Wednesday, January 22, 2025
Novel

ലയനം : ഭാഗം 7

എഴുത്തുകാരി: ദുർഗ ലക്ഷ്മി

അതിരാവിലെ തന്നെ ലെച്ചു എഴുന്നേറ്റു പണികൾ എല്ലാം കഴിഞ്ഞ് അടുക്കളയിലേക്ക് നടന്നു.എന്ത് വന്നാലും ഇന്നലത്തെ പോലെ ഭക്ഷണം കഴിക്കാതെ ഓഫീസിലേക്ക് പോകില്ല എന്ന് നേരത്തെ തന്നെ അവൾ ഉറപ്പിച്ചിരുന്നു. ഇന്ദു അമ്മയോടുള്ള വർത്താനത്തിന്റെ ഇടയിൽ അർജുന്റെ പുതിയ തീരുമാനങ്ങളെ പറ്റി എല്ലാം അവൾ പറഞ്ഞു എങ്കിലും മനു അപ്പോഴും അമ്മയോട് പറയാൻ പേടിക്കുന്ന ഒന്നായി തന്നെ നിന്നു. “ഏട്ടത്തി,വന്നേ…സമയം ആയി”,ഭക്ഷണം കഴിച്ചു പിന്നെയും അമ്മയും ആയി സംസാരിച്ചു കൊണ്ട് ഇരിക്കെ ആണ് ലെച്ചുവിനെ കാണാതെ അനന്തു വന്നു അവളെ വിളിച്ചത്.

അപ്പോൾ ആണ് സമയം പോയത് അമ്മയും മോളും അറിഞ്ഞത്.ജോലി ചെയ്യാൻ തുടങ്ങി കുറച്ചു കാലം ആയെങ്കിലും ഇന്ന് പുതിയൊരു കാര്യത്തിന് പോകുന്നത് കൊണ്ട് ഇന്ദു അമ്മയുടെ സ്പെഷ്യൽ അനുഗ്രഹം ഒക്കെ വാങ്ങിയാണ് ലെച്ചു വീട്ടിൽ നിന്ന് ഇറങ്ങിയത്. വഴിയിലുട നീളം അനന്തു ഒരുപാട് കാര്യങ്ങൾ സംസാരിച്ചതിനാൽ അധികം ബോറടി ഒന്നും ഇല്ലാതെ അവൾ ഓഫീസിൽ എത്തി. ബൈക്ക് റിവേഴ്‌സ് എടുത്തു ലെച്ചുവിനോട് യാത്ര പറഞ്ഞു അനന്തു പോകാൻ ആയി തുടങ്ങുമ്പോൾ ആണ് പെട്ടെന്ന് ഒരു കാർ വന്ന് അവരുടെ അടുത്ത് നിന്നത്. “ആഹാ,കെട്ടിയോനും കെട്യോളും കൂടി ആളെ കളിപ്പിക്കുകയാ…ഏട്ടൻ ഇപ്പോൾ തന്നെ വരുന്നുണ്ട് എങ്കിൽ എന്നെ കൂട്ടി എന്തിനാ ഏട്ടത്തി വന്നത്”,കാറിൽ നിന്നും ഇറങ്ങിയ അർജുനെ കണ്ട് അനന്തു അമ്പരന്നു കൊണ്ട് ലെച്ചുവിനോട് ചോദിച്ചു.

“സത്യം ആയും എനിക്ക് അറിയില്ല അനന്തു ഏട്ടൻ ഇപ്പോൾ തന്നെ വരും എന്ന്.ഇന്നലെ 9 മണിക്കേ വരൂ എന്നാ പറഞ്ഞത്”,ഇപ്പോൾ കരയും എന്ന ഭാവത്തിൽ ലെച്ചു പറഞ്ഞു.സത്യത്തിൽ അർജുന്റെ ഭാഗത്തു നിന്നും ഇങ്ങനെ ഒരു നീക്കം ലെച്ചു തീരെ പ്രതീക്ഷിച്ചിരുന്നില്ല. ലെച്ചു പറഞ്ഞത് കേട്ട് അനന്തു അർജുനെ ഒന്ന് നോക്കി.”9 മണിക്കേ വരു എന്ന് പറഞ്ഞത് സത്യം ആണ്.ബട്ട്‌ ഇവൾ ഇവിടെ വന്നു എന്തെങ്കിലും മണ്ടത്തരം കാണിച്ചു മീറ്റിംഗ് കുളം ആയാൽ അതിന്റെ പ്രശ്നം കമ്പനിക്കാ.വെറുതെ എന്തിനാ റിസ്ക് എടുക്കുന്നത് എന്ന് കരുതി ഞാൻ”, അർജുൻ കാറിൽ നിന്നും ബാഗും മറ്റും എടുത്തു കൊണ്ട് പറഞ്ഞു. “എന്നാൽ രാവിലെ തന്നെ പറഞ്ഞൂടെ ആയിരുന്നോ അത്.

ഇതിപ്പോൾ എന്റെ ഉറക്കം ഞാൻ വെറുതെ കളഞ്ഞില്ലേ”, അനന്തു സങ്കടത്തോടെ അവനോട് ചോദിച്ചു. “നിങ്ങൾ ഇറങ്ങി കഴിഞ്ഞ ഉടനെയാ എനിക്ക് ഇങ്ങനെ തോന്നിയത്.അതാ പറയാൻ ലേറ്റ് ആയത്”, ലെച്ചുവിനെ നോക്കി അർജുൻ ചിരിച്ചു കൊണ്ട് പറഞ്ഞത് കേട്ട് അവൾക്ക് ദേഷ്യം വന്നു. ഇപ്പോൾ ഈ ചെയ്തത് എല്ലാം മനഃപൂർവം ആണ് എന്ന് അവൾക്ക് നല്ല ബോധ്യം ഉണ്ടായിരുന്നു.അത് കൊണ്ട് അനന്തു പിന്നെയും എന്തെങ്കിലും ചോദിക്കുന്നതിന് മുന്നേ തന്നെ അവൾ അവനെ സമാധാനിപ്പിച്ചു.പിന്നെ ചെറിയൊരു പോക്കറ്റ് മണി കൈകൂലി ആയി അവന് കൊടുത്തു ലെച്ചു അനന്തുവിനെ പറഞ്ഞു വിട്ടു.അപ്പോഴേക്കും അർജുൻ ഓഫീസിനകത്തേക്ക് കയറിയിരുന്നു. പുറകെ തന്നെ ലെച്ചുവും അവന്റെ അടുത്തേക്ക് ഓടി.

