Thursday, December 19, 2024
Novel

കവചം 🔥: ഭാഗം 13

രചന: നിഹ

മൂന്നാലു വട്ടം അനന്തനെ വിളിച്ചു എങ്കിലും അവൻ കോൾ എടുത്തില്ല . ഇരിപ്പുറയ്ക്കാതെ ആതിര ജനലിലൂടെ വടക്കേ ഭാഗത്തേയ്ക്കുള്ള വഴിയിൽ അവരെയും പ്രതീക്ഷിച്ചു നോക്കി നിന്നു. 🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿 കുറച്ച് നേരം നോക്കി നിന്ന ശേഷം അവൾ തിരിഞ്ഞ് നോക്കിയപ്പോൾ ക്ഷീണത്തിൽ ഗൗരി മയങ്ങി തുടങ്ങിയിരുന്നു. അവൾ ഉറങ്ങി തുടങ്ങിയതും ആതിര ശബ്ദം വയ്ക്കാതെ പതിയെ മുറിയിൽ നിന്നും പുറത്തേയ്ക്ക് ഇറങ്ങി പോയി. ” ഇതുവരെ രാമേട്ടനും അനന്തനും വന്നില്ലല്ലോ…..

സന്ധ്യ മയങ്ങും മുൻപ് എത്തിയില്ലെങ്കിൽ അത് കൂടുതൽ പ്രശ്നമാകും …. ഇനി ഗൗരിയെ അന്വേഷിച്ച് നടക്കുകയാണോ … അവൾ വന്ന കാര്യം അറിഞ്ഞോ പോലും …. എന്താ ഇത്രയും നേരമായിട്ടും വരാത്തത് ?” ദേവകി പുറത്തേയ്ക്ക് നോക്കി കൊണ്ട് ആലോചിച്ചു. ആതിരയുടെ മുന്നിൽ ധൈര്യം കാണിച്ചുവെങ്കിലും മനസ്സിന്റെ ഉള്ളിൽ ഭയം തന്നെയായിരുന്നു. ” രാമേട്ടനെ വിളിച്ച് നോക്കിയാലോ … ? ” ദേവകി ഓർത്തപ്പോൾ തന്നെയാണ് രാമേട്ടൻ വിളിച്ചതും. രാമേട്ടന്റെ കോൾ വന്നതും ദേവകി പെട്ടെന്ന് കോൾ എടുത്തു. രാമൻ : ” ഹലോ … ദേവകി …. ”

ദേവകി: ” എന്താ ഇത്രയും വൈകുന്നത് … സന്ധ്യയ്ക്ക് മുന്നെ തിരിച്ച് എത്തണമെന്ന് ഞാൻ പറയാതെ തന്നെ നിങ്ങൾക്കറിയാമല്ലോ …. ” രാമൻ : ” ഞങ്ങൾ എന്ത് ചെയ്യണമെന്ന് അറിയാതെ നിൽക്കുകയാ ദേവകി … ഗൗരി മോളെ കാണാനില്ല … ഇനി തിരയാൻ ഒരിടം പോലും ബാക്കിയില്ല. എനിക്കറിയില്ല എന്തുചെയ്യണമെന്ന് …..” ദേവകി തടഞ്ഞിട്ടും കുട്ടികളെ കൂട്ടിക്കൊണ്ടു വന്നതിന് വഴക്ക് കേൾക്കുമെന്ന ഉറപ്പോടെ രാമൻ പറഞ്ഞു. ദേവകി : ” ഗൗരി തിരിച്ചെത്തി രാമേട്ടാ …. അവൾ ആതിരയുടെ കൂടെയുണ്ട്. ” രാമൻ : ” ങേ … ഗൗരി തിരിച്ചെത്തിയോ ? എങ്ങനെ ?”

