കവചം 🔥: ഭാഗം 17
രചന: നിഹ
കുഞ്ഞിനെ തിരികെ കൊടുക്കാൻ അവർ തീരുമാനിച്ചതും അത് ഇഷ്ടപ്പെടാതെ ആളിക്കത്തുന്ന പ്രതികാരാഗ്നിയുമായി ഒരുവൾ പാലമരച്ചുവട്ടിൽ നിൽപ്പുണ്ടായിരുന്നു. അടുത്ത നിമിഷം എന്ത് സംഭവിക്കുമെന്ന് അറിയാതെ അവർ മുന്നോട്ട് നടന്നു. അവളിൽ ദേഷ്യം ജ്വലിച്ചതും കാറ്റ് ആഞ്ഞടിക്കാൻ തുടങ്ങി. ചുറ്റും മാറ്റങ്ങൾ സംഭവിക്കാൻ തുടങ്ങിയതും ദേവകിയുടെ മനസ്സിൽ പേടി തോന്നി തുടങ്ങിയിരുന്നു. അവർ കുഞ്ഞിനെ തന്നിലേയ്ക്ക് ചേർത്ത് പിടിച്ചു . അപ്പോഴും വേദ പേടിച്ച് കരയുകയായിരുന്നു. ” രാമേട്ടാ…… കുഞ്ഞിൻ്റെ കാര്യം ഓർത്തിട്ട് എനിക്ക് എന്തോ ……” ദേവകിയെ പറഞ്ഞു പൂർത്തിക്കരിക്കാൻ സമ്മതിക്കാതെ മേഘങ്ങൾക്ക് ഇടയിൽ വെള്ളിടി വെട്ടി.
ഇടിയുടെ ശബ്ദം കേട്ടതും വേദ ദേവകിയുടെ നെഞ്ചിലേയ്ക്ക് മുഖം പൂഴ്ത്തി അവരെ ചുറ്റി പിടിച്ചു. കുട്ടിക്ക് ഒന്നും സംഭവിക്കരുതെന്ന് മാത്രമായിരുന്നു അപ്പോൾ അവരുടെ ആഗ്രഹം . പ്രതികാര ദാഹിയായ ഒരാത്മാവ് എപ്പോൾ എന്ത് ചെയ്യുമെന്ന് പ്രവചിക്കാൻ ആർക്ക് സാധിക്കും?? ” എൻ്റെ മോള് എവിടെയാ അനന്തേട്ടാ…… അവള് എവിടെ പോയതാ …..? ” കരഞ്ഞ് തളർന്ന് അവൾ അനന്തന്റെ ദേഹത്തേയ്ക്ക് തല വച്ച് കൊണ്ട് ചോദിച്ചു. ” നീ കരയല്ലേ അതീ … മോളേ നമ്മുക്ക് കണ്ടുപിടിക്കാം …. നേരം ഒന്ന് വെളുത്തോട്ടെ … അവൾക്ക് ഒന്നും സംഭവിക്കില്ല …” ആതിരയെ സമാധാനിപ്പിക്കാൻ പറഞ്ഞു എങ്കിലും അവന്റെ ഉള്ളിലും തീ കോരിയിട്ട അവസ്ഥയായിരുന്നു.
നെഞ്ചിൽ ഒരു ഭാരമേറ്റിയ പോലെ …. ” ഏട്ടത്തി കരയല്ലേ … കുഞ്ഞി തിരികെ വരും …” ആതിരയുടെ കൈയിൽ പിടിച്ച് കൊണ്ട് ഗൗരി പറഞ്ഞു . ആരുടേയും സമാധാന വാക്കുകൾ ആതിരയുടെ ചെവികളിൽ പതിയുന്നുണ്ടായിരുന്നില്ല. 🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿 കാറ്റിൻ്റെ തീവ്രത കൂടി വരുന്നത് അനുസരിച്ച് ദേവകി രാമന്റെ കൈയിൽ മുറുകെ പിടിച്ചു. ” ദേവി മഹാമായേ… കാത്ത് രക്ഷിക്കണേ… ” ഒരു പ്രാർത്ഥനയോടെ രാമൻ ദേവകിയുടെ കൈയും പിടിച്ച് കാറ്റിൻ്റെ അവഗണിച്ചുകൊണ്ട് മുന്നോട്ട് നടന്നു. അദേഹത്തിൻ്റെ ഇടത് കൈയിൽ പൂജിച്ച രുദ്രാക്ഷ മാല ഉണ്ടായിരുന്നു.
