Sunday, December 22, 2024
Novel

ജീവാംശമായ് : ഭാഗം 4

നോവൽ
എഴുത്തുകാരി: അഗ്നി


ആന്റണിയും ത്രേസ്യയും കൂടെ ചൂടുവെള്ളം ഹോട്ട് ബാഗിലാക്കി കൊണ്ടുവന്നിരുന്നു…ആന്റണി തന്നെ അത് അവളുടെ പുറകിൽ പതിയെ വച്ചുകൊടുത്തു….

അവൾ കുറച്ചാശ്വാസത്തോടെ അവിടെ അനങ്ങാതെ തന്നെ ഇരുന്നു…സച്ചു അപ്പോഴും അവളുടെ കൂടെയുണ്ടായിരുന്നു…

അപ്പോഴാണ് അവൾ തന്നെ തന്നെ നോക്കിയിരിക്കുന്ന രണ്ട് കണ്ണുകളെ കണ്ടത്….ആ കണ്ണുകൾ കണ്ടതും അവളുടെ ചൊടികളിൽ പുഞ്ചിരി വിടർന്നു…

അവളുടെ ചുണ്ടുകൾ മന്ത്രിച്ചു…
“പപ്പ….”

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

“നീലുമോളെ”…എന്നും വിളിച്ചുകൊണ്ട് മനുവിന്റെ പപ്പ തോമസ് ഫിലിപ്പ് അകത്തേയ്ക്ക് കടന്നു വന്നു…

അയാൾ നീലുവിന്റെ നെറുകയിൽ ഒന്ന് ചുംബിച്ചു..അയാൾ പതിയെ അവളുടെ ഉദരത്തിൽ…തന്റെ കൊച്ചു മക്കൾ…തന്റെ ഇമ്മുവിന്റെയും അവന്റെ നിലായുടെയും കുഞ്ഞുങ്ങൾ…അവർ സ്വസ്ഥമായ്‌ വിശ്രമിക്കുന്ന അവളുടെ വീർത്തിരിക്കുന്ന വയറിൽ പതിയെ തലോടി…

സന്തോഷം.കൊണ്ട് അയാളുടെ കണ്ണുകൾ നിറഞ്ഞു…കൂടാതെ നേർത്തൊരു തേങ്ങലും…

തോമസിന്റെ അവസ്ഥ കണ്ടെന്നോണം ആന്റണി അയാളെ ചേർത്ത് പിടിച്ചു…എല്ലാവരുടെയും കണ്ണുകൾ നിറഞ്ഞു കവിഞ്ഞിരുന്നു…

എല്ലാവരുടെയും മനസ്സിൽ അതേ സമയം മിഴിവോടെ നിന്നിരുന്ന നാമം ഒന്ന് മാത്രമായിരുന്നു….”ഇമ്മാനുവേൽ”

***************
***************

ആന്റണിയും ത്രേസ്യയും തോമസും നീലുവും കൂടെ പാലായിലുള്ള മദർ ആൻഡ് ചൈൽഡ് ആശുപത്രിയിലെത്തി…

അവിടെയുള്ള ഡോക്ടർ അനിത സത്യമൂർത്തിയെയായിരുന്നു അവർക്ക് കാണേണ്ടിയിരുന്നത്….അനിത മനുവിന്റെ ചേച്ചി എലിസബത്ത് എന്ന ലിസമ്മയുടെ സുഹൃത്താണ്…അതിനാൽ തന്നെ നീലുവിനെക്കുറിച്ചുള്ള എല്ലാ കാര്യങ്ങളും അവർക്കറിയാമായിരുന്നു…

“ആഹാ…ഇന്നും എല്ലാവരും ഉണ്ടല്ലോ….” അനിത ഒരു ചിരിയോടെ ഇങ്ങനെ പറഞ്ഞുകൊണ്ടാണ് മൂവരേയും വരവേറ്റത്…

“ഞങ്ങളുണ്ടായിട്ടെന്തിനാ…..ഇപ്പോൾ കൂടെ ഉണ്ടാകേണ്ടിയിരുന്ന എന്റെ മകൻ ഇവിടെ ഇല്ലല്ലോ….” തോമസ് കണ്ണുനീരോടെ പറഞ്ഞു നിറുത്തി…

