Tuesday, December 17, 2024
Novel

ലയനം : ഭാഗം 9

എഴുത്തുകാരി: ദുർഗ ലക്ഷ്മി

ഇന്ദു അമ്മ ചെല്ലുമ്പോൾ അമ്മമ്മ പ്രിയയുമായി സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു. “ഹാ,ഇന്ദു ഞാൻ നിന്നെ വിളിക്കാൻ തുടങ്ങുകയായിരുന്നു.ഞാൻ നാളെ പ്രിയമോളുടെ കൂടെ രാജന്റെ വീട് വരെ ഒന്ന് പോവുകയാ,കുറെ ആയില്ലേ അവന്റെ അമ്മയെ ഒക്കെ കണ്ടിട്ട്”, ഇന്ദു അമ്മയെ കണ്ടപ്പോൾ തന്നെ അമ്മമ്മ പറഞ്ഞത് കേട്ട് സത്യത്തിൽ അവർക്ക് ചെറിയ ദേഷ്യം വന്നു.”ഹാ,ഞാനും അമ്മയോട് നാളെ ജയേട്ടന്റെ വീട്ടിലേക്ക് പോകുന്ന കാര്യം പറയാൻ വന്നതാ,അമ്മയെ കണ്ടിട്ട് കുറെ ആയില്ലേ…”,

സൗമ്യമായി കാര്യങ്ങൾ അമ്മമ്മയോട് പറയണം എന്ന് കരുതി എങ്കിലും ഒരിക്കലും പോലും സ്വന്തം മോളുടെ ഭർത്താവിന്റെ വീട്ടുകാരെ പറ്റി അന്വേഷിക്കാത്ത അമ്മ മരിച്ചു പോയ മകളുടെ രണ്ടാം ഭർത്താവിന്റെ വീട്ടിൽ പോകാൻ നില്കുന്നു എന്ന് കണ്ടപ്പോൾ ഇന്ദു അമ്മ വളരെ ഗൗരവത്തിൽ പറഞ്ഞു. “അതെന്തിനാ ഇപ്പോൾ അങ്ങോട്ട് പോകുന്നെ,കഴിഞ്ഞ വിഷുവിനല്ലേ അവിടെ പോയത്”,അത് വരെ ചിരി നിറഞ്ഞു നിന്ന അമ്മമ്മയുടെ മുഖം പെട്ടെന്ന് മാറി. “കഴിഞ്ഞ വിഷു കഴിഞ്ഞു, അടുത്ത വിഷുവും കഴിഞ്ഞു പിന്നെയും ഇപ്പോൾ 5-6 മാസം കഴിഞ്ഞു.

കുടുംബ ക്ഷേത്രത്തിൽ ഉത്സവം ആണ് 2 ദിവസം.അത് കൊണ്ടാണ് പോകുന്നത്”,ഒട്ടും മയം ഇല്ലാതെ ഇന്ദു അമ്മ പറഞ്ഞത് കേട്ട് അമ്മമ്മ കുറച്ചു സമയം ആലോചിച്ചു. “ഹാ,രാവിലെ പോയിട്ട് വൈകിട്ടു തിരികെ വന്നോ…എങ്ങനെയാ പോകുന്നെ,ജയനെ കൂട്ടി ആണോ”,അമ്മമ്മ വീണ്ടും ചോദിച്ചു. “അല്ല,ലെച്ചുവിനെ കൂട്ടി പോകാം എന്ന് വെച്ചു.പിന്നെ നാളെ തന്നെ വരാൻ പറ്റില്ല.അവിടെ കുറച്ചു നേർച്ചകൾ ഒക്കെ ചെയ്യാൻ ഉണ്ട്.അമ്മ ഏതായാലും 2 ദിവസം ഒക്കെ കഴിഞ്ഞല്ലേ വരു…

അത് കൊണ്ട് കുഴപ്പം ഇല്ലല്ലോ”,ചെറിയൊരു പുച്ഛവും ഉറച്ചതും ആയ ഇന്ദു അമ്മയുടെ വാക്കുകൾ അക്ഷരാർഥത്തിൽ അമ്മമ്മയിൽ ഒരു ഞെട്ടൽ ഉണ്ടാക്കി…. പിന്നെയും അമ്മമ്മ എന്തെങ്കിലും തടസ്സം പറയുന്നതിന് മുന്നേ തന്നെ ഇന്ദു അമ്മ തിരികെ അടുക്കളയിലേക്ക് നടന്നു. “കണ്ടോ അമ്മമ്മേ…ഞാൻ പറഞ്ഞില്ലേ…അവൾ ആണ് വല്യമ്മയെ ഇങ്ങനെ ആക്കിയത്.ഒരക്ഷരം പോലും അമ്മമ്മയോട് മറുത്തു പറയാത്ത ആള് പറഞ്ഞിട്ട് പോയത് കണ്ടോ”,ദേഷ്യം നിറഞ്ഞ മുഖത്തോട് കൂടി ഇരിക്കുന്ന അമ്മമ്മയോട് എരി തീയിൽ എണ്ണ എന്ന പോലെ പ്രിയ പറഞ്ഞു. “ഹും.ഈ സരസ്വതിയെ അവൾക്ക് അറിയില്ല.

