Tuesday, January 21, 2025
Novel

കവചം 🔥: ഭാഗം 35

രചന: നിഹ

“ഗൗരി….” പുറകിൽ നിന്നും ആര്യയുടെ വിളി കേട്ടാണ് അവൾ തിരിഞ്ഞു നോക്കിയത്. മുറിയിലെ ജനൽ കമ്പികളിൽ പിടിച്ച് ആലോചനയിൽ മുഴുകി നിൽക്കുകയായിരുന്നു അവൾ. ” എന്താ ഏടത്തി…” “എനിക്ക് നിന്നോട് കുറച്ച് കാര്യങ്ങൾ പറയാനും ചോദിക്കാനുമുണ്ട്… ഇവിടെ വാ … ” സാരിയുടെ തലപ്പ് അരയിൽ കുത്തികൊണ്ട് ആര്യ ബെഡിന്റെ സൈഡിൽ ഇരുന്നു. എന്തായാലും തന്റെ മാറ്റത്തിനുള്ള കാരണം ചോദിക്കുമെന്ന ഉറപ്പോടെ അവൾ ആര്യയുടെ അടുത്ത് പോയിരുന്നു. അവൾക്ക് പറയാനുള്ളത് എന്താണെന്ന് അറിയാനുള്ള ആകാംക്ഷയും ഗൗരിയ്ക്ക് ഉണ്ടായിരുന്നു. ” എന്താ ഏട്ടത്തി… ” നിലത്തേക്ക് കണ്ണും നട്ട് അവൾ ആര്യയോട് ചോദിച്ചു. ” നിനക്കെന്താ പറ്റിയേ..?

എത്രവട്ടമായി ഞങ്ങൾ എല്ലാവരും നിന്നോട് ചോദിക്കുന്നത്… എന്താ ഞങ്ങളുടെ വാക്കിന് നീ ഒരു വിലയും കൽപ്പിക്കുന്നില്ലേ…?” ആര്യ സങ്കടത്തോടെ കൂടിയാണ് അവളോട് ചോദിച്ചത്. ” അങ്ങനെയല്ല ആര്യേടത്തി … എനിക്ക് പ്രത്യേകിച്ചൊന്നുമില്ല… എല്ലാവർക്കും വെറുതേ തോന്നുന്നതാ..” വളരെ ശാന്തമായി എന്നാൽ പതറിയ സ്വരത്തിൽ ഗൗരി ആര്യയെ നോക്കാതെ തന്നെ പറഞ്ഞു. അവളുടെ മുഖത്തേക്ക് നോക്കാനുള്ള ധൈര്യം ഗൗരിക്ക് ഉണ്ടായിരുന്നില്ല. ” ഞങ്ങൾക്കെല്ലാവർക്കും അത് മനസ്സിലായി. അതാണല്ലോ വീണ്ടും വീണ്ടും ചോദിക്കേണ്ടി വരുന്നത്… ?

നീ കാര്യം പറ ഗൗരി … മോളുടെ മനസ്സിൽ എന്താ…” ഗൗരിയുടെ കൈയിൽ പിടിച്ച് കൊണ്ട് ആര്യ അവളുടെ കണ്ണുകളിലേക്ക് നോക്കി. ” ഏട്ടത്തി വിടുന്ന ഭാവം ഇല്ലല്ലോ ദൈവമേ.. ഞാൻ എന്താ ഇപ്പോൾ പറയുക… ആര്യ എട്ടത്തിയോട് കള്ളം പറയാൻ പറ്റുന്നില്ല.. എനിക്ക് എന്താ പറ്റിയതെന്ന് അറിയാതെ പാവം ഒരുപാട് സങ്കടപ്പെടുന്നുണ്ട്. എനിക്ക് ഒന്നും തുറന്നു പറയാനും വയ്യ…ഞാനിപ്പോൾ എന്താ പറയുക …. ” അവളുടെ മുന്നിലിരുന്ന് ഗൗരി വിയർത്തു. ആര്യ അവളെ വെറുതെ വിടാനുള്ള ഭാവമില്ലായിരുന്നു. ” പറ മോളെ.. നീ എന്താ ഞങ്ങളിൽ നിന്നും മറച്ചുവെക്കുന്നത്? ആതിരയും എന്തോ ഒളിപ്പിക്കുന്നത് പോലെ എനിക്ക് തോന്നി … എന്താ ഞങ്ങൾ അറിയാത്ത രഹസ്യം… ?

