കനൽ : ഭാഗം 12

Spread the love

എഴുത്തുകാരി: Tintu Dhanoj

ഒരുപാട് സന്തോഷത്തോടെ അതിലേറെ പ്രതീക്ഷയോടെ എന്നാലും നാളെ കിച്ചുവേട്ടൻ പോകും എന്ന സങ്കടത്തോടെ ഞാൻ വീട്ടിലേക്ക് തിരികെ നടന്നു… അന്ന് രാത്രി എനിക്ക് ഉറങ്ങാൻ ആയില്ല. ..എല്ലാം ഒരു സ്വപ്നം പോലെ..അച്ചൻ അച്ഛനെ കാണണം എന്ന് തോന്നി..അവസാനം എങ്ങനെ ഒക്കെയോ 5 മണി ആയി. ഓടി പോയി അച്ഛന്റെ ഫോട്ടോയിൽ നോക്കി നിന്നു . എല്ലാ സന്തോഷവും,സങ്കടവും പറഞ്ഞു തീർത്തു.. അപ്പൊൾ അമ്മ വന്നു പറഞ്ഞു “മാളുവിന്റെ വീട്ടിൽ പോകണ്ടേ അമ്മു ..

അപ്പുവിനെ വിളിച്ചിട്ട് വാ”എന്ന്..പിന്നെ അവനെയും വിളിച്ചു വന്നു മാളുവിന്റെ വീട്ടിലേക്ക് പോയി ഞങ്ങള് മൂന്നു പേരും കൂടെ..ചെല്ലുമ്പോൾ കിച്ചുവേട്ടൻ എന്തൊക്കെയോ വണ്ടിയിലേക്ക് എടുത്തു വയ്ക്കുന്നു.. “ആഹ് മോള് വന്നോ?ഇങ്ങ് വാ അമ്മ ഒന്നുടെ കാണട്ടെ..ഇനി നിശ്ചയത്തിന് അല്ലേ കാണൂ”..അതും പറഞ്ഞു അമ്മ എന്നെ ചേർത്ത് പിടിച്ചു. എല്ലാം എടുത്ത് വച്ചിട്ട് കിചുവേട്ടൻ എന്റെ അടുത്തേക്ക് എത്തി.” പോയിട്ട് വരാം കേട്ടോ”.രണ്ടാളുടെയും മിഴികൾ നിറഞ്ഞു. ഞാൻ കാണാതെ ഇരിക്കാൻ കിച്ചുവേട്ടൻ കണ്ണ് തുടച്ചു… “അപ്പൊൾ പ്രായത്തിൽ ചെറിയ ഏട്ടത്തി പോയി വരാം “..കണ്ണേട്ടൻ ആണ്..ഞാൻ ചിരിച്ചു.

അച്ഛനും വന്നു യാത്ര പറഞ്ഞു..അവര് ഇറങ്ങിയതും ഞാൻ വീട്ടിലേക്ക് ഓടി..സങ്കടം അണ പൊട്ടി ഒഴുകി. ആ കിടപ്പ് കുറെ നേരം കിടന്നു ..ഫോണിന്റെ ബെൽ കേട്ടാണ് ഉണർന്നത്..കിച്ചുവേട്ടൻ ആണ്. ഫോൺ എടുത്തതും കേട്ടു , “അമ്മൂസെ” എന്നുള്ള ആർദ്രമായ വിളി..പിന്നെ കുറെ നേരം എന്തൊക്കെയോ പറഞ്ഞു..മുഹൂർത്തം നോക്കി കഴിഞ്ഞു അധികം താമസിയാതെ വരാം എന്ന് പറഞ്ഞു ഫോൺ വച്ചു.. പിന്നെ എന്നും വിളിക്കും..കുറെ സംസാരിക്കും..ഫോണിലൂടെ ഞങ്ങൾ ഒരുപാട് അടുത്തു..പരസ്പരം ഇഷ്ടങ്ങളും,ഇഷ്ടക്കേടുകളും തുറന്നു പറഞ്ഞു .അങ്ങനെ പതിയെ പതിയെ കിച്ചുവേട്ടന്റെ നല്ലൊരു ഭാര്യ ആകാൻ ഞാൻ തയ്യാറായി കഴിഞ്ഞിരുന്നു.

