ലയനം : ഭാഗം 18
എഴുത്തുകാരി: ദുർഗ ലക്ഷ്മി
ഉറങ്ങാൻ ഉള്ള കൊതി കൊണ്ട് പെട്ടെന്ന് കുളിച്ചു ലെച്ചു തിരികെ വരുമ്പോൾ അർജുൻ ബെഡിൽ എഴുന്നേറ്റിരുന്നു വലിയ ആലോചനയിൽ ആയിരുന്നു. “എന്താ ഏട്ടാ ഇത്ര വലിയ ആലോചന…? “,മുടിയിൽ കെട്ടിയ തോർത്തും കെട്ടിവെച്ച മുടിയും അഴിച്ചിട്ടു ലെച്ചു അർജുന്റെ അടുത്ത് വന്നിരുന്നു കൊണ്ട് ചോദിച്ചു. “ഏഹ്,ഒന്നുല്ല ലെച്ചു…ഞാൻ ഏട്ടത്തിയെയും അമ്മയെയും പറ്റി ആലോചിക്കുകയായിരുന്നു…. എത്ര സങ്കടം ഉള്ളിൽ ഒതുക്കി ആവും ഇല്ലേ നമ്മുടെ മുന്നിൽ അവർ ചിരിച്ചു കൊണ്ട് നില്കുന്നത് “,
ലെച്ചുവിന്റെ കൈയിൽ നിന്നും തോർത്ത് വാങ്ങി അവളുടെ തല തോർത്തി കൊണ്ട് അർജുൻ ചോദിച്ചു. “ഓഹ്,സാറിന് ഇപ്പോൾ എങ്കിലും അത് ബോധ്യം ആയല്ലോ…അച്ഛനും അഭി ഏട്ടനും മാത്രം അല്ല…നിങ്ങളും കണക്ക് തന്നെ ആയിരുന്നു…പിന്നെ എന്തോ ഭാഗ്യത്തിന് ഇപ്പോൾ കുറച്ചു ഭേദം ഉണ്ട് “,അർജുൻ പറഞ്ഞത് കേട്ട് ചെറിയൊരു ദേഷ്യത്തിൽ തോർത്ത് അവന്റെ കൈയിൽ നിന്ന് വാങ്ങി വിരിച്ചിട്ട് അർജുനെ നോക്കാതെ തന്നെ പറഞ്ഞു ലെച്ചു പുതപ്പ് എടുക്കുന്നത് കണ്ടു അവൻ ഉടനെ തന്നെ ലെച്ചുവിനെ കെട്ടിപിടിച്ചു കിടക്കയിലേക്ക് വീണു.
“ഞാൻ ഉള്ളപ്പോൾ നിനക്ക് എന്തിനാ പെണ്ണെ പുതപ്പ്…രണ്ടു ദിവസത്തെ ഉറക്കം നീ വന്നിട്ട് തീർക്കാൻ ആയി ഞാൻ സൂക്ഷിച്ചു വെച്ചിരിക്കുകയായിരുന്നു “,ലെച്ചുവിന്റെ കഴുത്തിൽ മുഖം ചേർത്ത് വെച്ച് കൊണ്ട് അർജുൻ പറഞ്ഞു.അവന്റെ ചുടു ശ്വാസം കഴുത്തിൽ പതിഞ്ഞ സമയം തന്നെ എഴുന്നേറ്റോടാൻ ലെച്ചു നോക്കി. എന്നാൽ അർജുൻ കുറച്ചു കൂടി ശക്തിയിൽ അവളെ മുറുകെ പിടിച്ചു കഴുത്തിൽ പതുക്കെ ഒന്ന് കടിച്ചു…”ഏട്ടാ… പ്ലീസ്… “,ഉടനെ തന്നെ സ്വരം ഇടറി ലെച്ചു അർജുനെ തള്ളി മാറ്റി.
എന്തിന് എന്ന് അറിയാതെ ലെച്ചുവിന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പിയപ്പോഴും ചുണ്ടിൽ ചെറു പുഞ്ചിരിയോടെ അവളെയും നോക്കി കിടക്കുന്ന അർജുനെ ലെച്ചു അമ്പരപ്പോടെ നോക്കി. “കുളി കഴിഞ്ഞു വന്ന ഉടനെ ആ കുഞ്ഞു കഴുത്തിൽ മുത്തുകൾ പോലെ പറ്റിപിടിച്ചു നിൽക്കുന്ന വെള്ളത്തുള്ളികൾ കാണാൻ എന്ത് ഭംഗിയാണ് എന്ന് അറിയുമോ… ” “ഇന്നും അത് കണ്ടപ്പോൾ ഒരു കൊതി…അല്ലാതെ എന്റെ കുട്ടി വിചാരിക്കുന്നത് പോലെ ബലം പ്രയോഗിച്ചു സ്വന്തം ആക്കാൻ നോക്കിയതോന്നും അല്ല ഞാൻ,നിനക്ക് വാക്ക് തന്നത് ഞാൻ ആണെങ്കിൽ മരിക്കും വരെ ഈ അർജുൻ വാക്ക് തെറ്റിക്കില്ല “,ഒട്ടും പതർച്ച ഇല്ലാതെ അർജുൻ ലെച്ചുവിനെ വീണ്ടും ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞത് കേട്ട് അവൾക്ക് കരച്ചിൽ വന്നു.