അവളുടെ സീറ്റ് അതെ പോലെ അർജുന്റെ ക്യാബിനിലേക്ക് മാറ്റിയത് കണ്ട് ലെച്ചു ആശ്വാസിച്ചു. ഇല്ലെങ്കിൽ അതും കൂടി അർജുൻ അവളെ കൊണ്ട് ചെയ്യിപ്പിക്കും എന്ന് അവൾക്ക് ഉറപ്പായിരുന്നു.അഞ്ചുവും ജിഷ്ണുവും ഇന്നലെ എങ്ങോട്ടോ പോയത് കൊണ്ട് ഉച്ച കഴിഞ്ഞ് സംഭവിച്ചത് ഒന്നും ലെച്ചു അവളോട് പറഞ്ഞിരുന്നില്ല. സീറ്റ് മാറ്റം അവൾക്ക് എന്തായാലും വിഷമം ആവും എന്ന് ലെച്ചുവിന് ഉറപ്പായിരുന്നു.അർജുൻ പറഞ്ഞ് കൊടുത്ത കാര്യങ്ങൾ ഓരോന്നായി ചെയ്യുമ്പോഴും ലെച്ചുവിനും ചെറിയ സങ്കടം ഒക്കെ വന്നു.അഞ്ചുവിന്റെ കഥകളും സംസാരവും ഒക്കെ കേട്ട് വർക്ക്‌ ചെയ്യുമ്പോൾ എല്ലാ പണികളും പെട്ടെന്ന് തീരുമായിരുന്നു.അങ്ങനെ ഒക്കെ വർക്ക്‌ ചെയ്ത് കൊണ്ടിരുന്ന താൻ ആണ് ഒരു കരടിയുടെ ഗുഹയിൽ പെട്ടത് എന്ന് ഓർത്തായിരുന്നു ലെച്ചുവിന്റെ വിഷമം.

മീറ്റിംഗ് ഒക്കെ കഴിഞ്ഞ് അവൾ ഫ്രീ ആയപ്പോൾ സമയം ഉച്ചയായിരുന്നു.അർജുനോട്‌ അനുവാദം വാങ്ങി ഉടനെ തന്നെ ലെച്ചു അഞ്ചുവിനെ കാണാൻ ആയി പോയി. ഫോണിൽ അഞ്ചുവിനെ വിളിച്ചു ലെച്ചു നടക്കുമ്പോൾ ആണ് പെട്ടെന്ന് മനു അവളുടെ എതിരെ നടന്നു വരുന്നത് അവൾ കണ്ടത്.ഒരുനിമിഷം എന്ത് ചെയ്യണം എന്ന് മനസിലായില്ല എങ്കിലും ഓഫീസിൽ വെച്ച് അവൻ ഒന്നും ചെയ്യില്ല എന്ന വിശ്വാസത്തിൽ ലെച്ചു മുന്നോട്ട് തന്നെ നടന്നു. എന്നാൽ അവളെ കടന്ന് പോയിട്ടും മനു അവളെ ഒന്ന് നോക്കിയതു പോലും ഇല്ല എന്ന് കണ്ട് ലെച്ചു ചെറുതായി ഒന്ന് അമ്പരന്നു.പക്ഷെ അപ്പോഴും ആശങ്ക പൂർണമായും അവളിൽ നിന്ന് വിട്ട് പോയിരുന്നില്ല. അപ്പോഴേക്കും എവിടെ നിന്നോ അഞ്ചു ഓടി വന്നു അവളെ കെട്ടിപിടിച്ചു.

എല്ലാം അവളോട് പറഞ്ഞപ്പോൾ അഞ്ചുവിന് ചെറിയ വിഷമം ഒക്കെ ഉണ്ടായി എങ്കിലും ലെച്ചു സേഫ് ആണ് എന്ന് വിശ്വാസത്തിൽ അവൾക്ക് സമാധാനം വന്നു. ഫുഡ്‌ കഴിച്ചു ലെച്ചു തിരികെ വന്നപ്പോഴും അർജുൻ എന്തോ വർക്കിൽ ആയിരുന്നു.”ഞാൻ എന്തെങ്കിലും ചെയ്യണോ സാർ”, അവൾ റൂമിലേക്ക് കയറി കൊണ്ട് ചോദിച്ചു. “ആഹ്…ഞാൻ ഫുഡ്‌ കഴിച്ചു വരുമ്പോഴേക്കും ഇതൊന്നു കറക്റ്റ് ചെയ്ത് വെക്ക്”, ലാപ് അവളുടെ നേരെ തിരിച്ചു വെച്ച് കൊണ്ട് അർജുൻ സീറ്റിൽ നിന്നും എഴുന്നേറ്റു. “സാർ…ഇന്ന് കുറച്ചു നേരത്തെ പോകാൻ പറ്റുമോ.കുറച്ചു പേർസണൽ കാര്യങ്ങൾ ഉണ്ടായിരുന്നു”,അർജുൻ ഡോർ തുറന്നു ഇറങ്ങാൻ നേരം ലെച്ചു ചോദിച്ചു.

കാര്യം പറയാതെ അവൾ പേർസണൽ എന്ന് പറഞ്ഞത് കേട്ട് അർജുന് എന്തോ പോലെ തോന്നി എങ്കിലും അത് പുറത്ത് കാണിക്കാതെ അവൻ അവളുടെ നേരെ തിരിഞ്ഞു. “നാളത്തേക്ക് ഉള്ള ഷെഡ്യൂൾ കൂടി സെറ്റ് ആക്കിട്ട് താൻ പൊയ്ക്കോ “,അങ്ങനെ പറഞ്ഞു അവൻ അവിടെ നിന്നും പോയി.സത്യത്തിൽ അവൻ സമ്മതിക്കും എന്ന് അവൾ തീരെ വിചാരിച്ചിരുന്നില്ല. ഇടക്ക് ഒക്കെ ദേഷ്യം വരും എങ്കിലും അർജുൻ വെറും പാവം ആണ് എന്ന് ലെച്ചുവിന് തോന്നി.അമ്മമ്മയുടെയും അമ്മയുടെയും അച്ഛന്റെയും ഏട്ടന്റെയും എല്ലാം അമിത സ്നേഹം കൊണ്ട് ഉണ്ടായ ചെറിയ ചില പ്രശ്നങ്ങൾ ഒഴികെ ബാക്കി എല്ലാം കൊണ്ടും പെർഫെക്ട് ആയി തോന്നി അവൾക്ക് അർജുനെ.

എങ്കിലും അവൻ തിരികെ വരുന്നതിന് മുന്നേ എല്ലാം ചെയ്ത് ഇറങ്ങാം എന്ന് ലെച്ചു കണക്ക് കൂട്ടി.ഇപ്പോൾ ഉള്ള സ്വഭാവം ആവില്ല ചെലപ്പോൾ തിരികെ വരുമ്പോൾ അവന് എന്ന് ചിന്തിച്ചു അവൾ പണി തീർത്തു വേഗം ഇറങ്ങി. വൈകിട്ടു അർജുൻ വീട്ടിൽ തിരികെ എത്തുന്നതിനു മുന്നേ തന്നെ ലെച്ചു വീട്ടിൽ ഉണ്ടായിരുന്നു.ഇന്ദു അമ്മയും ലെച്ചുവും വിളക്കിനു മുന്നിൽ ഇരുന്ന് സന്ധ്യ നാമം ചൊല്ലുന്നത് കണ്ടാണ് അർജുൻ അന്ന് വീട്ടിലേക്ക് കയറിയത്. ആദ്യം ആയി ആയിരുന്നു അവൻ അങ്ങനെ ഒരു കാഴ്ച്ച ആ വീട്ടിൽ കാണുന്നത്.പണ്ട് അമ്മമ്മ പ്രിയയെ വിളക്ക് കൊളുത്തുമ്പോൾ വിളിക്കും.എന്നാൽ അവൾക്ക് അതിലൊന്നും വലിയ താല്പര്യം ഇല്ല എന്ന് പെട്ടെന്ന് തന്നെ അമ്മമ്മക്ക് മനസിലായി.

