Sunday, January 5, 2025
Novel

കനൽ : ഭാഗം 11

എഴുത്തുകാരി: Tintu Dhanoj

“ആണോ എങ്കിൽ ഇങ്ങ് വാ “എന്ന് പറഞ്ഞു എന്നെ കൈ പിടിച്ചു റൂമിലേക്ക് കയറ്റി… അപ്പോഴും കണ്ട കാഴ്ചയിൽ വിശ്വാസം വരാതെ അമ്പരപ്പ് ഒട്ടും മാറാതെ ഞാൻ നിന്നു.. കിച്ചുവേട്ടൻ എന്നെ ചേർത്ത് പിടിച്ചു എന്നിട്ട് എന്നെയും കൊണ്ട് മുൻപോട്ടു നടന്നു ശേഷം എന്റെ മനസ്സ് അറിഞ്ഞിട്ട് എന്ന പോലെ പറഞ്ഞു. “ഇത് സ്വപ്നം ആണോ എന്നല്ലേ എന്റെ അമ്മൂസിന്റെ സംശയം..ഇപ്പൊൾ തീർത്ത് തരാം.”.എന്നും പറഞ്ഞു എന്റെ കൈകൾ എടുത്ത് കിച്ചുവേട്ടന്റെ മുഖത്തേക്ക് തൊടുവിച്ചു…ശേഷം എന്റെ മുന്നിൽ നിന്ന ആളുടെ മുഖത്തും തൊടുവിച്ചു..

ശരിക്കും എനിക്ക് വീണ്ടും അത്ഭുതം വിട്ട് മാറിയില്ല.. ഞാൻ വീണ്ടും രണ്ടാളെയും തൊട്ടു നോക്കി…ശേഷം ഞാൻ കിച്ചുവേട്ടൻറെ മുഖത്തേക്ക് നോക്കി..ഒരു പുഞ്ചിരി മാത്രം ആ മുഖത്ത് തെളിഞ്ഞു കാണാം.. പിന്നെ ശ്വാസം എടുത്ത് കൊണ്ട് ചോദിച്ചു.”ഇത് കിച്ചുവേട്ടന്റെ ഫോട്ടോസ്റ്റാറ്റ് കോപ്പി ആണോ? ശരിക്കും എന്തൊരു സാമ്യം ആണ്..ഇത് എങ്ങനെ? അപ്പൊൾ രാവിലെ ഞാൻ അമ്പലത്തിൽ പോകുമ്പോൾ ചിരിച്ചു കാണിച്ചത് കിച്ചുവേട്ടനെ അല്ലായിരുന്നു അല്ലേ?” “ഇങ്ങനെ എല്ലാം കൂടെ ഒറ്റ അടിക്ക് ചോദിക്കാതെ എന്റെ ഏട്ടത്തി “ഒക്കെ പറഞ്ഞു തരാട്ടോ…”

മറുപടി കണ്ണേട്ടൻ ആയിരുന്നു പറഞ്ഞത്.. “ഉം എങ്കിലും മാളു പോലും എന്നോട് ഒന്നും പറഞ്ഞില്ലല്ലോ?ഞാൻ പരിഭവം പറഞ്ഞു . “കണ്ണേട്ടൻ ഒരുപാട് ചിരിച്ചു അത് കേട്ട്.. പിന്നെ പറഞ്ഞു തുടങ്ങി “അതൊക്കെ വെൽ പ്ലാൻഡ് ആയിരുന്നില്ലേ? ദേ ഇൗ നിക്കുന്നില്ലെ കിച്ചു ഇവന് അമ്മുവിനോട് പ്രണയം തോന്നുന്നത് നിങ്ങള് നഴ്സിംഗ് ന്‌ പോകുമ്പോൾ ഒന്നും അല്ല..അത് കൃത്യം ആയി പറഞ്ഞാൽ അമ്മു 10 ലേ റിസൾട്ട് വന്നിട്ട് എല്ലാർക്കും മിട്ടായിയും കൊണ്ട് അച്ഛന്റെ കൈ പിടിച്ചു വരുമ്പോഴാണ്. അന്ന് കിച്ചു ഇവിടെ ഉണ്ട് ..പക്ഷെ അമ്മു ശ്രദ്ദിച്ചില്ല.. മിട്ടായി കൊടുത്തിട്ട് സ്കൂളിൽ പോകാൻ ഉള്ള തിരക്കിൽ ഓടി..”

