Saturday, January 18, 2025
Novel

ഇരട്ടച്ചങ്കൻ : ഭാഗം 4

എഴുത്തുകാരി: വാസുകി വസു


A C P എന്ന് കേട്ടതോടെ എന്റെ നെഞ്ചൊന്ന് പാളിയെന്നതാണ് സത്യം. എനിക്കെല്ലാം വിളിച്ചു പറയണമെന്നുണ്ട്.പക്ഷേ ജാനകിയെന്റെ കയ്യിൽ പിടി മുറുക്കിയിരിക്കുന്നതിനാൽ ഒന്നും കഴിഞ്ഞില്ല…

“പറയ് നിങ്ങൾ കണ്ടിട്ടുണ്ടോ ഇയാളെ”

“ഇല്ല മേഡം”

ജാനകി ഞാൻ വായ് തുറക്കും മുമ്പേ മറുപടി നൽകി. ഏസിപി എന്നെയൊന്ന് സൂക്ഷിച്ചു നോക്കിയതും ഞാനാകെ പരുങ്ങലിലായി.എന്റെ മിഴികളിൽ അവർ ദൃഷ്ടികൾ ഉറപ്പിച്ചു…

“തന്റെ പേരന്താണ്”

“സീത”

ഞാൻ എന്റെ പേര് പറഞ്ഞു..

“എങ്കിൽ സീത പറയൂ.രാവണിനെ നിങ്ങൾ കണ്ടിട്ടുണ്ടോ”

എന്നിൽ പരവേശം വളർന്നു തുടങ്ങി. ദേഹമാസകലം വിറക്കുന്നുണ്ട്…

ചെറുപ്പത്തിലേ പോലീസെന്നു കേൾക്കുന്നതെ എനിക്കാകെ ഭയമാണ്.ഇപ്പോൾ അടുത്ത് ഇടപെഴകാൻ തുടങ്ങിയ നിമിഷം അത് കൂടിയതേയുളളൂ…

“ഇല്ല മേഡം എനിക്ക് അറിയില്ല..കണ്ടിട്ടു പോലുമില്ല”

ഒരുവിധം മറുപടി ഞാൻ പറഞ്ഞൊപ്പിച്ചു.അവർക്കത് വിശ്വാസമായിട്ടില്ലെന്ന് അറിയാം മുഖം കണ്ടാൽ.എന്നെ കനപ്പിച്ചൊന്നവർ നോക്കി…

“ഉം..എവിടെവെച്ച് കണ്ടാലും പോലീസ് സ്റ്റേഷനിൽ ഇൻഫർമേഷൻ ചെയ്യണം”

“ശരി മേഡം”

അവർ ജിപ്സിയിൽ കയറിപ്പോയപ്പോഴാണ് എനിക്ക് ശ്വാസം നേരെ വീണത്.ജാനകിയെന്നെ ആക്റ്റീവയിൽ പിടിച്ചു കയറ്റി…

“ഞാൻ കരുതി നീയെല്ലാം ചളമാക്കുമെന്ന്”

അവൾ ആവലാതിപ്പെട്ടു…

“നാത്തൂനെ എന്റെ ഉള്ളം വിറച്ചു പോയി.നിനക്ക് അറിയാലൊ എനിക്ക് പോലീസുകാരെ അലർജിയാണെന്ന്”

എന്റെ സംസാരം കേട്ടതും ജാനകി ഉറക്കെ ചിരിച്ചു.നേരെ ഞങ്ങൾ എന്റെ വീട്ടിലേക്കാണ് ചെന്നത്.വീട്ടിൽ അച്ഛനും അമ്മയും ഉണ്ടായിരുന്നു…

ആക്റ്റീവ സൈഡാക്കി ഞാനും ജാനകിയും ഇറങ്ങി അച്ഛന്റെ അടുത്തെത്തി..

“അല്ല ആരിത് ജാനകിക്കുഞ്ഞോ.എവിടായിരുന്നു രണ്ടു പേരും കൂടി”

അച്ഛനും ജാനകിയെ വാത്സല്യമാണ്.ജാനകിക്കുഞ്ഞെന്നെ അവളെ വിളിക്കൂ..

