Wednesday, January 22, 2025
Novel

കനൽ : ഭാഗം 18

എഴുത്തുകാരി: Tintu Dhanoj

“അമ്മു അമ്മു കതകു തുറക്കൂ അമ്മു,,” ഉച്ചത്തിൽ ഉള്ള വിളി കേട്ടു ഞാൻ ഞെട്ടി എഴുന്നേറ്റ് നോക്കി …എന്താണ് സംഭവിച്ചത്? തലയ്ക്ക് വല്ലാത്ത ഭാരം..ഒന്നും മനസിലാകുന്നില്ല..കുറച്ച് സമയം എടുത്തു ഓർമ കിട്ടാൻ..ഞാൻ ട്രിവാൻഡ്രതിന് വന്നതാണ്.. മാധവിനേ കാണാൻ. ശരിയാണ്..ഒന്ന് ഉറങ്ങാൻ കിടന്നതാണ്..എങ്കിലും ഇത്രയും സമയം.. വേഗം പോയി വാതിൽ തുറന്നു…മാളു മുന്നിൽ കരഞ്ഞു കൊണ്ട് നിൽക്കുന്നു..”എന്താ അമ്മു നീ എന്നെ പേടിപ്പിച്ചു കൊല്ലുമോ?എത്ര നേരം ആയി വിളിക്കുന്നു..

ഇപ്പൊൾ തുറന്നില്ലേൽ ഞങ്ങള് വാതിൽ തകർത്തേനെ..നിന്നോട് രാവിലെ 10 മണിക്ക് റെഡിയായി നിൽക്കണം എന്ന് പറഞ്ഞതല്ലേ? എന്നിട്ടിപ്പോൾ സമയമെത്രയായി എന്നറിയാമോ”?.. അവളത് പറയുമ്പോഴാണ് ഞാൻ സമയം നോക്കുന്നത് “ഈശ്വരാ പത്തര ആയല്ലോ..? മാളു സോറിഡാ സോറി.. ഞാൻ ഭയങ്കരമായി ഉറങ്ങിപ്പോയി..വല്ലാത്ത തലവേദന ഉണ്ടായിരുന്നു ഉറങ്ങിയത് അറിഞ്ഞില്ല ..ഒരു പെനഡോൾ കഴിച്ചിരുന്നു അതുകൊണ്ടാവാം..” “ശരി ശരി നീ വേഗം റെഡിയായി വാ” അതും പറഞ്ഞ് മാളു അവിടെ ഇരുന്നു.. ഞാൻ വേഗം ബാത്റൂമിൽ കയറി കുളിച്ചു റെഡിയായി വന്നു…

അവിടെ നിന്ന് വേഗം ജയിലിലേക്ക് ..പോകും വഴി മാളു കുറെ പ്രാവശ്യം ചോദിച്ചു ..”അമ്മു എന്തേലും കഴിക്കണ്ടേ വാങ്ങട്ടെ”? വേണ്ട എന്ന് മാത്രം പറഞ്ഞ് ഞാൻ എൻറെ ഓർമ്മകളിൽ മുഴുകിയിരുന്നു.. എന്താവും ഇന്ന് മാധവിന് പറയാനുണ്ടാവുക?, എന്തു തന്നെയായിരുന്നാലും കേൾക്കണമെന്ന് തന്നെ ഉറപ്പിച്ച് ഞാൻ എൻറെ മനസ്സിനെ ധൈര്യപ്പെടുത്തി.. ഞങ്ങളുടെ വണ്ടി ജയിലിലേക്ക് അടുക്കുന്ന അടുക്കുംതോറും എൻറെ ഹൃദയമിടിപ്പ് കൂടിയിരുന്നു.. വീണ്ടും വീണു പോകുമോ എന്ന് പോലും ഞാൻ സംശയിച്ചു.. ഇല്ല പാടില്ല ഒരു കുടുംബം മുഴുവൻ തിരിച്ചു കൊണ്ടുവരണം എങ്കിൽ എനിക്ക് ഇതൊക്കെ അറിഞ്ഞേ മതിയാവൂ..

