Wednesday, January 22, 2025
Novel

കാശ്മീര : ഭാഗം 1

എഴുത്തുകാരി: രജിത ജയൻ

എന്റെ മകളുടെ വിവാഹത്തിന് നല്ല ഒരു ദിവസം കുറിച്ച് തരാൻ പറഞ്ഞതല്ലേയുളളു ഞങ്ങൾ തന്നോട്….? അതിന് താൻ എന്താടോ എന്നോട് മറുപടി പറഞ്ഞത് എന്റെ മകളുടെ ശാന്തിമൂഹൂർത്തം ഇപ്പോൾ നടത്തണമെന്നോ ?? എങ്ങനെ, നിങ്ങൾക്കെങ്ങനെ പറയാൻ തോന്നി പണിക്കരേ….? നിങ്ങളിത്രയും വിവരമില്ലാത്തൊരുത്തനാണെന്ന് ഞങ്ങൾ അറിഞ്ഞിരുന്നില്ല…!! അറിഞ്ഞിരുന്നേൽ നിശ്ചയത്തിന് ക്ഷണിച്ചു വരുത്തിയ ഇത്രയും ആളുകളുടെ ഇടയിൽ വെച്ച് നിങ്ങളുടെ ഈ വർത്തമാനം ഞങ്ങൾ കേൾക്കേണ്ടി വരില്ലായിരുന്നു..!!

വിവാഹ നിശ്ചയ പന്തലിനുളളിൽവെച്ച് വേണുമാഷിന്റ്റെ ശബ്ദം വല്ലാതെ ഉയർന്നപ്പോൾ നിശ്ചയ ചടങ്ങിൽ പങ്കെടുക്കാനെത്തിയവരെല്ലാം അങ്ങോട്ടേക്ക് ശ്രദ്ധിക്കാൻ തുടങ്ങി. .. എന്താ അച്ഛാ ..? എന്താണ് പ്രശ്നം ..? അച്ഛൻ എന്തിനാണ് പണിക്കരോട് ദേഷ്യപ്പെടുന്നത്..? അദ്ദേഹത്തെ പറ്റി അച്ഛനറിയില്ലേ….പ്രശസ്തനാണദ്ദേഹം. എത്ര പാടുപ്പെട്ടിട്ടാണ് ഈ വിവാഹ നിശ്ചയത്തിന് നമ്മൾ അദ്ദേഹത്തെ വരുത്തീത്….എന്നിട്ടച്ഛൻ…? ഓ…ഒരു പ്രശസ്തൻ…!!പണ്ഡിതൻ..! നിനക്ക് വേറെ ആരെയും കിട്ടീലേ ശിവാ നിന്റ്റെ അനിയത്തിയുടെ വിവാഹ തിയ്യതി കുറിപ്പിക്കാൻ….?

അടങ്ങാത്ത ദേഷ്യത്തോടെ വേണുമാഷ് ഓരോന്ന് വിളിച്ച് പറയുമ്പോഴും തനിക്ക് മുന്നിലെ രാശിപലകയിലേക്ക് തളർച്ചയോടെ നോക്കി ഇരിക്കുകയായിരുന്നു ദേവദാസ് പണിക്കർ. .. ”പണിക്കരേ… അങ്ങ് പൊറുക്കണം… അച്ഛൻ പറയണതൊന്നും ഞങൾക് മനസ്സിലാക്കാൻ പറ്റുന്നില്ല. … എന്താണ് അങ്ങ് അച്ഛനോട് പറഞ്ഞത്…? ശിവൻ പണിക്കരുടെ അടുത്തേക്ക് നീങ്ങവേ പെട്ടെന്ന് വേണുമാഷിന്റ്റെ ഒച്ച ഉയർന്നവിടെ..!! ശിവാ നിനക്ക് ഞാൻ പറഞ്ഞു തരാടാ അയാൾ പറഞ്ഞത് .!! നിന്റ്റെ അനിയത്തി ശിവാനിയുടെ വിവാഹം നടക്കുന്നതിന് മുമ്പ് തന്നെ അവളുടെ ശാന്തിമൂഹൂർത്തം നടത്തണമെന്ന്..!!

