ലയനം : ഭാഗം 13
എഴുത്തുകാരി: ദുർഗ ലക്ഷ്മി
അർജുന്റെ കൈയിൽ നിന്നും രക്ഷപെട്ടു ഓടി വന്ന ലെച്ചു മുന്നിൽ നിൽക്കുന്ന പ്രിയയെ കണ്ട് പെട്ടെന്ന് നിന്നു. “എന്താടി നിനക്ക് ഇത്ര സന്തോഷം…ചാടി തുള്ളി എങ്ങോട്ടാ ഈ പോകുന്നെ “,പ്രിയ ഗൗരവത്തിൽ ചോദിച്ചത് കേട്ടു ലെച്ചുവിന്റെ മുഖം മാറി. “ടീ പോടി എന്നൊക്കെ നീ വേറെ ആരെയെങ്കിലും പോയി വിളിച്ചോ…കാര്യം നമ്മൾ ഒരു പ്രായം ആണെങ്കിലും സ്ഥാനം കൊണ്ട് ഞാൻ നിന്റെ ഏട്ടത്തിയാണ്.എന്ന് വെച്ചാൽ ഏട്ടന്റെ ഭാര്യ…കേട്ടോ “,അർജുന്റെ മുന്നിൽ പരിഭ്രമിച്ചു നിന്ന ലെച്ചുവിന്റെ പെട്ടെന്ന് ഉള്ള ഭാവമാറ്റം കണ്ടു പ്രിയ അമ്പരന്നു.
“നോക്ക് പ്രിയ ഞാൻ തന്റെ ഒരു കാര്യത്തിലും തലയിടാനും വരുന്നില്ല, തന്നെ ശല്യം ചെയ്യാനും വരുന്നില്ല…എന്നിട്ടും താൻ എന്റെ നേരെ വരാൻ ആണ് ഭാവം എങ്കിൽ….നീ കൊണ്ട് തന്നെ അറിഞ്ഞോ എന്താ സംഭവിക്കാൻ പോകുന്നത് എന്ന് “,ലെച്ചുവിന്റെ നേരെ കൈ ചൂണ്ടി എന്തോ പറയാൻ പോയ പ്രിയയെ കൈ വെച്ചു തടഞ്ഞു കൊണ്ട് ഇത്രയും പറഞ്ഞു ലെച്ചു അടുക്കളയിലേക്ക് പോയി… ഇതെല്ലാം കേട്ടു കൊണ്ട് വാതിലിനടുത്ത് അർജുൻ ചെറു പുഞ്ചിരിയോടെ നിൽക്കുന്നുണ്ടായിരുന്നു.
ലെച്ചുവിനോട് പെട്ടെന്ന് ഒന്നും തിരിച്ചു പറയാൻ പറ്റാത്ത ദേഷ്യത്തിൽ പ്രിയ കാലും കൈയും ഇട്ട് അടിക്കുന്ന സമയം അർജുൻ ഒന്നും അറിയാത്തതു പോലെ പുറത്തേക്ക് വന്നു.സത്യത്തിൽ പ്രിയ പുറത്തു നിന്ന് അവരെ നോക്കുന്നുണ്ട് എന്ന് കണ്ടിട്ടാണ് അവൻ നേരത്തെ അങ്ങനെ ഒരു കുസൃതി ഒപ്പിച്ചത്. “ഏട്ടൻ ഞാൻ പറഞ്ഞ കാര്യം അവളോട് ചോദിച്ചോ “,പുറത്തേക്ക് വന്ന അർജുനോട് പ്രിയ ഗൗരവത്തിൽ ചോദിച്ചു.
“ആഹ്,കുറച്ചു മുന്നേ ആണ് ചോദിച്ചത്… അവൾ ഒന്നും പറയാതെ പോകാൻ നോക്കിയപ്പോൾ ആണ് ഞാൻ പിടിച്ചു വെച്ചത് “, അർജുൻ നിഷ്കളങ്കമായി പറയുന്നത് കേട്ട് പ്രിയ സംശയത്തോടെ അവനെ നോക്കി.അർജുൻ ലെച്ചുവിനെ പിടിച്ചു വെക്കുന്നത് കണ്ടു എങ്കിലും അവർ എന്താണ് സംസാരിച്ചത് എന്ന് പ്രിയ കേട്ടിരുന്നില്ല. “ആഹാ, എന്നിട്ട് ഏട്ടൻ ഒന്നും മിണ്ടാതെ അവളെ അങ്ങ് വിട്ടോ “, പ്രിയ ദേഷ്യത്തിൽ ചോദിച്ചു.”ഇപ്പൊ തത്കാലം അവൾ ഈ വീട്ടിൽ നിന്ന് എവിടെയും പോകുന്നില്ലല്ലോ…
ഞാൻ കുറച്ചു ദിവസം അവളുടെ പരിപാടികൾ ഒക്കെ ഒന്ന് നോക്കട്ടെ…ഉറപ്പായും അവൻ എന്റെ കൈയിൽ പെടാതെ ഇരിക്കില്ല…നിങ്ങൾ തന്നെ തെളിവ് വെച്ച് അവളെ ഒന്നും ചെയ്യാൻ നമുക്ക് പറ്റില്ല… കൈയോടെ പിടികൂടിയാലെ വിചാരിക്കുന്നത് പോലെ എല്ലാം നടക്കു മുഖത്ത് വന്ന ചിരി അടക്കി പിടിച്ചു അർജുൻ പ്രിയയെ ആശ്വസിപ്പിച്ചു. “ആഹ് അത് ശരിയാ,എന്നിട്ട് വേണം അവളെ ഇവിടെ നിന്ന് ഇറക്കി വിടാൻ…”,പല്ല് കടിച്ചു കൊണ്ട് പ്രിയ പറയുന്നത് കേട്ട് അതിൽ കൂടുതൽ ദേഷ്യം അർജുന് വന്നു.