അത് കേട്ടപ്പോഴേക്കും നീലുവിന്റെയും കണ്ണുകൾ നിറഞ്ഞു…കുഴിച്ചു മൂടപ്പെട്ട ഓർമ്മകൾ ഒരു ചിത്രം കണക്കെ അവളുടെ മുന്നിൽ തെളിഞ്ഞു….അവൾ ഓർമ്മകളിലേക്ക് ചേക്കേറുകയാണെന്ന് കണ്ട അനിത അവളെ വേഗം തട്ടി വിളിച്ചു…

നീലു ഒന്ന് ഞെട്ടി …അതിന് ശേഷം അവരെ നോക്കി ഒന്ന് ചിരിച്ചു…വേദനയിൽ കുതിർന്ന ഒരു നനുത്ത ചിരി…

“നീലു…അകത്തേക്ക് വരു…ഞാൻ ഒന്ന് നോക്കട്ടെ….”…

അവർ അവളേയും കൂട്ടി അകത്തേയ്ക്ക് ചെന്നു….ഒരാഴ്ച മുന്നേ വന്ന് ചെയ്ത സ്കാനിങ്ങിന്റെ റിപ്പോർട്ട് അവളുടെ കയ്യിൽ ഭദ്രമായി ഉണ്ടായിരുന്നു…

അനിത ആ റിപ്പോർട്ടും കൂടെ അവളെയും ഒന്ന് പരിശോധിച്ച ശേഷം അവളുമായി പുറത്തേയ്ക്ക് വന്നു…

അവരെല്ലാവരും ഡോക്ടറെ ഉറ്റുനോക്കി…

“പേടിക്കാനൊന്നും ഇല്ല…അമ്മയും കുഞ്ഞും എല്ലാം ഓക്കേ ആണ്…എന്നാലും നീലു…ഭക്ഷണ കാര്യത്തിൽ കുറച്ചുകൂടെ ശ്രദ്ധയാകാം…ഒന്നല്ല..മൂന്ന് ജീവനാണ് നിന്റെ ഉള്ളിൽ കിടക്കുന്നത്….അത് ഓർമ്മ വേണം….

കുഞ്ഞുങ്ങളുടെ പൊസിഷൻ ഒക്കെ ശെരിയായി ആണ് കിടക്കുന്നത്…അവരെക്കുറിച്ചോർത്ത് ഒരു ടെൻഷനും വേണ്ട…

പിന്നെ ഞാൻ കുറച്ച് അയൺ അടങ്ങിയ ഗുളികകൾ തരാം…അത് മര്യാദയ്ക്ക് കഴിക്കണം കേട്ടോ…

മനസ്സിൽ സങ്കടം വരുമ്പോൾ കുഞ്ഞുങ്ങളെ ഓർക്കുക…അവരോട് സംസാരിക്കുക…അപ്പോൾ തന്നെ മനസ്സിനൊരു സമാധാനം കിട്ടുമെഡോ…”

അവർ നീലുവിന്റെ ചുമലിൽ തട്ടി ഒന്ന് പറഞ്ഞു നിറുത്തി….

അവൾ അവരെ ഒന്ന് നോക്കി….അവർ അവളുടെ നെറുകയിൽ ഒന്ന് ചുംബിച്ചു…
“എല്ലാം.ശെരിയാകും നീലു…ഈ കുഞ്ഞുങ്ങളുടെ വരവോട് കൂടെ…”..
അവർ അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു…

അവർ പോകാൻ നേരം നീലുവിനേയും ത്രേസ്യയെയും പുറത്തേക്ക് നിറുത്തി അനിത ആന്റണിയോടും തോമസിനോടും മാത്രമായി സംസാരിച്ചു…

“നീലു കഴിവതും പഴയ കാര്യങ്ങൾ ഓർമ്മിക്കാതെ…അല്ലെങ്കിൽ അതിനുള്ള സാഹചര്യം ഉണ്ടാക്കാതെ നിങ്ങൾ ശ്രദ്ധിക്കണം…

നമുക്കറിയാം അവളുടെ ജീവിതത്തിൽ സംഭവിച്ചതെല്ലാം….ദൈവത്തിന്റെ കയ്യിൽ അല്ലെ എല്ലാം….

ഒരിക്കലും അവളുടെ മുന്നിൽ.വച്ചു ഇമ്മുവിനെക്കുറിച്ചുള്ള ഒരു കാര്യവും പറയാതിരിക്കുവാൻ പരമാവധി ശ്രമിക്കുക….കാരണം അവരുടെ സ്നേഹത്തിന്റെ വ്യാപ്തി കണ്ടറിഞ്ഞവരല്ലേ നമ്മൾ….