ഒരു പക്ഷേ എനിക്ക് എല്ലാവരെയും ഇപ്പോഴത്തെ അവസ്ഥയിൽ നിന്നും രക്ഷിക്കാൻ ആയാലോ? ആ ചിന്ത മനസ്സിലേയ്ക്ക് വന്നതും എന്തോ ഒരു ധൈര്യം എന്നിലേക്ക് എത്തുന്നത് ഞാനറിഞ്ഞു.. അങ്ങനെ ജയിലിലെത്തി ..വിസിറ്റേഴ്സ് ബുക്കിൽ പേരെഴുതി ഒപ്പിട്ട് ഞങ്ങൾ അകത്തേക്ക് നടന്നു ഞാനും മാളുവും മാത്രം.. ചെല്ലുമ്പോൾ ഞങ്ങളെ കാത്തിരുന്നത് പോലെ മാധവ് പെട്ടെന്ന് തന്നെ ഞങ്ങൾക്ക് മുന്നിലേക്ക് വന്നു…അവനെ കണ്ടതും ഞാൻ പറഞ്ഞു. “എനിക്ക് കൂടുതലൊന്നും പറയാനില്ല ഇന്നലെ ഞാൻ ചോദിച്ചത് ഓർമ്മയുണ്ടല്ലോ? എനിക്ക് അറിയണം ..എല്ലാം അറിയണം ..ഒന്നും എന്നോട് മറച്ചു വയ്ക്കാൻ പാടില്ല ..

അത്രമാത്രം.. സത്യസന്ധമായിട്ട് അതൊക്കെ നിനക്ക് എന്നോട് പറയാം.. ഒരു പക്ഷേ എൻറെ പ്രതികരണം മോശം ആവാം ..എങ്കിലും നീ എന്നോട് പറഞ്ഞേ മതിയാവൂ” മാധവ് എന്നെ ഒന്നു സൂക്ഷിച്ചു നോക്കി.. അവളുടെ കണ്ണുകളിൽ ഇപ്പോൾ ദയനീയത അല്ല പകരം അഗ്നിയാണ് ..ആരെയും ദഹിപ്പിച്ച് കളയാൻ കഴിയുന്നത്ര ശക്തിയുള്ള അഗ്നി.. ഒരുവേള അവൻ ഓർത്തു.. പിന്നീട് അവൻ പറഞ്ഞു തുടങ്ങി..പ്രിയ, മാധവ്, കിരൺ അതായിരുന്നു ഞങ്ങളുടെ കൂട്ടുകെട്ട്..അപ്പോഴേക്കും ഇടയിൽ കയറി ഞാൻ പറഞ്ഞു ..

“എനിക്ക് നിങ്ങളുടെ പഴയ കഥകൾ ഒന്നും അറിയേണ്ട അതൊക്കെ ഞാൻ അറിഞ്ഞിരിക്കുന്നു.നിൻറെ കൂട്ടുകാരൻ കിരൺ എൻറെ കൂടെ തന്നെ ആണ് വർക്ക് ചെയ്യുന്നത് ..ഞങ്ങളുടെ വാർഡിലാണ്..” അത് കേട്ടതും അവൻ അമ്പരപ്പോടെ എന്നെ നോക്കി ..അപ്പോൾ എനിക്ക് എന്തൊക്കെയോ അറിയാം എന്ന് അവന് മനസ്സിലായി.. നിറഞ മിഴികളോടെ മാധവ് പറഞ്ഞു തുടങ്ങി.. “അന്ന് പത്രത്തിലെ വാർത്ത കണ്ടാണ് ഞാനറിയുന്നത് കിച്ചു മരിച്ച കാര്യം..” ആ വാക്ക് കേട്ട് എനിക്ക് ആകെ എന്ത് പറയണം എന്നറിയാതെ ആയി..എങ്കിലും മാധവ് പറയട്ടെ മുഴുവൻ പറഞ്ഞ് തീരട്ടെ ..

