Wednesday, December 18, 2024
Novel

ലയനം : ഭാഗം 26

എഴുത്തുകാരി: ദുർഗ ലക്ഷ്മി

എന്നാൽ വീട് കണ്ട് പിടിക്കുക എന്നത് മാത്രം ആയിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം എന്ന് തോന്നിപ്പിക്കുന്ന വിധം വീട്ടിൽ ഒന്ന് കയറി ചായ കുടിക്കാൻ ഉള്ള സമയം മാത്രം എടുത്തു ഡോക്ടർ തിരികെ പോയി. “മോളെ,ഞങ്ങൾ നാളെ രാവിലെ പോകും ട്ടോ..പോകാൻ മനസ്സ് വരുന്നതേ ഇല്ല.പക്ഷെ അച്ചു സമ്മതിക്കുന്നില്ല പോകാതെ ഇരിക്കാൻ. അഭിയും അമ്മുവും മോളും നാളെ ബാംഗ്ലൂർ പോവുകയാ…

അഭിയുടെ കൂട്ടുകാരന്റെ കല്യാണം ആണ്… ” “ചുരുക്കി പറഞ്ഞാൽ മോളും അച്ചുവും മാത്രമേ ഇവിടെ ഉണ്ടാവു…എല്ലാം കൂടി ഇങ്ങനെ വരുമ്പോൾ എന്താണ് ചെയ്യുക എന്ന് ആലോചിച്ചു എനിക്ക് ഒരു പിടിയും കിട്ടുന്നില്ല “,ഇന്ദു അമ്മ ടെൻഷനോടെ പറഞ്ഞത് കേട്ട് ലെച്ചു ചിരിച്ചു. “എന്റെ അമ്മാ,ഇതിനൊക്കെ എന്തിനാ ടെൻഷൻ…ഏട്ടന് ഇപ്പോൾ ഒരു പ്രശ്നവും ഇല്ല…പോരാത്തതിന് ഡോക്ടർ അച്ഛനും ഇല്ലേ ഇപ്പോൾ സഹായത്തിനു…

കുറെ ആഗ്രഹിച്ചു കിട്ടിയ ട്രിപ്പ്‌ അല്ലെ… സൊ അത് നല്ലോണം എൻജോയ് ചെയ്യൂ…ഇവിടെ ഒരു പ്രശ്നവും ഇല്ല “, ലെച്ചു ഇന്ദു അമ്മയുടെ കവിളിൽ തട്ടി കൊണ്ട് അവരെ സമാധാനിപ്പിച്ചു…എന്നിട്ടും ചെറിയൊരു വിഷമം മനസ്സിൽ ബാക്കിയായി എങ്കിലും നാളെ പോകാൻ ആയി അമ്മയുടെ മനസും ഒരുങ്ങിയിരുന്നു അപ്പോൾ. വൈകുന്നേരം ആയപ്പോൾ തന്നെ അച്ഛനും അമ്മയും തിരികെ പോയി.

നാളത്തെ യാത്രക്ക് ഉള്ള പാക്കിങ് പരിവാടികൾ ഒക്കെ ബാക്കിയായിരുന്നു അവർക്ക്. സന്ധ്യ ദീപം വെച്ച് പ്രാർത്ഥന കഴിഞ്ഞു ലെച്ചു വരുമ്പോഴേക്കും അർജുനും കുളി കഴിഞ്ഞു വന്നിരുന്നു.അധികം ഇറക്കം ഇല്ലാത്ത ടോപ്പും ഫുൾ സ്കെർട്ടും ധരിച്ചു നെറ്റിയിൽ ഭസ്മ കുറിയുമായി പൂജ മുറിയിൽ നിന്നും ഇറങ്ങി വരുന്ന ലെച്ചുവിനെ അർജുൻ എന്ത് കൊണ്ടോ നോക്കി അങ്ങനെ നിന്ന് പോയി.