“ആടി,ആരാ ഇവിടെ നിന്ന് ഇറങ്ങേണ്ടി വരുക എന്ന് നമുക്ക് കാണാം “, മനസ്സിൽ പറഞ്ഞു ചിരിച്ചു കൊണ്ട് അർജുൻ താഴേക്ക് നടക്കുമ്പോൾ പുതിയ പദ്ധതിയുടെ രൂപം പ്രിയയുടെ മനസ്സിൽ തെളിഞ്ഞിരുന്നു. ഡൈനിങ്ങ് ടേബിളിന് ചുറ്റും അമ്മമ്മയും ബാക്കി എല്ലാവരും പതിവ് പോലെ ഉണ്ട്.അർജുന് പുറകെ വന്ന പ്രിയ ചാടി കയറി അവന്റെ അടുത്ത് തന്നെ ഇരുന്നത് കണ്ടു അർജുൻ വേഗം സീറ്റിൽ നിന്ന് എഴുന്നേറ്റു.
“എനിക്ക് അർജെന്റ് ആയി ഒരു കാൾ ചെയ്യാൻ ഉണ്ട് അമ്മമ്മേ…നിങ്ങൾ കഴിച്ചോ… ഞാൻ ഇപ്പോൾ വരാം “,എന്നും പറഞ്ഞു അവൻ ദൃതിയിൽ റൂമിലേക്ക് പോകുന്നത് കണ്ടു അനന്തു പ്രിയയെ നോക്കി പുച്ഛത്തിൽ ഒന്ന് ചിരിച്ചു.അത് കൂടെ ആയപ്പോൾ പ്രിയയും ദേഷ്യപ്പെട്ടു എഴുന്നേറ്റു പോയി… എന്നാൽ ഇതൊന്നും കണ്ടിട്ടും ഒരു കുലുക്കവും ഇല്ലാത്തതു പോലെ ലെച്ചു അമ്മയെ എല്ലാം എടുത്തു വെക്കാനും മറ്റും സഹായിച്ചു കൊണ്ടിരുന്നു എല്ലാവരും കഴിച്ചെഴുന്നേറ്റ ഉടനെ ഇന്ദു അമ്മ ലെച്ചുവിന് ഭക്ഷണം എടുത്തു കൊടുത്തു അവരും കഴിക്കാൻ ഇരുന്നപ്പോൾ ആണ് എവിടെ നിന്നോ പൊട്ടി മുളച്ചത് പോലെ അർജുൻ അവരുടെ ഇടയിലേക്ക് വീണത്.
“ഓഹ്, മോൻ കഴിച്ചില്ലായിരുന്നു ഇല്ലേ…ഞാൻ അത് മറന്നു പോയി. വാ… ഇരിക്ക് “,പെട്ടെന്ന് അർജുനെ കണ്ടു അവൻ കഴിച്ചില്ലല്ലോ എന്ന് ആലോചിച്ചു ഇന്ദു അമ്മ എഴുന്നേൽക്കാൻ നോക്കിയതും അർജുൻ അത് തടഞ്ഞു. “വേണ്ട, അമ്മ എഴുന്നേൽക്കേണ്ട…ഞാൻ ലെച്ചുന്റെ കൂടെ കഴിച്ചോളാം…”,എന്നും പറഞ്ഞു അമ്മയെ നോക്കി ഒന്ന് കണ്ണടച്ചു അവൻ ലെച്ചുവിന്റെ അടുത്തേക്ക് ചെയർ വലിച്ചിട്ടിരുന്നു. അത് കണ്ട ഉടനെ തന്നെ ലെച്ചു ദയനീയമായി ഇന്ദു അമ്മയെ ഒന്ന് നോക്കി എങ്കിലും അമ്മ അത് കാണാത്തതു പോലെ ഭക്ഷണം കഴിച്ചു കൊണ്ടിരുന്നു.
