Tuesday, December 31, 2024
Novel

കനൽ : ഭാഗം 20

എഴുത്തുകാരി: Tintu Dhanoj

എല്ലാം കേട്ടുകഴിഞ്ഞപ്പോൾ എനിക്കെന്ത് പറയണം എന്ന് അറിയാൻ വയ്യാത്ത അവസ്ഥയായി. വാക്കുകൾ പുറത്തേക്കു വരുന്നില്ലെങ്കിൽ കൂടി എൻറെ മിഴികൾ അനുസരണയില്ലാതെ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.. “സത്യത്തിൽ മാധവ് എന്തിനാ പിന്നെ കുറ്റം ഏറ്റെടുത്തത്? കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടണം ..അല്ലാതെ ഒന്നും ചെയ്യാത്ത മാധവ് എന്തിനാ കുറ്റം ഏറ്റെടുത്തത്?”അത് ചോദിക്കുമ്പോഴും എൻറെ വാക്കുകൾ ഇടറുന്നുണ്ടായിരുന്നു.. ഒന്നും മിണ്ടാതെ കുറച്ചു നേരം മാധവ് എൻറെ മുഖത്തേക്ക് തന്നെ നോക്കി നിന്നു..

ശേഷം പറഞ്ഞു തുടങ്ങി..”ഇപ്പോൾ അമ്മുവിന് തോന്നുന്നുണ്ടാകും ,ഞാൻ പ്രിയയെ രക്ഷിക്കാനാണ് ഇതൊക്കെ ചെയ്തതെന്ന്?പക്ഷേ അത് മാത്രമായിരുന്നില്ല എൻറെ ലക്ഷ്യം.. അവളെ രക്ഷിക്കാൻ മാത്രമാണെങ്കിൽ ഇതിൻറെ ഒന്നും ആവശ്യമുണ്ടായിരുന്നില്ല..” “കാരണം അവളുടെ ചെറിയച്ഛൻ വിചാരിച്ചാൽ ചെയ്തവരെ കൊണ്ട് തന്നെ കുറ്റം ഏറ്റു പറയിക്കാൻ കഴിയുമായിരുന്നു..” ‘പക്ഷേ ചെയ്ത തെറ്റിന്റെ ആഴം അവൾക്ക് മനസ്സിലാകണമെങ്കിൽ , തനിച്ചാകുന്നതിൻറെ വേദന അവൾക്കറിയാൻ കഴിയണമെങ്കിൽ ഞാൻ മാറി നിൽക്കണം എന്ന് എനിക്ക് തോന്നി..

എങ്കിൽ മാത്രമാണ് ഇനിയെങ്കിലും ജീവിതത്തിൽ പ്രിയ തെറ്റുകൾ തിരുത്തി മുന്നോട്ടു പോകൂ എന്ന് എൻറെ മനസ്സ് എന്നോട് പറഞ്ഞു കൊണ്ടിരുന്നു.. അതായിരുന്നു അത് മാത്രം ആയിരുന്നു എൻറെ ഏറ്റവും വലിയ ലക്ഷ്യം.. അങ്ങനെയല്ലാതെ അവളെ തിരുത്താൻ കഴിയില്ല എന്ന് എനിക്ക് തോന്നി.. ഒരു പരിധിവരെ എൻറെ ചിന്താഗതികൾ ശരിയായിരുന്നു താനും.. ഞാൻ അവളിൽ നിന്നും അകന്നപ്പോൾ, ആരും ഇല്ലാതായ സമയങ്ങളിലൊക്കെ അവൾ ചിന്തിച്ചത് മുഴുവൻ താൻ ചെയ്ത തെറ്റിനെക്കുറിച്ച് ആയിരുന്നു ,അമ്മുവിനെ കുറിച്ചായിരുന്നു ,നിങ്ങളുടെ കുടുംബത്തെ കുറിച്ചായിരുന്നു ..അങ്ങനെയങ്ങനെ നീറി നീറി പശ്ചാത്താപത്തിന്റെ അവസ്ഥയിലേക്ക് അവൾ എത്തിച്ചേർന്നിരുന്നു..

