Sunday, December 22, 2024
Novel

ജീവാംശമായ് : ഭാഗം 7

നോവൽ
എഴുത്തുകാരി: അഗ്നി


അവരെല്ലാവരും ഒന്നിച്ചിരുന്ന് കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് ആന്റണി പറഞ്ഞു തുടങ്ങിയത്…

“എനിക്ക് പ്രധാനപ്പെട്ടൊരു കാര്യം പറയുവാനുണ്ട്….എല്ലാവരും..പ്രത്യേകിച്ചു നീലുമോൾ ഇത് ശ്രദ്ധിച്ചു കേൾക്കണം….”

ആന്റണി എന്താണ് പറയുവാൻ പോകുന്നതെന്ന് അറിയുവാനായി നീലു കാതോർത്തു..ബാക്കിയുള്ളവരുടെ മുഖഭാവത്തിൽ നിന്നും പറയാൻ പോകുന്നത് എന്താണെന്ന് അവർക്കറിയാം എന്നുള്ളത് നീലു മനസ്സിലാക്കി….

ആന്റണി പതിയെ പറഞ്ഞു തുടങ്ങി….

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

“നീലുമോളെ….നിന്റെ മമ്മി വഴി നിനക്കൊരു വിവാഹാലോചന വന്നിട്ടുണ്ട്…ഞങ്ങൾക്കെല്ലാവർക്കും അത്…”

“അപ്പാ…അപ്പൻ എന്നതാ ഈ പറയുന്നതെന്ന് വല്ലോ ബോധ്യവും ഉണ്ടോ…”

അവൾ ആന്റണി പറഞ്ഞു പൂർത്തിയാക്കുന്നതിന് മുന്നേ തന്നെ പറഞ്ഞു തുടങ്ങി….

“എന്റെ സ്വപ്നങ്ങൾ എല്ലാം നിങ്ങൾക്കറിയാവുന്നതല്ലേ….ഞാൻ എല്ലാം നിങ്ങളോട് പറഞ്ഞിരിക്കുന്നതല്ലേ…പിന്നെ എന്തിനാ എടുപിടി എന്നും പറഞ്ഞുകൊണ്ട് എന്നെ വിവാഹം കഴിപ്പിച്ചു വിടുന്നെ….”
അപ്പോഴേക്കും അവളുടെ സ്വരം ചിലമ്പിച്ചിരുന്നു..

“മോളെ…മോൾടെ അപ്പയും അമ്മയും മമ്മിയും എല്ലാം മോളെ വിഷമിപ്പിക്കുന്ന….അല്ലെങ്കിൽ മോൾക്ക് ദോഷമായ തീരുമാനം എന്തെങ്കിലും എടുക്കുമെന്ന് തോന്നുന്നുണ്ടോ…

ഇങ്ങനെ ഒരു ആലോചന വന്നു…പയ്യനെപ്പറ്റി അന്വേഷിച്ചപ്പോൾ ആളൊരു ഡോക്ടർ ആണ്..പോരാത്തതിന് നല്ലൊരു കുടുംബവും….

നിന്നെ പഠിപ്പിക്കുവാനുള്ള സന്മനസും ഉണ്ട്…കൂടാതെ ചെറുക്കൻ ഏതോ ഒരു കല്യാണത്തിന് നിന്നെ കണ്ടു…ഇഷ്ടപ്പെട്ടു…അങ്ങനെ എങ്ങനെയൊക്കെയോ അന്വേഷിച്ചാണ് അന്നാമ്മയെ കണ്ടുപിടിച്ചത്….

അവളോട് ചെറുക്കന്റെ അപ്പൻ വന്ന് കാര്യം പറഞ്ഞു…അത് ഇപ്പോൾ ഇവൾ വന്ന് എന്റെ അടുക്കൽ പറഞ്ഞു….