എന്ത് ചെയ്യണം എന്ന് ലെച്ചു ഒരു സെക്കന്റ് ആലോചിച്ചപ്പോഴേക്കും അർജുൻ അവളുടെ പ്ലേറ്റിൽ കൈ വെച്ചിരുന്നു. അവസാനം ഒന്നും ചെയ്യാൻ പറ്റില്ല എന്ന് കണ്ടു എന്തെങ്കിലും ആവട്ടെ എന്ന് വെച്ച് ലെച്ചു അർജുന്റെ ഒപ്പം കഴിക്കാൻ തുടങ്ങി. ഇടക്കിടെ വരുന്ന അർജുന്റെ പാളി നോട്ടം കണ്ടില്ല എന്ന് വെച്ച് ലെച്ചു ഭക്ഷണത്തിൽ തന്നെ നോക്കിയിരുന്നു.അതിനിടയിൽ ഇന്ദു അമ്മ എന്തൊക്കെയോ കഥകൾ പറയുന്നുണ്ട് എങ്കിലും ലെച്ചു അതൊന്നും കേട്ടിരുന്നില്ല.
ഇടക്കിടെ മൂളുകയും തലയാട്ടുകയും ചെയ്യുന്നത് ഒഴിച്ചാൽ അർജുന്റെ കാര്യവും ഏകദേശം അങ്ങനെ തന്നെ ആയിരുന്നു. ലെച്ചുവിന്റെ കുഞ്ഞി കണ്ണും,നീണ്ട മൂക്കും ഒക്കെ ഇടക്കിടെ നോക്കി കൊണ്ട് ഇരിക്കുകയായിരുന്നു അർജുൻ.എല്ലാം നോക്കിയിരിക്കാൻ നല്ല രസം ഉണ്ട് എങ്കിലും അവളുടെ മൂക്കുത്തി ഇട്ട സൈഡിൽ അല്ല വന്നിരുന്നത് എന്ന വിഷമം അവന് നല്ലത് പോലെ ഉണ്ടായിരുന്നു. ഇതെല്ലാം മുറ പോലെ നടക്കവേ ആണ് എത്ര പെട്ടെന്ന് ആണ് താൻ മാറി പോയത് എന്ന ചിന്ത അർജുന് വന്നത്.
സത്യത്തിൽ ലെച്ചുവിനെ നോക്കി അവളുടെ ചോര കുടിക്കുകയാണ് എന്ന് അറിഞ്ഞിട്ടും അത് നിയന്ത്രിക്കാൻ പറ്റാത്തതിൽ സത്യത്തിൽ അവന് കുറ്റബോധം തോന്നി. എന്തൊക്കെയോ ചിന്തകളാൽ അതിനിടയിൽ പെട്ടെന്ന് ആണ് അർജുന്റെ കൈ അബദ്ധത്തിൽ ലെച്ചുവിന്റെ വിരലിൽ അറിയാതെ തൊട്ടത്ത്.ഉടനെ ഷോക്ക് അടിച്ചത് പോലെ ലെച്ചു സീറ്റിൽ നിന്ന് ചാടി എഴുന്നേറ്റു പോകാൻ നോക്കിയതും അറിയാതെ തന്നെ അർജുൻ അവളുടെ അരക്കെട്ടിൽ പിടിച്ചു ലെച്ചുവിനെ തടഞ്ഞതും ഒരുമിച്ച് ആയിരുന്നു.
ഇന്ദു അമ്മ വളരെ ഭംഗിയായി കണ്ടു എങ്കിലും അവർ ഒന്നും മിണ്ടാതെ ഭക്ഷണം കഴിച്ചു.അറിയാതെ പിടിച്ചതാണ് എങ്കിലും ഇനി എന്ത് ചെയ്യണം എന്ന് അറിയാതെ അർജുൻ കുഴങ്ങി നിൽക്കുകയായിരുന്നു അപ്പോൾ.അപ്പോഴേക്കും ലെച്ചുവിന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പാൻ വെമ്പി നിൽക്കുന്നത് പോലെ ആയിരുന്നു. അത് കണ്ട ഉടനെ തന്നെ അർജുൻ കൈ എടുത്തു മാറ്റി അവളുടെ അടുത്ത് നിന്ന് എഴുന്നേറ്റു പോയി.ഇന്ദു അമ്മയും ഉടനെ തന്നെ ലെച്ചുവിനെ നോക്കാതെ അർജുന്റെ പുറകെ പോകുന്നത് കണ്ടു സമാധാനത്തോടെ ലെച്ചു കണ്ണുകൾ തുടച്ചു കൊണ്ട് എഴുന്നേറ്റു.
