Saturday, January 18, 2025
Novel

കവചം 🔥: ഭാഗം 9

രചന: നിഹ

പുറകിൽ എന്തൊക്കെയോ ശബ്ദങ്ങൾ … ആരുടെയോ മൂളലുകൾ … ആരോ നടന്നുവരുന്ന കാലൊച്ച … ഗൗരിയുടെ ഹൃദയം ക്രമാതീതമായി പിടക്കാൻ തുടങ്ങി . ആരോപുറകിൽ വന്നുനിൽക്കുന്നത് പോലെ തോന്നി അവൾപെട്ടെന്ന് തിരിഞ്ഞുനോക്കി. കാറ്റത്ത് പാറിപ്പറന്ന ജടപിടിച്ച മുടിയിഴകൾ അവളുടെ മുഖത്തുടെ ഒഴുകി നടന്നു. നിമിഷനേരം കൊണ്ട് ഏതോ ഒരു വിചിത്ര രൂപം അവളുടെ കൺമുന്നിലൂടെ മിന്നിമറിഞ്ഞു. ഗൗരിയുടെ ശരീരവും മനസ്സും ഞെട്ടിയിടയിൽ ഭയത്താൽ നിറഞ്ഞു .

” ഏട്ടാ …. ” ഗൗരി ഉറക്കെ വിളിച്ചതും രാമേട്ടനും അനന്തനും തിരിഞ്ഞുനോക്കി. അവർ തിരിഞ്ഞപ്പോൾ കണ്ടത് ഒറ്റയ്ക്ക് നിൽക്കുന്ന ഗൗരിയെയാണ്. അവൾ എന്തോ കണ്ട് ഭയപ്പെട്ടത് പോലെ തറഞ്ഞു നിൽപ്പുണ്ട്. ” ഗൗരി… ” അനന്തൻ അവളെ വിളിച്ചോണ്ട് അടുത്തേക്ക് ചെന്നു. രാമേട്ടന്റെ മനസ്സിൽ സംഘർഷങ്ങൾ വീണ്ടും ചൂടുപിടിച്ചുകൊണ്ടിരുന്നു. ഗൗരി ഭയപ്പെട്ടത് അവളെ കണ്ടാണെന്ന് രാമേട്ടൻ അറിയാമായിരുന്നു. “ഗൗരി…. മോളെ … നിനക്ക് എന്താ പറ്റിയത് …. ? ”

അനന്തൻ അവളെ പിടിച്ചു തിരിച്ചുകൊണ്ട് ചോദിച്ചു. അനന്തൻ അടുത്ത് വന്നതും ഗൗരി ഓടിച്ചെന്ന് അവനെ കെട്ടിപ്പിടിച്ച് അവൻറെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി . “എന്താ ഗൗരി എന്താ പറ്റിയേ ….” അനന്തൻ ഒരിക്കൽ കൂടി അവളോട് ചോദിച്ചു. “ഏട്ടാ …. ഞാൻ അവിടെ ആരെയോ കണ്ടു …എന്തോ ഒരു രൂപം ….എനിക്ക് ഓർക്കാൻ കൂടി വയ്യ … ” ഗൗരി ഭയത്തോടെ മുന്നിലേക്ക് കൈ ചൂണ്ടി. അപ്പോഴും ഭയപ്പെടുന്ന ശബ്ദത്തോടെ പുള്ളുകൾ കൂവുന്നുണ്ടായിരുന്നു.

“നമുക്ക് തിരിച്ചു പോകാം ….ഞാൻ പറഞ്ഞിരുന്നതല്ലേ വരണ്ടന്ന് … ഇത് നല്ല സ്ഥലമല്ല … നമുക്ക് തിരികെ പോകാം …. ” ഇതാണ് പറ്റിയ അവസരമെന്ന് മനസ്സിലായ രാമേട്ടൻ അവരോട് പറഞ്ഞു. ” ഇത് അവള് വല്ല പക്ഷിയെയും മറ്റും കണ്ട് പേടിച്ചതാവും … കാടല്ലേ ഇങ്ങനെയൊക്കെ സംഭവിക്കും.ഈ പെണ്ണിന്റെ ഒരു കാര്യം ….” അനന്തൻ ഒരു കാര്യം തീരുമാനിച്ചാൽ അതിൽ നിന്നും പിന്തിരിയുന്ന പ്രകൃതക്കാരൻ അല്ലെന്നും അതുകൊണ്ടുതന്നെ കാവും കുളവും കാണാതെ തിരിച്ചു പോരുകയില്ലെന്നും ഗൗരിയ്ക്ക് നല്ലതുപോലെ അറിയാമായിരുന്നു. ”