അമ്മു വീട്ടിൽ എത്തി അവളെ കണ്ടില്ലായിരുന്നുവെങ്കിൽ കൂടി അവൾ അമ്മുവിനെ തിരക്കി വരുമായിരുന്നു . അത് എനിക്ക് ഉറപ്പായിരുന്നു.. അത്രയധികം ചെയ്ത തെറ്റിന്റെ ആഴം അവൾ മനസ്സിലാക്കി തുടങ്ങിയിരുന്നു.. ആ സമയത്താണ് അമ്മു വീട്ടിലേക്ക് കയറി ചെല്ലുന്നത്.. അമ്മുവിൻറെ രോഷത്തിനു മുൻപിൽ അവളാകെ തകർന്നടിഞ്ഞിരുന്നു.. അതിൻറെ കൂടെ അവളുടെ അമ്മയുടെ ശകാരം കൂടിയായപ്പോൾ പ്രിയക്ക് തൻറെ മനസ്സിനെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല..വീണ്ടും ഹോസ്പിറ്റലും, ട്രീറ്റ്മെൻറ് ഒക്കെയായി.. അതിനുശേഷം കിരൺ എത്തി..

അതോടുകൂടി എങ്ങനെയോ അവൾ ഒരുവിധം ബെറ്റർ ആയി എന്നാണ് ഞാൻ അവസാനമായി കിരണിൽ നിന്നും അറിഞ്ഞ വാർത്ത… അതു കേട്ടതും എൻറെ മനസ്സിൽ ഒരു വെള്ളിടി വെട്ടിയതുപോലെ ആയി..അപ്പോൾ പ്രിയയ്ക്ക് ആക്സിഡൻറ് ആയതൊന്നും മാധവിന് അറിയില്ല .പറയണോ ,വേണ്ടയോ ഞാനാകെ തരിച്ചുനിന്നു.. ഞാൻ എന്തെങ്കിലും പറയും മുൻപേ മാളു പറഞ്ഞു “അപ്പോൾ മാധവിന് അറിയില്ലേ ഇപ്പോൾ പ്രിയ ആക്സിഡൻറ് ആയി ഹോസ്പിറ്റലിൽ ആണെന്നുള്ള വിവരം”?.. മാളുവിന്റെ വാക്കുകൾ കേട്ടതും മാധവ് എന്റെ മുഖത്തേക്ക് നോക്കി..

“പറ അമ്മു, മാളു പറഞ്ഞത് സത്യമാണോ?..”മാധവിൻറെ ചോദ്യത്തിനു മുൻപിൽ ഒന്നും മറച്ചുവെക്കാൻ എനിക്കായില്ല. അങ്ങനെ പ്രിയക്ക് ആക്സിഡൻറ് ആയതും, ഇപ്പോഴത്തെ അവസ്ഥയുമൊക്കെ ഞാൻ മാധവിനോട് തുറന്നുപറഞ്ഞു.. എല്ലാം കേട്ട് കഴിഞ്ഞതും ഒന്നും സംസാരിക്കാൻ ആവാതെ മാധവ് അവിടെ തന്നെ ഇരുന്നു..ഒന്നും പറഞ്ഞില്ലെങ്കിലും നിറഞ്ഞൊഴുകുന്ന ആ മിഴികൾക്ക്‌ ഒരുപാട് സംസാരിക്കാൻ കഴിയുന്നുണ്ടായിരുനന്നു.. സ്വന്തം കുഞ്ഞനിയത്തിയെ ഓർത്ത് കരയുന്ന ഒരു സഹോദരന്റെ വേദന,തന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തിന്റെ വേദനയിൽ വിഷമിക്കുന്ന കൂട്ടുകാരന്റെ സങ്കടം അങ്ങനെ പല ഭാവങ്ങൾ ആ മിഴിനീരിൽ ഉണ്ടായിരുന്നു…

