Sunday, December 22, 2024
Novel

ക്ഷണപത്രം : ഭാഗം 7

എഴുത്തുകാരി: RASNA RASU

ശരവേഗത്തിൽ കാർ സൃഷ്ടിത് ഓഫീസിലെ പോർച്ചിലേക്ക് കൊണ്ടിറക്കി കൊണ്ട് നടരാഷ് ക്യാബിനിലേക്കോടി… “”” എടാ…..!!!!””” കിതച്ച് കൊണ്ട് ശ്വാസമെടുക്കാൻ പാട് പെടുന്ന നടരാഷിനെ കണ്ട് അർഥവും ഒന്ന് ശങ്കിച്ച് നിന്ന് പോയി. “”ചേട്ടനെന്താ ഇത്ര ധൃതിപ്പിടിച്ച് വന്നത്?”” “”” പിന്നെ.. നീയല്ലേ കോപ്പേ പറഞ്ഞത്.. വേഗം വരാൻ… ഇവിടെ പ്രശ്നമാണെന്ന്..!!!””” “”” ഇവിടുത്തെ പ്രശ്നം ഏകദേശം ഞാൻ സോൾവ് ആക്കീ.. ആ ഉത്തരയ്ക്ക് ഒരു വാർണിംഗും കൊടുത്തു. പക്ഷേ ചേട്ടത്തിയാണ് പ്രശ്നം..!!”””

“”” അവൾക്ക് എന്നാ പറ്റി?””” “”” ഒടുക്കത്തെ ചൂടാ.. അടുക്കുന്നില്ല. ഒന്ന് തണുപ്പിക്കാൻ ചെന്ന എന്നെ പിടിച്ച് തിന്നില്ലന്നെ ഉള്ളൂ..””” “”” അത് ഞാൻ ശരിയാക്കാം.. അവൾക്ക് ഒരു എല്ല് കൂടുതലാ..എവിടെയവൾ?””” “”” ക്യാന്റിനീൽ ഭക്ഷണവുമായി പൊരിഞ്ഞ യുദ്ധത്തിലാ…!!!””” ക്യാന്റീനിലേക്കുള്ള വഴി അർഥവ് പറഞ്ഞ് കൊടുത്തതും ഓടി പാഞ്ഞു കൊണ്ട് നടരാഷ് ഉള്ളിലേക്ക് കയറി. അവിടെ ഒരു മൂലയിലായി എന്തോ ഗാഢമായ ചിന്തയിലാണ്ട് ചായ കുടിക്കുന്ന നയനയിൽ കണ്ണ് പതിഞ്ഞു. തന്റെ സാമീപ്യമറിയാതെ നിറഞ്ഞ് വരുന്ന കണ്ണ് തുടക്കുന്ന അവളെ കണ്ടപ്പോൾ അത് വരെ ഉണ്ടായിരുന്ന ദേഷ്യമെല്ലാം അവനിൽ അലിഞ്ഞില്ലാതായിരുന്നു.

അവൾക്ക് സമീപമുള്ള ചെയറിലായി സ്ഥാനമുറപ്പിച്ച് കൊണ്ടവൻ അവളെ തന്നെ ഇമവെട്ടാതെ നോക്കി നിന്നു. ആരോ ചെയർ വലിച്ചിടുന്ന ശബ്ദമാണ് തന്നെ ചിന്തയിൽ നിന്നുണർത്തിയത്. മുമ്പിലായി ഇരിക്കുന്ന നന്ദനെ കണ്ടതും ഒരു നിമിഷം അത്ഭുതമാണോ അതോ ദുഃഖമാണോ പുറത്ത് വന്നതെന്ന് പറയാൻ സാധിക്കാത്ത അവസ്ഥയായിരുന്നു. എന്ത് കൊണ്ടോ മനസ്സ് കൊണ്ട് അവന്റെ സാന്നിധ്യം താൻ കൊതിച്ചിരുന്നത് പോലെ.. പക്ഷേ പെട്ടെന്ന് തന്നെ മനസിൽ നയനീത് ന്റെ ജീവനറ്റ രൂപം ഓർമ വന്നതും അവൾ കുറച്ച് നേരമെങ്കിലും തന്റെ ഉള്ളിൽ ഉടലെടുത്ത മാറ്റത്തെ സ്വയം പഴിച്ചു. ”