അമ്മയും പണ്ട് ഇതൊക്കെ ചെയ്യുന്നത് കണ്ടിട്ടുണ്ട് എങ്കിലും ജോലി തിരക്ക് കൂടി വന്നപ്പോൾ രാവിലെയുള്ള പ്രാർത്ഥന മാത്രം ആയി അമ്മയുടെ പതിവും. ഏതായാലും വീടിന് തന്നെ ഒരു ഐശ്വര്യം വന്നത് പോലെ തോന്നി അർജുന്.അവനെ കണ്ടു ഇന്ദു അമ്മ എഴുന്നേൽക്കാൻ നോക്കി എങ്കിലും അവൻ വേഗം തന്നെ അമ്മയെ തടഞ്ഞു.പിന്നെ മതി എന്ന് ആഗ്യം കാണിച്ചു അർജുൻ റൂമിലേക്ക് നടക്കുമ്പോൾ അതൊന്നും അറിയാതെ ലെച്ചു ഏതോ ഒരു കീർത്തനം പാടുന്നുണ്ട്. വാതിലിന് അടുത്ത് വന്നു ലെച്ചു പാടുന്നത് ഒളിഞ്ഞു നോക്കുന്ന അമ്മമ്മയെയും അർജുൻ റൂമിലേക്ക് നടക്കവേ കണ്ടു.അവൻ കണ്ടു എന്ന് ഉറപ്പായപ്പോൾ അമ്മമ്മ പെട്ടെന്ന് തിരികെ നടന്നു.അമ്മമ്മയെ കളിയാക്കണം എന്ന് കരുതി എങ്കിലും അത് കഴിഞ്ഞ് ഉണ്ടാവാൻ പോകുന്ന കോലാഹലങ്ങൾ ഓർത്തു ആ ശ്രമം ഉപേക്ഷിച്ചു അർജുൻ റൂമിലേക്ക് നടന്നു.

കൃത്യം 7 മണിക്ക് തന്നെ ലെച്ചു റൂമിൽ എത്തി.അവളെ കാത്ത് നിന്നത് പോലെ അർജുൻ ലാപ് എടുത്തു അവളുടെ കൈയിൽ കൊടുത്തു ഫോണും ആയി ബെഡിൽ ഇരുന്നു.ഇന്നലത്തെ അതെ പാളി നോട്ടം അവൻ ലെച്ചുവിന് നേരെ അയച്ചു എങ്കിലും അവൾക്ക് മൊത്തത്തിൽ എന്തോ ഒരു മാറ്റം അവന് തോന്നി. ആകെ ഒരു ക്ഷീണം പോലെ.സത്യത്തിൽ അവൾ ഈ രണ്ട് ദിവസം കൊണ്ട് ചെയ്ത ജോലി വളരെ കൂടുതൽ തന്നെ ആയിരുന്നു.ഇനി അതെങ്ങാനും ആണോ എന്ന് കരുതി അർജുന് കുറ്റബോധം തോന്നി. പക്ഷെ ഇന്ന് ഉച്ച വരെ ഇല്ലാത്ത ക്ഷീണം പെട്ടെന്ന് എവിടെ നിന്ന് വന്നു എന്ന് ഓർത്ത് അർജുൻ ബെഡിൽ നിന്നും എഴുന്നേറ്റു അവളുടെ അടുത്തേക്ക് നടന്നു.

ആദ്യം ഒന്നും ലെച്ചു ശ്രദ്ധിച്ചില്ല എങ്കിലും അവളെ സംശയത്തിൽ നോക്കിയുള്ള അർജുന്റെ ചുറ്റിലും ഉള്ള നടത്തം കണ്ടു ലെച്ചു മുഖം ഉയർത്തി അവനെ ഒന്ന് നോക്കി. “എന്താ സാർ…എന്തെങ്കിലും പ്രശ്നം ഉണ്ടോ”,ലെച്ചു ചോദിച്ചത് കേട്ട് അർജുൻ പെട്ടെന്ന് ഒന്ന് ഞെട്ടി.”ഹേ… നോ…ഞാൻ ജസ്റ്റ്‌ ചെക്ക് ചെയ്യാൻ വന്നതാ… “,ചെറുതായി ഒന്ന് പതറി അർജുൻ മറുപടി പറഞ്ഞു. ഇനിയും അവിടെ നിന്നാൽ ശരിയാവില്ല എന്ന് കണ്ടു അവൻ വേഗം വന്നു ബെഡിൽ ഇരുന്നു.പക്ഷെ കാര്യം അറിയാതെ അവന് ഒരു സമാധാനവും കിട്ടില്ല എന്ന് മനസിലാക്കി അവസാനം അർജുൻ അവളോട് ചോദിക്കാൻ തന്നെ തീരുമാനിച്ചു. “ലെച്ചു.

താൻ ഒന്നും വിചാരിക്കില്ല എങ്കിൽ ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ “,വലിയ ഭവ്യതയോടെ അർജുൻ പറഞ്ഞത് കേട്ട് ലെച്ചുന് അത്ഭുതം തോന്നി.”എന്താ സാർ… “,അവളിൽ തോന്നിയ അത്ഭുതം അതെ പടി അവന് മുന്നിൽ കാണിച്ചു കൊണ്ട് അവൾ ചോദിച്ചു. “അല്ല,ഇന്ന് ഉച്ചക്ക് കണ്ടതിൽ നിന്ന് തനിക്ക് എന്തൊക്കെയോ വ്യത്യാസം പോലെ,തന്നോട് തോന്നിയ ദേഷ്യത്തിൽ കുറച്ചു അധികം വർക്ക്‌ തനിക്ക് തന്നിരുന്നു ഞാൻ .അത് കൊണ്ടാണോ എന്ന്… “,അർജുൻ പറഞ്ഞത് മുഴുവൻ ആകാതെ അവളെ നോക്കി “ഓഹ് അതോ,ഞാൻ ഒരു സ്കൂട്ടി വാങ്ങണം എന്ന് കരുതി കുറെ കാലം ആയി സാർ.ഇപ്പോൾ ആണെങ്കിൽ അതിന്റെ ആവിശ്യം വളരെ അധികം ആണല്ലോ.കുറച്ചു പൈസ കൈയിൽ തന്നെ ഉണ്ടായിരുന്നു.

