Wednesday, December 18, 2024
Novel

കൗസ്തുഭം : ഭാഗം 17

എഴുത്തുകാരി: അഞ്ജു ശബരി


സുമിത്രാമ്മയുടെയും ശിവദാസന്റെയും ചിരിക്കുന്ന മുഖം ഓർമ്മയിലേക്ക് വന്നപ്പോൾ നവിയുടെ കണ്ണു നിറഞ്ഞു..

നിറഞ്ഞ കണ്ണുകൾ ആരും കാണാതിരിക്കാൻ നവനീത് കണ്ണുകൾ ചിമ്മി ചിമ്മി അടച്ചു .

അനു തുടർന്നു…

വർഷങ്ങൾ കടന്നു പോയി..

കമ്പനി നല്ലപോലെ പോകുമ്പോഴും ഇടയിൽ ചില തിരിമറികൾ അച്ഛന്റെ ശ്രദ്ധയിൽ പെട്ടിരുന്നു…

അത് ചെയ്തത് ആത്മാർത്ഥ കൂട്ടുകാർ ആണെന്ന് മനസ്സിലായപ്പോൾ അച്ഛൻ ആകെ തകർന്നു പോയി…

കമ്പനിയുടെ ലൈസൻസും ഓണർഷിപ്പും അച്ഛന്റെ പേരിലായിരുന്നു.. അതിന് ശേഷം എഴുതിയ അഗ്രിമെന്റിൽ ആയിരുന്നു നവിയുടെ അച്ഛന്റെയും ബെന്നിയുടെയും പേര് ചേർത്തത്..

കമ്പനിയുടെ ഓണർഷിപ്പ് അച്ഛന്റെ പേര് ആയതുകൊണ്ട് തന്നെ അവർക്ക് അവിടെ കൂടുതൽ കാര്യങ്ങൾ ചെയ്യാൻ ബുദ്ധിമുട്ടുണ്ടായിരുന്നു…

അച്ഛൻ ജോയിന്റ് അക്കൗണ്ടുകൾ പലതും ബ്ലോക്ക് ചെയ്തു… അവർക്ക് അച്ഛന്റെ ഒപ്പ് ഇല്ലാതെ കമ്പനിയിൽ നിന്ന് ഒരു രൂപ പോലും എടുക്കാൻ പറ്റാത്ത വിധം ബ്ലോക്ക് ചെയ്തു…

കാര്യങ്ങളൊക്കെ അച്ഛൻ മനസ്സിലാക്കി എന്ന് മനസ്സിലായപ്പോൾ…. അവർക്ക് രണ്ടുപേർക്കും അച്ഛനോട് വൈരാഗ്യം ആയി…

എങ്കിലും അവർ ഒന്നും നേരിട്ട് കാണിച്ചില്ല.. പക്ഷെ ഉള്ളിൽ വെച്ചു ഒരു അവസരത്തിനായി കാത്തിരിക്കുക ആയിരുന്നു എന്ന് എന്റെ അച്ഛന് അറിയില്ലായിരുന്നു..

ആ സമയം ഏട്ടൻ എഞ്ചിനീറിങ്ങിനു കോയമ്പത്തൂർ പഠിക്കുകയായിരുന്നു.. ഞാൻ പ്ലസ് ടു പഠിക്കുവായിരുന്നു…

നവിയുടെ ചേട്ടനും എംബി എ കഴിഞ്ഞ് ഞങ്ങളുടെ കമ്പനിയിൽ ജോയിൻ ചെയ്തിരുന്നു…

അവർ മൂന്നുപേരും ചേർന്ന് അച്ഛനെക്കൊണ്ട് ഏതൊക്കെയോ അഗ്രിമെന്റ് പേപ്പറുകൾ മറ്റേതൊക്കെയോ ഫയലിൽ ഒളിപ്പിച്ചു വെച്ചു ഒപ്പിടിച്ചു വാങ്ങി.. ഒരുതവണ അല്ല പലതവണ..

കാര്യങ്ങൾ ഒക്കെ അച്ഛൻ മനസ്സിലാക്കിയപ്പോഴേക്കും ഒരുപാട് വൈകിപ്പോയി..

