Sunday, December 22, 2024
Novel

ജീവാംശമായ് : ഭാഗം 1

നോവൽ
എഴുത്തുകാരി: അഗ്നി


“ദേണ്ടെടാ…അവള് വരുന്നുണ്ട്….”
വേലായുധൻ ചേട്ടന്റെ ചായക്കടയിക്കിരുന്നുകൊണ്ട് അവിടെ കൂടിയിരുന്ന ഒരു കൂട്ടം ചെറുപ്പക്കാരിൽ ആരോ പറഞ്ഞതാണത്..

“മക്കളെ…നിങ്ങൾ മറ്റുള്ളവരുടെ കാര്യം അന്വേഷിക്കാതെ സ്വന്തം കാര്യം നോക്കു…ആ കുട്ടി പാവം…ജീവിച്ചു പൊയ്ക്കോട്ടെ….”

“അയ്യോടാ..ഒരു പാവം…ഹും.. ഭർത്താവ് പോയി മൂന്ന് വർഷം കഴിയുമ്പോഴേക്കും വയറും വീർപ്പിച്ചോണ്ട് നടക്കുന്നതാണല്ലോ പാവത്തരം…”

അപ്പോഴേക്കും അവൾ അടുത്തെത്തിയിരുന്നു…ഒരു പച്ച നിറമുള്ള കോട്ടൻ സാരി ആയിരുന്നു അവളുടെ വേഷം…തോളിൽ ഒരു കറുത്ത ഹാൻഡ്ബാഗും തൂക്കിയിട്ടിരുന്നു…

ബസിൽ നിന്നും ഇറങ്ങി കുറച്ച് നടന്നതുകൊണ്ടാകാം അവൾ നന്നേ കിതച്ചിരുന്നു…

അവൾ കടയുടെ മുന്നിൽ എത്തിയപ്പോഴേക്കും വേലായുധൻ ചേട്ടൻ അവൾക്കായി പത്തിരി മാറ്റിവച്ചിരുന്നു…അത് അവളുടെ കയ്യിലേക്ക് അദ്ദേഹം കൊടുത്തു…

അവൾ അതും വാങ്ങി തിരികെ നടക്കാൻ ഒരുങ്ങിയപ്പോഴേക്കും അടുത്തയാളുടെ കമന്റ് വന്നു…
“അതേയ്.. ആ ലോഡ് ഇറക്കിവച്ചാൽ നമ്മളെയും കൂടെ ഒന്ന് പരിഗണിക്കണോട്ടോ…മറക്കല്ലേ…”

“ഉവ്വാ..നീയൊക്കെക്കൂടെ വാടാ…ധൈര്യമുണ്ടെങ്കിൽ…അവൻ വന്നേക്കുന്നു ക്ഷണിക്കാൻ…നിന്റെ അമ്മയോടൊ പെങ്ങളോടൊ പോയി പറ.. അവന്റെയൊരു ക്ഷണിക്കൽ…”
അവൾക്ക് നന്നേ ദേഷ്യം വന്നിരുന്നു…

“ഓ..നീ വലിയ ശീലാവതി ഒന്നും ചമയേണ്ട….നീയാരാടി കന്യമാറിയമോ…പുരുഷനെ അറിയാതെ ഗർഭം ധരിക്കാൻ..ഈ കൊച്ചിന്റെ ഉത്തരവാദിയെ കാണിച്ചുതാടി ആദ്യം…എന്നിട്ട് നമ്മളെ ഉപദേശിക്കാൻ വാ…..വീട്ടിൽ പോടി…”

അവൾക്ക് സങ്കടവും ദേഷ്യവും ഒക്കെകൂടെ വന്നു….
“അതേ..എന്റെ കൊച്ചിന്റെ അപ്പൻ ആരാണെന്ന് എനിക്കും എന്റെ കൊച്ചുങ്ങൾക്കും എന്റെ വീട്ടുകാർക്കും അറിയാം…

അത് നിന്നെപോലെയുള്ള വൃത്തികേട്ടവന്മാരെ ബോധിപ്പിക്കേണ്ട ഒരാവശ്യവും എനിക്കില്ല…

എന്തായാലും അവകാശം ചോദിച്ചോണ്ട് നിന്റെ ഒന്നും വീട്ടിലേക്ക് ഞാൻ കയറി വരുകേല..”

അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി..അവൾ നന്നേ ക്ഷീണിതയായിരുന്നു…

വേലായുധൻ ഒരു സോഡയെടുത്ത് അവൾക്ക് കൊടുത്തു..അവൾ അത് വേഗം തന്നെ കുടിച്ചു…കണ്ണുകൾ തുടച്ച്‌ വീട്ടിലേക്ക് നടക്കാൻ ഒരുങ്ങിയപ്പോഴാണ് ഒരു ഓട്ടോ അവളുടെ മുന്നിൽ നിറുത്തിയത്…

അത് കണ്ടതോടെ അവിടെയുള്ള ചെറുപ്പക്കാർ പതിയെ സ്ഥലം വിട്ടു..

