കവചം 🔥: ഭാഗം 11
രചന: നിഹ
തറയിലെ വിള്ളലുകൾ കൂടുതൽ വേഗത്തിൽ ചുറ്റുപ്പാടിലേയ്ക്കും വ്യാപിച്ചു. മുറിയുടെ ഒരു കോണു മുതൽ മറു കോണു വരെ മുറിയിൽ മുഴുവൻ രക്തം ഒഴുകാൻ തുടങ്ങി. ആ കാഴ്ച കാണവേ ഗൗരിയുടെ ശരീരമാകെ ഭയത്താൽ വിറയ്ക്കാൻ തുടങ്ങി. ഒരടി പോലും മുന്നോട്ട് വയ്ക്കാൻ കഴിയാതെ ശില പോലെ നിന്ന അവളുടെ പാദങ്ങളിൽ, ഒഴുകി വന്ന രക്തത്തുള്ളികൾ സ്പർശിച്ചതും ഭീകര ശബ്ദത്തോടെ തറ ഇടിഞ്ഞ് അവളെയും കൊണ്ട് താഴേയ്ക്ക് പോയതും ഒപ്പമായിരുന്നു.
വലിയ ശബ്ദത്തോടു കൂടി അവൾ ആഴങ്ങളിലേയ്ക്ക് നിലം പതിച്ചു. അവൾ ചെന്നു ചാടിയത് വലിയൊരു പൊട്ടക്കിണറ്റിലേയ്ക്ക് ആയിരുന്നു. ഒരു തുള്ളി ജലം പോലുമില്ലാതെ മണ്ണ് നിറഞ്ഞ് വറ്റിവരണ്ടു കിടക്കുന്ന ഒരു കിണർ ആയിരുന്നു അത്. ഉയരത്തിൽ നിന്നും താഴേക്ക് പതിച്ചതിനാൽ ശരീരമാകെ നുറുങ്ങുന്ന വേദന തോന്നി ഗൗരിയ്ക്ക് . എങ്കിലും താൻ ഇപ്പോഴും ജീവനോടെയുണ്ടല്ലോ എന്ന സത്യം അതിശയത്തോടെ അവൾ ഓർത്തു . മുകളിൽ നിന്നും താഴേക്ക് ചാടിയപ്പോൾ തന്റെ ജീവനും കൂടി നഷ്ടപ്പെട്ടു എന്നാണ് അവൾ കരുതിയത് .
ഗൗരി മുകളിലേക്ക് കണ്ണുകൾ ഉയർത്തി. ആകാശമല്ലാതെ മറ്റൊന്നും അവൾക്ക് കാണാൻ സാധിച്ചില്ല. ചുറ്റിലും കാരാഗ്രഹത്തിന്റെ അന്തരീക്ഷം. ഗൗരിയ്ക്ക് നിരാശയും സങ്കടവുമെല്ലാം സഹിക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നു. ” അയ്യോ രക്ഷിക്കണേ ….ആരേലും രക്ഷിക്കണേ ….. അനന്തേട്ടാ …… അനന്തേട്ടാ ….. ” ഗൗരി ഉറക്കെ നിലവിളിച്ചുവെങ്കിലും അവളുടെ ശബ്ദം കിണറിനുള്ളിൽ മാത്രം പ്രതിഫലിച്ചു കേട്ടുകൊണ്ടിരുന്നു.
