Wednesday, January 22, 2025
Novel

കനിഹ : ഭാഗം 5 – അവസാനിച്ചു

കനിഹ എന്തിനാ തിരികെ പോയതെന്ന് ആർക്കും കൃത്യമായി അറിയില്ലായിരുന്നു. അവൾ പരീക്ഷ എഴുതാൻ വരുമോയെന്നുള്ള സംശയം കൊണ്ട് സ്കൂൾ രേഖകളിൽ നിന്നും ഗാർഡിയന്റെ നമ്പർ കണ്ടെത്തി ഹെഡ്മാസ്റ്റർ വിളിച്ചു അന്വേഷിച്ചു. ” ആ കുട്ടിയുടെ അച്ഛന് പെട്ടന്ന് സുഖം ഇല്ലാതെയായി. അതാ തിരികെ പോയത്. പരീക്ഷ എഴുതാൻ വരുമെന്ന് അവർ അറിയിച്ചിട്ടുണ്ട് ” മോളമ്മ ടീച്ചർ സ്റ്റാഫ്‌ റൂമിൽ വന്നു വിവരം അറിയിച്ചപ്പോഴാണ് മറ്റുള്ള അധ്യാപകരും കാര്യം അറിഞ്ഞത്. ” എന്ത് പറ്റിയതാ ടീച്ചറെ, സീരിയസ് പ്രോബ്ലം വല്ലതും ആണോ ” പ്രസാദ് ചോദിച്ചു. ” കുഴപ്പമൊന്നുമില്ല, ചെറിയൊരു നെഞ്ച് വേദന വന്നതാ.

ഇപ്പോ ഭേദമുണ്ടെന്നു അറിഞ്ഞു. എക്സാം എന്തായാലും രണ്ടു മൂന്ന് ആഴ്ച കഴിഞ്ഞല്ലേ ഉള്ളു. അത് വരെ അച്ഛന്റെ ഒപ്പം നിക്കട്ടെ എന്നാ അവർ അറിയിച്ചത് ” മോളമ്മ ടീച്ചർ എല്ലാവരോടുമായി പറഞ്ഞു. കനിഹ തിരികെ വരുമെന്ന് മോളമ്മ ടീച്ചർ ഉറപ്പ് പറഞ്ഞെങ്കിലും അച്ഛന് വയ്യാത്തത് കൊണ്ട് അവൾ ഇനി വരാതെ ഇരിക്കുമോയെന്ന് പ്രസാദിന് ഉള്ളിൽ സംശയം തോന്നിയിരുന്നു. ദിവസങ്ങൾ മെല്ലെ ഇഴഞ്ഞു നീങ്ങി. പരീക്ഷയ്ക്കായി സ്കൂളിൽ തയ്യാറെടുപ്പുകളെല്ലാം പൂർത്തിയായി. മൂന്ന് ഡിവിഷനുകളിലായി 123 കുട്ടികളാണ് ആ സ്കൂളിൽ sslc പരീക്ഷയ്ക്ക് തയ്യാറെടുത്തത്. ആദ്യദിവസം മലയാളം ആയിരുന്നു പരീക്ഷ.

ഉച്ചയ്ക്ക് ഒന്നരയോടെ ആരംഭിക്കുന്ന പരീക്ഷയ്ക്കായി പലരും നേരത്തെ തന്നെ എത്തിയിരുന്നു. ദൂരെ നിന്ന് വരുന്ന കുട്ടികളും മറ്റും രാവിലെ തന്നെ എത്തുകയും ചെയ്തു. വരാന്തകളിലും ബദാo മരത്തിന്റെ തണലിലുമൊക്കെയായി കുട്ടികളെല്ലാം കൂട്ടം കൂടി നിന്ന് പഠിച്ചുകൊണ്ടിരുന്നു. ചിലരുടെ മുഖത്തു പരിഭ്രമം കാണാം, എന്നാൽ മറ്റു ചിലർ യാതൊരു ടെൻഷനും ഇല്ലാതെ കറങ്ങിനടക്കുന്നുമുണ്ട്. ചില കുട്ടികൾ രജിസ്റ്റർ നമ്പർ നോക്കി പരീക്ഷയ്ക്ക് ഇരിക്കേണ്ടുന്ന ഹോൾ കണ്ടെത്തുന്ന തിരക്കിലാണ്. ആകെ ബഹളമയം തന്നെ. നേരം വൈകുംതോറും കനിഹ ഇനി വരില്ലായിരിക്കുമെന്ന് സ്റ്റാഫ്‌ റൂമിൽ ഒരു സംസാരം ഉണ്ടായി.