“അച്ഛൻ മുറ്റത്തേക്കൊന്ന് വന്നേ..ഒരു കാര്യം സംസാരിക്കാനുണ്ട്”

അമ്മ എന്തെങ്കിലും ഇടങ്കോലിട്ട് തടസ്സപ്പെടുത്താതിരിക്കാനാണു അച്ഛനെ അങ്ങോട്ട് വിളിച്ചത്…

“എന്താ മക്കളെ.”

.അച്ഛൻ സ്വരം താഴ്ത്തി ചോദിച്ചതും ഞാൻ ചൂണ്ടുവിരൽ ചുണ്ടോട് ചേർത്തു ഒന്നും മിണ്ടെരുതെന്ന് ആംഗ്യം കാണിച്ചു….

കാര്യം മനസിലായതും അച്ഛൻ ഞങ്ങൾക്ക് പിറകെയിറങ്ങി വന്നു….

“അച്ഛാ നമുക്ക് ഏട്ടനെ ജാമ്യത്തിൽ ഇറക്കണം”

ഞാൻ പറഞ്ഞു.‌‌..ജാനകി അതിന് യെസ് വെച്ചു…

“അതിനു വക്കീലിനു കൊടുക്കാനും മറ്റും പണം വേണ്ടേ മീനൂസ്”

“അതൊന്നും അച്ഛൻ ഓർത്തു വിഷമിക്കേണ്ട.എത്ര പണം ചിലവാക്കാനും ഞാൻ ഒരുക്കമാണ്”

അച്ഛന്റെ ആവലാതി മനസ്സിലാക്കി ജാനകി മറുപടി നൽകി…

“നീയാണു പണം ചിലവാക്കുന്നതെന്ന് അറിഞ്ഞാൽ കർണ്ണൻ സമ്മതിക്കുമോ?”

അച്ഛനു ആശങ്ക അതായിരുന്നു…

‘നാളെ ഏട്ടനെ കാണാൻ ഞങ്ങൾ പോകുന്നുണ്ട്.അച്ഛൻ കൂടി വന്നാൽ മതി. വക്കീലിനെ കണ്ടു ഞങ്ങൾ എല്ലാം ഏർപ്പാടാക്കിയട്ടുണ്ട്”

“എങ്കിൽ അങ്ങനെയാകട്ടെ മക്കളേ”

തിരികെ ഞങ്ങൾ വീട്ടിലേക്ക് കയറിയതും തൊട്ട് മുമ്പിൽ അമ്മ നിൽക്കുന്നു…

“എന്താ എല്ലാവരും കൂടിയൊരു ആലോചന..

അമ്മയുടെ കണ്ണിൽ സംശയത്തിളക്കം ഞാൻ കണ്ടു…

” ഒന്നൂല്ലമ്മേ നാളെ പട്ടണത്തിൽ വരെയൊന്നു പോകണം.അച്ഛനൊരു മുണ്ടും ഷർട്ടും വാങ്ങി കൊടുക്കാൻ ഞാൻ കുറെ നാളായിട്ട് ആഗ്രഹിക്കുന്നു”

ജാനകി അമ്മയുടെ വായ് അടപ്പിച്ചു…അതോടെ കാര്യങ്ങൾ കൂടുതൽ എളുപ്പമായി….

ജാനകി തിരികെ അവളുടെ വീട്ടിലേക്ക് മടങ്ങിപ്പോയി.ഞാൻ വീട്ടിലെ ജോലിയിലും മുഴുകി.അമ്മ എന്നെ നന്നായി ശ്രദ്ധുക്കുന്നുണ്ടെന്ന് ഞാൻ മനസ്സിലാക്കി…

രാത്രിയിൽ എന്റെ സ്വപ്നങ്ങളിലേക്ക് ഏട്ടനും രാവണനും കടന്നു വന്നു.ആരെയും കൂസാത്ത പ്രകൃതമാണ് രണ്ടാൾക്കും.ഏകദേശം ഒരേ സ്വഭാവം….

