കവചം 🔥: ഭാഗം 12
രചന: നിഹ
ആതിരയ്ക്ക് ഒരു സമാധാനവും കിട്ടാത്തത് കൊണ്ട് അവൾ ചായയുമായി ഉമ്മറത്തേക്ക് പോയി . അവരുടെ വരവും കാത്ത് അവൾ പുറത്തേക്ക് കണ്ണുംനട്ട് നിന്നു. പെട്ടെന്നാണ് ആ കാഴ്ച അവളുടെ കണ്ണുകളിൽ ഉടക്കിയത്. അത് കണ്ടതും അവൾ ഞെട്ടി പുറകോട്ട് മാറി . അവളുടെ കൈയിലിരുന്ന് കപ്പ് താഴെ ചാടി പൊട്ടി ചിതറി. ആതിരയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. 🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿
“ഗൗരി അല്ലേ അത് … ? ” അവൾ പോലും അറിയാതെ അവളുടെ ശബ്ദം പുറത്തേക്ക് വന്നു. മുറ്റത്തെ ആ വലിയ മാവിൻ ചുവട്ടിൽ അനക്കമില്ലാതെ കിടക്കുന്ന ഗൗരിയുടെ ശരീരത്തിന്റെ അടുത്തേക്ക് നിറകണ്ണുകളോടെ ആതിര ഓടി . ” ഗൗരി മോളേ …..” “ഗൗരി…. ” അനക്കമില്ലാതെ കിടക്കുന്ന അവളുടെ ശരീരം കണ്ടപ്പോൾ പാതി മരവിച്ച ശബ്ദത്തിൽ ആതിര ഗൗരിയെ വിളിച്ചു. ആതിരയുടെ വിളി കേട്ടിട്ടും ഗൗരിക്ക് പ്രത്യേകിച്ച് മാറ്റമൊന്നുമില്ലായിരുന്നു.
യാന്ത്രികമായി തന്നെ ആതിര കമിഴ്ന്നു കിടക്കുന്ന ഗൗരിയുടെ അടുത്ത് മുട്ടുകുത്തിയിരുന്ന് അവളെ പിടിച്ചു തിരിച്ചു . ബലമില്ലാതെ ഗൗരിയുടെ ശരീരം ആതിരയുടെ കൈകളിലേയ്ക്ക് മറിഞ്ഞു വീണു . ആ നിമിഷം ആതിരയുടെ നെഞ്ച് പിടഞ്ഞു. തന്റെ ശരീരത്തിൽ മരവിപ്പു പടരുന്ന പോലെ അവൾക്ക് തോന്നി. വിറയ്ക്കുന്ന കൈകളോടെ ആതിര ഗൗരിയ്ക്ക് ശ്വാസം ഉണ്ടോയെന്ന് നോക്കി. ഗൗരിയ്ക്ക് ജീവനുണ്ടെന്ന് അറിഞ്ഞ നിമിഷം ഒരു ദീർഘ നിശ്വാസത്തോടെ ആതിര സ്വന്തം നെഞ്ചത്ത് കൈകൾ വച്ചു.