മോളൊന്ന് ആലോചിക്ക്…ഇപ്പോഴാണെങ്കിൽ കൃഷി ഒക്കെ ഒരുവിധം നന്നായി പോകുന്നുണ്ട്…ആദായം നല്ല രീതിയിൽ തന്നെ ലഭിക്കുന്നുമുണ്ട്… അപ്പോൾ ഈ ഒരു സമയം തന്നെ നിന്റെ വിവാഹം നടത്തുവാണെങ്കിൽ നല്ല ഭംഗി ആയിട്ട് എല്ലാം ചെയ്യുവാൻ കഴിയും…

ഇപ്പോഴാണെങ്കിൽ മോള് അവസാന വർഷ പരീക്ഷയ്ക്ക് പഠിക്കുവല്ലേ…പരീക്ഷ കഴിഞ്ഞേ കേട്ട് നടത്തു…അതാവുമ്പോൾ ബാക്കി അവർ ചെയ്തോലാം എന്ന് പറഞ്ഞു…എത്ര വേണമെങ്കിലും പഠിപ്പിക്കുവാൻ അവർ ഒരുക്കമാണ് കുഞ്ഞെ….

മോള് ശെരിക്കും ഒന്ന് ആലോചിക്ക്… എന്തായാലും മറ്റന്നാൾ അവർ നിന്നെ കാണാൻ വരും..അവർ വന്ന് കണ്ടിട്ട് പോകട്ടെ….അല്ലെ….”

അയാൾ പ്രതീക്ഷയോടെ നീലുവിനെ നോക്കി…

“അപ്പാ…അത്….അപ്പയ്ക്കറിയാമല്ലോ…
എന്റെ പ്രതീക്ഷകളും സ്വപ്നങ്ങളും എല്ലാം…ഡിഗ്രി കഴിഞ്ഞ് പി.ജി.ചെയ്യണം…എന്നിട്ട് നല്ലൊരു ജോലി വാങ്ങി കുറച്ചുനാൾ നിങ്ങളുടെ കൂടെ നന്നായി ജീവിക്കണം…..പഠനത്തിരക്കുകൾ ഒക്കെ ഒഴിഞ്ഞ് ഒരു ജോലിക്കാരിയായി കുറച്ചുനാൾ തനിയെ..അതായത് നിങ്ങളോടൊത്ത് ജീവിക്കണം…

അപ്പോൾ ഒരു വിവാഹം എന്ന് പറയുമ്പോൾ…എനിക്ക് അറിയില്ല അപ്പാ….എന്ത് തീരുമാനം കൈക്കൊള്ളണം എന്ന്…

എന്റെ ഒരു സങ്കൽപ്പം അനുസരിച്ച് ഒരു ഇരുപത്തിയഞ്ച്, ഇരുപത്തിയാറ് വയസ്സ് ഒക്കെ ആയിട്ട് എന്റെ വിവാഹം മതി എന്നായിരുന്നു ആഗ്രഹം…അതല്ലേ അപ്പാ നല്ലത്….”

“മോളെ”….അവളുടെ മമ്മി.അന്നമ്മയാണ് പറഞ്ഞു തുടങ്ങിയത്….

“നീ പറഞ്ഞത് ശെരിയാണ്…നിന്റെ ആഗ്രഹങ്ങൾ സ്വപ്നങ്ങൾ…പക്ഷെ നിന്റെ ആഗ്രഹങ്ങളുടെയും സ്വപ്നങ്ങളുടെയും പിന്നാലെ പോകുമ്പോൾ നിന്റെ വീട്ടുകാരുടെ സ്വപ്നങ്ങളെ നീ വിസ്മരിക്കരുത്….

ഒരു പെണ്കുട്ടിയുടെ മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം അവരുടെ ഏറ്റവും വലിയ സ്വപ്നം എന്നത് തന്റെ കുഞ്ഞിനെ യോഗ്യനായ ഒരു വ്യക്തിയുടെ കരങ്ങളിൽ ഏൽപ്പിക്കുന്ന സുദിനം ആണ്…അവരുടെ സ്വപ്നങ്ങളെ തകർത്തുകൊണ്ട് നിനക്ക് നിന്റെ സ്വപ്നത്തെ നേടണമോ…

മാത്രമല്ല…നിനക്കറിയില്ലേ മോളെ റിൻസിയെ…വടക്കേതിലെ പത്രോസിന്റെ മോള്…അവൾ ഇങ്ങനെ പറഞ്ഞു നിന്നു…അവസാനം ഇരുപത്തിയാറ് വയസ്സ് തുടങ്ങിയപ്പോഴാണ് ആലോചനകൾ തുടങ്ങിയത്….

