കവചം 🔥: ഭാഗം 26
രചന: നിഹ
ദേവകി … ഒന്ന് നിന്നേ …. ” വഴിപ്പാട് കഴിപ്പിച്ചിട്ട് തിരികെ പോകാനായി തുടങ്ങിയ ദേവകിയെ ഒരാൾ പുറകിൽ നിന്നും വിളിച്ചു .അവർ തിരിഞ്ഞു നോക്കി. തിരുമേനിയാണ് ….. അദ്ദേഹം എന്തോ പറയാനുള്ള വരവാണെന്ന് മനസ്സിലായ ദേവകി അവിടെ തന്നെ നിന്നു. അദ്ദേഹം അവർക്ക് അരികിലേയ്ക്ക് നടന്ന് അടുത്തു …. ” എന്താ തിരുമേനി…” ആകാംക്ഷയോടെ ദേവകി ചോദിച്ചു. ചെറിയൊരു ടെൻഷനും അവൾക്കുണ്ടായിരുന്നു. ” ഗുരുസ്വാമി ഇത് ഇവിടെ തരാൻ പറഞ്ഞു…” അദ്ദേഹം ഒരു ചാർത്തെടുത്ത് അവൾക്ക് നൽകി. ” ഇതിൽ വിവരങ്ങളെല്ലാം പറയുന്നുണ്ട് അതിൽ കൊടുത്തിരിക്കുന്ന തീയതിയിൽ ഗുരുസ്വാമി മനയിലേക്ക് വരും.
ഈ പറഞ്ഞിരിക്കുന്ന സാധനങ്ങളെല്ലാം മേടിക്കണം…. പിന്നെ വ്രതശുദ്ധി ആവശ്യമാണ് മത്സ്യമാംസാദികൾ ഭക്ഷിക്കാൻ പാടില്ല.. എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ ഇവിടെ വന്ന് ചോദിച്ചാൽ മതി….” ഗുരുസ്വാമിയുടെ ശിഷ്യനാണ് അദ്ദേഹം ഇത്രയും കാര്യങ്ങൾ പറഞ്ഞിട്ട് വേഗം തിരിഞ്ഞു നടന്നു. ഏതാനും നിമിഷങ്ങൾ ദേവകി അവിടെ തന്നെ ആലോചിച്ചു നിന്നിട്ട് നടന്നു പോയി. അമ്പലത്തിൽ നിന്ന് ഇറങ്ങിയപ്പോൾ ഒരു പരിചയക്കാരിയെ കണ്ടു .അവരുടെ കൂടെയാണ് ദേവകി തിരികെ വീട്ടിലേക്ക് പോയത്. ദേവകി വീടിന്റെ മുന്നിലെത്തിയപ്പോൾ വീട് പൂട്ടിയിട്ടിരിക്കുന്നത് കണ്ടു .
രാമേട്ടൻ അവിടെ ഇല്ലെന്ന് അവർക്ക് മനസ്സിലായി. ദേവകി താക്കോലെടുത്ത് പൂട്ട് തുറന്ന് അകത്തേക്ക് കയറി. അടുക്കളയിൽ പോയി വെള്ളം കുടിച്ച് തിരിച്ചു വന്ന് മുറിയിൽ കയറിയപ്പോൾ ഭിത്തിയിൽ തൂക്കിയിട്ടിരിക്കുന്ന അവരുടെ മകൾ മീനാക്ഷിയുടെ ഫോട്ടോ ആടുന്നതായി അവൾക്ക് തോന്നി. ദേവകി ശ്രദ്ധയോടെ ആടുന്ന ഫോട്ടോയുടെ അടുത്തെത്തി ,പതിയെ പേടിയോടെ കൈകൾ കൊണ്ട് ഫോട്ടോയെ തൊട്ടു. ആ നിമിഷം ഫോട്ടോയുടെ ആട്ടം മാറി അത് നിശ്ചലമായി. ദേവകി പേടിയോടെ പിന്നോട്ട് മാറി. പുറകിൽ ആരോ ഓടി മറഞ്ഞതുപോലെ നെഞ്ചിടിപ്പോടെ ദേവകി തിരിഞ്ഞു.