അവളുടെ ശബ്ദം നിലച്ചപ്പോൾ മറ്റാരുടെയോ തേങ്ങി കരച്ചിൽ ഉച്ചത്തിൽ കേൾക്കാൻ തുടങ്ങി. അതിന്റെ തീവ്രത കൂടി കൂടി ഗൗരിയുടെ ചെവിയിലൂടെ കൂരമ്പ് പോലെ ശബ്ദം തറച്ചു കയറി കൊണ്ടിരുന്നു. ഗൗരിയുടെ ശരീരമാകെ തളർന്നു പോകുന്നതുപോലെ അവൾക്ക് തോന്നി. ഏത് നിമിഷവും ശക്തിയറ്റ് താൻ നിലത്തുവീഴുമെന്ന് അവൾക്ക് മനസ്സിലായി. ഒരു ബലത്തിന് എന്നപോലെ അവൾ കിണറിന്റെ ഭിത്തിയിലേക്ക് ചാരിനിന്നു . അവിടെ നിന്നും രക്ഷപ്പെടാൻ കഴിയില്ലെന്നും തന്നെ രക്ഷിക്കാൻ ആരുമില്ലെന്നുള്ള സത്യം അവളുടെ മനസ്സിനെ ചുട്ടു പൊള്ളിച്ചു കൊണ്ടിരുന്നു.
ഈ കിണറിന്റെ ഉള്ളിൽ കിടന്നു തന്നെ താൻ മരിക്കുമെന്ന് അവൾക്ക് ഉറപ്പായി. ” ഗൗരി ….. മോളേ …. നീ എവിടാ ….. ” വിളിച്ചിട്ട് ഗൗരി വിളി കേൾക്കാത്തതു കൊണ്ടും അന്വേഷിച്ചിട്ട് കണ്ടെത്താത്തത് കൊണ്ടും അനന്തന് ഗൗരിയുടെ കാര്യമോർത്ത് ടെൻഷനായി. ” ഈശ്വരാ ഈ ഗൗരി എവിടെ പോയതാ ….? അവൾക്കൊന്ന് പറഞ്ഞിട്ട് പോയി കൂടായിരുന്നോ …. ഞാനിത് എവിടെയെന്ന് പറഞ്ഞാ അന്വേഷിക്കുന്നത്… ? ” ഉള്ളിൽ വന്ന ദേഷ്യവും സങ്കടവുമെല്ലാം സ്വയം പറഞ്ഞുകൊണ്ട് അനന്തൻ ഇരുവശത്തേയ്ക്കും ശ്രദ്ധാപൂർവ്വം നോക്കി അവളെ വിളിച്ചു കൊണ്ട് മുന്നോട്ട് നടന്നു.
അവന്റെ ഇരുഭാഗത്തും വലിയ കാട്ടുമരങ്ങളും അവന്റെ മുട്ടോളം പൊക്കത്തിൽ വളർന്ന് നിൽക്കുന്ന വലിയ പുല്ലുകളുമായിരുന്നു അവിടെ മുഴുവൻ. അവ വകഞ്ഞു മാറ്റി അവൻ മുന്നോട്ടു നടന്നു. മുന്നോട്ടു നടക്കും തോറും കൂട്ടംക്കൂടി വളർന്നുനിൽക്കുന്ന മരങ്ങൾ അന്തരീക്ഷത്തിൽ ഇരുളിമ സൃഷ്ടിച്ചു. ചുറ്റിലും ഇരുട്ട് പടരുന്നത് അനന്തൻ ശ്രദ്ധിക്കാതിരുന്നില്ല. ചുറ്റിലും നോക്കുമ്പോൾ ചെറുതായൊരു ഭയം അവനിലും ഉണ്ടാകാതിരുന്നില്ല. ” ഗൗരി……… ഗൗരി……”
അവളെ കണ്ടെത്താതെ തിരികെ പോകാൻ കഴിയാത്തതുകൊണ്ട് അനന്തൻ വെളിച്ചം മങ്ങിയ ആ വഴിയിലൂടെ ഭയത്തെ കാര്യമാക്കാതെ ഗൗരിയെ വിളിച്ചു കൊണ്ട് നടന്നു. വൻമരങ്ങളെ ഉലയ്ക്കാൻ തക്ക ശക്തിയുള്ള കാറ്റ് ഇടയ്ക്കിടെ വീശിക്കൊണ്ടിരുന്നു. ഓരോ തവണ കാറ്റ് വീശുമ്പോഴും വലിയ ശബ്ദത്തോടെ മരത്തിന്റെ ചില്ലകൾ അങ്ങോട്ടും ഇങ്ങോട്ടും ആടിയുലഞ്ഞു. അവ കൂടാതെ കാറ്റടിക്കുമ്പോൾ ഇല്ലികൾ കൂട്ടിമുട്ടുന്ന ശബ്ദങ്ങളും കാട്ടുപക്ഷികളുടെ കൂവലുമെല്ലാം കാടിന്റെ വന്യതയിലേക്കാണ് അനന്തനെ കൂട്ടിക്കൊണ്ടുപോയത്.