വേണുമാഷിന്റ്റെ സംസാരം കേട്ട ശിവനുൾപ്പെടെ എല്ലാവരും അയാളെ തുറിച്ച് നോക്കി .. എന്താടാ മനസ്സിലായില്ലേ നിനക്ക് ഞാൻ പറഞ്ഞത്…?? എന്നാൽ വ്യക്തമായി കേട്ടോളൂ… ഇന്ന്, ഈ പകൽ അവസാനിക്കുന്നതിനു മുമ്പ് നിന്റ്റെ അനിയത്തി കന്യകയല്ലാതായി തീരണമെന്ന്….!! വിവാഹത്തിനുമുമ്പ്തന്നെ അവളൊരുത്തനൊപ്പം കിടക്കണമെന്ന്…!! മനസ്സിലായോ നിനക്ക്..?? അച്ഛൻ കലിപൂണ്ടോരോന്ന് വിളിച്ച് പറയവേ ശിവൻ പണിക്കരുടെ മുഖത്തേക്ക് പകച്ചു നോക്കി നിന്നു…

പന്തലിൽ ഉണ്ടായിരുന്നവരെല്ലാം പണിക്കർക്ക് ചുറ്റും കൂടവേ രാശിപലകയിലെ വിധിവിളയാട്ടത്തിനെതിരെ ഇനിയെന്ത് എന്നറിയാതെ പണിക്കർ പകച്ചിരുന്നു..!! പണിക്കരേ…… ശിവന്റെ ശബ്ദം അരികിൽ നിന്നുയർന്നപ്പോൾ പണിക്കർ തലയുയർത്തി അവനെ നോക്കി. … ശിവനരിക്കിൽ അവളുണ്ടായിരുന്നു, അവന്റെ അനിയത്തി ”ശിവാനി.””…!! പട്ടിലും പൊന്നിലും പൊതിഞ്ഞൊരു അപ്സരകന്യക മുന്നിൽ വന്നു നിന്നതുപോലെയാണ് പണിക്കർക്ക് തോന്നിയത്. . പണിക്കരേ … ദേ ഇവളാണെന്റ്റെ അനിയത്തി …ശിവാനി…. ആ നിൽക്കുന്ന വിഷ്ണുവുമായ് ഞങ്ങൾ വിവാഹം നടത്താൻ തീരുമാനിച്ച ഞങ്ങളുടെ കുട്ടി..

ഇവരുടെ വിവാഹംഅതെന്നാണ് നടത്തേണ്ടത് എന്നറിയാനാണ് ഞങ്ങൾ താങ്കളെ ക്ഷണിച്ചു വരുത്തീത്….പക്ഷേ താങ്കൾ പറയുന്നു ഇവളിലെ …….. ശിവാ ഞാൻ പറഞ്ഞതെല്ലാം സത്യമാണ്. …! കഴിഞ്ഞ അമ്പതുവർഷത്തോളമായ് ഞാനീ കവടി നിരത്തി പലതും പറഞ്ഞിട്ടുണ്ട്. ..എത്രയോ മംഗളകരമായ കാര്യങ്ങൾക്ക് സാക്ഷിയായിട്ടുമുണ്ട്…പക്ഷേ ഇത് …ഇങ്ങനൊന്നാദ്യമാണ് കുട്ടീ…..ഞാൻ പറഞ്ഞത് സത്യം ആണ്. …! എന്ത് സത്യം പണിക്കരേ….!! വിവാഹത്തിന് മുമ്പ് തന്നെ എന്റെ മകൾ ആണൊരുത്തനൊപ്പം അന്തിയുറങ്ങണമെന്നതാണോ നിങ്ങളുടെ സത്യം. ..? ശിവാ നീയ്യീ ഭ്രാന്തന്റ്റെ വാക്കുകൾക്ക് ചെവികൊടുക്കാതെ വലിച്ചു പുറത്തേക്കെറിയെടാ ഇയാളെ….!!