എവിടെ വരെ പോകും എന്ന് നോക്കാം നമുക്ക് “, പല്ല് കടിച്ചു കൊണ്ട് അമ്മമ്മ പറഞ്ഞത് കേട്ട് പ്രിയയുടെ മുഖത്തു ചിരി തെളിഞ്ഞു വന്നു.കാര്യങ്ങൾ എല്ലാം കണക്ക് കൂട്ടിയതു പോലെ നടക്കുന്നത് കണ്ടു പ്രിയ ഉള്ളിൽ തുള്ളി ചാടി. പോയതിനെക്കാൾ സ്പീഡിൽ തിരികെ വന്നു ദേഷ്യത്തിൽ കൈയിൽ ഉണ്ടായിരുന്ന റെസിപ്റ്റ് മേശയിൽ വലിച്ചെറിഞ്ഞു ഇന്ദു അമ്മ ദേഷ്യത്തോടെ ചെയറിൽ ഇരുന്നു. “എന്താ അമ്മേ, അമ്മമ്മ സമ്മതിച്ചില്ലേ”,ഇന്ദു അമ്മയുടെ പ്രവർത്തി കണ്ടു ലെച്ചു ആശങ്കയോടെ ചോദിച്ചു.”സമ്മതം ഒന്നും ഞാൻ ചോദിച്ചില്ല,നമ്മൾ നാളെ പോകുന്നു.

തിങ്കൾ രാവിലെ മോള് ഓഫീസിലേക്കും ഞാൻ വീട്ടിലേക്കും തിരികെ വരുന്നു “,ദൂരെ എവിടേക്കോ നോക്കി ഇന്ദു അമ്മ ഉറപ്പിച്ചു പറഞ്ഞപ്പോൾ ലെച്ചു കുറച്ചു സമയം ഒന്നും മിണ്ടിയില്ല. “നാളെയും മറ്റന്നാളും ഒക്കെ അമ്മമ്മയുടെ കാര്യം ആരാ അമ്മേ അപ്പോൾ നോക്കുക”,കുറച്ചു സമയം കഴിഞ്ഞു ലെച്ചു പതുക്കെ അമ്മയോട് ചോദിച്ചപ്പോഴും ഇന്ദു അമ്മ ദേഷ്യത്തിൽ തന്നെ ആയിരുന്നു. “അതൊന്നും നമുക്ക് നോക്കേണ്ട,പോകാം എന്ന് പറഞ്ഞാൽ പോകാം…അത്ര തന്നെ”,അവർ വീണ്ടും ദേഷ്യപ്പെട്ടു അടുക്കളയിൽ നിന്നും ഇറങ്ങി പോയി.

അമ്മമ്മയുടെ മുറിയിൽ എന്തോ സംഭവിച്ചു എന്ന് അവൾക്ക് ഉറപ്പായിരുന്നു.പതുക്കെ ഈ മൂഡ് ഒക്കെ മാറുമ്പോൾ അമ്മയോട് അതിനെ പറ്റി സംസാരിക്കാം എന്ന് വിചാരിച്ചു ലെച്ചു ജോലി തുടർന്നു. ഭക്ഷണം കഴിഞ്ഞു കുറച്ചു നേരം കൂടി ഇന്ദു അമ്മയോട് സംസാരിച്ചു ലെച്ചു റൂമിലേക്ക് ചെന്നു.പക്ഷെ നേരത്തെ ഉള്ള കാര്യം ഒന്നും അമ്മയോട് ചോദിക്കാൻ എന്തോ അവൾക്ക് തോന്നിയില്ല. റൂമിൽ അർജുൻ അപ്പോൾ എന്തോ വായിച്ചു കൊണ്ട് കട്ടിലിൽ ഇരിക്കുകയായിരുന്നു. “താൻ അമ്മമ്മയോട് എന്തെങ്കിലും പറഞ്ഞിരുന്നോ”,റൂമിൽ കയറി വാതിൽ അടക്കുന്ന ലെച്ചുവിനെ കണ്ടപ്പോൾ തന്നെ കൈയിലെ പുസ്തകം മടക്കി വെച്ചു കൊണ്ട് അവൻ ചോദിച്ചു.

“ഇല്ലല്ലോ സാർ,അമ്മമ്മക്ക്എന്നെ കാണുന്നത് തന്നെ വലിയ ഇഷ്ടം ആയത് കൊണ്ട് ഞാൻ ആ വഴിയേ പോകാറെ ഇല്ല”,ചിരിച്ചു കൊണ്ട് ലെച്ചു പറഞ്ഞത് കേട്ട് അർജുനും ചിരിച്ചു. “കുറച്ചു മുന്നേ പ്രിയയും അമ്മമ്മയും വന്നിരുന്നു.അമ്മ എന്തോ പറഞ്ഞു എന്നോ,താൻ ആണ് അത് പറയിപ്പിചെ എന്നോ…എന്തൊക്കെയോ പറഞ്ഞിട്ട് പോയി”,അർജുൻ പറഞ്ഞത് കേട്ട് ലെച്ചു കുറച്ചു നേരം ചിന്തിച്ചു. “സാർ,അമ്മക്ക് അച്ഛമ്മയെ കാണാൻ ആഗ്രഹം തോന്നുന്നു എന്ന് പറഞ്ഞപ്പോൾ ഞാൻ പറഞ്ഞു കൊണ്ട് പോകാം എന്ന്.അവിടെ അമ്പലത്തിൽ ഉത്സവം നടക്കുകയല്ലേ,അത് കൊണ്ട് നാളെ തന്നെ പോയേക്കാം എന്ന് പറഞ്ഞു.അമ്മ അമ്മമ്മയോട് സമ്മതം ചോദിക്കാൻ പോയിരുന്നു.