കൊലുസ് കിലുക്കി മുന്നിലൂടെ ഓടുന്ന ആ രൂപം കണ്ടപ്പോൾ ദേവകിയുടെ നെഞ്ചിലൂടെ ഒരു മിന്നൽ പാഞ്ഞു പോയി. പെട്ടെന്ന് പിന്നോട്ട് മാറിയ അവരുടെ കൈയിൽ നിന്നും പ്രസാദം നിലത്തു ചാടി. അതൊന്നും ദേവകി അറിഞ്ഞതേയില്ല. മീനാക്ഷിയുടെ ഓമനത്തം തുളുമ്പുന്ന കുഞ്ഞുമുഖം അവൾ കണ്ടു. ” മീനുട്ടി…..” വിറയാർന്ന ചുണ്ടുകളിൽ നിന്നും അവളുടെ പേര് വഴുതി വീണു. ദേവകിയുടെ ഹൃദയമിടിപ്പ് വല്ലാതെ കൂടിക്കൊണ്ടിരുന്നു.. കണ്ണുകൾ പെയ്തു… ” അമ്മ… അമ്മ …..” കിളി കൊഞ്ചൽ പോലുള്ള ഒരു നാദം ദേവകിയുടെ ചെവിയിലൂടെ അലയടിച്ചു കൊണ്ടിരുന്നു.
അവരുടെ തലയിലാകെ തരിപ്പുകയറുന്നത് പോലെ അവൾക്ക് തോന്നി. ഹൃദയത്തിലൂടെ മിന്നൽ കടന്നുപോയതു പോലെ അനുഭവപ്പെട്ടു. കണ്ണുകളിൽ ഇരുട്ട് കയറി. ദേവകി തലകറങ്ങി നിലത്തേക്ക് വീണു. 🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿 ” എന്തുണ്ട് രാമേട്ടാ വിശേഷം? ഇപ്പോൾ ഇതിലെ ഒന്നും കാണാറില്ലല്ലോ…? ” ചായ അടിച്ചു കൊണ്ട് ബഷീർ ചോദിച്ചു. ” അങ്ങനെയും ഇങ്ങനെയൊക്കെയായി പോകുന്ന ബഷീറേ ..നീ ഒരു ചായ എടുക്ക്….” ചില്ല് ഗ്ലാസ് മാറ്റി ഒരു പത്തിരി എടുത്തു കൊണ്ട് രാമൻ ബെഞ്ചിൽ പോയി ഇരുന്നു. ” പുതിയ താമസക്കാർക്ക് എന്താ രാമേട്ടാ വിശേഷം…..? ”
ചായ കുടിച്ചു കൊണ്ടിരുന്ന ഭാസ്കരനാണ് ചോദിച്ചത്. പ്രേത ഭവനത്തിൽ താമസിക്കാൻ എത്തിയ പുതിയ താമസക്കാരുടെ വിശേഷം അറിയാൻ എല്ലാവർക്കും അതീവ താല്പര്യമായിരുന്നു. ആ ഗ്രാമത്തിലെ വാർത്ത ചാനലാണ് ബഷീറിൻറെ കട .അവിടെ സംസാരിക്കുന്ന കാര്യങ്ങളെല്ലാം ആ നാട്ടിലെ ഓരോ വ്യക്തിയുടെ ചെവികളിൽ എത്തിയിരുന്നു. ” കുട്ടികൾ സുഖമായിട്ട് പോകുന്നു. ഇനി എന്തെങ്കിലും അറിയാൻ ഉണ്ടെങ്കിൽ നിങ്ങൾക്ക് നേരിട്ട് വന്ന് ചോദിക്കാമല്ലോ എൻറെ കൂടെ പോരെ…അവരെ പരിചയപ്പെടാം…”
താൻ എന്തുപറഞ്ഞാലും വീണ്ടും ചോദ്യങ്ങൾ വരുമെന്ന് അറിയാവുന്നത് കൊണ്ട് രാമേട്ടൻ അങ്ങനെ പറഞ്ഞു. കീഴാറ്റൂർ മനയിലേക്ക് പോകുക എന്നത് കേട്ടപ്പോൾ ചായ കുടിച്ചുകൊണ്ടിരുന്നവരുടെ മുഖഭാവം മാറി .അവരുടെ കണ്ണുകളിൽ ഭയം തെളിഞ്ഞു വന്നു, ആദ്യത്തെ ആവേശം കെട്ടടങ്ങി .അത് കണ്ടപ്പോൾ രാമന് ചിരിയാണ് വന്നത്. ” പുതിയ താമസക്കാർ വന്നതുകൊണ്ട് രാമേട്ടന് ഇനിയിപ്പോൾ വേറെ വീടുകളിൽ ജോലി അന്വേഷിച്ച് നടക്കേണ്ടി വരില്ലല്ലോ…?” ബഷീർ ചായ രാമന്റെ മുമ്പിൽ കൊണ്ടുവന്ന് വച്ചു. പരമ്പരാഗതമായി രാമന്റെ കുടുംബക്കാർ മനയിലെ ആശ്രിതരാണ്. അവിടുത്തെ കാര്യസ്ഥർ ആയിട്ടാണ് അവർ ജീവിച്ചിരുന്നത്.
