Friday, November 22, 2024
Novel

ലയനം : ഭാഗം 4

എഴുത്തുകാരി: ദുർഗ ലക്ഷ്മി

ചെറിയ ഷോപ്പ് ആണെങ്കിലും ലെച്ചു അത്യാവശ്യം വിലയുള്ള 2 ചുരിദാറും ഒരു സാരിയും വാങ്ങി.എന്തൊക്കെ പറഞ്ഞാലും അർജുന്റെ ഭാര്യ എന്ന കണ്ണിലൂടെയെ ഇനി എല്ലാവരും അവളെ കാണു. അത് കൊണ്ട് തന്നെ അവന് മോശം വരേണ്ട എന്ന് കരുതി അവൾ. ഡ്രെസ് എടുക്കൽ ഒക്കെ പെട്ടെന്ന് കഴിഞ്ഞു ഇനി എന്ത് വേണം എന്ന് ആലോചിച്ചു കുറച്ചു സമയം അവൾ നിന്നു.വീട്ടിലേക്ക് പോയാലോ എന്ന് ചിന്തിച്ചു എങ്കിലും അർജുൻ എവിടെ എന്ന് അമ്മ ചോദിച്ചാൽ എന്ത് പറയും എന്ന് കരുതി അവൾ വേഗം തന്നെ അർജുനെ വിളിച്ചു. പ്രിയ അപ്പോഴും അർജുന്റെ കൈയിൽ തൂങ്ങി തന്നെ നടക്കുകയായിരുന്നു.

കഴിഞ്ഞ ആഴ്ച കല്യാണം പ്രമാണിച്ചു ഡ്രസ്സ്‌ എടുത്തത് പോരാതെ പിന്നെയും ഓരോ ഷോപ്പ് അവളുടെ കൂടെ കയറി ഇറങ്ങുമ്പോൾ ആണ് ലെച്ചു അർജുനെ വിളിക്കുന്നത്. അത് കണ്ടു പ്രിയ ഫോൺ തട്ടി പറിച്ച് എടുക്കാൻ നോക്കുമ്പോഴേക്കും അർജുൻ കാൾ എടുത്തിരുന്നു.”ഹലോ… “, അവളുടെ കാൾ വെയിറ്റ് ചെയ്ത് നിന്നത് പോലെ അവൻ കാൾ അറ്റൻഡ് ചെയ്തു. “സാർ,പ്രിയയുടെ ഷോപ്പിംഗ് കഴിഞ്ഞോ? ഇല്ലെങ്കിൽ എന്നെ വീട്ടിൽ വിട്ടിട്ട് തിരിച്ചു വന്നോളൂ.ബസിന് പോയാൽ അമ്മ ചോദിക്കില്ലേ.അത് കൊണ്ടാണ് “, ലെച്ചു പറഞ്ഞത് കേട്ട ഉടനെ അർജുൻ പ്രിയയുടെ കൈ എടുത്തു മാറ്റി നടക്കാൻ തുടങ്ങിയിരുന്നു. ഒറ്റ ദിവസം കൊണ്ട് അവന് വന്ന മാറ്റം കണ്ട് പ്രിയക്ക് അത്ഭുതത്തെക്കാൾ ദേഷ്യം ആണ് തോന്നിയത്.

അവനെ പിടിച്ചു വെക്കാൻ തീരുമാനിച്ചു പ്രിയ അർജുന്റെ പുറകെ ഓടി എങ്കിലും അവന്റെ പൊടി പോലും കണ്ടത്താൻ അവൾക്ക് പറ്റിയില്ല. പ്രിയ ഓടി മാളിന് പുറത്ത് എത്തുമ്പോഴെക്കും അർജുനും ലെച്ചുവും കാറിൽ കയറി പോയിരുന്നു. അത് കണ്ട് ഉടനെ തന്നെ അവൾ ആ വിവരം അമ്മ ശ്യാമയെ വിളിച്ചു പറഞ്ഞു. ലെച്ചുവും അർജുനും വീട്ടിൽ എത്തിയപ്പോൾ ഇന്ദു അമ്മ അവരെയും പ്രതീക്ഷിച്ച് എന്ന പോലെ ഉമ്മറത്ത് തന്നെ ഉണ്ടായിരുന്നു. “വേഗം പോയി ഡ്രസ്സ്‌ മാറ്റി വാ.അമ്മ നിങ്ങൾക്ക് ഇഷ്ടം ഉള്ളത് എല്ലാം ഉണ്ടാക്കിയിട്ടുണ്ട്”,അമ്മ പറഞ്ഞത് കേട്ട് അർജുൻ അത്ഭുതപ്പെട്ടു. നേരം ഒരുപാട് ആയത് കൊണ്ട് എന്തെങ്കിലും കഴിച്ചിട്ട് പോകാം എന്ന് പറഞ്ഞിട്ടും ലെച്ചു അത് സമ്മതിക്കാതെ ഇരുന്നതിനുള്ള കാരണം ഇതാണ് എന്ന് അർജുന് പെട്ടെന്ന് തന്നെ മനസിലായി.

സാധാരണ ആയി സാർ പോയി കഴിച്ചോളൂ എന്ന് അവൾ പറയും എന്ന് അവൻ വിചാരിച്ചു എങ്കിലും നമുക്ക് വീട്ടിൽ ചെന്നിട്ട് കഴിക്കാം അമ്മ കാത്തിരിക്കുന്നുണ്ടാവും എന്ന് അവൾ പറഞ്ഞത് അവൻ ഓർത്തു. ഒരുപക്ഷെ കഴിച്ചിട്ട് വന്നിരുന്നു എങ്കിൽ അത് അമ്മക്ക് എത്ര സങ്കടം ആയേനെ എന്ന് ആലോചിച്ചപ്പോൾ ലെച്ചുവിനോട് താങ്ക്സ് പറയണം എന്ന് പോലും തോന്നി പോയി അവന്. ലെച്ചു വേഗം തന്നെ ഡ്രസ്സ്‌ മാറി അവനെ നോക്കാതെ താഴേക്ക് പോയി.അർജുനും നല്ല വിശപ്പ് ഉള്ളത് കൊണ്ട് നേരം കളയാതെ അവനും ചെന്നു. അമ്മയും ലെച്ചുവും അല്ലാതെ ബാക്കി ആരും അവിടെ ഉണ്ടായിരുന്നില്ല.മുറിയിൽ നിന്നും വരുമ്പോൾ അവനെ നോക്കിയില്ല എങ്കിലും എല്ലാം വിളമ്പി വെച്ച ഇലയുടെ മുന്നിൽ അവൾ അവനെയും നോക്കി ഇരിക്കുന്നുണ്ടായിരുന്നു.

