Wednesday, December 18, 2024
Novel

ഇരട്ടച്ചങ്കൻ : ഭാഗം 7

എഴുത്തുകാരി: വാസുകി വസു


“എന്തുവാടേ രണ്ടും കൂടി സെന്റിയാക്കുവോ?”

രാവണന്റെ ഡയലോഗ് കേട്ടതോടെ കണ്ണീർ തുടച്ചു ഞാനൊന്ന് പുഞ്ചിരിച്ചതും ജാനകിയുടെ തേങ്ങൽ അവസാനിച്ചിരുന്നില്ല…

“രണ്ടും കൂടി മനുഷ്യരെ വീണ്ടും പ്രാന്താക്കുമല്ലോ”

അയാളുടെ ചോദ്യത്തിനാറുപടിയായി മറ്റൊരു ചോദ്യമെറിഞ്ഞു കൊടുത്തു…

,”രാവണനു ആരെയെങ്കിലും സംശയമുണ്ടോ കൊലപാതകം ചെയ്തതെന്ന്”

എന്റെ ചോദ്യം കേട്ടതോടെ ഒരുനിമിഷം ചിന്തയിലാണു…

‘”അങ്ങനെ ചോദിച്ചാൽ”

അയാൾ സംശയം പ്രകടിപ്പിച്ചതും ഞാൻ ജാനകിയുടെ കയ്യിൽ പിടിച്ചു വലിച്ചു…

“ചേട്ടൻ ഇവിടിരുന്ന് ചിന്തിച്ചോളൂ..ഞങ്ങൾ എന്റെ വീട് വരെയൊന്ന് പോയിട്ടു വരാം”

ഞാൻ ജാനകിയെയും കൂട്ടി നേരെയെന്റെ വീട്ടിൽ ചെന്നു.അവിടെ അച്ഛൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ…

“ഡീ നാത്തൂനേ ഇനിയെന്താ നിന്റെ പ്ലാൻ”

“ഇരട്ടച്ചങ്കൻ വരുന്നതുവരെ നമുക്ക് എന്തെങ്കിലും ചെയ്യണം”

നാത്തൂന്റെ മറുപടി കേട്ടതും എനിക്കും തോന്നിയിരുന്നു…

“ശരിയാടീ അയാളൊരു പാവമാണെന്ന് തോന്നുന്നു”

ജാനകിയെന്നെ അടിമുതൽ പാദം വരെയൊന്ന് കണ്ണുകളാൽ അളന്നു…

“അയ്യെടീ എന്തൊരു സിമ്പതി”

“ഇത് സിമ്പതിയൊന്നുമല്ല”

ഞാൻ മുഖം കുനിച്ചതും നാത്തൂൻ എന്റെ താടിത്തുമ്പ് ഉയർത്തി കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കി…

“മനസ്സിലായില്ല ഒന്ന് വ്യക്തമാക്കിക്കേ”

ജാനകിയിൽ കുറുമ്പു കൂടിയതും ഞാൻ മെല്ലെയൊന്ന് പുഞ്ചിരിച്ചു..

“പെണ്ണിനിതെന്താ പ്രണയമാണോ”

ജാനകിയുടെ നാവിൽ നിന്ന് അങ്ങനെയൊരു ചോദ്യം അടർന്നു വീണതും എന്റെ ഹൃദയം പടപടാന്ന് മിടിച്ചു തുടങ്ങി…

“അങ്ങനെയൊക്കെ ചോദിച്ചാൽ എനിക്ക് അറിയില്ല നാത്തൂനേ.ഇന്നുവരെ ആരോടും പ്രണയം തോന്നിയട്ടില്ല”

“അതെനിക്ക് അറിഞ്ഞൂടെ”

“പക്ഷേ രാവണൻ ഞാനറിയാതെ എന്റെ ഹൃദയത്തിൽ ആഴ്ന്നിറങ്ങിയത് പോലെ”