“പിന്നെ നീ വിചാരിക്കുന്നത് പോലെ അമ്മയുടെ കാര്യത്തിൽ പെട്ടെന്ന് വന്ന ബോധം ഒന്നും അല്ലാട്ടോ എനിക്ക്…” ലെച്ചുവിന്റെ മുടി മാടി ഒതുക്കി കൊണ്ട് അർജുൻ പറഞ്ഞത് കേട്ട് അവൾ സംശയത്തോടെ തല ഉയർത്തി അവനെ ഒന്ന് നോക്കി. “അന്ന് ഞാൻ അമ്മയോട് വഴക്കിട്ടു പിണങ്ങിയ ദിവസം ഇല്ലേ…അപ്പോഴത്തെ ഏതോ ഒരു ദേഷ്യത്തിന് ചെയ്ത് പോയതാണെങ്കിലും റൂമിൽ വന്നു ആലോചിച്ചപ്പോൾ എനിക്ക് മനസിലായി ഞാൻ എത്ര വലിയ തെറ്റ് ആണ് ചെയ്തത് എന്ന് ” “ഉടനെ തന്നെ അമ്മയെ കണ്ടു സോറി പറയാൻ വന്ന ഞാൻ കണ്ടത് നിന്നെ കെട്ടിപിടിച്ചു കരയുന്ന അമ്മയെ ആണ്…
അത് കൂടി കണ്ടു എനിക്ക് ശരിക്കും ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നി,അമ്മയെ വിഷമിപ്പിച്ചത് ഓർത്ത്… ” “പക്ഷെ അപ്പോൾ ആണ് അമ്മ ഇത്രയും കാലം മനസ്സിൽ കൊണ്ട് നടന്ന വേദനകളും ആഗ്രഹങ്ങളും ഒക്കെ ഞാൻ അറിഞ്ഞത്…” “എല്ലാം കേട്ട് കഴിഞ്ഞു നിങ്ങൾ കാണാതെ തിരികെ റൂമിലേക്കു നടക്കുമ്പോൾ കുറ്റബോധം കൊണ്ട് ഞാൻ ഉരുക്കി തീരുകയായിരുന്നു…പക്ഷെ അപ്പോൾ ഒരു കാര്യം എനിക്ക് ഉറപ്പായിരുന്നു… “, അർജുൻ പറയുന്നത് ഒന്ന് നിർത്തിയതും അതെല്ലാം കേട്ട് കിളി പോയ അവസ്ഥയിൽ മുഖം ഉയർത്തി അവനെ തന്നെ നോക്കി നിൽക്കുന്ന ലെച്ചുവിന്റെ മുഖം വീണ്ടും സ്വന്തം നെഞ്ചിലേക്ക് അർജുൻ ചേർത്ത് പിടിച്ചു…
“കാര്യം അമ്മയും നീയും തമ്മിൽ ഉള്ള ബന്ധം എനിക്ക് അറിയാം എങ്കിലും ഒരു മകൻ എന്ന നിലയിൽ പൂർണ പരാജയം ആണ് ഞാൻ എന്ന് ഓർത്ത് എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി എങ്കിലും എനിക്ക് ഉറപ്പായിരുന്നു അമ്മയുടെ ആഗ്രഹങ്ങൾ എല്ലാം നടത്തി കൊടുക്കാൻ നീ മുന്നിട്ട് ഇറങ്ങും എന്ന് ” “ആഹാ എന്നിട്ട് ആണോ ഒന്നും അറിയാത്തതു പോലെ ഇവിടെ കിടന്ന് അഭിനയിച്ചത് ഇല്ലേ…എന്തൊക്കെ ക്രൂരതകൾ ആണ് നിങ്ങൾ എന്നോട് ചെയ്തത് ആ സമയം… “, അർജുൻ പറഞ്ഞു മുഴുവൻ ആക്കാൻ നില്കാതെ ലെച്ചു അവനെ വിട്ടു എഴുന്നേറ്റു കൊണ്ട്ദേഷ്യത്തിൽ ചോദിച്ചു.
സത്യത്തിൽ അർജുൻ അവളെ കോമാളി ആക്കിയത് പോലെ തോന്നി ലെച്ചുവിന്. “ചെയ്തത് തെറ്റ് തന്നെ ആണ്…ബട്ട് ലെച്ചു,നീ എന്താണ് ചെയ്യാൻ പോകുന്നത് എന്ന് അറിയാതെ,കൂടെയുള്ള അമ്മയുടെ മനസിലെ ആകാംഷയെക്കാൾ പതിൻ മടങ്ങ് ആകാംഷയിൽ ഓരോ നിമിഷവും ഞാൻ നിങ്ങളുടെ കൂടെ തന്നെ ഉണ്ടായിരുന്നു… “, ദേഷ്യം കൊണ്ട് ചുവന്ന ലെച്ചുവിന്റെ മുഖത്തെ അവനെ തന്നെ തുറിച്ചു നോക്കി കൊണ്ട് നിൽക്കുന്ന കണ്ണുകളിൽ നോക്കി അർജുൻ പറഞ്ഞത് കേട്ട് ഉടനെ തന്നെ അവളുടെ ഭാവം മാറി. “അമ്മയുടെ ഓരോ ആഗ്രഹങ്ങളും നിറവേറുന്നത് കാണാൻ ഞാൻ ഉണ്ടായിരുന്നു ലെച്ചു…നിങ്ങൾക്ക് നിഴൽ പോലെ…”,
ചെറു പുഞ്ചിരിയിൽ വീണ്ടും അർജുൻ പറഞ്ഞത് കേട്ട് ലെച്ചു അറിയാതെ തന്നെ പുഞ്ചിരിച്ചു അമ്മയെയും കൊണ്ട് പുറത്തു പോയ ഓരോ തവണയും ആരോ അവൾക്ക് പുറകെ ഉണ്ട് എന്ന് അനുഭവപ്പെട്ടത് ലെച്ചു ഓർക്കുകയായിരുന്നു അപ്പോൾ.അന്നൊക്കെ അത് മനു ആയിരിക്കുമോ എന്ന പേടിയായിരുന്നു ഉള്ളിൽ എങ്കിൽ ഇപ്പോൾ ആലോചിക്കുമ്പോൾ പറഞ്ഞറിയിക്കാൻ കഴിയാത്തൊരു സന്തോഷം അവൾക് തോന്നി…ഉടനെ തന്നെ ലെച്ചു മുന്നിൽ ഇരിക്കുന്ന അർജുനെ അപ്രതീക്ഷിതമായി കെട്ടിപിടിച്ചു മുഖം നിറയെ തുരു തുരാ ഉമ്മ വെച്ചു.