അപ്പോഴേക്കും എല്ലാം അവർ കൈവശം ആക്കിയിരുന്നു താമസിച്ചിരുന്ന വീട് പോലും..

ആദ്യമാദ്യം ഞങ്ങളെ നടന്ന കാര്യങ്ങൾ ഒന്നും അറിയിക്കാതെ കൊണ്ടുനടക്കാൻ അച്ഛൻ ശ്രമിച്ചു..
പക്ഷേ വീട്ടിൽ നിന്നും ഇറങ്ങേണ്ട അവസ്ഥ വന്നപ്പോൾ എല്ലാം എല്ലാവരും അറിഞ്ഞു….

കമ്പനിയിൽ നിന്നും വീട്ടിൽ നിന്നും ഇറങ്ങണം എന്ന് പറഞ്ഞു നിളയുടെ പേരിൽ വന്ന ഒരു വക്കീൽ നോട്ടീസിൽ നിന്നാണ് എല്ലാവരും എല്ലാം അറിയുന്നത്..

അങ്ങനെ ഒരു സുപ്രഭാതത്തിൽ ഞങ്ങൾക്ക് താമസിച്ചിരുന്ന വീട് വിട്ട് ഇറങ്ങേണ്ടി വന്നു..

ഞങ്ങളെയും കൊണ്ട് എങ്ങോട്ട് പോകണമെന്നറിയാതെ അച്ഛൻ നിന്നു… തറവാട്ടിൽ അച്ഛമ്മ ഉണ്ടായിരുന്നു..

അങ്ങോട്ട് പോകണം എന്ന് അച്ഛൻ കരുതി പക്ഷേ അച്ഛമ്മ തനിച്ച് ആണെങ്കിൽ കുഴപ്പമില്ല അവിടെ അച്ഛന്റെ സഹോദരങ്ങളും അവരുടെ കുടുംബവും ഒക്കെ ഉണ്ട് അവർ എതിർക്കും എന്നുള്ള കാര്യത്തിൽ ഒരു സംശയവും ഇല്ലായിരുന്നു..

അതുകൊണ്ട് തിരികെ തറവാട്ടിലേക്ക് പോകാൻ അച്ഛൻ മടിച്ചു..

എങ്കിലും എറണാകുളത്ത് തുടർന്ന് താമസിക്കാൻ താല്പര്യമില്ലാത്തതിനാൽ അച്ഛൻ ഞങ്ങളെയും കൂട്ടി അച്ഛന്റെ സ്വന്തം നാടായ പാലക്കാട്ടേക്ക് പോയി…

അച്ഛന്റെ കയ്യിൽ ആകെയുണ്ടായിരുന്ന പൈസയും അമ്മയുടെയും എന്റെയും സ്വർണ്ണം വിറ്റ പൈസയും കൊണ്ട് അവിടെ ഒരു ചെറിയ വീട് വാങ്ങി ..

താമസം തുടങ്ങിയതിനു ശേഷമാണ് ഞങ്ങൾ അറിഞ്ഞത് ഞങ്ങളുടെ തൊട്ടയൽപക്കത്തെ താമസിച്ചിരുന്ന മൊയ്തീൻ അച്ഛന്റെ ബാല്യകാല സുഹൃത്തായിരുന്നു എന്ന് ..

മുന്നോട്ട് എന്തുചെയ്യണമെന്നറിയാതെ തകർന്ന് നിന്നപ്പോൾ ഞങ്ങളെ സഹായിക്കാൻ ആയി വന്നത് മൊയ്തീൻ ഉപ്പയും ഭാര്യ സൈനബയും ആയിരുന്നു..