അതുവരെ ഞാൻ സംസാരിക്കില്ല എന്ന് ഉറപ്പിച്ചു ഞാൻ നിന്നു. അങ്ങനെ അവൻ വീണ്ടും പറഞ്ഞു .അതറിഞ്ഞ് ആ വാർത്ത കണ്ടു വളരെയധികം വിഷമം തോന്നി എനിക്ക് .കാരണം എൻറെ വിചാരം കണ്ണൻ മരിച്ചു എന്നു തന്നെയായിരുന്നു.. “അതിലേറെ വിഷമം ഇതെങ്ങനെ പ്രിയയെ അറിയിക്കുമെന്ന് ഓർത്തായിരുന്നു.. പക്ഷേ വളരെ യാദൃശ്ചികമായി എൻറെ മുന്നിലേക്ക് എത്തി,.നിറഞ്ഞ മിഴികളോടെ പത്രവും പിടിച്ചിരിക്കുന്ന എന്നെ കണ്ടതും അവൾ പത്രത്തിന് ഉള്ളിലേക്ക് നോക്കി..”

“ആ വാർത്ത കണ്ടതും പ്രിയ അലറിക്കരഞ്ഞു.. അവളെ എങ്ങനെ സമാധാനിപ്പിക്കും എന്നറിയാതെ ഞാനും.. ആ കരച്ചിലിന്റെ ഇടയിലും അവൾ എന്നോട് പറഞ്ഞു ..” “എനിക്ക് പോണം മാധവ് എനിക്ക് പോണം.. എനിക്ക് കണ്ണേട്ടനെ കാണണം ..അവസാനമായി ഒരു നോക്ക് കാണാൻ എങ്കിലും എന്നെ നീ കൊണ്ടു പോകണം”.. “അവളുടെ യാചനകൾക്ക് മുൻപിൽ വഴങ്ങാതിരിക്കാൻ എനിക്കാവുമായിരുന്നില്ല.. കാരണം എനിക്ക് അവൾ എന്നും എൻറെ സ്വന്തം അനിയത്തി തന്നെയായിരുന്നു..” “അങ്ങനെ ഞങ്ങൾ കണ്ണൻറെ വീട്ടിലേക്ക് യാത്രയായി… അവിടെ എത്തി കണ്ണനെ കണ്ടു അലറി കരയാൻ തുടങ്ങിയ പ്രിയയെ വാപൊത്തി ഞാൻ നിർത്തി..

കാരണം ഒരിക്കലും ആ വീട്ടിൽ ഞങ്ങൾ ചെന്നിരുന്നില്ല..ഒരു ക്ലാസ്മേറ്റ് ആയി പോലും പ്രിയയെ വീട്ടുകാർക്ക് അറിയില്ല.. അതുകൊണ്ട് തന്നെ അവിടുന്ന് കരഞ്ഞാൽ എല്ലാവർക്കും എന്തെങ്കിലും സംശയം തോന്നിയാലോ എന്നോർത്തു ഞാൻ അവളെ തടഞ്ഞു..” അങ്ങനെ ആരൊക്കെയോ പറയുന്ന കേട്ടു സമയമായി ബോഡി എടുക്കാo.. കുറച്ചു കഴിഞ്ഞതും അകത്തു നിന്നും ഇറങ്ങിവരുന്ന കണ്ണനെ കണ്ടതും ഞാൻ ആകെ അമ്പരന്നു.. അതിലേറെ പ്രിയയും.. രണ്ടു വട്ടം അവൾ ബോഡിയിലേക്കും കണ്ണൻറെ മുഖത്തേക്കും നോക്കി ശേഷം അവിടെ ബോധംകെട്ടു വീണു..

എങ്ങനെയൊക്കെയോ പ്രിയയെ എടുത്ത് കാറിൽ കിടത്തി ..അതിനുശേഷം ചടങ്ങുകൾ കഴിയും വരെ ഞാൻ അവിടെ തന്നെ നിന്നു.. കണ്ണനെ കാണുക അതുമാത്രമായിരുന്നു എൻറെ ഉദ്ദേശം.. ഒക്കെ കഴിഞ്ഞ് കണ്ണൻ വന്നു ,ഞാൻ അവനെ കാണാനും സംസാരിക്കാനും ശ്രമിച്ചു. പക്ഷേ എന്നോട് ഒരു വാക്ക് മിണ്ടാൻ പോലും തയ്യാറാകാതെ അവൻ അകത്തേക്ക് നടന്നു.. അങ്ങനെയാണ് ഞാൻ അവിടെ നിന്ന ഒരു അമ്മാവനെ ശ്രദ്ധിക്കുന്നത് ..ഇവരുടെ ഏതോ ബന്ധത്തിൽ ഉള്ളതാണ്..