“മോളെ..”
അദ്ദേഹം വിളിച്ചു…

“അപ്പാ…..”..അവൾ പൊട്ടിക്കരഞ്ഞുകൊണ്ട്‌ പുറത്തിറങ്ങിയ അദ്ദേഹത്തെ കെട്ടിപ്പിടിച്ചു…തന്റെ മനസ്സിനുണ്ടായ മുറിവുകളൊക്കെ അദ്ദേഹത്തിന്റെ നെഞ്ചിൽ അവൾ ഇറക്കിവച്ചു…

“എന്താടാ കുട്ടാ…ദേ അപ്പൻ മോൾക്കിന്ന് കുട്ടന് ചേട്ടന്റെ കടയിലെ മസാല ദോശ കൊണ്ടുവന്നിട്ടുണ്ട്…വേഗം കയറ്.. അത് വാങ്ങാൻ കയറിയതുകൊണ്ടാ അപ്പന് നിന്നെ കൂട്ടാൻ വരാൻ കഴിയാതിരുന്നത്..വേഗം കയറെടാ…”

തന്റെ പിതാവിന്റെ സാനിധ്യം തന്റെ മനസ്സിനെ തണുപ്പിക്കുന്നതായി അവൾ.തിരിച്ചറിഞ്ഞു..അവൾ പതിയെ അദ്ദേഹത്തിന്റെ ഓട്ടോയിലേക്ക് കയറി…

മണ്ണ് നിറഞ്ഞ പാതയിലൂടെ അദ്ദേഹം പതിയെ ഓട്ടോ ഓടിച്ചുകൊണ്ടേയിരുന്നു..

ഇവൾ സ്റ്റെഫി…സ്റ്റെഫി ആന്റണി..വീട്ടുകാരുടെ നീലുമോൾ… അവളിപ്പോൾ നാല് മാസം ഗർഭിണിയാണ്..അതും മൂന്ന് കുഞ്ഞുങ്ങളെ….

നീലുവിന്റെ അപ്പൻ ആന്റണി..ഒരു ഓട്ടോ ഡ്രൈവർ ആണ്..’അമ്മ ത്രേസ്സ്യാമ്മ ഒരു പാവം വീട്ടമ്മ..പിന്നെ ഒരു അനിയൻ ..അവൻ ഡിഗ്രി മൂന്നാം വർഷം ചെയ്യുന്നു…

നീലു എം.കോം കഴിഞ്ഞ് ഇപ്പോൾ ഒരു കമ്പനിയിൽ അകൗണ്ടന്റായി ജോലി ചെയ്യുന്നു..ജോലി കഴിഞ്ഞ് എന്നും ബസ് സ്റ്റോപ്പിൽ ആന്റണിയാണ് അവളെ കൂട്ടാൻ വരിക…ഇന്ന് ഒരൽപ്പം വൈകിപ്പോയി…

അവൾ ഓരോന്ന് ആലോചിച്ചുകൊണ്ടിരുന്നപ്പോഴാണ് അവളെ ആന്റണി തട്ടിവിളിക്കുന്നത്…

“മോളെ…”

“ഹാ..അപ്പാ…വീടെത്തിയോ.. ഞാൻ എന്തൊക്കെയോ ആലോചിച്ച്….”

“മോളെ…നീ പഴയതോന്നും ആലോചിക്കരുത്..നീ വിഷമിച്ചാൽ അത് കുഞ്ഞുങ്ങൾക്കും ദോഷമല്ലേ…എന്തിനാ മോളെ…”

“ഇല്ലപ്പാ…പഴയ കാര്യങ്ങളൊന്നുമല്ല….”

“ഹാ..എന്തെങ്കിലും ആകട്ടെ…മോള് അകത്തേക്ക് വാ…”

അവൾ അകത്തേക്ക് കയറി ചെന്നപ്പോഴേക്കും അവളുടെ അനിയൻ സ്റ്റീഫൻ എന്ന സച്ചു ഒരു പ്ളേറ്റുമായി ഊണ് മേശയുടെ മുന്നിൽ ഇരിപ്പുണ്ടായിരുന്നു…

അവനറിയാം അവന്റെ ചേച്ചിക്കായി എന്ത് വാങ്ങിയാലും ഒരു പങ്ക് അവനുള്ളതാകുമെന്ന്…

അവൾ പോയി ഒന്ന് കുളിച്ച്‌ വന്നപ്പോഴേക്കും സച്ചു എല്ലാം പ്ളേറ്റിലേക്കാക്കി വച്ചിരുന്നു….അവൻ പതിയെ അവളെ പിടിച്ചുകൊണ്ട് അവിടെയുള്ള കസേരയിലേക്ക് ഇരുത്തി…

എന്നിട്ട് അവൾക്ക് ആന്റണി കൊണ്ടുവന്ന മസാല ദോശ വാരിക്കൊടുത്തുകൊണ്ടിരുന്നു..

ഇടയിൽ അവനും അൽപ്പം കഴിക്കും….ഇതെല്ലാം കണ്ട് സന്തോഷം കൊണ്ട് നിറഞ്ഞ കണ്ണുകൾ തുടയ്ക്കുകയായിരുന്നു ആന്റണിയും ത്രേസ്യായും…

(തുടരും….)