അടങ്ങാത്ത ദേഷ്യത്തോടെ പണിക്കരെ തല്ലാനായി പാഞ്ഞടുത്ത വേണുമാഷിനെ തടഞ്ഞു നിർത്തി ശിവൻ പണിക്കരുടെ മുന്നിൽ മുട്ടുകുത്തിയിരുന്നു, ആ സമയം അവന്റെ കണ്ണുകളിൽ നിറഞ്ഞു നിന്നിരുന്നത് പകയോ ദേഷ്യമോ അല്ലായിരുന്നു…!! ഭയം മാത്രമായിരുന്നു. …!! പ്രതീക്ഷിച്ചതെന്തോ സംഭവിക്കാൻ പോവുന്നു എന്ന ഭയം….!! പണിക്കരേ ….അങ്ങ് പറയുന്നത്. ..? സത്യം മാത്രമാണ് ശിവാ…. ഇന്ന് ഈ ദിവസം ,ഇപ്പോൾമാത്രമേ ഇത് നമ്മളെല്ലാവരും അറിയാൻ പാടുള്ളൂ എന്ന് വിധി നേരത്തെ തീരുമാനിച്ചുറപ്പിച്ച സത്യം..!! അതാണിത്…… !! ഇതിനെ പറ്റി ശിവന് നേരത്തെ എന്തെങ്കിലും മുന്നറിയിപ്പ് ലഭിച്ചിരുന്നോ ശിവാ….?

തന്റ്റെ മുഖത്തും കണ്ണുകളിലും ഒരു വല്ലാത്ത ഭയം കാണാൻ കഴിയണുണ്ടെനിക്ക്…അതുകൊണ്ട് ചോദിക്കുകയാണ്…? ശിവാനിയുടെ ജന്മരഹസ്യം ശിവനറിയാമോ….?? ജന്മരഹസ്യമോ….? എന്ത് ജന്മരഹസ്യം….? ശിവാ മോനെ എന്താടാ ഇവിടെ നടക്കുന്നത്. ..? നീ എന്തെങ്കിലും ഞങ്ങളിൽ നിന്ന് ഒളിക്കുന്നുണ്ടോ…? എന്താണ് ശിവാനിയുടെ ജന്മരഹസ്യം….?? വേണുമാഷ് പതർച്ചയോടെ ശിവനെ നോക്കവേ തനിക്ക് ചുറ്റിലും നിറഞ്ഞ ശൂന്യതയിൽ ശിവന്റെ ശബ്ദം അമർന്നുപോയി… വേണുമാഷെ….

നിങ്ങളെല്ലാം കരുതിയത് പോലെ ഉത്രം നക്ഷത്രക്കാരിയല്ല നിങ്ങളുടെ മകൾ ശിവാനി, പിന്നെ. …? അവൾ മകം നക്ഷത്രക്കാരിയാണ് …!! വെറും മകമല്ല നാഗപഞ്ചമി നാളുകളിലെ വെളുത്ത പക്ഷക്കാരിയായ മകം ജന്മരാശിക്കാരി…..!! ഉത്രമോ മകമോ അതെന്തെങ്കിലും ആയിക്കോട്ടെ അതിലെന്താണിത്ര വലിയ ജന്മരഹസ്യം….?? ജന്മരഹസ്യമുണ്ടച്ഛാ ….എന്റെ ഈ ശിവാനിക്ക് ഒരു വിവാഹ ജീവിതം വിധിച്ചിട്ടില്ല അല്ലേ പണിക്കരേ….?അവളൊരു കാമിനിയായ കന്യക മാത്രമാണ് അല്ലേ പണിക്കരേ…?? ഒരു പൊട്ടികരച്ചിലോടെ ശിവനത് പറയുമ്പോൾ കാര്യമെന്തെന്നറിയാതെ അവിടെ കൂടിയിരുന്നവർ പണിക്കരെയും ശിവനെയും പകച്ചു നോക്കി.