രണ്ടും കൽപ്പിച്ച് ഞാൻ ചോദിച്ചു .. അമ്മാവാ ഇവർ ഇരട്ടകളാണോ? എൻറെ ചോദ്യം കേട്ട് എന്നെ അടിമുടി ഒന്നു നോക്കിയ ശേഷം അയാൾ ചോദിച്ചു .”കുട്ടി ഏതാ?” “ഞാൻ അവൻറെ കൂടെ പഠിക്കുന്നതാണ്.. പക്ഷേ ഇങ്ങനെ ഒരു ബ്രദർ ഉള്ളതായി അറിയില്ലായിരുന്നു .” എൻറെ മറുപടി വിശ്വാസയോഗ്യമായി തോന്നിയതിനാൽ ആവണം അയാൾ പറഞ്ഞു തുടങ്ങി.. “അവര് ഇരട്ടകളാണ് ..രണ്ടു കുട്ടികളെ ഉള്ളൂ.. കണ്ണനും, കിച്ചുവും.. ഇപ്പോൾ മരിച്ചു പോയത് കിച്ചുവാണ് അകത്തേക്ക് പോയത് കണ്ണനും.. കിച്ചുവിൻറെ കല്യാണം കഴിഞ്ഞതാണ് ..കണ്ണൻ ജർമ്മനിക്ക് പോകാൻ റെഡിയായി ഇരിക്കുകയായിരുന്നു..

അടുത്തയാഴ്ച പോകണം എന്ന് പറഞ്ഞിരുന്നു. അതിനിടയ്ക്കാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നത് .. പാവം കിച്ചു..അതിൻറെ ഭാര്യ ആണെങ്കിൽ ഇപ്പോഴും ബോധം വരാതെ ഐസിയുവിലാണ് .. ആ കൊച്ച് ഗർഭിണിയാണ്..അബോർഷൻ ആയി എന്ന് കേൾക്കുന്നു.. അതിന് ഒരു നോക്ക് കാണാൻ പോലുമാകാതെ അവൻ പോയല്ലോ.. എന്നാലും വല്ലാത്ത ദുരന്തം ആയി പോയി.. എന്തൊരു സ്നേഹത്തിൽ ജീവിച്ച കുഞ്ഞുങ്ങൾ ആയിരുന്നു എന്നോ? അതൊക്കെ കേട്ട് താങ്ങാനാവാതെ ആണ് അന്ന് ഞാനും പ്രിയയും കൂടെ അവിടെ നിന്നും പോന്നത്..

പിന്നീടുള്ള ദിവസങ്ങൾ എന്തു ചെയ്യണം എന്ന് എനിക്കറിയില്ലായിരുന്നു.. പ്രിയ ആണെങ്കിൽ ആകെ ഒരു തരം മരവിച്ച അവസ്ഥ ..മിണ്ടുന്നില്ല, ഭക്ഷണം കഴിക്കുന്നില്ല, ഒന്നും ചെയ്യുന്നില്ല.. അവളുടെ ഈ അവസ്ഥ കണ്ടാൽ വീട്ടിൽ എല്ലാവരും പേടിക്കും.. അത് കൊണ്ടുതന്നെ ഞാൻ അവളെ വീട്ടിലേക്കും വിട്ടില്ല .. അങ്ങനെ കുറച്ചു ദിവസങ്ങൾ പോയി അവൾ ഒരുവിധം സംസാരിച്ചു തുടങ്ങി.. ആദ്യം അവൾ ചോദിച്ചത് കണ്ണനെ കണ്ടാലോ ? എല്ലാം പറഞ്ഞാലോ എന്നൊക്കെയായിരുന്നു..അപ്പോൾ ഞാൻ ചോദിച്ചു “എന്തു പറയാൻ ?നമ്മൾ എന്തു പറയാൻ ഇരിക്കുന്നു ?