എന്നോട് എങ്കിലും പറഞ്ഞൂടെ നിനക്ക് ?നിനക്ക് ഏടത്തിയെ വിശ്വാസമില്ലേ …?” ആര്യയുടെ മുഖം മങ്ങിയിരുന്നു. ഗൗരി വീണ്ടും മാനസിക സംഘർഷത്തിലായി. എന്നാലും ഒന്നും തുറന്ന് പറയാൻ അവൾക്ക് കഴിയുകയില്ലായിരുന്നു. സത്യങ്ങൾ അറിഞ്ഞാൽ ആര്യ വെറുതെയിരിക്കുകയില്ലെന്ന് ഗൗരിക്ക് അറിയാമായിരുന്നു. പൂജകളും പരിഹാരക്രിയകളും കഴിഞ്ഞ് എത്രയും പെട്ടെന്ന് അവിടെ നിന്നും താമസം മാറുമെന്ന് ആതിരയും അനന്തനും വാക്ക് കൊടുത്തതുകൊണ്ട് ഗൗരി ഒന്നും പറയാൻ തയ്യാറായില്ല. ” കാര്യം പറയാതെ ഞാനീ മുറിയിൽ നിന്നും പോകുമെന്ന് നീ പ്രതീക്ഷിക്കേണ്ട ഗൗരി…”

ഗൗരിയുടെ മാറ്റത്തിന്റെ കാരണം അറിഞ്ഞേ തീരുകയുള്ളൂവെന്ന വാശിയായിരുന്നു ആര്യയ്ക്ക്. ഗൗരിയുടെ മാറ്റത്തിൽ അവളും വല്ലാതെ സങ്കടപ്പെട്ടിരുന്നു. ” അത് പിന്നെ …ഏട്ടത്തി …എനിക്ക് ഒരാളെ ഇഷ്ട്ടമാ….” താൻ എന്തെങ്കിലും പറയാതെ ആര്യ മുറിയിൽ നിന്നും പോകില്ലെന്ന് ഉറപ്പായ സ്ഥിതിക്ക് ഗൗരി ഒരു കള്ളം പറഞ്ഞു. ഗൗരി പറയുന്നത് കേട്ട് ആര്യ കൂർപ്പിച്ച് അവളെ നോക്കി. അവൾ പ്രതീക്ഷിച്ച ഒരു മറുപടി തന്നെയായിരുന്നു അത്. ” നീ എന്താ ഗൗരി ഈ പറയുന്നത് ..? നിനക്ക് എങ്ങനെ തോന്നി? ഇവിടെയാണെങ്കിൽ പ്രശ്നത്തിനു മേൽ പ്രശ്നങ്ങളാ..

അതിന്റെ ഇടയിൽ ഇതും.. ഏട്ടന്മാരും അമ്മയൊക്കെ ഇതിന് സമ്മതിക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ…? ” ഗൗരിയുടെ കാര്യം ഓർത്ത് ആര്യയ്ക്ക് ടെൻഷനായി. അപ്പോഴും ഗൗരിയ്ക്ക് ഒന്നും പറയാൻ സാധിച്ചില്ല . ” ആരാ മോളേ…? അവൻ മോളെ ചതിക്കുന്നതാണോ? ആളെ കുറിച്ച് നീ എല്ലാം അന്വേഷിച്ചിട്ട് തന്നെയാണോ ? അവസാനം കരയാൻ ഇടവരുത്തരുത് ..” ആര്യ പറയുന്നത് കേട്ടപ്പോൾ താൻ അങ്ങനെ ഒന്നും പറയാൻ പാടില്ലായിരുന്നുവെന്ന് ഗൗരിയ്ക്ക് തോന്നി. എന്തെങ്കിലും പറഞ്ഞ് ആര്യയെ പറഞ്ഞു വിടണമെന്ന് മാത്രമാണ് കരുതിയത്.

” ആര്യേടത്തി … ഞാൻ…. എനിക്ക്…” ഒന്നും പറയാൻ കഴിയാതെ ഗൗരി സങ്കടപ്പെട്ടു . ” മോള് സങ്കടപ്പെടണ്ടാ… ഇപ്പോൾ ഒന്നും പറയണ്ട .. എന്നോട് പിന്നെ പറഞ്ഞാൽ മതി.ഗൗരിയുടെ മനസ്സ് ശാന്തമായിട്ട്… കൂടുതലൊന്നും ഓർത്ത് വിഷമിക്കണ്ട സമയമാകുമ്പോൾ ഏട്ടത്തി എല്ലാവരോടും സംസാരിച്ച് ശരിയാക്കാം….” സങ്കടം കൊണ്ട് മുഖം താഴ്ത്തിയിരുന്ന അവളുടെ മുഖം പിടിച്ചുയർത്തിക്കൊണ്ട് സ്നേഹത്തോടെ ആര്യ അവളെ തലോടി. തനിക്ക് അങ്ങനെ ഒന്നുമില്ലെന്ന് പറയാൻ ആഗ്രഹിച്ചു എങ്കിലും അവളുടെ നാവിൽ നിന്ന് വാക്കുകൾ പുറത്തേയ്ക്ക് വന്നില്ല. ” ഞാൻ താഴേയ്ക്ക് പോകുവാ.. കൂടുതൽ ഒന്നും ആലോചിക്കേണ്ട… കിടന്നു ഉറങ്ങിക്കോ..