എന്നാൽ പരീക്ഷയ്ക്ക് അരമണിക്കൂർ മാത്രം ബാക്കി നിൽക്കെ അവൾ സ്കൂളിലേക്ക് വന്നു. പതിവ് പുഞ്ചിരിയോടെ തന്നെ എല്ലാവരുടെയും ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞു അവൾ പരീക്ഷഹാളിലേക്ക് കയറി. ഉച്ചയ്ക്ക് ഒന്നരയോട് കൂടി പരീക്ഷ ആരംഭിച്ചു. സ്കൂൾ പരിസരം പോലും നിശബ്ദതയിൽ മുങ്ങിയ ഏതാനും മണിക്കൂറുകൾ ഇഴഞ്ഞിഴഞ്ഞു നീങ്ങി. പരിഭ്രമത്തോടെ പരീക്ഷഹാളിന് ഉള്ളിലേക്ക് കയറിയ കുട്ടികൾ ചിരിയോടെ പുറത്തു ഇറങ്ങിവന്നു. വീണ്ടും സ്കൂൾ ബഹളമയത്തിലേക്ക്! പരീക്ഷ കഴിഞ്ഞു കൂട്ടുകാരോടു വിശേഷങ്ങൾ പറഞ്ഞു പൊട്ടിച്ചിരിക്കുന്നതിനിടയിലാണ് പ്രസാദ് അവളെ കണ്ടത്.

ഓടി നടന്നു എല്ലാരോടും വിശേഷങ്ങൾ പറയുകയാണ് പെണ്ണ്. അയാളെ കണ്ടതും ചിരിയോടെ തന്നെ അവൾ അരികിലേക്ക് നടന്നുചെന്നു. ” അച്ഛന് എന്താ പറ്റിയത് ” പ്രസാദ് ചോദിച്ചു “ചെറിയൊരു നെഞ്ച് വേദന വന്നതാ. ഇപ്പോ കുഴപ്പമൊന്നുമില്ല. Perfectly alright. ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആയപ്പോ ഡാഡിയ്ക്ക് എന്നെ കാണണമെന്ന് പറഞ്ഞു.. അതാ ഞാൻ പെട്ടന്ന് പോയത് ” അവൾ അയാൾക്കൊപ്പം വരാന്തയിലൂടെ നടന്നു. ” ഞാനോർത്തു എക്സാമിനു വരാൻ പറ്റില്ലായിരിക്കുമെന്ന്.. ” അയാൾ പറയുന്നത് കേട്ടു അവളൊന്നു പുഞ്ചിരിച്ചു ” ഞാൻ ഇവിടുന്ന് തിരിച്ചു പോകുവാ സാർ.. മുംബൈയിലേക്ക് തന്നെ ” ” എന്ത് പറ്റി പെട്ടന്ന് ” നടത്തം നിർത്തി പ്രസാദ് ചോദിച്ചു.

” ഡാഡിയ്ക്ക് വയ്യാതെ ഞാൻ കാണാൻ ചെന്നില്ലേ.,അന്ന് ഡാഡി എന്നെ കെട്ടിപിടിച്ചു കുറെ വിഷമം പറഞ്ഞു., ഞാനിങ്ങനെ ദൂരെ നാട്ടിൽ നില്കുന്നതിൽ ഉള്ള സങ്കടവും മറ്റും. നിനക്ക് ഇവിടെ തന്നെ നിൽക്കാമല്ലോ എന്നൊക്കെ ചോദിച്ചു ” “എന്നിട്ട് കനിഹ എന്ത് പറഞ്ഞു ” ” ഞാനൊരിക്കൽ സാറിനോട് പറഞ്ഞില്ലേ, സ്വന്തമായി ഒരു ഐഡന്റിറ്റി ഉണ്ടായത്തിന് ശേഷം മാത്രമേ അവരോടൊപ്പം താമസിക്കൂ എന്ന്..അക്കാര്യം ഡാഡിയോട് പറഞ്ഞു ” ” എന്നിട്ട് ഡാഡി എന്ത് മറുപടി തന്നു ” ” ഡാഡിയ്ക്ക് നിർബന്ധം.. ഞാൻ ഇനി അവിടെ വേണമെന്ന്… പിന്നെ, മമ്മിയും നിർബന്ധിച്ചു ഡാഡിയ്ക്ക് വയ്യാതെ ഇരിക്കുന്ന സമയമാ, നിന്റെ വാശിയൊക്കെ കളഞ്ഞു ഇങ്ങു പോരാൻ.. ”