“എന്താണ് ഭവതി ആകെപ്പാടെ മൂകത? തലവേദന മാറിയില്ലെ?””” നെറ്റിയിൽ അവന്റെ കൈകൾ സ്പർശിച്ചതും ശരീരമാകെ ചുട്ട് പൊള്ളുന്ന പോലെയാണവൾക്ക് തോന്നിയത്. ആ കൈകളെ ഒരു വെറുപ്പ് നിറഞ്ഞ ചിരിയോടെയവൾ തട്ടിമാറ്റി കൊണ്ട് ഭക്ഷണത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചതായി നടിച്ചു. “”” ഞാൻ പറഞ്ഞതല്ലേ ക്ഷീണമുണ്ടെങ്കിൽ ഓഫീസിൽ വരണ്ട എന്ന്.. പറഞ്ഞാൽ കേൾക്കില്ല. അപ്പോൾ വാശി…! ഇപ്പോൾ കണ്ടില്ലേ കണ്ണ് വരെ കുഴിഞ്ഞിരിക്കുന്നു.. അതെങ്ങനെയാ ഇന്നലെ എപ്പോഴാ കിടന്നത്?”””

അവളുടെ കണ്ണുനീർ കണ്ടിട്ടും കൂടുതൽ ചോദിച്ച് വിഷമിപ്പിക്കണ്ട എന്ന് കരുതി കൊണ്ടവൻ അത് കാണാത്ത ഭാവത്തോടെ പലതും മുറുമുറുത്ത് കൊണ്ടിരുന്നു. “”” നന്ദേട്ടനെന്താ ഈ സമയത്തിവിടെ? എന്തോ മീറ്റിംഗ് ഉണ്ടെന്ന് പറഞ്ഞതല്ലെ ഇന്നലെ?””” “”” ഓ..അതോ… അത് ചെറുത്.. വലിയ സംഭവമല്ല..അത് കഴിഞ്ഞപ്പോൾ ആണ് നീയിവിടെ ഉണ്ടെന്ന് അറിഞ്ഞത്. എന്നാൽ പിന്നെ നിന്നെയും കൂട്ടി വീട്ടിലേക്ക് പോകാമെന്ന് കരുതി..””” ഒരു ചിരിയോടെ അവളുടെ കവിളിൽ തട്ടികൊണ്ടവൻ പറഞ്ഞു.. “”” എന്നാൽ പോവാം.. എനിക്കെന്തോ ഇന്നിവിടെ നിൽക്കാൻ തോന്നുന്നില്ല”””

ഒരു പുഞ്ചിരി തൂകാൻ ശ്രമിച്ച് കൊണ്ടവൾ പറയുമ്പോഴും അവന് മനസിലായിരുന്നു അവളുടെ ഉള്ളിലെ നീറ്റൽ.. അവളുടെ കൈ പിടിച്ച് കൊണ്ട് പുറത്തേക്കിറങ്ങുമ്പോഴും അവളെ തന്നിലേക്ക് ചേർത്ത് നിർത്തി കൊണ്ട് തന്റെ സ്വന്തമാണെന്ന് എല്ലാരെയും കാണിക്കാനും അവൻ മറന്നില്ല. അസൂയയോടെ അവളെ നോക്കുന്ന ഓഫീസിലെ സ്റ്റാഫ്സിനെയും ഉത്തരയെയും കൂടുതൽ വെറുപ്പിക്കാൻ എന്ന വണ്ണം അവൻ അവളുടെ കൈകളിൽ കൂടി ചുംബിച്ചു. ഒരു വിറയലോടെ അവന്റെ പ്രവൃത്തിയിൽ ഞടുങ്ങി നിൽക്കുന്ന നയനയെ നോക്കി ഒരു കുസ്യതി ചിരി ചിരിച്ച് കൊണ്ടവൻ അവൾക്കായി കാറിന്റെ ഡോർ തുറന്ന് കൊടുത്തു.