ഒരു ദിവസം കിച്ചുവേട്ടന്റെ അച്ഛൻ അമ്മയെ വിളിച്ചു മുഹൂർത്തം കുറിച്ച് കിട്ടി.അടുത്ത മാസം 10നു നിശ്ചയം,15നു കല്യാണം എന്ന് പറഞ്ഞു .. .”ഒട്ടും സമയം ഇല്ലല്ലോ?ഇന്ന് തന്നെ 20 ആയില്ലേ” അമ്മ പറഞ്ഞു. “ഒന്നും വിഷമിക്കണ്ട ഒക്കെ ഇവെന്റ് മാനേജ്മെന്റ്നു കൊടുക്കാം എന്നാണ് കണ്ണനും,കിച്ചുവും പറയുന്നത്..”അച്ഛന്റെ മറുപടി എത്തി..” പിന്നെ അവര് രണ്ടാളും നാളെ അങ്ങോട്ട് വരും. ..പിറ്റെ ദിവസം ഡ്രസ്സ് എടുക്കാൻ പോകാം എന്ന് അമ്മുവിനോട് പറയൂ “പിന്നെ കിച്ചുവേട്ടന്റ അമ്മയോടും ഒക്കെ സംസാരിച്ചു എല്ലാം കഴിഞ്ഞ് അമ്മ എന്റെ അടുത്ത് വന്നു ഇരുന്നു..

കാര്യങ്ങൾ എല്ലാം എന്റെ അടുത്ത് പറഞ്ഞു ..”എന്റെ കുട്ടിക്ക് ഭാഗ്യം ഇല്ലാന്ന് അല്ലേ ഇവിടെ ചിലരൊക്കെ പറഞ്ഞെ..ഒക്കെ വെറുതെയാ എന്റെ മോള് ഭാഗ്യവതി ആണ്..കിച്ചു നല്ലവനാണ്..ദീർഘ സുമംഗലി ആയിരിക്കട്ടെ” എന്നും പറഞ്ഞു എന്റെ തലയിൽ തലോടി തന്നിട്ട് അമ്മ എഴുന്നേറ്റു പോയി. അപ്പൊൾ തന്നെ കിച്ചുവേട്ടൻ വിളിച്ചു..കുറെ സംസാരിച്ചു. ..നാളെ വൈകുന്നേരം എത്തും..നാളെ കഴിഞ്ഞു രാവിലെ തന്നെ ഡ്രസ്സ് എടുക്കാൻ പോകാൻ റെഡി ആയി നിൽക്കാൻ പറഞ്ഞു. പിന്നീട് ഉള്ള സമയം ഓടി പോയിന്ന് എനിക്ക് തോന്നി..അങ്ങനെ ഇന്ന് ആണ് ഡ്രസ്സ് എടുക്കാൻ പോകുന്നത്.