അപ്പോഴേക്കും ഇന്ദു അമ്മയും അവളുടെ അടുത്ത് വന്നിരുന്നു. കഴിച്ചു തുടങ്ങിയപ്പോൾ ആണ് ലെച്ചുവിന്റെ മുന്നിൽ ഇലയില്ല എന്നത് അർജുന്റെ ശ്രദ്ധയിൽ പെട്ടത്.അവൻ അത് ചോദിക്കാൻ ആയി തുടങ്ങുന്നതിനു മുന്നേ തന്നെ ഇന്ദു അമ്മ അവൾക് വാരി കൊടുക്കാൻ തുടങ്ങിയിരുന്നു.ഒപ്പം സ്വന്തം കഴിക്കാനും. ഓഫീസിൽ വെച്ച് എന്നും ഉച്ചക്ക് കാന്റീനിലെ രാജു ഏട്ടൻ ലെച്ചുവിന് സ്പെഷ്യൽ ആയി ഒരു കുഞ്ഞു കുട്ടി കഴിക്കുന്ന അത്രയും മാത്രം ഉള്ള ചോറും കറികളും കൊണ്ട് കൊടുക്കുമ്പോൾ ആദ്യം അവർക്ക് മിസ്റ്റേക്ക് പറ്റിയതാണ് എന്നാണ് അർജുൻ കരുതിയിരുന്നത്.എന്നാൽ ആരും അറിയാതെ നടത്തിയ അന്വേഷണത്തിൽ നിന്ന് ലെച്ചു പറഞ്ഞതിൽ പ്രകാരം ആണ് അങ്ങനെ ചെയ്യുന്നത് എന്ന് രാജു ഏട്ടൻ പറഞ്ഞു.

ഭക്ഷണം വേസ്റ്റ് ആക്കാൻ മടിച്ചു ലെച്ചു കണ്ട് പിടിച്ച ഐഡിയ ആണ് അത് എന്ന് പിന്നെ എപ്പോഴോ അഞ്ചു എന്തോ പറഞ്ഞ് വന്ന കൂട്ടത്തിൽ നിന്ന് അറിഞ്ഞു. ഒരു ഫുൾ ചോറ് കഴിക്കാൻ പറ്റാത്ത ആൾ ആണ് അമ്മ വാരി കൊടുക്കുമ്പോൾ ഒരു പറ കഴിക്കുന്നത് എന്ന് കണ്ടു അർജുന് പെട്ടെന്ന് ചിരി വന്നു. “നോക്ക് അമ്മാ,കളിയാക്കി ചിരിക്കുന്നു “,ലെച്ചുവിന്റെ ചിണുങ്ങി കൊണ്ടുള്ള സംസാരം കേട്ടപ്പോൾ ആണ് അർജുന് പെട്ടെന്ന് ബോധം വന്നത്. “അവൻ അങ്ങനെ പലതും ചെയ്യും മോളെ.നീ കാര്യം ആക്കേണ്ട.അമ്മമാർ വാരി കൊടുക്കുന്നത് ഒക്കെ അവർക്ക് കുറച്ചിൽ ആണ്.എത്രയോ കാലം മുന്നേ തന്നെ ആ പരിപാടിക്ക് ഒക്കെ ഇവർ ഇവിടെ വിലക്ക് കല്പ്പിച്ചതാ…”, അമ്മ ഗൗരവത്തിൽ പറഞ്ഞു.

അതിൽ ചിതറി കിടക്കുന്ന സങ്കടത്തിന്റെ അംശം ആദ്യം ആയി അർജുനും മനസിലായി. “എന്റെ അമ്മ,ചിരിച്ചു എന്നുള്ളത് സത്യം തന്നെയാ.അത് പക്ഷെ അമ്മ വാരി കൊടുക്കുന്നത് കണ്ടിട്ട് ഒന്നും അല്ല.ഈ ലെച്ചു ഓഫീസിൽ നിന്ന് കഴിക്കുന്നത് അമ്മ കണ്ടിട്ടില്ലല്ലോ.നമ്മുടെ കാർത്തുട്ടി വരെ ഇവളെക്കാളും കൂടുതൽ കഴിക്കും.അങ്ങനെ ഒരാള് ഇങ്ങനെ കഴിക്കുന്നത് കാണുമ്പോൾ എനിക്ക് പെട്ടന്ന് ചിരി വന്നു.പിന്നെ അമ്മയും ഒട്ടും മോശം അല്ല.സ്വാഭാവികം അല്ലേ… “, അർജുൻ പറഞ്ഞത് കേട്ട് ഇന്ദു അമ്മ രൂക്ഷമായി ലെച്ചുവിനെ നോക്കി.കള്ളം കണ്ട് പിടിച്ച കുട്ടിയെ പോലെ അവൾ തല താഴ്ത്തി നിന്നു എങ്കിലും രണ്ടു കാര്യത്തിൽ അവൾക്ക് അത്ഭുതം തോന്നി.

ഒന്നാമതായി അർജുൻ അവളെ ലെച്ചു എന്ന് വിളിച്ചതായിരുന്നു ഞെട്ടലിന് കാരണം.പിന്നെ ഉള്ളത് ഇടക്കൊക്കെ അർജുൻ ഭക്ഷണം കഴിക്കാൻ ആയി അവരുടെ കൂടെ വരും എങ്കിലും തല ഉയർത്തി അവളെ ഒന്ന് നോക്കുക പോലും ഇല്ലായിരുന്നു.എന്നിട്ടും കഴിക്കുന്ന ചോറിന്റെ അളവ് പോലും അവൻ പറഞ്ഞത് എങ്ങനെ എന്ന് അവൾ ആലോചിച്ചു. “ഇനി ഇപ്പോൾ തന്നെ താഴ്ത്തി നിൽക്കുകയൊന്നും വേണ്ട.നാളെ മുതൽ ഞാൻ തന്നു വിടുന്നത് മുഴുവൻ കഴിച്ചില്ല എങ്കിൽ ഈ പരിസരത്തേക്ക് നിന്നെ അടുപ്പിക്കില്ല, കേട്ടോടി കാന്താരി… “, അവളുടെ ഭാവം കണ്ട് അമ്മ പെട്ടെന്ന് പറഞ്ഞു. അത് കേട്ട് ലെച്ചുവിന്റെ മുഖം കുറച്ചു കൂടി തെളിഞ്ഞു. അവൾ അർജുനെ നോക്കി ചുണ്ട് കോട്ടി പിന്നെയും അമ്മയുടെ അടുത്തേക്ക് നീങ്ങിയിരുന്നു.