ഉപ്പ അവിടെ ടൗണിൽ ടാക്സി ഓടിക്കുക ആയിരുന്നു… അവർക്ക് സമ്പത്ത് കുറവാണെങ്കിലും സ്നേഹമുണ്ടായിരുന്നു ഒരുപാട്…അവർ രണ്ടാളും ഞങ്ങൾക്ക് ഉപ്പയും ഉമ്മയും ആയി.. അവരുടെ രണ്ടു മക്കൾ ഞങ്ങൾക്ക് കൂടെ പിറക്കാത്ത സഹോദരങ്ങളായി…

ഉപ്പയുടെ സഹായത്തോടുകൂടി അച്ഛൻ ലോണെടുത്ത് ഒരു ടാക്സി വാങ്ങിച്ചു.. ഉപ്പയോടൊപ്പം ടാക്സി ഓടിക്കാൻ തുടങ്ങി…

കോടീശ്വരനായി നിന്നിട്ട് പെട്ടെന്നൊരു ദിവസം എല്ലാം നഷ്ടപ്പെട്ടപ്പോൾ എന്റെ അച്ഛൻ തളർന്നില്ല കാരണം അച്ഛന് എല്ലാം തിരിച്ചു പിടിക്കാൻ കഴിയും എന്നുള്ള ഒരു വിശ്വാസമുണ്ടായിരുന്നു..

അങ്ങനെ ആദ്യമായി അച്ഛൻ നിള ഗ്രൂപ്പിനെതിരെ കേസ് ഫയൽ ചെയ്തു..

കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന കാശു മുഴുവനും കേസ് നടത്താനും മറ്റുമായി ചിലവഴിച്ചു തുടങ്ങി..

ഏട്ടൻ കോയമ്പത്തൂർ പഠിച്ചു കൊണ്ടിരിക്കുന്ന സമയം ആയതുകൊണ്ട് തന്നെ പലപ്പോഴും ഏട്ടന് ഫീസ് കൊടുക്കാൻ അച്ഛന് കഴിയാതെ വന്നു..

പലതവണയും ഉപ്പയാണ് ഏട്ടന്റെ ഫീസ് കൊടുത്തിരുന്നത്…. അച്ഛന്റെ കഷ്ടപ്പാട് കണ്ട് അന്നൊക്കെ ഏട്ടൻ പറയുമായിരുന്നു എങ്ങനെയെങ്കിലും പഠിച്ചു ഒരു ജോലി നേടി അച്ഛനെ സഹായിക്കുമെന്ന്..

ഏട്ടനിലായിരുന്നു അച്ഛന്റെയും പ്രതീക്ഷ…

എന്നെ മെഡിസിന് വിടാൻ ആയിട്ട് അച്ഛൻ ഒരുപാട് ആഗ്രഹിച്ചിരുന്നു പക്ഷേ കോച്ചിങ്ങിന് വിടാനോ ഒന്നും അച്ഛന്റെ കയ്യിൽ പൈസ ഉണ്ടായിരുന്നില്ല..

അങ്ങനെ ഞാൻ എൻട്രൻസ് എഴുതി എംബിബിഎസിന് മെറിറ്റിൽ എനിക്ക് സീറ്റ് കിട്ടി.. പക്ഷേ സീറ്റ് മാത്രം പോരല്ലോ എന്നെ പഠിപ്പിക്കാനുള്ള ചിലവ് അച്ഛനെ കൊണ്ട് താങ്ങാവുന്നതിനും അപ്പുറമായിരുന്നു..

എനിക്ക് വേണ്ടി എത്ര വേണമെങ്കിലും അച്ഛൻ കഷ്ടപ്പെടും എന്ന് മനസ്സിലാക്കിയ ഞാൻ സ്വയം അതിൽ നിന്ന് പിന്മാറി..

അത് അച്ഛനെ വല്ലാതെ തകർത്തുകളഞ്ഞു…

പിന്നീട് ഒരിക്കൽ ഒരു ഓട്ടവുമായി ബന്ധപെട്ടു അച്ഛൻ എറണാകുളത്ത് പോയിരുന്നു… നഗരത്തിലെ പ്രശസ്തമായ ഒരു ഹോട്ടലിലേക്ക് ആയിരുന്നു ഓട്ടം പോയത്… അവിടെ ഒരു വലിയ ഗെറ്റുഗദർ പാർട്ടി നടക്കുകയായിരുന്നു…

