കവചം 🔥: ഭാഗം 25
രചന: നിഹ
ഈ സമയം കിഴക്ക് ഭാഗത്തെ മുറിയിൽ ഇരുട്ട് വന്ന് നിറയുന്നുണ്ടായിരുന്നു. ആ മുറി മാത്രം അന്ധകാരത്തിൽ പിടിയിലമർന്നു. തീ ഗോളം പോലുള്ള രണ്ട് കണ്ണുകൾ ഇരുട്ടിൽ കത്തി ജ്വലിച്ചു നിൽക്കുന്നുണ്ടായിരുന്നു. മുറി നിറയെ മാറാലകൾ തൂങ്ങി കിടന്നു. ഭിത്തിയിലെ പൊടി പിടിച്ചു കിടക്കുന്ന ഫോട്ടോകൾ ചില്ല് പൊട്ടി താഴെ വീണുടഞ്ഞു. അവളുടെ സാന്നിധ്യം അറിഞ്ഞതും കിഴക്കേ മൂലയിൽ കുഴിച്ചിട്ടിരിക്കുന്ന തകിട് പ്രകാശിപ്പിക്കാൻ തുടങ്ങി . കുഴിയുടെ അകത്ത് കിടന്ന് പ്രകാശിക്കുന്ന തകിടിന്റെ പ്രഭ പുറത്ത് പ്രകടമായിരുന്നു.
മിന്നാമിനുങ്ങിൻ്റെ നുറുങ്ങു വെട്ടം പോലെ അത് പുറത്തേയ്ക്ക് വന്നു കൊണ്ടിരുന്നു. തകിടിന്റെ ശക്തി മുറിയുടെ ഭാഗത്ത് എത്തിയതും മുറിക്കുള്ളിൽ ചീറ്റൽ കേട്ട് തുടങ്ങി. മുറിയുടെ അകത്ത് കിടക്കുന്ന ഓരോ വസ്തുവും കാറ്റിൽ കുലുങ്ങാൻ തുടങ്ങി. അവ കാറ്റത്ത് നിലം പതിക്കാൻ പാകത്തിന് ആടി ഉലഞ്ഞു. മനയിൽ വന്നതിൽ പിന്നെ ആതിരയ്ക്ക് ഏറെ ഇഷ്ടമായത് കിഴക്കേ ഭാഗത്തെ ഈ മുറിയാണ്. ആ മുറിക്ക് ഒരു പ്രത്യേക ഭംഗിയാണ്. ജനലുകൾ തുറക്കുന്നത് തൊടിയിലെ കാഴ്ചകളിലേയ്ക്കാണ്.
പൂത്തു നിൽക്കുന്ന കണിക്കൊന്നയും രാജമല്ലിയും നീർമാതളവും ചെമ്പകവുമെല്ലാം കണ്ണിനു കുളിർമ നൽകുന്ന കാഴ്ചയാണ്. കാറ്റത്ത് അടർന്നു വീഴുന്ന പൂക്കൾ നോക്കിയിരുന്നു കഥ വായിക്കുവാനും എഴുതുവാനും അവൾക്ക് ഒരുപ്പാട് ഇഷ്ട്ടമാണ്. അതുകൊണ്ട് തന്നെയാണ് ആതിര ആ മുറി എഴുത്തിനും വായനക്കുമായി തിരഞ്ഞെടുത്തത്. അവളുടെ പുസ്തകങ്ങൾ ഈ മുറിയിലാണ്. ആദ്യമായി മുറിയിൽ കയറിയപ്പോൾ ഉണ്ടായ ദുരനുഭവം ഓർത്താണ് ആതിര പിന്നീട് അങ്ങോട്ട് വരാതെയായത്.