ആദ്യം മുതൽ അവരുടെ രക്ഷാകവചം.. തിരികെ പോകാതെ അവർ നടക്കുന്നത് കണ്ടപ്പോൾ അവൾക്ക് ദേഷ്യം വന്നു. പാല മരത്തിലൂടെ ചോര തുള്ളികൾ ഒലിച്ചിറങ്ങി കൊണ്ടിരുന്നു. ചുറ്റിലും ആരുടെയൊക്കെയോ ശ്വാസഗതികൾ ഉയർന്നു കേൾക്കുന്നുണ്ടായിരുന്നു. രാമനും ദേവകിയും രണ്ടടി മുന്നോട്ട് നടന്നതും അവർക്ക് ചുറ്റും വട്ടത്തിൽ തീ പടരാൻ തുടങ്ങി. ” ഈശ്വരാ…. ” ദേവകി ഞെട്ടലോടെ വിളിച്ചു. തീ കണ്ട് പേടിച്ച് കരയുന്ന കുഞ്ഞിൻ്റെ കണ്ണുകൾ പൊത്തി പിടിച്ചു. ” രാമേട്ടാ…. ” ദേവകി നോക്കിയപ്പോൾ രാമൻ അമ്പരന്ന് നിൽക്കുകയാണ്. പെട്ടെന്ന് തീ പടർന്നതും രാമനും പേടിച്ചു പോയിരുന്നു. ” രാമേട്ടാ….. നമ്മൾ എന്ത് ചെയ്യും …?”
വിറയ്ക്കുന്ന സ്വരത്തിൽ ദേവകി വീണ്ടും ചോദിച്ചു. ” പേടിക്കണ്ട ദേവകി … എന്ത് സംഭവിച്ചാലും നമ്മുക്ക് കുട്ടിയെ അവരുടെ അടുത്ത് എത്തിക്കണം …” ഒരു നിമിഷം ആലോചിച്ചിട്ട് രാമൻ മറുപടി പറഞ്ഞു. അവർ പിൻമാറില്ലെന്ന് അറിഞ്ഞതും നിമിഷ നേരം കൊണ്ട് തന്നെ അവർക്ക് ചുറ്റും തീ പടർന്നു. രാമൻ ദേവകിയുടെ കൈയിൽ പിടിച്ച് മുന്നോട്ട് നടന്നു. ഓരോ നിമിഷവും കഴിയുംതോറും ദേവകിയുടെ ഹൃദയ മിടിപ്പ് വർദ്ധിച്ചു വന്നു. അഗ്നി രേഖ മറികടന്ന് അവർ മുന്നോട്ട് നടന്നതും അലറി കരഞ്ഞുകൊണ്ട് അവൾ മിന്നി മറഞ്ഞതും ഒന്നിച്ചായിരുന്നു. അവൾക്ക് തങ്ങളെ ഉപദ്രവിക്കാൻ കഴിയില്ലെന്ന് ഉറപ്പുള്ളത് കൊണ്ടാണ് അഗ്നി രേഖ മറിക്കാനുള്ള സാഹസത്തിന് മുതിർന്നത്..
. അവരുടെ വിശ്വാസം വീണ്ടും ഉറപ്പിക്കുന്നത് പോലെ അവർക്ക് ഒന്നും സംഭവിച്ചില്ല. ” നീ ഒരു കാര്യം മനസ്സിലാക്ക് … ഈ ലോകത്ത് വേറെ ഒരു കുട്ടിയും എന്റെ മകൾക്ക് പകരമാകില്ല…. ദയവായി നീ ഈ കുഞ്ഞിനെയും അവിടെ താമസിക്കുന്നവരെയും വെറുതെ വിടണം…. എൻ്റെ അപേക്ഷയാണ്…” ദേവകി ഇടമുറിഞ്ഞ സ്വരത്തിൽ അത് പറഞ്ഞുവെങ്കിലും ഒരു കുഞ്ഞിനെ ലാളിക്കാൻ അവരുടെ മനസ്സ് അത്രമാത്രം കൊതിച്ചിരുന്നു . അവരുടെ ഉള്ളിൽ മീനാക്ഷി എന്നും ഉണങ്ങാത്ത മുറിവാണ് . കുറച്ച് നേരത്തേയ്ക്ക് വേദ മോളെ കൈയിൽ കിട്ടിയപ്പോൾ ദേവകിയ്ക്ക് അതൊരു ആശ്വാസമായിരുന്നു. അവളുടെ കുഞ്ഞി കൈകൾ ദേവകിയെ ചേർത്ത് പിടിച്ചപ്പോൾ അവളിലെ അമ്മയ്ക്ക് സ്വർഗം കിട്ടിയ പ്രതീതിയായിരുന്നു .