എനിക്ക് തന്നെ അറിയില്ല എന്നിൽ എന്തൊക്കെ മാറ്റങ്ങൾ സംഭവിക്കുന്നുവെന്ന്…

“അത് വേണ്ട സീതേ..കുറ്റം തെളിയുന്നത് വരെ അയാൾ നിയമത്തിനു മുമ്പിൽ കൊലപാതകിയാണ്”

ജാനകിയെന്നെ നിരുൽസാഹപ്പെടുത്താൻ ശ്രമിച്ചു.. ഞാനൊന്നും മിണ്ടിയില്ല…

“അതൊക്കെ പോട്ടെ ജാനകി..നമുക്ക് അടുത്ത വഴി ആലോചിക്കാം”

ഞാനും ജാനകിയും കൂടി തല പുകഞ്ഞു ആലോചിച്ചു.ജാനകിയുടെ വീട്ടിൽ രാവണൻ സെയ്ഫല്ല.പകൽ റെസ്റ്റെടുക്കാനുളള സൗകര്യം വേണം. ഇരുളിന്റെ മറവിൽ സഞ്ചരിക്കാനും….

ആലോചിച്ചു നോക്കിയപ്പോൾ എന്റെ വീട് തന്നെയാണ് സേഫ്റ്റിയെന്ന് എനിക്ക് തോന്നി…

“ജാനകി ഏട്ടന്റെ റൂം ഒഴിവാണ്.ഇപ്പോൾ അടച്ചിട്ടിരിക്കയല്ലേ.ഞാനല്ലാതെ ഏട്ടന്റെ റൂമിൽ ആരും കയറുകയുമില്ല.എന്റെ റൂമിൽ നിന്ന് ഏട്ടന്റെ മുറിയിലേക്ക് വാതിലുമുണ്ട്”

“ഗുഡ് ഐഡിയ”

ഞാനും ജാനകുയൂ കൂടി എന്റെ വീട്ടിൽ രാവണനെ ഒളിപ്പിക്കാൻ പദ്ധതിയിട്ടു….

“എന്തുവാ രണ്ടും കൂടി വലിയ ആലോചന”

വാതിൽ നിറഞ്ഞു നിൽക്കുന്ന അമ്മയെ കണ്ടതും ഞങ്ങളൊന്ന് ഞെട്ടി..

“അമ്മേ ഞാനിന്ന് ജാനകിയുടെ വീട്ടിലാ കിടക്കുന്നത്”

“” അതെന്താടി പതിവില്ലാത്തതൊക്കെ”

അമ്മയുടെ കണ്ണുകളിൽ സംശയം വന്നതും ജാനകി ഇടയിൽ ചാടിക്കയറി..

“ഞാൻ പറഞ്ഞിട്ടാ അമ്മേ”

അമ്മയൊന്നും പറയാതെ തിരിഞ്ഞ് നടന്നതും ജാനകിയെന്നെ നോക്കി കണ്ണിറുക്കി.നൈറ്റിലേക്ക് മാറി ധരിക്കാനുളള ഡ്രസും എടുത്തു ഞാൻ നേരെ നാത്തൂന്റെ വീട്ടിലെത്തി…

നേരെ ചെന്ന് ജാനകിയുടെ മുറിയിൽ കയറി….

കട്ടിലിൽ കിടക്കുകയായിരുന്ന രാവണൻ ഞങ്ങളെ കണ്ടതും എഴുന്നേറ്റു…

“രാവണൻ ഇന്ന് നൈറ്റ് എവിടെയെങ്കിലും പോകുന്നുണ്ടോ”

ആകാംഷ അടക്കാൻ കഴിയാതെ ഞാൻ ചോദിച്ചു പോയതും മറുപടി പെട്ടെന്ന് എത്തി…

“വീട്ടിൽ വരെയൊന്ന് പോകേണ്ടി വരും.അതിനു രാത്രിയാണ് നല്ലത്”

“മം” ഞാനയാളെ നോക്കി അമർത്തി മൂളി….