അന്ന് മുതൽ ഈ മുറിയിൽ ഭയപ്പെടുത്തുന്ന ഒരു സാന്നിധ്യം ഉണ്ടെന്ന് അവൾ തിരിച്ചറിഞ്ഞതാണ്. തകിടിന്റെ മഞ്ഞ പ്രകാശം മുറിയിൽ വ്യാപിച്ചതും അത് നീല നിറമായി മാറി. അതിൻ്റെ ശക്തി കൊണ്ട് മുറിയിലെ ആത്മാവിന് നിൽക്കാൻ കഴിയാതെയായി അത് ഉച്ചത്തിൽ അലറി വിളിച്ചു കൊണ്ട് പുറത്തേയ്ക്ക് പാഞ്ഞു. മുറിയിൽ നിന്നും ഒരു ചെറിയ ശബ്ദം പോലും ആരും പുറത്തേയ്ക്ക് കേട്ടില്ല. 🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂
” വീടും പരിസരവും നന്നായിട്ടുണ്ട് . മേടിച്ചത്തിൽ ഒരു നഷ്ട്ടവുമില്ല…. ഇനിയും സ്ഥലവും പറമ്പും കാണാൻ ഉണ്ടെന്നല്ലേ പറഞ്ഞത് ? എല്ലാം കൂടി ഒരു മുതൽക്കൂട്ട് തന്നെയാ …. ഇവിടെ നിന്നും കിട്ടുന്നത് കൊണ്ട് തന്നെ ജോലി ചെയ്യാതെ ജീവിക്കനുള്ളത് ഉണ്ട് …” ചുറ്റിലും കണ്ണോടിച്ചു കൊണ്ട് അനിരുദ്ധ് പറഞ്ഞു. ആദ്യം താനും ഇത് തന്നെയാണ് വിചാരിച്ചിരുന്നതെന്ന് അനന്തൻ മനസ്സിൽ ഓർത്തു. ഇവിടെ നിന്നും താമസം മാറുന്ന കാര്യം അവനോട് അനന്തൻ പറഞ്ഞില്ല. ” കേസിൻ്റെ കാര്യം തീർന്നത് വരെ താമസിക്കാൻ പറ്റിയ ഇടമാണ് . നീ ഇങ്ങനെ ഒരിടത്ത് താമസിക്കുന്നമെന്ന് ആരും വിചാരിക്കുക പോലുമില്ല…
ഞാൻ എൻ്റെ രീതിയിൽ അന്വേഷിക്കുന്നുണ്ട്…” രണ്ടാളും കുറച്ച് നേരത്തേക്ക് ഒന്നും മിണ്ടിയില്ല . രണ്ടാളും മനസ്സിൽ ഓരോന്നും ആലോചിക്കുകയായിരുന്നു. ” അമ്മക്ക് എങ്ങനെയുണ്ട് ഏട്ടാ… അച്ഛന് കുറവുണ്ടോ..? ” അനന്തൻ പതറിയ സ്വരത്തിൽ ചോദിച്ചു. വീട്ടിൽ നിന്നും മാറി നിൽക്കുന്നുണ്ടെങ്കിലും അവൻ്റെ മനസ്സ് മുഴുവൻ വീട്ടിൽ തന്നെയാണ്. ” അമ്മയ്ക്ക് എപ്പോഴും നിൻറെ കാര്യം ഓർത്ത് ടെൻഷനാടാ… പ്രാർത്ഥനയും വഴിപാടുമായിട്ട് നടക്കുകയാ… നിങ്ങളെ ഒന്ന് കണ്ടാൽ കൊള്ളാമെന്നുണ്ടായിരുന്നു പക്ഷേ ഈ സാഹചര്യത്തിൽ അത് പറ്റില്ലല്ലോ..
അച്ഛന് കുറഞ്ഞു വരുന്നുണ്ട്.. ഇപ്പോൾ കഴിക്കുന്ന മരുന്നൊക്കെ തന്നെ കണ്ടിന്യൂ ചെയ്യുന്നുണ്ട്… ” വീട്ടിലെ കാര്യങ്ങളൊക്കെ കേട്ടപ്പോൾ അവന് നാരായണി അമ്മയെയും അച്ഛൻ വാസുദേവനെയും കാണാൻ തോന്നി. അച്ഛന്റെ ഈ അവസ്ഥക്ക് കാരണം അന്നുണ്ടായ പ്രശ്നങ്ങളാണ്. അദ്ദേഹം ഇപ്പോൾ തളർന്ന് കിടപ്പിലാണ്. അതെല്ലാം ഓർക്കുമ്പോൾ എല്ലാവരുടെയും ഉള്ളിൽ നീറ്റലാണ്. പിന്നെയും ഓരോ കാര്യങ്ങൾ സംസാരിച്ച അവർ പറമ്പിൽ നിന്നും മുറ്റത്തെത്തി.