“അന്ന് കേറി കൂടിതാ ഇൗ മനസ്സിൽ അമ്മൂസ്‌..തിരിച്ചു നാട്ടിൽ എത്തിയപ്പോൾ ഇവൻ എന്നോട് എല്ലാം പറഞ്ഞു. പിന്നെ അന്ന് മുതൽ മറഞ്ഞു ഇരുന്നുള്ള പ്രണയം ആയിരുന്നു..” “പക്ഷേ അപ്പോഴും അമ്മൂസിൻെറ പഠനത്തിന് ശല്യം ആകരുത് എന്ന് ഓർത്ത് ആണ് ഓരോ പ്രാവശ്യം കാണുമ്പോഴും ഒന്നും പറയാതെ ഇരുന്നത്..ഇന്ന് ഇൗ നിമിഷം വരെ ഉള്ളതൊക്കെ കിച്ചുന്‍റെ പ്ലാൻ ആണ്” എല്ലാം കേട്ട് ഞാൻ കിച്ചുവെട്ടനെ നോക്കി..ഒരു പുഞ്ചിരി മാത്രം ഉള്ളൂ ആ മുഖത്ത്.. “അതെ എന്റെ പേര് പോലും ചോദിച്ചില്ല മോശം കേട്ടോ “കണ്ണേട്ടൻ പറഞ്ഞപ്പോൾ മാത്രം ആണ് ഞാൻ അത് ഓർമിച്ചത്… “അയ്യോ സോറി സോറി “എന്ന് പറഞ്ഞു ഞാൻ കണ്ണേട്ടനെ നോക്കി.

“ഉം ശരി വരവ് വച്ചിരിക്കുന്നു..ഞാൻ ആദിത്യൻ ..അമ്മയുടെ വയറ്റിൽ നിന്നും പുറത്തേക്ക് വരുമ്പോൾ അര മണിക്കൂർ മുൻപ് എന്നെ ഇടിച്ചു ഒതുക്കി ഇവൻ ആദ്യം പോന്നു .അത് മാത്രം ആണ് വ്യത്യാസം..മനസ്സിലായോ?” പിന്നെ കളിയും,ചിരിയും ആയി ഞാൻ കുറെ നേരം അവരോടൊപ്പം ഇരുന്നു..ശേഷം രണ്ടാളും കൂടെ എന്നെ വീട്ടിൽ ആക്കി.. “പിറ്റെ ദിവസം കിച്ചുവേട്ടൻറ അച്ഛനും,അമ്മയും വന്നു. എന്റെ അമ്മയോട് എന്തൊക്കെയോ പറഞ്ഞു .”ഞാൻ അമ്മുവിനോടു കൂടെ ഒന്ന് ചോദിക്കട്ടെ “എന്ന് പറഞ്ഞു അമ്മ..