തിരികെ വന്നപ്പോൾ പോയപ്പോൾ ഉണ്ടായ സന്തോഷം ഒന്നും അമ്മയുടെ മുഖത്തു ഇല്ലായിരുന്നു. അവിടെ എന്തോ സംഭവിച്ചിട്ടുണ്ട്.അതിന്റെ എന്തെങ്കിലും ആയിരിക്കും പറഞ്ഞത്”, “താൻ എന്തിനാ ആവിശ്യം ഇല്ലാത്ത പണിക്ക് ഒക്കെ പോകുന്നെ….അമ്മമ്മക്ക് ഞങ്ങൾ ആരും അങ്ങോട്ട് പോകുന്നത് ഇഷ്ടം അല്ല.അപ്പോൾ ആണ് താൻ അമ്മയെയും കൊണ്ട് 2 ദിവസം അവിടെ നിൽക്കാൻ പോകുന്നത്”,വല്ലാത്ത ഭാവത്തിൽ അർജുൻ പറഞ്ഞത് കേട്ട് കൈകൾ കെട്ടി ലെച്ചു കുറച്ചു നേരം അവനെ രൂക്ഷം ആയി നോക്കി. ” എന്റെ മുന്നിൽ ഇരിക്കുന്ന സാറിന്റെ ശരീരത്തിൽ ഓടുന്ന പകുതി ചോരയുടെ ഒരു ഭാഗം അച്ഛമ്മയുടെ ആണ് എന്ന് സാർ മറന്നു പോകുന്നു.

അമ്മമ്മയെ പൊക്കി പിടിച്ചു നടക്കുമ്പോൾ കൂടെ തന്നെ കഴിയേണ്ട മകനെയും മരുമകളെയും പേരകുട്ടികളെയും അവരുടെ ഭാര്യമാരെയും മക്കളെയും ഒക്കെ വിട്ട് നിൽക്കുന്ന അച്ഛമ്മയെ കൂടി ഓർത്താൽ നന്ന്.ഇല്ലെങ്കിൽ എന്തൊക്കെ സൗഭാഗ്യം ഉണ്ട് എന്ന് പറഞ്ഞാലും ആ അച്ഛമ്മയുടെ ഒരിറ്റ് കണ്ണുനീർ മതി ഇതൊക്കെ ചാമ്പൽ ആവാൻ…അച്ഛമ്മ ഒരിക്കലും അങ്ങനെ ചെയ്യില്ല എങ്കിലും”, അതും പറഞ്ഞു ഒരു കൂസലും ഇല്ലാതെ റൂമിലേക്ക് പോകുന്ന ലെച്ചുവിനെ അർജുൻ നോക്കി നിന്നു.”ഒരുപക്ഷെ അവൾ ഇല്ലായിരുന്നു എങ്കിൽ ഒരിക്കലും തന്നെ ഞാൻ കൈ വിട്ട് കളയില്ലായിരുന്നു ലെച്ചു,അത്രയും നല്ല കുട്ടിയാണ് നീ”,അവൾ പറഞ്ഞതിലെ സത്യം അത് പോലെ ഉൾക്കൊണ്ട്‌ അർജുൻ സ്വയം പറഞ്ഞു.

അതെ സമയം നാളെ കൊണ്ട് പോകാൻ ഉള്ള സാധനങ്ങൾ ഒക്കെ എടുത്തു വയ്ക്കുന്ന തിരക്കിൽ ആയിരുന്നു ലെച്ചു.ഇന്ദു അമ്മയുടെ ആഗ്രഹം സാധിച്ചു കൊടുക്കാൻ പറ്റും എന്നതിൽ കൂടുതൽ അച്ഛമ്മയെ കാണാൻ പോകുന്നു എന്നതിൽ ആയിരുന്നു അവൾക്ക് ത്രിൽ.എവിടെയോ മറഞ്ഞിരിക്കുന്ന തന്റെ അച്ഛമ്മയെ ഓർത്തു അന്നത്തെ രാത്രിയും വലിയ ടെൻഷൻ ഒന്നും ഇല്ലാതെ ലെച്ചു കിടന്നുറങ്ങി. പിറ്റേന്ന് രാവിലെ ലെച്ചു എഴുന്നേറ്റു ചെല്ലുമ്പോൾ തന്നെ ഇന്ദു അമ്മ എല്ലാ പണിയും ചെയ്ത് കഴിഞ്ഞിരുന്നു.അധികം സംസാരിക്കാൻ ലെച്ചുവിനെ സമ്മതിക്കാതെ ഇന്ദു അമ്മ അവളെ ഒരുങ്ങാൻ ആയി പറഞ്ഞു വിട്ടു.

അച്ഛമ്മ കൊച്ചു മകന്റെ ഭാര്യയെ കാത്ത് ആയിരിക്കും നിൽക്കുക എന്ന് ചിന്തിച്ചു ഒട്ടും മോശം ആകേണ്ട എന്ന് കരുതി ലെച്ചു ഒരു സാരി തന്നെ എടുത്തുടുത്തു. അർജുൻ കണ്ണ് തുറന്നപ്പോൾ തന്നെ സാരി ഉടുത്തു ഒരുങ്ങി നിൽക്കുന്ന ലെച്ചുവിനെ ആണ് അവൻ കണി കണ്ടത്.അവളോട് എന്തോ ചോദിക്കാൻ ആയി തുടങ്ങവേ പെട്ടെന്ന് ആണ് അവന്റെ ഫോൺ റിംഗ് ചെയ്തത്. ഉടനെ തന്നെ അർജുന്റെ മുഖം മാറുന്നത് ലെച്ചു കണ്ടു.അർജുൻ അപ്പോഴേക്കും ഫോണും ആയി പുറത്തേക്ക് പോയിരുന്നു.കുറച്ചു സമയം കഴിഞ്ഞു അവൻ തിരികെ വന്നപ്പോഴും ലെച്ചു അവനെ നോക്കി റൂമിൽ തന്നെ ഉണ്ടായിരുന്നു.