വരുന്ന ആലോചനകൾക്കെല്ലാം എന്തെങ്കിലും ചേർച്ചക്കുറവുണ്ടാകും…ഒന്നുകിൽ ജോലി അല്ലെങ്കിൽ വിദ്യാഭ്യാസം..കുടുംബത്തിന്റെ ചുറ്റുപാട്…അങ്ങനെ അങ്ങനെ….അവസാനം ഇരുപത്തിയെട്ടിലാണ് അവളുടെ കെട്ട് നടന്നത്….

എല്ലാം കൊണ്ടും ചേരും…പക്ഷെ അവളുടെ അമ്മായിയമ്മയെക്കൊണ്ട് ഒരു രക്ഷയുമില്ല….മരുമക്കളിൽ ഏറ്റവും പാവം ഈ കൊച്ചായത് കൊണ്ട് തന്നെ ഇതിന്റെ മെക്കിട്ടാണ് എല്ലാം…അവസാനം ആ കൊച്ചൻ അവളേം വിളിച്ചോണ്ട് അമേരിക്കയ്ക്ക് പോയി….

ഈ പെങ്കൊച്ചിന് നല്ല പ്രായത്തിൽ പല നല്ല കുടുംബങ്ങളിൽ നിന്നും..എനിക്ക് വ്യക്തിപരമായി അറിയാവുന്ന കുടുംബങ്ങളിൽ നിന്നുമെല്ലാം ആലോചനകൾ വന്നപ്പോൾ അത് തട്ടിത്തെറുപ്പിച്ചു കളഞ്ഞു….

അങ്ങനെയുള്ള അനുഭവങ്ങൾ ഒക്കെ കിടക്കുമ്പോൾ…ഞങ്ങളുടെ ആഗ്രഹമാണ് മോളെ പറഞ്ഞത്…ബാക്കിയെല്ലാം…..”
അവർ പറഞ്ഞു നിറുത്തി…..

നീലു ഒന്നും പറയാനാകാതെ തറഞ്ഞിരുന്നു….

“അതേ..ഇനി നമുക്ക് അതിനെപ്പറ്റിയൊക്കെ പിന്നീട് സംസാരിക്കാം..ഇപ്പൊ നിങ്ങൾ ഭക്ഷണം കഴിക്ക്…ഇല്ലേൽ തണുത്ത് പോകും….”

ത്രേസ്യായുടെ വാക്കുകൾ നീലുവിന് ഒരു ആശ്വാസമായിരുന്നു….അവർ ഭക്ഷണം കഴിച്ചു….അതിന് ശേഷം നീലു അകത്തേക്ക് ചെന്ന് കിടന്നു…എന്ത് തീരുമാനം കൈക്കൊള്ളേണം എന്നറിയാതെ അവളുടെ മനസ്സുഴറി…..അവസാനം ഓരോന്നാലോചിച്ചു അവൾ എപ്പോഴോ ഉറക്കത്തിലേക്ക് ചേക്കേറി….

**************************************************************************************

രണ്ട് ദിവസം അതിവേഗം കടന്ന് പോയി…അവൾക്ക് എന്ത് ചെയ്യണമെന്ന് ഒരു എത്തും പിടിയും കിട്ടിയിരുന്നില്ല….