അവന്റെ നോട്ടം കൃത്യമായി ലെച്ചു കണ്ടു എങ്കിലും അത് അധികം മൈൻഡ് ചെയ്യാതെ ലെച്ചു അടുക്കളയിലേക്ക് നടന്നു.പുറകെ തന്നെ അർജുനും ചെന്നു എങ്കിലും ലെച്ചു ഉടനെ തന്നെ അവനെ തിരിച്ചു റൂമിലേക്ക് പറഞ്ഞു വിട്ടു. ഭക്ഷണവും മരുന്നും കഴിച്ചു അർജുനും ലെച്ചുവും വീട്ടിനുള്ളിലെ ആമ്പൽ കുളത്തിൽ കാലുകൾ ഇട്ട് ഇരിക്കുകയായിരുന്നു. “എന്റെ ഏട്ടാ,മതി വർക്ക്‌ ചെയ്തത്…

എഴുന്നേറ്റു നടക്കാൻ ജീവൻ വന്നപ്പോൾ തന്നെ ലാപ് എടുത്തു മടിയിൽ വെച്ചല്ലോ…അത്യാവശ്യം ചെയ്യേണ്ട വർക്ക്‌ എല്ലാം ഞാൻ ചെയ്ത് വെച്ചിട്ടുണ്ട്…ബാക്കി ജിഷ്ണു ഏട്ടനും അഞ്ചുവും ചെയ്തോളും…പിന്നെ രണ്ടു ദിവസം മുന്നേ ആയിരുന്നു ചെന്നൈയിൽ ഷെഡ്യൂൾ ചെയ്ത മീറ്റിംഗ്…അതിന് അവർ രണ്ടാളും കൂടി ആണ് പോയത്… നാളെ തിരികെ വരുകയെ ഉള്ളൂ…അതാണ് ഹോസ്പിറ്റലിൽ അവരെ കാണാതെ ഇരുന്നത്…

തിരക്കിനിടയിൽ മറന്നു പോയി ഞാൻ പറയാൻ “, ലെച്ചു അർജുന്റെ മടിയിൽ നിന്നും ലാപ് എടുത്തു റൂമിൽ കൊണ്ട് വെച്ച് പറഞ്ഞു.അത് കേട്ട് അർജുന് അത്ഭുതം തോന്നി…തന്റെ കാര്യവും കമ്പനി കാര്യവും എല്ലാം എത്ര ഭംഗിയായി ആണ് ലെച്ചു നോക്കുന്നത് എന്ന് ആലോചിച്ചു അർജുന് ചെറിയൊരു അസൂയയൊക്കെ തോന്നി അവളോട്.

ലെച്ചു തിരികെ വന്നു അവന്റെ അടുത്തിരുന്ന അടുത്ത നിമിഷം ആകാശത്ത് കണ്ണഞ്ചിപ്പിക്കുന്ന കൊള്ളിയാൻ മിന്നി.പുറകെ തന്നെ കാതടപ്പിക്കുന്ന ഇടിയും. “വാ ഏട്ടാ… അകത്തു പോകാം…എനിക്ക് പേടിയാണ് ഇടിയും മിന്നലും “,അർജുനെ കെട്ടിപിടിച്ചു കൊണ്ട് കണ്ണുകൾ മുറുക്കി ചിമ്മി ലെച്ചു പറഞ്ഞത് കേട്ട് മനസില്ല മനസോടെ അർജുൻ അവളെയും കൂട്ടി റൂമിലേക്ക് നടന്നു.

ലെച്ചുവിന് ഒപ്പം ആമ്പൽ കുളത്തിൽ മഴ പെയ്യുന്നത് കാണാൻ അവന് വലിയ ആഗ്രഹം ഉണ്ടായിരുന്നു. റൂമിൽ എത്തിയ ഉടനെ ലെച്ചു അർജുനെ വിട്ടു ഓടി പോയി കിടക്കയിൽ കയറി പുതപ്പ് എടുത്തു തല വഴി മൂടി. “നല്ല ഏട്ടൻ അല്ലെ… മുന്നിൽ ഉള്ള ജനൽ ഒന്ന് അടക്ക്…എനിക്ക് പേടിയാ… “,ലെച്ചു ദയനീയമായി പറയുന്നത് കേട്ട് ആദ്യം ഒന്നും അവൻ അനങ്ങിയില്ല എങ്കിലും അടുത്ത ഇടിക്ക് കാൽ മുട്ടുകൾക്കിടയിൽ മുഖം വെച്ച് പേടിച്ചിരിക്കുന്ന ലെച്ചുവിനെ കണ്ടു പാവം തോന്നി അർജുൻ എല്ലാ ജനലുകളും ബാക്കി പുറത്തുള്ള വാതിലുകളും ഒക്കെ അടച്ചു ഭദ്രമാക്കി തിരികെ വന്നു.