രാവിലെ തന്നെ ഒരുങ്ങി നിന്നു..പക്ഷെ എത്ര ഒരുങ്ങിയിട്ടും ഒരു സംതൃപ്തി കിട്ടിയില്ല. ..”അമ്മു വാ കുട്ടി “അമ്മയാണ്. അങ്ങനെ അമ്മയും,ഞാനും,അപ്പുവും കൂടെ ഇറങ്ങി..അച്ഛമ്മയെ വിളിച്ചിട്ട് വന്നില്ല..എനിക്ക് സങ്കടം വന്നു. പക്ഷെ പുറത്ത് കാണിച്ചില്ല..മാളുവും,അമ്മയും, കണ്ണേട്ടൻ,കിച്ചുവേട്ടൻ അത്രയും പേര് അവിടുന്നും..അങ്ങനെ ഞങൾ ഇറങ്ങി. “ഞാൻ മാളുവിന്റെ അടുത്ത് പോയി ഇരുന്നു..കണ്ണേട്ടനും,കിച്ചുവേട്ടനും, മുന്നിലും..ഇടയ്ക്കൊക്കെ കിച്ചുവേട്ടൻ മിററിലൂടെ എന്നെ നോക്കും..അവസാനം കണ്ണേട്ടൻ പറഞ്ഞു..”കുറച്ച് കൂടെ ക്ഷമിക്കൂ എന്റെ കിച്ചു നീ..”എന്ന്.. അങ്ങനെ ചിരിയും,കളിയും ആയി കോട്ടയത്ത് എത്തി..

ആദ്യം എനിക്ക് എടുക്കാം എന്നിട്ട് അത് നോക്കി ബാക്കി എല്ലാവർക്കും എടുക്കാം എന്ന് തീരുമാനിച്ചു..അങ്ങനെ ശീമാട്ടിയിൽ കയറി..ഭയങ്കര തിരക്ക്. ബ്രൈഡൽ സെക്ഷൻ എന്ന് പറഞ്ഞതും ഭയങ്കര പരിഗണന ആയിരുന്നു. “വരൂ മാഡം “അവര് ഞങ്ങളെ ഒരു വലിയ സാരീ സെക്ഷനിലേക്ക് ആനയിച്ചു. എത്ര വില കൂടിയ സാരികൾ ആണ് ഡിസ്പ്ലേയില് ഉള്ളത്..ഇതൊന്നും ഞാൻ ഒരിക്കലും കണ്ടിട്ട് കൂടി ഇല്ല. സ്വപ്നങ്ങളിൽ പോലും ഇതൊന്നും ഇല്ല. പിന്നെ അവര് കുറെ സാരികൾ എടുത്തിട്ട് തന്നു..ഒന്നും എനിക്ക് ഒരു ഭംഗി തോന്നുന്നില്ല .എല്ലാത്തിന്റെയും വില ആണ് കാരണം.

“ഇത്രയും വില കൂടിയത് ഒന്നും വേണ്ടിയിരുന്നില്ല” ..ഞാൻ പതിയെ കിച്ചുവേട്ടന്റെ കാതില് പറഞ്ഞു.. “വില നോക്കണ്ട നിനക്ക് ഇഷ്ടം ഉള്ള നിറം പറയൂ അത് മതി. “ഞാൻ കുറച്ചു ചിന്തിച്ചു ശേഷം പറഞ്ഞു “ദാ അവിടെ കിടക്കുന്ന മഞ്ഞയിൽ മയിൽപീലി കളർ ചേർന്നത് അത് അതു കൊള്ളാം അല്ലേ കിച്ചുവേട്ട എങ്കിൽ അത് നോക്കിയാലോ?” ഞാൻ പറഞ്ഞ സാരി എല്ലാവരും ഒന്നു നോക്കി.. ശേഷം മാളുവും അതുതന്നെ പറഞ്ഞു” അത് കൊള്ളാം കളർ വെറൈറ്റി ആയിരിക്കും..”എങ്കിൽ അതൊന്ന് എടുക്കുമോ ചേച്ചി”? അവർ അപ്പോൾ തന്നെ ആ സാരി എടുത്തു കൊണ്ടുവന്നു..