” ദേവി … ” പഴയ കാര്യങ്ങൾ ഓർത്തു നിൽക്കുന്ന ദേവകിയെ രാമൻ തട്ടി വിളിച്ചു. ” വാ പോകാം …. ” ദേവകി ചുറ്റും നോക്കിയപ്പോൾ എല്ലാം പഴയത് പോലെ ആയിരിക്കുന്നു . നിലാ വെളിച്ചത്തെ കാർമേഘം മറച്ചിരുന്നു . ഇരുട്ട് പടർന്നതും രാമേട്ടൻ ടോർച്ച് തെളിച്ചു. ടോർച്ച് വെളിച്ചത്തിൽ അവർ മുന്നോട്ട് നടന്നു . “അമ്മേ…” മനയുടെ മുറ്റത്ത് എത്തിയതും വേദ ദേവകിയുടെ കൈയിൽ നിന്നും ഇറങ്ങി അകത്തേയ്ക്ക് ഓടി തുടങ്ങി. ” നിൽക്ക് മോളേ …. ” ദേവകിയുടെ വിളിക്ക് ചെവി കൊടുക്കാതെ വേദ അകത്തേയ്ക്ക് ഓടി . ” ഗൗരി നീ കേട്ടോ കുഞ്ഞി വിളിക്കുന്നത് പോലെ …. ” വെപ്രളത്തോടെ ചുറ്റും നോക്കി ആതിര ഗൗരിയോടെ പറഞ്ഞു. ” എനിക്കും തോന്നി ഏട്ടത്തി … ”
അത് കേട്ടതും ആതിരയുടെ കണ്ണുകൾ വിടർന്നു. ” അമ്മ …” അപ്പോഴേയ്ക്കും വേദ അവരുടെ അടുത്തേയ്ക്ക് ഓടി വന്നിരുന്നു . മുന്നിൽ നിൽക്കുന്ന കുട്ടിയെ കണ്ടതും മൂന്നുപേരുടെയും കണ്ണുകൾ മിഴിഞ്ഞു. ” ഏട്ടത്തി…. നോക്കിയേ …” ഗൗരി അവളുടെ പുറത്ത് തട്ടി കൊണ്ട് മുന്നിലേയ്ക്ക് വിരൽ ചൂണ്ടി. ആതിരയ്ക്ക് അപ്പോഴും നടക്കുന്നത് ഒന്നും വിശ്വാസം വരാതെ പ്രതിമ പോലെ നിൽക്കുവായിരുന്നു. തൻ്റെ കണ്ണുകൾക്ക് വെറുതെ തോന്നുന്നത് ആണോയെന്ന് അവൾ സംശയിച്ചു. ” ആതീ … ദേ മോള് വന്നിരിക്കുന്നു … ” കുട്ടിയെ കണ്ടതും സന്തോഷത്തോടെ അനന്തൻ ഓടി ചെന്ന് വേദയെ എടുത്തു. അവളുടെ നെറ്റിയിൽ ചുംബിച്ചു കൊണ്ട് തലയിൽ തലോടി .