സത്യം പറഞ്ഞാൽ അമ്മയുടെ കൈയിൽ നിന്നും ഒരിത്തിരി ചോറ് കഴിക്കണം എന്ന് അർജുനും വലിയ ആഗ്രഹം തോന്നി.ലെച്ചു കളിയാക്കില്ല എങ്കിലും അമ്മ തന്നെ കളിയാക്കി കൊല്ലും എന്ന് ഉറപ്പ് ഉള്ളപ്പ് ഉള്ളത് കൊണ്ട് അർജുൻ തത്കാലം അവന്റെ ആഗ്രഹം അവിടെ ഉപേക്ഷിച്ചു ഇല മടക്കി. കൈ കഴുകാൻ എഴുന്നേൽക്കാൻ ആയി അർജുൻ പോയതും പെട്ടെന്ന് ലെച്ചു അവന്റെ കൈയിൽ കയറി പിടിച്ചു.അമ്മയും അർജുനും ഒരുപോലെ ഞെട്ടിയിരുന്നു അവളുടെ പ്രവർത്തിയിൽ. “അങ്ങനെ അങ്ങ് പോയാലോ മാഷേ…എന്നെയും അമ്മയെയും കളിയാക്കിയിട്ട് വെറുതെ അങ്ങ് പോകാം എന്ന് കരുതിയോ.ഇവിടെ ഇരിക്ക് എനിക്ക് കുറച്ചു പറയാൻ ഉണ്ട്”,കൈയിൽ പിടിച്ചതും പോരാതെ അവളുടെ ഡയലോഗ് കൂടി കേട്ടപ്പോൾ അർജുന്റെ കിളികൾ എല്ലാം എവിടേക്കോ പറന്ന അവസ്ഥയിൽ ആയിരുന്നു.

ഇവൾ ഇത് എന്ത് ഭാവിച്ചാണ് എന്ന ഭാവത്തിൽ അർജുൻ അതെ പോലെ അവിടെ ഇരുന്നു.ഇന്ദു അമ്മയുടെ മുഖത്ത് പക്ഷെ നന്നായി പോയി എന്ന ഭാവം ആണ് എന്ന് അർജുന് പെട്ടെന്ന് മനസിലായി. “നമ്മളെ കളിയാക്കിയത് അല്ലേ അമ്മേ… മോനെ നല്ലോണം ഒന്ന് ഊട്ടി വിട്ടേ… “, ലെച്ചു ആ പറഞ്ഞത് കേട്ട് ഞെട്ടിയത് ഇന്ദു അമ്മയാണ്.എന്നാൽ നേരത്തെ ഉണ്ടായിരുന്ന അങ്കലാപ്പ് ഒക്കെ മാറി അർജുന്റെ മുഖത്ത് വിചാരിച്ചത് എന്തോ കിട്ടിയ സന്തോഷം ആയിരുന്നു. ഇന്ദു അമ്മ എന്തെങ്കിലും പറയും എന്ന് ലെച്ചുവും അർജുനും വിചാരിച്ചു എങ്കിലും അവർ ഒന്നും മിണ്ടാതെ തന്നെ ഇലയിൽ ബാക്കി ഉണ്ടായിരുന്ന ചോറ് അർജുന് വാരി കൊടുത്തു.പിന്നെ ഒന്നും മിണ്ടാതെ ഇലയും ആയി എഴുന്നേറ്റു പോയി.

അപ്പോഴേക്കും അർജുന്റെ കണ്ണുകളും നിറഞ്ഞു തുടങ്ങിയിരുന്നു.അത് കൊണ്ട് അവനും വേഗം തന്നെ കൈ കഴുകാൻ എഴുന്നേറ്റു.രണ്ടു പേരുടെയും പെരുമാറ്റം കണ്ടു ലെച്ചുവിന്റെ മുഖത്ത് ചെറിയൊരു ചിരി വിടർന്നു.ഇതൊക്കെ ഇത്രയേ ഉള്ളൂ എന്ന നനുത്ത ഒരു പുഞ്ചിരി…. ഭക്ഷണം കഴിഞ്ഞ് അർജുനും ലെച്ചുവും ഒന്നിച്ചാണ് റൂമിലേക്ക് വന്നത്.ഇന്ദു അമ്മയെ മനപ്പൂർവം അവൾ ഒറ്റക്ക് വിട്ടു.അത് പോലെ അർജുനും അവളോട് എന്തൊക്കെയോ പറയണം എന്ന് ഉണ്ടായിരുന്നു.പക്ഷെ അവനും മൗനം പാലിച്ചു.എന്നാൽ ലെച്ചുവിന് അതൊന്നും വലിയ സംഭവം ആയി തോന്നാത്തത് കൊണ്ട് അവൾ വളരെ കൂൾ ആയി തന്നെ ഇരുന്നു. പുതിയതായി വാങ്ങിയ ഡ്രെസ്സും മറ്റും അടുക്കി വെച്ച് റൂമിൽ കുറച്ചു മാറ്റം ഒക്കെ വരുത്തി എല്ലാം എടുത്തു വയ്ക്കുകയായിരുന്നു ലെച്ചു.

അവളെ സൂക്ഷമായി നിരീക്ഷിച്ചു കൊണ്ട് അർജുനും ഫോണിൽ നോക്കുന്നു എന്ന പോലെ ബെഡിൽ കിടന്നു. പെട്ടന്ന് ആണ് അനന്തു റൂമിലേക്ക് വന്നത്.”ഏട്ടത്തിയുടെ വീട്ടിൽ നിന്ന് ആളുകൾ വന്നിട്ടുണ്ട്.ഇന്ദു വല്യമ്മ താഴേക്ക് വരാൻ പറഞ്ഞു. “, അവൻ പറഞ്ഞത് കേട്ട് ലെച്ചുവിന് സന്തോഷം ആയി.വല്യച്ഛന്റെ കാര്യം ഇപ്പോൾ കൂടി ഓർത്തതെ ഉള്ളൂ എന്ന് അവൾ ആലോചിച്ചു. ലെച്ചു ഒന്നും പറഞ്ഞില്ല എങ്കിലും അർജുനും അവളോടൊപ്പം താഴേക്ക് നടന്നു.കോണി പടികൾ ഇറങ്ങുമ്പോൾ തന്നെ ഹാളിൽ നിന്ന് അമ്മമ്മയുടെ പൊട്ടിച്ചിരികളും മറ്റും അവർ കേട്ടു. വല്യച്ഛൻ മാത്രം അല്ല വന്നിരിക്കുന്നത് എന്ന് പെട്ടെന്ന് തന്നെ ലെച്ചുവിന് മനസിലായി.അവിടേക്ക് എത്താൻ അവളുടെ കാലുകൾ കുതിച്ചു.