ഹോട്ടലിന്റെ ഉള്ളിൽ കയറി കഴിഞ്ഞപ്പോഴാണ് മനസ്സിലായത് അത് നിള ഗ്രൂപ്പിന്റെ പാർട്ടി ആണെന്ന്…

ഒരുനാൾ നിള ഗ്രൂപ്പിന്റെ തലപ്പത്തിരുന്ന അച്ഛൻ അതേ സ്ഥലത്ത് ഒരു ടാക്സി ഡ്രൈവർ ആയിട്ട് ചെന്നത് പലരും കണ്ടു…

സഹതാപവും പുച്ഛവും ഒക്കെ കലർന്ന നോട്ടം അച്ഛനെ വല്ലാതെ അസ്വസ്ഥനാക്കി… അന്ന് തന്നെ അച്ഛനെ തകർത്ത മറ്റൊരു സംഭവവും ഉണ്ടായി..

നിളയ്ക്ക് എതിരെ ഞങ്ങൾ കൊടുത്ത കേസ് തോറ്റു… ലക്ഷങ്ങൾ കൊടുത്തു സുപ്രീം കോടതിയിൽ നിന്നും വലിയ വക്കീലിനെ അവർ കൊണ്ടുവന്നിരുന്നു.. അതിന് മുൻപിൽ ഞങ്ങളുടെ വക്കീലിന് പിടിച്ചു നിൽക്കാനായില്ല..

തിരിച്ച് വീട്ടിലെത്തിയ അച്ഛൻ ആരോടും ഒന്നും മിണ്ടാതെ മുറിയിൽ തന്നെ ഇരുന്നു…

അച്ഛന്റെ വിഷമം മനസ്സിലാക്കി അമ്മ ഞങ്ങളെയും വിലക്കി.. അച്ഛനെ കുറച്ചുസമയം തനിയെ വിടണം എന്ന് പറഞ്ഞു..

പക്ഷേ അടുത്ത ദിവസം രാവിലെ ഞങ്ങളെ കാത്തിരുന്നത്…..

ഉത്തരത്തിൽ തൂങ്ങി ആടുന്ന അച്ഛന്റെ ജീവനില്ലാത്ത ശരീരം ആയിരുന്നു…

അത് പറഞ്ഞ് തീർന്നപ്പോഴേക്കും അനു പൊട്ടിക്കരഞ്ഞു..

അവളെ എന്ത് പറഞ്ഞ് സമാധാനിപ്പിക്കും എന്നറിയാതെ നവിയും ശ്രീനിയും നിന്നും..

കുറച്ചു സമയത്തിനു ശേഷം..

“സോറി… ഈ സംഭവം കഴിഞ്ഞിട്ട് വർഷങ്ങളായെങ്കിലും എപ്പോഴും അതോർക്കുമ്പോൾ എന്തോ എനിക്ക് സഹിക്കാൻ പറ്റില്ല… അത്രയ്ക്കും ജീവനായിരുന്നു എനിക്ക് എന്റെ അച്ഛനെ… ”

അച്ഛനായിരുന്നു ഞങ്ങളുടെ കുടുംബത്തിലെ നെടുംതൂൺ… അച്ഛന്റെ അഭാവത്തിൽ വീട്ടിലെ കാര്യങ്ങൾ ഒന്നും നോക്കാൻ അമ്മയ്ക്ക് അറിയില്ലായിരുന്നു..

അച്ഛന്റെ മരണവും അമ്മയെ വല്ലാതെ തകർത്തു..
അമ്മ തീർത്തും ഒരു രോഗി ആയി മാറി..

ഏട്ടൻ പഠിത്തം അവസാനിപ്പിച്ച് ഞങ്ങളുടെ കൂടെ വന്നു നിന്നു… എന്നിട്ട് അച്ഛൻ ഓടിച്ച ടാക്സി ഏട്ടൻ ഓടിക്കാൻ തുടങ്ങി…

ഏകദേശം ഒരു മാസത്തോളം അങ്ങനെ കടന്നുപോയി…

പെട്ടെന്ന് ഒരു ദിവസം…

ഞങ്ങളെ തേടി ഒരു അതിഥി വീട്ടിലെത്തി…

ഞാനായിരുന്നു വാതിൽ തുറന്നത്…

മുണ്ടും നേരിയതും ധരിച്ച് നെറ്റിയിൽ ചന്ദനക്കുറിയും കഴുത്തിൽ കരിമണിമാലയും ഒക്കെ ഇട്ട് ഒരു ആഢ്യത്വം ഉള്ള ഒരു സ്ത്രീ ആയിരുന്നു അത്.