“രാഹുൽ ആണ്,സ്റ്റേഷനിൽ നിന്ന്.മനുവിന് മുൻ‌കൂർ ജാമ്യം കിട്ടി എന്ന് പറയാൻ ആണ് അവൻ വിളിച്ചത്.വിദഗ്ദ്ധ ചികിത്സ വേണം എന്ന് പറഞ്ഞാണ് അവർ മൂവ് ചെയ്തിരിക്കുന്നത്.പക്ഷെ ഇപ്പോൾ അവന് പ്രശ്നം ഒന്നും ഇല്ല എന്ന്.തന്നെ നല്ലോണം നോക്കണം എന്ന് മുന്നറിയിപ്പ് തന്നതാ അവൻ”,ലെച്ചു ചോദിക്കിന്നതിനു മുന്നേ തന്നെ കുറച്ചു ടെൻഷനോട് അർജുൻ പറഞ്ഞത് കേട്ട് ലെച്ചുവിനും ചെറിയൊരു പേടി തോന്നി. “സാർ ടെൻഷൻ ആവേണ്ട,ഞാൻ ശ്രദ്ധിച്ചോളാം…അല്ലാതെ അവനെ പേടിച്ചു വീട്ടിൽ ഇരിക്കാൻ പറ്റില്ലല്ലോ”,മനസ്സിൽ പേടി ഉണ്ട് എങ്കിലും മുഖത്ത് ചിരി വരുത്തി ലെച്ചു പറഞ്ഞു.

“ആഹ്,പേടിക്കേണ്ട കാര്യം ഒന്നും ഇല്ല,നേരിട്ട് ഏതായാലും ഒന്നും അവൻ ചെയ്യില്ല.ആൾറെഡി ഒരു കംപ്ലൈന്റ് ഉള്ളത് കൊണ്ട് ഇനി അത് റിസ്ക് ആണ് എന്ന് അവന് തന്നെ അറിയാം.എന്നാലും 4 പാടും കണ്ണ് വേണം…എപ്പോഴും എവിടെയും”, അർജുനും അവൾക്ക് ധൈര്യം കൊടുത്തു കൊണ്ട് പറഞ്ഞു.അത് കേട്ട് ലെച്ചു പുഞ്ചിരിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല. അപ്പോഴേക്കും താഴെ നിന്ന് ഇന്ദു അമ്മയുടെ വിളി വന്നിരുന്നു.ഉടനെ തന്നെ ദൃതിയിൽ ബാഗും മറ്റും എടുത്തു അർജുനോട്‌ യാത്ര പറഞ്ഞു അവൾ താഴേക്ക് ചെന്നു. പ്ലേറ്റിൽ ദോശ എടുത്തു വെച്ച് അവളെയും നോക്കി ഇരിക്കുന്ന ഇന്ദു അമ്മയെ കണ്ടു ലെച്ചുവിന് പാർക്കിൽ കൊണ്ട് പോകുന്നതിന് മുന്നേ ഉള്ള കുട്ടികളുടെ സന്തോഷം ഫീൽ ചെയ്തു.

“വേറെ ആരും കഴിച്ചില്ലല്ലോ അമ്മ,അമ്മമ്മ കണ്ടാൽ പ്രശ്നം ആവുമോ”,ചെയർ വലിച്ചിട്ടു ഇരുന്ന് കൊണ്ട് ലെച്ചു ചോദിച്ചത് കേട്ട് ഇന്ദു അമ്മയുടെ മുഖം ഇരുണ്ടു. “ഹോ…രാവിലെ തന്നെ മൂഡ് കളയല്ലേ പെണ്ണെ….എല്ലാം ഉണ്ടാക്കി വെച്ചിട്ടുണ്ട്,ആവിശ്യം ഉള്ളവർ എടുത്തു കഴിച്ചോട്ടെ.സമയം കളയാതെ നമുക്ക് പോകാം”,വളരെ സ്പീഡിൽ ദോശ കഴിച്ചു കൊണ്ട് ഇന്ദു അമ്മ പറഞ്ഞത് കേട്ടു ലെച്ചു പിന്നെ ഒന്നും പറഞ്ഞില്ല. ആരും എഴുന്നേൽക്കാത്തത് കൊണ്ട് ആരോടും യാത്ര ഒന്നും പറയാതെ വേഗം തന്നെ അവർ പുറപ്പെട്ടു. അതിരാവിലെ ഉള്ള ശരീരം കുത്തി തുളയ്ക്കുന്ന കാറ്റിൽ ഇന്ദു അമ്മ തണുത്തു വിറക്കുന്നത് കണ്ടു ലെച്ചു കോട്ട് കൊടുത്തു എങ്കിലും അമ്മ അത് വാങ്ങാതെ ലെച്ചുവിനെ കെട്ടിപിടിച്ചിരുന്നു.

ഇടക്കിടെ അമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് ലെച്ചു കണ്ണാടിയിലൂടെ കണ്ടു എങ്കിലും അവൾ അതിനെ പറ്റി ഒന്നും സംസാരിച്ചില്ല.ലെച്ചുവിന് അറിയാമായിരുന്നു ആ അമ്മ മനസിലെ വികാരം…. രാവിലെ ആയത് കൊണ്ട് അധികം ബ്ലോക്ക്‌ ഒന്നും ഇല്ലാതെ സുഖം ആയി തന്നെ അവർ ഒരു ഗ്രാമാന്തരീക്ഷത്തിലേക്ക് പ്രവേശിച്ചു.മനസിനും ശരീരത്തിനും ഒരു പോലെ കുളിർമ്മ നൽകുന്ന നെൽപ്പാടങ്ങൾക്ക് നടുവിലൂടെ വണ്ടി പോകുമ്പോൾ ഇന്ദു അമ്മ ആവേശത്തോടെ പഴയ ഓർമകളെ പറ്റി ലെച്ചുവിനോട് വാചാല ആയി. അധികം വൈകാതെ തന്നെ സ്കൂട്ടി ഒരു പഴയ തറവാട് വീടിന് മുന്നിൽ എത്തി.