കുഞ്ഞിനെ കാണാതെ വന്നപ്പോൾ അനന്തനും അത്രമാത്രം വിഷമിച്ചു. ” അമ്മേ … ” മധുരമാർന്ന അവളുടെ വിളിയാണ് ആതിരയെ ബോധത്തിലേക്ക് കൊണ്ട് വന്നത്. അവളുടെ കരങ്ങളിലേയ്ക്ക് പോകാൻ വേണ്ടി കുഞ്ഞി ധൃതി കൂട്ടുവായിരുന്നു. ” കുഞ്ഞി …. മോളേ…..” നിറ കണ്ണുകളോടെ അവൾ ഓടി ചെന്ന് അനന്തന്റെ കൈയിൽ നിന്നും കുട്ടിയെ എടുത്ത് വാരി പുണർന്നു അവളെ നിർത്താതെ ഉമ്മ വച്ചു . അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. ” അമ്മയെ വിട്ട് എവിടെ പോയതാ കുഞ്ഞി നീ … അമ്മ എത്ര പേടിച്ചൂന്ന് അറിയാമോ…? ” വേദയുടെ കവിളത്ത് പറ്റിപ്പിടിച്ചിരിക്കുന്ന കണ്ണുനീർ തുടച്ചു കൊണ്ട് ആതിര കുഞ്ഞിയോട് പറഞ്ഞു കൊണ്ടിരുന്നു.
അതുകണ്ട് കൊണ്ടാണ് ദേവകിയും രാമനും കയറി വന്നത്. അവിടെ നടക്കുന്ന കാഴ്ച കണ്ട് മനസ്സ് നിറഞ്ഞ് അവർ പരസ്പരം നോക്കി . ” രാമേട്ടാ…. ” വാതിക്കൽ നിൽക്കുന്ന അവരെ കണ്ടതും സംശയത്തോടെ അനന്തൻ വിളിച്ചു. അപ്പോഴാണ് അവർ നിൽക്കുന്നത് ആതിര ശ്രദ്ധിച്ചത് . കുഞ്ഞിനെ കിട്ടിയ സന്തോഷത്തിൽ മതിമറന്ന് നിൽക്കുവായിരുന്നു അവൾ . ” കുട്ടി വീട്ടിൽ… വീട്ടലായിരുന്നു …” ദേവകി പറഞ്ഞത് കേട്ട് അവരുടെ മനസ്സിൽ പല സംശയങ്ങളും രൂപപ്പെട്ടു . ആരും ഒന്നും ചോദിക്കാതെ നിൽക്കുന്നത് കണ്ട് ദേവകി തന്നെ വീണ്ടും അവരോടായി പറഞ്ഞു ” ഉറക്കത്തിൽ ആരോ അടുത്ത് കിടക്കുന്നതായി തോന്നി ഞാൻ നോക്കിയപ്പോൾ മോളായിരുന്നു..
അപ്പോൾ തന്നെ ഞങ്ങൾ കൊച്ചിനെയും കൊണ്ട് ഇങ്ങോട്ട് പോന്നു… നിങ്ങൾ കാണാതെ സങ്കടപ്പെടുവായിരുന്നല്ലോ..?” ” ഞങ്ങൾ വീട് മുഴുവൻ നോക്കി … ശരിക്കും പേടിച്ച് പോയി … ” ആതിരയുടെ മടിയിലിരിക്കുന്ന കുഞ്ഞിന്റെ കൈയിൽ പിടിച്ച് കൊണ്ട് ഗൗരി പറഞ്ഞു. ” മോള് എങ്ങനാ അവിടെ എത്തിയത് … അതും ഈ രാത്രി …. ? ” ഗൗരി പറഞ്ഞു നിർത്തിയതും അനന്തൻ ദേവകിയോടും രാമനോടുമായി ചോദിച്ചു. അവൻ്റെ ചോദ്യത്തിന് എന്ത് മറുപടി പറയുമെന്ന് അറിയാതെ രണ്ടുപേരും പരുങ്ങി. രാത്രി ഏങ്ങനെ കുഞ്ഞി ഒറ്റയ്ക്ക് അവരുടെ വീട്ടിൽ എത്തി ? ആതിരയുടെ രൂപത്തിൽ കുഞ്ഞിനെ എടുത്ത് കൊണ്ട് പോയത് ആരാണ് ?
