Sunday, December 22, 2024
Novel

ജീവരാഗം: ഭാഗം 20

എഴുത്തുകാരി: SKR

വൈകുന്നേരം ക്ലാസ് കഴിഞ്ഞ ഉടൻ ഞാൻ പാർക്കിങ്ങിലേക്ക് നടന്നു.കൂടെ അവരും . ഞങ്ങൾ എത്തിയതും അച്ചായന്റെ കാർ ഞങ്ങളുടെ മുൻപിൽ വന്നു നിന്നതും ഒരുമിച്ചായിരുന്നു. ഡ്രൈവർ സീറ്റിൽ നിന്നും ജീവച്ചായൻ ഇറങ്ങിവന്നു. പാർക്കിങ്ങിൽ നിന്നും ബൈക്ക് എടുക്കാൻ വന്ന അലെക്സിയും വിപിയും പുള്ളിക്കാരനെ കണ്ട ഉടൻ ഓടിച്ചെന്നു കൈകൊടുത്തു. അവരോടു കുശലാന്വേഷണം നടത്തുന്ന എന്റെ പ്രണയത്തെ കണ്ണിമയ്ക്കാതെ ഞാൻ നോക്കി നിന്നു.

അവരോടു യാത്ര പറഞ്ഞു പുള്ളിക്കാരൻ ഞങ്ങളുടെ അടുത്തേക്ക് വന്നു. അവർ ഞങ്ങളെ കൈ വീശിക്കാണിച്ചിട്ടു പോയി. ഡെയ്സിയോടൊക്കെ അച്ചായൻ എന്തൊക്കെയോ ചോദിച്ചു.എന്നെ മൈൻഡ് ചെയ്യുന്നുതന്നെയില്ല. ചെറിയ ഒരു വിഷമം തോന്നി.അവളുമാരോട് യാത്ര പറഞ്ഞു കാറിൽ കയറി ഇരുന്നു. കുറച്ചു ദൂരം പോയിട്ടും കാട്ടുമാക്കാൻ മൗനവൃതത്തിലാണ്.ഇന്നലത്തെ എന്റെ പെർഫോർമൻസിന്റെ ബാക്കിപത്രമാക്കിയിരിക്കും. വീട്ടിൽ എത്തുന്നവരെ ജീവച്ചായൻ മിണ്ടിയില്ല.പാട്ടും വച്ച് അങ്ങനെ പോന്നു.ഞാനിടയ്ക്കു ഉറങ്ങിപ്പോയി.

വീട്ടിൽ എത്തിയപ്പോഴാണ് പിന്നെ ഉണർന്നത്. എന്നെകണ്ടതും മമ്മിയുടെ ചുണ്ടിൽ ഒരു കള്ളച്ചിരി .ഒരു ചമ്മിയ ചിരിയും ചിരിച്ചു ഓടിപ്പോയി മമ്മിയെ കെട്ടിപ്പിടിച്ചു ഒരുമ്മ കൊടുത്തു. “മതി മതി സോപ്പിങ്.പോയി കുളിച്ചിട്ടു വാ മമ്മി ചായഎടുക്കാം”മമ്മി എന്റെ തലയിൽ തലോടിക്കൊണ്ടു പറഞ്ഞു. “പപ്പ എവിടെ മമ്മീ??” “വന്നില്ല.പെട്ടെന്ന് കുളിച്ചിട്ടു വാ വിശക്കുന്നില്ലേ നിനക്ക്??” സ്റ്റെപ് കയറുമ്പോൾ ചെറുതായി വിറയ്ക്കുന്നുണ്ടായിരുന്നു.

ജീവച്ചായന്റെ പ്രതികരണം ഓർത്തുള്ള ഭയം… മുറിയിലെത്തിയപ്പോൾ ആള് ബാത്റൂമിലാണ്… കുറച്ചു കഴിഞ്ഞപ്പോൾ ബാത്റൂമിന്റെ വാതിൽ തുറക്കുന്ന ശബ്ദം കേട്ടു. എന്നെ ഒന്ന് നോക്കുകപോലും ചെയ്യാതെ റൂമിനു പുറത്തേക്ക് പോയി. നല്ല സങ്കടം വരുന്നുണ്ടായിരുന്നു.വരേണ്ടിയിരുന്നില്ല.. ചിലസമയത്തു അച്ചായനെ തീരെ മനസിലാക്കാൻ കഴിയുന്നില്ല… കുളിച്ചു വന്നപ്പോഴേക്കും മമ്മി ചായയും പഴംപൊരിയും എടുത്തുവച്ചിരുന്നു.