ജന്മി കുടിയാൻ വ്യവസ്ഥ നിലനിന്നിരുന്ന അവസാന കാലഘട്ടത്തിലാണ് ഭാമദേവൻ നമ്പൂതിരി കീഴാറ്റൂർ മന സ്വന്തമാക്കുന്നത്. അവിടത്തെ കീഴാർമാരാണ് നമ്പൂതിരിയെ തമ്പ്രാൻ എന്ന് വിളിച്ചു തുടങ്ങിയത് . ജന്മിത്വം അവസാനിച്ചപ്പോഴും മനയുടെ പ്രൗഢിക്കും പ്രതാപത്തിനും ഒരു കുറവും സംഭവിച്ചിട്ടില്ലായിരുന്നു.ഭാമദേവന് ശേഷം മനയുടെ അധികാരം പരമേശ്വരൻ നമ്പൂതിരിക്കാമായിരുന്നു. അദ്ദേഹം നല്ലൊരു മനുഷ്യനായിരുന്നു. ധാരാളം പണിക്കാർ അവിടെ വേല ചെയ്തിരുന്നു. കൂലിക്ക് പുറമേ ധാരാളം സഹായങ്ങളും അവിടെ നിന്നും അവർക്ക് ലഭിച്ചിരുന്നു . മനസ്സ് കൊണ്ട് അവരെല്ലാം അയാളെ അവരുടെ തമ്പ്രാനായി അംഗീകരിച്ചിരുന്നു.
ഒരുപാട് പേരുടെ ജീവിതത്തിൽ നാശം വിതറിക്കൊണ്ട് അവിടെ കൂട്ടക്കൊലകൾ നടന്നപ്പോൾ പരമേശ്വരൻ നമ്പൂതിരി ആ മന ദേവനാരായണൻ നമ്പൂതിരിക്ക് കൈമാറിയത്. ജാതിമത കാര്യങ്ങളിൽ കടുംപിടുത്തമുള്ള അദ്ദേഹം ഒരു നമ്പൂതിരിക്ക് മാത്രമേ കീഴാറ്റൂർമന വിൽക്കുകയുള്ളൂവെന്ന് ശാഠ്യം പിടിച്ചു. പിന്നീട് പ്രേത ശല്യം രൂക്ഷമായപ്പോൾ അയാൾ മറ്റൊന്നും നോക്കാതെ അനന്തന് മന വിറ്റിട്ട് ജീവനും കൊണ്ട് ഓടി രക്ഷപ്പെട്ടത്. ബഷീറിന്റെ ചോദ്യം രാമനെ പഴയ ഓർമ്മകളിൽ കൊണ്ടുപോയി. അത്ര രസമുള്ള ഓർമ്മകളൊന്നും ആയിരുന്നില്ല ആ മന രാമന് നൽകിയിട്ടുള്ളത്..
ചായക്കടയിൽ തിരക്ക് കൂടാൻ തുടങ്ങിയതും രാമൻ വേഗം ചായ കുടിച്ച് പുറത്തേക്കിറങ്ങി. ഇനിയും അവിടെ നിന്നാൽ ചോദ്യങ്ങൾ വരുമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 വീട്ടിൽ തനിച്ചായപ്പോൾ ആതിരക്ക് വട്ടു പിടിക്കുന്നത് പോലെ തോന്നി. ഗൗരി ഉണ്ടായിരുന്നപ്പോൾ അവൾ എന്തെങ്കിലുമൊക്കെ പറഞ്ഞ് ആതിരയുടെ പുറകെ നടന്നിരുന്നതാണ്. അതുകൂടാതെ കുഞ്ഞിയുടെ ഓരോ കാര്യങ്ങൾ നോക്കി ഓടി നടക്കുമ്പോൾ സമയം പോകുന്നത് അവൾ അറിഞ്ഞിരുന്നതെയില്ല. എന്നാൽ ഇപ്പോൾ ഏതാനും നിമിഷങ്ങൾ പോലും മണിക്കൂറുകളുടെ ദൈർഘ്യത്തിലാണ് മുമ്പോട്ട് പോകുന്നതെന്ന് ആതിര അറിഞ്ഞു.
