Sunday, December 22, 2024
Novel

ലയനം : ഭാഗം 31

എഴുത്തുകാരി: ദുർഗ ലക്ഷ്മി

അശ്വതിയുടെ കൈയും പിടിച്ചു ലെച്ചു അത് വരെ ഇല്ലാത്ത ധൈര്യത്തിൽ ജനിച്ചു വളർന്ന വീടിന്റെ പടി കേറുമ്പോൾ വല്യച്ഛൻ പോലും അവരെ അത്ഭുതത്തോടെ നോക്കി നിൽക്കുന്നുണ്ടായിരുന്നു. “അച്ഛൻ എന്താ ഇങ്ങനെ നോക്കുന്നത്… ലെച്ചുവിനെ ആദ്യം ആയി ആണോ കാണുന്നത് “, അദ്ദേഹത്തിന്റെ ഭാവം കണ്ടു അശ്വതി ചോദിച്ചത് കേട്ട് വല്യച്ചന് സന്തോഷം സഹിക്കാൻ കഴിഞ്ഞില്ല.

ലെച്ചുവിനോടുള്ള അശ്വതിയുടെ സമീപനം മാറിയതിനേക്കാൾ കൂടുതൽ അദ്ദേഹത്തെ സന്തോഷിപ്പിച്ചത് തന്നോടുള്ള അവളുടെ മാറ്റം ആയിരുന്നു. “ഒന്നും ഇല്ല മക്കളെ… ഈ ജന്മം നിങ്ങളെ ഇങ്ങനെ ഒന്നിച്ചു കാണാൻ പറ്റും എന്ന് ഞാൻ കരുതിയതേ ഇല്ല… ഏതായാലും അച്ഛന് സന്തോഷം ആയി”,ചെറുതായി നിറഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു. “നോക്ക് ചേച്ചി,ഈ വല്യച്ഛന് ഒരു മാറ്റവും ഇല്ല…സന്തോഷം വന്നാലും സങ്കടം വന്നാലും കരഞ്ഞോളും “,

വല്യച്ഛനെ ചെറുതായി കളിയാക്കി കൊണ്ട് ലെച്ചു അങ്ങനെ പറഞ്ഞത് സത്യത്തിൽ ആ ഒരു അന്തരീക്ഷം മാറ്റി എടുക്കാൻ ആയിരുന്നു. ലെച്ചു പറഞ്ഞതിനെ അംഗീകരിക്കുന്ന പോലെ അശ്വതിയും തല കുലുക്കിയത്തോടെ വല്യച്ഛനും ഉഷാർ ആയി.  അവർ മൂന്നു പേരും വളരെ സന്തോഷത്തോടെ അകത്തേക്ക് പോകുന്നത് കണ്ടു ഒറ്റ ദിവസം കൊണ്ട് സംഭവിച്ച ആ മാജിക്‌ എന്താണ് എന്ന് ആലോചിച്ചു കൊണ്ട് നിൽക്കുകയായിരുന്നു ശ്രീദേവിയും വല്യമ്മയും. “എന്താ ചേച്ചി ഈ നടക്കുന്നത്…

ഇങ്ങനെ മാറാൻ മാത്രം എന്താ അച്ചൂന് പറ്റിയത് “,ശ്രീദേവി സംശയത്തോടെ ചോദിച്ചത് കേട്ട് വല്യമ്മ ഒന്ന് ചിരിച്ചു. “നീ പേടിക്കേണ്ട ദേവി,എനിക്ക് തോന്നുന്നത് ഇതു അച്ചുന്റെ പുതിയ എന്തോ പ്ലാൻ ആണ് എന്നാ…തരം കിട്ടുമ്പോൾ എല്ലാം ചോദിച്ചു മനസിലാക്കാം നമുക്ക്… തത്കാലം നീ വാ,അച്ഛന്റെയും മക്കളുടെയും പണി എന്താണ് എന്ന് കാണാം നമുക്ക് “, അകത്തേക്ക് നടക്കവേ വല്യമ്മ പറഞ്ഞത് ശ്രീദേവിക്ക് വലിയ വിശ്വാസം ഒന്നും തോന്നിയില്ല…