ഞെട്ടലോടെ രാമൻ ചോദിച്ചു. അത് കേട്ടതേ നിലത്തിരുന്ന അനന്തൻ ചാടിയെഴുന്നേറ്റു. ” ഗൗരി വീട്ടിലുണ്ടോ രാമേട്ടാ … ? ” ” മോൾ വീട്ടിലുണ്ട് … ” ആ വാക്കുകൾ കേട്ടതും സന്തോഷം കൊണ്ട് അനന്തന്റെ കണ്ണു നിറഞ്ഞു. ” ഗൗരി വീട്ടിലുണ്ടോ… പക്ഷേ എങ്ങനെ ? അവൾ എങ്ങനെ വീട്ടിലെത്തി. ഹാ… എന്തായാലും കുഴപ്പമൊന്നും ഉണ്ടായില്ലല്ലോ ….. ” അനന്തന്റെ മനസ്സിൽ സംശയങ്ങൾ രൂപം കൊണ്ടുവെങ്കിലും ഗൗരിയെ തിരിച്ച് കിട്ടിയ സന്തോഷത്തിൽ അതെല്ലാം അലിഞ്ഞു പോയി. ദേവകി : ” ആ കുട്ടി ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടതാ …. അതിന് പേടിച്ച് പനി പിടിച്ചിരിക്കുവാ … ദേഹം മുഴുവൻ മുറിഞ്ഞിട്ടുണ്ട്.

ഇനി ഗൗരിയെ നോക്കി നടക്കാതെ എത്രയും പെട്ടെന്ന് അനന്തനെയും കൂട്ടി വീട്ടിലെത്താൻ നോക്ക് … ” രാമൻ : ” ശരി ദേവകി … നീ ഫോൺ വച്ചോ… ഞങ്ങൾ വന്നോള്ളാം … ” ” രാമേട്ടാ … ശരിക്കും ഗൗരി വീട്ടിലെത്തിയോ …. ? ” വിശ്വാസം വരാതെ ഒരിക്കൽ കൂടി ഉറപ്പാക്കാൻ അനന്തൻ ചോദിച്ചു. ” അതെ മോനേ … ഗൗരി കുഞ്ഞ് വീട്ടിലെത്തി . പേടിക്കാനൊന്നുമില്ല …. നമ്മുക്ക് എത്രയും വേഗം തിരികെ പോകണം …. ” അതും പറഞ്ഞ് രാമേട്ടൻ മുന്നേ നടക്കാൻ തുടങ്ങി. വീട്ടിലെത്തി എത്രയും പെട്ടെന്ന് ഗൗരിയെ കാണണമെന്ന ചിന്തയോടെ അനന്തനും സന്തോഷത്തോടെ പുറകെ നടന്നു.

വെളിച്ചത്തിന്റെ ശക്തി പതിയെ കുറഞ്ഞു വരാൻ തുടങ്ങി. അതോടെ പക്ഷികൾ കലപില കൂട്ടി കൂടണയാൻ തുടങ്ങി. പുള്ളിന്റെ കൂവൽ ആദ്യത്തെക്കാൾ ഉച്ചത്തിലായി. കൈയിലിരുന്ന രുദ്രാക്ഷ മാലയിൽ മുറുകെ പിടിച്ച് മന്ത്രം ഉരുവിട്ടു കൊണ്ട് രാമേട്ടൻ നടപ്പിന്റെ വേഗത കൂടി . അയാളുടെ ഒപ്പം തന്നെ പണിപ്പെട്ട് അനന്തനും വേഗത്തിൽ നടന്നു. 🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿 ദേവകി അടുക്കളയിലേയ്ക്ക് നടന്നപ്പോഴാണ് ആതിര മുറിയിൽ നിന്നും ഇറങ്ങി വരുന്നത് കണ്ടത്. അവളെ കണ്ടതും ദേവകി കൈ കാട്ടി അടുത്തേയ്ക്ക് വരാൻ വിളിച്ചു. ” രാമേട്ടൻ വിളിച്ചായിരുന്നു …

