Wednesday, December 18, 2024
Novel

കവചം 🔥: ഭാഗം 18

രചന: നിഹ

” പറ അനന്തേട്ടാ …. മോളേ ആരാ എടുത്ത് കൊണ്ട് പോയത് … എന്താ ഇവിടെ നടന്നത് ?” ആതിരയുടെ മുഖത്ത് ഭയവും ദേഷ്യവും ഇടകലർന്ന ഭാവമായിരുന്നു . ” ആതി…. അത് …. ” പറയാൻ മടിയോടെ അനന്തൻ ഓർക്കാൻ ശ്രമിച്ചു. ” എന്താ … പറ ഏട്ടാ…. ” കുഞ്ഞിനെ ചേർത്ത് പിടിച്ചു കൊണ്ട് ആതിര വീണ്ടും നിർബന്ധിച്ചു. ” നീ ഗൗരിയുടെ അടുത്തേക്ക് പോയില്ലേ അത് കഴിഞ്ഞ് ഞാനും മോളും കിടന്നുറങ്ങി. പിന്നെ കുറെ സമയം കഴിഞ്ഞ് വാതിലിൽ തട്ടി വിളിക്കുന്നത് കേട്ടാണ് ഞാൻ ഉണർന്നത്. ചെന്ന് നോക്കിയപ്പോൾ നീയായിരുന്നു…. ” ” ഞാനോ …?”

ചെറിയൊരു ഭയത്തോടെ ആതിര കണ്ണുമിഴിച്ചു. കുഞ്ഞിനെ കാണാത്തതു കൊണ്ടുള്ള വെപ്രാളത്തിൽ അനന്തൻ ആദ്യം പറഞ്ഞതൊന്നും ആതിര ശ്രദ്ധിച്ചിരുന്നില്ല. ” അതെ ആതിരേ… കുഞ്ഞില്ലാതെ ഉറക്കം വരുന്നില്ല … കുഞ്ഞിയെ കൂടെ കൊണ്ടുപോകുവാന്ന് പറഞ്ഞ് എടുത്തുകൊണ്ട് പോയി … നീ ആയാതുകൊണ്ട് ഞാൻ അത് കാര്യമാക്കിയില്ല … മോളേ കൂടാതെ നീ ഉറങ്ങാറില്ലല്ലോ… ?” ” ഞാൻ അല്ല അനന്തേട്ടാ… ഞാൻ ഒരു സ്വപ്നം കണ്ടു അപ്പോൾ…. മോളേ കാണാൻ തോന്നി അതാ ഓടി വന്നത് ….” രണ്ടാളും വീണ്ടും ആലോചനയിലാണ്ടു. ”

ഇവിടെ എന്തൊക്കെയോ പ്രശ്നങ്ങളുണ്ട് ,ഇവിടെ താമസിക്കാൻ തന്നെ പേടിയാകുന്നു… എനിക്ക് മോളുടെ കാര്യം ഓർത്തിട്ടാ… ” ആതിരയുടെ മടിയിൽ കിടന്ന് വേദ മോൾ തളർന്ന് ഉറങ്ങാൻ തുടങ്ങിയിരുന്നു. അവളുടെ കുഞ്ഞി കണ്ണുകൾ കൂമ്പി അടയുന്നത് രണ്ടാളും നോക്കിയിരുന്നു. ” നീ വിഷമിക്കേണ്ട.. നമുക്ക് ഇവിടെ നിന്നും മാറാം.. ” അനന്തൻ ഉറച്ച തീരുമാനത്തോടെ പറഞ്ഞു. ആതിര വിശ്വാസം വരാതെ അവനെ നോക്കി. ” എവിടേക്കാ ഏട്ടാ…? ” നമ്മൾ താമസിക്കാൻ വീട് നോക്കിയ സമയത്ത് ഈ വീടു പോലെ മറ്റൊരു വീട് ഉണ്ടായിരുന്നു . ഇതൊരു മന ആയതുകൊണ്ടല്ലേ നമ്മൾ മേടിച്ചത് അതൊരു ചെറിയ വീടാ , രണ്ട് മുറി അടുക്കള , ബാത്ത്റൂം …. ഇവിടെ നിന്നും കുറച്ച് ദൂരമേയുള്ളൂ .