ഗൗരിയുടെ മുഖം കണ്ടപ്പോൾ ആതിരയ്ക്ക് കരച്ചിൽ നിർത്താൻ കഴിഞ്ഞില്ല. അവളുടെ ദേഹത്താകെ മുറിവിന്റെ പാടുകളായിരുന്നു. അതിലൂടെ രക്തം പൊടിഞ്ഞിരിക്കുന്നു. തീർത്തും അവശയായി ജീവനറ്റവളെ പോലെ ഗൗരി , ആതിരയുടെ കൈയിലേക്ക് തളർന്നു കിടന്നു. ” ഗൗരി മോളെ… എഴുന്നേൽക്ക്…..” ” ഗൗരി ….ഗൗരി….” വിളിച്ചിട്ടും കണ്ണുതുറക്കാതെ കിടക്കുന്ന ഗൗരിയെ നോക്കി ആതിര വീണ്ടും വീണ്ടും തട്ടി വിളിച്ചു കൊണ്ടിരുന്നു. കപ്പ് താഴെ വീണ് പൊട്ടിച്ചിതറുന്ന ശബ്ദം കേട്ടാണ് ദേവകി പുറത്തേക്ക് വന്നത്. ”
ആതിരേ….” അവിടെ അവളെ കാണാത്തതുകൊണ്ട് ദേവകി ആതിരയെ വിളിച്ചു. താഴെ കിടക്കുന്ന കപ്പിന്റെ ചില്ല് പെറുക്കാൻ നോക്കിയപ്പോഴാണ് ദേവകി മുറ്റത്ത് ഗൗരിയെയും പിടിച്ച് കരഞ്ഞ് കൊണ്ടിരിക്കുന്ന ആതിരയെ കണ്ടത്. ഉടനെ ദേവകി അവരുടെ അടുത്തേക്ക് ഓടിപ്പോയി. ” ഗൗരി മോളെ….” ഭയത്തോടെ ദേവകി ഗൗരിയെ കുലുക്കി വിളിച്ചു. “ഞാൻ പോയി വെള്ളം എടുത്തിട്ട് വരാം…..” പെട്ടെന്ന് വന്ന ബോധത്തോടെ ദേവകി വെള്ളം എടുക്കാനായി അകത്തേക്ക് ഓടി.
” മോളെ എഴുന്നേൽക്ക് ഗൗരി…. ഏട്ടത്തി പറഞ്ഞതല്ലേ നിന്നോട് പോകണ്ടെന്ന്.. കണ്ണുതുറക്ക് മോളെ… നിനക്കെന്താ പറ്റിയേ….?” സങ്കടത്തോടെ ആതിര ഗൗരിയെ നോക്കി ചോദിച്ചു. അപ്പോഴേക്കും ദേവകി വെള്ളവുമായി വന്നു. ആതിര അവരുടെ കൈയിൽ നിന്നും വെള്ളം മേടിച്ച് തന്റെ കൈയിലേയ്ക്ക് ഒഴിച്ചിട്ട് ഗൗരിയുടെ മുഖത്തേയ്ക്ക് തളിച്ചു. മുഖത്ത് വെള്ളം വീണതും ഗൗരി സാവാധാനം കണ്ണു തുറന്നു. അത് കണ്ടപ്പോഴാണ് ആതിരക്കും ദൈവകിയ്ക്കും സമാധാനമായത്.
” ഏട്ടത്തി….” അടുത്തിരിക്കുന്ന ആതിരയെ കണ്ടതും ഗൗരി അവളെ കെട്ടിപ്പിടിച്ചു. ” നിനക്ക് എന്താ പറ്റിയേ മോളെ…? ” ഗൗരിയുടെ കണ്ണുനീർ തുടച്ചുകൊണ്ട് ആതിര സ്നേഹത്തോടെ ചോദിച്ചു. ശ്വാസം എടുക്കാൻ പോലും ബുദ്ധിമുട്ടിക്കൊണ്ട് ഗൗരി ഇരുന്ന് കിതയ്ക്കാൻ തുടങ്ങി. ഗൗരിയ്ക്ക് എന്താണ് സംഭവിച്ചതെന്ന് ഏകദേശം അറിയാവുന്നതു കൊണ്ട് തന്നെ ദേവകിയും ആതിരയും പരസ്പരം നോക്കി. ” വെ … വെള്ളം…. വെള്ളം… ” ഗൗരി ഒരു വിധം പറഞ്ഞു ഒപ്പിച്ചു കൊണ്ട് ദേവകിയെ നോക്കി.
അവർ തന്റെ കൈയിലിരുന്ന വെള്ളം ഗൗരിയ്ക്ക് കൊടുത്തു. വെള്ളം കിട്ടിയതോടെ ഗൗരി കൊതിയോടെ അത് കുടിച്ചു. വായിലോട്ട് ഒഴിച്ചതിൽ പകുതിയിൽ കൂടുതൽ വെള്ളവും അവളുടെ ദേഹത്തോടെ ഒഴുകി പോയി. മുറിവിലൂടെ വെള്ളം ഒലിച്ചിറങ്ങിയപ്പോൾ അവൾക്ക് നന്നായി നീറി. അതൊന്നും കാര്യമാക്കാതെ അവൾ വെള്ളം കുടിച്ചു. വളരെ നേരമായിട്ട് വെള്ളത്തിന് കൊതിച്ചിരിക്കുവയിരുന്നു അവൾ. വറ്റിവരണ്ടിരിക്കുന്ന തൊണ്ടയിലൂടെ ഓരോ തുള്ളി ഇറങ്ങി പോകുന്നതും ചെറിയൊരു വേദനയോടെ അവൾ അറിഞ്ഞു.