ആ കാട്ടുമാക്കാനെ അവിടെങ്ങും കണ്ടില്ല. കഴിച്ചു കഴിഞ്ഞ് ഞാൻ മമ്മിയുമായി കത്തിവച്ചു അവിടെത്തന്നെ നിന്നു. രാത്രി ഭക്ഷണത്തിന് തൊട്ടുമുന്നാണ് നമ്മുടെ കഥാനായകൻ എത്തിയത്. ഭക്ഷണത്തിന് ശേഷം മുറിയിലെത്തി.അച്ചായൻ മൊബൈലും നോക്കി ഇരിക്കുന്നുണ്ട്. “അച്ചായാ സോറി” സങ്കടത്തോടെ വിളിച്ചു. “എന്തിന്??” മൊബൈലിൽ നിന്നും മുഖമുയർത്താതെയാണ് ചോദ്യം. ഞാൻ അരികിൽ ഇരുന്നു. “ഈ സാധനം ഒന്നെടുത്തു വയ്ക്കാമോ??

“ദേഷ്യത്തോടെ മൊബൈൽ വലിച്ചെടുത്തു. അങ്ങനെ ചെയ്യുമെന്ന് പുള്ളി പ്രതീക്ഷിച്ചില്ലാരുന്നെന്നു തോന്നുന്നു. മൊബൈലിൽ തെളിഞ്ഞ ഫോട്ടോ കണ്ടതും അതുവരെയുണ്ടായിരുന്ന എല്ലാ സങ്കടവും മാഞ്ഞുപോയി. ഞാൻ ഉറങ്ങിക്കിടക്കുന്ന ഫോട്ടോ ആയിരുന്നു. എപ്പോ എടുത്തതാണെന്നറിയില്ല. ഞാൻ ഫോട്ടോസ് സ്ലൈഡ് ചെയ്തുനോക്കി.ആഹാ !!ഞാൻ ഉറങ്ങുന്നതിന്റെ പല അംഗിളിലുള്ള ഫോട്ടോസ്. ഒരുദിവസം എടുത്തതല്ല.ഡ്രസ് വ്യത്യാസമുണ്ട്….

ഞാൻ അച്ചായനെ കൂർപ്പിച്ചു നോക്കി.ആ ചുണ്ടുകളിൽ ഒരു കള്ളച്ചിരി വിരിഞ്ഞു. പെട്ടെന്ന് ആള് എന്നെ വലിച്ചടുപ്പിച്ചു.ഫോൺ കയ്യിൽ നിന്നും വാങ്ങിവച്ചു. എന്തെങ്കിലും ചോദിക്കുന്നതിനു മുന്നേ അധരങ്ങൾ അധരങ്ങളാൽ ബന്ധിക്കപ്പെട്ടു. 💮💮💮💮💮💮💮💮💮💮💮💮💮💮💮 വിയർപ്പിൽ കുളിച്ച് ആ മാറിൽ തല വച്ച് കിടന്നു. “എന്തിനായിരുന്നു എന്നോട് മിണ്ടാതിരുന്നത്??” നെഞ്ചിൽ ചെറുതായി ഇടിച്ചുകൊണ്ടാണ് ചോദിച്ചത്. “ഇന്നലത്തെപോലെ ഇനിയും കരയാൻ തോന്നാതിരിക്കാൻ.”