“രാവണനു പാകമാകുമോ എന്നറിയില്ല..കുറച്ചു ഡ്രസ്സുകൾ ഞാൻ വാങ്ങിയട്ടുണ്ട്”

ജാനകി ഉച്ചക്ക് കൊണ്ട് വന്ന കവറിനുള്ളിൽ നിന്ന് അയാൾക്കുളള ഡ്രസ് എടുത്തു കൊടുത്തു…

“ഞാൻ കുളിച്ചു വേഷം മാറിയട്ട് വരാം”

അയാൾ ബാത്ത് റൂമിൽ കയറി. ഞാനും ജാനകിയും കൂടി രാവണനെ എങ്ങനെ സഹായിക്കാൻ കഴിയുമെന്ന് ചിന്തിച്ചു…

കുളിച്ച് വേഷവും മാറി വന്ന അയാളെ ഞാൻ അടിമുടിയൊന്ന് നോക്കി…

“ഗൗരവം ഉണ്ടെങ്കിലും ആൾ പുലിയാണ്.ഗ്ലാമറും..ഏട്ടന്റെ മറ്റൊരു പതിപ്പാണ് അയാളെന്ന് എനിക്ക് തോന്നിപ്പോയി…

ഏട്ടൻ ചിരിക്കുമ്പോഴും അതിനൊരു ഭംഗിയുണ്ട്.രാവണൻ ഗൗരവക്കാരനാണ്.രണ്ടും ഒന്നിനൊന്ന് മെച്ചം..കാരിരുമ്പിന്റെ ശക്തിയുള്ള ഇരട്ടച്ചങ്കന്മാർ….

” രാവണൻ വെളിയിൽ പോകുന്നതൊക്കെ കൊള്ളാം പോലീസിനു മുന്നിൽ അകപ്പെടരുത്”

മുന്നറിയിപ്പ് പോലെ ഞാൻ അയാളെ നോക്കി..

“ഇത്രയും നാൾ മുങ്ങി നടന്നില്ലേ.സത്യം തെളിയിക്കാൻ ഈശ്വരൻ കൂടെയുണ്ടാകും”

തൊണ്ടയിടടിയ ശബ്ദം അയാളിൽ ഞാൻ കേട്ടു…

“അതുകൊണ്ട് പറഞ്ഞതല്ല ജനനി അയ്യർ ഏ സി പി അവരെ പറ്റി പൊതുവേ എല്ലാവർക്കും നല്ല അഭിപ്രായമാണ്. ഏറ്റെടുത്തു കേസുകൾ എല്ലാം സമർത്ഥമായി അവർ തെളിയിച്ചിട്ടുണ്ട്”

ഞാൻ ജാനകിയുടെ മിഴികളിൽ ദൃഷ്ടി ഉറപ്പിച്ചു..

ഞാൻ എന്തോ ഓർത്തതു പോലെ രണ്ടു ചാവിയെടുത്ത് രാവണനെ ഏൽപ്പിച്ചു ”

“ഒരെണ്ണം മുൻ വാതിലിന്റെയും മറ്റൊന്ന് ഏട്ടന്റെ റൂമിന്റെയും ചാവിയാണ്.അഞ്ചു മണി കഴിയാതെ വീട്ടിൽ ആരും എഴുന്നേൽക്കില്ല.അതിനു മുമ്പ് വീട്ടിൽ കയറണം..”

ഞാൻ അയാളെ ഓർമ്മപ്പെടുത്തിയതും അയാളൊന്ന് ചിരിച്ചു…

“വീടിന്റെ ഓരോ മൂലയും കർണ്ണൻ പറഞ്ഞു നല്ല പരിചിതമാണ്”

“ശരി”

ഇരുൾ കനത്തതോടെ ഞങ്ങൾ എല്ലാവരും ഉറങ്ങാൻ അവസരം കാത്തിരുന്നു.വീട്ടിൽ എല്ലാവരും ഉറക്കമായതോടെ രാവണൻ പോകാൻ തയ്യാറെടുത്തു…

“ശരി ചെയ്തു തന്ന ഉപകാരങ്ങൾക്ക് ഒരുപാട് നന്ദി”…

” നന്ദിയൊന്നും വേണ്ട മാഷേ ഞങ്ങളുടെ ഏട്ടന്റെ ഫ്രണ്ടല്ലെ.അപ്പോൾ ഞങ്ങളുടെ കടമയാണെന്ന് കരുതിക്കോളൂ….