അവര് പോയപ്പോൾ അമ്മ എന്റെ അടുത്തേക്ക് വന്നു..ശേഷം പറഞ്ഞു തുടങ്ങി …”മോളെ അവർക്ക് അടുത്ത മാസം കല്യാണം വച്ചാൽ കൊള്ളാം എന്നുണ്ട് എന്ന്. ” കേട്ടതും ഞാൻ ഷോക്ക് ആയി. “അമ്മ എന്താ ഇൗ പറയുന്നത് അതൊന്നും നടക്കില്ല..ഞാൻ ഇപ്പൊൾ വരാം “എന്ന് പറഞ്ഞു ഞാൻ ഇറങ്ങി . “എവിടേയ്ക്ക് ആണ് അമ്മു പറഞ്ഞിട്ട് പോ “അമ്മ പുറകിൽ നിന്ന് പറഞ്ഞു . “മാളുവിന്റെ അടുത്തേക്ക് “എന്നും പറഞ്ഞു ഞാൻ നടന്നു നീങ്ങി. അവിടെ എത്തുമ്പോൾ രണ്ടാളും വാതിൽക്കൽ ഉണ്ട്..ഇതിൽ ഏതാ കിച്ചുവേട്ടൻ എന്ന സംശയം ഉള്ളത് കൊണ്ട് ഞാൻ അകത്തേക്ക് പോയി..മാളുവിന്റെ അടുത്തേക്ക്..ശേഷം പറഞ്ഞു തുടങ്ങി .

“മാളു നീ കൂടെ അറിഞ്ഞോണ്ട് ആണോ ഇതൊക്കെ?എനിക്ക് ഇപ്പൊൾ കല്യാണത്തിന് പറ്റുന്ന സാഹചര്യം അല്ലാന്ന് നിനക്കും അറിയില്ലേ?” എന്റെ വാക്കുകൾ കേട്ടതും കിച്ചുവേട്ടൻ അകത്തേക്ക് വന്നു എന്റെ കൈയിൽ പിടിച്ച് കൊണ്ട് പറഞ്ഞു”വാ ഇതിന് ഉള്ള മറുപടി ഞാൻ അല്ലേ പറയേണ്ടത് “എന്ന് പറഞ്ഞു എന്നെ തൊടിയിലെ മാവിൻ ചുവട്ടിൽ കൊണ്ട് നിർത്തി . ശേഷം പറഞ്ഞു..”അമ്മുസെ ഞാൻ പറഞ്ഞില്ലേ ഞാൻ എല്ലാം അറിഞ്ഞിട്ടു ആണ് നിന്നെ എന്റെ ജീവിതത്തിലേക്ക് ക്ഷണിക്കുന്നത് എന്ന്..പിന്നെ അടുത്ത മാസം കല്യാണം വയ്ക്കാൻ ചോദിച്ചത് കണ്ണൻ അവന് ജർമനിയിൽ ഒരു ജോലി റെഡി ആയിട്ടുണ്ട്..

അതിന്റെ കാര്യങ്ങള് ഒക്കെ ശരി ആകാൻ ഇനി 6 മാസം മതിയാകും..അപ്പൊൾ അവൻ പോകും മുൻപ് നമ്മുടെ കല്യാണം കൂടണം എന്നും,നിന്റെ കൂടെ കുറച്ച് നാൾ വേണം എന്നും ഒരു ആഗ്രഹം പറഞ്ഞു അതാ..” “അമ്മുവിന് അറിയാലോ ഞങ്ങൾക്ക് ഒരു പെങ്ങൾ ഇല്ല..ആപ്പോൾ അവൻ അങ്ങനെ ഒരു ആഗ്രഹം പറഞ്ഞപ്പോൾ എതിർക്കാൻ തോന്നിയില്ല അത് കൊണ്ട് ആണ്.. ഞാൻ കിച്ചുവെട്ടനേ നോക്കി.. ആ കണ്ണുകളിൽ അപ്പൊൾ യാചന ഭാവം മാത്രമേ ഉള്ളൂ എന്ന് തോന്നി . “പക്ഷെ കിച്ചുവെട്ട ഞാൻ..എനിക്ക്…”എന്റെ വാക്കുകൾ മുറിഞ്ഞു കണ്ണുകൾ നിറഞ്ഞു ഒഴുകി എന്റെ മനസ്സ് മനസ്സിലാക്കി എന്നോണം കിച്ചുവേട്ടൻ പറഞ്ഞു..”അമ്മൂസ് ഇവിടെ നോക്കിക്കേ എനിക്ക് അറിയാം നിന്റെ മനസ്സ് ..അപ്പുവിന്റെ പഠനം .