പത്തു വയസ്സ്കാരിയായ അശ്വതിയിൽ അവളുടെ കുഞ്ഞു വാവയോട് തോന്നിയ അതെ സ്നേഹവും വാത്സല്യവും ആണ്‌ ഇന്ന് ലെച്ചുവിന്റെ കൂടെ ഉള്ളപ്പോൾ അവളുടെ കണ്ണിൽ ഉള്ളത് എന്ന് അവർക്ക് ഉറപ്പായിരുന്നു. എങ്കിലും എന്ത് ആണ്‌ സാഹചര്യങ്ങളെ എല്ലാം മാറ്റി മറിച്ചത് എന്ന് അറിയാൻ ഉള്ള ആകാംഷ ശ്രീദേവി അമ്മയിൽ നിറഞ്ഞു നിന്നതിനാൽ അവർ ഒന്നും മിണ്ടാതെ തന്നെ അകത്തേക്ക് നടന്നു. അകത്തെ മുറികളിൽ ഒക്കെ ലെച്ചുവിനെയും അശ്വതിയെയും നോക്കി ശ്രീദേവിയും വല്യമ്മയും അവസാനം എത്തി ചേർന്നത് അടുക്കളയിൽ ആയിരുന്നു.

അടുക്കളയിൽ ഇത് വരെ കയറാത്ത അശ്വതി ലെച്ചുവിനെ അവിടെ ഇരുത്തി എന്തൊക്കെയോ ഉണ്ടാക്കാൻ തുടങ്ങുന്നത് കണ്ട വല്യമ്മ ശ്രീദേവിയെ തട്ടി വിളിച്ചു. “ഞാൻ പറഞ്ഞില്ലേ ദേവി… അച്ചു ആ ഭക്ഷണത്തിൽ എന്തെങ്കിലും കലക്കി കൊടുക്കും ആ പെണ്ണിന്… അതോടെ അവളുടെ കഥയും കഴിയും “,അശ്വതിയുടെ പ്രവർത്തികൾ കണ്ടു വല്യമ്മ പറഞ്ഞത് കേട്ട് ശ്രീദേവിക്ക് സത്യത്തിൽ ചിരി വന്നു.  “എന്റെ ചേച്ചി ഇങ്ങനെ മണ്ടത്തരം വിളിച്ചു പറയാതെ,അച്ചു ഉണ്ടാക്കുന്ന ഫുഡിന്റെ കുഴപ്പം കൊണ്ട് ലെച്ചുവിന് എന്തെങ്കിലും പറ്റിയാലേ ഉള്ളൂ…

അല്ലാതെ ചേച്ചി വിചാരിക്കുന്നത് പോലെ ഒന്നും അല്ല കാര്യങ്ങൾ… അച്ചുവിന്റെ മാറ്റം സത്യം ആണ് “, ഇനിയും അവിടെ നിന്നത് കൊണ്ട് പ്രത്യേകിച്ച് കാര്യം ഒന്നും ഇല്ല എന്ന് കണ്ടു ശ്രീദേവി മുറിയിലേക്ക് നടക്കുമ്പോൾ നിരാശയോടെ വല്യമ്മയും അവരുടെ പുറകെ നടന്നു. “ഇതിന്റെ കാരണം എന്തായാലും നമുക്ക് അറിയേണം ചേച്ചി…വളരെ സീരിയസ് ആയ എന്തോ ആണ് സംഭവിച്ചിട്ടുള്ളത്…

അല്ലാതെ അച്ചു ഇങ്ങനെ മാറില്ല “, കിടക്കയിൽ നിരാശയോടെ ഇരിക്കുന്ന വല്യമ്മയെ നോക്കി ശ്രീദേവി അത് പറഞ്ഞപ്പോൾ ആണ് അശ്വതി അങ്ങോട്ട് വന്നത്. “അപ്പച്ചി പറഞ്ഞത് ശരിയാണ്.എന്റെ ജീവിതം തന്നെ നശിപ്പിക്കാൻ പ്രാപ്തിയുള്ള വലിയൊരു പ്രശ്നത്തിൽ ആയിരുന്നു ഇന്നലെ വരെ ഞാൻ…ഒന്നും ചെയ്യാൻ പറ്റിയില്ല എങ്കിൽ നിങ്ങളെ പോലും ബാധിക്കുന്ന വലിയൊരു പ്രശ്നം… ”