ഈ രണ്ട് ചോദ്യങ്ങൾ വീണ്ടും വീണ്ടും അവൻ്റെ ഉള്ളിൽ അലയടിച്ചു കൊണ്ടിരുന്നു . വേദയെ ഗൗരിയുടെ കൈയിൽ കൊടുത്തിട്ട് ആതിര അവരുടെ അടുത്തേയ്ക്ക് നടന്നു . ” എങ്ങനെയാ നന്ദി പറയേണ്ടത് എന്നറിയില്ല … മോളേ കാണാതെ വന്നപ്പോൾ എൻ്റെ ശ്വാസം തന്നെ നിലച്ചത് പോലെ തോന്നി . അവൾക്ക് എന്തെങ്കിലും സംഭവിക്കുമോന്ന് ഓർത്ത് ഞങ്ങൾ ഒരുപാട് പേടിച്ചുപോയി… അവളെ ഈ രാത്രി തന്നെ തിരികെ കൊണ്ട് തന്നതിന് ഒരുപാട് നന്ദിയുണ്ട് …. ” ആതിര രണ്ടുപേരുടെയും കൈയിൽ പിടിച്ച്കൊണ്ട് നന്ദിയോടെ പറഞ്ഞു. ദേവകിയ്ക്കും രാമനും അപ്പോൾ ആതിരയോട് വാത്സല്യമാണ് തോന്നിയത്. ” എത്രയും പെട്ടെന്ന് ഇവിടെ നിന്നും പോകാൻ നോക്ക് മോളേ … ”
അവളുടെ നെറുകയിൽ തലോടി കൊണ്ട് ദേവകി പറഞ്ഞു. ആതിര സങ്കടത്തോടെ അനന്തനെ നോക്കി. കുറച്ച് മുന്നേ നടന്ന സംഭവത്തോടെ അവനും ഒരു തീരുമാനത്തിൽ എത്തിയിരുന്നു. ” നമ്മുക്ക് ഇറങ്ങാം അല്ലേ ദേവകി … ?” ” ഉം… ” അവർ പോകാൻ തുടങ്ങിയതും അവൻ അവരെ തടഞ്ഞു . ” ഈ രാത്രി പോകണ്ട … ഇനി രാവിലെ പോകാം … ഇന്ന് ഇവിടെ കിടക്കത്തില്ലേ..” പെട്ടെന്ന് തോന്നിയ തോന്നലിൽ അനന്തൻ ചോദിച്ചപ്പോൾ അവർ എതിർ പറയാൻ നിന്നില്ല . എല്ലാവരുടെയും സുരക്ഷയ്ക്ക് അതാണ് നല്ലതെന്ന് അവർക്കും തോന്നി. ഗൗരിയെ ഒറ്റയ്ക്ക് കിടക്കാൻ സമ്മതിക്കാതെ ദേവകി അവളുടെ കൂടിയാണ് കിടന്നത് . അത് ഗൗരിക്കും ഒരു ധൈര്യം നൽകി .
രാമേട്ടൻ ഹാളിലെ സോഫയിലാണ് കിടന്നത് . ആതിരയും അനന്തനും വേദയെയും കൊണ്ട് അവരുടെ മുറിയിലേക്ക് പോയി . എല്ലാവരുടെയും മനസ്സിൽ പല സംശയങ്ങളും രൂപപ്പെട്ടിരുന്നു. ആ വീട്ടിൽ നടക്കുന്ന സംഭവങ്ങളെല്ലാം ദുരൂഹമായതിനാൽ അതിന്റെ കാരണങ്ങൾ അറിയാതെ , എന്താണ് ചെയ്യേണ്ടത് അറിയാതെ അവർ ആശങ്കയിലായി. ഓരോ നിമിഷവും ഭയത്തോടെയാണ് ആതിരയും ഗൗരിയും അവിടെ കഴിഞ്ഞിരുന്നത്. മനയിൽ എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടെന്ന് അനന്തനും മനസ്സിലായി. 🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿 കാറ്റിന് പാലപ്പൂ സുഗന്ധമായിരുന്നു. പുള്ളുകളുടെ കൂവലും ശക്തി പ്രാപിച്ചു. ചന്ദ്രന്റെ പ്രകാശം ക്ഷയിച്ചു ഇരുട്ട് പടർന്നിരുന്നു. എല്ലാവരും കിടന്നതോടെ കിഴക്കേ മുറിയിൽ അവളുടെ സാന്നിധ്യം അറിയിച്ചു കൊണ്ട് ഇരുട്ടത് രണ്ട് കണ്ണുകൾ ജ്വലിച്ചു നിന്നു. തീപ്പന്തം പോലെ കത്തിയെരിയുന്ന ആ കണ്ണുകളിൽ പ്രതികാരദാഹമായിരുന്നു ……… തുടരും….