Friday, November 22, 2024
Novel

ലയനം : ഭാഗം 14

എഴുത്തുകാരി: ദുർഗ ലക്ഷ്മി

അർജുൻ ശ്രീദേവിയെയും മറ്റും പുച്ഛത്തിൽ ഒന്ന് നോക്കി പുറത്തേക്ക് നടന്നു.പ്രിയയുടെയും അശ്വതിയുടെയും പെരുമാറ്റത്തിൽ അവന് കുഴപ്പം ഒന്നും തോന്നിയില്ല എങ്കിലും ശ്രീദേവിയുടെ പെരുമാറ്റം അർജുനെ ഇരുത്തി ഒന്ന് ചിന്തിപ്പിച്ചു.ലെച്ചുവിനോട് ഉള്ള ദേഷ്യത്തിൽ നിന്ന് മാത്രം ഉണ്ടായ പെരുമാറ്റം അല്ല ശ്രീദേവി അമ്മയുടെ ഭാഗത്തു നിന്ന് ഇപ്പോൾ വന്നത് എന്ന് അർജുന് എന്ത് കൊണ്ടോ തോന്നി. ഗഹനമായ ആലോചിച്ചയിൽ മുഴുകി വാതിൽ തുറന്ന അർജുൻ കണ്ണുകൾ ചുവന്നു കണ്ണീർ ഒഴുകിയ മുഖത്തോടെ ചുമരിൽ ചാരി നിൽക്കുന്ന ലെച്ചുവിനെ കണ്ടു ഒരു നിമിഷം അവിടെ നിന്നു.

അവനെ കണ്ട ഉടനെ ലെച്ചു കണ്ണുകൾ തുടച്ചു അർജുനെ ഒന്ന് നോക്കി…”എനിക്ക് എന്തോ പോകാൻ തോന്നില്ല സാർ…എന്റെ അമ്മ പറയുന്നത് കേൾക്കണം എന്ന് തോന്നി പോയി…ക്ഷമിക്കണം… “,ലെച്ചുവിന്റെ അടുത്ത് ചെന്നു ഒരു തോൾ ചുവരിൽ ചാരി കൈ കെട്ടി നിന്ന് അർജുൻ അവളെ സൂക്ഷിച്ചു നോക്കുന്നത് കണ്ട് ലെച്ചു തല കുനിച്ചു കൊണ്ട് പറഞ്ഞു. അത് കേട്ട ഉടനെ തന്നെ അർജുൻ അവളുടെ കൈയിൽ പിടിച്ചു അവളെയും കൊണ്ട് നടക്കാൻ തുടങ്ങി.കാര്യം ഒന്നും മനസിലായില്ല എങ്കിലും ലെച്ചു അർജുനെ എതിർക്കാതെ അവന്റെ കൂടെ നടന്നു.

ഇടക്കിടെ നിറഞ്ഞു വരുന്ന കണ്ണുകൾ അർജുൻ കാണാതെ ഇരിക്കാൻ ലെച്ചു പെടാപാട് പെടുന്നത് കണ്ടു എങ്കിലും അർജുൻ അത് കണ്ടു എന്ന ഭാവം കാണിക്കാതെ നടന്നത് ലെച്ചുവിന് വലിയ ആശ്വാസം ആയിരുന്നു. ലിഫ്റ്റ് ഉപയോഗിക്കാതെ അവൻ അവളെയും കൊണ്ട് 5 നില കെട്ടിടത്തിന്റെ പടിക്കെട്ടുകൾ ഓരോന്നായി കയറിയപ്പോൾ അവിടെ ഒന്നും അത്ര പരിചയം ഇല്ലാത്തതു കൊണ്ട് എങ്ങോട്ടാണ് പോകുന്നത് എന്ന് ലെച്ചുവിന് ഒരു പിടിയും കിട്ടിയില്ല. അവസാനം 5ആം നിലയും കയറി അർജുൻ അവളെയും കൊണ്ട് നീണ്ട ഒരു വരാന്തയിലൂടെ നടക്കാൻ തുടങ്ങി.

അപ്പോഴും ലെച്ചു ഒരക്ഷരം പോലും അർജുനോട്‌ സംസാരിച്ചില്ല.അർജുനും ഇടക്കിടെ അവളെ തിരിഞ്ഞു നോക്കി എന്ന് അല്ലാതെ അവനും ലെച്ചുവിന്റെ പാത പിന്തുടർന്ന് നിശബ്ദനായി നടന്നു. ആ വരാന്തയുടെ ഏറ്റവും അറ്റത്തായി ഒരു ചെറിയ മുറി കണ്ട് ലെച്ചു പെട്ടെന്ന് നടത്തം നിർത്തി അർജുനെ ഒന്ന് നോക്കി. “ഞാൻ ഒന്നും ചെയ്യില്ല പെണ്ണെ…ധൈര്യം ആയി വാ…എനിക്ക് കുറച്ചു സംസാരിക്കാൻ ഉണ്ട്…അതിന് വേണ്ടി ആണ് “, ലെച്ചുവിന്റെ നോട്ടത്തിന്റെ അർത്ഥം മനസിലായി എന്ന പോലെ അർജുൻ പറഞ്ഞത് കേട്ടിട്ടും അവൾ ഒന്നും മിണ്ടിയില്ല…അപ്പോഴും ശ്രീദേവി അമ്മയുടെ ഓരോ വാക്കും ഒന്നിന് ആയിരം എന്ന പോലെ അവളുടെ മനസ്സിൽ മുഴങ്ങി കൊണ്ട് ഇരിക്കുകയായിരുന്നു.

ലെച്ചുവിന്റെ കൈ വിട്ടു അർജുൻ റൂം തുറന്ന് അകത്തേക്ക് കയറി.എന്നാൽ ലെച്ചു അപ്പോഴും പുറത്തു ഏതോ ലോകത്തിൽ എന്ന പോലെ നില്കുന്നത് കണ്ടു അർജുൻ തിരികെ വന്നു അവളെ തട്ടി വിളിച്ചു. പിന്നെ അർജുൻ വാതിൽ തുറന്ന് അവളെയും കൊണ്ട് അകത്തു കയറി.”ഇത് ഞാൻ എന്റെ കുഞ്ഞി പെണ്ണിന് വേണ്ടി സ്പെഷ്യൽ ആയി ഉണ്ടാക്കിയിട്ട റൂം ആണ്…പിന്നെ ഓഫീസിൽ തിരക്ക് ആയി വീട്ടിൽ വരാൻ പറ്റിയില്ല എങ്കിലോ ഇടക്ക് വീട്ടിൽ നിന്ന് മാറി നിൽക്കാൻ തോന്നിയാലോ ഒക്കെ ഇവിടെ നിൽക്കാമല്ലോ”, അർജുൻ ലെച്ചുവിനെ പിടിച്ചു ഒരു ചെയറിൽ ഇരുത്തി കൊണ്ട് പറഞ്ഞു.എന്നിട്ടും ലെച്ചു തല താഴ്ത്തി ഇരിക്കുക അല്ലാതെ ഒന്നും മിണ്ടിയില്ല.