ഞാൻ ജാനകിയുടെ വീട്ടിൽ കിടക്കാൻ വന്നതിനു മറ്റൊരു ഉദ്ദേശം കൂടി ഉണ്ടായിരുന്നു.. എനിക്ക് രാവണനോടുളള ഭയമെല്ലാം മാറിയിരുന്നു. പകരം എന്റെയുള്ളിൽ ഇപ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്തൊരു വികാരമാണ്….

“ഹേയ് രാവണൻ ഞാനും കൂടെപ്പോന്നോട്ടെ”

പ്രതീക്ഷിക്കാതെയുളള എന്റെ ചോദ്യം അയാളെയും ജാനകിയെയും നടുക്കി കളഞ്ഞു…

“നീയെന്തുവാ സീതേ പറയുന്നത്”

“എന്റെ ആഗ്രഹമാണ് ജാനകി..പ്ലീസ് എന്നെ തടയരുത്”

രാവണനും എന്നെ കുറെ ഉപദേശിച്ചെങ്കിലും ഞാൻ സമ്മതിച്ചില്ല..പകരം എന്റെ നിലപാടിൽ ഞാൻ ഉറച്ചു നിന്നു…

“അപകടങ്ങൾ എന്റെ കൂടപ്പിറപ്പാണ്.എപ്പോഴും രക്ഷിക്കാൻ കഴിഞ്ഞെന്ന് വരില്ല”

“മിസ്റ്റർ രാവണൻ…ഞാൻ കർണ്ണന്റെ സഹോദരിയാണ്.നിങ്ങൾ എന്റെ ഏട്ടന്റെ ഫ്രണ്ടും.ഏതാപത്തിലും സീതയെ നിങ്ങൾ കൈവെടിയില്ലെന്ന് എനിക്ക് അറിയാം”

ഞാൻ കൂടെ പോകാൻ കാരണം ഉണ്ട്. രാവണന്റെ നിരപരാധിത്വം തെളിയിക്കുന്നതിനൊപ്പം ഏട്ടനെയും രക്ഷിക്കണം‌.ഏട്ടന്റെ മാതാപിതാക്കളും ആരെന്ന് അറിയണം‌.ഏട്ടൻ ജാമ്യത്തിൽ വരുമ്പോൾ എനിക്കിത് സർപ്രൈസായി നൽകണം.അതിനു എന്നെ ഇപ്പോൾ സഹായിക്കാൻ കഴിയുന്നത് രാവണനു മാത്രമാണ്‌….

എന്റെ തീരുമാനം ഇളകില്ലെന്ന് മനസിലായതോടെ രാവണൻ എന്നെയും കൂടെ കൂട്ടി..ജാനകി മനസ്സില്ലാ മനസ്സോടെ ഞങ്ങളെ യാത്രയാക്കി….

ഇരുളിന്റെ മറപറ്റി ഞാനും രാവണനും കൂടി അവിടെ നിന്നിറങ്ങി ഹൈവേയിലെത്തി…ഞാൻ രാവണന്റെ തൊട്ടു പിറകിൽ തന്നെ ഉണ്ട്….