പാവം എന്റെ ഏട്ടൻ എത്ര നാളായി അടുത്ത് കണ്ടിട്ട്.ഒരുപാട് സങ്കടപ്പെടുന്നുണ്ട് ഏട്ടൻ…

ഏട്ടൻ പുറത്തിറങ്ങുന്നതിൽ അമ്മയെന്തിനാണു ഇത്രയും ഭയപ്പെടുന്നത്.ആലോചിച്ചിട്ട് എനിക്ക് ഒരെത്തും പിടിയും കിട്ടിയില്ല….

അമ്മയുടെ മൊഴിയാണു ഏട്ടനെ കൊലപാതകി എന്ന പേര് വീഴാൻ കാരണനെന്ന് മാത്രമേ എനിക്ക് അറിയൂ…

എന്തെക്കയൊ ചീഞ്ഞു നാറുന്ന സത്യങ്ങൾ ഇടയിൽ ഒളിച്ചിരിപ്പുണ്ട്.അതെന്തെന്ന് അറിയണനെങ്കിൽ ഏട്ടൻ ജാമ്യത്തിൽ ഇറങ്ങിയേ മതിയാകൂ…

ഒരുവശത്ത് ഞങ്ങൾ ഏട്ടന്റെ മോചനം ആഗ്രഹിക്കുമ്പോൾ അമ്മ മറുവശത്ത് ഏട്ടൻ ഒരിക്കലും തിരികെ വരരുതെന്ന് ആഗ്രഹിക്കുന്നു…

സത്യങ്ങൾ കണ്ടെത്തിയെ മതിയാകൂന്ന് എനിക്ക് മനസ്സിലായി….

കാലത്തേ ഞാൻ എഴുന്നേറ്റ് കുളിച്ചു. വീട്ടിലെ ജോലിയെല്ലാം ഒതുക്കി ഒമ്പത് മണിയോടെ ഞങ്ങൾ പുറപ്പെടാൻ തയ്യാറായി…..

ജാനകിയെ ഞാൻ ഫോൺ ചെയ്തു ടൈം ഫിക്സ് ചെയ്തിരുന്നു…

എട്ടര ആയപ്പോഴേക്കും ജാനകി എത്തി.ഞാനും അവളും അച്ഛനും കൂടി ബസ് സ്റ്റോപ്പിലേക്ക് നടന്നു.ഇടക്കെപ്പഴൊ ഞാനൊന്ന് തിരിഞ്ഞ് നോക്കിയതും ഞങ്ങളെ ശ്രദ്ധിച്ചു അമ്മ നിൽക്കുന്നത് ഞാൻ കണ്ടു…

പത്ത് മണി കഴിഞ്ഞതോടെ ഞങ്ങൾ ജയിലിലെത്തിയപ്പോഴേക്കും വക്കീലും അവിടെ വന്നിരുന്നു.സന്ദർശന അനുമതി ലഭിച്ചതും ഞങ്ങൾ വിസിറ്റർക്കുളള റൂമിലെത്തി..

കുറച്ചു സമയങ്ങൾക്ക് ശേഷം ഏട്ടൻ അഴികൾക്ക് അപ്പുറത്ത് പ്രത്യക്ഷമായതും എന്റെ കണ്ണുകൾ ഈറനണിയാൻ തുടങ്ങി. ഏട്ടാന്ന് ഞാൻ വിതുമ്പിയതും ഏട്ടൻ വിരൽ ചുണ്ടോട് ചേർത്തു പിടിച്ചു…

“എന്തുവാടീ പോത്തുപോലെ വളർന്നിട്ടും ഇപ്പോഴും കരച്ചിൽ തന്നെ. നീ ജാനകിയെ കണ്ടു പഠിക്ക്.അവൾക്കൊരു കൂസലുമില്ല”