ഉമ്മറത്തു തന്നെ വഴിയിലേക്ക് നോക്കി ഒരമ്മ നില്കുന്നത് ദൂരെ നിന്ന് തന്നെ ലെച്ചു കണ്ടിരുന്നു. മുറ്റത്തു നിർത്തുന്നതിന് മുന്നേ തന്നെ ഇന്ദു അമ്മ വണ്ടിയിൽ നിന്ന് ഇറങ്ങി അച്ഛമ്മയുടെ അടുത്തേക്ക് ഓടി.വണ്ടി വെച്ച് ബാഗും അമ്മമ്മക്ക് വാങ്ങിയ മുണ്ടും പലഹാരങ്ങളും ഒക്കെ എടുത്തു ലെച്ചു ഉമ്മറത്തേക്ക് കയറിയപ്പോൾ കെട്ടിപിടിച്ചു കരയുന്ന അച്ഛമ്മയെയും ഇന്ദു അമ്മയെയും കണ്ടു അവളുടെ കണ്ണുകളും നിറഞ്ഞു. “അമ്മേ,ഇതാണ് ലെച്ചു മോള്.കല്യാണത്തിന് ഒരു നോട്ടം കണ്ടതല്ലേ അമ്മ”,ഇന്ദു അമ്മ ലെച്ചുവിനെ അച്ഛമ്മക്ക് പരിചയപ്പെടുത്തി കൊണ്ട് പറഞ്ഞു.

ലെച്ചു ചിരിച്ചു കൊണ്ട് വേഗം അച്ഛമ്മയുടെ കാലിൽ തൊട്ട് അനുഗ്രഹം വാങ്ങി.”നന്നായി വരട്ടെ മോള്…അച്ഛമ്മയെ കാണാൻ വരാൻ തോന്നിയല്ലോ ഏതായാലും,അത് തന്നെ വലിയ കാര്യം “, അച്ഛമ്മ ലെച്ചുവിന്റെ മുടിയിൽ തലോടി കൊണ്ട് പറഞ്ഞു.പിന്നെ അവർ മൂന്ന് പേരും അകത്തേക്ക് നടന്നു.ജയച്ഛൻ അവരുടെ ഒരേയൊരു മോൻ ആണ്.ഒരു വർഷം മുൻപ് അച്ഛചനും മരിച്ചതിൽ പിന്നെ അച്ഛമ്മ ആ വീട്ടിൽ ഒറ്റക്കായ കാര്യം ഒക്കെ കേട്ട് ലെച്ചുവിന് ശരിക്കും അമ്മമ്മയോട് ദേഷ്യം തോന്നി. ഒരുപാട് സാധനങ്ങൾ മേശയിൽ നിരത്തി അച്ഛമ്മ അവരെ സ്നേഹ പൂർവ്വം സൽക്കരിച്ചു.

“അമ്മമ്മക്ക് അച്ഛമ്മയോട് എന്താ ഇത്ര ദേഷ്യം “,ചായ കുടിച്ചു കൊണ്ടിരിക്കുമ്പോൾ അറിയാതെ ലെച്ചുവിൽ നിന്ന് വന്ന ചോദ്യം കേട്ട് അച്ഛമ്മയും ഇന്ദു അമ്മയും പരസ്പരം നോക്കി. കുറച്ചു സമയം ആലോചിച്ചു ഇന്ദു അമ്മ തന്നെ അതിന് ഉത്തരം പറഞ്ഞു തുടങ്ങി, “മോളെ എന്റെ അച്ഛൻ വളരെ ചെറുപ്പത്തിൽ മരിച്ചതാ,അതിന് ശേഷം അമ്മ ഒരുപാട് കഷ്ടപ്പെട്ടു ജീവിക്കാൻ,ആ വലിയ വീട് മാത്രം ആയിരുന്നു അന്ന് ഞങ്ങൾക്ക് ആകെ ഉണ്ടായിരുന്നത്.അതിന് ശേഷം അമ്മ സ്വന്തം സമ്പാദിച്ചതാണ് ഇന്ന് കാണുന്നത് എല്ലാം ” “പക്ഷെ അച്ഛൻ പോയതിൽ പിന്നെ പുറമെ ധൈര്യം ഒരുപാട് കാണിക്കും എങ്കിലും അമ്മ മാനസികമായി ആകെ തളർന്നിരുന്നു”.

ഇന്ദു അമ്മ പറയുന്നത് സസൂക്ഷ്മം നോക്കി ഇരിക്കുകയായിരുന്നു ലെച്ചു.ചായ കുടിക്കാൻ ആയി ഇന്ദു അമ്മ കഥ പറയൽ നിർത്തിയ ഉടനെ തന്നെ അച്ഛമ്മയാണ് പിന്നെ കാര്യങ്ങൾ പറഞ്ഞത് “രേവതി മരിക്കുന്നത് വരെ ഇവർ ഇവിടെ തന്നെ ആയിരുന്നു മോളെ താമസം.പക്ഷെ അവളും കൂടി പോയപ്പോൾ സരസ്വതി ആകെ തളർന്നു.ശരിക്കും പറഞ്ഞാൽ എല്ലാവരും അവളെ വിട്ട് പോകുന്നു എന്ന ചിന്ത അറിയാതെ തന്നെ അവൾക്ക് വന്നു.പിന്നെ എന്നും ഇവിടെ വന്നു ബഹളം ആയിരുന്നു,ഇവരെ അങ്ങോട്ട് വിടണം എന്ന് പറഞ്ഞു.ആദ്യം ഒക്കെ അച്ഛച്ചനും ഞാനും എതിർത്തു എങ്കിലും അവളുടെ സ്ഥിതി വഷളാവുന്നത് കണ്ടു അച്ഛച്ചന്റെ എതിർപ്പ് വക വെക്കാതെ ഞാൻ ഇവരെ അങ്ങോട്ട് വിടുന്നത്.