ബാക്കിക്ക് വേണ്ടി മാലയും കമ്മലും പണയം വെച്ചു.അതിനാ ഞാൻ ഇന്ന് ഉച്ചക്ക് വന്നത്.അത് ഇല്ലാത്തതു കൊണ്ടാണ് എന്തോ പോലെ തോന്നുന്നത് “,വളരെ ലാഘവത്തോടെ ലെച്ചു അത് പറഞ്ഞു വീണ്ടും ലാപിനു മുന്നിലേക്ക് തിരിഞ്ഞിരുന്നു. അത് കേട്ട് ശരിക്കും അർജുൻ ഞെട്ടി പോയി.തന്റെ പ്രവർത്തികൾ തന്നെ ആണ് ലെച്ചു ഇങ്ങനെ ഒരു തീരുമാനം എടുക്കാൻ കാരണം എന്ന ചിന്ത അവനെ വലിഞ്ഞു മുറുക്കി. “ലെച്ചു ഞാൻ കാരണം ആണോ പെട്ടെന്ന് ഇങ്ങനെ “,അർജുൻ മടിച്ചു മടിച്ചു വീണ്ടും അവളോട് ചോദിച്ചു. “ഏഹ് അല്ല സാർ,ഇവിടെ നിന്ന് ഓഫീസിൽ എത്താൻ വലിയ ബുദ്ധിമുട്ട് ആണ്.അത് കൊണ്ടാണ് ഞാൻ വണ്ടി വാങ്ങാം എന്ന് കരുതിയത്.

പിന്നെ ഒരു വണ്ടി എന്ന് പറയുന്നത് എപ്പോഴും ഒരു ഉപകാരം ഉള്ള സാധനം ആണല്ലോ…. “,ലെച്ചു യാതൊരു പ്രശ്നവും ഇല്ലാതെ ജോലി തുടർന്ന് കൊണ്ട് പറഞ്ഞു. അത് കേട്ട് അർജുന് ചെറിയൊരു സമാധാനം വന്നു എങ്കിലും പിന്നെ അവിടെ ഇരിക്കാൻ അവന് തോന്നിയില്ല.അവൻ ഉടനെ തന്നെ വണ്ടിയുടെ കീയും ആയി പുറത്തേക്ക് പോയി. അവന്റെ ഒന്നും പറയാതെ ഉള്ള, പെട്ടെന്ന് ഉള്ള പോക്ക് കണ്ട് ലെച്ചു അമ്പരന്നു എങ്കിലും പിന്നെ അതൊക്കെ പതിവ് ആണല്ലോ എന്ന് ആലോചിച്ചു അവിടെ തന്നെ ഇരുന്നു. 8 മാണിയോട് കൂടി ജോലി തീർത്തു ലെച്ചു താഴേക്ക് വന്നു.അടുക്കളയിലേക്ക് ഇന്ദു അമ്മയെ നോക്കി പോയെങ്കിലും അമ്മ അവിടെ ഉണ്ടായിരുന്നില്ല.

പെട്ടെന്ന് ആണ് ബാംഗ്ലൂരിൽ നിന്ന് അച്ഛൻ തിരികെ വന്ന കാര്യം അവൾ ഓർത്തത്. ഉടനെ തന്നെ അവൾ അവരെ കാണാൻ റൂമിലേക്ക് നടന്നു.പകുതി എത്തിയപ്പോൾ തന്നെ അച്ഛന്റെയും അമ്മയുടെയും പൊട്ടിച്ചിരികളും സംസാരവും അവൾ കേട്ടു.ഇപ്പോൾ അങ്ങോട്ട് പോകേണ്ട എന്ന് കരുതി അവൾ തിരികെ നടക്കാൻ തുടങ്ങി എങ്കിലും ഇന്ദു അമ്മ അപ്പോഴേക്കും അവളെ കണ്ടു. “മോള് എന്താ തിരിച്ചു പോകുന്നെ…കയറി വാ”,അവർ വേഗം ലെച്ചുവിനെ വിളിച്ചു. “ഒന്നുല്ല അമ്മ,അച്ഛൻ വന്നിട്ട് കണ്ടില്ലല്ലോ.അത് കൊണ്ട് ഞാൻ വെറുതെ വന്നതാ… “,ലെച്ചു മുറിയിലേക്ക് കയറി കൊണ്ട് പറഞ്ഞു. അച്ഛനും അവളോട് ഒരുപാട് നേരം സംസാരിച്ചിരുന്നു.സത്യം പറഞ്ഞാൽ ഇങ്ങനെ ഒരാൾക്ക് ഇന്ദു അമ്മയെ എങ്ങനെയാണ് മനസിലാക്കാൻ പറ്റാതെ വരുന്നത് എന്ന് ആലോചിച്ചു ലെച്ചുവിന് ശരിക്കും അത്ഭുതം തോന്നി.

ഭക്ഷണം കഴിക്കാൻ സമയം ആവുന്നത് വരെ അവർ 3 പേരും സംസാരിച്ചിരുന്നു.ക്ലോക്കിൽ സമയം 9 അടിച്ചപ്പോൾ ഇന്ദു അമ്മ അവരെ വിളിച്ചു ഭക്ഷണം കഴിക്കാൻ ആയി എഴുന്നേറ്റു. “അച്ഛാ,ഞാൻ ഒരു സഹായം ചോദിക്കട്ടെ…”,പെട്ടെന്ന് ലെച്ചു ചോദിച്ചത് കേട്ട് ഇന്ദു അമ്മയും അച്ഛനും പരസ്പരം നോക്കി. “എന്താ മോളെ… “,ലെച്ചു കളിയായി ഒന്നും പറയില്ല എന്ന് അറിയുന്നത് കൊണ്ട് കുറച്ചു ഗൗരവത്തിൽ ആണ് അച്ഛൻ അത് ചോദിച്ചത്. “അത് അച്ഛാ,ഞാൻ ഒരു സ്കൂട്ടി എടുക്കണം എന്ന് വിചാരിക്കുകയാണ്.കൈയിൽ ഉള്ള പൈസ ഒക്കെ എടുത്തു നോക്കുബോൾ ഒരു 5000 രൂപയുടെ കുറവ് ഉണ്ട്.ആ പൈസ അച്ഛന് തരാൻ പറ്റുമോ? ” “വേറെ ആരോടെങ്കിലും ചോദിക്കാം എന്നാ വിചാരിച്ചത്,ബട്ട്‌ അച്ഛൻ ആവുമ്പോൾ ഒരടവ് ഒക്കെ മുടങ്ങിയാലും ഒന്നും പറയില്ലല്ലോ… “,ഒരു കണ്ണ് ഇറുക്കി കൊണ്ട് കള്ള ചിരിയോടെ ലെച്ചു പറഞ്ഞു.