ഓടി ചെന്ന് ഹാളിൽ നോക്കിയ ലെച്ചു വല്യമ്മയെയും വല്യച്ഛനെയും അശ്വതിയെയും കൂടെ ശ്രീദേവിയെയും കണ്ടു ഷോക്ക് അടിച്ചത് പോലെ നിന്നു. അത് കണ്ടു ഇന്ദു അമ്മ അവളുടെ അടുത്തേക്ക് നടന്നു.”കല്യാണം കഴിഞ്ഞപ്പോൾ ഞങ്ങളെ ഒക്കെ മറന്നു ഇല്ലേ മോളെ “, വല്യമ്മയുടെ വർത്താനം കേട്ട് അവൾ ദയനീയമായി അവരെ ഒന്ന് നോക്കി. “എന്താണ് സുമതി ഇത്, കല്യാണം ഇന്നലെ കഴിഞ്ഞതല്ലേ ഉള്ളൂ.നീ പറയുന്നത് കേട്ടാൽ തോന്നും മോൾ അവിടെ നിന്നും വന്നിട്ട് വർഷങ്ങൾ ആയി എന്ന് “, വല്യച്ഛൻ വല്യമ്മയുടെ ചോദ്യം ഇഷ്ടം ആവാത്തത് പോലെ പറഞ്ഞു. “ഇന്ദു, പോയി ഇവർക്ക് കഴിക്കാൻ എന്തെങ്കിലും കൊണ്ട് വാ “, അമ്മമ്മ പെട്ടെന്ന് പറഞ്ഞു.

ഇന്ദു അമ്മയെ അവിടെ നിന്ന് ഒഴിവാക്കാൻ ആണ് അമ്മമ്മ അത് പറഞ്ഞത് എന്ന് അത് കേട്ടപ്പോൾ തന്നെ എല്ലാവർക്കും മനസിലായി. ഇന്ദു അമ്മ അർജുനെയും ലെച്ചുവിനെയും മാറി മാറി നോക്കി അടുക്കളയിലേക്ക് നടന്നു. ലെച്ചുവിന് അമ്മ എന്തോ പറയാൻ ഉദേശിച്ചത്‌ ആണ് എന്ന് കത്തി എങ്കിലും എന്താണ് എന്ന് മനസിലായില്ല. എന്നാൽ അർജുന് പെട്ടെന്ന് തന്നെ അമ്മ പറഞ്ഞത് മനസിലായി. അവൻ വേഗം വന്നു ലെച്ചുവിനെ ചേർത്ത് പിടിച്ചു.അടുത്ത നിമിഷം ലെച്ചു അടക്കം എല്ലാരും ഞെട്ടി.അശ്വതിയുടെയും ശ്രീദേവിയുടെയും അമ്മമ്മയുടെയും തുടങ്ങി എല്ലാവരുടെയും മുഖം വലിഞ്ഞു മുറുകി എങ്കിലും വല്യച്ഛന്റെ മുഖം അത് വരെ ഉള്ളതിനെക്കാളും തെളിഞ്ഞു അപ്പോൾ.

അപ്പോഴേക്കും ഇന്ദു അമ്മ ചായയും മറ്റും ആയി വന്നു.ലെച്ചുവിനെ ചേർത്ത് പിടിച്ചു നിൽക്കുന്ന അർജുനെ കണ്ട് അവരുടെ മുഖം തിളങ്ങി. ചായയും മറ്റും എടുത്തു കൊടുക്കാൻ ഇന്ദു അമ്മയെ സഹായിക്കുമ്പോഴും അണിയറയിൽ പുതിയ എന്തോ പദ്ധതി ഒരുങ്ങുന്നു എന്ന് ലെച്ചുവിന് മനസിലായി. പക്ഷെ അത് എന്താണ് എന്ന് മാത്രം അവൾക്ക് ഒരുപിടിയും കിട്ടിയില്ല. ആകെ ചോദിക്കാൻ ഉള്ളത് വല്യച്ഛനോട്‌ ആണ്. പക്ഷെ ഇത് വരെ നടന്ന ഒരു കാര്യം പോലും അറിയാത്ത അദ്ദേഹത്തിന് ഒന്നും പറയാൻ ഉണ്ടാവില്ല എന്ന് അവൾക്ക് ഉറപ്പായിരുന്നു. ചായ കുടിച്ച് കഴിഞ്ഞ് അശ്വതി ഫോണും എടുത്തു പുറത്തേക്ക് പോകുന്നത് ലെച്ചു കണ്ടു.ആരും കാണാതെ അവളും അശ്വതിയുടെ പുറകെ പോയി.

പുറത്ത് വല്യച്ഛനും ആയി സംസാരിച്ചു നിൽക്കുന്ന അർജുന്റെ അടുത്തേക്ക് ആണ് അവള് പോകുന്നത് എന്ന് കണ്ടു എന്തൊക്കെയോ മനസിലായത് പോലെ അവൾ നിന്നു. എല്ലാം കഴിഞ്ഞ് തിരികെ അവർ പോകുമ്പോൾ രാത്രിയായിരുന്നു.പോകാൻ നേരം വല്യമ്മ അവരെ വീട്ടിലേക്ക് ക്ഷണിച്ചത് കൂടി കേട്ടപ്പോൾ ലെച്ചുവിന്റെ ബോധം തന്നെ പോയി.ഇന്ദു അമ്മയും അച്ഛനും നാളെ തന്നെ ലെച്ചുവിനെയും അർജുനെയും പറഞ്ഞു വിടാം എന്ന ഉറപ്പ് അവർക്ക് കൊടുക്കുകയും ചെയ്തു. റൂമിൽ എത്തിയപ്പോൾ വളരെ അധികം ടെൻഷൻ അടിച്ചു നടക്കുന്ന ലെച്ചുവിനെ ആണ് അർജുൻ കണ്ടത്.”സാർ, അശ്വതി ചേച്ചി എന്താ പറഞ്ഞത് “, അവനെ കണ്ടപ്പോൾ തന്നെ ഓടി വന്നു അവൾ ചോദിച്ചു.

“അവൾ ഒന്നും പറഞ്ഞില്ലല്ലോ”,ലെച്ചുവിനെ സംശയത്തിൽ ഒന്ന് നോക്കി ഒഴുക്കൻ മട്ടിൽ അർജുൻ പറഞ്ഞു. “സാർ,സാറിനു എത്രത്തോളം അറിയും എന്ന് എനിക്ക് അറിയില്ല.എന്തോ പുതിയ പദ്ധതിയുമായി വന്നതാണ് അവർ.അല്ലാതെ അമ്മയും വല്യമ്മയും ഒന്നും ഇങ്ങോട്ട് വരില്ല.അത് കൊണ്ടാണ് ഞാൻ ചോദിക്കുന്നത്.സാറിന്റെ പേർസണൽ കാര്യം ആണ് എന്ന് അറിയാം.എങ്കിലും എന്നെ ഒന്ന് സഹായിക്കണം”,ലെച്ചു വീണ്ടും പറയുന്നത് കേട്ട് സത്യത്തിൽ അവന് ദേഷ്യം വന്നു. “എന്തെങ്കിലും പറഞ്ഞു എങ്കിൽ കൂടെ നിന്നോട് പറയാൻ എനിക്ക് സൗകര്യം ഇല്ല.നീ പോയി കേസ് കൊടുക്ക്.”,അശ്വതി ജസ്റ്റ്‌ മാപ്പ് പറഞ്ഞ് പോയി എന്നല്ലാതെ വേറെ ഒന്നും പറഞ്ഞിരുന്നില്ല.ലെച്ചുവിനോട് അത് പറയാൻ അവന് എന്തോ തോന്നിയില്ല.