എന്തായാലും നമ്മൾ ഇവിടെ വരെ എത്തിയതല്ലേ …ഇനിയിപ്പോൾ കാവും കുളവുമൊക്കെ കണ്ടിട്ട് തന്നെ തിരികെ പോകുന്നുള്ളൂ .. ” ദൃഢ നിശ്ചയത്തോടെ അനന്തൻ അവരോടായി പറഞ്ഞു. ” ഏട്ടാ … നമ്മുക്ക് … ” ഗൗരി പറയാൻ തുടങ്ങിയതും അനന്തൻ അവളെ തടഞ്ഞു. ” ഒന്നുമില്ല മോളെ … വാ … നടന്നേ… നമ്മൾ അങ്ങോട്ട് തന്നെയാ പോകുന്നേ ” ഗൗരിയുടെ അഭിപ്രായം കേൾക്കാൻ നിൽക്കാതെ അനന്തൻ ഒറ്റയ്ക്ക് തീരുമാനമെടുത്തിരുന്നു. കുളവും കാവും കാണാൻ പോകാൻ ഗൗരിക്കായിരുന്നല്ലോ കൂടുതൽ നിർബന്ധം അതുകൊണ്ട് തന്നെ അവൾക്കും തന്റെ അഭിപ്രായം തന്നെയായിരിക്കുമെന്ന് അനന്തൻ ചിന്തിച്ചു.

ഇനി പറഞ്ഞിട്ട് കാര്യമില്ലെന്ന് അറിയാവുന്നതു കൊണ്ട് ഗൗരി ഒന്നും മിണ്ടാൻ പോയില്ല. ഗൗരി പറഞ്ഞതൊന്നും അനന്തൻ കാര്യമായി എടുത്തില്ല. കാടിന്റെ ഭീകരതയും ആതിരയുടെ വാക്കുകളും ഗൗരിയുടെ മനസ്സിലുള്ളതുകൊണ്ട് തന്നെ അവളുടെ തോന്നൽ മാത്രമാണെന്നാണ് അവൻ ഓർത്തത്. അനന്തൻ ദൃഢനിശ്ചയം എടുത്തതുകൊണ്ട് തന്നെ ഇനി തിരിച്ചു പോക്കുണ്ടാകില്ലെന്ന് മനസ്സിലായ രാമേട്ടൻ മുൻപോട്ട് നടക്കാൻ തുടങ്ങി. ഗൗരിയെ തന്റെ മുൻപിൽ നടത്തി അനന്തനാണ് ഏറ്റവും പുറകിൽ നടന്നത്.

രാമേട്ടനും അനന്തനുമുള്ള ധൈര്യത്തിൽ ഗൗരി അവരുടെ നടുവിലൂടെ ഭയത്തോടെ മുന്നോട്ട് നടന്നു. ” ആതിരേടത്തി പറഞ്ഞത് കേട്ടാൽ മതിയായിരുന്നു … ഇനി എങ്ങനെ രക്ഷപ്പെടും …? ” എങ്ങനെയെങ്കിലും തിരികെ വീട്ടിലെത്തിയാൽ മതിയെന്നായി ഗൗരിയ്ക്ക് . 🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿 “ആതിരയെന്താ ആലോചിക്കുന്നത് … ?” അവളുടെ തോളത്ത് തട്ടികൊണ്ട് ദേവകി ചോദിച്ചു. ” ഒന്നുമില്ല ചേച്ചി …..” ആതിരയ്ക്ക് അപ്പോഴും ദേവകിയെ പൂർണ്ണമായും വിശ്വാസം വന്നിട്ടില്ലായിരുന്നു. ”