“നമ്മളെങ്ങനെ നിങ്ങളുടെ വീട്ടിലെത്തും”

ആശങ്കയോടെ ഞാൻ അയാളോട് തിരക്കി…

“ബസിൽ പോകാം. അതാകുമ്പോൾ പെട്ടെന്ന് ആരും ശ്രദ്ധിക്കില്ല”

അതൊരു നല്ല ഐഡിയ ആണെന്ന് എനിക്ക് തോന്നി.ചെക്കിങ്ങോ ഒന്നും ഉണ്ടാകില്ല…

ഞങ്ങൾ രണ്ടും കൂടി ബസ് സ്റ്റോപ്പിൽ ബസും പ്രതീക്ഷിച്ചു നിന്നു.അകലെ നിന്ന് ഒരു പോലീസ് ജീപ്പിന്റെ സിഗ്നൽ കണ്ടതും ഞങ്ങൾ ശ്രദ്ധയിൽ പെടാതെ പിന്നിലേക്ക് മാറി.വെയ്റ്റിങ് ഷെഡിന്റെ പിന്നിൽ സ്ട്രീറ്റ് ലൈറ്റിന്റെ പ്രകാശം എത്തില്ലായിരുന്നു….

പോലീസ് ജീപ്പ് കടന്നു പോയതിനു പിന്നാലെ ട്രാൻസ്പോർട്ട് ബസ് വന്നു.അധികം തിരക്കില്ല.രണ്ടു പേർക്ക് ഇരിക്കാവുന്ന സീറ്റിൽ രാവണന്റെ കൂടെ ഞാൻ ചേർന്നിരുന്നു…

കണ്ടക്ടർ ടിക്കറ്റ് എടുക്കാൻ വന്നതും ഞാൻ രാവണനോട് കൂടുതൽ ഒട്ടി.ഭാര്യയും ഭർത്താവും ഇരിക്കുന്നത് പോലെ.ഏതെങ്കിലും രീതിയിൽ ആർക്കും സംശയം തോന്നാതിരിക്കാൻ ആയിരുന്നു….

രാവണൻ പറഞ്ഞ സ്ഥലത്തിനു ടിക്കറ്റ് എടുത്തതും ഞാനാണെന്ന് .രാവണൻ സൈഡ് സീറ്റിലൂടെ പുറത്തേക്ക് നോക്കിയിരുന്നു…

“ഒരുമണിക്കൂർ യാത്രയുണ്ട് താനൊന്ന് കണ്ണടച്ചോളൂ”

ഞാൻ ചുറ്റിലുമൊന്ന് കണ്ണോടിച്ചു.യാത്രക്കാർ മിക്കവരും ഉറക്കം തൂങ്ങി തുടങ്ങി…. ഞാൻ രാവണന്റെ തോളിൽ ചാരിയൊന്ന് മയങ്ങി….

“ഡോ സ്ഥലമെത്തി”

രാവണൻ എന്നെ തട്ടിവിളിച്ചതും ഞാൻ പെട്ടെന്ന് ഉണർന്നു.ബസ് സ്റ്റോപ്പിൽ ഞങ്ങൾ ഇറങ്ങി….അവിടെ നിന്ന് അഞ്ച് മിനിറ്റ് നടപ്പ്….

ചെറിയൊരു കുന്നിനു താഴെയായി വലിയൊരു വീടാണ് രാവണന്റേത്.അയാളുടെ കൈവശം ഡ്യൂപ്ലിക്കേറ്റ് ചാവി ഉപയോഗിച്ച് കതക് തുറന്നു ഞങ്ങൾ അകത്ത് കയറി…

“ലൈറ്റ് ഇടണ്ട ആർക്കെങ്കിലും സംശയം തോന്നിയാൽ പണി പാളും”

“ശരിയാണു..പിടക്കപ്പെട്ടാൽ രണ്ടും അകത്താകും”

“ഇവിടെ സ്റ്റെയർ കേസ് ഉണ്ട്.. അതിനു താഴെ നിലവറയിലേക്ക് ഇറങ്ങാനുളള വാതിലും.എല്ലാ സജ്ജീകരണങ്ങളും ഉണ്ട്.. നമുക്ക് അവിടെ കൂടാം….

രാവണന്റെ സംസാരം കേട്ടതോടെ ആൾ സാധാരണക്കാരൻ അല്ലെന്നും പുലിയാണെന്നും എനിക്ക് മനസ്സിലായി…

രഹസ്യ അറയിലൂടെ ഞങ്ങൾ നിലവറിയിൽ കടന്നു.അവിടത്തെ സജ്ജീകരണങ്ങൾ എന്നെ അത്ഭുതപ്പെടുത്തി..