” രണ്ടു പേരും കടുംപിടിത്തത്തിലാ അല്ലെ, ” പ്രസാദ് ചെറു ചിരിയോടെ അവളെ നോക്കി. ” പിന്നല്ലാതെ..രണ്ടുപേരും പിടിച്ച പിടിയാലേ നിക്കുവാ .” അവൾ ഉറക്കെ ചിരിച്ചു. “എന്നെ ഇനിയും ഇവിടെ ഒറ്റയ്ക്ക് ആക്കാൻ വയ്യെന്നും, രണ്ടു പേരുടെയും കൺവെട്ടത്ത്‌ ഉണ്ടാവണം എന്നുമൊക്കെ പറഞ്ഞു. പരീക്ഷ എല്ലാം കഴിഞ്ഞു മുംബൈയിൽ ചെല്ലാൻ പറഞ്ഞു, ഹയർ സ്റ്റഡീസ് അവിടെ ആകാമെന്ന്..” അവൾ ദീർഘമായി നിശ്വസിച്ചു. “ഞാൻ പറ്റില്ലന്ന് പറഞ്ഞത് കൊണ്ടാകും രണ്ടുപേരും ചെറിയൊരു പിണക്കത്തിൽ ആയിരുന്നു..പിന്നെ കുറച്ചൊക്കെ വാശി കാണിച്ചു എന്നെകൊണ്ട് സമ്മതിപ്പിച്ചു ” ” അങ്ങനെ അവരുടെ വാശിക്ക് മുന്നിൽ കീഴടങ്ങി അല്ലെ ” പ്രസാദ് ചിരിച്ചു.

“നമ്മുടെ മാതാപിതാക്കളുടെ ചില ചെറിയ വാശികൾക്ക് മുന്നിൽ തോറ്റു കൊടുത്തില്ലെങ്കിൽ പിന്നെ എന്ത് കാര്യമാ സാറേ ഉള്ളത്.. ” അവൾ പുഞ്ചിരിച്ചു. ” അവർക്ക് ഈ ലോകത്ത് സ്നേഹിക്കാനും, വാശി കാണിക്കാനും, പിണങ്ങാനും, ഇടയ്ക്കൊക്കെ ഒന്ന് ദേഷ്യപ്പെടാനുമൊക്കെ നമ്മൾ മക്കൾ അല്ലാതെ ആരാ ഉള്ളത്.. ” ബാഗിൽ നിന്ന് കുറച്ചു മിട്ടായി എടുത്ത് പ്രസാദിന്റെ കയ്യിലേക്ക് കൊടുത്തുകൊണ്ട് അവൾ പറഞ്ഞു. ” പകരം ഞാനും ചെറുതായി ഒന്ന് വാശി കാണിച്ചു കേട്ടോ ” അവളുടെ കണ്ണുകളിൽ കുസൃതി നിറഞ്ഞു. ” ഞങ്ങൾ മുംബയിൽ ജുഹു എന്ന സ്ഥലത്തായിരുന്നു താമസം.