ഗൗരിയെ കൂട്ടിക്കൊണ്ട് ഇങ്ങോട്ടേയ്ക്ക് വരണ്ടായിരുന്നുവെന്ന് ഒരുവേള അനന്തന് തോന്നാതിരുന്നില്ല. നടന്ന് നടന്ന് മടുത്തു കഴിഞ്ഞപ്പോൾ അനന്തൻ അടുത്ത് കണ്ട ഒരു വലിയ മരത്തിന്റെ ചുവട്ടിൽ ഇരുന്നു. അവന്റെ മനസ്സ് മുഴുവൻ ഗൗരിയെ കണ്ടെത്തുക എന്ന ചിന്ത മാത്രമായിരുന്നു. മരത്തിന്റെ ചുവട്ടിൽ ഇരുന്ന് അനന്തൻ ചുറ്റും കണ്ണോടിച്ചു. അവിടാകെ വലിയൊരു ഭീകര വനത്തിന്റെ അന്തരീക്ഷമായിരുന്നു . ” എന്നാലും ഗൗരി ഇത് എവിടെ പോയതായിരിക്കും ?
ആരോടും പറയാതെ അവൾ ഇത്ര ദൂരം പോകുമോ? അവളെയും കൊണ്ടല്ലാതെ ഞാൻ എങ്ങനെ തിരികെ വീട്ടിലെത്തും? ഈ കാടിന്റെ മട്ടും ഭാവവും കണ്ടിട്ട് അധികനേരം ഇവിടെ ഇരിക്കുന്നത് പന്തിയല്ലെന്ന് തോന്നുന്നു…. കാവിന്റെ അടുത്തേക്ക് തന്നെ തിരികെ പോകാം….” അനന്തൻ എണീക്കാൻ തുടങ്ങിയതും മരത്തിന്റെ മുകളിൽ നിന്നും അവന്റെ ദേഹത്തേക്ക് ഒരു കാട്ടുപൂച്ച ചാടിയതും ഒപ്പമായിരുന്നു. അനന്തൻ പെട്ടെന്ന് പുറകോട്ട് മറിഞ്ഞുവീണു. ഒട്ടും പ്രതീക്ഷിക്കാത്തതിനാൽ അവൻ പെട്ടെന്ന് ഞെട്ടിപ്പോയി. ഇടിമിന്നൽ പോലെ ഒരു ഭയം അവൻ്റെ ഉള്ളിലൂടെ കടന്നുപോയി.
അനന്തൻ എഴുന്നേറ്റ് ദീർഘ നിശ്വാസമെടുത്ത് നെഞ്ചത്ത് കൈവെച്ചു. അവന്റെ അടുത്ത് നിന്ന് അഞ്ചടി ദൂരത്തിൽ നിന്ന് മുരണ്ടു കൊണ്ടിരിക്കുന്ന ആ പൂച്ചയെ അവൻ നോക്കി. വെള്ള നിറത്തിലുള്ള പൂച്ചയുടെ ദേഹത്തിന്റെ പകുതിയിലേറയും ചോര പുരണ്ടിരിക്കുന്നു. അതിന്റെ ചുണ്ടിൽ നിന്നും ചോരത്തുള്ളികൾ താഴേക്ക് ഇറ്റിറ്റു വീഴുന്നുണ്ടായിരുന്നു. പേടിപ്പെടുത്തുന്ന തരത്തിലുള്ള പൂച്ചയുടെ നിൽപ്പും മുരളിച്ചയും അതിന്റെ ദേഹത്തുള്ള ചോരത്തുള്ളികളൊക്കെ കണ്ടപ്പോൾ അനന്തന് നന്നായി പേടി തോന്നി.