അത് കേട്ട് ആദ്യം ആയി ലെച്ചുവിന്റെ കണ്ണുകൾ നിറഞ്ഞു.അവൾ നോക്കി നിൽക്കേ തന്നെ അർജുൻ ലൈറ്റ് ഓഫ്‌ ചെയ്ത് കിടന്നു.ഇനി അവിടെ നിന്നത് കൊണ്ട് കാര്യം ഇല്ല എന്ന് മനസിലാക്കി ലെച്ചുവും കിടക്കാൻ പോയി. “എനിക്ക് എന്തെങ്കിലും വരുമോ എന്ന് പേടിച്ചിട്ടല്ല മനുഷ്യ,നിങ്ങൾക് ഒന്നും വരാതെ ഇരിക്കാനാ ചോദിച്ചത്.അതിന് മറുപടി പറയാൻ പറ്റില്ലെങ്കിൽ വരാൻ ഉള്ളത് നമുക്ക് ഒന്നിച്ചനുഭവിക്കാം”, പോകുന്നതിന് മുന്നേ പതുക്കെയാണെങ്കിലും ലെച്ചു പറഞ്ഞത് വ്യക്തമായി തന്നെ അർജുൻ കേട്ടു.മറുപടി പറയാൻ തോന്നി എങ്കിലും അർജുൻ അനങ്ങാതെ തന്നെ കിടന്നു. സാധാരണയായി എന്തെങ്കിലും കാര്യം ഉണ്ടെങ്കിൽ ഒരുപോള കണ്ണടക്കാൻ കഴിയാത്ത അവൾക്ക് ഇന്നും പ്രത്യേകിച്ച് ഒന്നും തോന്നിയില്ല.

മനസ്സിൽ ആകെ ധൈര്യം വന്നത് പോലെ ഒരു ഫീൽ.അത് കൊണ്ട് തന്നെ പെട്ടെന്ന് അവൾ ഉറക്കത്തിലേക്ക് വീണു. പിറ്റേന്ന് രാവിലെ തന്നെ ഇന്ദു അമ്മ ലെച്ചുവിനെയും അർജുനെയും അവളുടെ മുത്തശ്ശിയെയും മുത്തച്ഛനെയും കാണാൻ ആയി പറഞ്ഞു വിട്ടു.ലെച്ചു അമ്മയോട് ആകെ ആവശ്യപ്പെട്ട ഒരു കാര്യം അത് മാത്രം ആയിരുന്നു.അവിടെ നിന്ന് വൈകീട്ട് നേരെ വീട്ടിലേക്ക് ചെന്ന് പിറ്റേന്ന് തിരികെ വരുക.അതായിരുന്നു അവരുടെ പ്ലാൻ. മുത്തശ്ശിയുടെ അടുത്ത് നിന്നും തിരികെ വരുമ്പോൾ തന്നെ ലെച്ചുവിന്റെ മുഖം ആകെ മാറിയിരുന്നു.അത് മനസിലാക്കി എങ്കിലും അർജുൻ ഒന്നും അവളോട് ചോദിച്ചില്ല അവളുടെ വീട് എത്താൻ ഏകദേശം ആയ നേരം ആദ്യം ആയി അവൾ അവനോട് സംസാരിച്ചു.

“സാർ,വണ്ടി ഒന്ന് നിർത്തുമോ.എനിക്ക് സംസാരിക്കാൻ ഉണ്ട്”,ആദ്യം അത് കേട്ട ഭാവം അവൻ നടിച്ചില്ല എങ്കിലും അവളുടെ കുഞ്ഞി മുഖത്ത് ആശങ്ക പടരുന്നത് കണ്ടു അർജുൻ വണ്ടി ഒതുക്കി. “അശ്വതി ചേച്ചി പറഞ്ഞു കാര്യങ്ങൾ ഒക്കെ സാറിന് അറിയാം എന്ന് ഞാൻ വിശ്വസിക്കുന്നു.എനിക്ക് അറിയില്ല അവിടെ ചെന്നാൽ എന്താണ് സംഭവിക്കുക എന്ന്.എന്ത് വേണമെങ്കിലും സംഭവിക്കാം.എനിക്ക് എന്ത് പറ്റിയാലും അതൊന്നും പ്രശ്നം അല്ല.ബട്ട്‌ ഞാൻ കാരണം സാറിനു എന്തെങ്കിലും പറ്റിയാൽ… അത് എനിക്ക് ഓർക്കാൻ പോലും പറ്റുന്നില്ല.സാറിനു നേരെ പ്രശ്നത്തിന് ഒന്നും അവർ വരില്ല എന്ന എന്റെ ഒരു വിശ്വാസത്തിൽ ആണ് പോകാം എന്ന് സമ്മതിച്ചത് തന്നെ.”,

ചെറിയൊരു പ്രസംഗം തന്നെ നടത്തി ലെച്ചു നോക്കുമ്പോൾ അർജുൻ ചെവിയിൽ ഹെഡ്ഫോൺസ് തിരുകി പുറത്തേക്ക് നോക്കി ഇരിക്കുകയായിരുന്നു. ഇത്രയും നേരം ഇത് ചെവിയിൽ ഇല്ലല്ലോ, പെട്ടെന്ന് എങ്ങനെ വന്നു എന്ന് അവൾ ചിന്തിച്ചു.പിന്നെ എല്ലാം മനസിലായത് പോലെ അവനെ തട്ടി വിളിച്ചു വണ്ടി എടുക്കാൻ പറഞ്ഞു അവൾ. എന്ത് വന്നാലും അനുഭവിക്കട്ടെ എന്ന് കരുതി അവൾ ദേഷ്യപ്പെട്ടു പുറത്തേക്ക് നോക്കിയിരുന്നു. അർജുന് അവളുടെ കളി കണ്ടു ചിരി വന്നു എങ്കിലും അവൻ അത് അടക്കി വണ്ടി എടുത്തു. വല്യച്ഛൻ അവരെ പ്രതീക്ഷിച്ചു എന്ന പോലെ നേരത്തെ തന്നെ പുറത്ത് ഉണ്ടായിരുന്നു.അദ്ദേഹം സന്തോഷത്തോടെ അവരെ അകത്തേക്ക് ക്ഷണിച്ചു.