അച്ചായൻ അതു പറഞ്ഞതും നെഞ്ചിൽ അമർത്തി ഒരു കടിയങ്ങു കൊടുത്തു.അല്ല പിന്നെ.. “ഹൗ!!!പട്ടിക്കുട്ടീ….തിരിച്ചു ഞാനും തരട്ടേ ഒരു കടി അതേ ഇടത്തു??” കുസൃതിയോടെ അത് ചോദിച്ചതും വേണ്ടാ എന്നു പറഞ്ഞുകൊണ്ട് ഞാൻ ബെഡ്ഷീറ്റുകൊണ്ടു ശരീരം മൂടി. സാഹചര്യം തീരെ മോശമാ എന്തിനാ വെറുതേ…. 💮💮💮💮💮💮💮💮💮💮💮💮💮💮💮 “ഇന്നും കരഞ്ഞുകൊണ്ടിരിക്കരുത്”. എന്നെ കോളേജിന് മുന്നിൽ ഡ്രോപ്പ് ചെയ്തുകൊണ്ടു അച്ചായൻ പറഞ്ഞു. ഞാൻ ചിരിച്ചു കൊണ്ടു തലയാട്ടി. “പോട്ടേട്ടോ ” എന്റെ തലയിൽ തടവി. ക്ലാസ്സിൽ എന്നേക്കാത്തു ഒരു ന്യൂസ് ഉണ്ടായിരുന്നു.

“നീതൂസെ എക്സാം ഡേറ്റ് വന്നൂട്ടോ” ചെന്നവഴിയേ തന്നെ വിപി പറഞ്ഞു. അടിപൊളി.അതിന്റെ ഒരു കുറവേ ഉണ്ടായിരുന്നുള്ളൂ. ഉച്ചയ്ക്ക് തന്നെ അച്ചായനെ വിളിച്ചുപറഞ്ഞു. ഇനി പരീക്ഷ കഴിഞ്ഞിട്ട് വീട്ടിലേക്ക് ചെന്നാൽ മതിയെന്ന് പറഞ്ഞുകളഞ്ഞു എന്റെ കെട്ടിയോൻ… പിന്നീടുള്ള ദിവസങ്ങൾ പരീക്ഷാചൂടിന്റേതായിരുന്നു… അച്ചായൻ പറഞ്ഞതുപോലെ ഹോസ്റ്റലിൽ തന്നെയിരുന്നു . അല്ല അങ്ങേർക്കു എന്നെ റാങ്ക് ഹോൾഡർ ആക്കിയേ തീരൂ എന്ന് നിര്ബന്ധമുള്ളത് പോലെ. 💮💮💮

ഇന്ന് ലാസ്റ്റ് എക്‌സാമും കഴിഞ്ഞു.ഇനി പ്രാക്ടിക്കൽസ്. ഡേറ്റ് വന്നിട്ടില്ല.ഡെയ്സിയോടൊപ്പമാണ് പോകുന്നത്. അച്ചായൻ വരാമെന്നുപറഞ്ഞെങ്കിലും ഞങ്ങൾ തനിയെ വന്നോളാo എന്നുപറഞ്ഞു ഞാൻ ആ ആഗ്രഹത്തെ തള്ളിക്കളഞ്ഞു . 💮💮💮💮💮💮💮💮💮💮💮💮💮💮💮 കുറേ ദിവസങ്ങൾക്കു ശേഷം പ്രണയം നുരഞ്ഞുപൊന്തിയ രാത്രി. അതുവരെ പരസ്പരം കാണാതിരുന്നതിന്റെ സങ്കടമെല്ലാം ഞങ്ങൾ പ്രണയിച്ചു തീർത്തു.

പിറ്റേദിവസം രാവിലെ ജിനുവും ജോബിച്ചായനും വന്നു. ഞങ്ങടെ കല്യാണത്തിനു ശേഷം അവര് ആദ്യമായാണ് വരുന്നത്. എല്ലാരും കൂടിയാണ് എന്റെ വീട്ടിൽ പോയത്. നവീനച്ചാച്ചൻ രണ്ടു ദിവസം കഴിഞ്ഞുതിരിച്ചു പോകും….. “നാളെ നമുക്ക് ഒരു സിനിമയ്ക്ക് പോകാം.അതുകഴിഞ്ഞു ബീച്ചിലും….ഒരു ഫുൾഡേ ഔട്ടിങ്…”പോരുന്ന വഴിയേ ജിനു പറഞ്ഞു. “മമ്മി തന്ന സാരി മോൾക്കിഷ്ടപ്പെട്ടില്ലേ” പിറ്റേ ദിവസം പള്ളിയിൽ പോകാനായി ഒരുങ്ങിയിറങ്ങിയ എന്നോട് മമ്മി ചോദിച്ചു. “ഇഷ്ടപ്പെട്ടല്ലോ മമ്മീ.അതെന്താ അങ്ങനെ ചോദിച്ചത്??” “നീയത് ഉടുത്തുകണ്ടില്ല.