അവനെ മെഡിസിന് വിടണം അതിനു കല്യാണം ഒരു തടസ്സം ആകും എന്ന് അമ്മു ഭയക്കുന്നു..അല്ലേ?” ഞാൻ ഒന്നും പറഞ്ഞില്ല..നിലത്തേക്ക് മിഴികൾ ഊന്നി അങ്ങനെ നിന്നു .”എന്റെ താടി പിടിച്ചു ഉയർത്തി ശേഷം കിച്ചുവേട്ടൻ പറഞ്ഞു തുടങ്ങി. ” ഒരിക്കലും ഇല്ല,അപ്പുവിനെ അവൻ ആഗ്രഹിക്കും പോലെ പഠിപ്പിക്കാം..അതിനു ഇൗ കല്യാണം ഒരു തടസ്സം ആകില്ല..അത് നാളെ തന്നെ ഞാൻ ബോധ്യമാക്കി തരാം അമ്മുവിന്..” “ഇത് എന്റെ വാക്ക് ആണ്..ഇത് മാറില്ല..ഇനി അതല്ല അമ്മൂസ് ആഗ്രഹിക്കും പോലെ എക്സാം ഒക്കെ എഴുതി പുറത്ത് എവിടേലും പോയി ജോലി ചെയ്തു അപ്പുവിനെ പഠിപ്പിക്കണം എന്ന് ആണേൽ അതും ആവാം.

ഒന്നിനും ഞാൻ തടസ്സം നിൽക്കില്ല..കണ്ണൻ അവൻ പോകട്ടെ..എന്നിട്ട് നമുക്ക് അങ്ങോട്ടേക്ക് പോകാൻ പറ്റുമോന്ന് നോക്കാം .ഇത്രേം ഉറപ്പു മതിയോ?” കിച്ചുവേട്ടൻ പറഞ്ഞു തീർന്നതും ഞാൻ കരഞ്ഞു കൊണ്ട് ആ മാറിലേക്ക് വീണു .കിച്ചുവേടൻ എന്റെ തലയിൽ തലോടി കൊണ്ടിരുന്നു .”എന്റെ അമ്മൂസിന് അച്ഛനായും, ഏട്ടൻ ആയും,കാമുകൻ ആയും,ഭർത്താവ് ആയും ഒക്കെ ഞാൻ ഉണ്ടാകും ഇൗ ജന്മം കേട്ടോ. എല്ലാ സങ്കടങ്ങളും ,സന്തോഷങ്ങളും പങ്ക് വയ്ക്കാൻ,വഴക്ക് കൂടാൻ,ഒക്കെ ഒക്കെത്തിനും ഞാൻ ഉണ്ടാകും പ്രാണൻ പോകും വരെ ..ഇതെന്റെ വാക്ക്‌ ആണ്..” ഞാൻ കരഞ്ഞു തീർത്ത് മുഖം തുടച്ചു കിച്ചുവെട്ടന്റ നെഞ്ചില് നിന്നും എഴുന്നേറ്റു..