കണ്ടപ്പോൾ എവിടെയോ നല്ല പരിചയം തോന്നി എനിക്ക് എങ്കിലും ഞാൻ മനസ്സിലാവാതെ നിന്നു..

” അമ്മ എവിടെ… മോളെ ”
“കിടക്കുവാണ്… ”

“എനിക്കൊന്നു കാണാമോ.. ”

“കാണാം പക്ഷേ… അമ്മമ്മ ആരാ എനിക്ക് മനസ്സിലായില്ലല്ലോ.. ”

അത് കേട്ട് അവരൊന്ന് പുഞ്ചിരിച്ചു.

“അമ്മമ്മ അല്ല മോളെ അച്ഛമ്മ യാണ്…”

“അച്ഛമ്മ… “അമ്മയുടെയും അച്ഛന്റെയും വാക്കുകളിൽ കൂടി ഞങ്ങൾക്ക് ചിര പരിചിതമായ വ്യക്തിത്വം..

പെട്ടെന്ന് മുന്നിൽ കണ്ടപ്പോൾ എനിക്ക് എന്താ ചെയ്യേണ്ടത് എന്ന് അറിയാണ്ട് ആയിപോയി.

ഞാൻ വേഗം അച്ഛമ്മയുടെ അടുത്തേക്ക് ചെന്നു..

“എനിക്കു മനസ്സിലായില്ല അച്ഛമ്മേ… അച്ഛമ്മ അകത്തേക്ക് കയറി വാ അമ്മ അകത്തുണ്ട്.. ”

ഞാൻ വേഗം അച്ഛമ്മയുടെ കൈപിടിച്ച് അമ്മയുടെ അടുത്തേക്ക് കൊണ്ട് പോയി…

പെട്ടെന്ന് അച്ഛമ്മയെ മുന്നിൽ കണ്ടപ്പോൾ അമ്മയും ആകെ പതറിപ്പോയി..

പരസ്പരം ഒന്നും പറയാനാവാതെ രണ്ടുപേരും മുഖത്തോടുമുഖം നോക്കി ഇരുന്നു… കുറച്ചുകഴിഞ്ഞ് ഞാൻ കാണുന്നത് അച്ഛമ്മയെ കെട്ടിപ്പിടിച്ച് അമ്മ കരയുന്നതാണ്..

ഞാൻ വേഗം അച്ഛമ്മയ്ക്ക് ചായ ഇട്ടു കൊടുത്തു.. അപ്പോഴേക്കും ഏട്ടനും വന്നു…

ഞങ്ങളെ ആ ഒരു അവസ്ഥയിൽ കണ്ടപ്പോൾ അച്ഛമ്മ ആകെ തകർന്നു പോയിരുന്നു..

“സുമേ… നിങ്ങൾ എന്നോടൊപ്പം വരണം.. ”

അച്ഛമ്മയുടെ പെട്ടെന്നുള്ള ആവശ്യം കേട്ടപ്പോൾ അമ്മക്ക് എന്ത് പറയണം എന്നറിയാതായി..

“അമ്മേ.. അത് വേണ്ട ”

“മ്മ്.. എന്തേയ്.. ”

“അല്ല അമ്മേ.. ഞങ്ങളെ ആർക്കും ഇഷ്ടാവില്ല ഏട്ടൻ ജീവിച്ചിരുന്നപ്പോൾ ഞങ്ങൾ അങ്ങോട്ട് വന്നിട്ടില്ല.. പിന്നെ ഇപ്പോൾ വന്നാൽ അത് സഹോദരങ്ങൾക്ക് ഇടയിൽ ഒരു പ്രശ്നമാകും”