ഡാഡി പിന്നീട് ദാദറിലെ ഫ്ലാറ്റിലേക്ക് താമസം മാറിയതാണ്. രണ്ടും തമ്മിൽ അര മണിക്കൂർ യാത്ര ചെയ്യാനുള്ള ദൂരം ഉണ്ട് .ഹോസ്പിറ്റലിൽ വെച്ച് ഞാൻ പറഞ്ഞു, രണ്ടുപേരുടെയും കൺവെട്ടത്ത് ഉണ്ടാകാം, പക്ഷെ അതിനു വേണ്ടി ഇത്രയും ദൂരം യാത്ര ചെയ്തു അങ്ങോട്ടും ഇങ്ങോട്ടും വരാൻ പറ്റില്ലന്ന്.. ഒന്നുകിൽ മമ്മി ദാദറിലേക്ക് വരണം അല്ലെങ്കിൽ ഡാഡി ജുഹുവിലേക്ക് വരാൻ. ” എന്നിട്ട് അവർ സമ്മതിച്ചോ ” പ്രസാദ് ആകാംഷയോടെ ചോദിച്ചു “പിന്നില്ലാതെ.. ഡാഡി ജുഹുവിൽ പുതിയൊരു വീട് നോക്കുന്നുണ്ട്. അവിടേയ്ക്ക് അധികം വൈകാതെ ഫാമിലി ആയിവന്നു താമസിക്കും.

നേരത്തെയൊക്കെ മുംബൈയിലെ ട്രാഫിക്ക് കുരുക്കിലൂടെ എത്ര മണിക്കൂർ പാടുപെട്ടാ ഞാൻ ദാദറിലേക്ക് പോയ്കൊണ്ടിരുന്നത്.. ഇതാകുമ്പോ കുഴപ്പമില്ല ഒരേ സ്ഥലത്ത് ആയത്കൊണ്ട് അധികം യാത്ര ചെയ്തു ബുദ്ധിമുട്ടേണ്ടല്ലോ.എപ്പോ വേണമെങ്കിലും രണ്ടു വീട്ടിലേക്കും ചെല്ലുകയും ആവാം ..” അവൾ ചിരിച്ചു. ” എക്സാം കഴിഞ്ഞ ഉടനെ പോകുമോ മുംബൈക്ക് ” അയാൾ ചോദിച്ചു. ” ഇല്ല.. ഇത്തവണ വെക്കേഷനു തൃശൂർക്ക് പോവാ..ഗ്രാൻഡ്പയുടെയും ഗ്രാൻഡ്മയുടെയും അടുത്തേക്ക്. വെക്കേഷൻ കഴിഞ്ഞു ഡാഡിയും മമ്മിയും വന്നു വിളിച്ചാലേ വരുള്ളൂ എന്ന് ഞാൻ പ്രത്യേകം പറഞ്ഞിട്ടുണ്ട് ”

” അതെന്താ.. വീണ്ടും വാശി ആണോ ” ” ഒരുതരത്തിൽ അങ്ങനെയും പറയാം..ഡാഡിയും മമ്മിയും നാട്ടിൽ വന്നിട്ട് എത്ര നാളായെന്ന് അറിയോ..എത്രയൊക്കെ പിണക്കം ഉണ്ടെന്ന് പറഞ്ഞാലും ഗ്രാൻഡ്പയ്ക്കും ഗ്രാൻഡ്മായ്ക്കും അവരുടെ മക്കളെ കാണണം എന്നുണ്ടാവില്ലേ..അതുകൊണ്ട് ഡാഡി വന്നു ഡാഡിയുടെ പേരെന്റ്സിനെയും മമ്മി വന്നു മമ്മിയുടെ പേരെന്റ്സിനെയും കാണട്ടെ.. എന്നിട്ട് ഞാൻ അവരുടെ കൂടെ പോകാം ” അവൾ കണ്ണുകൾ വിടർത്തി കുസൃതിയോടെ ചിരിച്ചു.

കൂട്ടുകാർ വന്നു വിളിച്ചതും പ്രസാദിനോട് യാത്ര പറഞ്ഞു പോകുന്ന അവളെ നോക്കി നിൽക്കവേ ഓരോ തവണയും കനിഹ തനിക്കൊരു അത്ഭുതമായി മാറുന്നത് അയാൾ അറിയുന്നുണ്ടായിരുന്നു ! ബാക്കിയുള്ള പരീക്ഷകളും വേഗത്തിൽ തന്നെ കടന്ന് പോയി. അവസാന പരീക്ഷ കഴിയുന്ന ദിവസം എല്ലാ കൂട്ടുകാരെയും കണ്ടു യാത്ര പറഞ്ഞത്തിനു ശേഷമാണ് കനിഹ തൃശൂരേക്ക് പോയത്. മാസങ്ങൾക്ക് ശേഷം sslc റിസൾട്ട്‌ വന്ന ദിവസം ഏറെ സന്തോഷം ഉളവാക്കുന്നതായിരുന്നു. 3 A+ നേടി കുഴപ്പമില്ലാത്ത മാർക്കോട് കൂടിയാണ് കനിഹ പാസ്സ് ആയത്.അതോടൊപ്പം അവരുടേത് 100% വിജയം കൈവരിച്ച സ്കൂളായും മാറിയിരുന്നു.