വർഷം മൂന്ന് കഴിഞ്ഞിട്ടും അവൾക്ക് ഒന്നും മറക്കുവാൻ കഴിഞ്ഞിട്ടില്ല……..അത് ചിലപ്പോൾ അവന്റെ ”ജീവന്റെ ഒരു അംശം”…അല്ലെങ്കിൽ അവനിൽ അവൾ നിറഞ്ഞിരുന്ന ആ ഒരു ഭാഗം അവളിൽ മിടിക്കുന്നത് കൊണ്ടാകാം…

ചിലപ്പോൾ അതിനാലാകാം നിലായുടെ മാത്രം മനുവിനെക്കുറിച്ചോർത്ത് അവൾ പിടയുന്നത് നമുക്കോരോരുത്തർക്കും മനസ്സിലാക്കുവാൻ കഴിയുന്നത്…..ആ പിടച്ചിൽ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം….ആ പിടച്ചിൽ ഉണ്ടാകുമ്പോൾ മനു തന്നെ അവളെ ഒരു പക്ഷെ അവളുടെ അകമേ നിന്ന് തന്നെ ആശ്വസിപ്പിക്കുന്നുണ്ടാകാം…”

അത് പറയുമ്പോഴേക്കും അനിതയുടെയും കണ്ണുകൾ നിറഞ്ഞിരുന്നു…
അവർ തുടർന്നു..

“അവൾ ഇപ്പോൾ മനുവിന്റെ നിലായല്ല…അവളെ.സ്നേഹിക്കുന്നവരുടെ നീലുവാണെന്ന് അവളുടെ മനസ്സിനെ പറഞ്ഞു സമ്മതിപ്പിക്കാൻ ആവുന്നത് നമ്മൾ ചെയ്യണം….കാരണം അവൾ പഴയ നിലാ ആയാൽ പിന്നെ മനുവിന്റെ സാമീപ്യം കൂടാതെ അവൾക്ക് ജീവിക്കുവാൻ കഴിയില്ല…ആ സാമീപ്യം ചിലപ്പോൾ അവൾക്ക് ലഭിക്കുന്നുണ്ടാകാം…എന്നാലും ശ്രദ്ധിക്കണം…..അവളുടെ ആ ആഗ്രഹം ഒരു പക്ഷെ കുഞ്ഞുങ്ങളെയും സാരമായി ബാധിച്ചേക്കാം..

പിന്നെ ഒരു കാര്യം കൂടെ….കുഞ്ഞുങ്ങൾ ഉണ്ടാകുന്നത് വരെ നീലുവിനോട് ജോലിയ്ക്ക് പോകേണ്ട എന്ന് പറയണം…കാരണം ഈ സമയം വിശ്രമം ആവശ്യമാണ്…കാരണം അകത്ത് മൂന്ന് ജീവനുള്ള കാര്യം എപ്പോഴും ഓർമ്മ ഉണ്ടാകണം…”
അവർ പറഞ്ഞു നിറുത്തി…

ആന്റണിയും തോമസും നിറഞ്ഞു വന്ന കണ്ണുകളെ തുടച്ചിട്ട് ഇനി മനുവിന്റെ ഓർമ്മകൾ അലട്ടാതെ നീലുവിനെ സന്തോഷിപ്പിക്കണം എന്നുള്ള തീരുമാനത്തോടെ ആ മുറിയിൽ നിന്നും പുറത്തേയ്ക്ക് ഇറങ്ങി…

***************
***************

പുറത്തിറങ്ങിയ ആന്റണിയും തോമസും കാണുന്നത് ത്രേസ്യായുടെ തോളിൽ ചാഞ്ഞു കണ്ണടച്ചിരിക്കുന്ന നീലുവിനെയാണ്…

അവർ പതിയെ അവളെ തട്ടിയുണർത്തി…നിറഞ്ഞു വരുന്ന അവളുടെ കണ്ണുകൾ കാൺകെ അവരുടെയും മനസ്സ് പിടഞ്ഞു..

എന്നാലും അത് അവർ പുറത്ത് കാണിക്കാതെ അവരെ വിളിച്ചുകൊണ്ട് പുറത്തേയ്ക്ക് നടക്കുന്നതിനിടയിലാണ് നീലു ആ കാര്യം പറഞ്ഞത്…

(തുടരും….)

ജീവാംശമായ് : ഭാഗം 1

ജീവാംശമായ് : ഭാഗം 2

ജീവാംശമായ് : ഭാഗം 3