അതുകൊണ്ട് ചോദിച്ചതാ.” നാലാം വിരുന്നിന്റെ പിറ്റേന്ന് മമ്മി എനിക്കൊരു യെല്ലോ ഷിഫോൺ സാരി സമ്മാനിച്ചിരുന്നു.അതുടുക്കാനുള്ള സാഹചര്യം വരാഞ്ഞതു കൊണ്ട് ഉടുത്തില്ലെന്നെ ഉള്ളൂ. പള്ളികഴിഞ്ഞു വന്ന് തലേന്ന് തീരുമാനിച്ചപോലെ ഔട്ടിങിന് പോകാനായി ഏത് ഡ്രസ് ഇടും എന്ന സംശയത്തിൽ നിന്നപ്പോൾ ആ സാരി കയ്യിൽപ്പെട്ടു. എന്നാ പിന്നെ ഇതുടുത്തേക്കാം.മമ്മിയുടെ പരിഭവവും മാറിക്കോളും.അച്ചായനും ഒരു സർപ്രൈസ് കൊടുക്കാം. സാരി ഉടുക്കാൻ അറിയാം.ആ കോണ്ഫിഡൻസിൽ ഉടുക്കാൻ തുടങ്ങി.

ഉടുത്തുകഴിഞ്ഞു കണ്ണാടിയിൽ നോക്കി ആത്മനിർവൃതികൊണ്ടു…. കൊള്ളാം .നന്നായിട്ടുണ്ട്…വെൽഡൻ നീതൂ…സ്വയം ഒന്നു പൊങ്ങി. താഴേ നിന്നു നീതൂ എന്ന വിളി കേട്ടതും ഞാൻ താഴേക്കിറങ്ങി.ഇറങ്ങിയതും അച്ചായൻ മുന്നിൽ… ആ മുഖം വിടരുന്നത് സന്തോഷത്തോടെ നോക്കി നിന്നു. അടുത്ത നിമിഷം ആ മുഖത്തെ സന്തോഷം കെട്ടു. “നീ പാർട്ടിക്കാണോ നീതൂ?? തീയറ്ററിലും ബീച്ചിലുമെല്ലാം പോകാൻ പറ്റിയ വേഷം.നിനക്കിത്ര കോമണ് സെൻസില്ലേ??” എനിക്കാകെ ദേഷ്യവും സങ്കടവും വന്നു. മെനക്കെട്ടു അങ്ങേരെ കാണിക്കാൻ വന്നപ്പോൾ കിട്ടിയ വർത്തമാനം….

“ഞാനിനി ഇത് മാറ്റണോ??”എന്റെ സ്വരത്തിൽ ദേഷ്യം കലർന്നിരുന്നു. “പിന്നല്ലാതെ ” അച്ചായൻ വേറെ എന്തോകൂടി പറയാൻ വന്നതും ജിനു ഓടിക്കയറി വന്നു. “വൗ!!!!സൂപ്പർ പെണ്ണേ ” “നീ വന്നേ .ഇനിയും വൈകിയാൽ ടിക്കറ്റ് കിട്ടില്ല.” എന്തെങ്കിലും പറയുന്നതിന് മുൻപേ അവൾ എന്നെ വലിച്ചും കൊണ്ട് താഴെക്കോടി. നിസ്സഹായതയോടെ തിരിഞ്ഞു നോക്കി .ആ മുഖം ദേഷ്യത്താൽ കല്ലിച്ചിരുന്നു. കാർ ഓടിച്ചത് അച്ചായനാണ്.മനസിലെ ദേഷ്യം മുഴുവൻ അതിൽ തീർത്തു അങ്ങേര്.