എന്താ കുട്ടി പറയ് നീ …. ” ദേവകി അവളെ നിർബന്ധിച്ചു. ” ചേച്ചി എനിക്ക് ആകെ പേടിയായിട്ട് വയ്യ …. അനന്തേട്ടനും ഗൗരിയ്ക്കും എന്തെങ്കിലും പറ്റുമോന്ന് അറിയില്ല … പോകണ്ടന്ന് ഞാൻ കുറെ വട്ടം പറഞ്ഞതാണ് … ആകെയുള്ള ധൈര്യം രാമേട്ടൻ കൂടെയുണ്ടല്ലോ എന്നുള്ളതാണ്. അനന്തേട്ടൻ എന്തെങ്കിലും പറ്റിയാൽ പിന്നെ …. ” ബാക്കി പറയാൻ കഴിയാതെ അവളുടെ സ്വരമിടറി. കണ്ണു നിറഞ്ഞു. അവളുടെ ദൈന്യാവസ്ഥ ദേവകി നേരിട്ട് കാണുകയായിരുന്നു. “അവർക്കൊന്നും പറ്റില്ല മോളെ … നീ ധൈര്യമായിട്ടിരിക്ക് … കാളിയമ്മ നമ്മളെ കാത്തോളും ….

ആതിര കണ്ണുകൾതുടച്ചു. ദേവകിയുടെ ആശ്വാസ വാക്കുകൾക്കൊന്നും അവളെ സമാധാനിപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. അപകടത്തിലേയ്ക്ക് നടന്നുനീങ്ങുന്നത് അവളുടെ പ്രാണനും അതുപോലെപ്രിയ അനുജത്തിയുമാണ്. ” ഒരു വീട് വാങ്ങിക്കാൻ പോകുമ്പോൾ ആ വീടിനെക്കുറിച്ചൊക്കെ നന്നായി അന്വേഷിക്കണ്ടേ … ? എന്നിട്ട് വേണ്ടേ വാങ്ങിക്കാനായി …. ഈ മനയെക്കുറിച്ച് ഒന്നും അറിഞ്ഞിരുന്നില്ലേ നിങ്ങൾ … ? ” ദേവകി കുറച്ച് ഗൗരവ്വത്തോടെ ചോദിച്ചു. വിഷമിച്ചു നിന്നിരുന്ന ആതിര കണ്ണുകൾ ഉയർത്തി അവരെ നോക്കി. ”

ഇല്ല ചേച്ചി എനിക്കൊന്നുമറിയില്ല …. അനന്തേട്ടനാ വീടിന്റെ എല്ലാ കാര്യവും നോക്കിയത്. പിന്നെ എല്ലാം ഉറപ്പിച്ചു കഴിഞ്ഞപ്പോൾ ഞാനും അനന്തേട്ടനും വന്നു കണ്ടിരുന്നു. അപ്പോൾ പ്രശ്നമൊന്നും തോന്നിയില്ല. ഞങ്ങൾക്ക് രണ്ടാൾക്കും പഴയതറവാടിനോട് ഇഷ്ടക്കൂടുതൽ ഉണ്ടായിരുന്നു. ഇനിപ്പോൾ അനന്തേട്ടൻ എന്തെലും അറിഞ്ഞാൽ തന്നെ ഒന്നും വിശ്വസിക്കില്ല. എനിക്കറിയില്ല ചേച്ചി എങ്ങനെ പറഞ്ഞു മനസ്സിലാക്കിക്കുമെന്ന് … ” മനസ്സിന് സമാധാനമില്ലാതെ ആതിര വിഷമത്തോടെ കസേരയിലിരുന്നു. ” ആതിര സങ്കടപ്പെടണ്ട …. എല്ലാം അനന്തന് ബോധ്യപ്പെട്ടോളും …