ഏട്ടൻ പറഞ്ഞു തീർന്നില്ല അതിനു മുന്നേ ജാനകി മുള ചീന്തും പോലെ പൊട്ടിക്കരഞ്ഞു…

“അച്ഛൻ ഇവരെ കൂട്ടിക്കൊണ്ടു വന്നത് ഇവിടെ നിന്ന് കരയാനാണോ”

ഏട്ടന്റെ തൊണ്ടയിടറുന്ന ശബ്ദം കേട്ടെനിക്ക് മനസിലായി ഉള്ളിൽ ഏട്ടനും കരയുന്നുണ്ടെന്ന്…

“മോനേ കർണ്ണാ നീ എതിരൊന്നും പറയരുത്. ഈ പ്രാവശ്യമെങ്കിലും നീ ജാമ്യത്തിൽ ഇറങ്ങണം.വക്കീലു കൊണ്ട് വന്ന പേപ്പറിൽ നീ ഒപ്പിടണം”

“ഈ പ്രവിശ്യം എനിക്ക് ജാമ്യത്തിൽ ഇറങ്ങണം .ചെയ്തു തീർക്കാൻ ഒരുപാട് ജോലിയുണ്ട്”

ഏട്ടൻ പല്ലുകൾ അമർത്തി ഞരിക്കുന്നത് ഞങ്ങൾക്ക് കേൾക്കാമായിരുന്നു….

ഞങ്ങൾക്ക് ഇതിൽപ്പരമൊരു സന്തോഷം വേറെ ഇല്ലായിരുന്നു. ‌വക്കീൽ കാണിച്ചു കൊടുത്ത പേപ്പറുകളിൽ ഏട്ടൻ സൈൻ ചെയ്തു…

“ശരി മോനേ ഞങ്ങൾ ഇറങ്ങുകയാണ്”

അച്ഛനോടൊപ്പം ഞങ്ങളും കണ്ണുകളാൽ ഏട്ടനോട് യാത്ര ചോദിച്ചു പിന്തിരിഞ്ഞു…

“മീനുക്കുട്ടി ഇങ്ങോട്ട് വന്നേ”

ഏട്ടൻ വിളിച്ചത് കേട്ടു ഞാനോടി അരികിലെത്തി…

“എന്താണ് ഏട്ടാ എന്നെ കാണണമെന്ന് പറഞ്ഞത്”

അടക്കിയ ശബ്ദത്തിൽ ഞാൻ തിരക്കി…

“ഞാൻ പറയുന്നത് നീ ശ്രദ്ധിച്ചു കേൾക്കണം.പുറത്ത് മറ്റാരുമൊന്നും അറിയരുത്..”

“ഇല്ല ഏട്ടാ..സത്യം”

“എങ്കിൽ നീയാ ചെവിയിങ്ങ് ചേർത്തേ”

ഏട്ടൻ അടക്കിയ ശബ്ദത്തിൽ എന്നോട് പറഞ്ഞത് കേട്ടു ഞാൻ ഞെട്ടിപ്പോയി…

“ശരിയേട്ടാ ഏട്ടൻ പറഞ്ഞതു പോലെ ഞാൻ ചെയ്യാം”

“മീനുക്കുട്ടി അമ്മ പാവമാണ്.. നീ അവരെ വെറുക്കരുത്”

“ശരിയേട്ടാ”

ഏട്ടനു വാക്ക് നൽകി ഞാൻ അവരുടെ പിന്നാലെ പുറത്തിറങ്ങുമ്പോളാകെ നീറിപ്പുകഞ്ഞു..

“ഇന്നോളം സത്യമെന്ന് കരുതിയ പലതും പൊയ്മുഖമാണെന്ന് അറിയുമ്പോൾ വിശ്വസിക്കാൻ കഴിയുന്നില്ല…

ഏട്ടൻ എന്റെ എനിക്ക് മുമ്പിൽ വെളിപ്പെടുത്തിയ സത്യത്തിനു അണുബോംബിനെക്കാൾ ശക്തി ഉണ്ടായിരുന്നു…

” എന്തായിരുന്നു ഏട്ടനും അനിയത്തിയും കൂടിയൊരു കുശുകുശുക്കൽ”