ദേവകിയും ആതിരയും ഗൗരിയുടെ പ്രവർത്തികൾ കണ്ണിമ ചിമ്മാതെ നോക്കി നിൽക്കുവായിരുന്നു. വെള്ളം അകത്ത് ചെന്നപ്പോൾ ചെറുതായി ജീവൻ വച്ചത് പോലെ തോന്നി ഗൗരിയ്ക്ക് . അവൾ നിലത്ത് നിന്ന് എഴുന്നേൽക്കാൻ ശ്രമിച്ചു. ശരീരമാകെ നുറുങ്ങുന്ന വേദന. ഗൗരി എഴുന്നേൽക്കാൻ തുടങ്ങിയതും ശരീരം തളർന്ന് അവൾ സൈഡിലേയ്ക്ക് വേച്ചു വീണു പോയി. ” ഗൗരി…..” ആതിരയും ദേവകിയും ഒന്നിച്ചായിരുന്നു വിളിച്ചത്. ആതിര വേഗം തന്നെ ഗൗരിയുടെ കൈയിൽ പിടിച്ചു. ഗൗരിയുടെ കൈയിൽ പിടിച്ചതും തൻ്റെ കൈ പൊള്ളുന്ന പോലെ തോന്നി ആതിരയ്ക്ക്.
പനി കൊണ്ട് ഗൗരിയുടെ ശരീരം ചുട്ടുപൊള്ളുന്ന ചൂടായിരുന്നു. വാടിയ താമര പോലെ അവൾ തീർത്തും അവശയായി നിലത്തിരുന്നു. ആതിരയും ദേവകിയും കൂടി ഗൗരിയെ താങ്ങിപിടിച്ച് അകത്തേക്ക്, കൊണ്ടു പോയി. 🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿 ” ദേവീ മഹാമായേ…. ഞാൻ ഇനി എന്താ ചെയ്യുക … സമയം വൈകിയല്ലോ.. ഗൗരിയെ കണ്ടുപിടിച്ചതുമില്ല … ഇനിയും ഇവിടെ നിന്നാൽ ശരിയാവില്ല. ഗൗരിയില്ലാതെ ഇപ്പോൾ എങ്ങനെയാ തിരികെ പോകുന്നേ…. അനന്തനെയും കാണുന്നില്ലല്ലോ…?”
ഇനി എന്ത് ചെയ്യുമെന്ന് അറിയാതെ രാമേട്ടൻ ആലോചിച്ചു നിന്നു. അപ്പോഴേക്കും ഓടിയും നടന്നും അല്ലാത്ത സ്ഥിതിയിൽ അനന്തൻ ധൃതിപിടിച്ച് നാഗത്തറയുടെ അടുത്തേക്ക് വരുന്നുണ്ടായിരുന്നു. ദൂരെ നിന്നും ആനന്തൻ വരുന്നത് കണ്ടപ്പോൾ രാമേട്ടന് ഒരാശ്വാസം തോന്നി. ” ഗൗരിയെ കണ്ടോ രാമേട്ടാ…..?” രാമന്റെ അടുത്തെത്തിയതും വെപ്രാളത്തോടെ അനന്തൻ ചോദിച്ചു. ” ഇല്ല മോനേ …. ” നിരാശയോടെ രാമൻ മറുപടി പറഞ്ഞു. ” ഇനിയെന്ത് ചെയ്യും … എന്റെ ഗൗരി …
അവളെ ഇനി എവിടെ പോയി അന്വേഷിക്കും. ? ” ഗൗരിയില്ലാതെ തിരികെ പോകാൻ കഴിയാതെ രണ്ടാളും മാനസിക സംഘർഷത്തിൽ നിന്നു . സമയം മുന്നോട്ടു പോയ്ക്കോണ്ടിരുന്നു. കാടായതു കൊണ്ട് തന്നെ ഇരുളിമ കൂടിക്കൊണ്ടിരുന്നു. ഗൗരിയെയും കൂട്ടി കാവിലേയ്ക്ക് പോരാൻ തോന്നിയ നേരത്തെ അനന്തൻ മനസ്സിൽ ശപിച്ചു കൊണ്ടിരുന്നു. ഗൗരി ഏറ്റവും ഇളയ കുട്ടിയായതു കൊണ്ട് വീട്ടിലെ എല്ലാവരും അവളെ അത്രമാത്രം കൊഞ്ചിച്ച് സ്നേഹിച്ചാണ് വളർത്തിയത്. ” എന്നിട്ട് … അതെന്നെ …. എന്നെ എന്നെ … ചുറ്റി വലിഞ്ഞ് … ഏട്ടത്തി …”