അവർക്ക് കുഴപ്പമൊന്നുമില്ല. ഗൗരിയെ തിരഞ്ഞു നടക്കുകയായിരുന്നു. ഞാൻ പറഞ്ഞു മോള് ഇവിടെയുണ്ടെന്ന് … ” ” സന്ധ്യയ്ക്ക് മുന്നേ അവരിങ്ങ് എത്തുമോ ? അവർ വരുന്നവരെ എനിക്കൊരു സമാധാനവുമില്ല … ഏട്ടനാണെങ്കിൽ ഇങ്ങനത്തെ കാര്യങ്ങളിലൊന്നും ഒരു വിശ്വാസവുമില്ല … ” ” നീ സങ്കടപ്പെടണ്ട … ഇതു വരെ ഒന്നും സംഭവിച്ചില്ലല്ലോ… ഇനിയും ഒന്നും സംഭവിക്കില്ല. ധൈര്യമായിട്ടിരിക്ക് … ” ദേവകി അവൾക്ക് ധൈര്യം പകർന്നിട്ട് തിരിഞ്ഞു നടന്നു . സന്ധ്യമയങ്ങി തുടങ്ങിയപ്പോഴേക്കും രാമേട്ടനും അനന്തനും തിരികെ വീട്ടിലെത്തി. അകത്ത് കയറിയതും അവർ ആദ്യം ഓടിയത് ഗൗരിയുടെ മുറിയിലേയ്ക്കാണ്. അവർ അവിടെ എത്തിയപ്പോൾ ആതിരയും ദേവകിയും ഗൗരിയുടെ അടുത്തുണ്ടായിരുന്നു. ” അനന്തേട്ടാ …. ”

അനന്തനെ കണ്ടതും ആതിര ഓടിച്ചെന്ന് അവനെ കെട്ടിപിടിച്ച് കരയാൻ തുടങ്ങി. അത് കണ്ടപ്പോൾ അനന്തനും സങ്കടം തോന്നി. തന്റെ കാര്യമോർത്ത് ആതിര എത്ര മാത്രം ഭയപ്പെട്ടിരുന്നുവെന്ന് അനന്തന് അപ്പോൾ മനസ്സിലായി. ” എനിക്കൊന്നുമില്ല ആതീ …..നീ കണ്ടില്ലേ , ? കരയല്ലേ നീ …. ” അവൻ അവളെ ചേർത്തു പിടിച്ച് സമാധാനിപ്പിച്ചിട്ട് ഗൗരിയുടെ അടുത്തേയ്ക്ക് നടന്നു. ” ഗൗരി…. മോളേ …. ” അനന്തൻ അവളുടെ കൈയിൽ തട്ടി വിളിച്ചു . ഗൗരി മയക്കത്തിലായിരുന്നു. പലവട്ടം അവളെ വിളിച്ചപ്പോഴാണ് അവൾ ഉണർന്നത് . കണ്ണു തുറന്നതും മുന്നിലിരിക്കുന്ന അനന്തനെ കണ്ടപ്പോൾ ഗൗരി വിതുമ്പി കരയാൻ തുടങ്ങി. ” ഞങ്ങളോടൊന്നും പറയാതെ നീ എവിടെ പോയതാ … മോള് എങ്ങനാ വീട്ടിലെത്തിയത് ? ”

എന്താണ് സംഭവിച്ചതെന്ന് അറിയാനുള്ള ആകാംക്ഷയോടെ അനന്തൻ തിരക്കി. അനന്തന്റെ ചോദ്യം കേട്ടതും ഗൗരിയുടെ ഓർമ്മയിലൂടെ കഴിഞ്ഞതെല്ലാം ഓടി മാഞ്ഞു. അതോടെ അവൾക്ക് സമനില തെറ്റുന്നതായി തോന്നി. ” ഇവിടന്ന് പോകാം …. ഇവിടെ നിൽക്കണ്ട …. പോകാം … ” ഗൗരി കണ്ണടച്ച് ഉച്ചത്തിൽ അലറി കരഞ്ഞു കൊണ്ടിരുന്നു. ” മോളേ ….. ഗൗരി മോളേ … ” രാമേട്ടൻ ഗൗരിയുടെ കൈയിലേയ്ക്ക് രുദ്രാക്ഷ മാല വച്ചു കൊടുത്തു കൊണ്ട് അവളെ വിളിച്ചു. രുദ്രാക്ഷ മാല ദേഹത്ത് തൊട്ടതും ഗൗരി കരച്ചിൽ നിർത്തി . അത് കണ്ടതും രാമേട്ടനും ദേവകിയും പരസ്പരം നോക്കി. ” രാമേട്ടാ … ഇവിടെ അടുത്ത് ആശുപത്രി എവിടാ … പൊള്ളുന്ന പനിയാ അവൾക്ക് ഗൗരിയെ ഇപ്പോൾ തന്നെ കൊണ്ടു പോകാം … ”