അവന്റെ ബ്രദർ മരിച്ചതിനെ കുറിച്ച് നമുക്ക് എന്ത് പറയാനാവും. പ്രിയ..അവൻറെ നഷ്ടം നമുക്ക് ഊഹിക്കാൻ ആവുന്നതിലും അധികമാണ്.. പക്ഷേ എന്തൊക്കെയോ പ്രിയ എന്നോട് പറയാതെ മനസ്സിൽ സൂക്ഷിക്കുന്നു എന്ന് എനിക്ക് തോന്നി.. അങ്ങനെ ഒരു ദിവസം ഞാൻ അവളോട് സംസാരിക്കാൻ തീരുമാനിച്ചു…”പ്രിയ സത്യം പറ എന്തെങ്കിലും നിൻറെ മനസ്സിൽ ഉണ്ടോ ?നിനക്ക് എന്തെങ്കിലും വിഷമം ഉണ്ടോ ?എനിക്ക് അറിയാത്തതയിട്ട്.. ഒരു പൊട്ടിക്കരച്ചിലോട് കൂടി അവൾ എൻറെ നെഞ്ചിലേക്ക് ചാഞ്ഞു..

എനിക്ക് ഒന്നും മനസ്സിലായില്ല.. കുറെ നേരം അവൾ എന്നെ ചേർത്ത് പിടിച്ചു കരഞ്ഞു.. ശേഷം പറഞ്ഞു തുടങ്ങി.. “എൻറെ തെറ്റാണ് ..എല്ലാം എൻറെ തെറ്റാണ് എൻറെ മാത്രം തെറ്റാണ്…നീ അറിയാതെ ഞാൻ കണ്ണനെ കണ്ടിരുന്നു.. അവനോട് ഞാൻ കുറെ യാചിച്ചു, കരഞ്ഞു ,പക്ഷേ എന്തു പറഞ്ഞിട്ടും അവൻ എന്നെ സ്നേഹിക്കാൻ ഒരുക്കമല്ലായിരുന്നു…. എൻറെ മനസ്സിൽ മുഴുവൻ ആ പെൺകുട്ടി ആയിരുന്നു..അത് ഒരുപക്ഷേ അവൻറെ ഭാര്യ ആകുമോ? അങ്ങനെ ഒരു ദിവസം ഞാൻ അവനെ സൂപ്പർ മാർക്കറ്റിൽ വച്ചു കണ്ടു.. പക്ഷേ അപ്പോൾ അവൻറെ അമ്മയും കൂടെ ഉണ്ടായിരുന്നു.. അവൻറെ അമ്മ വേറെ ഒരാളോട് സംസാരിക്കുന്നത് ഞാൻ കേട്ടു ..”ഇത് എൻറെ മകൻറെ ഭാര്യയാണ് ..

എന്ന് പറഞ്ഞു പരിചയപ്പെടുത്തി കൊടുക്കുന്നു ..മോനെ കണ്ണാ ഇവിടെ വരൂ എന്ന് പറഞ്ഞു അവനെയും വിളിച്ച് പരിചയപ്പെടുത്തിക്കൊടുത്തു..പക്ഷേ ആ സമയം അവർ പറയുന്നതൊന്നും എനിക്ക് കേൾക്കാൻ സാധിക്കുന്നുണ്ടായിരുന്നില്ല.. അതുകൊണ്ടുതന്നെ കണ്ണൻ തന്നെ ആയ സമയത്ത് വീണ്ടും അതൊന്ന് ഉറപ്പിക്കാനായി ഞാൻ അവൻറെ അടുത്തേക്ക് ചെന്നു.. ഞാനവനോട് ചോദിച്ചു ..”കണ്ണേട്ടാ അതാരാ ആ പെൺകുട്ടി അമ്മ പറയുന്ന കേട്ടല്ലോ മോൻറെ ഭാര്യ ആണെന്ന്.. കണ്ണേട്ടൻ ഞാൻ അറിയാതെ കല്യാണം കഴിച്ചോ? എൻറെ വാക്കുകൾ അവനിൽ ദേഷ്യം ഉളവാക്കി..

