ജീവാംശമായ് : ഭാഗം 5
നോവൽ
എഴുത്തുകാരി: അഗ്നി
“അപ്പാ…പപ്പേ….ഡോക്ടർ പറഞ്ഞത് ഞാൻ പഴയ കാര്യങ്ങളൊന്നും ഓർക്കുവാൻ ശ്രമിക്കരുതെന്നായിരിക്കും അല്ലെ…അത് കുഞ്ഞുങ്ങളെ ബാധിക്കുമെന്നും….
പക്ഷെ അത്….അതെനിക്ക് കഴിയുമെന്ന് തോന്നുന്നുണ്ടോ നിങ്ങൾക്കെല്ലാവർക്കും…..ഞാൻ ഒരിക്കലും പ്രതീക്ഷിക്കാത്ത സമയത്ത് എന്റെ ജീവിതത്തിലേക്ക് കടന്നു വന്ന ആളാണ് എന്റെ മനു അച്ചാച്ചൻ…
അത്രയും നാൾ അപ്പനും അമ്മയുമാണ് എന്റെ ലോകമെന്ന് വിശ്വസിച്ചിരുന്ന എന്റെ ലോകം പിന്നെ അച്ചാച്ചനായിരുന്നു….എന്റെ ജീവിതവും പ്രണയവും എല്ലാം…..
പ്രണയ വിത്തുകൾ ഒന്നും മുളയ്ക്കാതിരുന്ന തരിശു ഭൂമിപോലെയിരുന്ന എന്റെ ഹൃദയത്തിൽ പ്രണയത്തിന്റെ വിത്തുകൾ പാകി……ഓരോ ചുംബനങ്ങളിലൂടെയും ചേർത്തുപിടിക്കലുകളിലൂടെയും അവയ്ക്ക് വെള്ളവും വളവും ഏകി…
അവസാനം അത് ഒരു പടുവൃക്ഷമായി ഫലങ്ങൾ പുറപ്പെടുവിക്കണം എന്ന് ആഗ്രഹിച്ചു തുടങ്ങിയപ്പോഴേക്കും ഇത്രയും നാൾ അതിനെ നട്ടു വളർത്തി പരിപാലിച്ച അതിന്റെ നാഥൻ ആ വൃക്ഷത്തെ ഉപേക്ഷിച്ചു പോയി…
നാഥൻ ഒരു ദിവസം പെട്ടന്ന് അവയെ ഉപേക്ഷിച്ചു കടന്ന് പോയത് ആ ഹൃദയത്തിന് സഹിക്കുവാൻ കഴിഞ്ഞില്ല….അതുകൊണ്ട് തന്നെ ആ മരം നിലം പൊത്തും എന്നായപ്പോൾ സ്വഹൃദയം ആ വൃക്ഷത്തിന്റെ നിലനിൽപ്പിനായി വിട്ടു നല്കിയല്ലേ നവൃക്ഷത്തിന്റെ നാഥൻ കടന്ന് പോയത്….
ആ വൃക്ഷം എന്റെ ഹൃദയത്തിൽ…അല്ല…എന്റെ നാഥന്റെ ഹൃദയത്തിൽ സ്ഥിതി ചെയ്യുമ്പോൾ..എങ്ങനെ ഞാൻ എന്റെ അച്ചാച്ചനെ ഓർക്കാതിരിക്കും….ഓരോ മിടിപ്പും ഓരോ ശ്വാസവും മനു-നിലാ എന്ന് മാത്രം സംസാരിക്കുന്നതായി അനുഭവപ്പെടുന്ന ഞാൻ എങ്ങനെ അദ്ദേഹത്തെ ഓർക്കാതിരിക്കും…..”
വീണ്ടും അവളുടെ കണ്ണുകൾ ബാഷ്പങ്ങൾ പൊഴിച്ചു….അവൾക്ക് അവളുടെ അച്ചാച്ചനെ കാണുവാൻ അതിയായ ആഗ്രഹം തോന്നി….