ആർക്കും ഒന്നും സംഭവിക്കില്ല. മോള് ധൈര്യമായിരിക്ക് … ഞാൻ വെള്ളം എടുത്തിട്ട് വരാം … ” ദേവകി ആതിരയ്ക്ക് കുടിക്കാൻ വെള്ളമെടുക്കാനായി അടുക്കളയിലേയ്ക്ക് പോയി. ” എന്റെ ദൈവമേ …. അവർക്ക് ഒന്നും സംഭവിക്കരുതേ … എനിക്കിവിടെ ഇരുന്നിട്ട് ഒരു സമാധാനവുമില്ല. ഞാനിപ്പോൾ എന്താ ചെയ്യുക. ഞാൻ പറയുന്നതൊന്നും അനന്തേട്ടൻ വിശ്വസിക്കില്ല. ഗൗരി കൂടി ഇങ്ങനെയായാൽ ഞാൻ എന്തു ചെയ്യും ? അനന്തേട്ടനെ ഒന്നു വിളിച്ചു നോക്കിയാലോ … ” ആതിര ടേബിളിലിരുന്ന അവളുടെ ഫോണേടുത്തു. ഈ സമയം അവർ കാവിൽ എത്തിയിരുന്നു.

അനന്തനും ഗൗരിയും ആകാംക്ഷയോടെ അവിടെയെല്ലാം നോക്കി കാണുകയായിരുന്നു. ചുറ്റിലും ഇടതൂർന്നു വളരുന്ന മരങ്ങൾക്കിടയിൽ ചെറിയൊരു സർപ്പത്തറ അതിന്റെ മുകളിൽ കല്ലിൽ കൊത്തിയെടുത്ത നാഗരാജാവിന്റെ കൽപ്രതിമ . അതിനോട് ചേർന്ന് തന്നെ നാഗത്തിന്റെ ചെറിയൊരു ശിൽപ്പം. അവിടെ ധാരാളം ഓട്ടുവിളക്കുകളും ഉണ്ടായിരുന്നു. ഗൗരി പതിയെ വിളക്കുകളിലൂടെ വിരലുകളോടിച്ചു . അവ ക്ലാവു പിടിച്ച് നശിച്ചു തുടങ്ങിയിരുന്നു. ” നല്ല ശക്തിയുള്ള നാഗരാജാവാ … പണ്ട് തമ്പുരാട്ടി മുടങ്ങാതെ ഇവിടെ വിളക്ക് വയ്ക്കുമായിരുന്നു ..

. ഈ ഇരിക്കുന്ന വിളക്കൊക്കെ തമ്പുരാട്ടിയുടെതാണ്….. ” തമ്പുരാട്ടിയെ കുറിച്ച് പറഞ്ഞപ്പോൾ രാമൻനായരുടെ മനസ്സിൽ അവരുടെ മുഖമോടിയെത്തി. ഐശ്വര്യം തുളമ്പുന്ന മുഖവും കാരുണ്യം നിറഞ്ഞ പെരുമാറ്റവും . ” രാമേട്ടാ … തമ്പുരാട്ടി ഇപ്പോൾ എവിടെ …?. ഈ മന വിറ്റ നമ്പൂതിരിയുടെ ഭാര്യയാണോ ഈ തമ്പുരാട്ടി … ?” ഗൗരിയുടെ ചോദ്യങ്ങളാണ് രാമൻ നായരെ അവൻറെ ഓർമ്മയിൽ നിന്നും പുറത്തേക്ക് കൊണ്ടുവന്നത്. ” എന്താ … മോളേ ….. ?” ” അതു കൊള്ളാലോ ഞാൻ പറഞ്ഞതൊന്നും രാമേട്ടൻ കേട്ടില്ലേ ….? തമ്പുരാട്ടി ഇപ്പോൾ എവിടെയാണെന്ന് ….

മന വിറ്റ നമ്പൂതിരിയുടെ ഭാര്യയാണോ ഈ തമ്പുരാട്ടി …? ” ഗൗരി വീണ്ടും ചോദ്യം ആവർത്തിച്ചു. ” അല്ല മോളേ … തമ്പുരാട്ടി ഇപ്പോൾ ജീവിച്ചിരിപ്പില്ല….മരിച്ചു. കൊല്ലം കുറെയായി … ” ഉള്ളിലൊരു നോവോടെ രാമേട്ടൻ പറഞ്ഞു. സർപ്പക്കാവിൽ നിന്ന് കുറച്ച് മാറി അവിടെ തന്നെ ഒരു ശ്രീകോവിൽ ഉണ്ടായിരുന്നു. കരിങ്കാളിയായിരുന്നു അവിടത്തെ പ്രതിഷ്ഠ. കാവ് നശിച്ചതോടെ ഉഗ്രരൂപിണിയായ ദേവിയ്ക്കുള്ള പൂജകളും മുടങ്ങി പോയി. പണ്ട് ആളുകൾ കാവിൽ വരുമായിരുന്നുവെങ്കിലും ഇപ്പോൾ ആരും അവിടെയ്ക്ക് വരാറില്ല. അതിനുള്ള ധൈര്യം ആർക്കും ഉണ്ടായിരുന്നില്ല.