പിന്നീടുള്ള പ്രതികരണം വളരെ മോശമായിരുന്നു.. നീ ആരാടി ഇതൊക്കെ അന്വേഷിക്കാൻ? എൻറെ ഭാര്യയോ കാമുകിയോ പെങ്ങളോ ആരും ആവാം.. അതൊന്നും നീ അന്വേഷിക്കേണ്ട കാര്യമില്ല എന്നൊക്കെ പറഞ്ഞു എന്നോട് ഒരുപാട് ദേഷ്യപ്പെട്ടു.. അപ്പോഴേക്കും ആ പെൺകുട്ടി വന്ന് കണ്ണേട്ടാ വാ എന്ന് പറഞ്ഞു കുറെ പ്രാവശ്യം വിളിച്ചു ..പക്ഷേ കണ്ണൻ പോകാൻ കൂട്ടാക്കിയില്ല.. എന്നോട് ദേഷ്യപ്പെട്ടു കൊണ്ടേയിരുന്നു.. അപ്പോഴേക്കും അവൻറെ അമ്മ എത്തി.. അപ്പോൾ മാത്രമാണ് ദേഷ്യം അവസാനിപ്പിച്ച് കണ്ണൻ പോയത്..അന്നുമുതൽ എനിക്ക് അവളോട് വെറുപ്പ് ആയിരുന്നു..

എങ്ങനെയും അവരെ തമ്മിൽ അകറ്റണം അത് മാത്രമായിരുന്നു എൻറെ ചിന്ത.. പക്ഷേ ഓരോ ദിവസവും ഞാൻ അവരെ കാണുമായിരുന്നു..അവരുടെ സ്നേഹം പങ്കുവയ്ക്കലും. ഒരുമിച്ചുള്ള നടപ്പും,എന്തിനേറെ അവരുടെ നോട്ടം പോലും പരസ്പരമുള്ള പ്രണയം വിളിച്ചറിയിക്കുന്നു എന്ന് എനിക്ക് തോന്നി.. അതൊക്കെ എനിക്ക് സഹിക്കാവുന്നതിലും ഏറെയായിരുന്നു.. അങ്ങനെ സഹിക്കവയ്യാതെ ഒരു ദിവസം ഞാൻ തീരുമാനിച്ചു ..ഏതുവിധേനയും ഇവരെ തമ്മിൽ പിരിക്കണം.. പക്ഷേ നീ അറിഞ്ഞാൽ ,മാധവ്‌ നീ എൻറെ കൂടെ നിൽക്കില്ല എന്ന് എനിക്കറിയാമായിരുന്നു..

ഒരിക്കലും ആരും കരയുന്നത് നിനക്ക് ഇഷ്ടമായിരുന്നില്ലല്ലോ. അങ്ങനെ ഞാൻ പ്ലാൻ ചെയ്തതാണ് എല്ലാം .. പക്ഷേ എൻറെ പ്ലാൻ ആ പെൺകുട്ടി അവൾ ആയിരുന്നു ..അവൾ മാത്രം. അവളെ എന്നന്നേക്കുമായി കണ്ണൻറെ ജീവിതത്തിൽ നിന്നും അകറ്റുക.. അതിനുശേഷം എങ്ങനെയും അവനെ സ്വന്തമാക്കാൻ കഴിയും എന്നു ഞാൻ വിശ്വസിച്ചു… പിന്നീടുള്ള എൻറെ ദിനങ്ങൾ മുഴുവൻ അതിനു വേണ്ടി മാത്രമായി തീർന്നു.. അതും കൂടാതെ ഇതൊന്നും നീ അറിയാതെ ഇരിക്കാൻ ഞാൻ വളരെയധികം ശ്രദ്ധിച്ചു.

എന്നിലെ ചെറിയ മാറ്റങ്ങൾ പോലും അറിയുന്ന നീ ഇതെല്ലാം അറിയുമെന്നും, ഞാൻ പിടിക്കപ്പെടുമെന്നും എനിക്ക് വളരെയധികം ഭയമുണ്ടായിരുന്നു.. അതുകൊണ്ടുതന്നെ എല്ലാത്തിനും ക്ഷമയോടെ പറ്റിയ ദിവസം നോക്കി ഞാൻ കാത്തിരുന്നു..പക്ഷേ ആ കാത്തിരിപ്പിന് അവസാനം ഇതുപോലെ ഒരു ദുരന്തമായി തീരും എന്ന് ഞാൻ അറിഞ്ഞില്ല മാധവ്. ഒരിക്കലും ഞാൻ അറിഞ്ഞില്ല.. അവർ ഇരട്ടകൾ ആണെന്നുള്ള വിവരം എപ്പോഴെങ്കിലും ഞാൻ അറിഞ്ഞിരുന്നെങ്കിൽ ഇതൊന്നും സംഭവിക്കില്ലായിരുന്നു…

തുടരും…

കനൽ : ഭാഗം 17