സർട്ടിഫിക്കറ്റ് വാങ്ങാനായി സ്കൂളിലേക്ക് വന്നപ്പോഴാണ് പ്രസാദ് വീണ്ടും അവളെ കാണുന്നത്. ടീച്ചർമാർക്ക് നടുവിൽ സന്തോഷത്തോടെ ഇരിക്കുന്ന കനിഹയെ. മോളമ്മ ടീച്ചർ അവളെ ചേർത്ത് പിടിച്ചു സംസാരിക്കുകയാണ്. ഇടയ്ക്ക് വാത്സല്യത്തോടെ തലയിൽ തഴുകുന്നുമുണ്ട്. അന്ന് തന്നെ അവൾ മുംബൈയിലേക്ക് തിരികെ പോവാണെന്നു അവരുടെ സംസാരത്തിൽ നിന്നും അയാൾക്ക് മനസിലായി.പ്രസാദിനെ കണ്ടതും അവളൊന്നു പുഞ്ചിരിച്ചു. അയാളും തിരികെ ഒരു പുഞ്ചിരി സമ്മാനിച്ചു. സ്റ്റാഫ്‌റൂമിലെ ഓരോ അധ്യാപകർക്കും അടുത്തെത്തി യാത്ര ചോദിക്കുന്ന അവളെ കൗതുകപൂർവ്വം അയാൾ നോക്കി നിന്നു.

ഏറ്റവുമൊടുവിലായി പ്രസാദിന് അരികിലെത്തി നിറഞ്ഞ പുഞ്ചിരിയോടെ അയാളെ നോക്കി. ” ഇന്ന് തന്നെ പോകുവാ അല്ലെ, ” കൈകൾ മാറോടു കെട്ടി അയാൾ ചോദിച്ചു. ” അതെ സാർ.. അന്ന് പറഞ്ഞത് പോലെ ഡാഡിയും മമ്മിയും വന്നു തൃശൂർക്ക്. രണ്ടു പേരുടെയും വീട്ടിൽ പോയി പേരെന്റ്സിനെ കണ്ടു സംസാരിച്ചു. എന്തൊക്കെയോ ചെറിയ ക്ലാഷ് ഉണ്ടായിരുന്നു.. അതൊക്കെ അങ്ങ് മാറിക്കിട്ടി ” പതിവ് ചിരിയോടെ അവൾ പറഞ്ഞു. “ഇനിയിപ്പോ എന്താ പ്ലാൻ ” പ്രസാദ് ചോദിച്ചു. ” എന്തായാലും മുംബൈയിലേക്ക് പോവാണല്ലോ, അവിടെ ക്ഷത്രിയ ബാഡ്മിന്റൺ അക്കാഡമിയിൽ [KBA]ജോയിൻ ചെയ്യാൻ ഞാൻ തീരുമാനിച്ചു.