ശേഷം പറഞ്ഞു തുടങ്ങി” ഇതേ പോലെ കളർ തന്നെ കുറച്ചു കൂടെ നല്ല പാറ്റേൺ നമുക്ക് ഉണ്ട് മോൾക്ക് ആകുമ്പോൾ നന്നായി ചേരുകയും ചെയ്യും.. നോക്കിയാലോ??” “എങ്കിൽ ശരി ഒന്നു കാണിക്കൂ”… കിച്ചുവേട്ടൻ ആണ് പറഞ്ഞത്.. അങ്ങനെ അവർ അതുമായി വന്നു.. പറഞ്ഞത് ശരിയാണ് നല്ല ഭംഗിയുള്ള സാരി.. മുന്താണിയിൽ നിറയെ വർക്കുകൾ ഒക്കെ ചെയ്തിട്ട് കാണാൻ നല്ല ഭംഗിയുണ്ട് .. എടുത്തു കൊണ്ടു വന്ന സെയിൽസ് ഗേൾ തന്നെ എന്നെ ആ സാരി ഉടുപ്പിച്ചു നോക്കി.. അത് കണ്ടപ്പോൾ അവർക്ക് എല്ലാവർക്കും ഭയങ്കര ഇഷ്ടമായി.. എങ്കിൽ ഇതു തന്നെ എടുക്കാം എന്ന് തീരുമാനിച്ചു…”ഫൈനലൈസ് ചെയ്യുന്നതിനുമുൻപ് അമ്മയെ ഒന്ന് വിളിക്കാം അല്ലേ കിച്ചുവേട്ട??”

അങ്ങനെ കിച്ചുവേട്ടന്റെ അമ്മയെ വിളിച്ച് കളറും ഒക്കെ പറഞ്ഞു കൊടുത്ത് അഭിപ്രായം ഒക്കെ ചോദിച്ചു അമ്മയ്ക്കും ഒരുപാട് ഇഷ്ടമായി… പിന്നീട് നിശ്ചയത്തിനു എന്തു വേണം എന്നുള്ള ചർച്ചയായിരുന്നു.. അവസാനം ദാവണി ആയാലോ എന്നായി? പിന്നെ ആലോചിച്ച് ആലോചിച്ച് അവിടെ കണ്ട ഒരു ലഹങ്ക തിരഞ്ഞെടുത്തു.. ശേഷം രണ്ടു മൂന്നു സാരികൾ കൂടെ കിച്ചുവേട്ടൻ എനിക്ക് വാങ്ങി തന്നു.. പിന്നീട് ബാക്കി എല്ലാവർക്കും ഡ്രസ്സ് എടുത്തു.. മാളുവിന് ഡ്രസ്സ് എടുക്കാൻ ആയിരുന്നു ഏറ്റവും അധികം സമയം..അവൾക്ക് എന്റെ സാരിക്ക് മാച്ച് ആവുന്നത് തന്നെ വേണം പോലും..അങ്ങനെ ഒരുപാട് തപ്പി. അതിനുശേഷമാണ് അവൾക്കു മനസ്സിന് ഇണങ്ങിയ ഒരു ലാച്ച കിട്ടിയത്..

അങ്ങനെ ഡ്രസ്സ് ഒക്കെ എടുത്തു ഞങ്ങൾ ഭക്ഷണം കഴിക്കാൻ ഹോട്ടലിലേക്ക് കയറി.. എല്ലാവരും അവരുടെ ഇഷ്ടത്തിന് ഓരോന്ന് ഓർഡർ ചെയ്തോളാൻ കിച്ചുവേട്ടൻ പറഞ്ഞു.. അപ്പുവിന് ബിരിയാണി മതി എന്ന് പറഞ്ഞു അങ്ങനെ അവര് മൂന്നാളും ബിരിയാണിയും, ഞങ്ങൾ ഊണ് മതി എന്ന തീരുമാനത്തിലും എത്തി.. പിന്നെ മാളുവിന് ചെരുപ്പും മറ്റുചില സാധനങ്ങളും കൂടെ വാങ്ങണമായിരുന്നു.. ഒക്കെ കഴിഞ്ഞ് വൈകുന്നേരത്തോടു കൂടി വീട്ടിൽ തിരിച്ചെത്തി.. ഞാൻ ശരിക്കും മടുത്തു കഴിഞ്ഞിരുന്നു… വീട്ടിലെത്തി നല്ല തലവേദന കാരണം ഞാൻ ഒന്ന് കിടന്നത് മാത്രമേ എനിക്ക് ഓർമ്മ ഉണ്ടായിരുന്നുള്ളൂ ..