യാത്രയിലുടനീളം സാധാരണയില്ലാത്ത വിധം മൂകമായിരുന്നു നയന. അവളുടെ മൂഡ് ശരിയല്ലെന്ന് മനസിലായതും അവൻ വേഗം ഒരു വഴിയോരത്തായി വണ്ടി നിർത്തി കൊണ്ട് പുറത്തേക്കിറങ്ങി. വഴിയോരത്തെ കടയിൽ നിന്ന് രണ്ട് കോൺ ഐസ്ക്രീം വാങ്ങി വരുന്ന അവനെ അന്തം വിട്ട് നോക്കി കാണുകയായിരുന്നു നയന “”” ഇറങ്ങുന്നില്ലേ? ഐസ്ക്രീം ഉരുകിപ്പോവും.. വേണ്ടെങ്കിൽ രണ്ടും ഞാൻ കഴിക്കാം….!!””” അവളെ ചൊടിപ്പിക്കാനായി ഐസ്ക്രീം നുണഞ്ഞ് കൊണ്ടവൻ അവളെ ഒന്ന് ഒളികണ്ണിട്ടു നോക്കി.. എന്നാൽ അത് ശ്രദ്ധിക്കാതെ മുന്നിലുള്ള വേറെ എന്തിലോ നോക്കി കൊണ്ടിരിക്കുകയായിരുന്നു നയന.

തന്റെ നെഞ്ചിനെ തുളച്ചു കയറാൻ പാകത്തിലുള്ള ഒന്ന് തൊട്ട് മുമ്പിൽ കണ്ടപോലെയവൾ കാറിൽ നിന്നിറങ്ങി കൊണ്ട് അങ്ങോട്ട് നടന്നു. മുന്നിലെ റോഡിലേക്ക് നോക്കുന്തോറും ശരീരമാകെ മരവിക്കുന്നത് പോലെ തോന്നിയവൾക്ക്.. “””നയു… എന്ത് പറ്റി?””” അവൾക്ക് പിറകിലായി നടന്നടുക്കുന്ന നടരാഷിനെ വകവയ്ക്കാതെയവൾ ആ റോഡിലേക്ക് നടന്നു. തലയിലെന്തോ ശക്തമായ മൂളക്കം പോലെയവൾക്ക് തോന്നി. ഭാഗികമായി പല ചിത്രങ്ങളും തനിക്ക് മുമ്പിലൂടെ കടന്ന് പോവുന്ന പോലെ.. ചലനമറ്റ തന്റെ ശരീരത്തിനടുത്തായി നടന്നകുന്ന ആരെയോ അവൾ അവ്യക്തമായി കണ്ടു.

അവസാനമായി നടരാഷിന്റെ നയന എന്ന വിളി കൂടി കേട്ടതോടെ അവളുടെ ബോധം മെല്ലെ മാഞ്ഞ് തുടങ്ങിയിരുന്നു. തലകറങ്ങി റോഡിലേക്ക് വീഴാൻ പോയ നയനയെ ചേർത്ത് പിടിച്ച് കൊണ്ട് നടരാഷ് കാറിനടുത്തേക്ക് കുതിച്ച് പാഞ്ഞു. മൂക്കിലൂടെ വരുന്ന രക്തം കൂടി കണ്ടതും വല്ലാത്ത ഒരു വിഭ്രാന്തി അവനെ വന്ന് മൂടിയിരുന്നു. ****** “”” May i come in sir…?””” ഓഫീസിലെ ഫയലിൽ ശ്രദ്ധ കേന്ദ്രീകരിച്ച് നോക്കുകയായിരുന്ന അർഥവിനടുത്തേക്ക് നടന്നുകൊണ്ടവൾ ഭവ്യതയോടെ അവനെ നോക്കി. മുഖത്തേക്ക് നോക്കാതെ തന്നെയവൻ അവളോട് മുന്നിലത്തെ ചെയറിലിരിക്കാൻ പറഞ്ഞു.