അശ്വതിയെ കണ്ടു ശ്രീദേവിയും വല്യമ്മയും അവളോട് കാര്യങ്ങൾ ചോദിക്കാൻ തുടങ്ങവേ തന്നെ അവൾ പറഞ്ഞു തുടങ്ങിയത് കേട്ട് സംശയത്തോടെ അവർ പരസ്പരം നോക്കി. കുറച്ചു സമയം കൊണ്ട് അശ്വതി സംഭവിച്ചത് എല്ലാം ചുരുക്കി അവരോട് പറഞ്ഞു.കാരണം ലെച്ചുവിന്റെ കൂടെ ഇരിക്കാനും സംസാരിക്കാനും അശ്വതിക്ക് അത്രയും ആഗ്രഹം ആയിരുന്നു അപ്പോൾ. അതിനാൽ തന്നെ ഒരു നിമിഷവും പാഴാക്കാതെ നോക്കാൻ അശ്വതി പ്രത്യേകം ശ്രദ്ധിച്ചു.

കാര്യങ്ങൾ ഒക്കെ പറഞ്ഞു കഴിഞ്ഞു ആരുടെയും മറുപടി കേൾക്കാൻ നിൽക്കാതെ ഒട്ടും താമസിക്കാതെ അശ്വതി തിരികെ അടുക്കളയിലേക്ക് പോയി.അപ്പോഴും കേട്ടത് വിശ്വസിക്കാൻ കഴിയാതെ ഞെട്ടി നിൽക്കുകയായിരുന്നു വല്യമ്മയും ശ്രീദേവിയും.  “എന്തൊരു ഭാഗ്യം ആയി ഇല്ലേ ദേവി ലെച്ചു അവിടെ വന്നത്… ഇല്ലെങ്കിൽ നമ്മുടെ അച്ചു…എനിക്ക് അത് ആലോചിക്കാൻ പോലും കഴിയുന്നില്ല… ” വല്യമ്മ ഒരു പൊട്ടി കരച്ചിലോടെ കിടക്കയിൽ വീണു കരയുന്നത് കണ്ടു ഒന്നും മിണ്ടാൻ പറ്റാതെ നിൽക്കുകയായിരുന്നു ശ്രീദേവി.

“ചെറുപ്പം മുതൽ തന്നെ നമ്മുടെ പ്രവർത്തി കാരണം ലെച്ചു ഓരോ സാഹചര്യങ്ങൾ തരണം ചെയ്യാൻ പഠിച്ചു…എന്നാൽ അച്ചുന്റെ കാര്യം വന്നപ്പോൾ എല്ലാത്തിനും ഇടവും വലവും നിന്ന് നമ്മൾ അവളെ തളർത്തി…  പ്രശ്നങ്ങളെ നേരിടാൻ ഉള്ള കഴിവ് ഉണ്ടാക്കി കൊടുക്കേണ്ടുന്നതിനു പകരം,ഏതു വിധേനയും ഒരു പ്രശ്നവും അവളെ അറിയിക്കാതെ നമ്മൾ വളർത്തി… എല്ലാം നമ്മുടെ തെറ്റ് മാത്രം ആണ് “, പെട്ടെന്ന് തന്നെ കിടക്കയിൽ നിന്നും എഴുന്നേറ്റു കണ്ണുകൾ തുടച്ചു കൊണ്ട് വല്യമ്മ പറഞ്ഞു.