ആതിര രാമനെ നോക്കി. ” ഇവിടെ അടുത്ത് ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രമാണുള്ളത്. അത് വൈകുന്നേരമാകുമ്പോഴേക്കും പൂട്ടും. സൗകര്യമുള്ള ആശുപത്രിയിൽ പോണമെങ്കിൽ പട്ടണത്തിൽ പോകണം. ഇവിടെ നിന്നും ഏട്ടു പത്ത് കിലോ മീറ്റർ പോകണം . ” തനി ഗ്രാമപ്രദേശത്തിന്റെ എല്ലാ ബുദ്ധിമുട്ടുകളും അവിടെയുണ്ടായിരുന്നു. ചെറിയ തരം പലചരക്കു കടകളും ചായക്കടയും പോസ്റ്റ് ഓഫീസും പള്ളിയും അമ്പലവുമൊക്കെ അല്ലാതെ ആധുനിക സൗകര്യങ്ങളൊന്നും അവിടെ ഉണ്ടായിരുന്നില്ല. ” എന്നാൽ പിന്നെ ഇപ്പോൾ തന്നെ പോയേക്കാം… ഇനി താമസിക്കണ്ട. ഗൗരിയ്ക്ക് ഒട്ടും വയ്യ … ” പോകാൻ തയ്യാറായി കൊണ്ട് അനന്തൻ എഴുന്നേറ്റു .

” വേണ്ട …. ” രാമേട്ടൻ പറഞ്ഞതും ആതിരയും അനന്തനും അദ്ദേഹം അങ്ങനെ പറഞ്ഞത് എന്താണെന്ന് അറിയാതെ മിഴിച്ച് നോക്കി. ” അതെന്താ … ഇനിയും വച്ചോണ്ടിരുന്നാൽ പനി കൂടില്ലേ ? അവളെ ഹോസ്പിറ്റലിൽ കൊണ്ടു പോകണ്ടേ … ?” ആതിര സംശയത്തോടെ ചോദിച്ചു. ” നേരം വൈകിയാൽ പിന്നെ ഇവിടെ നിന്നും ആരും പുറത്തിറങ്ങാൻ പാടില്ല. ഇനി രാവിലെ പോയാൽ മതി. ഞാൻ പറയുന്നത് കേൾക്ക് മക്കളേ …” രാമൻ സ്നേഹത്തോടെ പറഞ്ഞതും ആതിരയ്ക്കും അനന്തനും മനസ്സിൽ ഒരു ഭയം തോന്നി. ” നിങ്ങൾ പേടിക്കണ്ട … പനിക്കുറയാൻ വേണ്ടി ഞാൻ ചില ഒറ്റമൂലികളൊക്കെ ചെയ്തോളാം .

ഇവിടെ ആശുപതിയൊന്നും ഇല്ലാത്തത് കൊണ്ട് രാത്രി പനി വന്നാൽ ഇവിടെയുള്ളവർ ഇതൊക്കെയാ ചെയ്യാറ് …. ” ദേവകി തളർച്ചയോടെ ഉറങ്ങുന്ന ഗൗരിയെ നോക്കി പറഞ്ഞു. എന്നാൽ ആതിരയ്ക്കും അനന്തനും ഗൗരിയെ ഹോസ്പിറ്റലിൽ കൊണ്ടു പോകാൻ സാധിക്കാത്തത് കൊണ്ട് നല്ല സങ്കടം തോന്നി. ദേവകി ഗൗരിയുടെ നെറ്റിയിൽ തുണി നനച്ചിട്ടിട്ട് എന്തൊക്കെയോ പച്ചമരുന്നുകൾ അരച്ചുകലക്കി കൊണ്ട് വന്ന് കുടിപ്പിക്കുന്നതും അത്ര ഇഷ്ടമില്ലാതെ രണ്ടാളും നോക്കിയിരുന്നു. ” ഭക്ഷണമെല്ലാം തയ്യാറാക്കി വച്ചിട്ടുണ്ട്. എടുത്ത് കഴിച്ചിട്ട് രണ്ടാളും കിടന്നോ …