എന്നാൽ പെട്ടെന്ന് തന്നെ ചെയ്ത് പോയത് എന്താണ് എന്ന് തിരിച്ചറിഞ്ഞു അർജുന്റെ മുഖത്തു നോക്കാതെ ലെച്ചു തിരിഞ്ഞു കിടക്കുന്നത് അപ്പോഴും മുന്നിൽ നടന്നത് വിശ്വസിക്കാൻ പറ്റാതെ അർജുൻ നോക്കി നിന്നു. എന്നാൽ ഉടനെ തന്നെ ആ പകപ്പ് മാറി അവനും ലെച്ചുവിനോട് ചേർന്ന് കിടക്കുമ്പോൾ തെറ്റിദ്ധാരണകളുടെ മൂടുപടങ്ങൾ പലതും അഴിഞ്ഞു വീഴുകയായിരുന്നു ആ വീട്ടിൽ ————————— “ബാംഗ്ലൂരിൽ എക്സാം എഴുതാൻ പോയ അവരെ മറ്റെവിടെയോ ഉള്ള ബീച്ചിൽ നിന്ന് ജയൻ അങ്കിളും അഭി ഏട്ടനും പിടിച്ചു എന്ന് അറിഞ്ഞപ്പോൾ ഞാൻ എത്ര സന്തോഷിച്ചു എന്ന് അറിയുമോ…
പക്ഷെ അതും ഇതു പോലെ ആവും എന്ന് ഞാൻ ഒരിക്കലും കരുതിയില്ല “, ഫുഡ് കോർട്ടിലേ തിരക്കില്ലാത്ത കോർണരിൽ ഇരുന്നു പ്രിയ സങ്കടത്തോടെയും ദേഷ്യത്തോടെയും പറയുന്നത് കേട്ട് അശ്വതി ഒന്ന് ചിരിച്ചു. “അതൊന്നും അവൾക്ക് ഒരു പ്രശ്നമേ ആവില്ല എന്ന് എനിക്ക് അറിയായിരിന്നു…കാരണം അത് ലക്ഷ്മിയാ…നിസാരം ആയി കാണരുത് അവളെ…അർജുനിൽ നിന്ന് അവളെ അകറ്റാൻ നോക്കിയിട്ട് എന്തായി… അവസാനം ഇനി ഇപ്പോൾ അവളെ ഒന്ന് കരയിപ്പിക്കാൻ പോലും പറ്റില്ല എന്ന അവസ്ഥയിൽ ആയി…നീ നോക്കിക്കോ പ്രിയ, അർജുന്റെ അച്ഛനും ചേട്ടനും അവളുടെ സൈഡ് തന്നെ ആവും വൈകാതെ… “,
ലെച്ചുവിനെ തനിക്ക് അല്ലാതെ മറ്റാർക്കും ശരിക്ക് അറിയില്ല എന്ന ഭാവത്തിൽ അശ്വതി പറഞ്ഞത് കേട്ട് പ്രിയ തല കുലുക്കുമ്പോഴും മനു ഒന്നും മിണ്ടാതെ ഇരിക്കുകയായിരുന്നു. “മനു എന്താ ഒന്നും മിണ്ടാതെ ഇരിക്കുന്നത്…ഇനി എന്താണ് നമ്മുടെ പ്ലാൻ എന്ന് പറയു “,പ്രിയ പെട്ടെന്ന് അവനെ തട്ടി വിളിച്ചു കൊണ്ട് പറയുന്നത് കേട്ട് മനു ആലോചനയിൽ നിന്ന് ഞെട്ടി ഉണർന്നു. “ലക്ഷ്മിയെന്ന ഇരയിൽ നിന്ന് ലക്ഷ്യം അർജുൻ ആക്കണം,അതാണ് നമ്മുടെ പ്ലാൻ…ഏത് വിധേനയും അവനെ ഒഴിവാക്കിയാൽ മാത്രമേ ലെച്ചുവിനെ പൊക്കാൻ നമുക്ക് പറ്റു…പക്ഷെ ഇവിടെ ഇപ്പോൾ പ്രശ്നം നിങ്ങൾക് രണ്ടു പേർക്കും അർജുനെ വേണം എന്നതാണ്…
ഈ ഡീലിൽ നിങ്ങൾക്ക് കൈ തന്നത് കൊണ്ടാണ്,ഇല്ലെങ്കിൽ അവനെ ഈ ഭൂമിയിൽ നിന്ന് തന്നെ ഇല്ലാതെ ആക്കി അവളെയും കൊണ്ട് പോകാൻ എനിക്ക് ഒരു വിരൽ ഞൊടിയുടെ സമയം മതി… “, ക്രൂരമായി ചിരിച്ചു കൊണ്ട് മനു പറഞ്ഞത് കേട്ട് അശ്വതിക്ക് നല്ല പേടിയായി എങ്കിലും പ്രിയ യാതൊരു ഭാവ മാറ്റവും ഇല്ലാതെ ഇരുന്നു. “സൊ,ആദ്യം നിങ്ങൾ രണ്ടു പേരും ഒരു തീരുമാനത്തിൽ എത്തി എന്നെ വിളിക്ക്…അർജുനെ വേണം എന്ന് ആണെങ്കിൽ കുറച്ചു സമയം എടുക്കും എല്ലാം ചെയ്യാൻ… ഇനി അവൻ ഈ ഭൂമിയിലേ വേണ്ട എന്ന് ആണെങ്കിൽ… ജസ്റ്റ് ഒരു ഫോൺ കാൾ…അത് മാത്രം ചെയ്താൽ മതി “,