“ദേ… അച്ചു…എന്റെ കുഞ്ഞിന്റെ ദേഹത്ത് കൈ വെച്ചുള്ള വീഴ്ത്താൽ ഒന്നും വേണ്ട ട്ടോ…പാവം അതിന്റെ കണ്ണുകൾ ഒക്കെ നിറഞ്ഞു പോയി നിന്റെ ഒരു കുസൃതി കൊണ്ട് “,കൈ കഴുകി കൊണ്ട് നിന്ന അർജുന്റെ അടുത്ത് ചെന്നു ലെച്ചു കേൾക്കുന്നില്ല എന്ന് ഉറപ്പ് വരുത്തി ഇന്ദു അമ്മ കുറച്ചു ഗൗരവത്തിൽ തന്നെ പറഞ്ഞു. “എന്റെ പൊന്ന് അമ്മാ,അത് സത്യം ആയും ഞാൻ അറിഞ്ഞോണ്ട് ചെയ്തതല്ല.അറിയാതെ പറ്റി പോയതാ…കാര്യം അമ്മയെ മനസിലാക്കാൻ ഞാൻ കുറച്ചു വൈകി പോയി എങ്കിലും അമ്മ പഠിപ്പിച്ച ഒന്നും ഞാൻ മറന്നിട്ടില്ല,ഇനി ഒട്ടു മറക്കുകയും ഇല്ല “,
അറിയാതെ ചെയ്ത് പോയതാണ് എങ്കിലും അതിയായ കുറ്റബോധത്തിൽ ശബ്ദം ഇടറി കൊണ്ട് അർജുൻ പറഞ്ഞത് കേട്ട് ഇന്ദു അമ്മയ്ക്കും സങ്കടം ആയി. “ആഹ്, സാരമില്ല പോട്ടെ… ഓഫീസിൽ പോകാൻ നോക്ക്… പിന്നെ ലെച്ചു മോള് സ്കൂട്ടി എടുത്തു തന്നെ ആവും പോകുന്നത്.ഇന്ന് ഇനി മോൻ ഒന്നും ചെയ്യാൻ പോണ്ട ട്ടോ മോളെ “,ഇന്ദു അമ്മ വാത്സല്യത്തോടെ അർജുന്റെ മുടിയിൽ തലോടി കൊണ്ട് പറഞ്ഞപ്പോൾ വല്ലാത്ത ഒരു സങ്കടം അവനെ പൊതിഞ്ഞു എങ്കിലും മനസ്സിൽ എന്തോ ആശ്വാസം തോന്നി.
ഓഫീസിൽ എത്തിയിട്ടും ലെച്ചുവിന് ആകെ ഒരു അമ്പരപ്പ് ആയിരുന്നു.ഇന്ന് രാവിലെ തൊട്ട് അർജുന്റെ ഭാഗത്തു നിന്ന് ഉണ്ടാവുന്ന കാര്യങ്ങൾ ഓർത്തു അവളുടെ മനസ്സ് ആകെ വേദനിച്ചു. രാവിലത്തെ സംഭവത്തിന് ശേഷം അടുക്കളയിൽ എത്തിയ ഉടനെ തന്നെ ഇന്ദു അമ്മയോട് ലെച്ചു ചോദിച്ചത് അർജുനോട് ഒന്നും പറഞ്ഞില്ലേ എന്ന് ആണ്. എല്ലാം പറഞ്ഞു എന്ന് അമ്മ പറഞ്ഞു എങ്കിലും എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ട് എന്ന് അവൾക്ക് മനസിലായി.ഇനി എന്ത് എന്ന് ആലോചിച്ചു നട്ടം തിരിയവേ ആണ് അർജുൻ ക്യാബിനിലേക്ക് കയറിയത്.
അത് കണ്ടു ലെച്ചു വേഗം എഴുന്നേറ്റു നിന്നു എങ്കിലും അർജുൻ അതൊന്നും ശ്രദ്ധിക്കാതെ സീറ്റിൽ പോയി ഇരുന്നു.പിന്നെ പതിവ് പോലെ ചെയ്യേണ്ട കാര്യങ്ങൾ എല്ലാം അവൾക്ക് പറഞ്ഞു കൊടുത്തു അവനും ജോലിയിലേക്ക് തിരിഞ്ഞു. രണ്ട് ദിവസം അവധി ആയത് കൊണ്ട് ഒരുപാട് വർക്ക് കംപ്ലീറ്റ് ചെയ്യാൻ ഉണ്ടായിരുന്നു ലെച്ചുവിന്.എല്ലാം നല്ലത് പോലെ ചെയ്ത് വരുന്നതിന് ഇടയിൽ പെട്ടെന്ന് ആണ് അവൾക്ക് വയറു വേദന എടുക്കാൻ ആയി തുടങ്ങിയത്. എന്ത് കൊണ്ടോ ഉടനെ തന്നെ ലെച്ചുവിന് നേരത്തെ അടക്കി വെച്ച കരച്ചിൽ പിന്നെയും വന്നു.