ഒരു കിലോമീറ്റർ കാണും .. ഒരു ചെറിയ വീടാ നമ്മൾക്ക് അവിടെ പറ്റുമോ ആതീ..?” ഒരു വീടുണ്ടെന്ന് കേട്ടപ്പോൾ ആതിരയ്ക്ക് സമാധാനമായി . ” ചെറിയ വീടാണെങ്കിലും ഒരു കുഴപ്പുമില്ല ഏട്ടാ .. സമാധാനത്തോടെ കഴിയാൻ പറ്റിയാൽ മതി . ഞാനും ഏട്ടനും നമ്മുടെ മോളും …പിന്നെ എന്നും താമസിക്കാൻ ഒന്നുമല്ലാലോ…. തൽക്കാലം പിടിച്ചു നിൽക്കാൻ അല്ലേ…. ” എത്രയും പെട്ടെന്ന് ഇവിടെ നിന്നും പോകാൻ അവൾക്ക് ധൃതിയായി. ” ഞാൻ ഒന്ന് അന്വേഷിച്ചു നോക്കട്ടെ.. ആ വീട് ആർക്കെങ്കിലും കൊടുത്തോ അതോ ഇപ്പോൾ ഉണ്ടോ എന്നൊക്കെ… നിങ്ങളെ നഷ്ടപ്പെടുന്ന കാര്യം എനിക്ക് ആലോചിക്കാൻ കൂടി വയ്യ… ”

അനന്തൻ സ്നേഹത്തോടെ ആതിരയെ കെട്ടിപ്പിടിച്ചു. രാവിലെ തന്നെ മറ്റൊരു വീട് കണ്ടെത്താൻ അവർ തീരുമാനിച്ചു . കുട്ടിയെ നടുവിൽ കിടത്തി ഇരു വശത്തുമായി അവർ രണ്ടുപേരും കിടന്നു . വേദ അപ്പോഴേയ്ക്കും നല്ല ഉറക്കത്തിലായിരുന്നു. ആതിരയും ഉറങ്ങുന്നത് വരെ അനന്തൻ ഉറങ്ങാതെ അവരെ നോക്കി കിടന്നു. 🌿❤️🌿❤️🌿❤️🌿❤️🌿❤️🌿❤️🌿❤️ ” അമ്മേ … ദാ ചായ … ” പുഞ്ചിരിയോടെ നാരായണിക്ക് ചായകൊടുത്ത് ആര്യ അടുക്കളയിലേയ്ക്ക് പോകാൻ തിരിഞ്ഞു. നാരായണിയുടെ മൂത്ത മരുമകളാണ് ആര്യ . അനിരുദ്ധിന്റെ ഭാര്യ … ” അമ്മു എണീച്ചില്ലേ മോളേ … ?”

” ഇല്ലമ്മേ … മോള് ഉറക്കത്തിലാ … ” നാരായണിയ്ക്ക് മറുപടി നൽകി ആര്യ അകത്തേയ്ക്ക് പോയി. നാരായണിയുടെ മനസ്സ് മുഴുവൻ അനന്തനും ആതിരയുമായിരുന്നു . അവർ ആ വീട്ടിൽ നിന്നും മാറി നിന്നപ്പോൾ മുതൽ അവരുടെ കാര്യത്തിൽ ആകുലത തുടങ്ങിയതാണ് . ” അമ്മേ… അവൻ വിളിച്ചിരുന്നു . ഗൗരിക്ക് പനിയാണെന്ന് … അവർക്ക് കുഴപ്പമൊന്നുമില്ല …. ” അനിരുദ്ധ് നാരായണിയുടെ അടുത്തേയ്ക്ക് വന്നു . ” മോൾക്ക് എന്താ പെട്ടെന്ന് പനി പിടിച്ചത് ?” ” കാലാവസ്ഥ പിടിച്ചു കാണില്ല … പേടിക്കാൻ ഒന്നുമില്ല , പനി കുറഞ്ഞുവെന്നാ പറഞ്ഞത് അവൾ തിരിച്ച് വരുവാന്ന്… ഞാൻ നാളെ കൂട്ടികൊണ്ട് പോരും…”

അനന്തനും ആതിരയും ഒന്നും പറയാത്തത് കൊണ്ട് അവർക്ക് ആർക്കും മനയിലെ കാര്യങ്ങൾ അറിയില്ലായിരുന്നു . ” എടാ … പിള്ളേർക്ക് കുഴപ്പമൊന്നുമില്ലല്ലോ… എനിക്ക് ആലോചിച്ചിട്ട് ഒരു സമാധാനവുമില്ല..” നാരായണി വിഷമത്തോടെ വീണ്ടും ചോദിച്ചു. ” എന്റെ അമ്മേ …അവർക്ക് കുഴപ്പമൊന്നുമില്ല … അമ്മ വെറുതെ ബിപി കൂട്ടാൻ നിക്കണ്ട… അവർ സേഫാണ്… നാളെ ഞാൻ നേരിട്ട് കാണാൻ അല്ലേ പോകുന്നത് ? അമ്മ ഓരോന്നും ഓർത്ത് വിഷമിക്കണ്ട … ഞാൻ ഒന്ന് പുറത്ത് പോയിട്ട് വരാം…” അനിരുദ്ധ് പുറത്തേയ്ക്ക് ഇറങ്ങി നടന്നു. മുറ്റത്ത് കിടന്ന കാർ എടുത്ത് പുറത്തേയ്ക്ക് പോയി. നാരായണി അതെല്ലാം നോക്കിയിരുന്നു.