പോകാൻ ആയി നടന്നു തുടങ്ങിയ മനു വീണ്ടും തിരികെ വന്നു ടേബിളിൽ കൈ ഊന്നി പറയുന്നത് കേട്ട് അശ്വതിയും പ്രിയയും പരസ്പരം നോക്കി…എന്നാൽ അത് ശ്രദ്ധിക്കാതെ മനു പോയിരുന്നു അപ്പോഴേക്കും. “അശ്വതി വളച്ചു കെട്ടില്ലാതെ പറയാം…എനിക്ക് അച്ചു ഏട്ടനെ വേണ്ട…ആ സ്നേഹം കൊതിച്ച ഒരു കാലം ഉണ്ടായിരുന്നു…ബട്ട് ഇപ്പോൾ എന്റെ ലക്ഷ്യം അതൊന്നും അല്ല…സൊ താൻ ആണ് തീരുമാനം പറയേണ്ടത്”, കൂസൽ ഇല്ലാതെ പ്രിയ പെട്ടെന്ന് പറഞ്ഞത് കേട്ട് ഒരു നിമിഷം അശ്വതിക്ക് എന്തോ പോലെ തോന്നി. “താൻ ആലോചിച്ചു നോക്ക്,ലക്ഷ്മി ഇല്ലാതെ ആയാൽ അവൾക് കിട്ടേണ്ട എല്ലാ സ്വത്തും തനിക്ക് കിട്ടും…
കുറച്ചു ബുദ്ധി ഉപയോഗിച്ചാൽ മതി… പക്ഷെ അച്ചു ഏട്ടനെ വേണം എന്ന് ആണെങ്കിൽ,ഒരു സംശയവും ഇല്ലാതെ ഞാൻ പറയാം അത് നടക്കില്ല എന്ന്…ഏട്ടന്റെ ജീവൻ പോകുന്നത് വരെ അവരെ ഒന്നും ചെയ്യാൻ നമുക്ക് പറ്റില്ല…സൊ ഒന്ന് കൂടി ആലോചിച്ചു താൻ വിളിക്ക്…നമുക്ക് കാണാം “, അശ്വതിയുടെ മനസ്സിലേക്ക് മനഃപൂർവം വിഷ വിത്തുകൾ പാകി പ്രിയയും ബാഗും എടുത്തു നടന്നു.അപ്പോൾ മാത്രം ആണ് പ്രിയ പറഞ്ഞതിനെ പറ്റി അശ്വതി ആലോചിച്ചത്. “ലെച്ചു ഇല്ലാതെ ആയാൽ അച്ഛന്റെയും അമ്മയുടെയും കൂടാതെ അപ്പച്ചിയുടെയും സ്വത്ത് മുഴുവൻ കിട്ടും…പിന്നെ എന്തിന് അർജുനെ പോലെ ഒരു ഓർഡിനറി ഐടി കമ്പനി നടത്തുന്ന ആളെ കെട്ടണം…
സമൂഹത്തിൽ നിലയും വിലയും ഉള്ള നല്ല പണക്കാരനെ കല്യാണം കഴിച്ചു രാജ്ഞിയെ പോലെ ജീവിക്കാം എനിക്ക് “,മുന്നിൽ വെച്ച ഓറഞ്ചു ജൂസ് കുടിച്ചു കൊണ്ട് കുറെ നേരത്തെ ആലോചനക്ക് ശേഷം അശ്വതി വ്യക്തമായ ഒരു തീരുമാനത്തിൽ എത്തിയപ്പോൾ കുറച്ചു മാറി അവളെ തന്നെ നോക്കി കൊണ്ടിരുന്ന പ്രിയയെയും മനുവിനെയും അശ്വതി കണ്ടില്ല. ചതിക്കുള്ളിലെ ചതി അറിയാതെ അശ്വതി ഭാവിയിൽ വന്നു ചേരാൻ പോകുന്ന സ്വത്തിന്റെ കണക്ക് എടുത്തു കൊണ്ട് ഫുഡ് കോർട്ടിൽ നിന്ന് പുറത്തേക്ക് നടന്നപ്പോൾ പ്രിയയും മനുവും വിചാരിച്ച കാര്യം നേടിയ സന്തോഷത്തിൽ ആയിരുന്നു.
വയറിൽ വലിയ കല്ല് പോലെ ഭാരം ഉള്ള എന്തോ എടുത്തു വെച്ചത് പോലെ തോന്നി കണ്ണുകൾ വലിച്ചു തുറന്ന ലെച്ചു മുന്നിലെ ക്ലോക്കിൽ 6 മണി എന്ന് കണ്ടു ബെഡിൽ നിന്ന് ചാടി എഴുന്നേറ്റു. വൈകിട്ട് 6 മണി ആവും എന്ന് കരുതി അവൾ സമാധാനിച്ചു എങ്കിലും പെട്ടെന്ന് തന്നെ രാവിലെ 6 മണി ആയി എന്ന് കണ്ടു ലെച്ചു ശരിക്കും ഞെട്ടി.ഇന്നലെ ഉച്ചക്ക് കിടന്നതാണ്…15-16 മണിക്കൂർ ഒക്കെ ഉറങ്ങാൻ ഉള്ള ക്ഷീണം ഉണ്ടായിരുന്നു അവൾക്ക് എന്ന് ഓർത്ത് ലെച്ചു അത്ഭുതപ്പെട്ടു. അർജുൻ അപ്പോഴും ഒന്നും അറിയാതെ സുഖം ആയി ഉറങ്ങുകയായിരുന്നു.എന്നാൽ ലെച്ചുവിനെ ചുറ്റിപിടിച്ച അർജുന്റെ കൈ മാത്രം അതെ പോലെ തന്നെ ഉണ്ടായിരുന്നു.