എന്താണ് ചെയ്യേണ്ടതെന്നറിയാതെ അനന്തൻ പകച്ചുനിന്നു. കുറച്ചുനേരം ആ പൂച്ച അങ്ങനെ തന്നെ അവനെ നോക്കി നിന്ന ശേഷം പെട്ടെന്ന് ഓടി മറഞ്ഞു. ഇനിയും ആ കാട്ടിൽ ഒറ്റയ്ക്ക് നിന്നാൽ ശരിയാകില്ലെന്ന് തോന്നിയ അനന്തൻ പെട്ടെന്ന് തന്നെ ധൃതിപിടിച്ച് തിരികെ നടന്നു. ഗൗരിയുടെ ശരീരമാകെ തളർന്നു തുടങ്ങി. അവൾ കിണറിന്റെ ഭിത്തിയിലേക്ക് ചാരിൽ നിന്നു. കിണറിന്റെ അടിത്തട്ടിൽ നിന്നും പെട്ടെന്ന് മുടിയിഴകൾ വന്ന് അവളുടെ കാലിൽ ചുറ്റി വരിഞ്ഞു.
ഗൗരി പേടിച്ച് കരയാൻ തുടങ്ങി. മുടി വള്ളിപോലെ കാലിൽ നിന്നും ദേഹമാകെ ചുറ്റിവലിഞ്ഞ് അവളെ വലിഞ്ഞു മുറുക്കി. കിണറിന്റെ അകത്തളത്തിൽ പൂർണ്ണ നിശബ്ദതയായിരുന്നു . ഗൗരിയുടെ ശ്വാസനിശ്വാസങ്ങൾ പോലും പ്രതിധ്വനിയായി കേട്ടുകൊണ്ടിരുന്നു. ഗൗരി വളരെ പേടിച്ചിരുന്നു. അവൾ വിശ്വസിക്കുന്ന ദൈവത്തെ വിളിച്ച് കരയാൻ അല്ലാതെ മറ്റൊന്നും അവൾക്ക് ചെയ്യാനില്ലായിരുന്നു. ഗൗരിയെ അന്വേഷിച്ച് രാമേട്ടൻ വടക്ക് ഭാഗത്തേക്കാണ് പോയത്.
അങ്ങോട്ടേയ്ക്ക് പോകരുതെന്നും അവരെ കൊണ്ടുപോകരുതെന്നും ഓർത്തതാണ് . പക്ഷേ പോകാതിരിക്കാൻ രാമേട്ടന് കഴിഞ്ഞില്ല. ” ഗൗരി …….. ” രാമേട്ടൻ ഉറക്കെ വിളിച്ചു. അയാളും അവളെ തിരഞ്ഞ് മടുത്തിരുന്നു. രാമേട്ടൻ പാലമരത്തിന് അടുത്തേക്ക് എത്തിയതും പെട്ടെന്ന് തന്നെ കാറ്റ് ആഞ്ഞടിക്കാൻ തുടങ്ങി. ആ കാറ്റിന്റെ ശക്തിയിൽ പാല മരം കടപ്പുഴകി വീഴും പോലെ ആടിയുലയാൻ തുടങ്ങി. അന്തരീക്ഷത്തിന്റെ മട്ടും ഭാവവും മാറാൻ തുടങ്ങി. ഏഴിലം പാല നിൽക്കുന്നതിന്റെ അടുത്തുള്ള കുളത്തിലെ വെള്ളം തിളച്ചുമറിഞ്ഞു.