ഗൗരി മോൾക്ക് രാവിലത്തേയ്ക്ക് കുറഞ്ഞോളും …. എന്തങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിക്കാൻ മടിക്കരുത്. എന്നാൽ ഞങ്ങൾ ഇറങ്ങിയേക്കുകവാ…” രണ്ടാളോടുമായിട്ട് ദേവകി പറഞ്ഞു കൊണ്ട് രാമേട്ടന്റെ കൂടെ മുറ്റത്തേക്ക് ഇറങ്ങി. അവർ പോയതും അനന്തൻ ആതിരയെയും കൊണ്ട് മുറിയിലേക്ക് പോയി. ” ഗൗരി മോള് എങ്ങനെയാ ആതീ വീട്ടിലെത്തിയത് ….? ” മുറിയിലേയ്ക്ക് കയറിയതും അനന്തൻ ചോദിച്ചു. അനന്തൻ ചോദിക്കാൻ കാത്തിരുന്ന പോലെ നടന്നതെല്ലാം ആതിര ഒന്നു പോലും വിടാതെ പറഞ്ഞു. അവൾ പറയുന്നതെല്ലാം ഒരു കഥ കേൾക്കുന്ന പോലെ അവൻ കേട്ടിരുന്നു. ” ഞാൻ പറഞ്ഞിരുന്നതല്ലല്ലേ ഏട്ടാ പോകേണ്ടത് ….

ഞാൻ പറഞ്ഞപ്പോൾ ആരും കേട്ടില്ല..അതുകൊണ്ടല്ലേ ഇപ്പോൾ ഇങ്ങനെയൊക്കെ സംഭവിച്ചത് ? എനിക്കറിയാമായിരുന്നു ഇത് ഇങ്ങനെയൊക്കെ വരികയുള്ളൂവെന്ന് … ഞാൻ സ്വപ്നം കണ്ടതുപോലെ തന്നെ …. ” എന്തൊക്കെയോ ആലോചിച്ചുകൊണ്ട് പറയുന്ന ആതിരയെ നോക്കി അനന്തൻ ചോദിച്ചു ” സ്വപ്നമോ എന്ത് സ്വപ്നം … ? ” ” അത് പിന്നെ … ” തന്റെ സ്വപ്നത്തെക്കുറിച്ച് പറയണോ വേണ്ടയോ എന്നറിയാതെ ഒരു നിമിഷം ആതിര ആലോചിച്ചു. ” ഞാൻ ഇതെല്ലാം സ്വപ്നം കണ്ടതാണെന്ന് പറഞ്ഞാൽ അനന്തേട്ടൻ വിശ്വസിക്കുമോ … ? പറയാതെ ഇരുന്നിട്ടും കാര്യമില്ലല്ലോ … ” ” നീയെന്താ ആതിരേ മിണ്ടാതിരിക്കുന്നത് നീ എന്ത് സ്വപ്നം കണ്ടുവെന്നാ പറഞ്ഞത് ? ”