ബെറ്റർ കോച്ചിങ് കിട്ടുന്ന ഇടമാണ്.മുന്നോട്ടുള്ള യാത്രയ്ക്കും അതാണ് നല്ലതെന്ന് തോന്നി ” “ഇനിയിപ്പോ ഇങ്ങോട്ടേക്കു ഒരു വരവ് ഉണ്ടാകില്ലല്ലോ.. മറക്കുമോ ഞങ്ങളെയൊക്കെ ” ” ആരു പറഞ്ഞു തിരിച്ചു വരില്ലെന്ന്… ഞാൻ വരും ഇവിടേക്ക്, ഈ സ്കൂളിനോടും ഇവിടുത്തെ ഗ്രൗണ്ടിനോടുമൊക്കെ എനിക്ക് വല്ലാത്തൊരു അടുപ്പമാണ്.ഇവിടെ പഠിച്ച കുറച്ചു വർഷങ്ങൾ..കൂട്ടുകാർ, ടീച്ചേഴ്‌സ്, ഇവിടുത്തെ ഗ്രൗണ്ട്, പ്രാക്ടീസ് ടൈം.. ഇതൊക്കെ ഞാൻ ഒത്തിരി miss ചെയ്യും. ഒരിക്കലും മറക്കാൻ പറ്റാത്ത കുറെ കാര്യങ്ങളുണ്ട് എനിക്കിവിടെ..തീർച്ചയായും ഞാൻ വരും..

നിങ്ങളെ എല്ലാരേം കാണാൻ ” അവളുടെ ശബ്ദം ചെറുതായി ഇടറി. ” താൻ എന്നും എന്റെ പ്രിയപ്പെട്ട സ്റ്റുഡന്റ് ആയിരിക്കും കനിഹ.. ഒരുപക്ഷെ സ്റ്റുഡന്റ് എന്നതിനപ്പുറം മറ്റെന്തൊക്കെയോ ആണ്.. ഒരുപാട് സ്നേഹവും ബഹുമാനവും തോന്നുന്ന ഒരാൾ ” പ്രസാദ് അവൾക്ക് അഭിമുഖമായി നിന്നു. ” എനിക്കും ഒരുപാട് പ്രിയപ്പെട്ട അധ്യാപകരിൽ ഒരാളാണ് സാർ..1 വർഷത്തെ പരിചയമേ ഉള്ളെങ്കിലും ജീവിതത്തിൽ ഒരിക്കലും മറക്കാൻ ആകാത്തത്.” “അനുഗ്രഹിക്കണം ” ഞൊടിയിടയിൽ പ്രസാദിന്റെ കാലിൽ തൊട്ടു വണങ്ങിക്കഴിഞ്ഞിരുന്നു അവൾ. അവളുടെ പ്രവൃത്തി അക്ഷരാർത്ഥത്തിൽ അയാളെ ഞെട്ടിച്ചിരുന്നു.

“നന്നായി വരും ” അവളുടെ നെറുകയിൽ കൈവെച്ച് പറയവേ പ്രസാദിന്റെ കണ്ഠമിടറി. “ഇനിയും നിന്നാൽ വൈകും.ഇന്ന് വൈകിട്ടാ ഫ്ലൈറ്റ്. ചെന്നിട്ട് കുറച്ചു പാക്കിങ് ഒക്കെയുണ്ട്. പോട്ടെ ഞാൻ ” അവൾ പുഞ്ചിരിയോടെ പറഞ്ഞു. മറുപടിയൊരു മൂളലിലൊതുക്കി അവളോടൊപ്പം മെല്ലെ നടന്നു. ഒരിക്കൽ കൂടി സ്റ്റാഫ്‌ റൂമിലേക്കെത്തി എല്ലാവരോടും അവസാനമായി യാത്ര ചോദിച്ചു അവൾ ഗേറ്റ് കടന്ന് പോകുന്നതും നോക്കി നിൽക്കവേ പ്രസാദ് മനസ്സാലെ സകല അനുഗ്രഹങ്ങളും അവൾക്ക്മേൽ ചൊരിഞ്ഞു ************** ദിവസങ്ങളും മാസങ്ങളും കടന്നു പോയി. പ്രസാദിന്റെ മുന്നിലേക്ക് പുതിയ പത്താം ക്ലാസുകാർ എത്തി.