കുളത്തിന്റെ മധ്യ ഭാഗത്തായി ഒരു ചുഴി രൂപപ്പെട്ടു. കുളത്തിലെ കൽപ്പടവുകളിലേയ്ക്ക് വെള്ളം അടിച്ചു കയറാൻ തുടങ്ങി. രാമേട്ടന് നല്ലതുപോലെ പേടി തോന്നിയെങ്കിലും അയാൾ അവിടെ തന്നെ നിന്നു. ” നീ ആ കുട്ടിയെ കൊന്നോ…. ഒന്നുമറിയാത്ത ആ പാവത്തിനോട് നീ എന്തിനാ ഇങ്ങനെ ചെയ്യുന്നത്…? ” രാമേട്ടൻ പാല മരത്തിലേക്ക് നോക്കി അലറി. അതിനോടൊപ്പം അദ്ദേഹത്തിന്റെ കണ്ണുകൾ നിറഞ്ഞ് കണ്ണുനീർ ഒഴുകി കൊണ്ടിരുന്നു. അദ്ദേഹത്തിന്റെ കണ്ണുനീർത്തുള്ളികൾ നിലത്തു പതിച്ചതും പെട്ടെന്ന് കാറ്റ് നിന്നു. പാല മരത്തിന്റെ ആട്ടം നിലച്ചു.
കുളത്തിലെ വെള്ളം പഴയത് പോലെയായി. അതോടെ ഗൗരിയെ ബന്ധിച്ചിരുന്ന മുടിയിഴകൾ അവളെ സ്വതന്ത്രമാക്കി. ഗൗരി തലകറങ്ങി നിലത്ത് വീണു. സമയം നാലുമണി കഴിഞ്ഞിട്ടും അവരെ കാണാത്തതുകൊണ്ട് ആതിരയ്ക്ക് വല്ലാത്ത സങ്കടം തോന്നി. ” മോൾ ഇങ്ങനെ വിഷമിച്ചിരുന്നാൽ എങ്ങനെയാ ശരിയാകുന്നത് ? അവർ ഇപ്പോൾ വരും…. ദാ ഇത് കുടിച്ചേ… ” ദേവകി ഒരു കപ്പ് ചായ ആതിരയ്ക്ക് നൽകിക്കൊണ്ട് പറഞ്ഞു. ” അവര് വരേണ്ട സമയം കഴിഞ്ഞില്ലേ ചേച്ചി.. എനിക്ക് ഓർക്കുമ്പോൾ പേടി തോന്നുവ…”
ആതിരയുടെ പേടി ശരിയായത് കൊണ്ട് തന്നെ അവളെ എങ്ങനെ സമാധാനിപ്പിക്കുമെന്ന് ദേവകിയ്ക്ക് അറിയില്ലായിരുന്നു. ദേവകിയുടെ മനസ്സിലും ഭയം ഉണ്ടായിരുന്നുവെങ്കിലും അവൾ അത് പുറത്തു കാണിക്കാതെ ആതിരയോട് പെരുമാറി. ആതിരയ്ക്ക് ഒരു സമാധാനവും കിട്ടാത്തത് കൊണ്ട് അവൾ ചായയുമായി ഉമ്മറത്തേക്ക് പോയി. അവരുടെ വരവും കാത്ത് അവൾ പുറത്തേയ്ക്ക് കണ്ണും നട്ട് നിന്നു. പെട്ടെന്നാണ് ആ കാഴ്ച അവളുടെ കണ്ണുകളിൽ ഉടക്കിയത്. അത് കണ്ടതും അവൾ ഞെട്ടി പുറകോട്ട് മാറി. അവളുടെ കൈയിലിരുന്ന കപ്പ് താഴെ ചാടി പൊട്ടി ചിതറി. ആതിരയുടെ കണ്ണുകൾ നിറഞ്ഞൊഴുകി..… തുടരും….