തീയറ്ററിൽ അടുത്തടുത്തിരുന്നപ്പോൾ ഞാൻ പതിയെ ആ കൈകളിൽ എന്റേതും ചേർത്തുവച്ചു. കൈ പിൻവലിക്കാൻ ശ്രമിച്ചെങ്കിലും ഞാൻ വിട്ടുകൊടുത്തില്ല. പിന്നെ പതിയെ വിരലുകൾ പരസ്പരം കഥ പറയാൻ തുടങ്ങി. 💮💮💮💮💮💮💮💮💮💮💮💮💮💮💮 കടൽക്കാറ്റുമേറ്റ് ജിനുവും ജോബിച്ചായനും കടലിൽ കളിക്കുന്നത് നോക്കി അങ്ങനെ നിന്നു. അച്ചായൻ കുറച്ചുമാറി നിൽപ്പുണ്ട്.പപ്പയും മമ്മിയും അവിടെ ഇരിക്കുന്നു. “വാ പെണ്ണേ”? എന്നും വിളിച്ച് ജിനു വന്ന് കൈപിടിച്ചു വലിച്ചതും ഞാൻ ബാലൻസ് തെറ്റി വെള്ളത്തിലേക്ക് വീണു.

ഒരു തിരമാല അടിമുടി എന്നെ നനച്ചുകൊണ്ടു കടന്നുപോയി. ജീവച്ചായൻ വെപ്രാളത്തിൽ ഓടി വന്ന് പൊക്കിയെടുത്തു. മമ്മിയും പപ്പയും ജോബിച്ചായനുമെല്ലാം ഓടി വന്നു. ജിനു എന്തു ചെയ്യണം എന്നറിയാത്ത അവസ്ഥയിൽ നിന്നുപോയി. കുഴപ്പമൊന്നുമില്ല എന്നു കണ്ട് ആശ്വാസത്തോടെ എന്നെ നോക്കിയ അച്ചായന്റെ മുഖം ദേഷ്യത്താൽ ചുവന്നു. “നിനക്ക് ഈ ഡ്രസ് അല്ലാതെ വേറൊന്നും ഇല്ലായിരുന്നോ നീതൂ” ജോബിച്ചായന്റെ ചോദ്യം കേട്ടതും ജീവച്ചായൻ വെട്ടിത്തിരിഞ്ഞു കാറിന്റെ അടുത്തേക്ക്പോയി.

ഞാൻ പുറകെ പോയി.നന്നായി നനഞ്ഞത് കൊണ്ടു എനിക്ക് നടക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. സിറ്റുവേഷൻ മോശമാണെന്നു തോന്നിയത് കൊണ്ടാവും എല്ലാരും വേഗം വന്ന് വണ്ടിയിൽ കയറി. അച്ചായൻ കാറിന്റെ കീ ജോബിച്ചായന് ഇട്ടുകൊടുത്തു. കാർ നിർത്തിയതും അച്ചായൻ കൊടുങ്കാറ്റ് പോലെ അകത്തേക്ക് പാഞ്ഞു.മമ്മി ഓടിച്ചെന്നു മുൻവശത്തെ വാതിൽ തുറന്നു കൊടുത്തു .

കാലിൽ ഉടക്കിക്കളിക്കുന്ന നനഞ്ഞസാരിയും കൊണ്ടു ഞാനും അച്ചായന്റെ പുറകെ വേഗത്തിൽ നടക്കാൻ ശ്രമിച്ചു. മുറിക്കുള്ളിലേക്കു കയറിയ ആള് എനിക്ക് മുന്നിൽ ആ വാതിൽ കൊട്ടിയടച്ചു…..”തുടരും…. നോവൽ വായിക്കുന്ന ഞങ്ങളുടെ പ്രിയവായനക്കാർ എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഈ പോസ്റ്റ് ലൈക്ക് ചെയ്യണമെന്ന് അപേക്ഷിക്കുന്നു. എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ നല്ല നല്ല നോവലുകൾ എഴുതാൻ അവർക്ക് പ്രചോദനമാകും. 

ജീവരാഗം: ഭാഗം 19