കുറെ കാലം ജയനെയും ഇന്ദുവിനെയും വിടാതെ പിടിച്ചു വെച്ച ദേഷ്യം ഇപ്പോഴും അവൾക്ക് ഉണ്ട്… അതാണ് കാരണം,പറയുമ്പോൾ നിസാരം എന്ന് തോന്നും എങ്കിലും സരസ്വതിക്ക് ചെറിയൊരു കാര്യം മതിയല്ലോ ദേഷ്യം വരാൻ “, ആത്മഗതം പോലെ അച്ഛമ്മ പറഞ്ഞു നിർത്തി. എല്ലാം കേട്ട് ആരുടെ ഭാഗത്താണ് ശരി തെറ്റ് എന്നൊക്കെ ആലോചിച്ചു ലെച്ചു ആകെ അസ്വസ്ഥയായി.ഓരോ സാഹചര്യം ആണ് മനുഷ്യന്റെ സ്വഭാവം തീരുമാനിക്കുന്നത് എന്ന പൊതു ധാരണയിൽ എത്തി ലെച്ചു അച്ഛമ്മയെയും അമ്മയെയും നോക്കിയപ്പോൾ ലെച്ചു അവിടെ ഉണ്ട് എന്ന് പോലും നോക്കാതെ സംസാരിക്കുന്ന അവരെ കണ്ടു സന്തോഷത്തിനോപ്പം ചെറിയൊരു കുശുമ്പും തോന്നി അവൾക്ക്.

വൈകിട്ടു ദീപാരാധനക്ക് അമ്പലത്തിൽ പോകാൻ ആയി അച്ഛമ്മ കൊടുത്ത സെറ്റ് മുണ്ടും ഉടുത്തു അമ്മയെയും അച്ഛമ്മയെയും കാത്ത് ലെച്ചു ഉമ്മറത്തിരിക്കുമ്പോൾ ആണ് പരിചയം ഉള്ള ഒരു കാർ മുറ്റത്തു വന്നു നിന്നത്.വണ്ടിയുടെ ശബ്ദം കേട്ട് അപ്പോഴേക്കും അച്ഛമ്മയും അമ്മയും പുറത്തേക്ക് വന്നിരുന്നു. അവർ മൂന്നു പേരും നോക്കി നിൽക്കേ കാറിൽ നിന്ന് ഇറങ്ങി അർജുൻ ചെറിയൊരു ചിരിയോടെ അവരുടെ അടുത്തേക്ക് വന്നു.മുണ്ടും ഷർട്ടും ധരിച്ചു അർജുനെ ലെച്ചു കല്യാണത്തിന് മാത്രം ആണ് കണ്ടത്.ഏതായാലും കോട്ടും ടൈയും ഒക്കെ ഇടുന്നതിനെക്കാൾ അവന് ചേരുന്നത് നാടൻ വേഷങ്ങൾ ആണ് എന്ന് ലെച്ചുവിന് തോന്നി.

“മോളെ,ആ വരുന്നത് എന്റെ മോൻ അർജുൻ തന്നെ അല്ലേ…അല്ലാതെ എനിക്ക് തെറ്റിയത് ഒന്നും അല്ലല്ലോ”,മുന്നിൽ അർജുനെ കണ്ടു ഞെട്ടി ഇന്ദു അമ്മ ലെച്ചുവിനോട് ചോദിച്ചു.”നമുക്ക് രണ്ട് പേർക്കും ഏതായാലും ഒരു പോലെ തെറ്റില്ല അമ്മ,അർജുൻ സാർ തന്നെയാ അത്… “,ലെച്ചു ഏതോ ലോകത്തിൽ എന്ന പോലെ പറഞ്ഞത് കേട്ട് അച്ഛമ്മ ചിരിച്ചു. “അവൻ വരും എന്ന് എനിക്ക് അറിയായിരുന്നു,ലെച്ചു മോളെ വിട്ട് അവൻ നില്കും എന്ന് നിനക്ക് തോന്നുന്നുണ്ടോ ഇന്ദു”,അച്ഛമ്മ ചിരിയോടെ പറഞ്ഞത് കേട്ട് ഇന്ദു അമ്മയുടെ മനസ്സ് നിറഞ്ഞു എന്നാൽ ലെച്ചു വന്ന ചിരി അടക്കി പിടിക്കുമ്പോഴും ശരിക്കും അവൻ എന്തിനാ വന്നത് എന്ന് ആലോചിച്ചു നിൽക്കുകയായിരുന്നു.

“നിങ്ങൾ എന്തിനാ ഇങ്ങനെ അത്ഭുതപ്പെട്ടു നോക്കുന്നെ… നമ്മൾ രാവിലെ കണ്ടല്ലേ ഉള്ളൂ…നോക്കിക്കേ ഒന്നര വർഷം കഴിഞ്ഞു കാണുന്ന എന്റെ അച്ഛമ്മക്ക് ഒരു ഞെട്ടലും ഇല്ലല്ലോ “,അർജുൻ അച്ഛമ്മയെ ചേർത്ത് പിടിച്ചു കൊണ്ട് കണ്ണും മിഴിച്ചു നിൽക്കുന്ന ലെച്ചുവിനോടും ഇന്ദു അമ്മയോടും ആയി ചോദിച്ചു. “പോടാ അവിടുന്ന്,നീ ഇപ്പോൾ വന്നതിന്റെ കാരണം ഒക്കെ എനിക്ക് മനസിലായി.ലെച്ചു മോളെ കാണാതെ ഇരിക്കാൻ പറ്റാത്തത് കൊണ്ട് വന്നതല്ലേ കള്ളാ നീ,അല്ലാതെ അച്ഛമ്മയെ കാണാൻ ഉള്ള കൊതി കൊണ്ട് വന്നതല്ലല്ലോ ”