പിന്നെ പതുക്കെ എഴുന്നേറ്റു പുറത്തേക്ക് നടന്നു.അവരുടെ പോക്ക് കണ്ടപ്പോൾ തന്നെ അത് ലെച്ചുവിന്റെ അടുത്തേക്ക് ആണ് എന്ന് ശ്രീദേവിക്ക് മനസിലായി. സ്വന്തം മോളെക്കാൾ അശ്വതിയെ സ്നേഹിക്കുകയും വളർത്തുകയും ഒക്കെ ചെയ്തപ്പോൾ അതൊന്നും കിട്ടാതെ വളർന്ന ലെച്ചു എത്ര ഭാഗ്യ ദോഷി ആണ് എന്ന് മറ്റുള്ളവർ പറയുന്നത് കേട്ട് സന്തോഷിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു എന്ന് ശ്രീദേവി അപ്പോൾ വേദനയോടെ ഓർത്തു.

അശ്വതിയുടെ ആ ഭാഗ്യം ആണ് അവളെ വലിയൊരു വിപത്തിൽ കൊണ്ട് എത്തിച്ചതും ലെച്ചുവിന്റെ ഭാഗ്യ ദോഷം ആണ് അതിൽ നിന്നും അവളെ കര കയറ്റിയതും എന്ന് ആലോചിച്ചു മനസ്സ് മരവിച്ച അവസ്ഥയിൽ ഇരിക്കുകയായിരുന്ന ശ്രീദേവി തേടി വീണ്ടും അശ്വതി വന്നു. “അപ്പച്ചി,എനിക്ക് കുറച്ചു സംസാരിക്കാൻ ഉണ്ട്… തിരക്കിൽ ആണോ “,അശ്വതി അവരുടെ തൊട്ടു അടുത്ത് ഇരുന്ന് കൊണ്ട് ചോദിച്ചു. അതിന് ശ്രീദേവി മറുപടി ഒന്നും പറഞ്ഞില്ല…

അശ്വതിയെ അവർ ഒന്ന് നോക്കുക പോലും ചെയ്യാത്തതിൽ അവൾക്ക് ചെറിയൊരു നിരാശ തോന്നി എങ്കിലും അവളോട് പുറത്തു പോകാൻ പറയാത്തത്തിൽ അശ്വതിക്ക് ആശ്വാസം തോന്നി. “മറ്റൊന്നും എനിക്ക് അറിയേണ്ട അപ്പച്ചി,കാലങ്ങൾ ആയി ലെച്ചുവിനോട് കാണിക്കുന്ന അവഗണനയുടെയും ഇഷ്ടക്കെടിന്റെയും കാരണം, അത് മാത്രം അറിഞ്ഞാൽ മതി എനിക്ക്… ഒരുപാട് കാലം ആയി മനസ്സിൽ ഉള്ള ചോദ്യം ആണ്… ഇപ്പോൾ ആണ് അത് ചോദിക്കാൻ ഉള്ള കറക്റ്റ് സമയം എന്ന് തോന്നുന്നു എനിക്ക് “,

യാതൊരു മുഖവരയും കൂടാതെ അശ്വതി ചോദിച്ച ചോദ്യം കേട്ട് ശ്രീദേവി കണ്ണുകൾ മുറുക്കി അടച്ചു.പഠിച്ച കോളേജും കുട്ടികളും പലതും പഠിപ്പിച്ച പ്രണയവും എല്ലാം അവരുടെ കണ്ണിൽ തെളിഞ്ഞു വന്നു. ഒപ്പം ജീവന് തുല്യം സ്നേഹിച്ച,വെറുക്കുന്നു എന്ന് ഇത്രയും കാലം മനസിനെ പറഞ്ഞു പഠിപ്പിക്കാൻ ശ്രമിച്ച എന്നാൽ അതിന് കഴിയാതെ പോയ ആ ഒരു മുഖവും അവരുടെ മനസ്സിൽ തെളിഞ്ഞു വരവേ കണ്ണുകൾ നിറഞ്ഞൊഴുകിയ ശ്രീദേവിയെ അശ്വതി കെട്ടിപിടിച്ചു.