മമ്മി ഇനി പെണ്ണ് കാണൽ കഴിഞ്ഞിട്ടേ പോകുന്നുള്ളൂ എന്ന് തീരുമാനിച്ചതിനാൽ രണ്ട് ദിവസമായി വീട്ടിൽ തന്നെയുണ്ട്…ഇപ്പോൾ വരുന്നവരെ സ്വീകരിക്കുവാനുള്ള തത്രപ്പാടിൽ ഓരോ സാധനങ്ങൾ എടുത്തു വയ്ക്കുന്നു…

അപ്പോഴേക്കും ഒരു കാർ വന്ന് നിൽക്കുന്ന ശബ്ദം നീലു കേട്ടു…അവൾ മുറിയ്ക്ക് പുറത്തേയ്ക്ക് ഇറങ്ങാതെ അകത്ത് തന്നെയിരുന്നു…

ആരൊക്കെയോ വന്നതായും എന്തൊക്കെയോ സംസാരിക്കുന്നതായും ഒക്കെ അവൾക്ക് മനസിലായി….അവൾ എന്ത് തീരുമാനം എടുക്കണം എന്ന് ചിന്തിക്കുമ്പോഴാണ് ത്രേസ്യ വന്ന് അവളെ വിളിക്കുന്നത്….

അവൾ ഒരു പീച് നിറമുള്ള ചുരിദാർ ആയിരുന്നു ധരിച്ചിരുന്നത്…മുടി ചീകി ഒറ്റയായി കെട്ടിയിരുന്നു….കൂടെ ഒരു കുഞ്ഞു പൊട്ടും ഒരു മൊട്ടു കമ്മലും…

അവളെ കണ്ട ത്രേസ്യായുടെ മുഖം വിടർന്നു…അവർ അവളുടെ നെറുകയിൽ ചുംബിച്ചു ..അവളെയും കൂട്ടിക്കൊണ്ട് മുന്നിലേക്ക് ചെന്നു….

അവൾ ചെന്നപ്പോഴേക്കും ചായയും പലഹാരങ്ങളും ത്രേസ്യയും മമ്മിയും കൂടെ കൊണ്ടുവച്ചിരുന്നു….അവൾ അവിടെ ഇരുന്നവരെ ഒന്ന് നോക്കി….

ഒരു പ്രായമായ ആൾ….അദ്ദേഹത്തിന്റെ അടുത്ത് രണ്ട് ചെറിയ പെണ്കുട്ടികൾ ഇരിക്കുന്നുണ്ടായിരുന്നു….അത് കഴിഞ്ഞ് ഒരു സ്ത്രീ…ആ സ്ത്രീ അടുത്തിരുന്ന പുരുഷന്റെ കൈകളിൽ പിടിച്ചിരുന്നു…അത് അപ്പോൾ അവരുടെ ഭർത്താവാകാം എന്നവൾ ഊഹിച്ചു…

പിന്നീട് അവളുടെ കണ്ണുകൾ അദ്ദേഹത്തിന്റെ അടുത്തിരിക്കുന്ന ആളെയാണ് നോക്കിയത്….

അവളുടെ ചുണ്ട് യാന്ത്രീകമായി മന്ത്രിച്ചു…
“ഡോക്ടർ ഇമ്മാനുവേൽ…..”

**************************************************************************************

“മോൾക്ക് ഡോക്ടറെ നേരത്തെ അറിയുമോ…”
ആന്റണി ചോദിച്ചപ്പോഴാണ് താൻ ആത്മഗതം പറഞ്ഞത് അൽപ്പം ഉച്ചത്തിലായി പോയെന്ന് അവൾക്ക് മനസ്സിലായത്. .

അവൾ ആന്റണിയെ നോക്കി ഒന്ന് ചിരിച്ചു…എന്നിട്ട് ഇമ്മാനുവേലിനെ നോക്കി…ആ കണ്ണുകളിൽ ഒരു കുസൃതി വിടരുന്നത് അവൾ കണ്ടു…

“ആ..അപ്പാ…കണ്ടിട്ടുണ്ട്…സോനുവിന്റെ വിവാഹത്തിന് പോയപ്പോൾ…അന്ന് സീന ഡോക്ടറേപ്പറ്റി പറഞ്ഞിരുന്നു…..”

“ആഹാ…അത് നല്ല കാര്യായല്ലോ….
എന്തായാലും ഇത്രയും ആയ സ്ഥിതിക്ക് ഞാൻ ഞങ്ങളെ അങ് പരിചയപ്പെടുത്താം….”