പിറകിലായി വന്ന ഓഫീസ് സ്റ്റാഫ് അവനെ ഒന്ന് നോക്കി ചുമച്ച് കൊണ്ട് സംസാരത്തിന് തുടക്കം കുറിച്ചു. “”” സർ.. സെക്രട്ടറി പൊസിക്ഷനിലേക്കുള്ള ഇന്റർവ്യൂയിൽ സെലക്ട് ആയത് ഈ കുട്ടിയാണ്. ഇനി മുതൽ സർ ന്റെ ന്യൂ സെക്രട്ടറിയാണ് മിസ് വർഷ.., വർഷ ഇത് മിസ്റ്റർ അർഥവ് സൃഷ്ടിത്. തന്റെ ന്യൂ ബോസ്…!””” “”” ഹ..ഹലോ സർ….!””” ഒന്ന് മുഖമുയർത്തി നോക്കി കൊണ്ട് ഫയലിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ തിരിഞ്ഞപ്പോഴാണ് പരിചിതമായതെന്തോ കണ്ടത് പോലെ അവന് തോന്നിയത്. ഞെട്ടലോടെ അവൻ ഒരിക്കൽ കൂടി ആ മുഖത്തേക്ക് നോക്കിയതും മുഖം ദേഷ്യത്താൽ വരിഞ്ഞു മുറുകി.

തനിക്ക് മുന്നിലിരിക്കുന്ന പെൺകുട്ടിയെ അവൻ സസൂക്ഷ്മം വീക്ഷിച്ചു.. അവൾക്കും തന്നെ മനസിലായെന്ന് അവളുടെ വിറയ്ക്കുന്ന അധരങ്ങളും നേത്ര ഗോളങ്ങളുടെ സഞ്ചാരദിശയും വ്യക്തമാക്കുന്നുണ്ടായിരുന്നു. “”” സ്റ്റെല പോയിക്കോളൂ.. വല്ല ആവശ്യവുമുണ്ടെങ്കിൽ ഞാൻ വിളിക്കാം..!””” ഓഫീസ് സ്റ്റാഫിനെ മനപ്പൂർവ്വം തന്റെ ക്യാബിനീൽ നിന്നവൻ പറഞ്ഞ് വിട്ട് കൊണ്ട് ഫയലിൽ നോക്കിയിരുന്നു. വിയർപ്പ് തുള്ളികൾ നിറഞ്ഞ നാസിക തുമ്പും കഴുത്തും കർച്ചീഫിനാൽ തുടയ്ക്കുന്ന അവളെ ഒരു കുസ്യതി ചിരിയോടെയവൻ ഒളികണ്ണിട്ട് നോക്കി. “”” സോ വർഷ…! താൻ എത്ര വരെ പഠിച്ചു?”””

“””ങേ…..!!!””” തന്നോട് അന്നത്തെ സംഭവത്തിന്റെ കാര്യം പറഞ്ഞ് കലഹിക്കുമെന്ന് കരുതിയിരുന്ന വർഷയെ അമ്പരപ്പെടുത്തി കൊണ്ട് തന്നെ അർഥവ് വളരെ പ്രൊഫഷണൽ രീതിയിൽ തന്നെ അവളോട് സംസാരിച്ചു. “”” വർഷ.. എന്റെ ബിസിനസ് മീറ്റിംഗ്സ് ന്റെ കാര്യങ്ങളെല്ലാം ഇനി താനാണ് ഡീൽ ചെയ്യേണ്ടി വരിക. എന്റെ clients ഉം മായി മീറ്റിംഗ് ഫിക്സ് ചെയ്യുക, അത് എന്നെ അറിയിക്കുക, മീറ്റിംഗിന്റെ റിപ്പോർട്ട് എനിക്ക് email ചെയ്യുക.. അങ്ങനെയെല്ലാം.. And don’t forget that എന്റെ അനുവാദമില്ലാതെ ഒന്നും സ്വന്തമായി ചെയ്യാൻ പാടില്ല. പിന്നെ പറയുന്ന കാര്യം കൃത്യമായി പറയുന്ന ടൈമിൽ ചെയ്തിരിക്കണം.