ആരോഗ്യം ശ്രദ്ധിക്കണം.. ഇപ്പോൾ തന്നെ ഒരു കോലത്തിലായി….” അതും പറഞ്ഞുകൊണ്ട് ആര്യ താഴേയ്ക്ക് പോയി. ” ഏട്ടത്തിയോട് അങ്ങനെ ഒന്നും പറയണ്ടായിരുന്നു… ഒന്നും ഓർക്കാതെ പറഞ്ഞ എന്റെ തന്നെ തെറ്റാ.. ഏട്ടത്തി ഇനി ചോദിച്ചാൽ ഞങ്ങൾ പിരിഞ്ഞു എന്ന് വേണം പറയാൻ ഇനി ഇതിൻ്റെ പേരിൽ ഒരു പ്രശ്നമുണ്ടാകാൻ പാടില്ല. മനസ്സമാധാനത്തോടെ ഇരുന്നിട്ട് എത്രനാളായി എന്റെ ദൈവമേ…” ഗൗരി കണ്ണടച്ച് കിടന്നു. അവളുടെ മനസ്സിലൂടെ പല മുഖങ്ങൾ മിന്നി മറഞ്ഞു. 🌿🌿🌿✨✨🥀🥀🌿🌿✨✨🥀🥀🌿🌿 ചുവന്ന പ്രകാശത്തിൽ ചുറ്റുപാടും രൗദ്ര രൂപത്തിൽ കാണപ്പെട്ടു. ഏതു നിമിഷവും എന്തും സംഭവിക്കാമെന്നുള്ള പേടിയായിരുന്നു ആതിരയ്ക്ക്.

ദേവകിയും രാമനും ഭക്തിപൂർവ്വം ആട്ടം നോക്കി നിൽക്കുകയാണ് . താൻ ഇതുവരെ കാണാത്ത പുതിയൊരു കലാരൂപം കാണുന്ന കൗതുകമായിരുന്നു അനന്തന്. സഹായികളായ രണ്ടുപേരുടെ കൈകളിൽ പിടിച്ച് ചെണ്ടമേളത്തിന്റെ അകമ്പടിയോടെ പീഠത്തിന്മേൽ കയറി നിന്ന് കാളിയമ്മ ഉറഞ്ഞാടുകയാണ്. ചുറ്റും നിൽക്കുന്നവർ ചൂട്ടിന് (പന്തം) തീ കൊടുത്ത് തീ ആളിക്കുകയാണ്. മുകളിലേക്കും താഴേക്കും വീശുന്നത് അനുസരിച്ച് തീ ജ്വലിച്ചു കൊണ്ടിരുന്നു. കുറച്ച് നേരം കഴിഞ്ഞ് തിറ പീഠത്തിൽ നിന്നിറങ്ങി നാവ് പുറത്തേയ്ക്ക് നീട്ടി വട്ടം കറങ്ങി കളിക്കുകയാണ്. സൈഡിൽ നിൽക്കുന്ന പ്രായമേറിയ മനുഷ്യൻ ഉറക്കെ ശ്ലോകങ്ങൾ ചൊല്ലുന്നുണ്ട്.

രണ്ടു കൈകളിലും തളിരോല പിടിച്ചുകൊണ്ട് രൗദ്രഭാവത്തിൽ അലറി വിളിച്ചു നടക്കുകയാണ്. കണ്ണ് മിഴിച്ച് നാവ് നീട്ടി ആതിരയുടെ അടുത്ത് വന്ന് അലറി വിളിച്ചപ്പോൾ അവൾ പേടിയോടെ അനന്തന്റെ പുറകിലേക്ക് മാറി. വീണ്ടും തിറ പീഠത്തിന്മേൽ വന്നിരുന്ന പള്ളിവാൾ കൈയിലേന്തി നാവ് പുറത്തേക്കിട്ട് കിതപ്പോടെ ചുറ്റുമുള്ള കാര്യങ്ങൾ വീക്ഷിക്കുകയാണ്. ഒരു കൈയിൽ പള്ളിവാൾ മറ്റേ കയ്യിൽ നീളമേറിയ കാർകൂന്തൽ വലിച്ചു പിടിച്ചിട്ടുണ്ട്. ചെണ്ടമേളം അതിന്റെ തീവ്രതയിൽ എത്തുന്നത് അനുസരിച്ച് തിറയുടെ ആട്ടവും മുറുകി വന്നു. മണിക്കൂറോളം ഇത് വീണ്ടും ആവർത്തിക്കപ്പെട്ടു കൊണ്ടിരുന്നു. തിറയാട്ടം കഴിഞ്ഞ് മനയിലേയ്ക്ക് തിരികെ പോകാൻ നേരം ആതിരയുടെ ഹൃദയമിടിപ്പ് വീണ്ടും കൂടിക്കൊണ്ടിരുന്നു. അശുഭകരമായി മറ്റെന്തോ സംഭവിക്കാൻ പോകുന്നുവെന്ന് അവളുടെ മനസ്സാവർത്തിച്ച് ആവർത്തിച്ചു പറഞ്ഞുകൊണ്ടിരുന്നു…… തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…