അപ്പോഴേക്കും ശ്രീദേവി അടക്കം ഉള്ളവർ പുറത്തേക്ക് വന്നു. അമ്മയുടെ മുഖത്തേക്ക് നോക്കണം എന്ന് ഉണ്ടായിരുന്നു എങ്കിലും അവൾ മുഖം കുനിച്ചു തന്നെ അകത്തേക്ക് നടന്നു. എന്നാൽ പെട്ടെന്ന് തന്നെ അശ്വതിയും വല്യമ്മയും അവളെ പിടിച്ചു വെച്ചു.വല്യച്ഛന്റെ കൂടെ മുന്നിൽ നടന്ന അർജുൻ പക്ഷെ അത് അറിഞ്ഞില്ല. “ടീ… നീ എന്താ കരുതിയത്, നിന്നെ സൽക്കരിക്കാൻ ആണ് വിളിച്ചു വരുത്തിയത് എന്നോ. അർജുൻ എന്റെയാണ്.എന്റെ മാത്രം.അവനെ എനിക്ക് തിരികെ വേണം. എന്ത് വഴി സ്വീകരിച്ചായാലും ഞാൻ അത് നേടി എടുക്കും”, വിറച്ചു കൊണ്ട് അശ്വതി അത് പറഞ്ഞപ്പോൾ ആദ്യം ലെച്ചു ഒന്ന് ഞെട്ടി എങ്കിലും പിന്നെ അവൾ ഒന്ന് ചിരിച്ചു.

“എന്നിട്ട് ആണോ ജാതകത്തിൽ എന്തോ ഉണ്ട് എന്ന് പറഞ്ഞു കല്യാണം വേണ്ട എന്ന് വെച്ചത്.”,പെട്ടെന്ന് തന്നെ ലെച്ചുവിൽ നിന്ന് വന്ന മറുപടി കേട്ട് അവർ 3 പേരും ഞെട്ടി. കരഞ്ഞു കാലു പിടിക്കും എന്നൊക്കെ കരുതിയവൾ ചിരിയോടെ ആരും അറിയാത്ത സത്യം വിളിച്ചു പറഞ്ഞു ചിരിയോടെ നില്കുന്നത് മൂന്ന് പേരും തെല്ല് അമ്പരപ്പോടെ നോക്കി നിന്നു. “അച്ചു ഏട്ടൻ എനിക്ക് എന്റെ അമ്മ ആദ്യം ആയി തന്നെ സമ്മാനം ആണ്.അത് കൊണ്ട് അത്ര പെട്ടെന്ന് ഒന്നും ആ സമ്മാനം വിട്ട് തരാൻ ഞാൻ ഉദ്ദേശിക്കുന്നില്ല”,അത്രയും പറഞ്ഞു അതെ പുഞ്ചിരിയോടെ ലെച്ചു വീടിനകത്തേക്ക് നടന്നു. അവൾ നേരെ പോയത് സ്വന്തം മുറിയിലേക്ക് ആയിരുന്നു.അഞ്ചു എടുക്കാത്ത കുറച്ചു സാധനങ്ങൾ കൂടി അവിടെ ഉണ്ടായിരുന്നു.

അതൊക്കെ ആദ്യം തന്നെ അവൾ എടുത്തു വെച്ചു.അവളുടേതായി ഇനി ഒന്നും തന്നെ ആ മുറിയിൽ ബാക്കി ഉണ്ടായിരുന്നില്ല.ഇനി ഒരിക്കലും തിരിച്ചു അങ്ങോട്ട് ഇല്ലാത്ത പോലെ ആയിരുന്നു അവളുടെ പെരുമാറ്റം മുഴുവൻ. എല്ലാം കഴിഞ്ഞു അവൾ റൂമിൽ നിന്ന് പുറത്ത് ഇറങ്ങിയപ്പോൾ അശ്വതി അവളെയും നോക്കി പുറത്ത് തന്നെ ഉണ്ടായിരുന്നു.”എങ്ങോട്ടാ മോള് തള്ളി കേറി.ഓഹ്, അച്ചു ഏട്ടനെ കാണാൻ ആവും ഇല്ലേ… മര്യാദക്ക് അടങ്ങി ഒതുങ്ങി അടുക്കളയിൽ എങ്ങാനും പോയി ഇരുന്നോ.പോകുന്നതിന് മുന്നേ എനിക്ക് അർജുനോട്‌ കുറച്ചു കാര്യങ്ങൾ പറയാൻ ഉണ്ട്”, അശ്വതി പറഞ്ഞത് കേട്ട് ലെച്ചു പ്രത്യേകിച്ച് ഒന്നും പറയാതെ തന്നെ അടുക്കളയിലേക്ക് നടന്നു.

അർജുന് കണ്ട് ഇഷ്ടപ്പെട്ട പെൺകുട്ടിയാണ് അശ്വതി ചേച്ചി.തെറ്റ് തിരിച്ചറിഞ്ഞു അത് തിരുത്താൻ ചേച്ചി ശ്രമിക്കുന്നത് നല്ല കാര്യം അല്ലേ.അടുക്കളയിൽ നിന്ന് കൊണ്ട് അവൾ ആലോചിച്ചത് അങ്ങനെയാണ്. അതെ സമയം അർജുന്റെ മുന്നിൽ പലഹാരങ്ങളും മറ്റും നിരത്തുന്ന തിരക്കിൽ ആയിരുന്നു അശ്വതി.വല്യമ്മയും ശ്രീദേവിയും അവന്റെ അടുത്ത് തന്നെ ഇരിക്കുന്നുണ്ട്.വല്യച്ഛനാകട്ടെ പെട്ടെന്ന് എന്തോ തിരക്ക് വന്നു പുറത്തേക്ക് പോവുകയും ചെയ്തു. അവരുടെ സൽക്കാരത്തിൽ ചെറിയൊരു സ്പെല്ലിങ് മിസ്റ്റേക്ക് തോന്നി എങ്കിലും അർജുൻ അത് കാര്യം ആക്കാതെ ഫോണിൽ നോക്കി ഇരുന്നു. എല്ലാം എടുത്തു വെച്ചു അശ്വതി തന്നെ അവന് ചായയും ആയി വന്നു.”കഴിക്ക് മോനെ “, ശ്രീദേവി അവനോട് പറഞ്ഞു.