ഇമ്മാനുവേലിന്റെ അപ്പൻ പറഞ്ഞു തുടങ്ങി…

“ഞാൻ തോമസ് ഫിലിപ്പ്…എന്റെ മകനാണ് കൊച്ചു പറഞ്ഞ ഡോക്ടർ ഇമ്മാനുവേൽ…
ഇത് അവന്റെ സഹോദരി എലിസബേത്…അവൾ ഇവന്റെ കൂടെ തന്നെ ഡോക്ടറായി ജോലി ചെയ്യുന്നു…..

ഇത് അവളുടെ ഭർത്താവ് മാത്യൂസ്….ആളൊരു ബിസിനസ്സ് നടത്തുന്നു ചെന്നൈയിൽ തന്നെ…
ഇത് ഇവരുടെ പിള്ളേർ..അതായത് എന്റെ കൊച്ചു മക്കൾ….

സ്നേഹയും സാന്ദ്രയും…
സ്നേഹമോള് യൂ. കെ.ജിയിൽ പഠിക്കുന്നു…

സാന്ദ്രമോൾക്ക് രണ്ട് വയസ് കഴിഞ്ഞു……”
തോമസ് ഇത്രയും പറഞ്ഞുകൊണ്ട് അവളെ നോക്കി ഒന്ന് ചിരിച്ചു…അവൾ തിരിച്ചും…

“എന്നാ പിന്നെ പപ്പാ…ഇവര് തമ്മിൽ സംസാരിക്കട്ടെ ലെ….”
മാത്യൂസ് ചോദിച്ചു….

“ഓ..ആയിക്കോട്ടെ…” എന്നും പറഞ്ഞുകൊണ്ട് ആന്റണി സമ്മതവും മൂളി….

കേട്ടപാതി ഇമ്മാനുവേൽ പുറത്തേയ്ക്കിറങ്ങി….അവളുടെ വീടിന്റെ വലതു വശത്തായുള്ള മാവിൻ ചുവട്ടിൽ ചെന്ന് നിന്നു….നീലു അവന്റെ പിന്നാലെ ചെന്നു….

“ഹായ്…”…ഇമ്മാനുവേലാണ് സംസാരത്തിന് തുടക്കം കുറിച്ചത്….

അവൾ അവനെ നോക്കി ഒന്ന് ചിരിച്ചു…

“ഹായ്..ഞാൻ ഇമ്മാനുവേൽ…എല്ലാവരും എന്നെ ഇമ്മു എന്നാണ് വിളിക്കാറ്…

ഇയാൾ സ്റ്റെഫി അല്ലെ…ഞാൻ ഇയാളെ ആൽവിയുടെ മനസമ്മതത്തിനാണ് ആദ്യമായി കാണുന്നത്…അന്ന് കണ്ട് ഇഷ്ടപെട്ടാണ് ഇന്ന് ഇപ്പോൾ ഇങ്ങനെ ഇവിടെ നിൽക്കുന്നത്……”
അവൻ ഒരു പുഞ്ചിരിയോടെ അവളെ നോക്കി പറഞ്ഞു…

അവൾ അവനെ ഒന്ന് നോക്കി….
നല്ല വട്ട മുഖം…ഇരു നിറം…കാണുവാൻ സുന്ദരനാണ്…പൊക്കവും ഉണ്ട്…അവൾ അവനെ തന്നെ നോക്കി നിന്നു….അവസാനം അവൻ കൈ ഒന്ന് ഞൊടിച്ചപ്പോഴാണ് അവൾ ബോധ മണ്ഡലത്തിലേക്ക് തിരികെ വന്നത്…

” സോ…സോറി…..” അവൾ പറഞ്ഞു…

“ഹേയ്..ഇറ്റ്‌സ് ഓൾ റൈറ്റ്…
തനിക്ക് ഒന്നും പറയുവാനില്ലേ…”
ഇമ്മാനുവേൽ ചോദിച്ചു…

“അത്…അത് വേറെ ഒന്നുമല്ല…ഞാൻ ഇപ്പോൾ ഒരു വിവാഹം ആഗ്രഹിക്കുന്നില്ല….അതാണ് പ്രശ്നം…അല്ലാതെ….”