“ടീ… ഇങ്ങോട്ട് നോക്കടി…ഞാൻ നിന്നോടല്ലേ സംസാരിക്കുന്നത്…അപ്പോൾ നിനക്ക് എന്റെ മുഖത്തു നോക്കിയാൽ എന്താ “, അടുത്ത നിമിഷം തന്നെ അർജുൻ അലറി കൊണ്ട് ലെച്ചുവിനോട് ചോദിച്ചത് കേട്ട് അവൾ ചെയറിൽ നിന്നും ചാടി എഴുന്നേറ്റു. അടുത്ത നിമിഷം തന്നെ അർജുനും ചാടി എഴുന്നേറ്റു അവളെ ഇറുക്കി കെട്ടിപിടിച്ചു.”നോക്ക് ലെച്ചു…എനിക്ക് കുറച്ചു സംസാരിക്കാൻ ഉണ്ട്…മര്യാദക്ക് അടങ്ങി നിന്ന് അത് കേട്ടോ…ദേഷ്യം വന്നാൽ നിനക്കറിയാലോ എന്നെ… “, അവന്റെ കൈയിൽ നിന്നും കുതറി മാറാൻ നോക്കുന്ന ലെച്ചുവിനെ ഒന്ന് കൂടി അടക്കി പിടിച്ചു അർജുൻ അവളുടെ കാതിൽ ചുണ്ട് ചേർത്ത് പറഞ്ഞത് കേട്ട് ലെച്ചു ഒന്ന് അടങ്ങി.

“എല്ലാ കാര്യത്തിനും സ്വന്തം ഇഷ്ടങ്ങളും വ്യക്തമായ അഭിപ്രായങ്ങളും ഉള്ള കുട്ടിയ നീ… പക്ഷെ അതൊക്കെ മറന്നു സൊ കോൾഡ് കണ്ണീർ സീരിയലിലെ നായിക ആവാൻ നിനക്ക് നിന്റെ അമ്മയെ ഒരു കിലോമീറ്റർ അപ്പുറത്തു നിന്ന് കണ്ടാൽ മതി…അതെന്താ പെണ്ണെ അങ്ങനെ “, അർജുൻ പകുതി തമാശയായും പകുതി കാര്യം ആയും ചോദിച്ചത് കേട്ട് ലെച്ചു അർജുനെ അറിയാതെ തന്നെ കെട്ടിപിടിച്ചു കരയാൻ തുടങ്ങി “എന്റെ പെണ്ണെ,നീ വെറുതെ എന്തിനാ ഇങ്ങനെ കരയുന്നത്…അമ്മ ചെയ്യുന്നത് ശരിയാണ് എന്ന് പറയുന്ന നീ തന്നെ അവർ മിണ്ടിയില്ല,സ്നേഹിക്കുന്നില്ല,എന്നൊക്കെ പറയുമ്പോൾ അതെങ്ങനെയാ ശരി ആവുക “,അർജുൻ ലെച്ചുവിന്റെ മുടിയിൽ പതുക്കെ തലോടി കൊണ്ട് ചോദിച്ചു.

“മിണ്ടിയില്ല എങ്കിലും സ്നേഹിച്ചില്ല എങ്കിലും ചങ്ക് തകർക്കുന്ന ഓരോന്ന് പറയാതെ ഇരുന്നുടെ അമ്മക്ക് ഏട്ടാ…അതെ ഉള്ളൂ എന്റെ വിഷമം “,ലെച്ചു തേങ്ങി കൊണ്ട് പറഞ്ഞത് കേട്ട് അർജുൻ അവളെ നെഞ്ചിൽ നിന്നും പതിയെ പിടിച്ചു മാറ്റി. “നമ്മൾ രണ്ട് പേരും ആരോടും ഒരു പ്രശ്നത്തിനും പോയില്ല എങ്കിലും ഇപ്പോൾ ഒരുപാട് ശത്രുക്കൾ നമുക്ക് ഉണ്ട്.അവർക്ക് ഒക്കെ അമ്മ തനിക്ക് ഒരു വീക്നെസ് ആണ് എന്ന് അറിയുകയും ചെയ്യാം…നിന്റെ അമ്മക്കും അറിയാം അത്…അതല്ലേ ഇങ്ങനെ ഒരു കാര്യവും പറഞ്ഞു ഇങ്ങോട്ട് വന്നത് “,അർജുൻ പല്ല് കടിച്ചു കൊണ്ട് പറഞ്ഞത് കേട്ട് ലെച്ചു എന്തോ പറയാൻ തുടങ്ങുന്നതിനു മുന്നേ തന്നെ അർജുൻ വീണ്ടും പറയാൻ തുടങ്ങി.

“ഒരുപാട് കഴിവ് ഉള്ള കുട്ടിയാണ് ലെച്ചു നീ…ഇവിടെ ഒന്നും നിൽക്കേണ്ട ആള് അല്ല താൻ……നോക്കിക്കോ വിരലിൽ എണ്ണാവുന്ന വർഷം കൊണ്ട് തന്നെ നിന്നെ കേൾക്കാൻ ഈ ലോകം കാത്തിരിക്കും..അത്രയും ഉയരം നിന്നെ കാത്ത് നിൽക്കുന്നുണ്ട്…അതിനിടയിൽ ഈ അമ്മ സെന്റിമെൻസ് ഒക്കെ ഒഴിവാക്ക് നീ…അതൊന്നും അല്ല ഇപ്പോൾ നമുക്ക് പ്രധാനം…മനസിലാവുന്നുണ്ടോ ഞാൻ പറയുന്നത് “, അർജുൻ അവളെയും കൂട്ടി ബാൽക്കണിയിലേക്ക് നടന്നു കൊണ്ട് പറഞ്ഞു. അർജുന്റെ വാക്കുകളോട് കാര്യം ആയി ഒന്നും പ്രതികരിച്ചില്ല എങ്കിലും സത്യത്തിൽ ആരാണ് അർജുൻ എന്ന് കണ്ടറിയുകയായിരുന്നു ലെച്ചു അപ്പോഴെല്ലാം…

ഇത്രയും ചെറിയ സമയം കൊണ്ട് അവൻ എങ്ങനെ എല്ലാ കാര്യങ്ങളും മനസിലാക്കി എന്ന് ഓർത്തു ലെച്ചു അത്ഭുതപ്പെട്ടു. .”ആഹ് പിന്നെ ഒരു കാര്യം…എത്ര വലിയ പൊസിഷൻ ആയാലും ആ ഹൃദയം ഞാൻ ആർക്കും വിട്ടു കൊടുക്കില്ല ട്ടോ…എന്റെ പെണ്ണിനെ ഞാൻ കൂട്ടിൽ ഇടാൻ ഉദേശിക്കുന്നില്ല എങ്കിലും ആ ഹൃദയം ആൾറെഡി ഞാൻ ഇവിടെ ലോക്ക് ചെയ്തു…അതിന് ഇനി എങ്ങോട്ടും പറന്നു പോകാൻ പറ്റില്ല “,കുറെ കാര്യങ്ങൾ പറഞ്ഞിട്ടും ലെച്ചു ഒന്നും മിണ്ടുന്നില്ല എന്ന് കണ്ടു അർജുൻ മനസ്സിൽ ഉള്ളത് എല്ലാം പറഞ്ഞു തീർക്കാം എന്ന് കരുതി കള്ള ചിരിയോടെ സ്വന്തം നെഞ്ചിൽ തൊട്ടു കൊണ്ട് അത് പറഞ്ഞപ്പോൾ ലെച്ചുവിന്റെ മുഖം ചുവന്നു തുടുത്തു.