ലെച്ചു അപ്പോഴേക്കും കിടന്നു എങ്കിലും അവൻ വന്നപ്പോൾ അർജുനെ കാത്ത് നിന്നത് പോലെ ലെച്ചു തല ഉയർത്തി അവനെ ഒന്ന് നോക്കി. എന്നിട്ടും ബെഡിൽ കിടക്കാതെ ചെയർ വലിച്ചിട്ടു ഇരിക്കാൻ നോക്കിയ അർജുനെ അവൾ അവിടെ എത്തുന്നതിനു മുന്നേ കിടക്കയിലേക്ക് വലിച്ചിട്ടു. “ഇന്ന് ഇനി ഒരു പരിപാടിയും വേണ്ട… മര്യാദക്ക് എന്റെ അടുത്ത് കിടന്നോ…എനിക്ക് പേടിയാന്ന് ഞാൻ കാര്യം ആയിട്ട് പറഞ്ഞതാ “,ബാധ കയറിയത് പോലെ ഓരോന്ന് കാണിച്ചു കൂട്ടുന്ന ലെച്ചുവിനെ അർജുൻ സൂക്ഷിച്ചു നോക്കുന്നത് കണ്ടു അവന്റെ നെഞ്ചിൽ മുഖം ചേർത്ത് വെച്ച് ലെച്ചു പറഞ്ഞു.

തിമിർത്തു പെയ്യാൻ പോകുന്ന മഴക്ക് മുന്നേ ചൂടായ അന്തരീക്ഷവും ലെച്ചു എടുത്തു പുതച്ച രണ്ടു കട്ടിയുള്ള പുതപ്പുകളുടെ ചൂടും ജനലുകളും മറ്റും അടച്ചത് കൊണ്ട് ഒരിറ്റ് കാറ്റ് മുറിയിൽ കയറാത്തതും എല്ലാം അർജുനെയും ലെച്ചുവിനെയും ഒരുപോലെ വിയർപ്പിച്ചു എങ്കിലും ലെച്ചു അതൊന്നും ശ്രദ്ധിക്കാതെ ഓരോ ഇടി മുഴങ്ങുമ്പോഴും അർജുനോട്‌ കൂടുതൽ കൂടുതൽ ചേർന്ന് കിടന്നു.

ലെച്ചുവിന്റെ മുടിയിൽ വ്യാപിച്ചു കിടക്കുന്ന അമ്മയുടെ സ്പെഷ്യൽ കാച്ചിയ എണ്ണയുടെ മണവും അവളുടെ വിയർപ്പിന്റെ ഗന്ധവും അർജുന്റെ കാലിന് മേൽ അറിയാതെ തന്നെ ലെച്ചു എടുത്തു വെച്ച അവളുടെ കുഞ്ഞി കാലുകളുടെ സ്പർശനവും എല്ലാം അവനെ കുറച്ചു സമയം കൊണ്ട് തന്നെ വല്ലാത്ത അവസ്ഥയിൽ കൊണ്ട് എത്തിച്ചിരുന്നു. ലെച്ചുവിനെ വിട്ടു എഴുന്നേറ്റു പോകാൻ അർജുൻ പല തവണ ശ്രമിച്ചു എങ്കിലും അവനെ ഇറുക്കി പിടിച്ചത് പോലെ കണ്ണും അടച്ചു കിടക്കുകയായിരുന്നു ലെച്ചു.