“ഓക്കെ…എനിക്ക് മനസ്സിലാകും…തനിക്ക് തുടർന്ന് പഠിക്കുവാനായിരിക്കും ആഗ്രഹം…എഡോ..അതൊക്കെ ഞാൻ ശെരിയാക്കാം…

എന്തോ തന്നെ കണ്ടപ്പോൾ മുതൽ താൻ കൂടെ വേണം എന്നൊരു തോന്നൽ…അതുകൊണ്ടാണ് പപ്പയുടെ മുന്നിൽ ചെന്ന് കാര്യം പറഞ്ഞ് പിടിച്ച പിടിയാലെ ഇങ്ങോട്ടേയ്ക്ക് കൂട്ടിക്കൊണ്ട് വന്നത്….

തനിക്ക് വേറെ പ്രണയം ഒന്നും ഇല്ലെന്ന് എനിക്കറിയാം…ഇനി താൻ തീരുമാനിക്ക്…ഞാൻ എന്തായാലും വേണ്ട എന്ന് പറയുകേല..തന്റെ തീരുമാനം ആകും അവസാനത്തേത്…..”

അതും പറഞ്ഞുകൊണ്ട് അവൻ അവളെ നോക്കി ഒന്ന് ചിരിച്ചു…അപ്പോഴേക്കും അകത്ത് നിന്നും വിളി വന്നിരുന്നു….

അവൻ അകത്തേയ്ക്ക് നടന്ന് നീങ്ങി പുറകെ അവളും…

അവർ രണ്ട് ദിവസം കഴിഞ്ഞ് വിളിക്കാം എന്ന് പറഞ്ഞുകൊണ്ട് യാത്ര പറഞ്ഞ് തിരികെ പോയി…പോകുന്നതിന് മുന്നേ ഡോക്ടർ അവളെ നോക്കി മനോഹരമായൊരു പുഞ്ചിരി നൽകി….

അവൾ എന്ത് ചെയ്യണം എന്നറിയാതെ മുറിയിലേക്ക് കടന്നുപോയി…അവളെ ഇപ്പോൾ ഒന്നും പറഞ്ഞ് ശല്യം ചെയ്യേണ്ടെന്ന് കരുതി അവളെ എല്ലാവരും അവളുടെ വഴിക്ക് വിട്ടു….

മുറിയിൽ കയറിയതും അവൾ കട്ടിലിലേക്ക് കിടന്നു..എന്ത് വേണമെന്ന് ആലോചിച്ചുകൊണ്ട് ഇരിക്കുമ്പോഴാണ് കതകിൽ ഒരു മുട്ട് കേട്ടത്….

**************************************************************************************

കതകിൽ മുട്ട് കേട്ടതും അവൾ ചാടി എഴുന്നേറ്റു….എഴുന്നേറ്റത്തിന്റെ ആഘാതത്തിൽ അവളുടെ കാലൊന്ന് ചെറുതായി മടങ്ങി….

അവൾ വേഗം തന്റെ കാലൊന്ന് കുടഞ്ഞു..തന്റെ ആലോചനകളിൽ നിന്ന് പുറത്ത് വന്നു…തന്റെ വയറും താങ്ങിപ്പിടിച്ചവൾ വാതിൽ തുറക്കാനായി എഴുന്നേറ്റതും വാതിൽ തുറന്ന് ഒരാൾ കടന്ന് വന്നതും ഒന്നിച്ചായിരുന്നു…

അയാളെ കണ്ടതും അവളുടെ കണ്ണുകൾ സന്തോഷം കൊണ്ട് വിടർന്നു…

(തുടരും….)

ജീവാംശമായ് : ഭാഗം 1

ജീവാംശമായ് : ഭാഗം 2

ജീവാംശമായ് : ഭാഗം 3

ജീവാംശമായ് : ഭാഗം 4

ജീവാംശമായ് : ഭാഗം 5

ജീവാംശമായ് : ഭാഗം 6