താൻ ശത്രു ആയി കണ്ടവരുടെ വേദനകളും,കണ്ണ് നീരും എന്റെ ഹൃദയത്തെ ഇത്ര അധികം ആർദ്രമാക്കുന്നത് ഓർത്ത് എനിക്ക് തന്നെ അൽഭുതം തോന്നി .ഒരിക്കലും ക്ഷമിക്കാൻ കഴിയില്ല,,അല്ലെങ്കിൽ അതിന് ശ്രമിക്കില്ല എന്ന് മനസ്സിൽ ഊട്ടി ഉറപ്പിച്ചിരുന്നു . പക്ഷേ ആ ചിന്തകൾ പോലും ഉരുകി ഒലിച്ച് പോകുന്നു എന്ന് എനിക്ക് തോന്നി … കഴിയില്ല ഇനിയും ഇതൊന്നും താങ്ങാൻ എനിക്ക് ആവില്ല..ആരും കാണാതെ ഒന്ന് കരയാൻ , എവിടേക്ക് എങ്കിലും ഒന്ന് ഓടി ഒളിക്കാൻ എന്റെ മനസ്സ് വെമ്പുന്നത് ഞാൻ അറിഞ്ഞു .പക്ഷേ എവിടേക്ക്? ആ ഒരു ചിന്ത അതെന്നെ ശ്വാസം മുട്ടിച്ചു.

സഹിക്ക വയ്യാതെ ആയപ്പോൾ ആരോടും ഒന്നും പറയാതെ ഞാൻ ജയിലിനു പുറത്തേക്ക് ഓടി.എങ്ങനെയോ കാറിലേക്ക് കയറിയതും ഇത്ര നാളും അടക്കി വച്ചതൊക്കേയും അണ പൊട്ടിയൊഴുകി .എത്ര ശ്രമിച്ചിട്ടും എന്നെ നിയന്ത്രിക്കാൻ എനിക്ക് ആയില്ല.. മാളു വന്നതും,വണ്ടി മുന്നോട്ട് പോകുന്നതും ഒക്കെ സ്വപ്നത്തിൽ എന്ന പോലെ ഞാൻ അറിയുന്നുണ്ടായിരുന്നു..അപ്പോഴും എന്റെ ചിന്തകൾ മാധവിനേകുറിച്ച് മാത്രം ആയിരുന്നു.. ആർക്കൊക്കെയോ വേണ്ടി ജീവിതം കൈ വിട്ടു പോയ ഒരു ചെറുപ്പക്കാരൻ,മനസ്സ് കൊണ്ട് പോലും പങ്കാളി അല്ലാത്ത ഒരു കുറ്റത്തിന് ജീവിതം മുഴുവൻ ഹോമിച്ചവൻ,അവൻറെ മുൻപിൽ ഞാൻ ഒന്നും അല്ലാതെയായി തീർന്നിരിക്കുന്നു..

എന്റെ നഷ്ടങ്ങൾ വളരെ വലുതാണ്..എങ്കിലും ഒരു തെറ്റും ചെയ്യാതെ ബലിയാടേകേണ്ടി വന്ന മാധവ് അവനെ കുറിച്ച് ഓർക്കുമ്പോൾ ഞാൻ തളർന്നു പോകുന്നു .. “അമ്മു ഇറങ്ങു ,റൂം എത്തി ..കുളിച്ചു ഫ്രഷ് ആയി വാ ..നമുക്ക് ഇന്ന് തന്നെ തിരികെ പോകണം..” മാളുവിന്റെ വാക്കുകൾ ആണെന്നെ ചിന്തകളിൽ നിന്നും ഉണർത്തിയത്… എങ്ങനെയോ ഇറങ്ങി കുളിച്ച്, കഴിച്ച് ഞങ്ങൾ അവിടെ നിന്നും ഇറങ്ങി. “മാളു നിനക്ക് തിരക്കുണ്ടോ?ഇല്ലേൽ പാലക്കാട് വരെ ഒന്ന് പോയാലോ?എനിക്ക് കിച്ചുവേട്ടന്റെ അടുത്ത് കുറച്ച് സമയം ഇരിക്കണം..അമ്മയെ ഒന്ന് കാണണം..” പറഞ്ഞു തീർത്ത് ഞാൻ മാളുവിന്റെ മുഖത്തേക്ക് നോക്കി.