അനന്തൻ വീട്ടുസാധനങ്ങൾ വാങ്ങിക്കാനായി പുറത്തേക്ക് പോയതാണ്.അവൻ ആതിരയെ വിളിച്ചുവെങ്കിലും അവൾ കൂടെ പോയില്ല. അതിനുള്ള മാനസികാവസ്ഥയിൽ ആയിരുന്നില്ല അവൾ. അമ്പലത്തിൽ പോയിട്ട് ദേവകി തിരികെ മനയിലേക്ക് തന്നെ മടങ്ങിവരുമെന്ന് വിശ്വാസത്തിലാണ് അനന്തൻ അവിടെ അവളെ തനിച്ചാക്കി പോയത്. പിന്നെ മന്ത്രതകിട് വീട്ടിൽ ഉണ്ടെന്ന ധൈര്യവും.. ആതിരയുടെ മനസ്സ് വളരെ അസ്വസ്ഥമായിരുന്നു. കുഞ്ഞിയുടെയും ഗൗരിയുടെയും ചിന്തകളായിരുന്നു. കുഞ്ഞി ഇപ്പോൾ ഉണർന്നു കാണുമോ? തന്നെ കാണാതെ അവൾക്ക് കരയുമോ? ഗൗരിയുടെ സങ്കടം മാറി കാണുമോ? അവൾ വീട്ടിലുള്ളവരോട് എല്ലാം തുറന്നു പറയുമോ?
വീട്ടിൽ ചെന്നാലും കുഞ്ഞു ഭക്ഷണം കഴിക്കുമോ ? അങ്ങനെ ഒരായിരം ചോദ്യങ്ങൾ അവളെ കുഴപ്പിച്ചു കൊണ്ടിരുന്നു. എത്രതന്നെ ഒഴിഞ്ഞുമാറാൻ ശ്രമിച്ചാലും അവൾക്ക് അതിൽ നിന്നും മോചനമില്ലായിരുന്നു. കുഞ്ഞിയെ വീണ്ടും ഒരു നോക്കു കാണാൻ അവളുടെ ഹൃദയം തുടിച്ചു. ആതിരയ്ക്ക് താങ്ങാൻ കഴിയുന്നതിനപ്പുറമായിരുന്നു കുഞ്ഞിയുടെ വേർപാട്. ഹൃദയഭാരം കൂടിയപ്പോൾ അവൾ എഴുന്നേറ്റ് മുറ്റത്തേക്ക് നടന്നു. അപ്പോഴാണ് ദേവകി ഇനിയും വന്നിട്ടില്ലെന്ന് അവൾ ഓർത്തത്. ” ചേച്ചി എന്താ ഇതുവരെ വരാത്തത്? അമ്പലത്തിൽ പോയി മടങ്ങി വരുന്ന സമയം കഴിഞ്ഞുവല്ലോ? അവിടെ വരെ ഒന്നുപോയി നോക്കിയാലോ…? ഞാൻ ഇതുവരെ അവരുടെ വീട് കണ്ടിട്ടില്ലല്ലോ?
ഇവിടെ തനിച്ച് ഇരിക്കുന്നതിലും ഭേദം അവരുടെ വീട്ടിൽ പോകുന്നതാ…” രാമനും ദേവകിയും മനയിലേയ്ക്ക് വരുന്നുണ്ടെന്ന് അല്ലാതെ അവരെക്കുറിച്ചുള്ള വിവരങ്ങളോ മനയെക്കുറിച്ചുള്ള വിവരങ്ങളോ ആരോടും അവർ പങ്കുവെച്ചിരുന്നില്ല. അവരുടെ വീട് ഇവരാരും കണ്ടിട്ടുമില്ല. ദേവകിയെ കാണാത്തത് കൊണ്ട് അവരെ നോക്കി അവരുടെ വീട്ടിലേയ്ക്ക് പോകാൻ തന്നെ ആതിര തീരുമാനിച്ചു. അവൾ വാതിൽ ചാരിയിട്ടിട്ട് പുറത്തേക്കിറങ്ങി . പേടികൊണ്ട് ആരും മനയിലേയ്ക്ക് എത്തിനോക്കുക പോലുമില്ലെന്ന് അവൾക്ക് അറിയാമായിരുന്നു. അതുകൊണ്ട് വാതിൽ ചാരിയിട്ടതെയുള്ളൂ,
കുറച്ച് അകത്തേക്ക് കയറിയാണ് മനയിരിക്കുന്നത് .എന്നാൽ ഒറ്റപ്പെട്ട വീട് അല്ലതാനും… നടവഴി ചെന്ന് നിൽക്കുന്നത് റോഡിലേക്കാണ് . അവിടെ നിന്നും വലത് വശത്തെ നാലാമത്തെ വീടാണ് ദേവകിയുടെത്. ആദ്യത്തെ ദിവസം രാമൻ പറഞ്ഞ് കേട്ട ഓർമ്മയാണ്. മനയുടെ അടുത്ത് തന്നെയാണ് . ആതിര ചുറ്റുമുള്ള കാഴ്ചകൾ നോക്കി മുന്നോട്ടു നടന്നു. മനസ്സ് നിറയെ കുഞ്ഞിയാണ് അതിനിടയിൽ അവൾ തനിച്ചാണെന്നുള്ള സത്യം അവൾ മറന്നു പോയിരുന്നു.….… തുടരും….