“സുമിത്രെ… എന്റെ ശിവനെ മരിച്ചു പോയിട്ടുള്ളൂ… അവന്റെ അമ്മയായ ഞാനെവിടെ ജീവനോടെ ഇരിക്കുമ്പോൾ എന്റെ മോന്റെ ഭാര്യയും മക്കളും ഇങ്ങനെ കിടന്ന് കഷ്ടപ്പെടാൻ ഞാൻ അനുവദിക്കില്ല…”

“ആരും കൂടുതൽ ഒന്നും പറയണ്ട..ഞാൻ പറയുന്നത് അനുസരിച്ചാൽ മാത്രം മതി…”

എന്തു മറുപടി പറയണമെന്നറിയാതെ അമ്മ ഞങ്ങളുടെ രണ്ടു പേരുടെയും മുഖത്തേക്ക് നോക്കി…

വീട്ടിൽ വിരുന്നുകാർ ഉണ്ടെന്ന് കരുതി ഉപ്പയും ഉമ്മയും അങ്ങോട്ട് ഓടി വന്നു..

അച്ഛമ്മ പറഞ്ഞതിനെ ഉപ്പയും ഉമ്മയും ന്യായീകരിച്ചു….

അവസാനം എല്ലാവരുടെയും നിർബന്ധത്തിന് വഴങ്ങി ഞങ്ങൾ അച്ഛമ്മയൊടൊപ്പം പോകാൻ തയ്യാറായി..

പക്ഷേ അവിടെ ഞങ്ങൾക്ക് കിട്ടിയ സ്വീകരണം അത്ര നല്ലതൊന്നും ആയിരുന്നില്ല…

അച്ചാച്ചൻ മരിക്കുന്നതുവരെ ഞങ്ങളെ അവിടേക്ക് അടുപ്പിച്ചില്ല എന്നുള്ളത് കൊണ്ട് തന്നെ ഞങ്ങളെ ആ വീട്ടിൽ കയറി അച്ഛന്റെ സഹോദരന്മാർക്ക് ഭയങ്കര വിരോധമായിരുന്നു..

അത് അച്ഛനോട് ഉള്ള ദേഷ്യം കൊണ്ടല്ല പകരം സത്തുക്കൾ കൈവിട്ടുപോകും നല്ല എന്നുള്ള ഭയം കൊണ്ടാണെന്ന് ഞങ്ങൾക്ക് മനസ്സിലായി..

അച്ഛമ്മയെ ഭയന്നു ആരും പുറമെ ഒന്നും കാണിച്ചില്ല

അച്ഛമ്മയെ ധിക്കരിച്ച് അവിടെനിന്നു പോരാൻ ഞങ്ങൾക്കും കഴിഞ്ഞതുമില്ല..

അച്ഛമ്മ ഏട്ടനെ വീണ്ടും കോളേജിൽ വിട്ടു പഠിപ്പിക്കാൻ തുടങ്ങി… അതോടൊപ്പം തന്നെ എന്നോട് അടുത്ത തവണ എൻട്രൻസ് എഴുതാനായി പറഞ്ഞു…

അങ്ങനെ ഞാൻ വീണ്ടും പഠിച്ചു തുടങ്ങി…

ഡോക്ടറാകണം എന്നുള്ളത് ചെറുപ്പം മുതലുള്ള ആഗ്രഹമായിരുന്നു എനിക്ക്.. പക്ഷേ എംബിബിഎസ് എടുത്തു കഴിഞ്ഞാൽ അത്രയും വലിയൊരു ചെലവ് അച്ഛമ്മയെ കൊണ്ട് വഹിപ്പിക്കാൻ എനിക്ക് താല്പര്യം ഇല്ലായിരുന്നു…

അതുകൊണ്ടുതന്നെ ഞാൻ പഠിത്തത്തിൽ ഉഴപ്പി… അക്കൊല്ലം എൻട്രൻസ് എഴുതിയപ്പോൾ എനിക്ക് വെറ്റനറി മെഡിസിൻ ആയിരുന്നു കിട്ടിയത്..