“പോകാം ഞാനും ആഗ്രഹിച്ചിരുന്നു അമ്മു അത്..കണ്ണേട്ടനെ കൂടെ കാണണം .ചിലപ്പോൾ ഇതൊക്കെ അറിയുമ്പോൾ ആ മുറിയിൽ നിന്നും ഒരു മോചനം ഉണ്ടായാലോ”,,അത് പറയുമ്പോൾ അവളുടെ മിഴികൾ നിറഞ്ഞിരുന്നു,,വാക്കുകൾ ഇടറിയിരുന്നു.. ഒരു കാലത്ത് എത്ര അധികം സന്തോഷത്തോടെ, അതിലേറെ മറ്റുള്ളവരെ സന്തോഷിപ്പിച്ചു ജീവിച്ച ആളായിരുന്നു കണ്ണേട്ടൻ..ഇന്ന് സ്വയം തീർത്ത തടവറയിൽ ജീവിതം തളച്ചിട്ടിരിക്കുന്നു.. ഓർക്കുമ്പോൾ സഹിക്കുന്നില്ല..ഇത്ര അധികം സങ്കടം നൽകാൻ മാത്രം എന്ത് തെറ്റാണു ദൈവമേ ഞങ്ങൾ ചെയ്തത്?

വീട്ടിൽ വിളിച്ചു പാലക്കാട് വരെ പോയിട്ടു വരാം എന്ന് അമ്മയോട് പറഞ്ഞു..വേണ്ട എന്ന് വിചാരിച്ചിട്ട് പോലും മനസ്സ് വീണ്ടും പഴയ ഓർമകളിലേക്ക് പോയി … അന്നത്തെ അപകടം അതെന്റെ കൺമുന്നിൽ തെളിഞ്ഞു വന്നു..ഓർമ പോകുമ്പോൾ ഞാൻ കാണുന്നത് എനിക്ക് നേരെ മിഴികൾ കൊണ്ട് സംസാരിക്കാൻ ശ്രമിക്കുന്ന കിച്ചുവേട്ടനെയാണ്. അങ്ങനെ രാവും,പകലും തിരിച്ചറിയാൻ ആകാതെ, സ്വന്തം പ്രാണനെ നഷ്ടമായത് പോലും അറിയാതെ കുറെ ദിവസങ്ങൾ .ആരുടെയൊക്കെയോ പ്രാർത്ഥനയോ,എല്ലാം അനുഭവിച്ചു നീറി നീറി ഇനിയും ഞാൻ ഇൗ ഭൂമിയിൽ ജീവിക്കണം എന്നുള്ള വിധിയോ എന്താണെന്ന് അറിയില്ല.. ഞാൻ മാത്രം അതിൽ നിന്നും തിരിച്ചു വന്നു.

സ്വന്തം പ്രാണനേക്കൾ സ്നേഹിച്ച രണ്ടു പേരും കൂടെയില്ല എന്ന സത്യം അറിയാതെ ഞാൻ മിഴികൾ തുറന്നു..ആരൊക്കെയോ സംസാരിക്കുന്നു..എല്ലാം കേൾക്കാം ,പക്ഷേ തിരിച്ചു ചോദിക്കാൻ കഴിയുന്നില്ല..എന്തൊക്കെയോ തടസ്സങ്ങൾ.. ഞാൻ എവിടെയാണ് എന്നുള്ള ചിന്ത മനസ്സിലേക്ക് എത്തിയതും എല്ലാം ഓർമ വന്നു..ഒക്കെയും ഓർത്ത് എന്റെ മിഴികൾ നിറഞ്ഞൊഴുകുന്ന കണ്ടതും ഡോക്ടർ ചോദിച്ചു”ആദി ലക്ഷ്മി എവിടെ ആണെന്ന് മനസ്സിലായോ?എന്തെങ്കിലും ഓർമ കിട്ടുന്നുണ്ടോ എന്ന്..” മനസ്സിലായി എന്ന അർത്ഥത്തിൽ അവരെ നോക്കിയതും ഡോക്ടർ വീണ്ടും പറഞ്ഞു..”ശരി റിലാക്സ്..ടെൻഷൻ ആകണ്ട ..ഒക്കെ സംസാരിക്കാം എന്ന്..”