അപ്പോൾ അങ്ങ് ദൂരെ വാമദേവപുരത്തിനകത്തെ മന്ദാരക്കാവിൽ നിന്നൊരു കാറ്റ് ശിവനരിക്കിൽ നിൽക്കുന്ന ശിവാനിയെ ലക്ഷ്യം വെച്ച് വീശിയടുക്കുന്നുണ്ടായിരുന്നു…!!! ” മോനേ ശിവാ നീ എന്തൊക്കെയാണീ പറയണത്…..? വിവാഹതിയ്യതി കുറിച്ച് തരേണ്ട പണിക്കർ പറയുന്നു ഇന്ന് ഈ പകൽ അവസാനിക്കുന്നതിനു മുമ്പ് എന്റെ മകൾ ശിവാനിയൊരു കന്യകയല്ലാതായി തീരണമെന്ന്….!! അവളെ നെഞ്ചിലിട്ടു താലോലിച്ച് വളർത്തിയ അവളുടെ ഏട്ടൻ പറയുന്നു അവളുടെ കല്ല്യാണം നടക്കില്ലാന്ന്….!!! അവളൊരു കന്യകയായ കാമിനി മാത്രമാണെന്ന്..!! എന്താണിത്….? ശിവാ……മോനേ… അച്ഛാ.എനിക്കൊന്നുമറിയില്ല. …ഒന്നും..!!

വേണുമാഷെ കെട്ടിപിടിച്ചൊരു പിഞ്ചു കുഞ്ഞിനെപോലെ ശിവൻ പൊട്ടിക്കരയുമ്പോൾ തനിക്ക് ചുറ്റും സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്താണെന്നറിയാതെ ശിവാനി എല്ലാവരെയും പകച്ചു നോക്കി, ഒടുവിലവളുടെ നോട്ടം കുറച്ചപ്പുറത്തായ് മാറി നിൽക്കുന്ന വിഷ്ണുവിൽ പതിഞ്ഞു….. അവളുടെ നോട്ടം പതിഞ്ഞ ഓരോ മുഖത്തും അപ്പോൾ തെളിഞ്ഞു നിന്നത് അമ്പരപ്പും അത്ഭുവും അവിശ്വാസവു മാത്രമായിരുന്നു. ….. മിഴികൾ വിഷ്ണുവിൽ പതിയവേ അവനും അവളെ നോക്കി നിൽക്കുകയായിരുന്നു അവിശ്വസനീയതോടെ. ….!! “” ശിവാ

തനിക്കൊന്നും അറിയില്ല എന്ന് മാത്രം താൻ പറയരുത്. …അത് ഞാൻ വിശ്വസിക്കില്ല.., കാരണം ശിവന്റെ കണ്ണുകളിൽ തെളിഞ്ഞുകാണുന്നയീ ഭയം അതിപ്പോൾ ഉണ്ടായ ഒന്നല്ല…! പറയൂ തനിക്കിത് നേരത്തെ അറിയാമായിരുന്നോ….? എങ്കിൽ താനെന്തിനതീ നിമിഷംവരെ മറച്ച് വെച്ചീ കുട്ടിയുടെ ജീവിതം തകർത്തു…? പണിക്കരുടെ വാക്കുകൾ തീഅമ്പുകളായ് ചെവിയിൽ പതിക്കവേ ശിവൻ ഞെട്ടി പണിക്കരെ നോക്കി. … ഇല്ല …പണിക്കരേ ഒരിക്കലും ഇല്ല. .. ഞാനെന്റ്റെ കുട്ടിയുടെ ജീവിതം തകർക്കുകയോ…? അരുത് അങ്ങനൊന്നും പറയരുതേ….! എങ്കിൽ ശിവൻ പറയൂ ഇവളൊരു കാമിനിയായ കന്യക മാത്രമാണെന്ന് ശിവൻ പറഞ്ഞത് എന്തർത്ഥത്തിലാണ്….?