അവൾ വേഗം എലിസബത്തിനെ ഫോൺ വിളിച്ചു…
“ഇച്ചേച്ചി….”…
അവളുടെ സ്വരത്തിന്റെ വ്യതിയാനം മനസ്സിലായതും അവൾ വ്യാകുലപ്പെട്ടു…
”എന്താ മോളെ…എന്ത് പറ്റി….” അവർ ആധിയോടെ ചോദിച്ചു…
“ഇച്ചേച്ചി…തിരക്കില്ലെങ്കിൽ എനിക്കിപ്പോ എന്റെ അച്ചാച്ചനെ ഒന്ന് കാണിച്ചു തരുമോ…എനിക്ക് കണ്ടേ പറ്റു…..”
“വേണ്ട മോളെ..നീ ഇപ്പോൾ കാണണ്ട….അത് ചിലപ്പോൾ നിന്നെ ഇനിയും വേദനിപ്പിക്കും…കുഞ്ഞുങ്ങൾ ഉണ്ടായിക്കഴിഞ്ഞേ നീ ഇനി അവനെ കാണുകയുള്ളൂ എന്ന് നീ വാക്ക് തന്നതല്ലേ…പിന്നെ എന്താ…”
അകത്ത് തികട്ടി വന്ന സങ്കടം കടിച്ചമർത്തി ഗൗരവത്തോടെ എലിസബത്ത് അവളോട് ചോദിച്ചു…
അത് കേട്ടതോടെ അവൾ ഒന്നടങ്ങി……അവളുടെ ഹൃദയം ശക്തിയായി മടിച്ചു…അവളുടെ കരങ്ങൾ യാന്ത്രീകമായി അവളുടെ ഇഡാ നെഞ്ചിലേക്കും വീർത്തുവരുന്ന അവളുടെ വയറിലേക്കും നീണ്ടു…
അവളുടെ അവസ്ഥ കണ്ട ത്രേസ്യയ്ക്ക് തന്റെ സങ്കടം പിടിച്ചു വയ്ക്കാനായില്ല….അവർ ആന്റണിയുടെ തോളിലേക്ക് മുഖം അമർത്തി കരഞ്ഞു…ആന്റണി അരുത് എന്ന് വിലാക്കിയിട്ട് പോലും അവർക്ക് കരയുവാതിരിക്കുവാൻ കഴിഞ്ഞില്ല..തോമസ് ആ സമയം കൊണ്ട് നീലുവിനെ അവരുടെ വണ്ടിയുടെ അടുക്കലേക്ക് കൊണ്ടുചെന്നിരുന്നു.
.
ത്രേസ്യ മുഖം ഒന്ന് കഴുകി വണ്ടിയിലേക്ക് കയറി…തോമസ് വണ്ടിയെടുത്തു…വണ്ടി ആന്റണിയുടെ ഇടവക പള്ളിയിലാണ് ചെന്ന് നിന്നത്…
അവർ പതിയെ നീലുവിനെ പിടിച്ചിറക്കി….സങ്കടം അധികരിച്ചാൽ അവൾ ഇവിടെ വന്നിരിക്കുന്നത് പതിവാണ്…
അവൾ ഏറ്റവും മുന്നിലുള്ള ബെഞ്ചിൽ ചെന്നിരുന്നു…സാരിത്തലപ്പാൽ അവളുടെ തലയെ മറച്ചു….കണ്ണുനീരോടെ അവൾ അവിടെ അവളുടെ മനസിലെ വിഷമങ്ങൾ തീരുവോളം ചിലവിട്ടു….
തന്റെ മകളുടെ വിഷമം താങ്ങുവാൻ കഴിയാതെ രണ്ട് അപ്പന്മാരും അമ്മയും അവിടെ അവളുടെ പിന്നിലായി കുറച്ചു മാറിയിരുന്നു….