കൂടാതെ കാലം തെറ്റി പെയ്യുന്ന രാത്രി മഴക്ക് മുന്നോടിയായി വരുന്ന ചില ഇടികളുടെ ശബ്ദം അർജുനെ പോലും ഭയപ്പെടുത്തി ചിലപ്പോൾ. “ലെച്ചു…മഴ തുടങ്ങിയില്ലേ… ഇനി ഇടി ഉണ്ടാവില്ല…ഞാൻ അപ്പുറത്തെ റൂമിലേക്ക് പോട്ടെ…ഇനിയും ഇവിടെ കിടന്നാൽ ഞാൻ തന്നെ വാക്ക് എനിക്ക് തെറ്റിക്കേണ്ടി വരും “,പുറത്തു ആഞ്ഞു വീശിയ കാറ്റിന്റെ അകമ്പടിയോടെ പെയ്തു തുടങ്ങിയ രാത്രി മഴയുടെ ശബ്ദം കേട്ട് എഴുന്നേൽക്കാൻ നോക്കി അർജുൻ പറഞ്ഞു എങ്കിലും ലെച്ചു അത് കേൾക്കാത്തത് പോലെ കിടന്നു.

“ലെച്ചു…കേൾക്കുന്നുണ്ടോ നീ…എന്നെ വിട്ടേ പെണ്ണെ നീ …എനിക്ക് വയ്യ നാളെ ആ കണ്ണീരു കാണാൻ “,അർജുൻ വീണ്ടും കുറച്ചു ശബ്ദം ഉയർത്തി പറയുന്നത് കേട്ട് ലെച്ചു അവനെ ശക്തിയായി വലിച്ചു ബെഡിൽ ഇട്ട് അർജുന്റെ ചുണ്ടിൽ ചുണ്ട് അമർത്തി. “നോക്ക് ലെച്ചു…ഇന്ന് നിന്റെ അമ്മ അങ്ങനെ ഒക്കെ പറഞ്ഞത് കൊണ്ട് ആണോ ഇപ്പോൾ ഇങ്ങനെ…അങ്ങനെ ആണെങ്കിൽ എനിക്ക് അത് ഇഷ്ടം അല്ല…എന്റെ സ്വന്തം ആയി മാറാൻ നീ മനസ്സ് കൊണ്ട് തയ്യാർ ആയെങ്കിൽ മാത്രം മതി എന്തും… ”

ബലം ആയി ലെച്ചുവിനെ തള്ളി മാറ്റി കൊണ്ട് അർജുൻ പറഞ്ഞത് കേട്ട് കുറെ നേരത്തിനു ശേഷം ലെച്ചു സംസാരിച്ചു തുടങ്ങി. “അങ്ങനെ ആരെങ്കിലും എന്തെങ്കിലും പറയുമ്പോൾ മാറുന്നത് ആണ് എന്റെ മനസ്സ് എന്ന് വിചാരിക്കുന്നുണ്ടോ ഏട്ടൻ…ആർക്കു മുന്നിലും എന്റെ തീരുമാനങ്ങൾ അടിയറവു വെക്കാൻ ഞാൻ ഒരുക്കം അല്ല…” “അടുത്ത് ഉണ്ടായിട്ടും ഭർത്താവിന്റെ അധികാരം കാണിക്കാതെ എന്നെ മനസിലാക്കുന്ന ഏട്ടന്റെ ഈ മനസ്സ് കാണാതെ ഇരിക്കാൻ എനിക്ക് പറ്റില്ല…