പിന്നെ അമ്മ വിളിക്കുമ്പോൾ ആണ് കണ്ണു തുറക്കുന്നത്..എഴുന്നേറ്റ് ഒരു കാപ്പിയും കുടിച്ച് തിണ്ണയിലേക്ക് ചെല്ലുമ്പോൾ അതാ കിച്ചുവേട്ടൻ,മാളു , കണ്ണേട്ടൻ ഒക്കെ അവിടെ ഇരിക്കുന്നു. “അയ്യോ നിങ്ങൾ കുറേ നേരമായോ വന്നിട്ട് ഞാൻ തലവേദന കാരണം ഒന്നു കിടന്നതാണ്… ഉറങ്ങിപ്പോയത് അറിഞ്ഞില്ല”. ഞാൻ പറഞ്ഞു..സാരമില്ല അമ്മുവിന് തലവേദന ആയിട്ട് കിടക്കുകയാണ് എന്ന് അമ്മ പറഞ്ഞിരുന്നു അതാണ് വിളിക്കാതിരുന്നത്..മാളു ആണ്.. പിന്നീട് കുറെ നേരം സംസാരിച്ചിരുന്നു സമയം പോയത് അറിഞ്ഞില്ല… ദിവസങ്ങൾ ശരവേഗത്തിൽ ആണ് പോയത്. അങ്ങനെ ഇന്ന് എൻറെയും ,കിച്ചുവേട്ടന്റെയും നിശ്ചയമാണ്..

രാവിലെ തന്നെ കുളിച്ച് അമ്പലത്തിൽ പോയി തൊഴുതു ഞങ്ങൾ തിരിച്ചെത്തി.. ശേഷം ഞാൻ കുറച്ചുനേരം അച്ഛൻറെ അടുത്തു പോയിരുന്നു. അച്ഛൻറെ അനുഗ്രഹം ഒക്കെ വാങ്ങി വന്നു..ഒന്നും ഇഷ്ടപ്പെടാത്തത് കൊണ്ട് തന്നെ അച്ഛമ്മ അന്നത്തെ ദിവസം അവിടെ നിൽക്കാൻ കഴിയില്ല എന്ന് പറഞ്ഞ് അവിടെ നിന്നും ഇറങ്ങിപ്പോയി. അത് എനിക്ക് ഒരുപാട് വിഷമം ഉണ്ടാക്കി. എങ്കിലും ഞാൻ ഒന്നും പുറത്തു കാണിക്കാതെ ചടങ്ങുകൾ തീരും വരെ സന്തോഷത്തോടെ ഇരിക്കുമെന്ന് എൻറെ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു.. കിച്ചുവേട്ടൻറെ വീട്ടിൽ നിന്ന് ഒരുപാട് ആൾക്കാർ ഉണ്ടായിരുന്നു.. മെറൂൺ കളർ ഒരു ലഹങ്ക ആയിരുന്നു ഞാൻ നിശ്ചയത്തിന് ആയി എടുത്തിരുന്നത്..