വെറുതെ എന്നെ ദേഷ്യം പിടിപ്പിച്ച് ജോലി പോക്കരുത്. തനിക്ക് മനസിലായെന്ന് കരുതുന്നു. കൂടുതൽ ഡീറ്റേൽസ് സ്റ്റെലയോട് ചോദിച്ചാൽ മതി. തനിക്ക് നാളെ ജോയിൻ ചെയ്യാം..””” “”” താങ്ക്യൂ സർ…!!””” ഒന്ന് ദീർഘശ്വാസം വലിച്ച് വീട്ട് കൊണ്ട് നടന്ന് പോകുന്ന അവളെ പെട്ടെന്ന് തന്നെ അവൻ പിറകിൽ നിന്ന് വിളിച്ചു. “”” എന്തായാലും വന്നതല്ലേ എനിക്കൊരു iced Americano ക്യാന്റീനിൽ നിന്ന് വാങ്ങിയിട്ട് വാ….””” “”” What…..!!!?””” “”” എന്താ? തനിക്ക് കോഫീ സെർവ് ചെയ്യാൻ പറ്റില്ല എന്നാണോ?””” “”” No Sir… ഞാൻ ചെയ്യാം…!!””” വേഗം ക്യാന്റിനിലേക്ക് ഓടുന്ന അവളെ നോക്കി കൊണ്ട് അർഥവ് ഉള്ളിൽ ഊറി ചിരിച്ചു. ”

“” സർ… കോഫി…!!””” കിതച്ച് കൊണ്ട് പറയുന്ന അവളെ നോക്കി ഒന്ന് അമർത്തി മൂളികൊണ്ടവൻ കോഫി ചുണ്ടോട് ചേർത്തു. തിരിച്ച് കപ്പ് മേശയിലേക്ക് വക്കുമ്പോൾ അവൻ മനപ്പൂർവ്വം തന്നെ അത് തട്ടി.. കോഫി അവളുടെ വസ്ത്രത്തിൽ തെറിച്ചതും അവൾ രൂക്ഷമായി അവന്റെ മുഖത്തേക്ക് നോക്കി. ഒന്നുമറിയാത്ത പോലെ രണ്ടു ചുമ്മലും കൂച്ചുന്ന അവനെ അവൾ മുഖം വീർപ്പിച്ച് നോക്കി. “”” അയ്യോ..സാരമില്ല കോഫിയല്ലേ തുടച്ചാൽ പോവും.. കോട്ടിൽ ചിക്കൻ കറിയും മുഖത്ത് ഐസ്ക്രീമും വീഴുന്നതിൽ എത്രയോ ഭേദം..അല്ലേ?”” അവളെ നോക്കി കുസ്യതി യോടെ ചിരിച്ച് കൊണ്ട് അർഥവ് കുറച്ച് ടിഷ്യൂ പേപ്പർ അവളുടെ കൈയ്യിലേക്ക് വച്ച് കൊടുത്തു. ”

” നല്ലോണം തൂത്ത് തുടച്ചിട്ട് പോയ്ക്കോ..!!””” കോട്ട് ഒന്ന് കൂടി മുന്നിലേക്ക് വലിച്ചിട്ട് കൊണ്ടവൻ തന്റെ ചെയറിലായി ഇരുന്നു. അവൻ മനപ്പൂർവ്വം തനിക്കിട്ട് പണിഞ്ഞതാണെന്ന് വർഷക്ക് മനസിലായിരുന്നു. “”” എന്താ..? പോവാൻ ഉദ്ദേശ്യമില്ലെ?””” വാതിലിന്റെ നേരെ ചൂണ്ടി കൊണ്ട് അർഥവ് ഒന്ന് കളിയാക്കി ചിരിച്ചതും നിലത്ത് ആഞ്ഞ് ചവിട്ടി കൊണ്ട് കലിതുള്ളി വർഷ പുറത്തോട്ട് നടന്നു… **** കണ്ണ് പാതി തുറന്ന നയന ചുറ്റുപാടും ഒന്ന് നോക്കി. തനിക്ക് സമീപമായി തന്നെയും നോക്കി ഇരിക്കുന്ന നടരാഷിൽ കണ്ണെത്തി നിന്നതും ചുണ്ടിൽ അവളറിയാതെ ഒരു പുഞ്ചിരി മൊട്ടിട്ടു. “”” എഴുന്നേറ്റോ….?