തിരിഞ്ഞ് നടക്കാൻ തുടങ്ങി. അപ്പാഴേക്കും ആ കൈകൾ എന്റെ കൈയിൽ പിടുത്തം ഇട്ടിരുന്നു..ശേഷം എന്നെ ചേർത്ത് നിർത്തി നെറുകയിൽ ഒരു ചുംബനം തന്നു ,ഒപ്പം എന്റെ കാതിൽ മന്ത്രിച്ചു . “ഐ ലൗവ് യു അമ്മൂസെ…”നാണം കൊണ്ട് എന്റെ കവിളുകൾ ചുവന്നു തുടുത്തു.. പെട്ടെന്ന് എന്തോ ഓർത്തത് പോലെ ഞാൻ ചോദിച്ചു “അതെ എനിക്ക് ഒരു സംശയം ഞാൻ എങ്ങനെയാ നിങ്ങളെ രണ്ടാളെയും തിരിച്ചു അറിയുക..”? എന്റെ ചോദ്യം കേട്ട് ചിരിച്ചു കൊണ്ട് കിച്ചുവേട്ടൻ പറഞ്ഞു “കുറച്ച് കഴിയുമ്പോൾ അതൊക്കെ മനസ്സിലാകും..പിന്നെ ഇപ്പൊൾ തിരിച്ചു അറിയാൻ ഒരു രഹസ്യം പറഞ്ഞു തരാം..കണ്ണന് ലെൻസ് ഉണ്ട്..

ഉറങ്ങുമ്പോൾ മാത്രമേ അവൻ അത് മാറ്റി വയ്ക്കൂ..അവന്റെ കണ്ണിലേക്ക് നോക്കിയാൽ അറിയാം..എന്റെ കണ്ണിന്റെ നിറം അല്ല അവന്റെ കണ്ണിൽ…പിന്നെ പതിയെ തിരിച്ച് അറിയാൻ പഠിക്കും കേട്ടോ..ഞങ്ങടെ കൂട്ടുകാർക്ക് തിരിച്ചു അറിയാനായി അവൻ വച്ചത് ആണ് കളർ ലെൻസ്.. “അപ്പൊൾ പറയട്ടെ അടുത്ത മാസം മുഹൂർത്തം നോക്കാൻ?”ഞാൻ ചെറുതായി ഒന്ന് ചിരിച്ച ശേഷം ഓടി … തിരിച്ചു വീട്ടിൽ എത്തിയപ്പോൾ അച്ഛമ്മ അമ്മയോട് വഴക്ക്..”ഇൗ വിവാഹം വേണ്ട പോലും..

ഇത്ര ദൂരേക്ക് വിടണ്ട,അച്ഛമ്മയുടെ ആരോ പരിചയത്തിൽ ഉള്ളവര് ഉണ്ട്,ഇവിടെ അടുത്താണ് “എന്നൊക്കെ പറയുന്നുണ്ട്. ഞാൻ പതിയെ പോയി അമ്മയുടെ അടുത്ത് ഇരുന്നു..എന്നെ നോക്കി അമ്മ പറഞ്ഞു തുടങ്ങി..”ഇതേ നടക്കൂ, എന്റെ കുഞ്ഞിന്റെ ആഗ്രഹം അത് മതി അവൾക്ക്”അച്ഛമ്മ ദേഷ്യപ്പെട്ടു ഇറങ്ങി പോയി. . ഒരു ദിവസം കിച്ചുവേട്ടന്റെ അമ്മ വന്നു കുറെ ആഭരണങ്ങൾ ഒക്കെ എന്റെ കൈയിൽ തന്നിട്ട് പറഞ്ഞു. “എന്റെ മോൾക്ക് ഒരു വിഷമവും തോന്നരുത്,എന്തെങ്കിലും കുറവുണ്ടേൽ പറയണം..പിന്നെ ഞങ്ങള് നാളെ പോകും..

കിച്ചു വേറെ ഒരു ദിവസം വരും രണ്ടാളും കൂടെ പോയി നിശ്ചയത്തിനും,കല്യാണത്തിനും വേണ്ട ഡ്രസ്സ് ഒക്കെ എടുക്കണം,,സന്തോഷം ആയി ഇരിക്കണം കേട്ടോ” എന്ന്.. ഞാൻ അമ്മയെ കെട്ടിപിടിച്ചു..എന്റെ മിഴികൾ നിറഞ്ഞു..അപ്പോൾ അമ്മ പറഞ്ഞു “ഇനി മുതൽ കിച്ചുന്‍റെ ഭാര്യ എന്നല്ല അമ്മയുടെ മകൾ എന്ന് ആണ് അമ്മ പറയുക എല്ലാവരോടും..ഞാൻ കാത്തിരുന്നു കിട്ടിയ എന്റെ പുണ്യം”. .അതും പറഞ്ഞു നെറ്റിയിൽ ഒരു ഉമ്മ തന്നു അമ്മ ഇറങ്ങി .അമ്മ പോകുന്നതും നോക്കി ഞാൻ നിന്നു..എന്ത് സ്നേഹം ആണ് ഇവർക്കൊക്കെ ..ഇത്രയ്ക്കും ഭാഗ്യം എനിക്ക് തന്ന ദൈവത്തിനു ഞാൻ നന്ദി പറഞ്ഞു…