“എന്താ ലെച്ചു,എന്തെങ്കിലും പ്രശ്നം ഉണ്ടോ “, അർജുൻ ഓടി വന്നു അവളുടെ അടുത്ത് നിന്ന് കൊണ്ട് ചോദിച്ചപ്പോൾ ആണ് ആൾറെഡി കരഞ്ഞു പോയി എന്ന കാര്യം ലെച്ചു തിരിച്ചറിഞ്ഞത്. “വയറുവേദനയാണ് ഏട്ടാ… “, അറിയാതെ തന്നെ ലെച്ചു പറഞ്ഞു പോയത് കേട്ട് അർജുന്റെ കണ്ണുകൾ തിളങ്ങി.ഉടനെ തന്നെ അവൻ പോയി നല്ല ചൂടുള്ള വെള്ളം കൊണ്ട് വന്നു ലെച്ചുവിനു കൊടുത്തു. അത് കുടിച്ചു കഴിഞ്ഞപ്പോൾ നല്ല ആശ്വാസം തോന്നി അവൾക്ക്.”താങ്ക്സ് സാർ…സാർ പൊയ്ക്കോളൂ…
ഞാൻ ഓക്കേ ആണ്.സോറി ഫോർ ദി ഡിസ്റ്റർബനസ്”,അർജുൻ വെള്ളം കൊണ്ട് കൊടുത്ത ഗ്ലാസ് തിരികെ കൊണ്ട് വെക്കാൻ ആയി എഴുന്നേറ്റു കൊണ്ട് ലെച്ചു വളരെ ഫോർമൽ ആയി പറയുന്നത് കേട്ട് അർജുന് പെരുവിരലിൽ നിന്ന് എന്തോ തരിച്ചു കയറുന്നത് പോലെ തോന്നി. “ദേ,പെണ്ണെ…ഇങ്ങനെയുള്ള വർത്താനം ഇനി നീ എന്നോട് പറഞ്ഞാൽ ശരിയാക്കി തരും ഞാൻ…അവളുടെ ഒരു താങ്ക്സ്…നിനക്ക് എന്നെ ഇഷ്ടം ആണ് എന്ന് എനിക്കും അറിയാം നിനക്കും അറിയാം ” “തൂക്കി എടുത്തു കൊണ്ട് പോയി സ്വന്തം ആക്കാൻ അറിയാഞ്ഞിട്ടല്ല,
നിന്റെ ജീവിതം ആണ്,നിന്റെ തീരുമാനം ആണ് എന്നൊക്കെ കരുതി വെയിറ്റ് ചെയ്യാം എന്ന് കരുതിയപ്പോൾ ഇമ്മാതിരി ഡയലോഗ് പറഞ്ഞാൽ ഉണ്ടല്ലോ…അതൊക്കെ ഞാൻ അങ്ങ് മറക്കും…കേട്ടോടി… “, തൊട്ട് മുന്നിൽ നിന്ന് കുറച്ചു ശബ്ദം ഉയർത്തി കൊണ്ട് അർജുൻ പറഞ്ഞത് കേട്ട് ലെച്ചു ഞെട്ടി വിറച്ചു.സത്യത്തിൽ അവളെ ഇങ്ങനെ പേടിപ്പിക്കുന്നതിൽ അർജുന് നല്ല സങ്കടം തോന്നി എങ്കിലും അവൻ അവളെ സമാധാനിപ്പിക്കാൻ ഒന്നും നിൽക്കാതെ തിരികെ നടന്നു. “ഹാ,പിന്നെ ഒരു കാര്യം കൂടി… ”
അർജുൻ തിരികെ നടക്കുന്നത് കണ്ടു നെഞ്ചിൽ കൈ വെച്ചിരുന്നു ലെച്ചു അവൻ തിരികെ വരുന്നത് കണ്ടു പിന്നെയും ഞെട്ടി. “ഇനി മേലിൽ സാർ എന്ന് നിന്റെ അടുത്ത് നിന്ന് കേൾക്കരുത്… ഏട്ടാ എന്ന് വിളിച്ചില്ല എങ്കിൽ….ഹാ… “, കുറച്ചു കൂടി ഗൗരവത്തിൽ അതും കൂടി പറഞ്ഞു അർജുൻ നേരെ പുറത്തേക്ക് ആണ് പോയത്. എല്ലാം കൊണ്ടും അവളുടെ അവസ്ഥ വളരെ കഷ്ടം ആണ് എന്ന് അർജുന് അറിയാമായിരുന്നു. അത് കൊണ്ട് തന്നെ ആണ് ലെച്ചുവിനെ ഒറ്റക്ക് വിട്ടു അവൻ പുറത്തേക്ക് നടന്നത്.
“തെറ്റ് ചെയ്തവളേ പോലെ നീ എന്റെ മുന്നിൽ തല കുനിച്ചു നിൽകുമ്പോൾ തന്നെ അറിയാം പെണ്ണെ ആ നെഞ്ചിൽ ഞാൻ മാത്രം ആണ് എന്ന്.അല്ലെങ്കിൽ എന്റെ എല്ല് നീ ബാക്കി വെക്കുമോ ഇങ്ങനെ ഒക്കെ കാണിക്കുമ്പോൾ… “,റൂമിൽ നിന്ന് പുറത്തിറങ്ങുന്നതിന് മുന്നേ ലെച്ചുവിനെ ഒന്ന് കൂടി നോക്കി അർജുൻ അത് സ്വയം പറഞ്ഞപ്പോൾ ലെച്ചുവും അത് തന്നെ ആയിരുന്നു ആലോചിച്ചത്. ഇത്രയും ഒക്കെ ചെയ്തിട്ടും അർജുനെ ഒന്ന് ദേഷ്യത്തോടെ നോക്കാൻ പോലും പറ്റുന്നില്ലല്ലോ എന്നോർത്ത് ലെച്ചുവിനു ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നി.