അവർക്ക് മുന്നിൽ മാറ്റങ്ങളെറെയുള്ള പുതിയൊരു അധ്യാപകനായി പ്രസാദ് സാറും നിന്നു. ” നിങ്ങളുടെ മുന്നോട്ടുള്ള പഠനത്തിന് നിർണായകമായ ഒരു വർഷമാണ് ഇത്. പഠിപ്പിക്കുന്നതിൽ സംശയങ്ങളോ ബുദ്ധിമുട്ടോ ഉണ്ടെങ്കിൽ എപ്പോൾ വേണമെങ്കിലും യാതൊരു മടിയും കൂടാതെ നിങ്ങൾ ഓരോരുത്തർക്കും എന്നോട് ചോദിക്കാം. ഓരോരുത്തരും അവരവരുടെ കഴിവിനനുസരിച്ചു നന്നായി പഠിക്കുക.എങ്കിലും പരീക്ഷയ്ക്ക് അല്പം മാർക്ക്‌ കുറഞ്ഞത് കൊണ്ടോ പഠിത്തത്തിൽ പിന്നോട്ട് ആണെന്നോ കരുതി ഒരിക്കലും നിങ്ങൾ മോശക്കാരാണെന്ന് കരുതരുത്.

അടുത്ത തവണ അതിൽ ഇമ്പ്രൂവ്മെന്റ് വരുത്തുക. അതോടൊപ്പം തന്നെ നിങ്ങളുടെ ഉള്ളിൽ ഉറങ്ങികിടക്കുന്ന ടാലെന്റും , സ്കില്ലും തിരിച്ചറിയുകയും അതിനെ പരിപോഷിപ്പിക്കുകയും ചെയ്യണം. എല്ലാത്തിനും മേലെ നല്ല ഒരു വ്യക്തി ആകുക, നല്ല സൗഹൃദങ്ങളെ വളർത്തിയെടുക്കുക, സഹജീവികളോട് കരുണയോടെ പെരുമാറുക, പുസ്തകത്തിൽ നിന്നും കാണപ്പാടം പഠിക്കുന്ന അറിവിനെക്കാൾ വളരെ വലുതാണ് തിരിച്ചറിവ് എന്ന് എപ്പോഴും മനസിലാക്കുക. പഠനം മാത്രമാണ് പ്രധാനമെന്ന് കരുതി നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും നല്ല നിമിഷങ്ങളെ നഷ്ടപ്പെടുത്തരുത്.

അവയെ ആസ്വദിക്കുക.. എന്നാൽ ആസ്വാധനത്തിന് വേണ്ടി പഠനത്തെ ഉപേക്ഷിക്കയുമരുത്.. രണ്ടും ഒരേപോലെ മുന്നോട്ട് കൊണ്ടുപോകുക. അതിനായി നിങ്ങളോടൊപ്പം ഒരു അധ്യാപകനായും നല്ല സുഹൃത്തായും ഞാൻ ഉണ്ടാകുന്നതാണ് ” പുഞ്ചിരിയോടെ പ്രസാദ് പറഞ്ഞവസാനിപ്പിച്ചപ്പോഴേക്കും ഓരോ കുട്ടികളും കരഘോഷത്തോടെ അയാളുടെ വാക്കുകളെ സ്വീകരിച്ചിരുന്നു. 6 വർഷങ്ങൾ വേഗത്തിൽ ഓടിക്കഴിഞ്ഞു. ഓരോ അധ്യയന വർഷവും പുതിയ കുട്ടികൾ വന്നുകൊണ്ടേയിരുന്നു. അവർക്കൊക്കെ മുന്നിൽ മികച്ച അധ്യാപകനായി പ്രസാദ് സാറും ഉണ്ടായിരുന്നു.

തന്റെ മുന്നിലിരിക്കുന്ന ഓരോ കുട്ടികളിലും പ്രസാദ് കനിഹയെ തിരഞ്ഞു. അവരിൽ പഠിത്തത്തിൽ മികച്ച കുട്ടികൾ ഉണ്ട്, അല്പം പിറകിലായവർ ഉണ്ട്, ഒരുപാട് പിന്നിൽ വീണു കിടക്കുന്നവർ ഉണ്ട്,ആഗ്രഹം ഉണ്ടായിട്ടുംപല സാഹചര്യങ്ങൾ കൊണ്ട് പഠിക്കാൻ സാധിക്കാത്തവർ ഉണ്ട്,അവരുടെ ആവിശ്യങ്ങളെ അറിയാനും, അവരെ കൈ പിടിച്ചു നടത്താനും ഇരുട്ട് മൂടിയ മുന്നോടുള്ള വഴിയിൽ വെളിച്ചം നല്കാനും അയാൾക്ക് കഴിഞ്ഞു. ” സാറിനോട് കുട്ടികൾക്കൊക്കെ ഒരു പ്രത്യേക ഇഷ്ടമാണ് കേട്ടോ ” പീരിയഡ് കഴിഞ്ഞു സ്റ്റാഫ്‌റൂമിലേക്ക് വന്നതും സഹപ്രവർത്തകനായ സൂരജ് പറഞ്ഞു.