“എന്റെ ഈശ്വരാ…എന്താ ഇതു പാറ കല്ലോ…ഇതും കൊണ്ട് കിളക്കാനോ മറ്റോ പോയിരുന്നു എങ്കിൽ എത്ര ഉപകാരം ഉണ്ടായേനെ…അറ്റ്ലീസ്റ്റ് അന്ന് ആ മനുവിന് നല്ല ഒന്ന് കൊടുത്തിരുന്നു എങ്കിൽ ഇപ്പോൾ പേടിക്കാതെ നടക്കാമായിരുന്നു മനുഷ്യന് .എന്നിട്ട് ഇതൊന്നും ചെയ്യാതെ എന്റെ വയറിൽ കൊണ്ട് വെച്ചിരിക്കുന്നു മനുഷ്യൻ… “,എഴുന്നേൽക്കാൻ തടസ്സം നിന്ന അർജുന്റെ കൈ എടുത്തു മാറ്റി കൊണ്ട് ലെച്ചു പറയുന്നത് കേട്ട് ആണ് അവൻ കണ്ണ് തുറന്നത്. “അതൊക്കെ ചെയ്താൽ കൈ ഇവിടെ വെക്കുന്ന സുഖം കിട്ടുമോ പെണ്ണെ… “,ലെച്ചു മാറ്റിയ കൈ അതെ പോലെ വീണ്ടും വെച്ച് കൊണ്ട് അർജുൻ പറഞ്ഞത് കേട്ട് ലെച്ചു അത്ഭുതപ്പെട്ടു.
“ആഹാ,ഉറക്കം ഉണർന്നു കിടക്കുകയായിരുന്നോ…എന്നിട്ട് ആണോ എന്നെ വിളിക്കാതെ ഇരുന്നേ “,ലെച്ചു അത്ഭുതത്തോടെ ചോദിച്ചത്ത് കേട്ട് അർജുനും എഴുന്നേറ്റു അവളുടെ അടുത്തിരുന്നു. “നിനക്ക് നല്ല ക്ഷീണം ഉണ്ട് എന്ന് അറിയുന്നത് കൊണ്ടാ വിളിക്കാതെ ഇരുന്നേ…ഇന്നലെ രാത്രി ഭക്ഷണം കഴിക്കാൻ എത്ര വിളിച്ചു എന്ന് അറിയോ…ഒരു അനക്കവും ഇല്ലാത്തതു കൊണ്ട് അമ്മ ഫുഡ് ഇവിടെ കൊണ്ട് വരെ വെച്ചു…രാത്രി എങ്ങാനും നീ ഉണർന്നാലോ എന്ന് കരുതി…അത്രയും ക്ഷീണം ഉണ്ടെങ്കിൽ ഉറങ്ങി അങ്ങ് തീരട്ടെ എന്ന് കരുതിയ വിളിക്കാതെ ഇരുന്നത് “, ലെച്ചുവിന്റെ കൈ എടുത്തു ഉമ്മ വെച്ച് അർജുൻ പറഞ്ഞത് വിശ്വസിക്കാൻ ആവാതെ ലെച്ചു ഇരുന്നു.
അവൻ അടുത്ത് ഉണ്ട് എന്ന വിശ്വാസത്തിൽ ഇന്നലെ കിടക്കുമ്പോൾ മനസ്സ് ശൂന്യം ആയിരുന്നു.ഒരു പേടിയും ഇല്ലാതെ എത്രയോ കാലത്തിനു ശേഷം ആണ് ഇങ്ങനെ ഉറങ്ങുന്നത് എന്ന് ലെച്ചു ആലോചിച്ചു. അർജുനോട് ചിരിക്കുക മാത്രം ചെയ്ത് പെട്ടെന്ന് തന്നെ ലെച്ചു കുളിയും ഒരുക്കങ്ങളും ഒക്കെ കഴിഞ്ഞു താഴേക്ക് ചെന്നു.അമ്മയും ഏട്ടത്തിയും പതിവ് പോലെ അടുക്കളയിൽ ഉണ്ടായിരുന്നു അവൾ ചെല്ലുമ്പോൾ. “ആഹാ,മോൾ വന്നോ…എന്തൊരു ഉറക്കം ആയിരുന്നു എന്നാലും…എത്ര വിളിച്ചു എന്ന് അറിയോ ഭക്ഷണം കഴിക്കാൻ വേണ്ടി “,ലെച്ചുവിനെ കണ്ട ഉടനെ തന്നെ ഇന്ദു അമ്മ ചോദിച്ചത് കേട്ട് ലെച്ചു ചമ്മിയതു പോലെ ഒന്ന് ചിരിച്ചു.