” അമ്മേ ഭഗവതി … എൻ്റെ കുട്ടികളെ രക്ഷിക്കണേ … ആരുടെ ദോഷം കൊണ്ടാണോ എൻ്റെ മക്കൾക്ക് ഈ ഗതി വന്നത് … ദേവി നീ തന്നെ തുണ … ” ചാരു കസേരയിൽ ഇരുന്ന് അവർ സ്വയം പറഞ്ഞുകൊണ്ടിരുന്നു . 🦋🦋🦋🦋🦋🦋🦋🌿🌿🌿🦋🦋🦋🦋🦋 അമ്പലത്തിൽ നിന്നുമുള്ള പാട്ട് കേട്ടാണ് ദേവകി ഉണർന്നത് . മനയിൽ നിന്നാൽ അമ്പലത്തിൽ നിന്നും പാട്ട് കേൾക്കാൻ സാധിക്കും . അത്ര വ്യക്തമല്ലെങ്കിലും ചെറിയ ശബ്ദത്തിൽ മനോഹരമായ പാട്ടുകൾ കാതുകളിൽ വന്നു പതിക്കും. ദേവകി കണ്ണ് ചിമ്മി തുറന്ന് നോക്കിയപ്പോൾ അടുത്ത് ഗൗരി കിടന്ന് ഉറങ്ങുന്നുണ്ട് . വളരെ ശാന്തമായി ഉറങ്ങുന്ന അവളെ കുറച്ച് നേരം ദേവകി നോക്കി കിടന്നു .

ഗൗരിയുടെയും ആതിരയുടെയുമൊക്കെ പ്രായത്തിലുള്ള പെൺ കുട്ടികളെ കാണുമ്പോൾ ദേവകിയുടെ ഉള്ളിൽ വിങ്ങലാണ് . ദേവകിയുടെയും രാമന്റെയും ആദ്യത്തെ കുഞ്ഞ് ദേവകി ഗർഭിണിയായി ഏഴാം മാസം തന്നെ അവർക്ക് നഷ്ട്ടമായി. ആ കുട്ടി ജനിച്ചിരുന്നുവെങ്കിൽ ഇപ്പോൾ ആതിരയുടെയൊക്കെ പ്രായമായെനെ.. വർഷങ്ങൾക്ക് ശേഷം അവരുടെ കാത്തിരിപ്പിന് വിരാമമിട്ട് കൊണ്ട് വീണ്ടും അവരുടെ ജീവിതത്തിലേയ്ക്ക് മീനാക്ഷി കടന്നു വന്നു . ദേവകിയുടെ രൂപ ലാവണ്യമുള്ള ഒരു കൊച്ചു സുന്ദരി അവൾക്ക് ആറു വയസ്സുള്ളപ്പോൾ അവൾ കൊല ചെയ്യപ്പെട്ടു.

എട്ടു വർഷങ്ങൾക്ക് മുമ്പ് നടന്ന സംഭവങ്ങൾ ദേവകിയുടെ ഓർമ്മയിലൂടെ കടന്നു പോയപ്പോൾ നെഞ്ചിലൂടെ ചോര പൊടിഞ്ഞു. കണ്ണു തുടച്ചു കൊണ്ട് ദേവകിഎഴുന്നേറ്റു. മനയിൽ ആകെ ഒരു ശ്വാസംമുട്ടൽ പോലെ ദേവകി മുറ്റത്തേക്ക് നടന്നു . വെറുതെ തൊടിയിലേക്ക് കണ്ണുനട്ടു കുറച്ച് നേരം അങ്ങനെ നിന്നു. ” ചേച്ചി …. ” ദേവകി തിരിഞ്ഞു നോക്കിയപ്പോൾ ആതിര ഉമ്മറത്ത് അവളെ നോക്കി നിൽപ്പുണ്ട് . ” ഇത് എന്താ അവിടെ നിൽക്കുന്നത് …?” ദേവകി അവളെ നോക്കി ചിരിച്ചു.

” വെറുതേ….” ആതിര ദേവകിയുടെ അടുത്തേക്ക് നടന്നു. ” ചേച്ചി … ഞങ്ങൾ ഇവിടെ നിന്നും പോകുവാ… ” ഒരുപാട് സന്തോഷത്തോടെയാണ് ആതിര അത് പറഞ്ഞത്. അവളുടെ മുഖം കണ്ടപ്പോൾ ദേവകിയ്ക്ക് സഹതാപമാണ് തോന്നിയത്. ” അനന്തേട്ടൻ വേറെ ഒരു വീട് നോക്കുന്നുണ്ട് … അത് റെഡിയായാൽ നാളെ തന്നെ ഇവിടെ നിന്നും പോകും…” ” പോകാൻ കഴിയില്ല മോളേ… ” സങ്കടത്തോടെ ദേവകി അത് പറഞ്ഞപ്പോൾ ആതിരയുടെ പുഞ്ചിരി മായുന്നുണ്ടായിരുന്നു. ഒരു ഞെട്ടലോടെ ആതിര ദേവകിയെ നോക്കി നിന്നു.…… തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…