച് ശാലിനിയുടെ ചെകിട്ടത്തടിച്ചു. കണ്ട് നിന്ന നീലിമ അറിയാതെ കവിളത്ത് കൈവെച്ച് പോയി. എന്നെ നീ എന്ത് പറഞ്ഞാലും ഞാൻ സഹിക്കും പക്ഷേ എൻ്റെ ഭാര്യയെക്കുറിച്ച് അപവാദം പറഞ്ഞാലുണ്ടല്ലോ ആ നാവ് ഞാൻ പിഴുതെടുക്കും,മര്യാദയ്ക്ക് പോയി കിടന്നുറങ്ങിക്കോ എന്നിട്ട് നാളെ രാവിലെ ഇവിടുന്ന് സ്ഥലം വിട്ടോണം അതും പറഞ്ഞ് സുധാകരൻ തിരിഞ്ഞപ്പോൾ നീലിമ വേഗം ബെഡ് റൂമിലേക്ക് ഓടിച്ചെന്ന് ഒന്നും സംഭവിക്കാത്തത് പോലെ കട്ടിലിൽ കയറി കിടന്നു.

പുറകെ സുധാകരൻ വന്ന് മുറിയുടെ വാതിലടച്ച് ഷർട്ടഴിച്ചിട്ട് കട്ടിലിൽ കയറി മലർന്ന് കിടന്നു കുറച്ച് കഴിഞ്ഞപ്പോൾ നീലിമ തിരിഞ്ഞ് ,വലത് കൈ കൊണ്ട് അയാളെ ചുറ്റിപ്പിടിച്ചിട്ട് തൻ്റെ മുഖം അയാളുടെ നെഞ്ചിലേക്ക് ചേർത്ത് വച്ചപ്പോൾ സുധാകരൻ അമ്പരന്നു. അയാളുടെ നെഞ്ചിലേക്ക് നീലിമയുടെ ചുട്കണ്ണീര് വീണപ്പോഴാണ് അവൾ കരയുകയാണെന്ന് സുധാകരന് മനസ്സിലായത് അതെന്തിനാണെന്ന് അയാൾ ചോദിച്ചില്ല ,കാരണം അയാൾക്കറിയാമായിരുന്നു.

അവസാനിച്ചു.

മകരക്കൊയ്ത്ത്‌ : ഭാഗം 3