“എന്താ അമ്മേ ഇതു,നമ്മൾ പോയ അന്ന് മുതൽ അവൾ ശരിക്ക് ഉറങ്ങിട്ടില്ല…നമ്മളെയും കാർത്തുനെയും നോക്കി ഇരിക്കുകയല്ലായിരുന്നോ രാത്രി മുഴുവൻ…പിന്നെ എങ്ങനെയാ ക്ഷീണം കാണാതെ ഇരിക്കുന്നത്…അത് മാത്രം അല്ല,2 ദിവസം കൂടിട്ടല്ലേ അച്ചുനെ കാണുന്നത്… “,ഏട്ടത്തി കള്ള ചിരിയോടെ പറഞ്ഞത് കേട്ട് എന്ത് കൊണ്ടോ ലെച്ചുവിന്റെ മുഖം ചുവന്നു തുടുത്തു… ഇന്ദു അമ്മ ശരിക്കും അത് കണ്ടു എങ്കിലും അവർ അത് പുറത്തു കാണിക്കാതെ ലെച്ചുവിന് ചായ കൊടുക്കുന്ന തിരക്ക് അഭിനയിച്ചു നിന്നു. “മോൾ എവിടെ ഏട്ടത്തി…എഴുന്നേറ്റില്ലേ…”,ചമ്മൽ മറക്കാൻ എന്ന പോലെ ലെച്ചു പെട്ടെന്ന് തന്നെ ചോദിച്ചു.
സാധാരണയായി ഏട്ടത്തി അടുക്കളയിലേക്ക് വരുമ്പോൾ അഭി ഏട്ടന് ശല്യം ആവേണ്ട എന്ന് കരുതി മോളെയും കൊണ്ടാണ് വരാറ്… “അച്ഛനും മോളും കൂടി രാവിലെ തുടങ്ങിയ കളിയാ…ഇപ്പോൾ ചെന്ന് നോക്കുമ്പോൾ രണ്ട് പേരും നല്ല ഉറക്കത്തിൽ ആണ് “,പണിയിൽ മുഴുകി തന്നെ ഏട്ടത്തി പറഞ്ഞത് കേട്ട് ലെച്ചുവും ഇന്ദു അമ്മയും പരസ്പരം നോക്കി. റിസ്ക് എടുത്തു ചെയ്ത കാര്യങ്ങൾ വിചാരിച്ചത് പോലെ നടന്നതിൽ ലെച്ചുവിന് നല്ല സന്തോഷം തോന്നി…ഏട്ടത്തിയുടെ കാര്യം ഓക്കേ ആയി എന്ന് അവൾക്ക് ഉറപ്പായി എങ്കിലും പെട്ടെന്ന് ആണ് ലെച്ചു ഇന്ദു അമ്മയെ പറ്റി ഓർത്തത്.
ഉടനെ തന്നെ ലെച്ചു അമ്മയെ നോക്കിയതും അച്ഛൻ അടുക്കളയിലേക്ക് വന്നതും ഒരുമിച്ചായിരുന്നു. “ഇന്ദു,ചായ കിട്ടിയില്ല…”,അദ്ദേഹം ലെച്ചുവിന്റെ അടുത്ത് ഇരുന്ന് കൊണ്ട് പറഞ്ഞത് കേട്ട് ഏട്ടത്തിയും അമ്മയും ഒരുപോലെ ഞെട്ടി എങ്കിലും ലെച്ചുവിന് വലിയ ഞെട്ടൽ ഒന്നും തോന്നിയില്ല. “മോൾ ഇന്നലെ ഒന്നും കഴിച്ചില്ലല്ലോ…ഭക്ഷണം ആയാൽ അവൾക്ക് കൊടുക്ക് ട്ടോ ഇന്ദു…വിശക്കുന്നുണ്ടാവും “,ഇന്ദു അമ്മ കൊടുത്ത ചായ കുടിച്ചു കൊണ്ട് അച്ഛൻ പറഞ്ഞത് കേട്ട് അപ്പോൾ ലെച്ചു നല്ലത് പോലെ ഒന്ന് ഞെട്ടി… താൻ ഇന്നലെ കഴിക്കാതെ കിടന്നത് നാട് മൊത്തം അറിഞ്ഞത് പോലെ തോന്നി അവൾക്.
അപ്പോഴേക്കും അച്ഛന്റെ വാക്കുകൾ കേട്ടത് പോലെ അമ്മ അവൾക്ക് ചൂട് ദോശയും കടല കറിയും കൊടുത്തു. അച്ഛനെ നോക്കി ഒന്ന് ചിരിച്ചു കൊണ്ട് ലെച്ചു കഴിക്കാൻ ആയി നോക്കവേ പെട്ടെന്ന് ആണ് അച്ഛൻ അവൾക്ക് മുന്നിലെ പ്ലേറ്റ് അദ്ദേഹത്തിന്റെ മുന്നിലേക്ക് നീക്കി വെച്ചത്…ലെച്ചു ഇത് എന്താണ് എന്ന് വിചാരിക്കുന്നതിനു മുന്നേ തന്നെ അച്ഛൻ അവൾക് വാരി കൊടുക്കാൻ തുടങ്ങിയിരുന്നു. “അറിയാതെ അടിച്ചു പോയതാണ് മോളെ…ക്ഷമിക്കണം അച്ഛന്റെ കുട്ടി “, ആരും കേൾക്കാതെ അദ്ദേഹം ലെച്ചുവിന്റെ അടുത്ത് ചെന്ന് പറഞ്ഞത് കേട്ട് ലെച്ചുവിന് ആകെ എന്തോ പോലെ തോന്നി.