ഉടനെ തന്നെ അവൾ സീറ്റിൽ പോയി ഇരുന്നു കുറച്ചു നേരം ടേബിളിൽ തല വെച്ചു കിടന്നു. രാവിലെ റൂമിൽ നിന്ന് പോയ അർജുൻ പിന്നെ തിരികെ വന്നത് ഫുഡ് കഴിക്കാൻ ആയപ്പോൾ ആണ്. “വാ…ഫുഡ് കഴിക്കാം… സമയം ആയി… അഞ്ചുവും ജിഷ്ണുവും അവിടെ വെയ്റ്റിംങ്ങിൽ ആണ്.തന്നെ കാണാത്തതു കൊണ്ട് വന്നതാ ഞാൻ “, സമയം ഉച്ച ആയത് പോലും അറിയാതെ വർക്ക് ചെയ്തു കൊണ്ടിരിക്കുന്നു ലെച്ചുവിനെ വിളിച്ചു കൊണ്ട് അർജുൻ പറഞ്ഞു.
സത്യത്തിൽ അവൾക്ക് ഒന്നും കഴിക്കാൻ തോന്നിയില്ല എങ്കിലും അത് പറഞ്ഞാൽ ഉണ്ടായേക്കാവുന്ന അവന്റെ വഴക്ക് ഓർത്തു ലെച്ചു വേഗം എഴുന്നേറ്റു ചെന്നു. “ഏട്ടന്റെ പൊന്നിന് വയറു വേദനയുണ്ടോ “,നടക്കുന്നതിന് ഇടയിൽ ലെച്ചുവിനോട് ചേർന്ന് നിന്ന് അർജുൻ ചോദിച്ചത് കേട്ട് അവളുടെ കണ്ണുകൾ മിഴിഞ്ഞു…”സാരില്ല ട്ടോ…അതൊക്കെ 2 ദിവസം കഴിയുമ്പോൾ മാറി കൊള്ളും…പിന്നെ വേണം എങ്കിൽ കുറച്ചു കാലത്തേക്ക് ആ വേദന അങ്ങ് മാറ്റി തരാം ഏട്ടൻ ”
അർജുൻ പറഞ്ഞത് കേട്ട് ലെച്ചു ദേഷ്യത്തിൽ രൂക്ഷമായി അവനെ ഒന്ന് നോക്കി… “ഹോ…ആ ഉണ്ട കണ്ണ് കൊണ്ട് നോക്കി കൊല്ലാതെ പെണ്ണെ…ഞാൻ ഡീസന്റ് ആവാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാ… “,അവളുടെ നോട്ടം താങ്ങാൻ കഴിയാതെ കണ്ണുകൾ അടച്ച് കൊണ്ട് അർജുൻ പറഞ്ഞത് കേട്ട് ലെച്ചു ഒന്നും മിണ്ടാതെ വേഗം അഞ്ചുവിന്റെ അടുത്തേക്ക് നടന്നു. അഞ്ചുവും ജിഷ്ണുവും പതിവ് സീറ്റിൽ തന്നെ ഉണ്ടായിരുന്നു.ലെച്ചു വേഗം ചെന്നു അഞ്ചുവിന്റെ അടുത്ത് ഇരിക്കാൻ നോക്കുമ്പോൾ ആണ് പുതിയൊരാളെ അവരുടെ കൂട്ടത്തിൽ ലെച്ചു കണ്ടത്.
“കുഞ്ഞി,ഇത് എന്റെ കസിൻ ആണ്…അരുൺ…ഇന്ന് ജോയിൻ ചെയ്തതെ ഉള്ളൂ “,ലെച്ചുവിന്റെ സംശയത്തോടെ ഉള്ള നോട്ടം കണ്ടു അഞ്ചു പറഞ്ഞു. അപ്പോഴേക്കും അർജുനും അവിടെ എത്തിയിരുന്നു.അവൻ വേഗം തന്നെ ലെച്ചുവിന്റെ അടുത്ത് ചെന്നിരുന്നു.”ടാ,ഇതാണ് എന്റെ എല്ലാം എല്ലാം ആയ കുഞ്ഞി,വസുധ ലക്ഷ്മി… “,അഞ്ചു അരുണിന് അവളെ പരിചയപ്പെടുത്തി കൊണ്ട് പറഞ്ഞു. “ഇതാണ് ലെച്ചുവിന്റെ ഇപ്പോഴത്തെ ഹസ്ബൻഡ് അർജുൻ… അവനെ പിന്നെ നിനക്കറിയാലോ “,അഞ്ചു അർജുനെ പരിചയപ്പെടുത്തുന്നതിനു മുന്നേ ജിഷ്ണു പറഞ്ഞത് കേട്ട് അർജുന്റെയും ലെച്ചുവിന്റെയും മുഖം ഒരുപോലെ ദേഷ്യത്തിൽ വലിഞ്ഞു മുറുകി.