അത് കേട്ട് അച്ഛനും അമ്മയും പൊട്ടിച്ചിരിച്ചു.”എന്തിനാ മോളെ 5000 ആക്കുന്നെ…മുഴുവൻ പൈസ തന്നെ അച്ഛൻ കൊടുക്കലോ.കാർഡ് വേണോ അതോ പൈസ ആയിട്ട് വേണോ”,അച്ഛൻ ചോദിച്ചത് കേട്ട് ലെച്ചു ഒന്ന് പുഞ്ചിരിച്ചു. “അയ്യോ മുഴുവൻ ഒന്നും വേണ്ട,5000 രൂപ മാത്രം മതി.അതും കടം ആയി മതി.വേറെ ഒന്നും കൊണ്ടല്ല അച്ഛാ,സ്വന്തം ആയി ഉണ്ടാക്കിയ പൈസ കൊണ്ട് വാങ്ങണം എന്നാണ് എന്റെ ആഗ്രഹം.വേറെ ഒന്നും വിചാരിക്കല്ലേ”,ലെച്ചു പറഞ്ഞത് കേട്ട് അച്ഛൻ അവളെ ചേർത്ത് പിടിച്ചു. “മിടുക്കി മോള്,ഇങ്ങനെ വേണം കുട്ടികൾ ആയാൽ,മോൾക്ക് പൈസ ഇപ്പോൾ തന്നെ വേണോ”,അദ്ദേഹം ചോദിച്ചു. “വേണ്ട അച്ഛാ,നമുക്ക് 3 പേർക്കും കൂടെ മറ്റന്നാൾ ഷോപ്പിൽ പോയി നോക്കാം.അപ്പോൾ തന്നാൽ മതി.

അന്ന് അച്ഛന് തിരക്ക് ഒന്നും ഇല്ലല്ലോ”,ലെച്ചു അദ്ദേഹത്തോട് ചോദിച്ചു. “ഒരു തിരക്കും ഇല്ല,നമുക്ക് പോകാം”,അദ്ദേഹം പറഞ്ഞത് കേട്ട് ലെച്ചുവിനും അമ്മയ്ക്കും ഒരു പോലെ സന്തോഷം ആയി. “മോൾക്ക് ലൈസൻസ് ഒക്കെ ഉണ്ടോ”,അടുക്കളയിലേക്ക് നടക്കുമ്പോൾ ഇന്ദു അമ്മയാണ് അത് ചോദിച്ചത്. “ഉണ്ട് അമ്മ,അഞ്ചു പഠിക്കാൻ പോയപ്പോൾ എന്നെയും കൊണ്ട് പോയി അവൾ.അത് ഏതായാലും ഉപകാരം ആയി.പക്ഷെ ഓടിച്ചു പ്രാക്ടീസ് ഇല്ല.അതാണ് കുഴപ്പം”,ലെച്ചു കുറച്ചു ടെൻഷനോടെ പറഞ്ഞു. “അത് വണ്ടി കൈയിൽ കിട്ടിയാൽ ശരിയായിക്കൊള്ളും.മോള് പേടിക്കേണ്ട”,ഭക്ഷണം എടുത്തു ഡൈനിങ്ങ് ഹാളിലേക്ക് നടക്കുമ്പോൾ അവർ പറഞ്ഞു. “ആഹ് ശരിയാക്കണം അമ്മ,എന്നിട്ട് വേണം എനിക്ക് കുറെ കാര്യങ്ങൾ ചെയ്യാൻ”,ലെച്ചു പറഞ്ഞത് കേട്ട് എന്തോ ചോദിക്കുവാൻ ഇന്ദു അമ്മ വന്നു എങ്കിലും അപ്പോഴേക്കും എല്ലാവരും കഴിക്കാൻ വന്നത് കണ്ടു അവർ ആ സംസാരം നിർത്തി.

പിറ്റേന്ന് ഓഫീസിലേക്ക് അർജുനും ലെച്ചുവും ഒരുമിച്ചാണ് പോയത്.പ്രത്യേകിച്ച് സംസാരം ഒന്നും ഉണ്ടായില്ല എങ്കിലും അർജുന് ആകെ ഒരു മാറ്റം ലെച്ചുവിന് തോന്നി. ജോലിക്ക് ഇടയിൽ ചെറിയ തെറ്റുകൾ ഒക്കെ പറ്റിയപ്പോഴും ചെറുതായി പോലും വഴക്ക് പറയാതെ,മുഖത്ത് ചിരി ബാക്കി വെച്ചു കൊണ്ട് മാറ്റി ചെയ്യ്തു വാ എന്ന് പറയുന്ന അർജുൻ അവൾക്ക് പുതിയ ആൾ ആയിരുന്നു. ഇനി വലിയ എന്തെങ്കിലും പണി മുന്നിൽ കണ്ടാണോ അവന്റെ ഈ മാറ്റം എന്ന് പോലും ലെച്ചു അത്ഭുതപ്പെട്ടു..11 മണി ആയപ്പോൾ ഒരു ഗ്ലാസ്‌ ചായ അവളുടെ മുന്നിൽ അർജുൻ കൊണ്ട് വച്ചപ്പോൾ ഞെട്ടി ബോധം പോകും എന്ന് പോലും അവൾക് തോന്നി. “ഇന്ന് അഞ്ചു ഇല്ലല്ലോ,താൻ ഒറ്റക്കല്ലേ.അവൾ ഇല്ലാതെ എവിടേക്കും താൻ പോകാറില്ലല്ലോ.

അത് കൊണ്ടാണ് ഞാൻ ഒരു ചായക്ക് കൂടി പറഞ്ഞത്”,ലെച്ചുവിന്റെ നോട്ടം കണ്ട് അർജുൻ ചിരിച്ചു കൊണ്ട് പറഞ്ഞു. “താങ്ക്സ്… “,പെട്ടെന്ന് തന്നെ ഓടി പോയ കിളികളെ കൂട്ടിലാക്കി കൊണ്ട് ലെച്ചു പറഞ്ഞത് കേട്ട് അർജുന് ചിരി വന്നു. “നാളെ താൻ വണ്ടി നോക്കാൻ പോകുന്നുണ്ട് അല്ലേ…അച്ഛൻ വിളിച്ചിരുന്നു”,അർജുൻ വീണ്ടും അവളോട് സംസാരിക്കാൻ തുടങ്ങി. “അയ്യോ,ആ കാര്യം പറയാൻ ഞാൻ മറന്നു പോയിരിക്കുകയായിരുന്നു.നാളെ എനിക്ക് ലീവ് തരണേ.അച്ഛനോട് പറഞ്ഞ് പോയി അതാണ്”,അർജുൻ പറഞ്ഞത് കേട്ട് നെറ്റിയിൽ കൈ വെച്ച് കൊണ്ട് ലെച്ചു ടെൻഷനിൽ പറഞ്ഞു. “ലീവ് തരാം.ബട്ട്‌ ഇന്ന് കുറച്ചു ഓവർ ടൈം ചെയ്യേണ്ടി വരും”,അവൻ ഗൗരവത്തിൽ പറഞ്ഞത് കേട്ട് അവൾക്ക് ഒന്നും തോന്നിയില്ല.