അവൾ പതിയെ അതൊന്നും പ്രശ്നം ഇല്ല എന്ന ഭാവത്തിൽ കണ്ണടച്ച് കാണിച്ചു ഉത്സാഹത്തോടെ അച്ഛന്റെ കൈയിൽ നിന്ന് ദോശ കഴിച്ചു കൊണ്ട് ഇരിക്കവേ ആണ് അർജുൻ അടുക്കളയിലേക്ക് വന്നത്. “ആഹാ,ഇത് കൊള്ളാലോ…പ്രായം കൂടി വരുന്നതിന് അനുസരിച്ചു ഇവളെ കുട്ടി ആക്കുകയാണോ എല്ലാരും കൂടെ….സ്വന്തം ആയി ഒരു കുട്ടിക്ക് വാരി കൊടുക്കേണ്ട പ്രായം ആയി… അപ്പോഴാ… ഇനി എന്തൊക്കെ കാണണം എന്തോ “,ലെച്ചുവിനെ കളിയാക്കി കൊണ്ട് അർജുൻ പറഞ്ഞത് കേട്ട് അവൾക്ക് ദേഷ്യം വന്നു. “അയ്യടാ…ഞങ്ങളുടെ കുഞ്ഞു മോൾ തന്നെയാ ഇവൾ…
മോൾക്ക് ഇഷ്ടം ഉള്ളപ്പോൾ അവൾ സ്വന്തം കുഞ്ഞിനെ ഊട്ടി കൊള്ളും ട്ടോ…അതോർത്തു നീ വിഷമിക്കേണ്ട…” ഇന്ദു അമ്മ അർജുനെ നോക്കി പുച്ഛത്തോടെ പറഞ്ഞു ലെച്ചുവിന്റെ അടുത്ത് ചെന്നിരുന്നു.പിന്നെ അവൾക്ക് വാരി കൊടുക്കാൻ തുടങ്ങി. “എന്റെ ഏട്ടത്തി നോക്ക്,എന്തൊരു പ്രഹസനം ആണ് ഈ അമ്മ…ഇത്രയും വലിയ പെണ്ണിന് ആരെങ്കിലും ഇങ്ങനെ ഒക്കെ ചെയ്യുമോ “,അർജുൻ വിടാൻ ഭാവം ഇല്ല എന്ന പോലെ അമ്മുവിന്റെ പുറകെ നടന്നു പറയുന്നത് കേട്ട് അമ്മു തിരിഞ്ഞു നിന്ന് അവനെ നോക്കി ഒന്ന് ചിരിച്ചു. “അവൾ അത്ര വലിയ കുട്ടി ഒന്നും അല്ല അച്ചു…എന്നെക്കാളും ഒക്കെ എത്ര ചെറുതാണ്….
വീട്ടിൽ എന്റെ അച്ഛനും അമ്മയും ഇപ്പോഴും എന്നെ കൊഞ്ചിക്കുന്നത് നോക്കിയാൽ ഇതൊന്നും ഒന്നും അല്ല “, ചിരിച്ചു കൊണ്ട് അച്ഛനും അമ്മയ്ക്കും പുറമെ ഏട്ടത്തി കൂടി ലെച്ചുവിന് ഒരു കഷ്ണം ദോശ വായിൽ വെച്ച് കൊടുത്തത് കണ്ടു അർജുൻ കിളി പോയ പോലെ നിൽകുമ്പോൾ ആണ് കാർത്തു മോളെയും കൊണ്ട് അഭിയും അടുക്കളയിലേക്ക് വന്നത്. “ഇത്രയും വലിയ പെണ്ണിന് ഇങ്ങനെ വാരി കൊടുക്കുന്നത് എന്തൊരു അവസ്ഥയാണ് ഇല്ലേ അച്ചു…കലി കാലം എന്ന് അല്ലാതെ എന്താ പറയുക “,അർജുനെ കണ്ടപ്പോൾ തന്നെ അവന്റെ അടുത്തേക്ക് പോകാൻ നോക്കിയ കാർത്തു മോളെ അവന് കൊടുത്തു കൊണ്ട് അഭി പറഞ്ഞത് കേട്ട് അർജുന്റെ മുഖം തെളിഞ്ഞു.
എന്നാൽ അത് വരെ സന്തോഷത്തിൽ ഉണ്ടായിരുന്ന ലെച്ചുവിന്റെ മുഖം മങ്ങി.”അങ്ങനെ പറഞ്ഞു കൊടുക്ക് ഏട്ടാ…ഏട്ടന് എങ്കിലും അത്യാവശ്യം വിവരം ഉണ്ടല്ലോ ഈ വീട്ടിൽ …സമാധാനം ആയി എനിക്ക് “, അഭിയെ നോക്കി ചിരിച്ചു കൊണ്ട് അച്ചു പറഞ്ഞു.പിന്നെ വിജയ ഭാവത്തിൽ അവൻ ലെച്ചുവിനെ നോക്കിയപ്പോൾ അവൾ തല താഴ്ത്തി ഇരിക്കുകയായിരുന്നു. അത് കണ്ടു അർജുന് വിഷമം ആയി.വെറുതെ അവളെ ദേഷ്യം പിടിപ്പിക്കാൻ ആയി ഓരോന്ന് പറഞ്ഞു എന്ന് അല്ലാതെ എല്ലാവരും സ്നേഹം കൊണ്ട് അവളെ മൂടുന്നത് കാണുമ്പോൾ ഉള്ള സന്തോഷത്തിൽ നിൽക്കുകയായിരുന്നു അർജുൻ.