വീടും അതിന്റെ ചുറ്റുമുള്ള കുഴപ്പമില്ലാത്ത സ്ഥലവും മാത്രമാണ് അനന്തൻ അനിരുദ്ധിനെ കാണിച്ചത്. പെട്ടെന്നാണ് കുഴിച്ചിട്ടിരിക്കുന്ന തകിട് പ്രകാശിച്ചു കൊണ്ടിരിക്കുന്നത് അനന്തന്റെ ശ്രദ്ധയിൽപ്പെട്ടത്. ഒരു വേള അവന്റെ മനസ്സിലൂടെ ഒരു മിന്നൽ പാഞ്ഞു. എന്തെങ്കിലും ആപത്ത് സംഭവിക്കുന്നതിന് മുന്നേ അവരെ ഇവിടെ നിന്നും പറഞ്ഞയക്കണമെന്ന് അവന് തോന്നി. അനിരുദ്ധിനെ അവൻ വേഗം അകത്തേയ്ക്ക് കൂട്ടികൊണ്ട് പോയി താൻ കണ്ട കാഴ്ച അവനും കാണുന്നതിന് മുന്നേ …
മടിയിൽ ഉറങ്ങി കിടക്കുന്ന കുഞ്ഞിയെ ആതിര കണ്ണിമ ചിമ്മാതെ നോക്കിയിരുന്നു . അവളുടെ കുഞ്ഞു മുഖം കാണുംതോറും ആതിരയുടെ സങ്കടം കൂടി വന്നു. ഏതാനും നിമിഷങ്ങൾക്കുള്ളിൽ താൻ മകളെ പിരിയുമെന്നുള്ള സത്യം അവളുടെ കണ്ണ് നനച്ചുകൊണ്ടിരുന്നു. അനിരുദ്ധും അനന്തനും അകത്തേയ്ക്ക് കയറി വന്നപ്പോഴേക്കും ഗൗരിയും ബാഗുമായിട്ട് താഴേയ്ക്ക് ഇറങ്ങി വന്നു. ആ യാത്ര പറച്ചിൽ എല്ലാവർക്കും വേദനാജനകമായിരുന്നു. പോകുന്നതിൻ്റെ സങ്കടം മനസ്സിന്റെ ഉള്ളിൽ അടക്കി വയ്ക്കുക എന്നല്ലാതെ കരയാൻ പോലും അവർക്ക് സാധിച്ചില്ല.
നിർബന്ധിച്ച് പറഞ്ഞയക്കുന്നതിനുള്ള കാരണം അനിരുദ്ധ് അന്വേഷിക്കുമെന്നുള്ളത് തന്നെയായിരുന്നു അതിനുള്ള കാരണവും , പ്രത്യേകിച്ച് കുഞ്ഞിയെ കൂടി പറഞ്ഞയക്കുമ്പോൾ… എത്രയൊക്കെ മറക്കാൻ ശ്രമിച്ചുവെങ്കിലും ആരും കാണാതെ കണ്ണുനീർ തുള്ളികൾ പെയ്തുകൊണ്ടിരുന്നു. അവസാനമായി ഒരു ചുംബനത്തോടെ വേദയെ ഗൗരിയ്ക്ക് കൈമാറുമ്പോൾ ആതിരയുടെ നെഞ്ചുരുകുന്നുണ്ടായിരുന്നു. അവർ കാറിന്റെ അരികിലേക്ക് പോകുന്നതിന്റെ ഒപ്പം ആതിരയും അനന്തനും കൂടി നടന്നു. ആ സമയത്ത് കുഞ്ഞി ഉണരരുതെന്നൊരു പ്രാർത്ഥന കൂടി അവൾക്കുണ്ടായിരുന്നു.
അധികം വൈകാതെ തന്നെ അനന്തനോടും ആതിരയോടും യാത്ര പറഞ്ഞ് അവർ കീഴാറ്റൂർ മനയിൽ നിന്നും പുറപ്പെട്ടു. ” അനന്തേട്ടാ…” അവർ പോയതും ഇടറിയ ശബ്ദത്തോടുകൂടിയുള്ള ഒരു വിളിയോടെ അവൾ അനന്തന്റെ നെഞ്ചിലേക്ക് ചാഞ്ഞു. ” സാരമില്ല ആതീ …. അവരുടെ സേഫ്റ്റിക്ക് വേണ്ടിയല്ലേ.. പുതിയ വീട്ടിലേക്ക് പോകുമ്പോൾ നമുക്ക് അവരെ തിരികെ വിളിക്കാലോ?” ആതിരയെ സമാധാനിപ്പിക്കുമ്പോഴും അവന്റെ നെഞ്ച് നീറുന്നതും അവൾക്ക് അറിയാൻ സാധിച്ചു. 🌿🌿🌿🌿🥀🥀🥀🥀🌿🌿🥀🥀🥀🌿🌿 കണ്ണടച്ച് ഭഗവാനോട് സങ്കടങ്ങൾ പറഞ്ഞ് കഴിഞ്ഞപ്പോൾ ദേവകിയുടെ മനസ്സൊന്ന് തണുത്തു. വഴിപ്പാട് കഴിപ്പിക്കാനായി ദേവകി പോയി.