” അത് അനന്തേട്ടാ… ഞാൻ ഗൗരിക്ക് സംഭവിച്ചതെല്ലാം സ്വപ്നം കണ്ടിട്ടുണ്ട്. കാവും കുളവും പാലമരച്ചുവടും അതിലൂടെ പോകുന്ന വഴിയും പിന്നെ എന്തോ വിചിത്ര രൂപം …. അങ്ങനെ ഞാൻ എല്ലാം കണ്ടിട്ടുണ്ട്. എനിക്ക് വല്ലാതെ പേടി തോന്നുവാ … അതുകൊണ്ടാ ഞാൻ നിങ്ങളോട് പോകണ്ടെന്ന് പറഞ്ഞത്. ഇപ്പോൾ എൻറെ സംശയം പോലെ തന്നെ എല്ലാം ശരിയായിരുന്നു. ഗൗരിയുടെ അവസ്ഥ ഏട്ടനും കണ്ടതല്ലേ …. ” ? എല്ലാം പറഞ്ഞിട്ട് ആതിര അനന്തന്റെ മുഖത്തേയ്ക്ക് നോക്കി. അനന്തൻ അത് കേട്ടിട്ട് ഒന്നും പറഞ്ഞില്ല.അവൾ നോക്കുമ്പോൾ അനന്തൻ എന്തോ കാര്യമായിട്ട് ആലോചിക്കുകയായിരുന്നു. ” അനന്തേട്ടാ …. ഞാനൊരു കാര്യം പറഞ്ഞാൽ അനുസരിക്കുമോ … ?

ഇവിടം അത്ര നല്ലതല്ല നമുക്കെല്ലാവർക്കും ആപത്ത് സംഭവിക്കും .ഇവിടെ എന്തോ ഉണ്ട് … വന്നപ്പോൾ മുതൽ ഞാൻ പറയാൻ തുടങ്ങിയതല്ലേ..ഇപ്പോൾ തന്നെ എത്രയധികം അനുഭവങ്ങൾ ഉണ്ടായി … സമാധാനമായിട്ട് ഇവിടെ എങ്ങനെയാ താമസിക്കുന്നത് …? നമുക്ക് എവിടെയെങ്കിലും പോകാം … ” ആതിര പറഞ്ഞത് കേട്ടിട്ട് മറുപടിയൊന്നും പറയാതെ അനന്തൻ അവളെ ദേഷ്യത്തോടെ നോക്കി. ” ഈ വീടിന് എന്തു കുഴപ്പമുണ്ടെന്നാ ആതിരേ നീ പറയുന്നത് … ? കുഴപ്പം ഇവിടെയല്ല ആ കാവിനും പരിസരത്തിനുമാണ് … ” വീടിന് ചെറിയ കുഴപ്പങ്ങൾ ഉണ്ടെന്ന് അറിയാമായിരുന്നുവെങ്കിലും അത് പുറത്തു കാണിക്കാതെ അനന്തൻ ആതിരയെ വിശ്വസിപ്പിക്കാനായി പറഞ്ഞു.

” ഒരു കുഴപ്പവുമില്ല … ഈ നാശം പിടിച്ച വീട്ടിൽ വന്നതിൽ പിന്നെ മനുഷ്യൻ സമാധാനം എന്താണെന്ന് അറിഞ്ഞിട്ടില്ല … ഓരോ നിമിഷവും എന്ത് സംഭവിക്കുമെന്ന് പേടിച്ചാണ് ജീവിക്കുന്നത്. ” ” ഈ വീട്ടിൽ വന്നതിൽ പിന്നെ അനന്തേട്ടന്റ സ്വഭാവം തന്നെ മാറിപ്പോയി.നേരത്തെ എത്ര സ്നേഹത്തോടെയായിരുന്നു എന്നോട് സംസാരിച്ചുകൊണ്ടിരുന്നത് … ഇപ്പോൾ എന്നെ ഒന്ന് പരിഗണിക്കുന്നതു പോലുമില്ല …. ഞാൻ പറയുന്ന ഒരു കാര്യവും അംഗീകരിക്കുന്നില്ല. നേരത്തെ എന്തുകാര്യത്തിനും എന്റെ അഭിപ്രായം ചോദിക്കുമായിരുന്നു .ഞാൻ പറയുന്നത് കേൾക്കുമായിരുന്നു …