**************************************************************************************
ഒരു മണിക്കൂറിന് ശേഷമാണ് അവൾ പ്രാർത്ഥന വിട്ടുണർന്നത്….പ്രാർത്ഥിച്ചു കഴിഞ്ഞപ്പോൾ തനിക്ക് ഒരു ഊർജം ലഭിച്ചതായി അവൾക്ക് തോന്നി…..
അവൾ.ഒന്ന് രണ്ട് കൂട് മെഴുകുതിരി കത്തിച്ചതിന് ശേഷം തിരികെ.വണ്ടിയുടെ അടുക്കലേക്ക് വന്നു…അവളുടെ തെളിഞ്ഞ മുഖം കണ്ടപ്പോൾ തന്നെ കൂടെയുണ്ടായിരുന്നവർക്ക് അത് ഒരു ആശ്വാസമായി തോന്നി
പത്ത് മിനിറ്റ് കൊണ്ട് അവർ വീട്ടിലെത്തി….നീലുവിന് വല്ലാത്തൊരു പരവേശം തോന്നി…അതറിഞ്ഞ ത്രേസ്യ പെട്ടന്ന് തന്നെ അവിടെ ഇരുന്ന തണ്ണി മത്തങ്ങയെടുത്ത് അൽപ്പം പഞ്ചസാരയെടുത്ത മിക്സിയിൽ ഇട്ട് അടിച്ചതിന് ശേഷം കൊടുത്തു…അവൾ അത് വളരെ വേഗം തന്നെ കുടിച്ചു തീർത്തു..
“മോളെ…പിന്നെ ഡോക്ടർ ഒരു കാര്യം കൂടെ പറഞ്ഞിരുന്നു….മറ്റൊന്നുമല്ല ഈ ജോലിക്ക് പോക്ക് കുറച്ചു നാളത്തേക്കെങ്കിലും ഒന്ന് അവസാനിപ്പിക്കാമോ എന്ന്… ഞാൻ എന്താ ചെയ്യണ്ടേ…നിന്റെ സ്ഥാപനത്തിലേക്ക് വിളിച്ചു പറയട്ടെ..
മോൾക്ക് ഇപ്പോൾ ആ വരുമാനമില്ലെങ്കിലും ജീവിക്കുവാൻ ഉള്ളത് ഉണ്ടല്ലോ….അപ്പോൾ….”
തോമസ് ചോദിച്ചു നിറുത്തി…….
“എന്റെ കുഞ്ഞുങ്ങൾക്ക് വേണ്ടിയല്ലേ….എനിക്ക് സമ്മതമാണ്…ഞാൻ ഇനി ജോലിക്ക് പോകുന്നില്ല…
കുഞ്ഞുങ്ങളെ പ്രസവിച്ച് അവർക്ക് ഒരുവിധം തിരിച്ചറിവാകുമ്പോഴവക്കും എനിക്ക് എന്റെ മനുവച്ചാച്ചൻ എന്നിൽ കണ്ട സ്വപ്നം നിറവേറ്റണം….”
എന്തോ ആലോചിച്ചെന്നപോലെ അവളുടെ കണ്ണുകൾ തിളങ്ങി…
*******************************************
*******************************************
ഇന്നത്തെ ആശുപത്രിയിൽ പോക്കും മറ്റുമായി അവൾ നന്നേ ക്ഷീണിച്ചിരുന്നതിനാൽ അവൾ മുറിയിലേക്ക് കിടക്കുവാനായി ചെന്നു….
അവിടെ അവൾ ചുമരിൽ വച്ചിരിക്കുന്ന ഒരു ഫോട്ടോയിൽ അവളുടെ കണ്ണുടക്കി…താനും സോനുവും കൂടെ ചേർന്ന് നിൽക്കുന്നൊരു ഫോട്ടോ…
അവൾ.അതേടുത്തൊന്ന് നോക്കി…അവളുടെ ചിന്തകൾ സോനുവിന്റെ വിവാഹ ദിവസത്തിലേക്ക് ചെന്നെത്തി…
(തുടരും….)