പ്രാർത്ഥനയിൽ പകുതിയും ആതിരയ്ക്കും അനന്തനും ഗൗരിക്കും വേണ്ടിക്കും വേണ്ടിയായിരുന്നു. അവരുടെ പ്രിയപ്പെട്ടവർ എന്നുപറയാൻ ഇപ്പോൾ അവർ മാത്രമല്ലേ ഉള്ളു . ഗൗരിയും വേദമോളും പോകുന്നത് കാണാൻ കഴിയാത്തത് കൊണ്ടാണ് ദേവകി അമ്പലത്തിലേക്ക് പോന്നത്. ” പാവം ദേവകി ചേച്ചി , കുഞ്ഞ് മരിച്ചതിൽ പിന്നെ പുള്ളിക്കാരി അങ്ങ് ഒതുങ്ങിപ്പോയി. വയസ്സാം കാലത്ത് സഹായത്തിനെന്ന് പറയാൻ പോലും ആരും ഇല്ലാതെയായി പോയല്ലോ … ? ” ” അത് ശരിയാ ഞാനും ഓർക്കും . രണ്ടാളും തന്നെ മിണ്ടിപ്പറയാൻ പോലും ആരുമില്ലാതെ ….
അങ്ങനെയായാൽ തന്നെ മനസ്സ് മടുത്തു പോകും …. ” പ്രസീതയുടെ അഭിപ്രായത്തിനെ പിന്തുണച്ചു കൊണ്ട് ശാന്തിയും പറഞ്ഞു. വഴിപ്പാട് കഴിപ്പിക്കാനായി പോകുന്ന ദേവകിയെ കണ്ടതും അവർ അവരുടെ കാര്യങ്ങൾ സംസാരിക്കാൻ തുടങ്ങി. അമ്പലത്തിന്റെ പുറത്ത് അഴിച്ചിട്ട ചെരുപ്പ് ഇട്ടു കൊണ്ട് അവർ റോഡിലൂടെ നടന്നു. ” ദേവകിയുടെ കൊച്ചിനെ ആരോ കൊന്നത് ആണെന്നല്ലേ ? ” ” ആരോ അല്ല ശാന്തി , ആളുകൾ തമ്പ്രാൻ എന്ന് വിളിക്കുന്ന ഒരു നമ്പൂതിരി ഇല്ലായിരുന്നോ ? അങ്ങേരുടെ അനിയന്റെ മോൻ ഒരുത്തൻ ഉണ്ടായിരുന്നു , ആ വൃത്തിക്കേട്ടവനാ ആ കുഞ്ഞിനെ കൊന്നത് …..
അതു മാത്രമല്ല ആ ഇളയ തമ്പ്രാട്ടി കൊച്ചില്ലായിരുന്നോ അവളെ കൊന്നതും ഇവനാന്നാ പറഞ്ഞ് കേട്ടത് ..” അല്പ്പം ശബ്ദം താഴ്ത്തി പ്രസീത പറഞ്ഞു. ” ഇതെല്ലാം കേട്ടുകേൾവിയാട്ടോ … ഇവിടത്തെ കുഞ്ഞി കൊച്ചുങ്ങൾക്കു പോലും ഇതെല്ലാം അറിയാം … ശാന്തി വന്നിട്ട് അധികം ആകാത്തത് കൊണ്ട് അറിയാത്തതാ ….. ” കീഴാറ്റൂർ മനയെക്കുറിച്ച് പറഞ്ഞു കേട്ടിട്ട് ഉണ്ടെങ്കിലും കൂടുതൽ വിശേഷങ്ങളൊന്നും ശാന്തിക്ക് അറിയില്ല. പരസ്പരം അറിയാവുന്ന കാര്യങ്ങളൊക്കെ പറഞ്ഞു കൊണ്ട് രണ്ടുപ്പേരും മുന്നോട്ട് നടന്നു. ” ദേവകി … ഒന്ന് നിന്നേ …. ” വഴിപ്പാട് കഴിപ്പിച്ചിട്ട് തിരികെ പോകാനായി തുടങ്ങിയ ദേവകിയെ ഒരാൾ പുറകിൽ നിന്നും വിളിച്ചു .അവർ തിരിഞ്ഞു നോക്കി. തിരുമേനിയാണ് ….. അദ്ദേഹം എന്തോ പറയാനുള്ള വരവാണെന്ന് മനസ്സിലായ ദേവകി അവിടെ തന്നെ നിന്നു. അദ്ദേഹം അവർക്ക് അരികിലേയ്ക്ക് നടന്ന് അടുത്തു ….… തുടരും….