” സങ്കടത്തോടെ ആതിര കരയാൻ തുടങ്ങി. ചിലതൊക്കെ ശരിയാണെന്ന് അനന്തനും തോന്നി. ” ആതു … നീ കരയണ്ട ….. സോറി … സോറി ടാ …” അനന്തൻ അവളെ തന്നിലേക്ക് ചേർത്തുപിടിച്ചുകൊണ്ട് സ്നേഹത്തോടെ നെറ്റിയിൽ ചുംബിച്ചു. ” വേണ്ട … ഏട്ടന് എന്നോട് പഴയ പോലെ ഒരു സ്നേഹവുമില്ല …. ” സങ്കടത്തോടെ ആതിര അവനിൽ നിന്നും അടർന്ന് മാറി. ” ഞാനിപ്പോൾ എന്താ ആതീ ചെയ്യേണ്ടത് …. ? ” ” നമുക്കിവിടന്ന് എവിടേക്കെങ്കിലും പോകാം …. ഇനി ഇവിടെ വയ്യ … ” ” എല്ലാം അറിയുന്ന നീ തന്നെ ഇങ്ങനെ പറഞ്ഞാൽ എങ്ങനെയാ ആതീ ?… നമ്മൾ ഇവിടെ നിന്നും എങ്ങോട്ടേക്ക് പോകനാ… നമ്മളെ തപ്പി പോലീസ് നാടു മുഴുവൻ അലയുവാ …

പുറത്തേയ്ക്ക് ന്യൂസ് സ്പ്രെഡായിട്ടില്ലെങ്കിലും പോലീസ് നമ്മളെ പിടിക്കാൻ വല വീശി നടക്കുവാ …. അവരുടെ കൈയിൽ കിട്ടിയാൽ തീർന്നു നമ്മുടെ കാര്യം … ” അവൻ പറയുന്നതിൽ കാര്യമുണ്ടെന്ന് അറിയാവുന്നതു കൊണ്ട് അവൾ തിരിച്ചൊന്നും പറഞ്ഞില്ല. ” നമ്മൾ സെലബ്രിറ്റികളാടാ … ഒരു പ്രവാശ്യം ന്യൂസിൽ വന്നാൽ പിന്നെ ജീവിതാവസാനം വരെ അത് ജനങ്ങൾ ഓർത്തിരിക്കും. സാധാരണക്കാരന്റെ കാര്യം പോലെയല്ല നമ്മുടെ കാര്യം.. പിന്നെ നമ്മുടെ ഫ്യൂച്ചർ എന്താകും ? നമ്മുടെ മോളുടെ കാര്യമോന്ന് ഓർത്ത് നോക്കിക്കേ …. ഞാൻ പറയുന്നത് കേൾക്ക് …

ഈ ഓണം കേറാമൂലയിൽ നമ്മൾ ഉണ്ടെന്ന കാര്യം ആരും അറിയുക പോലുമില്ല … പ്രത്യേകിച്ച് ഇവിടെ പ്രേതബാധയുണ്ടെന്നൊക്കെ ആളുകൾ പറഞ്ഞു പരത്തുന്ന സ്ഥിതിക്ക് …. ” അനന്തൻ ആതിരയെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു. അവൾക്ക് കാര്യങ്ങൾ മനസ്സിലാകുന്നു എന്നറിഞ്ഞപ്പോൾ മനസ്സിന് സന്തോഷം തോന്നി അവന് . താൻ കാരണമാണല്ലോ ആതിരയും ഒന്നും അറിയാതെ ഊരാക്കുടുക്കൽ ചെന്ന് പെട്ടതെന്ന് ഓർത്തപ്പോൾ അനന്തന് വല്ലാത്ത കുറ്റബോധവും വിഷമവും തോന്നി. ” ആതൂസേ…. ” അനന്തൻ സ്നേഹത്തോടെ കരയുന്ന ആതിരയുടെ മുഖം പിടിച്ചു ഉയർത്തി. അനന്തന്റെ വിളി കേട്ടതും അവന്റെ നെഞ്ചിലേയ്ക്ക് തല വച്ചു കൊണ്ട് അവൾ അടക്കി പിടിച്ച സങ്കടമെല്ലാം കരഞ്ഞു തീർക്കാൻ തുടങ്ങി .… തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…