അത് മാത്രം അല്ല നിങ്ങൾ ഇല്ലാതെ ഇനിയും എനിക്ക് പറ്റില്ല ഏട്ടാ… “, പറഞ്ഞു തുടങ്ങിയത് ഗൗരവത്തിൽ ആണെങ്കിലും അവസാനം ലെച്ചു കരഞ്ഞു പോയത് കണ്ടു അർജുൻ അവളെ നെഞ്ചോട് ചേർത്ത് പിടിച്ചു. അവളുടെ പുറത്തു മെല്ലെ തട്ടി ലെച്ചുവിനെ ആശ്വസിപ്പിക്കാൻ അർജുൻ നോക്കി എന്ന് അല്ലാതെ അവൻ ഒന്നും മിണ്ടിയില്ല. കുറച്ചു സമയങ്ങൾക്ക് ഇപ്പുറം അർജുന്റെ കൈകൾ സഞ്ചരിക്കുന്ന സ്വന്തം അണി വയറിൽ അവന്റെ കൈകൾക്ക് മുകളിൽ ആയി സ്വന്തം കൈ ചേർത്ത് വെച്ചു ലെച്ചു തിരിഞ്ഞു കിടക്കുമ്പോൾ ചുണ്ട് കൊണ്ട് അവളുടെ കാതിനെ പൊതിഞ്ഞ മുടിയിഴകളെ മാറ്റി അർജുൻ ആ കാതിൽ പതുകെ ഒന്ന് കടിച്ചു.

“എന്തൊരു ചെറുതാണ് പെണ്ണെ നിന്റെ വയറ്…പിടിക്കാൻ പോലും ഇല്ലല്ലോ ഇത് “,അർജുൻ ആർദ്രമായി ലെച്ചുവിന്റെ ചെവിയിൽ പറഞ്ഞത് കേട്ട് അവൾ ചെറുതായി ഒന്ന് വിറച്ചത് അർജുൻ ശരിക്കും അറിഞ്ഞു… ഇടക്കെപ്പോഴോ ലെച്ചുവിന്റെ വെള്ളി പാദസരങ്ങൾ അർജുന്റെ കാലിൽ ചെറിയ മുറിവുകൾ ഉണ്ടാക്കിയപ്പോഴും താലി ഒഴികെ കഴുത്തിൽ ഉള്ള മറ്റു ആഭരണങ്ങൾ എല്ലാം അർജുൻ അഴിച്ചു മാറ്റുമ്പോഴും ലെച്ചു അതൊന്നും അറിയുന്ന അവസ്ഥയിൽ ആയിരുന്നില്ല.

തുടക്കത്തിൽ ഉണ്ടായിരുന്ന ഇടിയെക്കാളും മിന്നലെക്കാളും എല്ലാം ശക്തമായ ഇടിയും മിന്നലും വീണ്ടും പലപ്പോഴായി ഉണ്ടായി എങ്കിലും അത് പോലും ലെച്ചു കേട്ടില്ല എന്നതാണ് സത്യം.അവളുടെ മനസിലും കാതിലും അർജുന്റെ ശ്വാസവും ഹൃദയ മിടിപ്പും മാത്രം ആയിരുന്നു നിറഞ്ഞു നിന്നിരുന്നത്. ആ രാത്രി അവസാനിക്കുമ്പോൾ പൂച്ച കുഞ്ഞു പോലെ അർജുന്റെ നെഞ്ചിൽ പറ്റി ചേർന്ന് ലെച്ചു ഉറങ്ങി തുടങ്ങിയപ്പോഴും അർജുന് ഉറക്കം ഇല്ലാതെ അവന്റെ മറ്റൊരു രാത്രിയായിരുന്നു അത്.

മനസ്സിൽ സന്തോഷം മാത്രം ബാക്കി ആയി ശരീരത്തിന്റെ ക്ഷീണം പോലും പോയത് പോലെ ആണ് അർജുന് അപ്പോൾ തോന്നിയത്. ഉറക്കം വരാതെ കിടന്നിട്ടും അവന് ലെച്ചുവിനെ വിട്ടു എഴുന്നേൽക്കാൻ തോന്നാത്തത് കൊണ്ട് അവളെ കുറച്ചു കൂടി ചേർത്ത് പിടിച്ചു കണ്ണുകൾ അടച്ചു കിടക്കാൻ അർജുൻ ശ്രമിക്കുമ്പോൾ രാത്രി മഴ അതിന്റെ രണ്ടാം വരവ് അറിയിച്ചു കൊണ്ട് ആഞ്ഞടിക്കുന്ന കാറ്റായി അവർ ഇരുവരെയും പൊതിഞ്ഞു.

തുടരും 

ലയനം : ഭാഗം 25