എന്നാൽ അവൾ വേഗം അത് മറച്ചു കൊണ്ട് പുറത്തേക്ക് നോട്ടം അയച്ചു ബാൽക്കണിയുടെ കൈ വരിയിൽ കൈ താങ്ങി നിന്നു. “നോക്ക് ലെച്ചുട്ടാ…ഇടക്ക് ഓരോ കുസൃതി ഒക്കെ കാണിക്കും എങ്കിലും ഇനി ഇങ്ങോട്ട് വന്നു ഇഷ്ടം ആണ് എന്ന് പറയാതെ ഞാൻ നിന്നോട് സംസാരിക്കാൻ പോലും വരില്ല…ഇന്ന് രാവിലെ സത്യത്തിൽ അറിയാതെ ചെയ്ത് പോയതാണ് എങ്കിലും അമ്മ അമ്മയുടെ കുട്ടിനെ അവളുടെ ഇഷ്ടം ഇല്ലാതെ തൊട്ടു എന്ന് പറഞ്ഞു എന്നെ കൊന്നില്ല എന്നെ ഉള്ളൂ…എനിക്ക് വയ്യ ഈ കണ്ണുകൾ നിറയുന്നത് കാണാനും അമ്മയുടെ വഴക്ക് കേൾക്കാനും ” അർജുനും ലെച്ചു നിന്നത് പോലെ കൈ വരിയിൽ ചാരി നിന്ന് അത് പറഞ്ഞത് കേട്ട് ലെച്ചുവിന് ഞെട്ടലും അമ്പരപ്പും സങ്കടവും ഒക്കെ ഒരുപോലെ വന്നു.

വളരെ സാവധാനം ലെച്ചുവിന്റെ മുഖത്തു നോക്കാതെ വളരെ സാധാരണ രീതിയിൽ അങ്ങനെ പറഞ്ഞു എങ്കിലും സത്യത്തിൽ വേറെ പല കണക്ക് കൂട്ടലും നടത്തി ആണ് അർജുൻ അങ്ങനെ പറഞ്ഞത്. അവളുടെ പ്രതികരണം എന്താണ് എന്ന് അറിയുവാൻ ഒളി കണ്ണിട്ട് നോക്കുമ്പോൾ അവന് നല്ല ടെൻഷൻ ഉണ്ടായിരുന്നു. പക്ഷെ അത് വരെ ചുവന്നു തുടുത്തു നിന്ന അവളുടെ മുഖം പെട്ടെന്ന് കാർമേഘം മൂടിയതു പോലെ ആയത് കണ്ട് അർജുന് സന്തോഷം അടക്കാൻ കഴിഞ്ഞില്ല….കാര്യങ്ങൾ എല്ലാം മനസിലായത് പോലെ ചുണ്ടിൽ നിറഞ്ഞു വന്ന പുഞ്ചിരി മുഖം മറുപുറത്തെക്ക് തിരിച്ചു ലെച്ചു കാണാതെ അർജുൻ ഒളിപ്പിച്ചു.

അപ്പോഴേക്കും അവളുടെ ഫോൺ റിംഗ് ചെയ്യാൻ തുടങ്ങി. ഡിസ്പ്ലേയിൽ അഞ്ചുവിന്റെ പേര് കണ്ടു ലെച്ചു വേഗം ഫോൺ എടുത്തു. “ഹാ അഞ്ചു… ” …….. “ഓഹ്,ഞാൻ അത് മറന്നു…ഇപ്പോൾ വരാം “,….അർജുനെ നോക്കി ലെച്ചു അത് പറഞ്ഞപ്പോൾ അവനും കൗതുകത്തോടെ അവളെ നോക്കി നിന്നു. “കോളേജിൽ പോയി സർട്ടിഫിക്കറ്റ് വാങ്ങണം.ഇന്ന് ചെല്ലാൻ പറഞ്ഞിട്ടുണ്ട്…താഴേക്ക് പോകാം നമുക്ക് “,ലെച്ചു തിരികെ പോകാൻ ആയി നോക്കി കൊണ്ട് അർജുനോട്‌ ചോദിച്ചു.അവൻ മറുത്തു ഒന്നും പറയാതെ തല കുലുക്കി എങ്കിലും കുറച്ചു സമയം കൂടി അവളോട് സംസാരിക്കാൻ പറ്റാത്തതിൽ അർജുന് നിരാശ തോന്നി.

ലെച്ചു മുന്നിൽ നടന്നു താഴെ എത്തിയപ്പോൾ അഞ്ചുവും ജിഷ്ണുവും അവളെ നോക്കി അക്ഷമരായി നില്കുന്നുണ്ടായിരുന്നു. “വേഗം വാ കുഞ്ഞി…സമയം വൈകി… നിങ്ങൾ എവിടെ പോയതാ “,ഒരുമിച്ച് വന്ന ലെച്ചുവിനെയും അർജുനെയും കണ്ട് അഞ്ചു സംശയത്തോടെ ചോദിച്ചത് കേട്ട് ലെച്ചു അറിയാതെ അർജുനെ നോക്കി.അവൻ ആവട്ടെ ഒരു ഭാവ വ്യത്യാസവും കൂടാതെ ലെച്ചുവിനെ തിരിച്ചു നോക്കി അവിടെ നിന്നും പോകാൻ തുനിഞ്ഞു. “ഒന്നുല്ല അഞ്ചു…കുറച്ചു വർക്ക്‌ ഉണ്ടായിരുന്നു…നീ വാ, നമുക്ക് പോകാം… ഞാൻ എടുക്കാം വണ്ടി “,ചെറിയൊരു പരുങ്ങലോടെ ലെച്ചു അഞ്ചുവിനെ വലിച്ചു കൊണ്ട് പോകാൻ നോക്കവേ പെട്ടെന്ന് ജിഷ്ണു അവരുടെ ഇടയിൽ കയറി ലെച്ചുവിനെ തടഞ്ഞു.

“ലെച്ചു സ്വന്തം വണ്ടിയിൽ ഞങ്ങളെ ഫോളോ ചെയ്യും,ജിഷ്ണു ഏട്ടനും അഞ്ചു മോളും കൂടി മുന്നിൽ പോകും… ഒക്കെ “,അഞ്ചുവിന്റെ കൈയും പിടിച്ചു ജിഷ്ണു പറഞ്ഞത് കേട്ട് ലെച്ചുവിന് സങ്കടം വന്നു.അഞ്ചു ആവട്ടെ ഒന്നും മിണ്ടാതെ ജിഷ്ണുവിനോട് ചേർന്ന് നിന്നു.അവൾ നിഷ്കളങ്കമായി അഞ്ചുവിനെ നോക്കി എന്തോ പറയുന്നതിന് മുന്നേ തന്നെ അഞ്ചുവും ജിഷ്ണുവും അവളോട് ബൈ പറഞ്ഞു പോയി. “ഏട്ടന് തിരക്ക് ഇല്ലെങ്കിൽ എന്റെ കൂടെ വരുമോ…അവര് പോകുന്ന സ്പീഡിൽ ഒന്നും ഫോളോ ചെയ്യാൻ എനിക്ക് പറ്റും എന്ന് തോന്നുന്നില്ല “,ജിഷ്ണുവും അഞ്ചുവും പോയ പിറകെ തന്നെ പോകാൻ ഒരുങ്ങിയ അർജുനോട്‌ ലെച്ചു പെട്ടെന്ന് ചോദിച്ചത് കേട്ട് അർജുൻ പെട്ടെന്ന് നിന്നു.