ഇപ്പോ എങ്ങനുണ്ട്?””” അവൾക്ക് സമീപത്തേക്ക് നീങ്ങിയിരുന്ന് കൊണ്ടവൻ അവളുടെ മുടിയിൽ തലോടി.. “”” ചെറിയൊരു തലവേദന പോലെ…!!””” അവനായി ഒരു നേർത്ത ചിരി നൽകി കൊണ്ടവൾ പതിയെ മൊഴിഞ്ഞു. “”” ഞാൻ പറഞ്ഞതല്ലേ ക്ഷീണമുണ്ടെങ്കിൽ ഓഫീസിൽ പോവണ്ട എന്ന്.. ആകെ പേടിച്ച് പോയി ഞാൻ..”””” അതിന് മറുപടിയായി അവന്റെ കൈതണ്ടയിൽ കൈ കോർത്ത് കൊണ്ട് അവൾ കണ്ണ് ചിമ്മി കാണിച്ചു. “”” ഇനി ഇവിടുന്ന് അനങ്ങരുത്. ഞാൻ കഴിക്കാൻ വല്ലതും വാങ്ങിയിട്ട് വരാം..””” അവളുടെ കവിളിൽ അമർത്തി മുത്തികൊണ്ടവൻ താഴേക്കിറങ്ങി.

നിർത്താതെ അടിക്കുന്ന ഫോൺ ചെവിയോരത്ത് വച്ച് കൊണ്ട് പടികൾ കയറുകയായിരുന്നു നടരാഷ്.. “”” ഡാ…എന്തായി കാര്യം? നീ അവളോട് പറഞ്ഞോ?””” “”” ഇല്ല വിവേക്..! എനിക്ക് പറയാൻ കഴിയുമെന്ന് തോന്നുന്നില്ല..””” “”” പറയാതെ എങ്ങനെയാ? അവൾ എന്നായാലും നിന്നോട് ചോദിക്കും നീയെന്തിനാ അവളെ കെട്ടിയതെന്ന്? എന്ത് പറയും?””” “”” വിവേക്.. ഞാൻ.. എങ്ങനെ പറയും? പറഞ്ഞാൽ അവൾ എന്നെ വിട്ടേച്ച് പോയാലോ?””” “”” അത് ഉണ്ടാവാതിരിക്കാനാ ഞാനാദ്യമേ നിന്നോട് കാര്യങ്ങൾ തുറന്ന് സംസാരിക്കാൻ പറയുന്നത്. അല്ലെങ്കിൽ അവൾ മറ്റാരെങ്കിലും പറഞ്ഞറിയും..””” “”” എനിക്ക് പേടിയാണ്.. അവൾ ഇല്ലാതെ എനിക്ക് ഇനി പറ്റില്ലടാ.. കല്യാണം കഴിഞ്ഞിട്ട് ഒരു ദിവസമായിട്ടേ ഉള്ളൂ..

ഇപ്പോൾ തന്നെ അവളില്ലാതെ ഒരു നിമിഷം പോലും നിൽക്കാൻ പറ്റാത്ത അവസ്ഥയാണ്. അവളുടെ ഓരോ കുറുമ്പും, കളിയും ഞാൻ വല്ലാതെ ആസ്വദിക്കുവാ.. പഴയ നന്ദനായി ഞാൻ മാറുന്നത് പോലെ””” “”” പഴയ നന്ദന് മറ്റൊരു മുഖം കൂടിയുണ്ട്. അത് നീ മറക്കണ്ട. ആരെയും തന്റെ നേട്ടത്തിന് വേണ്ടി കൊയ്യാൻ മടിക്കാത്ത നന്ദൻ..! ആ നന്ദനെ മാത്രമേ നിന്റെ നയനക്ക് അറിയാവൂ.. അതവൾക്ക് ഓർമ വന്നാൽ…, ഇന്ന് നീയവളെയും കൊണ്ട് അവിടെ പോയോ?””” “”” പോയി. അവിടെ വച്ച് അവൾ തലകറങ്ങി വീണു… ഇപ്പോൾ ഹോസ്പിറ്റലിലാ…!!””” “””എന്താടാ..? അവൾക്ക് വല്ലതും ഓർമ വന്നോ?”””