ആതിര ചോദിച്ചതിന് മറുപടിയായി ഒന്നും പറയാൻ കഴിയാതെ എന്നാൽ എന്തൊക്കെയോ പറയാൻ ശ്രമിച്ചു കൊണ്ട് ഗൗരി വിക്കി പറഞ്ഞു. കൺമുന്നിൽ കണ്ടതെല്ലാം തീവ്രത ഒട്ടും മങ്ങാതെ ഗൗരിയുടെ മനസ്സിൽ തങ്ങി നിന്നു . ” ഏട്ടത്തി …. ആതിയേടത്തി … ” ഗൗരിയുടെ അടുത്ത് നിന്നും എഴുന്നേറ്റ് പോകാൻ ശ്രമിച്ച ആതിരയെ ഇറുക്കി പിടിച്ചു കൊണ്ട് ഗൗരി തേങ്ങി. ” ഗൗരി മോൾക്ക് ഒന്നുമില്ല . പേടിക്കണ്ട ഏട്ടത്തി കൂടെയുണ്ട്. ഞാൻ പറഞ്ഞിരുന്നില്ലേ പോകണ്ടെന്ന് … സാരമില്ല ഇനി പറഞ്ഞിട്ട് കാര്യമില്ല. നിനക്ക് ഇപ്പോൾ നല്ല പനിയുണ്ട്. ഏട്ടത്തി പാരസെറ്റമോൾ എടുത്തിട്ട് വരാം… ”
ആതിരയെ പോകാൻ സമ്മതിക്കാതെ ഗൗരി കുട്ടികളെ പോലെ വാശി പിടിച്ചു. ഒറ്റയ്ക്ക് ഇരിക്കാൻ അവൾക്ക് പേടിയായിരുന്നു. ഒട്ടും വയ്യാത്തത് കൊണ്ട് അവളുടെ കണ്ണുകൾ പാതിയും തനിയെ അടഞ്ഞു കൊണ്ടിരുന്നു. ശരീരത്തിന് നല്ലതു പോലെ ക്ഷീണവും തളർച്ചയും ഉണ്ടായിരുന്നു. ” നമ്മുക്ക് …. നമ്മുക്ക് … പോകാം … ഇവിടെ നിന്ന് പോകാം … ” ആവർത്തിച്ച് പറഞ്ഞു കൊണ്ട് ഗൗരി ആതിരയുടെ കൈയിലേയ്ക്ക് ചാരിക്കിടന്നു. ആ നിമിഷം അമ്മയ്ക്ക് മകളോട് എന്ന പോലെ ആതിരയ്ക്ക് ഗൗരിയോട് സ്നേഹവും വാത്സല്യവും തോന്നി.
ആതിരയെ കെട്ടിക്കൊണ്ട് ചെന്ന സമയത്ത് ഗൗരി പത്തിൽ പഠിക്കുന്ന കുട്ടിയായിരുന്നു. അന്നൊക്കെ ഗൗരി ആതിരയെ ഏട്ടത്തിയമ്മേ എന്നായിരുന്നു വിളിച്ചിരുന്നത്. ഗൗരിയുടെ ഏട്ടത്തിയമ്മേ എന്നുള്ള വിളിയിൽ ഏട്ടത്തി എന്നതിനെക്കാൾ അമ്മേ എന്നുള്ള വിളിയാണ് കൂടുതൽ തെളിഞ്ഞു വന്നിരുന്നത്. മൂത്ത ഏട്ടത്തിയെക്കാൾ ആതിരയോടായിരുന്നു ഗൗരിയ്ക്ക് കൂടുതൽ അടുപ്പവും സ്നേഹവും . ഗൗരിയുടെ എല്ലാ കള്ളത്തരത്തിനും പിടിവാശിക്കും കൂട്ടുനിന്നതും ആതിര തന്നെയായിരുന്നു.