“ഓഹ് ചെയ്യാം സാർ…വീട്ടിൽ ഇരുന്ന് എത്ര നേരം വേണം എങ്കിലും ജോലി ചെയ്യാൻ എനിക്ക് ഇഷ്ടം ആണ്”,ലെച്ചു ചായ ഒരിത്തിരി കുടിച്ചിറക്കി കൊണ്ട് പറഞ്ഞു. “ഓഹ്,വീട്ടിൽ നിന്ന് ചെയ്യുന്ന കാര്യം അല്ല പറഞ്ഞത്.ഇവിടെ ഇരുന്ന് ചെയ്യുന്നതിനെ ആണ് ഓവർ ടൈം എന്ന് പറയുന്നത്.വീട്ടിൽ ചെയ്യുന്ന ജോലി നിനക്കുള്ള സാദാ വർക്ക്‌ ആണ്”, പെട്ടെന്ന് നെറ്റി ചുളിച്ചു കൊണ്ട് അർജുൻ പറഞ്ഞത് കേട്ട് അവൻ പിന്നെയും പഴയ അർജുൻ ആയി മാറുന്നു എന്ന് ലെച്ചുവിന് മനസിലായി.അവൾ പിന്നെ ഒന്നും മിണ്ടാതെ ചായ കുടിച്ചു. പക്ഷെ അപ്പോഴാണ് മറ്റൊരു കാര്യം അവൾ ഓർത്തത്.ഇന്നലെ വർക്ക്‌ ഷെഡ്യൂൾ ഇട്ട സമയം മനുവിനും ഇന്ന് ഓവർ ടൈം ആണ് ഉള്ളത് എന്ന് കണ്ട കാര്യം അവൾ പെട്ടെന്ന് ഓർത്തു.

അപ്പോൾ ആണ് ശരിക്കും അപകടം വിളിച്ചു വരുത്തി എന്ന് ലെച്ചുവിന് തോന്നിയത്.ലീവ് വേണ്ട എന്ന് പറഞ്ഞാലോ എന്ന് ലെച്ചു പെട്ടെന്ന് ഓർത്തു. പക്ഷെ പലതും ആലോചിച്ചു നോക്കുമ്പോൾ അതൊന്നും ശരിയാവില്ല എന്ന് അവൾക്ക് തോന്നി.അവസാനം പേടിയോടെ ആണെങ്കിലും ലെച്ചു അന്ന് ഓവർ ടൈം എടുക്കാൻ തീരുമാനിച്ചു. അപ്പോൾ തന്നെ അവൾ ഇന്ദു അമ്മയെ വിളിച്ചു കാര്യം പറഞ്ഞു.അർജുന്റെ കൂടെ തന്നെ വന്നാൽ മതി എന്ന് ഇന്ദു അമ്മ അവളോട് കർക്കശമായി പറഞ്ഞു അപ്പോൾ.ഒരുവിധം അമ്മയെ പറഞ്ഞു സമാധാനിപ്പിച്ചു ജോലി കഴിയുമ്പോൾ വിളിക്കാം എന്നും,അപ്പോൾ അവനെ പറഞ്ഞു വിട്ടാൽ മതി എന്നും പറഞ്ഞു അവൾ വേഗം ഫോൺ വെച്ചു.

സത്യത്തിൽ പിന്നെ ലെച്ചുവിന് ജോലിയിൽ ശ്രദ്ധിക്കനെ കഴിഞ്ഞില്ല.ഇരിപ്പുറക്കാതെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു അവസാനം കുറച്ചു സമയം ആലോചിച്ചു എന്തോ തീരുമാനിച്ചു കൊണ്ട് ലെച്ചു അർജുന്റെ അടുത്തേക്ക് നടന്നു. “സാർ,ഓവർ ടൈം എടുക്കാൻ ഞാൻ റെഡിയാണ് ബട്ട്‌ സാറും ഇവിടെ ഇരിക്കുമോ എന്റെ കൂടെ. “,മടിച്ചു മടിച്ചാണ് ലെച്ചു അർജുനോട്‌ അത് ചോദിച്ചത്. അത് കേട്ട് അർജുൻ അവളെ ഏതോ വിചിത്ര ജീവി എന്ന പോലെ നോക്കി കുറച്ചു നേരം ഇരുന്നു.”താൻ എന്താ ഈ പറയുന്നേ.ഇതൊരു ഓഫീസ് ആണ്.അല്ലാതെ നേഴ്സറി സ്കൂൾ ഒന്നും അല്ല കാവൽ ഇരിക്കാൻ.ആദ്യം ആയി ഒന്നും അല്ലല്ലോ ഓവർ ടൈം വരുന്നത്.പിന്നെ എന്താ ഇന്ന് ഒരു പ്രത്യേകത “, അർജുൻ ശബ്ദം ഉയർത്തി കൊണ്ട് ചോദിച്ചു.”അത് സാർ,എനിക്ക് മനു…അയാളെ പേടിയാണ്….അയാൾക്കും ഇന്ന് നൈറ്റ്‌ വർക്ക്‌ ഉണ്ട്”, കണ്ണുകൾ നിറച്ചു ലെച്ചു അത് പറഞ്ഞപ്പോൾ അർജുൻ ഒന്ന് അടങ്ങി.

“സീ ലക്ഷ്മി,ഇവിടെ താൻ ഒന്ന് കൊണ്ടും പേടിക്കേണ്ട.മനു മാത്രം അല്ല,വേറെയും ആളുകൾ ഉണ്ടല്ലോ രാത്രി.കൂടാതെ സെക്യൂരിറ്റിസും ഉണ്ടല്ലോ.സൊ ആവിശ്യം ഇല്ലാതെ പേടിക്കുന്നത് എന്തിനാണ്”, ശബ്ദം മയപ്പെടുത്തി എങ്കിലും അർജുൻ രൂക്ഷം ആയ ഭാഷയിൽ ആണ് അത് പറഞ്ഞത്. അത് കേട്ട് ഒന്നും മിണ്ടാതെ ലെച്ചു തിരികെ നടന്നു. അവന് ഒന്നും പറഞ്ഞാൽ മനസിലാവില്ല എന്ന് ലെച്ചുവിന് മനസിലായി.അഞ്ചുവിനെ വിളിച്ചു കൂട്ടിരിക്കാൻ പറഞ്ഞാലോ എന്ന് ലെച്ചു പല തവണ ആലോചിച്ചു. പക്ഷെ അഞ്ചു ഏതോ അമ്പലത്തിൽ പോയിരിക്കുകയായിരുന്നു അന്ന്. വൈകുന്നേരം ഓഫീസ് ടൈം കഴിഞ്ഞ് ഓരോരുത്തർ ആയി പോകാൻ തുടങ്ങിയപ്പോൾ മുതൽ ലെച്ചുവിന്റെ നെഞ്ച് കത്താൻ തുടങ്ങി. അർജുൻ പോയ ഉടനെ തന്നെ അവൾ റൂം ലോക്ക് ചെയ്ത് വന്നു ജോലി തുടങ്ങി.