പുതിയ സ്കൂളിലേക്ക് മാറ്റം ആയതിനു ശേഷമുള്ള പ്രസാദിന്റെ രണ്ടാം വർഷമാണത്. ഒരു ചിരിയോടു കൂടി പ്രസാദ് അയാളുടെ ഇരിപ്പിടത്തിലേക്കിരുന്നു ഫോൺ എടുത്തു നേരത്തെ snooze ചെയ്തിട്ടിരുന്ന വാർത്തയിലൂടെ വീണ്ടും കണ്ണോടിച്ചു. കോമൺ വെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് വേണ്ടി മെഡൽ അണിഞ്ഞു ചിരിയോടെ നിൽക്കുന്ന 21കാരി, “കനിഹ. R. പ്രതാപ് ” അന്ന് കണ്ട 15കാരിയിൽ നിന്ന് അവൾക്ക് യാതൊരു മാറ്റവും ഇല്ല.താൻ ആദ്യമായി അവളെ കണ്ടപ്പോൾ അവളുടെ മുഖത്തുണ്ടായിരുന്ന അതേ ആത്മവിശ്വാസത്തോടെയും ചിരിയോടെയും നില്കുന്നു. മാറ്റം മുഴുവനും തനിക്കാണ്.

താനെന്ന അധ്യാപകന്.. പക്ഷെ മാറ്റമില്ലാത്ത ഒന്നു മാത്രമുണ്ട്.. ” കനിഹ ” കുറെയേറെ കുട്ടികളെ പഠിപ്പിച്ചെങ്കിലും എല്ലാത്തിനും മുകളിൽ ബഹുമാനവും ആദരവും തോന്നിയിട്ടുള്ള അതിലുപരി അയാളിലെ മാറ്റങ്ങളുടെ കാരണക്കാരി. പ്രസാദിന്റെ ഏറ്റവും പ്രിയപ്പെട്ട വിദ്യാർത്ഥിനി. ഇനി കാത്തിരിപ്പാണ് പ്രസാദിന്റെ പ്രിയപ്പെട്ട വിദ്യാർത്ഥിനിക്കായി.., അവൾക്ക് പ്രിയപ്പെട്ടതിനെയൊക്കെ കാണാനായി തീർച്ചയായും തിരികെ വരുമെന്ന് പറഞ്ഞ കനിഹയ്ക്ക് വേണ്ടി..!

( അവസാനിച്ചു ) വായനക്കാർ expect ചെയ്തത് പോലെ ആയിരിക്കില്ല ഒരുപക്ഷെ കഥയുടെ ending. ജിനി എന്ന കൂട്ടുകാരിയുടെ ജീവിതവും ഞങ്ങളുടെ ചില ഭാവനകളും ചേർത്തെഴുതിയ കഥ ആണിത്.പ്രതിസന്ധിയെ ചിരിച്ചുകൊണ്ട് നേരിട്ട പെൺകുട്ടി, അവളിന്ന് ആഗ്രഹിച്ച പോലെ നല്ലൊരു ജീവിതം നയിക്കുന്നു. ഈ കഥയിലൂടെ കനിഹയെ സ്നേഹിച്ചവർക്കും, അവളിലൂടെ ഞങ്ങൾ രണ്ടുപേരെയും ഇഷ്ട്ടപെട്ടവർക്കും ഒരുപാട് നന്ദി. പ്രസാദ് സാറിനെ പോലെ ഞങ്ങളും കാത്തിരിക്കുകയാണ് കനിഹ വീണ്ടും വരുന്നത് കാത്ത്.. ഇനിയും ആ വരവ് ആഗ്രഹിക്കുന്നവർ കമന്റ്‌ ചെയ്യണേ സ്നേഹപൂർവ്വം Tina Tnz, Bradley Bibin

കനിഹ : ഭാഗം 4