അതിനു ചേരുന്ന ഒരു ഒരു കുർത്ത ആയിരുന്നു കിച്ചുവേട്ടന്റെ വേഷം.. നിശ്ചയം വീട്ടിൽ തന്നെ മതി എന്നതായിരുന്നു എൻറെ ആഗ്രഹം.. അതിൽ ആർക്കും ഒരു എതിർപ്പും ഉണ്ടായിരുന്നില്ല.. അങ്ങനെ മുഹൂർത്തത്തിനു സമയമായി.. കിച്ചുവേട്ടൻ എന്റെ കൈകളിൽ മോതിരം അണിയിച്ചു.. തിരിച്ചു ഞാനും..പക്ഷേ എൻറെ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു നന്നായി തന്നെ.. ഒരുപക്ഷേ മോതിരം താഴെ വീഴുമോ എന്നു പോലും ഞാൻ ഭയപ്പെട്ടു.. അങ്ങനെ എല്ലാം ഭംഗിയായി കഴിഞ്ഞു .. ഇതു കാണാൻ എന്റെ അച്ഛൻ ഇല്ലാതെ ആയിപ്പോയല്ലോ എന്നത് എന്നെ വളരെയധികം വിഷമിപ്പിച്ചു..

അതിലേറെ ഇവിടെയുള്ള അച്ഛമ്മ പോലും പങ്കെടുത്തില്ല എന്നതും എന്നിൽ സങ്കടം ഉളവാക്കി… എല്ലാം കഴിഞ്ഞു ഞങ്ങൾ ഭക്ഷണം കഴിക്കാൻ ആയി ഇരുന്നു…ഈ പരിപാടികൾ ഒന്നുപോലും വിടാതെ ഒപ്പിയെടുക്കാൻ ഇവൻറ് മാനേജ്മെൻറ് ഏർപ്പെടുത്തിയ ക്യാമറാമാൻ വല്ലാതെ പണിപ്പെപെടുന്നത് ഞാൻ കണ്ടു.. ഞാൻ കഴിക്കാൻ തുടങ്ങും മുൻപേ ഒരുരുള ചോറ് കിച്ചുവേട്ടൻ എനിക്ക് നേരെ നീട്ടി.. ഒരുപാട് സന്തോഷത്തോടെ അതിലേറെ മനംനിറഞ്ഞ് ഞാൻ ആ ചോറ് കഴിച്ചു.. അപ്പോഴേക്കും കണ്ണേട്ടനും മാളുവും ഒക്കെ കൂടി ഞങ്ങളെ കളിയാക്കി തുടങ്ങിയിരുന്നു.. പിന്നീട് എല്ലാവരും കൂടെ കല്യാണത്തിനെ കുറിച്ചുള്ള കാര്യങ്ങളൊക്കെ സംസാരിച്ച് എല്ലാം ഏകദേശ ധാരണ ആക്കിയതിനു ശേഷം പിരിഞ്ഞു..

“അമ്മൂസേ ഹോട്ടലിൽ റൂം അറേഞ്ച് ചെയ്തിട്ടുണ്ട് പാലക്കാട് നിന്ന് എത്തിയവർക്ക് വേണ്ടി … അതൊക്കെ ഒന്ന് അറേഞ്ച് ചെയ്തു കൊടുത്തിട്ട് വരാം കേട്ടോ ..വന്നിട്ട് വിളിക്കാം.. ഉറങ്ങല്ലേ അപ്പോഴേക്കും .വെയിറ്റ് ചെയ്യണേ..”അതും പറഞ്ഞ് കിച്ചുവേട്ടൻ ഇറങ്ങി.. രാത്രി വളരെ വൈകിയാണ് കിച്ചുവേട്ടൻ എത്തിയത്.. എങ്കിലും ഞാൻ കാത്തിരുന്നു ആ കാത്തിരിപ്പിന് ഒരു സുഖം ഉണ്ടായിരുന്നു..ഒരുപാട് പ്രിയപ്പെട്ടവർക്ക് വേണ്ടി എത്ര നേരം വേണമെങ്കിലും നമ്മൾ കാത്തിരിക്കും.. അങ്ങനെയാണല്ലോ മനുഷ്യ മനസ്സ്.. പക്ഷേ പിന്നീടുള്ള അഞ്ച് ദിവസം വേഗം കൊഴിഞ്ഞു പോയി…