“”” അറിയില്ല. ഓർമ വന്നിട്ടില്ലെന്ന് തോന്നുന്നു. അഥവാ ഉണ്ടെങ്കിൽ അവൾ എന്നോട് ഒരിക്കലും പഴയ പോലെ പെരുമാറില്ല.””” “”” എന്തായാലും നീയൊന്ന് ശ്രദ്ധിക്ക് അവളെ.. കഴിവതും പെട്ടെന്ന് എല്ലാം പറയാൻ നോക്ക്..!””” “”” ശരിയെടാ… ഞാൻ പിന്നെ വിളിക്കാം..””” എന്നാൽ ഇതെല്ലാം കേട്ട് കൊണ്ട് മറഞ്ഞ് നിൽക്കുന്ന നയനയെ നടരാഷ് കണ്ടിരുന്നില്ല. അവൻ വരുന്നതറിഞ്ഞതും ഒന്നുമറിയാത്ത പോലെയവൾ ബെഡിൽ പോയി കിടന്നു. മയങ്ങി കിടക്കുന്ന അവൾക്ക് അരികിലായി ഇരുന്ന് കൊണ്ടവൻ അവളെ തന്നെ നോക്കിയിരുന്നു. കഴിയില്ല നയു..നിന്നെ നഷ്ടപ്പെടുത്താൻ..

ഒരു നിമിഷത്തെ തെറ്റായ തീരുമാനം ഇത്രയും വർഷം എന്റെ ജീവിതത്തെ കാർന്നു തിന്നു. അതിന് വെളിച്ചം പകർന്നത് നീയാണ്. ഇനിയും അതേ നശിച്ച പടുകുഴിയിലേക്ക് എന്നെ തള്ളിയിടരുത്…! എന്ത് ശിക്ഷ വേണമെങ്കിലും ഞാൻ സ്വീകരിക്കാം. എന്നെ വിട്ട് പോകാതെയിരുന്നൂടെ… അവളുടെ കാലുകളിൽ പിടിച്ച് കൊണ്ട് ക്ഷമ ചോദിക്കുമ്പോഴും അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. കണ്ണുനീർ തുള്ളികൾ അവളുടെ കാലിൽ പതിഞ്ഞു. മാപ്പ്..! അറിയാതെയാണെങ്കിലും ഞാൻ കാരണം നിന്റെ ജീവിതവും സന്തോഷവും ഹോമിക്കപ്പെട്ടതിൽ.. ഇനി ഒരിക്കലും നിന്റെ കണ്ണ് നിറയാതെ നോക്കിക്കോളാം.. എനിക്ക് തന്നൂടെ നിന്നെ?

കൂടുതൽ നിന്നാൽ താൻ പലതും തുറന്ന് പറഞ്ഞു പോവുമെന്നവന് തോന്നിയതും മയങ്ങുന്ന അവളുടെ മൂർധാവിൽ ചുംബിച്ച് കൊണ്ടവൻ പുറത്തേക്ക് നടന്നു. ഒന്നും മനസിലാവാതെ നിൽക്കുകയായിരുന്നു നയു.. അവൻ പറഞ്ഞതെല്ലാം മനസിൽ കിടന്ന് അലയടിക്കുവാണ്. അവന്റെ ശബ്ദത്തിലെ ദയനീയത പറഞ്ഞതെല്ലാം ശരിയാണെന്ന് വ്യക്തമാക്കുന്നു.. എന്നാലോ മനസിന്റെ ഏതോ കോണിൽ അതെല്ലാം നാടകമാണെന്ന് ആരോ പറയുന്ന പോലെ.. ഒരു തീരുമാനത്തിലെത്താൻ കഴിയുന്നിലല്ലോ കൃഷ്ണാ.. ഞാൻ എന്താ മറന്നത്? എന്ത് ഓർമിക്കുന്നാ കാര്യമാ നന്ദേട്ടൻ ഫോണിലൂടെ പറഞ്ഞത്?

കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങിയിരുന്നു. ആരെ വിശ്വസിക്കും ഞാൻ? ഒരിക്കൽ ജീവനെ പോലെ വിശ്വസിച്ച ആള് തന്നെ സ്വന്തം ചേട്ടന്റെ മരണത്തിനും കാരണക്കാരനായി…! പ്രേമമായിരുന്നു.. ഇത് വരെ കാണാത്ത നടരാഷ് എന്ന നന്ദനോട്..എന്നും ചേട്ടന്റെ സംസാരങ്ങളിലും ചിരിയിലും നിറഞ്ഞ് നിന്ന പേര്.. നന്ദൻ.. ഫോട്ടോയിൽ കണ്ടല്ലാതെ പരിചയം പോലും ഉണ്ടായിരുന്നില്ല ആ മനുഷ്യനുമായി. ചേട്ടന്റെ സന്തോഷത്തിന് കാരണക്കാരനായ ആ മനുഷ്യനോട് എന്നും ആദരവായിരുന്നു. പലപ്പോഴും കുശുമ്പ് വരെ തോന്നിയിട്ടുണ്ട്. ചേട്ടൻ നന്ദനെ അത്രയും സ്നേഹിക്കുന്നതിൽ..