ഞാൻ വീണ്ടും എന്തൊക്കെയോ പറയാൻ ശ്രമിക്കുന്നത് കണ്ടിട്ടാണം.” സിസ്റ്റർ ഒരു പേനയും,പേപ്പറും കൊണ്ട് വരൂ” എന്ന് ഡോക്ടർ നഴ്‌സിനോട് ആവശ്യപ്പെട്ടു.. അതിനുശേഷം അതെന്റെ കൈകളിലേക്ക് ചേർത്ത് വച്ച് കൊണ്ട് എഴുതാൻ കഴിയുമോയെന്ന്‌ നോക്കാൻ പറഞ്ഞു..ഡോക്ടറിന്റെ സഹായത്തോടെ കൈ വിറച്ചു കൊണ്ട് വളരെ പാടുപെട്ടു ഞാൻ എഴുതി ..”എന്റെ കിച്ചുവേട്ടൻ, കുഞ്ഞ്..” ഞാൻ എഴുതിയത് കുറച്ച് ബുദ്ധിമുട്ടി ആണെങ്കിലും വായിച്ച് നോക്കിയിട്ട് ഡോക്ടർ പറഞ്ഞു. “ആർക്കും ഒരു കുഴപ്പവുമില്ല..ലക്ഷ്മിക്ക് ഇപ്പൊൾ വെന്റിലേറ്റർ സപ്പോർട്ട് ഉണ്ട്..അത് കൊണ്ട് സംസാരിക്കാൻ കഴിയില്ല ..അറിയാമല്ലോ.. ?പിന്നെ ഇതിൽ നിന്നും ഒന്ന് പുറത്ത് വന്നിട്ട് നമുക്ക് ബാക്കിയൊക്കെ സംസാരിക്കാം കേട്ടോ..

ഇപ്പൊൾ ഒന്നും ഓർക്കണ്ട ..” അതും പറഞ്ഞ് പുറത്തേക്ക് പോകുന്ന ഡോക്ടറിന്റെ മുഖത്ത് പക്ഷേ ഒരു വിഷമം ഉണ്ടെന്ന് എനിക്ക് തോന്നി .ഒന്നും ചോദിക്കാൻ ആവാതെ വീണ്ടും കുറെ ദിവസങ്ങൾ .അവരുടെ സംസാരത്തിൽ നിന്നും വെന്റിലേറ്റർന്റെ സപ്പോർട്ട് കുറഞ്ഞു വരുന്നുണ്ടെന്നും ,ഞാൻ റികവർ ചെയ്യുന്നുണ്ട് എന്നും എനിക്ക് മനസ്സിലായി..എങ്കിലും എന്റെ കിച്ചുവേട്ടൻ എവിടെ?ആ ചിന്ത ആയിരുന്നു എന്റെ ഉള്ളിൽ നിറയെ.. അത്ര നാളും തടസ്സം ആയിരുന്ന വെന്റിലേറ്ററും, ഇന്റുബേഷൻ ടൂബും എല്ലാം മാറ്റിയ ദിവസം വീണ്ടും ഞാൻ കിച്ചുവേട്ടനെ തിരക്കി..