“എന്തായാലും കുഴപ്പം ഇല്ല,ഇനി പെട്ടെന്ന് തന്നെ ഒരു കുഞ്ഞി വാവയെ ഞങ്ങളുടെ കൈയിൽ തന്നേക്കണം രണ്ട് പേരും “,അച്ഛമ്മ അർജുനെ ചേർത്ത് പിടിച്ചു ലെച്ചുവിനെ നോക്കി പറഞ്ഞത് കേട്ടു ഞെട്ടിയത് അർജുൻ ആണ്,എന്നാൽ ഇതെന്താ പറയാൻ വൈകിയത് എന്ന ഭാവം ആയിരുന്നു ലെച്ചുവിൽ. കുറച്ചു സമയം സംസാരിച്ചിരുന്നു അവർ 4 പേരും അമ്പലത്തിലേക്ക് പുറപ്പെട്ടു.നടക്കാൻ ഉള്ള ദൂരം മാത്രം ഉള്ളത് കൊണ്ട് അവർ നടന്നു തന്നെ ആണ്പോയത്.ഉത്സവം ആയത് കൊണ്ട് അത്യാവശ്യം നല്ല തിരക്ക് ഉണ്ടായിരുന്നു അമ്പലത്തിൽ.അവരെ കണ്ടു നാട്ടുകാർ എല്ലാം വന്നു സംസാരിക്കുന്നതും മറ്റും കണ്ടപ്പോൾ തന്നെ ആ വീട്ടുകാർക്ക് അവിടെത്തെ ജനങ്ങൾക്കിടയിൽ ഉള്ള സ്ഥാനം ലെച്ചുവിന് മനസിലായി.

സർവാഭരണ ഭൂഷിതയായ ദേവിയുടെ മുന്നിൽ നിൽകുമ്പോൾ സത്യത്തിൽ എന്ത് പ്രാർത്ഥിക്കണം എന്ന് അറിയാതെ ലെച്ചു കുഴങ്ങി.ഈ ഇടയായി അങ്ങനെയാണ് എന്ന് കുറച്ചു ടെൻഷനോടെ അവൾ ഓർത്തു.അവൾക്ക് തൊട്ട് പുറകിൽ ആയി കണ്ണുകൾ അടച്ചു അർജുൻ നിൽക്കുന്നുണ്ട്. അച്ഛമ്മയും അമ്മയും വഴിപാട് കഴിപ്പിക്കാൻ ആയി പോയിരുന്നു അപ്പോഴേക്കും. കുറച്ചു സമയം കഴിഞ്ഞു അച്ഛമ്മ അർജുന്റെ പേരിൽ തേങ്ങ മുട്ടാൻ ആയി പോകാം എന്ന് പറഞ്ഞു അവരെ വിളിച്ചു.”കുറച്ചു കാലം മുന്നേ എവിടെ നിന്നോ വന്ന ഒരു സിദ്ധൻ ഉണ്ട് ഇവിടെ. തേങ്ങ ഉടച്ചു അദ്ദേഹം പറയുന്നത് അച്ചട്ട് ആണത്രേ…

എല്ലാർക്കും വലിയ വിശ്വാസം ആണ്. അതറിഞ്ഞപ്പോൾ അച്ചുവിന്റെ പേരിൽ കുറെ കാലം മുന്നേ ഞാൻ നേർന്നതാ ഇതു…ഇനി ഇപ്പോൾ താമസിക്കേണ്ട… ” നടക്കുന്നതിനിടയിൽ അച്ഛമ്മ പറഞ്ഞു.പിന്നെയും അച്ഛമ്മ പലതും പറഞ്ഞു എങ്കിലും ലെച്ചു അതൊന്നും കേട്ടില്ല.അവൾ അമ്പലത്തിലെ കൽ മണ്ഡപവും ചുമരിലെ കൊത്തു പണികളും മറ്റും നോക്കി മറ്റേതോ ലോകത്ത് എത്തിയിരുന്നു. ക്ഷേത്ര സന്നിധിയിൽ നിന്ന് കിഴക്കോട്ടു മാറി അരയാൽ ചുവട്ടിൽ ഇരിക്കുന്ന കഷായ വേദധാരി ആയ സന്യാസിയെ അവർ ദൂരെ നിന്ന് തന്നെ കണ്ടു.അവർ മുന്നിൽ എത്തിയിട്ടും കണ്ണുകൾ അടച്ചു തന്നെ ഇരുന്ന അദ്ദേഹത്തെ വിളിക്കാൻ ആയി അർജുൻ പോയതും അച്ഛമ്മ അവനെ തടഞ്ഞു.

അവർ വേഗം കൈയിൽ കരുതിയ തേങ്ങ അദ്ദേഹത്തിന്റെ മുന്നിൽ വെച്ചു, “അർജുൻ,കാർത്തിക”,അവന്റെ പേരും നാളും പറഞ്ഞു അവർ കൈ കൂപ്പി ആ സിദ്ധനെ വണങ്ങി. അച്ഛമ്മയുടെ ശബ്ദം കേട്ട് അദ്ദേഹം കണ്ണ് തുറന്നപ്പോൾ ആദ്യം കണ്ടത് ലെച്ചുവിനെ ആണ്. കണ്ണുകളിലെ അസാമാന്യ തിളക്കവും ഐശ്വര്യം തുളുമ്പുന്ന അദ്ദേഹത്തിന്റെ മുഖവും നോക്കി ലെച്ചു അറിയാതെ തന്നെ കുറച്ചു സമയം നിന്ന് പോയി. അപ്പോഴേക്കും അച്ഛമ്മ വെച്ച തേങ്ങ കൈയിൽ എടുത്തു വീണ്ടും കണ്ണുകൾ അടച്ചു എന്തൊക്കെയോ മന്ത്രങ്ങൾ ചൊല്ലി മുന്നിൽ ഉള്ള കല്ലിൽ അടിച്ചു അദ്ദേഹം പൊട്ടിച്ചു.