അപ്പോഴേക്കും അശ്വതി അവന്റെ തൊട്ടടുത്ത് വന്നിരുന്നു.”ലെച്ചു എവിടെ,കണ്ടില്ലല്ലോ… “, അവരെ ഒന്ന് നോക്കി അവൻ ചോദിച്ചു.അത് കേട്ട് അടുക്കളയിൽ നിന്ന ലെച്ചു പോലും അമ്പരന്നു.”അവള് വന്നോളും.അശ്വതി ഉണ്ടല്ലോ മോന് കൂട്ട്.ഇനി ഞങ്ങൾ ഇവിടെ ഇരിക്കുന്നത് ഒരു ശല്യം ആണെങ്കിൽ വാ ചേച്ചി നമുക്ക് പോയേക്കാം”, വല്യമ്മ പറഞ്ഞത് കേട്ട് അർജുന് ശരിക്കും ദേഷ്യം വന്നു. “നിങ്ങളുടെ മോളെ കൂട്ടിന് വേണ്ടി ചോദിച്ചു ഇവിടെ വന്ന ചരിത്രം ഉണ്ട് എനിക്ക്.അപ്പോൾ നിങ്ങൾ തന്നെ എനിക്ക് തന്നെ കൂട്ടാണ് ലെച്ചു.തത്കാലം അവള് തന്നെ മതി എനിക്ക് കൂട്ട്.മര്യാദക്ക് അവളെ വിളിക്കുന്നതാണ് നിങ്ങൾക്ക് നല്ലത്.ഇല്ലെങ്കിൽ ഇപ്പോൾ തന്നെ അവളെയും കൂട്ടി തിരികെ പോകാൻ എനിക്ക് അറിയാം”, അർജുന്റെ മറ്റൊരു മുഖം കണ്ട് അവർ മൂന്നു പേരും അന്തിച്ചു നിൽക്കുകയായിരുന്നു.

അവൻ മറ്റെന്തെങ്കിലും പറയുന്നതിന് മുന്നേ തന്നെ അശ്വതി പോയി ലെച്ചുവിനെ വിളിച്ചു കൊണ്ട് വന്നിരുന്നു. അവർ രണ്ടു പേരും തനിയെ ചായകുടിക്കുമ്പോൾ ലെച്ചുവിന് അർജുനെ നോക്കണം എന്ന് ഉണ്ടായിരുന്നു എങ്കിലും അവൾക്ക് എന്തോ മടി തോന്നി അതിന്. അപ്പോഴേക്കും വല്യച്ഛൻ കുറച്ചു സാധനങ്ങൾ ഒക്കെ വാങ്ങി വന്നിരുന്നു.കുറച്ചു നേരം ആരെങ്കിലും വരുമോ എന്ന് നോക്കി അവൾ അടുക്കളയിൽ നിന്നു എങ്കിലും ആരെയും കാണാത്തതു കൊണ്ട് അവൾ തന്നെ എല്ലാം ഉണ്ടാക്കി.വല്യച്ഛനും ചെറിയ സഹായം ഒക്കെയായി അവളുടെ കൂടെ നിന്നു. അർജുന് പെട്ടെന്ന് ഓഫീസിൽ എന്തോ തിരക്ക് വന്നത് കൊണ്ട് പോയി വരാൻ എന്ന് പറഞ്ഞു അവൻ അങ്ങോട്ട് പോയിരുന്നു. തിരികെ അവൻ വന്നപ്പോൾ അശ്വതി ചിരിച്ചു കൊണ്ട് ഉമ്മറത്തു തന്നെ ഉണ്ടായിരുന്നു.

അവളുടെ വേഷത്തിലും ഭാവത്തിലും ആകെ ഒരു മാറ്റം അവൻ കണ്ടു.സാരിയും മുല്ലപ്പൂവും ഒക്കെ ആയി കൈയിൽ തോർത്തും സോപ്പും ഒക്കെ പിടിച്ചാണ് അവളുടെ നിൽപ്പ്. അവൾ അത് നീട്ടിയപ്പോൾ തന്നെ ഒന്നും പറയാതെ അർജുൻ അത് വാങ്ങി അവൾ കാണിച്ചു കൊടുത്ത മുറിയിലേക്ക് നടന്നു.അത്യാവശ്യം സൗകര്യങ്ങൾ ഉള്ള മുറി ആയിരുന്നു അത്.അവൻ ചുറ്റും ഒന്ന് കണ്ണോടിച്ചു വേഗം കുളിക്കാൻ പോയി. തിരികെ വന്നപ്പോൾ തന്നെ വല്യച്ഛൻ അവനെ ഭക്ഷണം കഴിക്കാൻ ആയി കൂട്ടികൊണ്ട് പോയി. ചപ്പാത്തിയും കറിയും ലെച്ചു തന്നെ ആണ് അവന് എടുത്തു കൊടുത്തത്.അവൾ ഒഴികെ ബാക്കി എല്ലാവരും ടേബിളിന് ചുറ്റും ഉണ്ടായിരുന്നു.ഒരു ചെറിയ കഷ്ണം ചപ്പാത്തി എടുത്തു കറിയിൽ മുക്കി വായിൽ വെച്ചപ്പോൾ തന്നെ അർജുൻ അത്ഭുതപ്പെട്ടു.

അത് വരെ അമ്മയാണ് ഏറ്റവും കൈപ്പുണ്യം ഉള്ള ആള് എന്ന് കരുതിയ അവനേറ്റ ഏറ്റവും വലിയ തിരിച്ചടി പോലെ തോന്നി ആ ഭക്ഷണത്തിന്റെ രുചി. ഓരോ വായും ആസ്വദിച്ചു കഴിക്കുന്ന അർജുനെ അശ്വതി ദേഷ്യത്തോടെ നോക്കി.എന്നാൽ അതൊന്നും അവൻ കാണുന്നുണ്ടായില്ല. ഉച്ചക്ക് അമ്മ വാരി തന്നു കഴിഞ്ഞപ്പോൾ ഉള്ള അതെ അനുഭൂതി അവന് തോന്നി ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോൾ. എല്ലാം കഴിഞ്ഞ് അമ്മയെ വിളിക്കാൻ ആയി ഫോണും എടുത്തു പുറത്തേക്ക് നടക്കുമ്പോൾ എല്ലാവരും കഴിച്ചു വെച്ച പാത്രങ്ങളും മറ്റും എടുത്തു അടുക്കളയിലേക്ക് പോകുന്ന ലെച്ചുവിനെ അവൻ കണ്ടു.ഭക്ഷണത്തിന് മുന്നിൽ അവളെ മറന്ന് പോയതിൽ ചെറിയൊരു കുറ്റബോധം ഒക്കെ തോന്നി അവന്.