മോളെ അമ്മു വാ ഇതൊക്കെ മാളുവിന്റെ വീട്ടിൽ തന്നെ വയ്ക്കാം..നിന്റെ അച്ചമ്മയെ എനിക്ക് വിശ്വാസം ഇല്ല”അമ്മയുടെ വാക്കുകൾ ആണ് എന്നെ ചിന്തകളിൽ നിന്നും ഉണർത്തിയത്. അങ്ങനെ ഞാനും,അമ്മയും,അപ്പുവും കൂടി മാളുവിന്റെ വീട്ടിൽ എത്തി ആഭരണങ്ങൾ ഒക്കെ ഏൽപ്പിച്ചു. മാളുവിന്റെ അച്ഛൻ അപ്പൊൾ തന്നെ അതെല്ലാം ലോക്കറിൽ വയ്ക്കാൻ ആയി പോയി.. അന്ന് ഉച്ച ആയപ്പോൾ കിച്ചുവേട്ടൻ വന്നു അപ്പുവിനെ കൂട്ടി പുറത്ത് പോയി…വൈകുന്നേരം അവര് തിരിച്ചു വന്നു .കുറെ ഡ്രസ്സ് ഉം, ചെരുപ്പും,പിന്നെ അവന്റെ ഇഷ്ടത്തിന് എന്തൊക്കെയോ വാങ്ങി കൊടുത്തിട്ടുണ്ട്..അമ്മയ്ക്കും,എനിക്കും ഉള്ളതും അവന്റെ കൈയിൽ ഉണ്ടായിരുന്നു..

അവൻ ആണെങ്കിൽ സന്തോഷം കൊണ്ട് അമ്മയോട് ഓരോന്ന് പറയുന്ന തിരക്കിൽ ആണ്..വലിയ റസ്റ്ററന്റിൽ കയറി ഭക്ഷണം കഴിച്ചതും,അവിടുത്തെ പേര് അറിയാത്ത ഭക്ഷണത്തെ പറ്റിയും ഒക്കെ…എന്റെ കണ്ണുകൾ നിറഞ്ഞു വന്നു. “അമ്മു വന്നെ കിച്ചുവേട്ടൻ വന്ന് എന്നെയും വിളിച്ചു കൊണ്ട് മുറ്റത്തേക്ക് ഇറങ്ങി …എന്റെ കൈയിലേക്ക് ഒരു എൻവലപ് വച്ച് തന്നു .ഞാൻ ഒന്നും അറിയാതെ കിച്ചുവേട്ടനെ നോക്കി.. “അത് തുറന്നു നോക്ക് അമ്മുസേ “കേട്ടതും ഞാൻ അത് പതിയെ പൊട്ടിച്ചു നോക്കി …. ഒരു ബാങ്ക് പാസ് ബുക്ക് ആണ്..ഒന്നും മനസ്സിലാവാതെ ഞാൻ വീണ്ടും നോക്കിയപ്പോൾ കിച്ചുവേട്ടൻ വീണ്ടും പറഞ്ഞു “തുറക്കൂ അത്”