പിന്നെ ഒന്ന് ആലോചിച്ചു അവളുടെ നേരെ തിരിഞ്ഞു. “ഹാ,ഞാൻ വരാൻ… കീ എടുത്തിട്ട് വരാം…കാറിൽ പോകാം നമുക്ക് “,തുടി കൊട്ടുന്ന മനസിനെ ഒരു തരത്തിലും പുറത്ത് കാണിക്കാതെ അർജുൻ പറഞ്ഞത് കേട്ട് ലെച്ചു അവനെ തടഞ്ഞു. “വേണ്ട ഏട്ടാ…ആവശ്യം എന്റെ അല്ലേ….നമുക്ക് സ്കൂട്ടിയിൽ തന്നെ പോകാം…കുഴപ്പം ഉണ്ടോ “,ആദ്യം നിർബന്ധ ബുദ്ധിയോടെ പറഞ്ഞു എങ്കിലും പിന്നെ ലെച്ചു അപേക്ഷ സ്വരത്തിൽ പറഞ്ഞത് കേട്ട് അർജുൻ ഒന്ന് ചിരിച്ചു അവളുടെ കൂടെ പുറത്തേക്ക് നടന്നു. അതിനിടയിൽ ലെച്ചു ഓടി പോയി അവളുടെ ബാഗും മറ്റും എടുത്തു വന്നു.അർജുൻ ആവട്ടെ ആ സമയം സ്കൂട്ടിയിൽ ചാരി നിന്ന് ഫോണിൽ നോക്കുകയായിരുന്നു.

“ഇതാ ഏട്ടാ കീ…വണ്ടി എടുക്കാൻ ബുദ്ധിമുട്ട് ഉണ്ടോ…എനിക്ക് വഴി അറിയില്ല അതാ “,അവന്റെ അടുത്ത് വന്നു കീ അർജുന് നേരെ നീട്ടി ലെച്ചു ചോദിച്ചു. സത്യത്തിൽ അർജുന് ഹൃദയം പൊട്ടി ഇപ്പോൾ മരിച്ചു പോകും എന്ന് തോന്നി എങ്കിലും ലെച്ചു ഇഷ്ടം പറയുന്നത് വരെ ഇനി അവളെ ശല്യം ചെയ്യില്ല എന്ന അവന്റെ ഉറച്ച തീരുമാനം കാരണം മറ്റൊന്നും പറയാതെ അർജുൻ കീ വാങ്ങി വണ്ടി സ്റ്റാർട്ട്‌ ചെയ്തു അഞ്ചുവിന്റെ കൂടെ വണ്ടിയിൽ കയറി പരിചയം ഉണ്ടെങ്കിലും ഒരു സൈഡ് ഇരുന്ന് ലെച്ചുവിന് വലിയ പരിചയം ഇല്ലായിരുന്നു.വസ്ത്രം സാരി ആയത് കൊണ്ട് അങ്ങനെ അല്ലാതെ ഇരിക്കാൻ നിർവഹം ഇല്ലാത്തതു കൊണ്ട് ലെച്ചു അർജുന്റെ തോളിൽ പിടിച്ചു തന്നെ കയറി ഇരുന്നു.

അപ്പോഴേക്കും ഹെൽമെറ്റ്‌ വെച്ചു അർജുനും റെഡി ആയിരുന്നു.”ജിഷ്ണു തന്നെ നോക്കി നിൽക്കുമോ? “,വണ്ടി സ്റ്റാർട്ട്‌ ചെയ്ത് കൊണ്ട് അർജുൻ ചോദിച്ചു. “ഇല്ല,ഞാൻ പറഞ്ഞിട്ടുണ്ട് ഏട്ടന്റെ കൂടെയാ വരുന്നത് എന്ന് “,സാരി ഒതുക്കി പിടിച്ചു ബാഗ് തോളിൽ നിന്നും എടുത്തു മടിയിൽ വെച്ച് കൊണ്ട് ലെച്ചു പറഞ്ഞു. അത് കേട്ടയുടനെ തന്നെ അർജുൻ സ്കൂട്ടി മുന്നോട്ട് എടുത്തു.കണ്ണാടിയിലൂടെ കാണുന്ന ലെച്ചുവിന്റെ മുഖവും പാറി പറക്കുന്ന നീണ്ട മുടിയും എല്ലാം ഇടക്ക് അർജുന്റെ ശ്രദ്ധ തിരിച്ചു എങ്കിലും പെട്ടെന്ന് ആണ് ഇന്ദു അമ്മ ലെച്ചുവിനെ ഫോണിൽ വിളിച്ചത്.

അത് കണ്ടു അർജുന്റെ തോളിൽ അമർന്ന ലെച്ചുവിന്റെ കൈ യാത്രയുടെ ഒരു സമയം വയറിലേക്ക് മാറിയത് അർജുൻ അറിഞ്ഞു എങ്കിലും ഇന്ദു അമ്മയെ ഫോണിൽ വിളിച്ചു കൊണ്ടിരുന്ന ലെച്ചു അറിഞ്ഞതെ ഇല്ല. അധികം വൈകാതെ തന്നെ അവർ കോളേജിൽ എത്തിയപ്പോൾ ജിഷ്ണുവും അഞ്ചുവും ലോകാത്ഭുതങ്ങൾ എല്ലാം ഒന്നിച്ചു കണ്മുന്നിൽ കണ്ടത് പോലെ അവരുടെ വരവ് നോക്കി നിൽക്കുന്നുണ്ടായിരുന്നു. അർജുൻ വണ്ടി പാർക്ക് ചെയ്യുന്ന സമയം കൊണ്ട് ലെച്ചു ഇന്ദു അമ്മയോടുള്ള വർത്താനത്തിൽ മുഴുകി അഞ്ചുവിനോട് അകത്തേക്ക് വാ എന്ന് മുഖം കൊണ്ട് പറഞ്ഞു ആരെയും നോക്കാതെ നടന്നു തുടങ്ങി.

“അതെ… ഇവിടെ ഇപ്പോൾ എന്താ നടക്കുന്നത് എന്ന് പറഞ്ഞിട്ട് പോയാൽ മതി…നീ നിന്റെ അജ്ഞാത കാമുകിയെ തേക്കാൻ ആണ് ഭാവം എങ്കിൽ പൊന്ന് മോനെ അർജുനെ നിന്നെ ഞാൻ കൊല്ലും…കണ്ടില്ല എങ്കിലും എന്റെ പെങ്ങൾ ആടാ അവൾ “,ലെച്ചുവിന്റെ പുറകെ തന്നെ നടക്കാൻ തുടങ്ങിയതും ജിഷ്ണു അർജുന്റെ ഷിർട്ടിൽ കുത്തി പിടിച്ചു കൊണ്ട് പറഞ്ഞത് കേട്ട് അർജുൻ അവരോട് കാര്യങ്ങൾ എല്ലാം പറയണോ എന്ന് ഒരു നിമിഷം ആലോചിച്ചു. “നീ ഇങ്ങനെ ടെൻഷൻ ആവേണ്ട ജിമ്മു…ലെച്ചു തന്നെയാ നമ്മൾ അന്വേഷിച്ചു കൊണ്ടിരുന്നു ആള്,അവൾ തന്നെ എല്ലാം പറയുന്ന സമയം വരെ നിങ്ങൾ അറിഞ്ഞ ഭാവം കാണിക്കേണ്ട…ഞാൻ പിന്നെ ജസ്റ്റ്‌ കാര്യം ഒന്ന് പറഞ്ഞു എന്നെ ഉള്ളൂ…