ഏതറിവിന്റ്റെ ബലത്തിലാണ്….? രാശിപലകയിൽ ഈ സത്യം വെളിവായതിപ്പോൾ മാത്രമാണ് ഇതിനുമുമ്പ് ഒരാൾക്കും ഇങ്ങനെയൊന്ന് കണ്ടെത്തി പറയാൻ പറ്റുകയുമില്ല….കാരണം വിധി ആ സത്യം വിളിച്ചു പറയാൻ കരുതി വെച്ച സമയം ഇതാണ്… …അപ്പോൾ പിന്നെ എനിക്കും മുമ്പേ ശിവനെങ്ങനെ അറിഞ്ഞു അത് പറയൂ..? ശിവാ പറയെടാ……എന്താണ് മോനെ നിങ്ങൾ പറയുന്നത്. …. അച്ഛാ ശിവാനിയും വിഷ്ണുവും തമ്മിലുള്ള പ്രണയം മനസ്സിലാക്കിയ അന്നു ഞാൻ വിഷ്ണുവിനെ കാണാൻ അവന്റെ വീട്ടിലേക്ക് പോവുമ്പോൾ എവിടെനിന്നെന്നറിയില്ല എനിക്ക് മുമ്പിലേക്കൊരു കൈനോട്ടക്കാരി വന്നു നിന്നു…

ആ സ്ത്രീയാണെന്നോടാദ്യം പറയുന്നത് ഒരിക്കലും നടക്കാത്തൊരു കാര്യത്തിനാണ് ഞാനപ്പോൾ ഇറങ്ങി പുറപ്പെട്ടിരിക്കുന്നതെന്ന്…..!! അവരുടെ വാക്കുകൾ പരിഹാസത്തോടെ തള്ളി കളഞ്ഞു ഞാൻ ,കാരണം നമ്മുക്കാർക്കും തന്നെ അത്തരം ആളുകളെ വിശ്വാസമില്ല..അവരുടെ വാക്കുകളെയും.. പക്ഷേ കഴിഞ്ഞ ദിവസം ഈ വിവാഹ നിശ്ചയത്തിന് ഞാനീ പണിക്കരെ ക്ഷണിക്കാൻ പോയപ്പോൾ വീണ്ടും എവിടെനിന്നെന്നറിയാതെ ആ സ്ത്രീ എന്റെ മുമ്പിലേക്ക് വന്നു. …അവരാണ്… …അപ്പാഴാണ് എന്നോട് പറയുന്നത് എന്റ്റെ ഈ ശിവാനിക്കൊരു വിവാഹ ജീവിതം ഇല്ലാന്നും അവളൊരു കാമിനിയായ കന്യക മാത്രമായിരിക്കുമെന്നും……!!

മോനെ…..നീയെന്താടാ അതൊന്നും ഇവിടെ വന്നു ഞങ്ങളോടു പറയാതിരുന്നത്…..പറഞ്ഞിരുന്നേൽ …….!! പറഞ്ഞാൽ എന്ത് സംഭവിക്കാനാണച്ഛാ….ഇത്തരം വിശ്വാസങ്ങളെ പുച്ഛത്തോടെ കാണുന്ന നമ്മൾ എന്തു ചെയ്യും. ….ഒരു പക്ഷേ നിങ്ങളെന്നെ അതിന്റെ പേരിൽ കുറെ കളിയാക്കും ഞാനത് ഇവിടെ വന്നു പറഞ്ഞാൽ. …അല്ലാതെ. … ശിവാ …. കഴിഞ്ഞു പോയ കാര്യങ്ങൾ സംസാരിച്ചു സമയം കളയാതെ ശിവൻ ബാക്കി പറയൂ….അന്നാ കൈനോട്ടക്കാരി വേറെ എന്തെങ്കിലും ശിവനോട് പറഞ്ഞിരുന്നോ….?? ഏയ് ഇല്ല പണിക്കരേ…..!