ജാനകിയുടെ ആ ചോദ്യത്തിന് ഉത്തരമായി ഞാനൊന്ന് ചിരിച്ചു കാണിച്ചു…

“ഏട്ടൻ ഉപദേശിക്കുവായിരുന്നു നാത്തൂനെ അമ്മയെ ഒന്നും പറയരുതെന്നൊക്കെ”

“ശരിയാണു മീനു..എത്രയായാലും അത് പെറ്റ വയറല്ലേ…

വീട്ടിലെത്തുമ്പോൾ ഉച്ച കഴിഞ്ഞിരുന്നു.. വല്ലാത്ത വിശപ്പ്…..

അമ്മയെ അവിടെങ്ങും കണ്ടിരുന്നില്ല.വാതിൽ പൂട്ടിയിരുന്നു.സ്പെയർ ചാവിയെടുത്ത് ഞാൻ വാതിൽ തുറന്നു….

ഭക്ഷണമെല്ലാം അമ്മ തയ്യാറാക്കിയട്ടുണ്ട്.അച്ഛനും വിളമ്പി കൊടുത്തു ഞാനും കഴിച്ചു.അതിനു ശേഷം ക്ഷീണത്താൽ ഞാനൊന്ന് മയങ്ങി….

ഉറക്കം എഴുന്നേറ്റു വരുമ്പോൾ അമ്മ വീട്ടിലുണ്ട് ആരോടും ഒന്നും പറയാതെ മൗനമായി ഇരിക്കയാണു…

പകൽ കടന്ന് ഇരുട്ടെത്തി..രാത്രിയുടെ യാമം വളർന്നു തുടങ്ങിയതും ഞാനന്ന് നേരത്തെ കിടന്നു.പെട്ടെന്ന് തന്നെ മടങ്ങിപ്പോയി…

ജനൽ വാതിക്കൽ ആരോ ശക്തമായി മുട്ടുന്നത് കേട്ടാണ് ഞാൻ ഉണർന്നത്.മുറിയിലെ ലൈറ്റ് തെളിച്ചു ശബ്ദം എവിടെ നിന്നാണെന്ന് ഞാൻ ഉറപ്പ് വരുത്തി…പതിയെ ജനലഴികൾ തുറന്നതും ഞെട്ടിപ്പോയി… മ്

” പുറത്തൊരാൾ നിൽക്കുന്നു.. ”

ഞെട്ടിപ്പോയ ഞാൻ പിന്നോക്കം ചുവട് വെച്ചതും ആ രൂപം ടോർച്ച് അയാളുടെ മുഖത്ത് പ്രകാശിപ്പിച്ചു.ഞാൻ അടിമുടി വിറച്ചു പോയി….

“രാവൺ…”

അറിയാതെയൊരു നിലവിളി എന്നിൽ കിടന്ന് ശ്വാസം മുട്ടി…

രാവിലെ ഏസി പി പറഞ്ഞ വാക്കുകളാണു ഞാൻ ഓർത്തത്…

“സ്വന്തം ഭാര്യയെയും മക്കളെയുമടക്കം അഞ്ചുപേരെ കൊലപ്പെടുത്തിയ നിഷ്ഠൂരനായ കൊലപാതകി…

” രാവണനെന്ന ദേവരാജ്…

രാവണനു ഞങ്ങളുടെ വീട്ടിലെന്താണ് കാര്യം… എന്ത് ചെയ്യണമെന്ന് അറിയാതെ ഞാൻ ഉറക്കെ നിലവിളിച്ചു.ആ നിലവിളിയിൽ അച്ഛനും അമ്മയും ഉണർന്നെന്ന് വാതിക്കലെ തട്ടലും മുട്ടലും കേട്ടപ്പോൾ എനിക്ക് മനസ്സിലായി…

ഇരട്ടച്ചങ്കൻ : ഭാഗം 1

ഇരട്ടച്ചങ്കൻ : ഭാഗം 2

ഇരട്ടച്ചങ്കൻ : ഭാഗം 3