ഒരു കൊല്ലം കൂടി എൻട്രൻസ് എഴുതാൻ അച്ഛമ്മ എന്നെ നിർബന്ധിച്ചു.. അല്ലെങ്കിൽ പൈസ കൊടുത്ത് മെഡിസിന് സീറ്റ് വാങ്ങി തരാം എന്നും പറഞ്ഞു…

ഞാൻ പക്ഷേ സമ്മതിച്ചില്ല… ഇഷ്ടത്തോടെ തന്നെയാണ് ഞാൻ ഈ കോഴ്സ് തെരഞ്ഞെടുത്തത്…

അങ്ങനെ ഞാൻ തറവാട്ടിൽനിന്ന് പഠിക്കാൻ തുടങ്ങി..

ചേട്ടൻ അപ്പോഴേക്കും ബിടെക് കഴിഞ്ഞ് എംടെക്കിന് ബാംഗ്ലൂർ ചേർന്നിരുന്നു

വീട്ടിലുള്ള ബാക്കിയുള്ളവരുടെ എല്ലാം എതിർപ്പ് വകവയ്ക്കാതെ അച്ഛമ്മ ഞങ്ങളെ ചേർത്തുപിടിച്ചു… ഞങ്ങളുടെ ആവശ്യങ്ങൾ ഓരോന്നും പറയാതെ തന്നെ ചെയ്തു തന്നു കൊണ്ടിരുന്നു..

തറവാട്ടിൽ എത്തിയതിനു ശേഷം അമ്മയ്ക്ക് ചെറിയ മാറ്റം കണ്ടുതുടങ്ങി… അമ്മേ നല്ല ആശുപത്രിയിൽ തന്നെ കൊണ്ടുപോയി ചികിത്സിച്ചു..

പക്ഷേ ഒട്ടും പ്രതീക്ഷിക്കാതെ മറ്റൊരു ദുരന്തം ഞങ്ങളെ തേടിയെത്തി…

“അച്ഛമ്മ ഞങ്ങളെ വിട്ടുപോയി…!!”

“ക്യാൻസർ ആയിരുന്നു… മറ്റുള്ളവരുടെ എല്ലാകാര്യങ്ങളും മനസ്സറിഞ്ഞ് ചെയ്തിരുന്ന അച്ഛമ്മ സ്വന്തം കാര്യം ചെയ്യാൻ മറന്നു പോയി…”.

ക്യാൻസർ ആണെന്ന കാര്യം ഞങ്ങൾ മനസ്സിലാക്കിയത് അവസാന സ്റ്റേജ് ആയപ്പോഴാണ്…

ചികിത്സിച്ചിട്ടും യാതൊരു ഫലവും ഇല്ല എന്നറിഞ്ഞിട്ടും ഉള്ള നാളുകൾ എങ്കിലും വേദന ഇല്ലാതെ ജീവിക്കണം എന്നുള്ള നിർബന്ധം കൊണ്ട് അച്ഛമ്മയെ ഞങ്ങൾ ചികിത്സിച്ചു…

പക്ഷേ അധികം താമസിയാതെ അച്ഛമ്മ ഞങ്ങളെ വിട്ടു പോയി..

അച്ഛമ്മയില്ലാത്ത ആ തറവാട്ടിൽ പിന്നെ തുടരാൻ ഞങ്ങൾക്ക് താൽപര്യമില്ലായിരുന്നു..

അച്ഛന്റെ അവസാനകാലം ചെലവിട്ട ആ ചെറിയ വീട്ടിൽ താമസിക്കാൻ ആയിരുന്നു അമ്മയ്ക്കും താല്പര്യം…

അങ്ങനെ ഞങ്ങൾ ആ വീട്ടിലേക്ക് തിരികെ പോരാൻ തയ്യാറെടുക്കുമ്പോഴാണ് ഞങ്ങളെ അന്വേഷിച്ച് ഒരു വക്കീൽ എത്തുന്നത്…

അച്ഛമ്മ എഴുതിവെച്ച ഒരു വിൽപ്പത്രം ആ വക്കീൽ ഞങ്ങളെ ഏൽപ്പിച്ചു…

മറ്റുള്ള മക്കൾക്ക് കൊടുത്ത അതുപോലെതന്നെ സ്വത്തുക്കൾ അച്ഛന്റെ പേരിലും എഴുതി വച്ചിട്ടുണ്ടായിരുന്നു അച്ഛമ്മ…