പതുക്കെ പതുക്കെ അവിടം ആകെ നിശബ്ദത നിറഞ്ഞു.പേടി കൊണ്ട് ഇടക്കിടക്ക് ലെച്ചു വാതിൽ ലോക്ക് ചെയ്തിട്ടില്ലേ എന്ന് ചെന്നു നോക്കി അന്നത്തെ അവളുടെ ജോലികൾ എല്ലാം തീരാൻ ഇരട്ടി സമയം എടുത്തു. എങ്കിലും അതൊന്നും കാര്യം ആകാതെ ജോലിയും ഒപ്പം മറ്റു പല പണികളും അവൾ ചെയ്ത് കൊണ്ടിരുന്നു.അവസാനം എല്ലാം കഴിഞ്ഞു സമയം നോക്കുമ്പോൾ 10 മണി ആവാറായിരുന്നു.ഫോണിൽ അതിനകം തന്നെ ഇന്ദു അമ്മയുടെ ഒരുപാട് മിസ്സ്ഡ് കാൾസ് അവൾ കണ്ടു. ലെച്ചു ഉടനെ തന്നെ ഇന്ദു അമ്മയെ വിളിച്ചു ജോലി തീർന്ന കാര്യം പറഞ്ഞു.അർജുനെ പറഞ്ഞു വിടാം എന്ന് പറഞ്ഞു ഇന്ദു അമ്മ ഫോൺ വെച്ചു. ബാഗും തോളിൽ ഇട്ട് ലെച്ചു അവിടെ തന്നെ ഇരുന്നു.എന്ത് വന്നാലും അർജുൻ വന്നിട്ട് പുറത്തിറങ്ങാം എന്ന് കരുതി അവൾ.

പേടി കൊണ്ട് എന്ത് ചെയ്യണം എന്ന് അറിയാതെ അവൾ ബാഗ് നെഞ്ചോട് ചേർത്ത് പിടിച്ചു അവിടെ തന്നെ ഇരുന്നു. കുറച്ചു സമയം കഴിഞ്ഞ് പെട്ടെന്ന് സെക്യൂരിറ്റി വന്നു ലെച്ചുവിനെ വിളിച്ചപ്പോൾ ആണ് അവൾക്ക് സമാധാനം ആയത്.ഉടനെ ലൈറ്റ് എല്ലാം ഓഫ്‌ ചെയ്ത് റൂം പൂട്ടി ലെച്ചു പുറത്തേക്ക് ഇറങ്ങി. എന്നാൽ പെട്ടെന്ന് ആണ് അവളുടെ മുന്നിലേക്ക് മനു വന്നത്.ഇത്രയും നേരം പേടിച്ചത് പോലെ സംഭവിക്കാൻ പോകുന്നു എന്ന് അവൾക്ക് മനസിലായി. എങ്കിലും ധൈര്യം വരുത്തി കൊണ്ട് ലെച്ചു അവനെ നോക്കാതെ പുറത്തേക് നടന്നു. “അങ്ങനെ അങ്ങ് പോയാൽ എങ്ങനെയാ വസുധ ലക്ഷ്മി…നമ്മളെയും കൂടി ഒന്ന് മൈൻഡ് ചെയ്യ്”, വൃത്തികെട്ട നോട്ടവുമായി മനു അത് പറഞ്ഞപ്പോൾ ലെച്ചുവിന് ദേഷ്യം വന്നു.

“തന്നെ പോലെ ഉള്ള ഒരാളെ മൈൻഡ് ചെയ്യുന്നതിലും ഭേദം തൂങ്ങി ചാവുന്നതാ”, അവൾ അവനെ രൂക്ഷം ആയി നോക്കികൊണ്ട്‌ പറഞ്ഞു. അത് കേട്ട് മനു പൊട്ടിച്ചിരിക്കാൻ തുടങ്ങി.”നീ തൂങ്ങി ചാവും,എന്നെ മൈൻഡ് ചെയ്തത് കൊണ്ട് അല്ല.എന്റെ കൂടെ ആണല്ലോ ഇന്ന് രാത്രി കഴിഞ്ഞത് എന്ന് ഓർത്ത് നാളെ നീ തൂങ്ങി ചാവും”, അവളുടെ ശരീരത്തിൽ നോക്കി മനു പറഞ്ഞത് കേട്ട് അത് വരെ ഉണ്ടായിരുന്ന ധൈര്യം എല്ലാം ചോർന്നു പോകുന്നത് ലെച്ചു അറിഞ്ഞു.അവൾ അറിയാതെ തന്നെ വാതിലിലേക്ക് നോക്കി പോയി. “അവിടേക്ക് നോക്കിയിട്ട് ഒരു കാര്യവും ഇല്ല.അർജുൻ വന്നു എന്ന് പറഞ്ഞു നിന്നെ വിളിച്ചത് എന്റെ ആളാ… “, മനു അത് കൂടി പറഞ്ഞപ്പോൾ ലെച്ചു ശരിക്കും തളർന്നു പോയി.

“നിന്റെ അമ്മയെ കണ്ട് നിന്നെ എനിക്ക് കെട്ടിച്ചു തരാൻ പറയാൻ ഇരിക്കുമ്പോൾ ആണ് അവൻ നിന്നെ കെട്ടിയത്.പിന്നെ എനിക്ക് നോക്കിയിരിക്കാൻ പറ്റുമോ മോളെ.അതാ ചേട്ടൻ ഓടി വന്നത്”,മനു അവളെ കളിയാക്കി കൊണ്ട് പറയുന്ന ഓരോ വാക്കിലും പേടിച്ചു മരിക്കുകയായിരുന്നു ലെച്ചു. സംസാരിച്ചു കൊണ്ട് മനു തന്റെ നേരെ വരുന്നത് മനസിലാക്കി ലെച്ചു തിരിഞ്ഞോടി.ലൈറ്റുകൾ എല്ലാം തന്നെ ഓഫ്‌ ചെയ്തത് കൊണ്ട് കുറച്ചു ബുദ്ധിമുട്ട് അവൾക്ക് ഉണ്ടായി എങ്കിലും ഓഫീസ് നല്ല പരിചയം ഉള്ളത് കൊണ്ട് അധികം പരിക്കുകൾ ഒന്നും ഇല്ലാതെ ലെച്ചു ഓടി. പുതിയ ആളായത് കൊണ്ട് മനുവിന് അവളെ പിടിക്കാൻ പറ്റില്ല എന്ന് ലെച്ചു കരുതി എങ്കിലും പെട്ടെന്ന് തന്നെ അവളുടെ മുടിക്ക് മനുവിന്റെ പിടുത്തം വീണു.