ഒറ്റ സെക്കന്റ് കൊണ്ട് സംഭവിച്ച എല്ലാം കണ്ട് കിളി പോയി നിൽക്കുന്ന അരുണിന് എല്ലാ കാര്യങ്ങളും അഞ്ചു വിശദമായി പറഞ്ഞു കൊടുത്തു കൊണ്ട് ഇരിക്കെ ആണ് സെക്യൂരിറ്റി അർജുനെ കാണാൻ ആയി അങ്ങോട്ട് വന്നത്. ” അജു മോനെ,പ്രിയ മാഡവും കൂടെ ശ്രീദേവി എന്ന് പറയുന്ന ഒരു മാഡവും മോനെ കാണാൻ ആയി വന്നിട്ടുണ്ട്.അത്യാവശ്യം ആണ്, വേഗം വരാൻ പറഞ്ഞു “,അദ്ദേഹം അർജുനോട് സ്നേഹത്തോടെ പറഞ്ഞത് കേട്ട് വിടർന്നത് ലെച്ചുവിന്റെ കണ്ണുകൾ ആണ്.
അമ്മയെ കണ്ടിട്ട് കുറെ കാലം ആയല്ലോ എന്ന് ഇന്ന് രാവിലെ കൂടി ഓർത്തതെ ഉള്ളൂ എന്ന് ലെച്ചു മനസ്സിൽ പറഞ്ഞു. “ഹാ,ഞാൻ ഇപ്പോൾ വരാം രാമു ഏട്ടാ… അവരോട് ഇരിക്കാൻ പറ “,അർജുൻ ലെച്ചുവിനെ ഒന്ന് നോക്കി രാമു ഏട്ടനോട് പറഞ്ഞു വിട്ടു. അർജുന്റെ നോട്ടം കാത്തിരുന്നത് പോലെ ലെച്ചു അഞ്ചുവിനോട് പറഞ്ഞു അവന്റെ പുറകെ നടന്നു.ഓഫീസിൽ വന്നു അർജുനെ കാണുന്നത് എന്തിന് വേണ്ടി ആണ് എന്ന് ലെച്ചു ചിന്തിച്ചു എങ്കിലും അമ്മയെ കാണാലോ എന്ന് മാത്രം ഓർത്തു അവൾ തല പുണ്ണാക്കാൻ നില്കാതെ വേഗം നടന്നു.
അവർ രണ്ടു പേരും ഡോർ തുറന്നു അകത്തു കടന്നത്തും ശ്രീദേവിയും പ്രിയയും കൂടെ അശ്വതിയും ഒരുപോലെ തിരിഞ്ഞു നോക്കി.അത് വരെ ഉണ്ടായിരുന്ന മുഖങ്ങളുടെ തെളിച്ചം ലെച്ചുവിനെ കണ്ടപ്പോൾ ഒരു പോലെ മങ്ങി എങ്കിലും അമ്മയെയും അശ്വതിയെയും കണ്ടു ലെച്ചു സന്തോഷം കൊണ്ട് മതി മറന്നു. “ശ്രീദേവി അമ്മ എന്താ ഇവിടെ… “,അമ്മയുടെ അടുത്തേക്ക് പോകാൻ മടിച്ചു നിൽക്കുന്ന ലെച്ചുവിനെ ഒന്ന് നോക്കി ചെറിയൊരു പരിഹാസത്തോടെ അർജുൻ അത് ചോദിച്ചു കൊണ്ട് അവർക്ക് മുന്നിൽ ആയി ഇരുന്നു.
“പ്രധാനപ്പെട്ട ഒരു കാര്യം ഉണ്ടായിരുന്നു മോനെ…മക്കൾ ഇവിടെ വന്നു മോനോട് പറഞ്ഞ കാര്യം ആണ്.ബട്ട് അതിന്റെ സീരിയസ്നസ് ഓടെ ആണോ മോൻ അത് എടുത്തത് എന്നൊരു സംശയം, അതാ ഞാൻ തന്നെ വന്നത് “, ശ്രീദേവി പറഞ്ഞത് കേട്ട് അർജുന് പെട്ടെന്ന് തന്നെ കാര്യം മനസിലായി. എന്നാൽ അവർ പറഞ്ഞത് ഒന്നും മനസിലാവാതെ നിൽക്കുകയായിരുന്നു ലെച്ചു. “ഹാ,എന്നാൽ പറഞ്ഞോളൂ… കേൾക്കട്ടെ “,അർജുൻ വീണ്ടും കളിയാക്കി കൊണ്ട് പറഞ്ഞത് കേട്ട് ശ്രീദേവി തിരിഞ്ഞു ലെച്ചുവിനെ ഒന്ന് നോക്കി…