പതിയെ അതിന്റെ പേജ് മറിച്ചു നോക്കിയപ്പോൾ അപ്പുവിന്റെ പേരിൽ ഒരു അക്കൗണ്ട്..അതിലെ തുക കണ്ടതും എന്റെ കണ്ണിൽ ഇരുട്ടു കയറി.. പത്തു ലക്ഷം രൂപ.. “എന്താ കിച്ചുവേട്ട ഇത്? എന്തിനാ ഇപ്പൊൾ ഇങ്ങനെ ഒക്കെ?”എന്റെ ചോദ്യത്തിന് എന്നെ ചേർത്ത് പിടിച്ചു കൊണ്ട് കിച്ചുവേട്ടൻ പറഞ്ഞു “അപ്പൂന് പഠിക്കാൻ …,ഇത് പോരാതെ വരും എന്ന് അറിയാം..പക്ഷെ ഇപ്പൊൾ ഒരു കരുതൽ ..അത്രേ ഉള്ളൂ..ബാക്കി നമുക്ക് ഉണ്ടാക്കാം പതിയെ കേട്ടോ..അമ്മു കല്യാണം ഒക്കെ കഴിഞ്ഞു ജോലിക്ക് പോയി തുടങ്ങുമ്പോൾ ഇതിലേക്ക് ഒരു ചെറിയ തുക ഇടുക..അങ്ങനെ നമുക്ക് ഒക്കെ ശരി ആക്കാം കേട്ടോ..”

എന്റെ മിഴികൾ നിറഞ്ഞു ഒഴുകി..”ഞാൻ കൈ കൂപ്പി പിടിച്ചു.”എങ്ങനെ ഇൗ സ്നേഹത്തിന് നന്ദി പറയും എന്ന് എനിക്ക് അറിയില്ല “എന്ന് പറഞ്ഞപ്പോൾ എന്നെ ചേർത്ത് നിർത്തി പറഞ്ഞു എന്റെ അമ്മുവിനെ കിട്ടുന്നതിനേക്കാൾ വില ഉള്ളതൊന്നും ഇൗ കിച്ചുവിന്റെ ജീവിതത്തിൽ ഇല്ല .അത് കൊണ്ട് നന്ദി ഒന്നും പറഞ്ഞു ബുദ്ധിമുട്ടേണ്ട. ” “ആഹ് പിന്നെ ഇനി ഒന്ന് കണ്ണ് അടച്ചെ വേഗം..” കിച്ചുവേട്ടൻ പറഞ്ഞതും ഞാൻ കണ്ണുകൾ അടച്ചു…കൈയിൽ എന്തോ വച്ച് തന്നു..കണ്ണ് തുറന്നു നോക്കിയപ്പോൾ ഒരു ഫോൺ.. “നാളെ ഞാൻ പോകില്ലേ പക്ഷെ എനിക്ക് എന്റെ അമ്മൂസിനെ വിളിയ്ക്കണ്ടെ?അതിനാ ഇത്..

എല്ലാം റെഡി ആണ് നോക്കിക്കേ “എന്ന് പറഞ്ഞു അതിന്റെ ഫംഗ്ഷൻ എല്ലാം പഠിപ്പിച്ചു തന്നു.. “പിന്നെ പാട്ടുകൾ ഇഷ്ടം ഉള്ള എന്റെ അമ്മുസിനു കേൾക്കാൻ എനിക്ക് ഇഷ്ടം ഉളള കുറച്ച് പാട്ടുകൾ കൂടി അതിൽ ഉണ്ട്..എന്നെ മിസ്സ് ചെയ്യുന്നു എന്ന് തോന്നിയാൽ അതൊക്കെ കേൾക്കൂ കേട്ടോ..ഞാൻ വരാം അധികം താമസിയാതെ തന്നെ..മുഹൂർത്തം ഒക്കെ നോക്കിച്ചിട്ട് ഡ്രസ്സ് എടുക്കാൻ ആയിട്ട് കേട്ടോ അമ്മൂസേ”.. അപ്പോഴേക്കും അപ്പു വന്നു “അമ്മ പറഞ്ഞു ചായ കുടിക്കാൻ വരാൻ”അങ്ങനെ ഞങ്ങളുടെ കൂടെ ചായ കുടിച്ചിട്ട് “അമ്മെ രാവിലെ എല്ലാവരും മാളുവിന്റെ വീട്ടിലേക്ക് വരണേ,