ഓഫീസിൽ ഇനി പലതും ഇങ്ങനെ കാണേണ്ട വരും…അപ്പോൾ ചോദിക്കേണ്ട എന്ന് കരുതി പറഞ്ഞതാ. “, അതും പറഞ്ഞു അർജുൻ മുന്നോട്ട് നടന്നപ്പോൾ ജിഷ്ണുവും അഞ്ചുവും ഒരുപോലെ ബോധം പോയി പരസ്പരം നോക്കി നിന്നു.അതെ സമയം ലെച്ചു ഫോണിൽ ഉള്ള സംസാരം നിർത്തി അവരെയും കാത്ത് ഓഫീസിനു മുന്നിൽ നിൽക്കുകയായിരുന്നു.അപ്പോഴേക്കും അർജുൻ അവിടെ എത്തി. “അവർ എവിടെ ഏട്ടാ “,അവന്റെ കൂടെ അഞ്ചുവിനെയും ജിഷ്ണുവിനെയും കാണാത്തതു കൊണ്ട് ലെച്ചു ചോദിച്ചു. “അത് അവര് പറന്നു പോയ കിളികൾ തിരികെ വരാൻ ആയി വെയിറ്റ് ചെയ്ത് നിൽകുവാ…ഇപ്പോൾ വരും “,

കള്ള ചിരിയോടെ അർജുൻ പറഞ്ഞത് കേട്ട് ലെച്ചു ഒന്നും മനസിലാവാതെ നെറ്റി ചുളിച്ചു നിൽക്കേ ആണ് അവരുടെ ഡിപ്പാർട്മെന്റ് ഹെഡ് ആയിരുന്ന അഗസ്ത്യൻ സാർ അങ്ങോട്ട് വന്നത്. “ഹായ് അർജുൻ… താൻ എന്താടോ ഇവിടെ…കുറെ കാലം ആയല്ലോ കണ്ടിട്ട് “,അർജുനെ കണ്ട ഉടനെ തന്നെ അദ്ദേഹം വന്നു അവന് കൈ കൊടുത്തു സംസാരിക്കാൻ തുടങ്ങി. “ഹലോ സാർ…ഞാൻ ലക്ഷ്മിയുടെ സർട്ടിഫിക്കറ്റ് വാങ്ങാൻ ആയി വന്നതാ… “,അർജുനും അദ്ദേഹത്തിന്റെ കൈ പിടിച്ചു കൊണ്ട് പറഞ്ഞപ്പോൾ ആണ് സാർ അർജുന്റെ പുറകിൽ നിൽക്കുന്ന ലെച്ചുവിനെ കണ്ടത് “ഏഹ് ലെച്ചു മോളെ…മോള് അർജുന്റെ കൂടെ ആണോ വന്നത്…അല്ല നിങ്ങൾക്ക് എങ്ങനെയാ പരിചയം “,സാർ ഒന്നും മനസിലാവാത്തത്തു പോലെ ചോദിച്ചു.

“എന്റെ വൈഫ് ആണ് സാർ…കല്യാണം ഒക്കെ പെട്ടെന്ന് ആയിരുന്നു…അതാ ആരെയും വിളിക്കാതെ ഇരുന്നേ “,ലെച്ചുവിനെ തോളോട് ചേർത്ത് പിടിച്ചു കൊണ്ട് അർജുൻ പറഞ്ഞത് കേട്ട് സാറിന്റെ മുഖത്ത് അത്ഭുതവും അമ്പരപ്പും നിറയുന്നത് കണ്ട് ലെച്ചുവും അർജുനും അദ്ദേഹത്തെ നോക്കി അങ്ങനെ നിന്നു… അപ്പോഴേക്കും അഞ്ചുവും ജിഷ്ണുവും അവിടെ എത്തി.കുറച്ചു സമയം കൂടി വിശേഷങ്ങൾ എല്ലാം പറഞ്ഞു ലെച്ചുവും അഞ്ചുവും കൂടെ ഓഫീസിനുള്ളിലേക്ക് കയറിയ സമയം അഗസ്ത്യൻ സാർ അർജുനെയും കൂട്ടി നടന്നു.

“ലെച്ചുവിന്റെ അമ്മയുടെ ക്ലാസ്സ്‌ മേറ്റ് ആയിരുന്നു ഞാൻ.അത് കൊണ്ട് അവരുടെ കാര്യങ്ങൾ ഒക്കെ എനിക്ക് അറിയാം…സത്യത്തിൽ പ്ലസ് ടു നല്ല മാർക്ക് കിട്ടി പാസ്സ് ആയിട്ടും എൻട്രൻസ് കിട്ടിയിട്ടും ശ്രീദേവി ലെച്ചുവിനെ കോളേജിൽ വിടാതെ നിന്നപ്പോൾ ഞാൻ ആണ് അവളെ പറഞ്ഞു സമ്മതിപ്പിച്ചു ലെച്ചുവിനെ ഇവിടെ ചേർത്തത് ” “ശരിക്കും താൻ എന്റെ സ്റ്റുഡന്റ് ആയിരുന്ന സമയം,ഇനി തന്നെ പോലെ ഒരു കുട്ടിയെ പഠിപ്പിക്കാൻ എനിക്ക് കിട്ടില്ല എന്നായിരുന്നു എനിക്ക് തോന്നിയിരുന്നത്.പക്ഷെ ലെച്ചുവിനെ പഠിപ്പിക്കാൻ തുടങ്ങിയതിനു ശേഷം ആ തോന്നൽ അങ്ങ് മാറി…

സത്യം പറഞ്ഞാൽ തന്നെക്കാൾ ഒരുപടി മുന്നിൽ തന്നെ ആണ് ട്ടോ അവൾ…”,സാർ അർജുനെ ഒളിക്കണ് ഇട്ട് നോക്കി കൊണ്ട് പറഞ്ഞത് കേട്ട് അവൻ ഒന്ന് ചിരിച്ചു. “അത് എനിക്ക് നല്ലത് പോലെ അറിയാം സാർ…ഇങ്ങോട്ട് വരുന്നതിന് തൊട്ട് മുൻപ് കൂടി ഞാൻ അവളെ ഓർമ്മിപ്പിച്ചതെ ഉള്ളൂ ഇതെല്ലാം “, അർജുന്റെ ഉടനെ തന്നെ ഉള്ള മറുപടി കേട്ട് സാർ സത്യത്തിൽ അമ്പരന്നു “അല്ല മോനെ,നീ നിന്റെ സർട്ടിഫിക്കറ്റ് വാങ്ങാൻ വന്ന ആ സമയം ലെച്ചുവിനെ പറ്റി നിന്നോട് പറഞ്ഞപ്പോൾ നീ ഇങ്ങനെ ഒന്നും അല്ലല്ലോ പറഞ്ഞെ…പിന്നെ പെട്ടെന്ന് ഇതെന്താ ഒരു മാറ്റം “, സാർ അർജുനെ ചൂഴ്ന്ന് നോക്കി വീണ്ടും ചോദിച്ചു. “എന്താ സാർ ഇങ്ങനെ നോക്കുന്നത്…