അമ്മയെ വിളിച്ചാൽ എന്തായാലും ലെച്ചുവിനെ ചോദിക്കും എന്ന് അറിയുന്നത് കൊണ്ട് അർജുൻ ഫോണും എടുത്തു അടുക്കളയിലേക്ക് നടന്നു. അടുക്കളയിലെ ഒരു സൈഡിൽ ഇരുന്നു ഭക്ഷണം കഴിക്കുന്ന അവളെ കണ്ടപ്പോൾ ചെറിയൊരു വേദന തോന്നി അർജുന്.”എന്താ സാർ, എന്തെങ്കിലും വേണോ”, പെട്ടെന്ന് അവനെ അവിടെ കണ്ട് ചാടി എഴുന്നേറ്റു കൊണ്ട് ചോദിച്ചു. “താൻ എന്താ ഇവിടെ ഇരുന്നു കഴിക്കുന്നേ.”, അവന്റെ മറുചോദ്യം കേട്ട് അവൾ ഒന്ന് ചിരിച്ചു. “ഇതാണ് ഞാൻ ഓർമ വെച്ച കാലം മുതൽ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന സ്ഥലം.വലിയ സോഫ്റ്റ്‌വെയർ കമ്പനി ഉടമയുടെ ഭാര്യ ആയി എന്ന് വെച്ച് വന്ന വഴി മറക്കാൻ പാടുമോ സാർ”, അവൾ കളിയായി പറഞ്ഞത് കേട്ട് അവനും ചിരിച്ചു.

“അമ്മയെ വിളിച്ചില്ലല്ലോ ഇത് വരെ.വിളിച്ചാൽ ലെച്ചു മോളെ എന്തായാലും ചോദിക്കും.അതാ ഞാൻ വന്നത്.ഇനി ഇപ്പോൾ താൻ കഴിച്ചിട്ട് വാ.എന്നിട്ട് വിളിക്കാം”, അവൻ തിരികെ പോകാൻ ആയി എഴുന്നേറ്റു കൊണ്ട് പറഞ്ഞു. “വേണ്ട സാർ, ഇപ്പോൾ തന്നെ വിളിച്ചോ.എനിക്ക് കുറച്ചു പണി ഉണ്ട്.അതൊക്കെ തീർത്തു വരുമ്പോഴേക്കും സമയം ഒരുപാട് ആവും.അമ്മ പേടിക്കേണ്ട വെറുതെ”, അവൾ പറഞ്ഞത് കേട്ട് അർജുൻ ഇന്ദു അമ്മയെ വിളിച്ചു. കാൾ എടുത്ത ഉടനെ തന്നെ അമ്മ ലെച്ചുവിനെ ചോദിച്ചത് കേട്ട് അവന് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല.അങ്ങനെയേ വരു എന്ന് അവന് അറിയാമായിരുന്നു. വരുമ്പോൾ ഫോൺ കൊണ്ട് വന്നാൽ മതി എന്ന് പറഞ്ഞു അവൻ റൂമിലേക്കു നടന്നു.

കുറച്ചധികം സമയം എടുത്തിട്ടും ലെച്ചുവിനെ കാണാത്തതു കൊണ്ട് പോയി നോക്കാൻ അവൻ വിചാരിച്ചു എങ്കിലും കുറച്ചു കൂടി കഴിയട്ടെ എന്ന് കരുതി ഇരിക്കുമ്പോൾ ആണ് അശ്വതി ഫോണും ആയി റൂമിലേക്ക് വന്നത്. “ലെച്ചു എവിടെ… “, ഫോൺ വാങ്ങി കൊണ്ട് അവൻ ഗൗരവത്തിൽ തന്നെ ചോദിച്ചു.”അത് മോനെ, അവൾക്ക് പറ്റാതെ ആയി.അങ്ങനെ ആയാൽ ഇങ്ങോട്ട് വരാൻ പാടില്ല.അത് കൊണ്ട് അവൾ മറ്റേ പഴയ റൂമിൽ തന്നെ കിടന്നു.പഴയ ആചാരം അല്ലേ.തെറ്റിക്കാൻ പറ്റില്ലല്ലോ… മോൻ ഉറങ്ങിക്കോ”, അവന്റെ ചോദ്യത്തിന് വല്യമ്മയാണ് മറുപടി പറഞ്ഞത്. അത് കേട്ടപ്പോൾ തന്നെ അവന് കാര്യം മനസിലായി.ഫോണും എടുത്തു ഉടനെ തന്നെ അവൻ പുറത്തേക്ക് ഇറങ്ങി.

“അർജുൻ എങ്ങോട്ടാ”, അവന്റെ പോക്ക് കണ്ടു അശ്വതി പുറകെ ചെന്ന് ചോദിച്ചു. “ലെച്ചുന് ഇങ്ങോട്ട് വരുന്നതിൽ അല്ലേ പ്രശ്നം ഉള്ളൂ.എനിക്ക് അങ്ങോട്ട് പോകാലോ.പിന്നെ ഈ സമയം അവൾക്ക് ഏറ്റവും വേണ്ടത് എന്റെ സാമിപ്യം ആണ്.സൊ ഞാനും അവിടെ തന്നെ കിടന്നോളാം”,അശ്വതിയെയും വല്യമ്മയെയും നോക്കി പുച്ഛ ഭാവത്തിൽ അർജുൻ അത് പറഞ്ഞു നടക്കുമ്പോൾ എല്ലാം കൈ വിട്ടു പോയി എന്ന ഭാവത്തിൽ അശ്വതിയും വല്യമ്മയും പരസ്പരം നോക്കി നിന്നു

(തുടരും ) ഹലോ dears… എന്റെ ഫോൺ 3ജിയും സിം ഐഡിയയും ആണ്. അത് കൊണ്ട് റേഞ്ച് എന്ന് പറയുന്ന സാധനം എനിക്ക് ഇല്ല.അതാണ് കമനന്റിന് റിപ്ലൈ തരാൻ താമസിക്കുന്നത്.പറ്റുന്നത് പോലെ ഒക്കെ ഞാൻ നോക്കുന്നുണ്ട്.ഒരു റിപ്ലൈക്ക് ഒരു മിനിറ്റ് എന്ന തോതിൽ വേണം.പക്ഷെ എല്ലാരുടെയും കമന്റ്‌ ഞാൻ കാണുന്നുണ്ട്.നിങ്ങൾക്ക് ആവിശ്യം ഉള്ള പാർട്ടുകളും മറ്റും കണ്ടാൽ ഉടനെ തന്നെ ഞാൻ റിപ്ലൈ തരാൻ നോക്കാറുണ്ട്.വിലയേറിയ അഭിപ്രായങ്ങളും നിർദേശങ്ങളും ഇനിയും പറയുക.പറ്റുന്നത് പോലെ എപ്പോഴെങ്കിലും എല്ലാ ദിവസവും പാർട്ടിടാൻ ഞാൻ ശ്രമിക്കാം…. എന്ന് സ്വന്തം ലക്ഷ്മി ❣️

ലയനം : ഭാഗം 3