ഇങ്ങോട്ട് വരാൻ സമയം കാണില്ല അതാ”അമ്മയെ ഓർമിപ്പിച്ചു കിച്ചുവേട്ടൻ ഇറങ്ങി..കുറച്ച് ദൂരം വരെ ഞാനും കൂടെ പോയി.. വഴി തീരും മുൻപ് എന്റെ കൈയിൽ പിടിച്ച് കിച്ചുവേട്ടൻ പറഞ്ഞു “നമുക്ക് ഒരുപാട് കാലം ഒരുമിച്ച് ജീവിക്കണം.ഒരുപാട് ഒരുപാട് സ്നേഹിച്ചു,ചെറിയ ചെറിയ പിണക്കങ്ങളും,അതിലേറെ വലിയ ഇണക്കങ്ങളും ആയി ഒരുപാട് കാലം കൃഷ്ണനും ,രാധയും പോലെ ജീവിക്കണം നമുക്ക്..” പെട്ടെന്ന് ഞാൻ പറഞ്ഞു “അത് കൃഷ്ണനും,രാധയും വേണ്ട..പ്രണയ കൂടുതൽ കൊണ്ട് തന്റെ പാതിയെ തന്നിലേക്ക് ചേർത്ത് ഒന്നായി തീർന്ന അർദ്ധ നാരീശ്വരൻ അത് മതി..അതാണ് പ്രണയത്തിന്റെ മൂർത്തീ ഭാവം..അതിലാണ് എനിക്ക് ഇഷ്ടം.”

“അവരെ പോലെ പ്രണയിക്കാൻ,അവരോളം സ്നേഹത്തിൽ ഒന്നാകാൻ വേറെ ആർക്കും കഴിഞ്ഞിട്ട് ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല” ഞാൻ പറഞ്ഞു തീർത്തതും എന്റെ മിഴികളിൽ നോക്കി ഒരു പുഞ്ചിരിയോടെ കിച്ചുവേട്ടൻ ചോദിച്ചു “ഇത്രയും പ്രണയം ഒക്കെ ഉണ്ടായിരുന്നോ ഇൗ കുഞ്ഞു മനസ്സിൽ,അറിഞ്ഞില്ല കേട്ടോ,,എന്തായാലും സങ്കൽപ്പം എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു . “അത് പിന്നെ ചെറുപ്പം മുതൽ ആ നടയിൽ അല്ലേ ആശ്രയം..കണ്ടതും,കേട്ടതും കൂടുതൽ ഭഗവാന്റെ കഥകൾ ആയിരുന്നു..”ഞാൻ മറുപടി നൽകി..

“ശരി ശരി അപ്പൊൾ എന്റെ അമ്മുസിന്റെ മനസ്സിൽ ഉള്ളത് പോലെ ജീവിക്കാൻ കഴിയട്ടെ എന്ന് ആ തിരുനടയിൽ പോകുമ്പോൾ പറഞ്ഞെക്ക് കേട്ടോ…”ഇത്രയും പറഞ്ഞു കൈ വീശി കാണിച്ച് കിച്ചുവേട്ടൻ നടന്നു നീങ്ങി.. ഒരുപാട് സന്തോഷത്തോടെ അതിലേറെ പ്രതീക്ഷയോടെ എന്നാലും നാളെ കിച്ചുവേട്ടൻ പോകും എന്ന സങ്കടത്തോടെ ഞാൻ വീട്ടിലേക്ക് തിരികെ നടന്നു…

തുടരും…

കനൽ : ഭാഗം 10