കെട്ടുന്നതിനു മുന്നേ അവളോട് കുറച്ചു ദേഷ്യം ഉണ്ടായിരുന്നു എന്നത് സത്യം തന്നെയാ… അത് ഞാൻ സാറിനോട് ഇടക്ക് പറഞ്ഞിട്ടും ഉണ്ട്…ബട്ട്‌ ഇപ്പോൾ അങ്ങനെ ഒന്നും അല്ല…അവളുടെ ഏത് ആഗ്രഹം സാധിക്കാനും ഞാൻ ലെച്ചുവിന്റെ കൂടെ തന്നെ ഉണ്ടാവും “,ഉറച്ച ശബ്ദത്തോടെ നിവർന്നു നിന്ന് അർജുൻ പറഞ്ഞത് കേട്ട് അദ്ദേഹം ഒന്ന് ചിരിച്ചു. “ഇപ്പോഴാ എനിക്ക് സമാധാനം ആയത്.ഈ വർഷം ട്രാൻസ്ഫർ ആയി ഇവിടെ നിന്ന് പോയതിനു ശേഷം ലെച്ചുവിന്റെ ഒരു വിവരവും അറിയാതെ ഞാൻ സങ്കടപ്പെട്ടിരിക്കുകയായിരുന്നു.സമയം ഇല്ലാഞ്ഞിട്ടും വളരെ കഷ്ട്ടപ്പെട്ടു നാട്ടിൽ നിന്ന് വീണ്ടും ഇങ്ങോട്ട് വന്നത് തന്നെ ലെച്ചുവിന്റെ വിവരം തിരക്കാൻ ആയിരുന്നു…

ഏതായാലും നിന്റെ കൈയിൽ തന്നെ കിട്ടിയല്ലോ അവളെ…ഇനി എനിക്ക് പേടി ഒന്നും ഇല്ല…മോള് സുഖം ആയി ജീവിച്ചോളും “, സാർ അർജുന്റെ കൈകൾ കൂട്ടി പിടിച്ചു കൊണ്ട് പറഞ്ഞത് കേട്ട് അവൻ അത് ശരി വെക്കുന്നത് പോലെ തല കുലുക്കി. വീണ്ടും പഴയ കാര്യങ്ങൾ എല്ലാം പറഞ്ഞു അവർ ഇരുവരും സംസാരിക്കുന്നതിന് ഇടയിൽ ആണ് ലെച്ചുവും അഞ്ചുവും തിരിച്ചു വന്നത്.കുറച്ചു നേരം കൂടെ സാറും ആയി സംസാരിച്ചു അവർ വീണ്ടും ഓഫീസിലേക്ക് തിരിച്ചു തിരിച്ചു വരുമ്പോൾ എല്ലാം അർജുന്റെ മനസ്സിൽ മുഴുവനും അഗസ്ത്യൻ സാർ പറഞ്ഞ കാര്യങ്ങൾ തന്നെ ആയിരുന്നു.

ഇടക്ക് ലെച്ചു ഓരോന്ന് പറഞ്ഞു എങ്കിലും അതൊന്നും അവൻ കേൾക്കുകയോ മറുപടി പറയുകയോ ചെയ്യാതെ ഇരുന്നത് കണ്ടു ലെച്ചുവും പിന്നെ ഒന്നും മിണ്ടാതെ തന്നെ ഇരുന്നു. അർജുനെ ഓഫീസിൽ വിട്ടു ലെച്ചു വീട്ടിലേക്ക് പോകുമ്പോഴും അവളെ ഒന്ന് നോക്കുക പോലും ചെയ്യാതെ ഫോൺ എടുത്തു അകത്തേക്ക് കയറി പോകുന്ന അർജുന്റെ ചിത്രം ഓർത്തു ലെച്ചുവിന് എന്തോ സങ്കടം വന്നു. അത് കൊണ്ട് തന്നെ അവൾക്ക് പതിവ് പോലെ വീട്ടിൽ എത്തിയപ്പോൾ വലിയ ഉന്മേഷം ഒന്നും ഉണ്ടായിരുന്നില്ല.എങ്കിലും ഇന്ദു അമ്മയെ നോക്കി ലെച്ചു നേരെ അടുക്കളയിലേക്ക് നടന്നു.

സാധാരണ എന്തെങ്കിലും തട്ടും മുട്ടും എല്ലാം കേൾക്കുന്ന അടുക്കളയും അന്ന് ശാന്തം ആയത് കണ്ടു ലെച്ചു ഒരു നിമിഷം ചിന്തിച്ചു നിൽക്കവേ ആണ് അകത്തു നിന്നും കാർത്തു മോളുടെ ശബ്ദം അവൾ കേട്ടത് “ഏട്ടത്തി… ഇതെപ്പോൾ വന്നു… എന്തൊരു പോക്കാണ് പോയത്….എത്ര ദിവസം ആയി കണ്ടിട്ട് “,അടുക്കളയിൽ ഇരിക്കുന്ന അമൃതയെയും കാർത്തു മോളെയും കണ്ട് അതിയായ സന്തോഷത്തിൽ ലെച്ചു ചോദിച്ചത് കേട്ട് അമൃത വെറുതെ ഒന്ന് ചിരിക്കുക മാത്രം ചെയ്തു. അത് കണ്ടു ലെച്ചുവിന് എന്തോ ഒരു പ്രശ്നം ഫീൽ ചെയ്തു എങ്കിലും അവൾ വേഗം കാർത്തു മോളെ വാരി എടുത്തു മടിയിൽ വെച്ച് കൊഞ്ചിക്കാൻ തുടങ്ങി.

ഇടക്ക് ലെച്ചു ഇന്ദു അമ്മയെ നോക്കി എങ്കിലും അമ്മയും ഒന്നും മിണ്ടാതെ താടിക്ക് കൈയും കൊടുത്തു നില്കുന്നതാണ് കണ്ടത്. “അതെ രണ്ട് പേരും കണ്ണിൽ കണ്ണിൽ നോക്കി നിൽക്കാതെ എന്താ കാര്യം എന്ന് പറ…എന്തായാലും നമുക്ക് പരിഹാരം ഉണ്ടാക്കാം “,അമൃതയെയും അമ്മയെയും നോക്കാതെ കാർത്തു മോളെ കളിപ്പിച്ചു കൊണ്ട് ലെച്ചു കുറച്ചുറക്കെ പറഞ്ഞു. “അത് ലെച്ചു ഞാൻ കാർത്തുനെ പ്രെഗ്നന്റ് ആയിരിക്കുന്ന സമയം ബാങ്ക് കോച്ചിംഗിനു പോയിരുന്നു.അത്യാവശ്യം നല്ല രീതിക്ക് തന്നെ പ്രെപർ ചെയ്ത് കൊണ്ട് ഇരിക്കുമ്പോൾ ആണ് ആ എക്സാം മാറ്റി വെച്ചത്..

അത് നെക്സ്റ്റ് സൺ‌ഡേ അവർ റീ ഷെഡ്യൂൾ ചെയ്തു… “, ലെച്ചുവിൽ ചെറിയൊരു വിശ്വാസം തോന്നി അമൃത വേഗം തന്നെ കാര്യം അവളോട് പറഞ്ഞു.”ആഹാ,നല്ലത് പോലെ പഠിച്ചതല്ലേ…അപ്പോൾ പോയി എക്സാം എഴുതണം…അതിന് ഇപ്പോൾ എന്താ പ്രശ്നം “, ലെച്ചു ചോദിച്ചത് കേട്ട് അമൃതയുടെ മുഖം വാടി… “ലെച്ചു ബാംഗ്ലൂർ ആണ് എക്സാം സെന്റർ കിട്ടിയത്.അഭി ഏട്ടനോട് പറഞ്ഞപ്പോൾ ആരെയെങ്കിലും കൂട്ടി പോകാൻ പറ്റും എങ്കിൽ പോയി എഴുതിക്കൊ എന്ന്… കൂടെ വരാൻ സമയം ഇല്ല പോലും “, കണ്ണുകൾ നിറച്ചു കൊണ്ട് അമൃത പറഞ്ഞത് കേട്ട് ലെച്ചു ചിരിച്ചു.