പക്ഷേ അച്ഛൻ മരണപ്പെട്ടതിനാൽ അച്ഛമ്മ അത് അമ്മയുടെ പേരിലേക്ക് ആക്കി…ആ തറവാടും അതിനോട് ഒരുമിച്ചുള്ള അഞ്ചേക്കർ പുരയിടവും കൂടാതെ എന്റെ വിവാഹത്തിനും പഠന ആവശ്യങ്ങൾക്കും വേണ്ടി എന്റെ പേരിൽ ഒരു വലിയ തുക ഫിക്സഡ് ഡിപ്പോസിറ്റ് ആയി നിക്ഷേപിച്ചിട്ടുണ്ടായിരുന്നു…

ഒരുപക്ഷേ അച്ഛമ്മ മരിക്കുമെന്ന് മുന്കൂട്ടി കണ്ടിട്ട് ഉണ്ടായിരിക്കും… അച്ഛമ്മ പോയാലും ഞങ്ങളുടെ ജീവിതം സുരക്ഷിതം ആകണം എന്ന് കരുതി തന്നെയാണ് ഇത് ഞങ്ങളുടെ പേരിലേക്ക് ആക്കിയത്…

ആ തറവാട് ഞങ്ങൾക്ക് തരാൻ പറ്റില്ല എന്ന് അച്ഛന്റെ സഹോദരങ്ങൾ കർശനമായി പറഞ്ഞു…

അല്ലെങ്കിലും അച്ഛന്റെ കുടുംബത്തിൽ നിന്നും ഒന്നും ഞങ്ങൾ ആഗ്രഹിച്ചിരുന്നില്ല..

അവരുടെ ആവശ്യപ്രകാരം അമ്മ ആ തറവാട് തിരികെ എഴുതിക്കൊടുത്തു…

അവരത് വെറുതെ വാങ്ങിയില്ല… അതിനു തത്തുല്യമായ തുക ഞങ്ങൾക്ക് നൽകിയിട്ടാണ് തറവാട് തിരികെ വാങ്ങിയത്…

ഞാനും അമ്മയും തിരികെ ഞങ്ങളുടെ ചെറിയ വീട്ടിലേക്ക് വന്നു…

ഞാനും അമ്മയും അടങ്ങിയ ചെറിയ കുടുംബത്തിൽ സന്തോഷം സമാധാനം കൈവന്നു… എന്താവശ്യത്തിനും ഉപ്പയും ഉമ്മയും നൗഫൽ ഇക്കയും നാദിയയും ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു..

ഏട്ടൻ ഇടയ്ക്കിടെ വന്നു പോയിക്കൊണ്ടിരുന്നു…

പക്ഷേ ഞങ്ങൾ അറിഞ്ഞിരുന്നില്ല ഞങ്ങളുടെ സന്തോഷവും സമാധാനവും എന്നന്നേക്കുമായി ഞങ്ങൾക്ക് നഷ്ടപ്പെടാൻ പോവുകയാണെന്ന്…

തുടരും..

കൗസ്തുഭം : ഭാഗം 1

കൗസ്തുഭം : ഭാഗം 2

കൗസ്തുഭം : ഭാഗം 3

കൗസ്തുഭം : ഭാഗം 4

കൗസ്തുഭം : ഭാഗം 5

കൗസ്തുഭം : ഭാഗം 6

കൗസ്തുഭം : ഭാഗം 7

കൗസ്തുഭം : ഭാഗം 8

കൗസ്തുഭം : ഭാഗം 9

കൗസ്തുഭം : ഭാഗം 10

കൗസ്തുഭം : ഭാഗം 11

കൗസ്തുഭം : ഭാഗം 12

കൗസ്തുഭം : ഭാഗം 13

കൗസ്തുഭം : ഭാഗം 14

കൗസ്തുഭം : ഭാഗം 15

കൗസ്തുഭം : ഭാഗം 16