“ഇയാളുടെ ജാതക ദോഷം തീർക്കാൻ ഉള്ള കാര്യങ്ങൾ ഒക്കെ ചെയ്തതാണോ കല്യാണം നടത്തിയത്….?ഫലത്തിൽ 2 കല്യാണങ്ങൾക്ക് ഉള്ള യോഗം ആണ് കാണുന്നത്.” “ഒട്ടനവധി അപകടങ്ങളും ഇവരെ ചുറ്റി കാണുന്നു…പക്ഷെ പൂജ ചെയ്ത് പ്രധിവിധി കാണേണ്ട സമയം കഴിഞ്ഞിരിക്കുന്നു.മനുഷ്യന്റെ ചിന്തകളിൽ വിരിയുന്ന പരിഹാര മാർഗങ്ങളെക്കാൾ വലിയ മാർഗം ഒന്നും തന്നെ ഇല്ലല്ലോ ഭൂമിയിൽ.മനുഷ്യർ ഉണ്ടാക്കുന്ന പ്രശ്നങ്ങൾക്ക് മനുഷ്യർക്ക് തന്നെ അല്ലേ ഉത്തമ മാർഗം സ്വീകരിക്കാൻ കഴിയു….അതെ ഉള്ളു വഴി…വസുധക്ക് ചുറ്റും മരണമാണ് കറങ്ങി കൊണ്ടിരിക്കുന്നത്,അതോർത്തു മാത്രം പ്രവർത്തിക്കുക. ”

,അത്രയും പറഞ്ഞു അദ്ദേഹം കണ്ണടച്ചു. ലെച്ചു ഒഴികെ മൂന്ന് പേരും അദ്ദേഹം പറഞ്ഞത് കേട്ട് ഞെട്ടി നിൽക്കുകയായിരുന്നു.തിരികെ അമ്പലത്തിലേക്ക് നടക്കുമ്പോൾ ലെച്ചുവിന് മാറ്റം ഒന്നും ഉണ്ടായിരുന്നില്ല.ഇതെല്ലാം അവൾക്ക് നേരത്തെ തന്നെ അറിയുന്ന കാര്യങ്ങൾ ആയിരുന്നു.പക്ഷെ ഇന്ദു അമ്മക്ക് ചങ്ക് പൊട്ടുന്നത് പോലെ തോന്നി. “മോളെ,സത്യം ആയും അവന് ഇങ്ങനെ ഒരു പ്രശ്നം ഉണ്ട് എന്ന് ഞാൻ അറിഞ്ഞില്ല.അമ്മയും ശ്യാമയും ഒക്കെ കൂടി പോയാ ജാതകം നോക്കിയത്.ഇതു ഉറപ്പായും അവർ പറയാത്തത് ആവും “, പകുതിയിൽ വെച്ച് ലെച്ചുവിനെ പിടിച്ചു നിർത്തി സങ്കടത്തോടെ അമ്മ പറഞ്ഞത് കേട്ട് ലെച്ചു ഒന്ന് ചിരിച്ചു.

“അമ്മയോട് പറഞ്ഞില്ല എന്നെ ഉള്ളൂ,വീട്ടിൽ വന്നു ഇളയമ്മ ആ കാര്യം ഒക്കെ പറഞ്ഞിരുന്നു.അത് കൊണ്ടാണ് അശ്വതി ചേച്ചി കല്യാണത്തിൽ നിന്ന് മാറിയത് തന്നെ “, ലെച്ചു പറഞ്ഞത് കേട്ട് ഇന്ദു അമ്മയെക്കാൾ ഞെട്ടിയത് അർജുൻ ആണ്.”ലെച്ചു,അപ്പോൾ എല്ലാം അറിഞ്ഞു കൊണ്ടാണോ നീ… “,ബാക്കി ചോദിക്കാൻ അർജുന് കഴിഞ്ഞില്ല. “ഈ കല്യാണം എന്റെ അമ്മ എനിക്ക് വേണ്ടി ആലോചിച്ചു കൊണ്ട് വന്നതാ,അത് കൊണ്ട് ഇതു മൂലം എന്ത് സംഭവിച്ചാലും അതൊന്നും എനിക്ക് പ്രശ്നം അല്ല.

ഇനി മരിക്കേണ്ടി വന്നാൽ പോലും….ഇപ്പോൾ തത്കാലം ഒന്നും ആലോചിച്ചു സങ്കടപെടാതെ വന്നേ…ദീപാരാധനയ്ക്ക് സമയം ആയി”…. തളർന്നു നിൽക്കുന്ന അച്ഛമ്മയുടെ കൈയിൽ പിടിച്ചു അവരെ എന്തൊക്കെയോ പറഞ്ഞു സമാധാനിപ്പിച്ചു ലെച്ചു മുന്നോട്ട് നടന്നപ്പോൾ ലെച്ചുവിന്റെ വാക്ക് കേട്ട് പരസ്പരം നോക്കി നിൽക്കുകയായിരുന്നു അർജുനും ഇന്ദുവും.

എന്ന് സ്വന്തം ലക്ഷ്മി ❣️

ലയനം : ഭാഗം 8