“അതിന് ഏട്ടത്തി എന്തിനാ കരയുന്നത്…പോകേണ്ട എന്നല്ലോ ഏട്ടൻ പറഞ്ഞത്…ഞങ്ങൾ കൊണ്ട് പോകാലോ ഏട്ടത്തിയെ…ഇല്ലേ അമ്മ “, ലെച്ചു കള്ള ചിരിയോടെ ഇന്ദു അമ്മയെ നോക്കി ചോദിച്ചത് കേട്ട് ആദ്യം അമ്മ അമ്പരന്നു എങ്കിലും പിന്നെ ഓടി വന്നു അമൃതയുടെ അടുത്തിരുന്നു. “അതെ അമ്മുസേ,ഞങ്ങൾ കൊണ്ട് പോകാലോ മോളെ എക്സാം എഴുതാൻ…അവൻ പോകേണ്ട എന്നല്ലോ പറഞ്ഞത്…അവൻ വരുമ്പോൾ തന്നെ അമ്മയും ലെച്ചുവും ഉണ്ട് കൂടെ എന്ന് പറഞ്ഞോ നീ…ഇനി ഒന്നും നോക്കാൻ ഇല്ല… നമുക്ക് പോകാം “, ആവേശത്തോടെ ഇന്ദു അമ്മ പറഞ്ഞത് കേട്ട് അമൃതയുടെ മുഖം കുറച്ചു തെളിഞ്ഞു എങ്കിലും അവൾ കുറച്ചു നേരം എന്തോ ആലോചിച്ചു.

“കാർത്തു മോളെയും കൊണ്ട് പോകേണ്ടേ അമ്മേ…അത് ശരിയാകുമോ “,അവൾ വീണ്ടും സംശയത്തോടെ ചോദിച്ചത് കേട്ട് ഇന്ദു അമ്മ ലെച്ചുവിനെ നോക്കി… “ഒരു പ്രശ്നവും ഇല്ല ഏട്ടത്തി…എക്സാം എഴുതാൻ പോകുമ്പോൾ ഉള്ള ആ കുറച്ചു സമയം ചിലപ്പോൾ പണി ആയാലും ഈ കാർത്തുമ്പിയെ മെരുക്കാൻ ഞാൻ മതി…ഇല്ലെടി കള്ളി പാറു “, ലെച്ചു കാർത്തുവിന്റെ കവിളിൽ പിടിച്ചു വലിച്ചു കൊണ്ട് പറഞ്ഞത് കേട്ട് മോള് പൊട്ടി ചിരിച്ചു.അത് കണ്ടു അമ്മുവും കൂടെ ഇന്ദു അമ്മയും. “അപ്പോൾ എപ്പോഴാ മോളെ നമ്മൾ പോകേണ്ടത്…”,കുറച്ചു സമയം കഴിഞ്ഞു ലെച്ചുവിന് ചായയും മറ്റും എടുത്തു കൊടുക്കവേ ഇന്ദു അമ്മ ചോദിച്ചു.

“ശനിയാഴ്ച പോകേണ്ട വരും ഇല്ലേ ലെച്ചു…രാവിലെ തന്നെ നമുക്ക് പോകാം…ഞായർ ഉച്ച ആവും എക്സാം കഴിയാൻ.അന്ന് തന്നെ തിരിച്ചു വന്നാൽ പിറ്റേന്ന് രാവിലെ ഇവിടെ എത്താലോ “,അമ്മു എന്തൊക്കെയോ കണക്ക് കൂട്ടൽ നടത്തി കൊണ്ട് ലെച്ചുവിനെ നോക്കി പറഞ്ഞത് കേട്ട് അവൾ ഒന്ന് ചിരിച്ചു. “ഏട്ടത്തി ഇതിനു മുന്നേ എപ്പോഴെങ്കിലും ബാംഗ്ലൂർ പോയിട്ടുണ്ടോ “,ലെച്ചുവിന്റെ ചോദ്യത്തിന് ഒട്ടും താമസിക്കാതെ അമ്മു ഇല്ല എന്ന് തല വെട്ടിക്കുമ്പോൾ വിചാരിച്ചത് പോലെ ആണ് കാര്യങ്ങൾ എന്ന് ആലോചിച്ചു ലെച്ചുവിന് സഹതാപം തോന്നി. “അതെ നമ്മൾ ഏതായാലും അവിടെ വരെ പോകുന്നില്ലേ…

തത്കാലം മണ്ടെ ഒരു ദിവസം കൂടി ബാംഗ്ലൂർ ചുറ്റി അടിച്ചിട്ടേ നമ്മൾ തിരിച്ചു വരുന്നുള്ളൂ… കേട്ടോ… “,ഒരു ഭാവ വ്യത്യാസവും ഇല്ലാതെ ലെച്ചു പറഞ്ഞത് കേട്ട് അമ്മു ഞെട്ടി അമ്മയെ നോക്കുമ്പോൾ ഇതൊക്കെ എന്ത് എന്ന ഭാവം ആയിരുന്നു ഇന്ദു അമ്മയിൽ. “അതെ മോളെ…നമുക്ക് നല്ല അടിപൊളി ഒരു യാത്ര ആക്കാം ഇത് “,ലെച്ചുവിനെക്കാൾ ആവേശത്തോടെ അമ്മ പറഞ്ഞത് കേട്ട് ചെറുതല്ലാത്ത ഒരാവേശം അമ്മുവിനെയും വന്നു പൊതിഞ്ഞു. പോകാൻ ഉള്ള കാര്യങ്ങൾ എല്ലാം തീരുമാനിച്ചു എല്ലാം റെഡി ആക്കി അമ്മുവിനോടും അമ്മയോടും ഉള്ള സംസാരം എല്ലാം കഴിഞ്ഞു ലെച്ചു റൂമിൽ എത്തുമ്പോൾ അർജുൻ നേരത്തെ തന്നെ കുളി എല്ലാം കഴിഞ്ഞു അവളെയും നോക്കി ഇരിക്കുന്നുണ്ടായിരുന്നു.

അത് കണ്ടു ലെച്ചു ഓടി പോയി ഡ്രെസ്സും എടുത്തു ബാത്‌റൂമിൽ കയറിയപ്പോൾ അർജുൻ അത് വരെ പിടിച്ചു വെച്ച ചിരി ഒഴിവാക്കി പൊട്ടിച്ചിരിച്ചു. അധികം സമയം എടുക്കാതെ തന്നെ ലെച്ചു തിരികെ വന്നപ്പോൾ അർജുൻ അവൾ എപ്പോഴും ഇരിക്കുന്ന ടേബിളിനടുത്ത് ഒരു ചെയർ കൂടി ഇട്ട് അതിൽ ഇരുന്നിരുന്നു. “ഏട്ടാ,ഏട്ടത്തിക്ക് സൺ‌ഡേ എന്തോ എക്സാം ഉണ്ട്…ബാംഗ്ലൂർ വെച്ച്… എന്നോട് ഒന്ന് കൂടെ പോകുമോ എന്ന് ചോദിച്ചു…ഞാൻ പൊയ്ക്കോട്ടേ “,അവന്റെ അടുത്ത് ഇരിക്കുന്ന കൂട്ടത്തിൽ ലെച്ചു ചോദിച്ചത് കേട്ട് അറിയാതെ തന്നെ അർജുന്റെ കണ്ണുകൾ തിളങ്ങി.