വർഷങ്ങൾ ആയി മനസ്സിൽ അടക്കി വെച്ച സങ്കടങ്ങളുടെ ഭാണ്ഡ കെട്ടുകൾ അറിയാതെ തന്നെ തുറന്നു തുടങ്ങുകയായിരുന്നു ശ്രീദേവി അമ്മ അപ്പോൾ. “ഒരുപാട് തവണ ഒഴിഞ്ഞു മാറാൻ നോക്കിയിട്ടും വാശിയുടെ പുറത്ത് എന്നെ സ്വന്തം ആക്കിയ ആള് ആണ് ലെച്ചുവിന്റെ അച്ഛൻ…എല്ലാ കാര്യങ്ങൾക്കും സ്വന്തം അഭിപ്രായവും ചിന്തകളും ഉണ്ടായിരുന്ന അദ്ദേഹം പക്ഷെ പ്രണയം മാത്രം ആരെയും അറിയിക്കാതെ ആണ് കൊണ്ട് നടന്നത് ”

“സത്യത്തിൽ അത് എനിക്കും ഇഷ്ടം ആയിരുന്നു.ഒരു വലിയ ആൾ തിരക്കിനിടയിൽ നിന്നും അതൊന്നും ശ്രദ്ധിക്കാതെ ഇഷ്ടപ്പെട്ടവന്റെ കണ്ണിൽ നോക്കി നിന്ന് അവന്റെ പ്രണയം അനുഭവിക്കുന്ന നിമിഷങ്ങളെ നിങ്ങൾക്ക് ഭാവനയിൽ തന്നെ കാണാൻ കഴിയുമോ എന്ന് എനിക്ക് അറിയില്ല അച്ചു… അങ്ങനെ ആയിരുന്നു ഞങ്ങളുടെ ബന്ധം ” “എന്നാൽ അറിയാതെ ആണെങ്കിലും രണ്ടു പേർക്കും സംഭവിച്ചു പോയ തെറ്റിന്റെ ഫലം ആയി ഒരു കുരുന്നു ജീവൻ വയറ്റിൽ ഉണ്ട് എന്ന് അറിഞ്ഞപ്പോൾ തന്നെ ചങ്ക് മുറിഞ്ഞു പോകുന്ന വേദനയിലും അത് വേണ്ട എന്ന് വെക്കാൻ ആണ് എനിക്ക് തോന്നിയത് ”

“കാരണം പഠിത്തം ഒക്കെ കഴിഞ്ഞു അദ്ദേഹം ജോലി ഒക്കെ അന്വേഷിച്ചു തുടങ്ങുന്ന കാലം ആയിരുന്നു അത്.കൂടാതെ നമ്മുടെ വീട്ടിൽ അറിഞ്ഞാൽ സംഭവിക്കാൻ പോകുന്ന പ്രശ്നങ്ങളും ഒക്കെ എന്റെ ആ തീരുമാനത്തിന് കാരണം ആയിരുന്നു ” “ആ കുഞ്ഞു നമുക്ക് വേണ്ട എന്ന് പറഞ്ഞതിനാണ് അച്ചു അദ്ദേഹം എന്നെ ആദ്യം ആയി തല്ലിയത്…ഒരുപാട് ദിവസം എന്നോട് മിണ്ടാതെ പോലും നടന്നു ഈ പേരും പറഞ്ഞു…” “അവസാനം ഇത്ര മാപ്പ് പറഞ്ഞിട്ടാ എന്ന് അറിയുമോ അദ്ദേഹം വീണ്ടും എന്നോട് മിണ്ടി തുടങ്ങിയത്.

(തുടരും ) പതിവ് പോലെ രാത്രി ചിലപ്പോഴേ ഇടാൻപറ്റുള്ളു …ഇന്ന് ഇപ്പോൾ നല്ല തലവേദനയുടെ ഒരു പ്രശ്നം തുടങ്ങിയിട്ട് ഉണ്ട്. ഈ പാർട്ട്‌ തത്കാലം കുറച്ചു സ്പീഡിൽ ആണ് എഴുതിയത്… എപ്പോഴും ഉള്ള ആ ഫ്ലോ കിട്ടുമോ എന്ന് അറിയില്ല… വേഗം തീർക്കാൻ ആയി എഴുതിയതാണ്… തലവേദന കൊണ്ട് തീരെ വയ്യ…

ലയനം : ഭാഗം 30