“ആഹാ, അത് പറഞ്ഞപ്പോഴെക്കും പെങ്ങള് കുട്ടിയുടെ മുഖം ആണ് താഴ്ന്നു പോയല്ലോ…കുഞ്ഞി ആ മുഖം ഒന്ന് ഉയർത്തിക്കെ…ഏട്ടന്റെ വകയിൽ കൂടി കഴിച്ചിട്ട് പോയാൽ മതി ഇന്ന്, ഈ അച്ചു അസൂയ കൊണ്ട് പറയുന്നതാ ഇങ്ങനെ ഒക്കെ…അതൊന്നും മോള് കാര്യം ആക്കേണ്ട… “, അഭി ലെച്ചുവിന്റെ അടുത്ത് ചെന്ന് പറഞ്ഞത് കേട്ട് എല്ലാവരും ഞെട്ടി.അഭി ഒരിക്കലും അങ്ങനെ പറയും എന്ന് ആരും തന്നെ വിചാരിച്ചിരുന്നില്ല.ചെറുതായി നിറഞ്ഞു തുടങ്ങിയ കണ്ണുകളാൽ ലെച്ചു മുഖം ഉയർത്തി അഭിയെ നോക്കി.ഭാര്യയെ മനസിലാക്കാൻ ഉള്ള സാഹചര്യം ഒരുക്കി തന്നെ നന്ദിക്ക് പുറമെ പെങ്ങള് കുട്ടിയോട് ഉള്ള സ്നേഹം കൂടി അഭിയുടെ മുഖത്തു കണ്ടു ലെച്ചുവിന് സന്തോഷം അടക്കാൻ കഴിഞ്ഞില്ല.
അവൾ ആവേശത്തോടെ എല്ലാവരും കൊടുത്ത ദോശ കഴിച്ചു…ഇടക്ക് വിജയ ഭാവത്തിൽ അർജുനെ നോക്കാനും ലെച്ചു മറന്നില്ല. അപ്പോഴേക്കും അർജുന്റെ കൈയിൽ ഇരുന്ന കാർത്തു ലെച്ചുവിനെ ചൂണ്ടി കരയാൻ തുടങ്ങിയത് കണ്ടു അർജുൻ മോളെ രൂക്ഷമായി ഒന്ന് നോക്കി. “എനിക്ക് അറിയായിരുന്നു എടി ഗുണ്ടു മുളകെ… കള്ളി പാറു,നീയും എന്നെ ചതിക്കും എന്ന്…പോ…പോയി വാരി കൊടുക്ക് “,അർജുൻ മോളെയും കൊണ്ട് ലെച്ചുവിന്റെ അടുത്തേക്ക് നടക്കുന്നത് കണ്ടു എല്ലാവരും ചിരിച്ചു. എല്ലാവരും ചെയ്തത് പോലെ കാർത്തു മോളും ലെച്ചുവിന് അവളുടെ കുഞ്ഞി കൈയിൽ ദോശ കൊടുത്തു കഴിഞ്ഞപ്പോഴേക്കും ലെച്ചു കരഞ്ഞു പോയിരുന്നു.
ഉടനെ തന്നെ എല്ലാവരും അവളെ ചെറുതായി ഒന്ന് സമാധാനിപ്പിച്ച് ലെച്ചുവിനെ ഒറ്റക്ക് വിട്ടു പതുക്കെ പുറത്തേക്ക് നടന്നു. ഇതു വരെ കിട്ടാത്ത വലിയൊരു അനുഭവത്തിന്റെ ഓർമയിൽ ലെച്ചുവിന് കരച്ചിൽ നിർത്താൻ സാധിച്ചില്ല.കുറച്ചു നേരം കൂടി അവൾ അവിടെ ഇരുന്നു കരയവേ അർജുൻ ക്ഷമയോടെ അവിടെ തന്നെ നിന്നു. “എന്റെ ലെച്ചുട്ടി,ഇത് ഒരു തുടക്കം മാത്രം അല്ലെ…ഇനി എപ്പോഴും ഈ സ്നേഹം അതെ പോലെ മോൾക്ക് കിട്ടും…വെറുതെ കരഞ്ഞു ആ സന്തോഷം കളയാതെ അതൊക്കെ എൻജോയ് ചെയ്യേടോ… “,ലെച്ചുവിന്റെ അടുത്തിരുന്നു അവളുടെ മുഖം ഉയർത്തി കണ്ണുകൾ തുടച്ചു കൊണ്ട് അർജുൻ പറഞ്ഞത് കേട്ട് ലെച്ചു ചിരിച്ചു.
“അതാണ്…ഇങ്ങനെ ചിരിക്കുമ്പോൾ എന്ത് ഭംഗിയുണ്ട്…ഇതാ,ഇനി ഇപ്പോൾ ഞാൻ വാരി തന്നില്ല എന്ന് വേണ്ട…പിന്നെ എപ്പോഴും ഇതു ശീലം ആക്കേണ്ട ട്ടോ…തടിച്ചു ഗുണ്ട് പോലെ ആവും നീ…ഇന്ന് എത്ര ദോശ കഴിച്ചു എന്ന് എന്തെങ്കിലും ഓർമയുണ്ടോ “, അർജുൻ തമാശക്ക് ചോദിച്ചത് കേട്ട് ഞൊടിയിടയിൽ ചിരി മാഞ്ഞു ലെച്ചുവിന്റെ മുഖം വീണ്ടും ഇരുണ്ടു. “ഓഹോ…കഴിച്ച ഭക്ഷണത്തിന് കണക്ക് പറയുകയാണ് ഇല്ലേ നിങ്ങൾ…അങ്ങനെ വിചാരിച്ചു എനിക്ക് വാരി തരേണ്ട നിങ്ങൾ…അതെനിക്ക് ദഹിക്കില്ല “,അർജുൻ നീട്ടി പിടിച്ച കൈ തട്ടി മാറ്റി ലെച്ചു കരഞ്ഞു കൊണ്ട് അടുക്കളയിൽ നിന്ന് പോകുമ്പോൾ വീട്ടു പടിക്കൽ കൊണ്ട് കലം ഉടച്ചല്ലോ എന്ന് ആലോചിച്ചു അർജുൻ തലക്ക് കൈ കൊടുത്തിരുന്നു പോയി (തുടരും )
(തുടരും )