അത്യാധുനിക സൗകര്യമുള്ള വലിയൊരു ഹാൾ.അറ്റാച്ച്ഡ് ബാത്ത് റൂം എല്ലാ സൗകര്യങ്ങളുമുണ്ട്….

ടീവിയും ഫിഡ്ജും ആഹാരം പാചകം ചെയ്യാനും എന്നുവേണ്ടുന്ന എല്ലാ സൗകര്യവും ഉള്ള ഹാൾ….

പൂർവ്വപിതാമഹന്മാർ പണി കഴിപ്പിച്ച നിലവറയാണിത് സീതേ.ഇടക്കൊന്ന് ഞാനിത് പുതുക്കി പണിതു.മൂന്നു വർഷം മുമ്പ്.എനിക്ക് വിശ്വസ്തനായ ഒരാൾ വേണമായിരുന്നു ഇതെല്ലാം ചെയ്യാൻ. അങ്ങനെയാണ് ഞാനും കർണ്ണനും തമ്മിൽ പരിചയത്തിലാകുന്നത്”

രാവണന്റെ പുതിയ വെളിപ്പെടുത്തൽ എനിക്ക് അത്ഭുതമായി….

എനിക്ക് ഇപ്പോൾ ഓർമ്മ വരുന്നുണ്ട് ഏട്ടൻ ഒരുവർഷത്തോളം വീട്ടിൽ നിന്ന് മാറി നിന്നത്…

അന്ന് ഞാൻ ചോദിച്ചപ്പോൾ ദൂരെ സ്ഥലത്ത് പണിയുണ്ടെന്നാണു പറഞ്ഞത്…

“എനിക്ക് നിങ്ങളുടെ ഭാര്യയുടെയും മക്കളുടെയും ഫോട്ടോയൊന്ന് കാണാൻ പറ്റുമോ”

അറച്ചറച്ച് ഞാൻ ചോദിച്ചു…

“കാണിക്കാം..താനിരിക്ക്…

രാവണൻ അവിടെയുള്ള അലമാരയിൽ നിന്നൊരു ആൽബം എടുത്തു കൊണ്ട് വന്നു…

” ദാ ഇതാണ്‌ മക്കൾ…

ചിരിക്കുന്ന മൂന്നു വയസുളള ഇരട്ടക്കുട്ടികളുടെ ഫോട്ടോ രാവണൻ എന്നെ കാണിച്ചു…

“സുന്ദരിക്കുട്ടികൾ… എന്റെ നെഞ്ചിലെന്തോ കുത്തിയിറക്കിയ പോലെ…

” ഇവരുടെ ചിരി കണ്ടാലെങ്ങനെ കൊല്ലാൻ തോന്നും ..ഈശ്വരാ…

അടുത്ത പേജ് രാവണൻ മറിച്ചു…

“ഇതാണ്‌ ഭാര്യ യാമിനി”

യാമിനെയെന്ന് കേട്ടതോടെ ഞാൻ ആ ഫോട്ടോയിൽ മിഴികൾ ഉറപ്പിച്ചു.. തലക്ക് പിന്നിൽ കൂടത്താൽ അടിയേറ്റതു പോലെ നടുങ്ങി….

കാരണം എനിക്ക് ആ മുഖം നല്ല പരിചിതമായിരുന്നു…

(“തുടരും)

ഇരട്ടച്ചങ്കൻ : ഭാഗം 1

ഇരട്ടച്ചങ്കൻ : ഭാഗം 2

ഇരട്ടച്ചങ്കൻ : ഭാഗം 3

ഇരട്ടച്ചങ്കൻ : ഭാഗം 4

ഇരട്ടച്ചങ്കൻ : ഭാഗം 5

ഇരട്ടച്ചങ്കൻ : ഭാഗം 6