എല്ലാ കാത്തിരിപ്പുകളും അവസാനിപ്പിച്ചു കൊണ്ട് ഇന്നു ഞങ്ങളുടെ കല്യാണമാണ്..സ്റ്റേജ് ,ഡെക്കറേഷന് , ഭക്ഷണം എന്നുവേണ്ട എല്ലാ കാര്യങ്ങളും ഇവൻറ് മാനേജ്മെൻറ് ഓടിനടന്ന് വളരെ ഭംഗിയായി ചെയ്തു. എന്നെ ഒരുക്കാനായി ബ്യൂട്ടീഷനെ പാലക്കാട് നിന്നുതന്നെ കിച്ചുവേട്ടൻറെ അമ്മ അറേഞ്ച് ചെയ്തിരുന്നു.. അമ്മയുടെ ഒരു ബന്ധുവും കൂടിയാണ് ആള്.. രാവിലെ എഴുന്നേറ്റ് കുളിച്ച് അമ്പലത്തിൽ പോയി തൊഴുതു മനസ്സുനിറഞ്ഞു പ്രാർത്ഥിച്ചു വന്നു. “ഭഗവാനെ ഈ സമാധാനവും സന്തോഷവും എന്നും നീ എനിക്ക് നൽകണേ ഇനിയും എന്നെ കരയിക്കരുത് എന്നു മാത്രമായിരുന്നു എന്റെപ്രാർത്ഥന”..

പിന്നീട് എന്നെ ഒരുക്കാനുള്ള ധൃതി ആയിരുന്നു..ഒരുപാട് മേക്കപ്പ് ഒന്നും ഇല്ലാതെ തന്നെ നാച്ചുറൽ ലുക്കിൽ ചേച്ചി എന്നെ വളരെ സുന്ദരിയായി ഒരുക്കി.. അങ്ങനെ ഒരുക്കം ഒക്കെ കഴിഞ്ഞ് എല്ലാവർക്കും ദക്ഷിണയും കൊടുത്തു അച്ഛനോട് പ്രാർത്ഥിച്ചു കണ്ണുനിറഞ്ഞു ഞാൻ ഇറങ്ങി ..അച്ഛമ്മയുടെ അസാന്നിധ്യം അത് എൻറെ മനസ്സിനെ വല്ലാതെ ഉലച്ചിരുന്നു..അമ്മയുടെ മിഴികളും നിറഞ്ഞിരുന്നു അതിൻറെ കാരണം അച്ഛമ്മ ആണെന്ന് അറിയുന്നത് കൊണ്ട് തന്നെ വീണ്ടും വീണ്ടും സങ്കടം തിരമാല കണക്കെ വരുന്നത് ഞാനറിഞ്ഞു..

മണ്ഡപത്തിൽ എത്തി കിച്ചുവേട്ടന്റെ അടുത്തായി ഇരുന്നതും “കൊള്ളാലോ അമ്മൂസേ സൂപ്പറായിട്ടുണ്ട് കേട്ടോ” എന്ന് എൻറെ കാതോരം കിച്ചുവേട്ടൻ പറഞ്ഞു..ഒരുപാട് സന്തോഷം മാത്രം തോന്നേണ്ട സമയത്തും സങ്കടക്കടൽ ഇരമ്പി വരും പോലെ എന്റെ മനസ്സ് നീറി … അങ്ങനെ നാദസ്വരങ്ങളുടെ അകമ്പടിയോടെ, എല്ലാവരുടെയും അനുഗ്രഹത്തോടുകൂടി, കിച്ചുവേട്ടൻ എൻറെ കഴുത്തിൽ താലിചാർത്തി.. ഒരുപക്ഷേ ഇവിടെ എവിടെയോ നിന്ന് അദൃശ്യമായി എൻറെ അച്ഛൻറെ കരങ്ങൾ എനിക്കായി അനുഗ്രഹവർഷം ചൊരിയുന്നുണ്ടാവും..

തുടരും…

കനൽ : ഭാഗം 11

-

-

-

-

-