” ഗൗരി മോളേ ….. ” ആതിര സ്നേഹത്തോടെ അവളെ മടിയിൽ പിടിച്ച് കിടത്തി തലയിൽ തലോടി. ഗൗരിയുടെ ദേഹത്ത് തൊടാൻ കഴിയാത്ത വിധം നല്ല ചൂടായിരുന്നു. ആതിരയെ എഴുന്നേൽക്കാൻ പോലും സമ്മതിക്കാതെ ഗൗരി അവളുടെ മടിയിൽ പമ്മി കിടന്നു. എങ്കിലും ആതിര പനിമാറാൻ ഗൗരിയ്ക്ക് ഗുളിക കൊടുത്തു. ” ഏട്ടൻ വന്നിട്ട് നമുക്ക് ഹോസ്പിറ്റലിൽ പോകാം … മോളിപ്പോൾ കിടന്നോ ” പെട്ടെന്നാണ് ആതിര അനന്തന്റെ കാര്യം ഓർത്തത്. ഗൗരിയുടെ കാര്യത്തിന്റെ ഇടയിൽ അവൾ അവന്റെ കാര്യം വിട്ടു പോയായിരുന്നു.
അനന്തന്റെ മുഖം ഓർത്തപ്പോൾ അവളുടെ മനസ്സ് പിടഞ്ഞു. ” മോളേ … അനന്തേട്ടൻ എവിടാ …. ?” ആതിരയുടെ ചോദ്യം കേട്ടതും പെട്ടെന്ന് ഗൗരിയും ഞെട്ടിപ്പിടഞ്ഞ് അവളുടെ മടിയിൽ നിന്നും എഴുന്നേറ്റു . ” അനന്തേട്ടൻ … രാമേട്ടൻ … അയ്യോ … ” ” എന്താ ഗൗരി മോളേ … “? ആകുലതയോടെ ആതിര ഗൗരിയുടെ കൈയിൽ പിടിച്ചു. ” എനിക്കറിയില്ല … പക്ഷേ അവർ അപകടത്തിലാ …. വേഗം ഇങ്ങോട്ട് വരാൻ പറ ഏട്ടത്തി…. ” കണ്ണു നിറച്ചു കൊണ്ട് ഗൗരി പറഞ്ഞു. ആതിര അത് കേട്ടതും ഓടിച്ചെന്ന് ഫോണേടുത്ത് അനന്തനെ വിളിച്ചു. അനന്തൻ കോൾ എടുക്കാൻ വൈകുംതോറും അവളുടെ മനസ്സിൽ പേടി നിറഞ്ഞു .
ബെല്ലടിച്ചു തീർന്നതല്ലാതെ അവൻ ഫോണേടുത്തില്ല. അതും കൂടിയായപ്പോൾ ആതിരയ്ക്ക് എന്തു ചെയ്യണമെന്ന് അറിയാത്ത അവസ്ഥയായി. ഗൗരിയുടെ കാര്യം ഓർത്തപ്പോൾ അനന്തനും രാമേട്ടനും ഒരാപത്തും കൂടാതെ തിരിച്ചെത്തണമെന്ന് മനസ്സിൽ ആയിരം വട്ടം അവൾ പ്രാർത്ഥിച്ചു കാണും . മൂന്നാലു വട്ടം അനന്തനെ വിളിച്ചെങ്കിലും അവൻ കോൾ എടുത്തില്ല. ഇരിപ്പുറയ്ക്കാതെ ആതിര ജനലിലൂടെ വടക്കേ ഭാഗത്തേയ്ക്കുള്ള വഴിയിൽ അവരെയും പ്രതീക്ഷിച്ചു നോക്കി നിന്നു …… തുടരും….