കുതറി മാറാൻ കിണഞ്ഞു ലെച്ചു ശ്രമിച്ചു എങ്കിലും മനുവിന്റെ മുഖം അടച്ചുള്ള ഒറ്റ അടിയിൽ തന്നെ ലെച്ചു വീണു പോയിരുന്നു. അടുത്ത നിമിഷം തന്നെ മനുവിന്റെ കൈകൾ അവളുടെ സാരിയിൽ പിടുത്തം ഇട്ടു എങ്കിലും പെട്ടെന്ന് എന്തോ ആലോചിച്ചത് പോലെ അവൻ അവളെ പിടിച്ചു എഴുന്നേൽപ്പിച്ചു.പിന്നെ അവളെയും പിടിച്ചു വലിച്ചു കൊണ്ട് മനു ഓഫീസിന് പുറത്തേക്ക് ഇറങ്ങിയ നേരം മുന്നിൽ തന്നെ അർജുൻ കാറും ചാരി നില്കുന്നത് കണ്ടു മനുവും ലെച്ചുവും ഒരുപോലെ അമ്പരന്നു. അടുത്ത നിമിഷം തന്നെ ലെച്ചുവിൽ ഉള്ള മനുവിന്റെ കൈ പതുക്കെ അഴിയുകയും ലെച്ചുവിന് ജീവൻ തിരിച്ചു കിട്ടിയത് പോലെയും തോന്നി അർജുനെ കണ്ടപ്പോൾ.മനുവിനെ രൂക്ഷം ആയി ഒന്ന് നോക്കി ഉടനെ തന്നെ ലെച്ചു ഓടി അർജുന്റെ അടുത്തേക്ക് ചെന്നു.എന്നാൽ പെട്ടെന്ന് അവൻ കൈ കൊണ്ട് അവളെ തടഞ്ഞു.

അത് കണ്ട് സ്വിച്ച് ഇട്ടത് പോലെ ലെച്ചു അവിടെ നിന്ന് പോയി. “ലെച്ചു നീ ആയിട്ട് ഇവന് കൊടുക്കേണ്ടത് കൊടുത്താൽ ഹാപ്പി ആയി നമുക്ക് വീട്ടിലേക്ക് പോകാം,ഇനി അതല്ല ഞാൻ ആണ് ഇവനെ തല്ലുന്നത് എങ്കിൽ നാളെ മുതൽ നിനക്ക് സന്തോഷത്തോടെ വീട്ടിൽ ഇരിക്കാം.ആലോചിച്ചു പറ ഞാൻ തല്ലണോ,അതോ നീ തല്ലുമോ”,ലെച്ചുവിന്റെ രണ്ട് ചുമലിലും പിടിച്ചു അർജുൻ അവളുടെ കണ്ണുകളിൽ നോക്കി ചോദിച്ചു. കുറച്ചു സമയം അവനെ തന്നെ നോക്കി നിന്ന് ലെച്ചു വേഗം ബാഗ് അർജുന് കൊടുത്തു.പിന്നെ അത് തുറന്ന് എന്തോ കൈയിൽ എടുത്തു അർജുനെ ഒന്ന് നോക്കി അവൾ മനുവിന്റെ അടുത്തേക്ക് നടന്നു. അർജുനെ കണ്ട ഞെട്ടൽ എല്ലാം മാറി അവരുടെ സംസാരം പുച്ഛത്തിൽ കേട്ടു നിൽക്കുന്ന മനുവിന്റെ അടുത്തേക്ക് ലെച്ചു ചെന്നു.

അവന് എന്തെങ്കിലും ചെയ്യാൻ പറ്റുന്നതിനു മുന്നേ തന്നെ ലെച്ചു കൈയിൽ കരുതിയ പെപ്പെർ സ്പ്രൈ അവന്റെ മുഖത്തേക്ക് അടിച്ചു. അടുത്ത നിമിഷം തന്നെ മനു വേദന കൊണ്ട് പുളഞ്ഞു താഴെ വീണു.ഉടനെ തന്നെ അവന്റെ ഷർട്ടിൽ പിടിച്ചു അവനെ എഴുന്നേൽപ്പിച്ചു ലെച്ചു അവന്റെ മുഖത്തു തലങ്ങും വിലങ്ങും അടിച്ചു. മൂക്കിലും വായിലും കയറിയ കുരുമുളകിന്റെ എരിവ് മനുവിന് സഹിക്കാൻ കഴിയുന്നതിലും അപ്പുറം ആയിരുന്നു.അതിന്റെ കൂടെ ലെച്ചുവിന്റെ സർവ്വ ശക്തിയും എടുത്തുള്ള അടി കൂടെ ആയപ്പോൾ മനുവിന് ബോധം മറയുന്നത് പോലെ തോന്നി. അവന്റെ ബോധം പോയി മനു നിലത്ത് വീണിട്ടും കലി അടങ്ങാതെ ലെച്ചു അവനെ ചവിട്ടി കൂട്ടി.

ശരിക്കും വല്ലാത്ത ഒരവസ്ഥയിൽ ആയിരുന്നു ലെച്ചു അപ്പോൾ. അവൾ ചെയ്യുന്നത് ആദ്യം ഒക്കെ നോക്കി നിന്നു എങ്കിലും ഭ്രാന്തിയെ പോലെ അവൾ പെരുമാറുന്നത് കണ്ടു അർജുൻ ഉടനെ തന്നെ ലെച്ചുവിനെ പുറകിലൂടെ ചെന്നു പിടിച്ചു. ആദ്യം ഒക്കെ കുതറി മാറി മനുവിന്റെ അടുത്തേക്ക് പിന്നെയും പോകാൻ ലെച്ചു നോക്കി എങ്കിലും പതിയെ പതിയെ അവൾ നോർമൽ ആവാൻ തുടങ്ങി.കുറച്ചു സമയം കഴിഞ്ഞു തലയുടെ ഭാരം കുറഞ്ഞു എന്ന് കണ്ടു ലെച്ചു കണ്ണ് തുറന്നപ്പോൾ അവൾ അർജുന്റെ നെഞ്ചോടു പറ്റി ചേർന്ന് നിൽക്കുകയായിരുന്നു.അർജുൻ പതുക്കെ അവളുടെ മുടിയിൽ തലോടുന്നുമുണ്ട്.

അത് മനസിലാക്കി ഉടനെ തന്നെ അവൾ അവനെ വിട്ട് മാറി. അത് കണ്ടു അർജുൻ അവളെ നോക്കി ചിരിച്ച അടുത്ത നിമിഷം തന്നെ പടക്കം പൊട്ടുന്നത് പോലെ ഒരടി ലെച്ചു അർജുന്റെ മുഖം നോക്കി കൊടുത്തിരുന്നു.കുറച്ചു സമയത്തേക്ക് എന്താണ് സംഭവിച്ചത് എന്ന് മനസിലാവാതെ അർജുൻ മുഖം താഴ്ത്തി നിന്നു എങ്കിലും ബോധം വന്നു മുഖം ഉയർത്തി നോക്കുമ്പോൾ മുന്നിൽ അഴിച്ചിട്ട മുടിയും കണ്ണ് നീര് കൊണ്ട് ചുവന്ന കണ്ണുകളും ആയി നിൽക്കുന്ന സംഹാര ദുർഗയായ ലെച്ചുവിനെ കണ്ടു അവൻ അമ്പരന്നു.

എന്ന് സ്വന്തം ലക്ഷ്മി ❣️

ലയനം : ഭാഗം 6