പിന്നീട് എപ്പോഴാണാവോ അത് പ്രണയമായി മാറിയത്. അറിയില്ല.. തന്റെ ചേട്ടന് നൽകുന്ന അതേ സ്നേഹം തനിക്കും ആ മനുഷ്യനിൽ നിന്ന് ലഭിക്കാൻ അതിയായി മോഹിച്ചു. എന്നാൽ എല്ലാം എത്ര പെട്ടെന്നാ അവസാനിച്ചത്…! ഇപ്പോഴും നന്ദേട്ടനും ചേട്ടനും തമ്മിൽ തെറ്റാനുള്ള കാരണമറിയില്ല. ഇത്രയും കാലം ഒറ്റ സുഹൃത്തുകളായിരുന്നവർ ഒറ്റനിമിഷം കൊണ്ട് ശത്രുക്കളായി. എന്നും ചിരിയും കളിയും നിറഞ്ഞ ചേട്ടനിൽ പ്രതികാരവും പകയും വാശിയും നിറഞ്ഞു നിന്നു. പേടിയായിരുന്നു..

ചേട്ടന്റെ മാറി വരുന്ന ഓരോ സ്വഭാവമാറ്റവും കണ്ട് ത്രാണിയില്ലാതെ അമ്മയുടെ നിർബന്ധപ്രകാരം തിരിച്ച് ട്രെയിൻ കയറുമ്പോൾ മനസിന്റെ ഒരു കോണിൽ ആ മനസിലെ വേദനകൾ ക്ഷമിപ്പിക്കാൻ കഴിയണേ എന്ന പ്രാർത്ഥനയായിരുന്നു. റെയിൽവേ സ്റ്റേഷനിൽ നിന്ന് തന്നെയും കൂട്ടി കാറിൽ സഞ്ചരിക്കുമ്പോൾ ഞാനറിയുകയായിരുന്നു നയനീത് എന്ന എന്റെ ചേട്ടനെ.. എല്ലാവരെയും ദേഷ്യത്താൽ വിറപ്പിക്കുമ്പോഴും എന്റെ മുമ്പിൽ എന്നും പഴയ നയനീത് ആയി മാറുന്ന ആ മനുഷ്യനെ.. പക്ഷേ ഞങ്ങൾക്ക് പിറകിലുള്ള ചതിക ണ്ണുകൾ തിരിച്ചറിയാൻ വൈകി..

റോഡിൽ ചലനമറ്റ് കിടക്കുമ്പോഴും അറിഞ്ഞില്ല അടുത്ത് നിന്ന് ഉയരുന്ന ചങ്ക് പൊട്ടുന്ന വേദനയോടെ അലറുന്ന ആ ശബ്ദം തന്റെ ചേട്ടന്റെതാണെന്ന്. ചെറിയൊരു നിമിഷത്തിന്റെ ശക്തിയിൽ കണ്ണ് തുറന്നപ്പോൾ കണ്ടു.. തന്റെ ചേട്ടന് മുമ്പിൽ നിൽക്കുന്ന നന്ദനെ.. താനത്രയും കാലം കാണാൻ കാത്തിരുന്ന വ്യക്തിയെ. തന്നെയും ചേട്ടനെയും ഒന്ന് നോക്കി കൊണ്ട് കാറിൽ കയറി പോകുന്ന അയാളെ അത്ഭുതത്തോടെയാണ് നോക്കി നിന്നത്..! എങ്ങനെ ഒരാൾക്കിത്ര ക്രൂരനാവാൻ കഴിഞ്ഞു? ജീവനായി പിടയുന്ന രണ്ട് ശരീരങ്ങളെ ഉപേക്ഷിച്ച് പോകാൻ തോന്നി? (തുടരും)

ക്ഷണപത്രം : ഭാഗം 6