ശിവന്റെ വാക്കുകളിൽ വിശ്വാസം വരാതെ ദേവദാസ് പണിക്കർ വീണ്ടും വീണ്ടും അവനെ സൂക്ഷിച്ച് നോക്കി. ….. ആ പണിക്കരെ… എനിക്കരിക്കിൽ നിന്ന് തിരിഞ്ഞു നടക്കുമ്പോൾ അവർഎന്തൊക്കയോ പറയുന്നുണ്ടായിരുന്നു ശിവാനി നൂറാമത്തെ പെൺകുട്ടിയാണന്നോ മറ്റോ……..!! ശിവാ….!!! ശിവന്റെ വാക്കുകൾ കേട്ട് ഞെട്ടി രാശിപലകയുടെ മുമ്പിൽ നിന്ന് ദേവദാസ് പണിക്കർ ചാടിയെഴുന്നേറ്റൂ..!! ശിവനെന്താണ് പറഞ്ഞത് നൂറാമത്തെ പെണ്ണാണെന്നോ….?? പരിഭ്രമത്തോടത് ചോദിക്കുമ്പോൾ പണിക്കരുടെ ശബ്ദം വല്ലാതെ വിറച്ചിരുന്നു …നെറ്റിയിലൂടെ വിയർപ്പുചാലുകൾ കുതിച്ചു പായും പോലെ ഒഴുകിയിരുന്നു…. എന്താണ് പണിക്കരേ….? എന്താണ്. ..?

പണിക്കരിൽ വന്ന മാറ്റം അവിടെ ഉളളവരിൽ പരിഭ്രാന്തി സൃഷ്ടിച്ചു. . ശിവാ …അന്നവർ എവിടെത്തെ നൂറാമത്തെ പെൺകുട്ടി ആണ് ശിവാനിയെന്ന് പറഞ്ഞിരുന്നോ…? വിറയലോടെ ശിവനോടത് ചോദിക്കുമ്പോൾ പണിക്കരുടെ കണ്ണുകൾ ശിവാനിയുടെ മുഖത്തായിരുന്നു… അവരേതോ കാവിന്റ്റെ പേര് പറഞ്ഞതുപോലൊരോർമ്മയുണ്ട്….പക്ഷേ അതേതാണെന്ന് എനിക്കിപ്പോൾ ഓർമ്മ കിട്ടണില്ല …!! ഓർത്തു നോക്കൂ ശിവാ…..

ഇത് നിന്റ്റെ അനിയത്തിയുടെ ജീവിതം വച്ചുളള കളിയാണ്. ……ഓർത്ത് നോക്കൂ. … മാ….മാ….അങ്ങനെ എന്തോ ആയിരുന്നല്ലോ ഈശ്വരൻമാരെ… മന്ദാരക്കാവാണോ ശിവാ…?…… ശബ്ദത്തിലെ വിറയൽ പുറത്ത് കാണിക്കാതെ പതിഞ്ഞ ശബ്ദത്തിലത് ചോദിക്കുമ്പോൾ പണിക്കർ ആകെ പരിഭ്രാന്തനായിരുന്നു.. അതെ …പണിക്കരേ…. അതേ.. ഈ പേര് തന്നെയാണവർ അന്ന് പറഞ്ഞത്. .. മന്ദാരക്കാവ്..!! അതേ… മന്ദാരക്കാവ്…!! ശിവനിൽ നിന്നാ വാക്ക് പുറത്തേക്ക് വീണതും ഹുങ്കാര ശബ്ദത്തോടൊരു കാറ്റാ വീടിനെ വലയം ചെയ്തൂ…

തുടരും….