അപ്പോഴും അവർക്ക് ഒരു കുഴപ്പവുമില്ല,പെട്ടെന്ന് തന്നെ കാണാംഎന്നെല്ലാം പറഞെന്നെ ഡോക്ടർ ആശ്വസിപ്പിച്ചു..കുറച്ച് ദിവസങ്ങൾ കൂടെ കടന്നു പോയി. .ഇപ്പൊൾ എനിക്ക് സംസാരിക്കാം., വലിയ പ്രശ്നങ്ങൾ ഇല്ലാതെ,പിടിച്ചു നടക്കാൻ കഴിയും എന്നായി.. ഇനി കിച്ചുവേട്ടനെ കണ്ടേ തീരൂ എന്ന എന്റെ വാശിക്ക് മുന്നിൽ അവര് കീഴടങ്ങി..കുറെ സമയം കഴിഞ്ഞതും ഡോക്ടർമാരുടെ ഒരു സംഘം എന്റെ മുന്നിലേക്ക് എത്തി..എനിക്കൊന്നും മനസിലായില്ല.. എന്നെ വിളിച്ചു ഒരു റൂമിൽ കൊണ്ട് ഇരുത്തി, ഒപ്പം ഇവരും.ആദ്യം കുറെ കൗൺസിലിംഗ് തന്നു..പക്ഷേ അപ്പോഴും എന്റെ ചോദ്യത്തിന് ഉള്ള ഉത്തരം കിട്ടാത്തതിന്റെ സങ്കടം എന്റെ മുഖത്ത് നിഴലിച്ചു നിന്നു. പിന്നീട് അവര് പറഞ്ഞു തുടങ്ങി..”ലക്ഷ്മി ഒരു വലിയ അപകടം ആണ് നടന്നത്..

അതിൽ ഉള്ള ആരും രക്ഷപെടും എന്ന് നമുക്ക് തോന്നില്ല അ വണ്ടി കണ്ടാൽ ..ലക്ഷ്മി രക്ഷപെട്ടത് തന്നെ ഒരു മിറക്കിൾ ആണ്. ” അത്രയും കേട്ടതും എന്റെ മനസ്സ് അവര് പറയുന്നതിന്റെ പൊരുൾ മനസ്സിലാക്കി..”കിച്ചുവേട്ടൻ അപ്പൊൾ കിച്ചുവേട്ടൻ എന്നെയും, കുഞ്ഞിനെയും ഉപേക്ഷിച്ചു പോയി അല്ലേ?” എന്റെ ചോദ്യം കേട്ട് അവരാകേ പ്രതികരിക്കാൻ വയ്യാതെ ആയി. ഇത്രയും പെട്ടെന്ന് അവരുടെ വാക്കുകളിൽ നിന്നും ഞാൻ അത് മനസ്സിലാക്കി എന്നറിഞ്ഞതും ഇനിയെന്ത് എന്ന ചോദ്യം ആയിരുന്നു അവരുടെ മുഖത്ത്.. ഒന്ന് പൊട്ടിക്കരയുക പോലും ചെയ്യാതെ പ്രജ്ഞ നഷ്ടപ്പെട്ട് ഇരിക്കുന്ന എന്നെ കണ്ടതും അവരാകെ തളർന്നു പോയി .പിന്നെയും എന്തൊക്കെയോ അവര് പറഞ്ഞു കൊണ്ടേയിരുന്നു ..പക്ഷേ അതൊന്നും ഞാൻ കേൾക്കുന്നത് പോലും ഇല്ലായിരുന്നു .

അപ്പോഴേക്കും ഞാൻ വേറെ ഏതോ ലോകത്ത് എത്തിച്ചേർന്നിരുന്നു.. അങ്ങനെ ആരെയും ശ്രദ്ധിക്കാതെ,ഒന്നും കേൾക്കാതെ മനസ്സ് മരവിച്ച അവസ്ഥയിൽ ആയി ഞാൻ..വീണ്ടും ചികിൽസകൾ,കൗൺസിലിംഗ് അതോക്കെയായി നേരം പുലരുന്നതോ,ഇരുളുന്നതോ ഒന്നും അറിയാതെ എത്രയോ ദിനരാത്രങ്ങൾ…ഞാൻ വേറെ ഏതോ ലോകത്ത് ആയിരുന്നു..ഞാൻ, കുഞ്ഞ്,കിച്ചുവേട്ടൻ അങ്ങനെ ഞങ്ങളുടേത് മാത്രമായ വേറെ ഏതോ ലോകം.. അവിടെ വേറെ ആർക്കും പ്രവേശനം ഇല്ലായിരുന്നു…ഞങ്ങളുടേത് മാത്രമായ ആ ലോകത്ത് അവരുടെ കൂടെ സംസാരിച്ചും,ചിരിച്ചും,കളിച്ചും തീർക്കാൻ മാത്രമായി എന്റെ ജീവിതം ചുരുങ്ങി .

തുടരും…

കനൽ : ഭാഗം 19