രാമന്റെയും ഗൗരിയുടെയും സംഭാഷണം കേട്ടുനിൽക്കുമ്പോഴാണ് അനന്തന് ആതിരയുടെ കോൾ വന്നത്. പലവട്ടം ശ്രമിച്ചപ്പോഴാണ് ആതിരയ്ക്ക് അനന്തനെ വിളിക്കാൻ സാധിച്ചത്. കാടായതു കൊണ്ട് തന്നെ നെറ്റ് വർക്ക് പ്രോബ്ലം നല്ലതു പോലെ ഉണ്ടായിരുന്നു. ” ഹലോ… ഹലോ…. ” ആതിരയുടെ ആകുലത നിറഞ്ഞ ശബ്ദം മുഴങ്ങിയതും അനന്തനും തിരികെ സംസാരിച്ചു. പക്ഷേ ആതിര പറയുന്നതെന്നും അനന്തന് വ്യക്തമായിരുന്നില്ല. ” ഹലോ… ഹലോ …. എടി ആതി എനിക്കൊന്നും കേൾക്കാൻ പറ്റണില്ല…. ” ഫോണുമായി അനന്തൻ അവിടെ നിന്നും കുറച്ചു മാറി നിന്നു.

” ഹലോ … അനന്തേട്ടാ ….. ” ആതിരയും അനന്തനും സംസാരിക്കും നേരം രാമേട്ടൻ കണ്ണടച്ച് ദേവിയെ ധ്യാനിക്കുകയായിരുന്നു. ഒരുക്കാലത്ത് മനയ്ക്ക് സർവ്വ ഐശ്വര്യങ്ങളും നൽകിയിരുന്ന ദേവിയാണ്. അനന്തനും രാമേട്ടനും ഓരോ വശത്തേയ്ക്ക് മാറിയതും ഗൗരി നാഗത്തറയിൽ ശിൽപ്പ ഭംഗി ആസ്വദിച്ചു നിന്നു . നിമിഷങ്ങൾ കഴിയുംതോറും അവളുടെ മനസ്സ് വളരെ അസ്വസ്ഥമായി വന്നു. മനസ്സ് ഒരു അശുഭ സൂചന നൽകുന്നതു പോലെ തോന്നി അവൾക്ക് . ഗൗരി ചുറ്റും കണ്ണോടിച്ചു. ചുറ്റുപാടും എന്തോ മാറ്റങ്ങൾ പോലെ ….

കാറ്റിന് പാലപ്പൂ ഗന്ധം …. ചുറ്റിലും ആരുടെയൊക്കെയോ കാലൊച്ചകൾ .. ഭയം കൊണ്ട് ഗൗരിയുടെ തൊണ്ടയൊക്കെ വറ്റിവരളാൻ തുടങ്ങി. ഹൃദയമിടിപ്പ് ക്രമാതീതമായി വർദ്ധിച്ചു കൊണ്ടിരുന്നു. നിമിഷങ്ങൾ കൊണ്ട് അവളുടെ ചുറ്റിലും ഒരു പുകമറ രൂപപ്പെട്ടു . ഗൗരി രാമേട്ടന്റെ അടുത്തേയ്ക്ക് ഓടാൻ ശ്രമിച്ചതും അവളുടെ മുന്നിൽ ഒരു സ്ത്രീരൂപം പ്രത്യക്ഷപ്പെട്ടു. . ആ രൂപം ഗൗരിയുടെ കൈയിൽ പിടിച്ചതും അത് സംഭവിച്ചതും ഒന്നിച്ചായിരുന്നു..… തുടരും….

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…