“മോനോട് മാത്രം പറയേണ്ട കാര്യം ആണ്… വേറെ ആരും കേൾക്കാൻ പാടില്ല അത് “, അവർ പറഞ്ഞത് കേട്ട് ലെച്ചു ഒന്നും മിണ്ടാതെ റൂമിൽ നിന്നും ഇറങ്ങി പോയി. അത് കണ്ടു അർജുന് നല്ല ദേഷ്യം വന്നു എങ്കിലും അവൻ പ്രതികരിക്കാതെ നിന്നു… “ഞങ്ങളുടെ തെറ്റ് കൊണ്ടാണ് ആ പെണ്ണ് മോന്റെ തലയിൽ ആയത്…ഇപ്പോൾ അതോർത്തു ഞങ്ങൾക്ക് നല്ല കുറ്റബോധം ഉണ്ട്…പിന്നെ അവളുടെ സ്വഭാവത്തെ പറ്റി ഒക്കെ മോന് ഇവർ പറഞ്ഞപ്പോൾ മനസിലായിട്ടുണ്ടാവുമല്ലോ…
ഒഴിവാക്കാതെ ഇരുന്നാൽ അത് തലയിൽ തന്നെ ആവും… അങ്ങനെ കളയാൻ ഉള്ളത് അല്ല മോന്റെ ജീവിതം. വേഗം തന്നെ ആലോചിച്ചു ഒരു തീരുമാനം എടുക്കണം.അത് ഓർമ്മിപ്പിക്കാൻ ആണ് ഞാൻ വന്നത് “, ശ്രീദേവി പറയുന്നത് കേട്ട് അർജുൻ കുറച്ചു സമയം ഒന്നും മിണ്ടിയില്ല… “അവൾക്ക് ഏതായാലും അമ്മയുടെ സ്വഭാവം അല്ല കിട്ടിയത്…അല്ലെങ്കിൽ ലെച്ചു എങ്ങനെ ഇത്ര നല്ല കുട്ടി ആവും “,ഒരിടവേളക്ക് ശേഷം അർജുൻ പറഞ്ഞു തുടങ്ങിയത് കേട്ട് ശ്രീദേവിയുടെ മുഖം മാറി. “ഇവർ കൊണ്ട് തന്നതിൽ ഒരു നോട്ട് ബുക്ക് ഒഴികെ ബാക്കി എല്ലാം നിങ്ങൾ തന്നെ ഉണ്ടാക്കിയതാണ് എന്ന് എനിക്ക് നല്ലത് പോലെ അറിയാം… ”
“പക്ഷെ കോളേജിൽ പഠിക്കുമ്പോൾ അവൾക്ക് ഒരിഷ്ടം ഉണ്ടായിരുന്നു എന്ന് പറഞ്ഞത് സത്യം ആണ്…അതിന്റെ പേരിൽ നിങ്ങൾ അവളെ ഒരുപാട് ഉപദ്രവിച്ചിട്ടുണ്ട് എന്നും എനിക്ക് അറിയാം…പക്ഷെ അതൊന്നും എനിക്ക് പ്രശ്നം അല്ല ” അർജുൻ ഒരു നിമിഷം നിർത്തി മുന്നിലെ 3 പേരെയും ഒരു പോലെ ഒന്ന് നോക്കി. “കുഴപ്പം ഇല്ലാത്തതു ചെറിയ പ്രായത്തിൽ അതൊക്കെ ഉണ്ടാവും എന്ന് കരുതി ഒന്നും അല്ല… അവൾ സ്നേഹിച്ച ആ ആള് ഞാൻ തന്നെ ആയത് കൊണ്ടാ ” പുഞ്ചിരിച്ചു കൊണ്ട് അർജുൻ പറഞ്ഞത് കേട്ട് ശ്രീദേവി ഞെട്ടി തരിച്ചു അശ്വതിയെ നോക്കിയപ്പോൾ അശ്വതി കേട്ടത് വിശ്വസിക്കാൻ കഴിയാതെ ഇരിക്കുകയായിരുന്നു
“ഒരു കാര്യത്തിൽ എനിക്ക് നിങ്ങളോട് വലിയ നന്ദി ഉണ്ട്…അവളെ ഉപദ്രവിക്കാൻ ആയി ആണെങ്കിലും ആ നോട്ട് ബുക്ക് എന്റെ അടുത്ത് തന്നെ കറക്റ്റ് ആയി എത്തിച്ചില്ലേ നിങ്ങൾ “, “പിന്നെ ഒരു കാര്യം കൂടി… ഇനി അവൾ എന്നെ വേണ്ട എന്ന് പറഞ്ഞാലും ലെച്ചുവിനെ കൈ വിട്ടു കളയാൻ ഞാൻ ഉദേശിക്കുന്നില്ല…അതും പറഞ്ഞു ഇനി ആരും ഈ വഴി വരേണ്ട ” പുറത്തേക്ക് നടക്കുമ്പോൾ പുച്ഛത്തോടെ അർജുൻ അത് പറഞ്ഞപ്പോൾ ഒന്നും വേണ്ടിയിരുന്നില്ല എന്ന പോലെ അശ്വതിയും പ്രിയയും പരസ്പരം നോക്കി…എന്നാൽ അർജുന്റെ മുന്നിൽ കൂടി ലെച്ചു കാരണം അപമാനിക്കപ്പെട്ടു എന്ന് ആലോചിച്ചു ലെച്ചുവിനോട് ഉള്ള പക ആ അമ്മ മനസ്സിൽ ആളി കത്തി
(തുടരും )