“കാര്യം ഓഫീസിൽ കുറച്ചധികം വർക്ക്‌ ഉണ്ട് എങ്കിലും എന്റെ കുട്ടി ആദ്യമായി ചോദിച്ചൊരു കാര്യം അല്ലെ…പൊയ്ക്കോ… അമ്മയും ഇല്ലേ കൂടെ? “, സത്യത്തിൽ അർജുൻ അത് പറഞ്ഞപ്പോൾ മാത്രം ആണ് ഇന്ന് ഒരു ദിവസം കൊണ്ട് താൻ എത്ര മാറി പോയി എന്ന കാര്യം ലെച്ചു ഓർത്തത്… അറിയാതെ തന്നെ ചുവന്നു വന്ന കവിൾ തടങ്ങളെ അർജുനിൽ നിന്ന് ഒളിപ്പിക്കാൻ പറ്റാതെ ലെച്ചു തലയാട്ടുമ്പോൾ അർജുൻ ഉടനെ തന്നെ അവളുടെ അടുത്തേക്ക് വലിയൊരു പൊതി കെട്ട് നീക്കി വെച്ചു. “നിനക്ക് വേണ്ടി വാങ്ങിയതാ…ഇനി മുതൽ രാത്രി നോ വർക്ക്‌…ആ സമയം ഇരുന്ന് പഠിച്ചോളണം…

ഒരിക്കൽ കൈ വിട്ടു കളഞ്ഞ ജർമൻ ഗവണ്മെന്റ് സ്കോളർഷിപ്പ് നെക്സ്റ്റ് ഇയർ ഈ കൈയിൽ ഉണ്ടാവണം…കേട്ടല്ലോ “,മുന്നിലെ പൊതി അഴിച്ചു അതിനുള്ളിലെ ബുക്സ് കണ്ട് അമ്പരന്ന് നിൽക്കുന്ന ലെച്ചുവിനെ നോക്കി കുറച്ചു ഗൗരവത്തിൽ തന്നെ ആണ് അർജുൻ അത് പറഞ്ഞത്. “സാർ എല്ലാം പറഞ്ഞു ഇല്ലേ… “,തല കുനിച്ചിരുന്നു കൊണ്ട് ലെച്ചു പറഞ്ഞത് കേട്ട് അർജുൻ വേഗം തന്നെ അവളുടെ മുഖം പിടിച്ചുയർത്തി. “ദേ…പെണ്ണെ… ആ പേരും പറഞ്ഞു കണ്ണ് നിറച്ചാൽ നല്ല അടി തരും ഞാൻ…പിന്നെ അതിന്റെ വേദനയിൽ നിനക്ക് സുഖം ആയി കരയാം “,അവൻ ദേഷ്യപ്പെടാൻ തുടങ്ങുന്നു എന്ന് തോന്നി വേഗം തന്നെ ലെച്ചു കണ്ണുകൾ തുടച്ചു ചെറുതായി ഒന്ന് ചിരിച്ചു.

“നിന്റെ അമ്മ ആ വീട്ടിൽ നിന്നും അധികം വൈകാതെ നിന്നെ ഇറക്കി വിടും എന്ന് അറിഞ്ഞിട്ടും നീ ജർമൻ യാത്ര ഉപേക്ഷിച്ചതിന്റെ ആ ലോജിക് എനിക്ക് മനസിലാവുന്നില്ല…അതും ഇത്രയും വലിയൊരു തുക വേണ്ട എന്ന് വെച്ചിട്ട് “,ലെച്ചു ചിരിച്ചു എങ്കിലും വീണ്ടും ഒന്നും മിണ്ടാതെ സങ്കടത്തോടെ ഇരിക്കുന്നത് കണ്ടു അർജുൻ വീണ്ടും അവളോട് ചോദിച്ചു. “അതിന് അമ്മ മാത്രം അല്ല ഏട്ടാ കാരണം… എനിക്ക് ഇവിടം വിട്ടു പോകാൻ ഒരു താല്പര്യവും ഇല്ല…നമുക്ക് വേറെ എന്തെങ്കിലും നോക്കിയാൽ പോരെ… നാട്ടിൽ തന്നെ… “,ലെച്ചു ദയനീയ സ്വരത്തിൽ അപേക്ഷ എന്ന പോലെ പറയുന്നത് കേട്ട് അർജുൻ കുറച്ചു സമയം ചിന്തിച്ചു.

“ഇല്ല ലെച്ചു…വേറെ ഒന്നും നമുക്ക് വേണ്ട…നിന്റെ ഭാവി ആ ക്സാമിൽ ആണ് എന്ന് എന്റെ മനസ്സ് പറയുന്നു…അഗസ്ത്യൻ സാറിനും അത് തന്നെ ആണ് ആഗ്രഹം…ഇനി കിട്ടിയാൽ ഒറ്റക്ക് പോയി അവിടെ നിൽക്കണം എന്നൊന്നും ഓർത്തു ടെൻഷൻ ആവേണ്ട…ഞാൻ വരും എന്റെ കുട്ടിന്റെ കൂടെ…അതും പോരാ എങ്കിൽ വേറൊരു കുഞ്ഞി കൂട്ട് കൂടെ തരാം ഞാൻ… എന്ത് പറയുന്നു “,അർജുൻ കള്ള ചിരിയോടെ ചോദിച്ചത് കേട്ട് മുന്നിൽ ഇരിക്കുന്ന തടിയൻ ബുക്കുകൾ എടുത്തു ഓടി പോയി വാതിൽ അടക്കാൻ മാത്രമേ ലെച്ചുവിന് അപ്പോൾ പറ്റിയുള്ളു… ബുക്കുകൾ നെഞ്ചോട് ചേർത്ത് വാതിലിൽ ചാരി നിന്ന് ശ്വാസം എടുക്കാൻ പാട് പെടുമ്പോഴും അറിയാതെ തന്നെ ലെച്ചുവിന്റെ കൈകൾ അവളുടെ വയറിലേക്ക് പോയി.

കണ്ണുകൾ അടച്ച് ആർക്കോ വേണ്ടിയുള്ള തിരച്ചിലിൽ ആ കൈ അവളുടെ വയറിൽ പ്രദക്ഷിണം നടത്തുമ്പോൾ പെട്ടെന്ന് തന്നെ ശ്രീദേവി അമ്മയുടെ മുഖം ലെച്ചുവിന്റെ മനസ്സിൽ തെളിഞ്ഞു. അടുത്ത നിമിഷം തന്നെ ചേർത്ത് പിടിച്ച കൈയാൽ വയറിൽ അമർത്തി നുള്ളി പറച്ചു കരഞ്ഞു കൊണ്ട് ലെച്ചു വാതിലിൽ കൂടെ നിരങ്ങി ഇറങ്ങി നിലത്ത് ഇരിക്കുമ്പോൾ അർജുൻ ഒന്നും അറിയാതെ അവന്റെ പണികളിൽ മുഴുകി ഇരിക്കുകയായിരുന്നു അപ്പുറത്തു.

(തുടരും )

ലയനം : ഭാഗം 13