രാജ്യത്ത് കോവിഡ് ; 24 മണിക്കൂറിനിടെ 4270 കേസുകൾ റിപ്പോർട്ട് ചെയ്തു
ഒരിടവേളയ്ക്ക് ശേഷം രാജ്യത്ത് കോവിഡ് കേസുകൾ വീണ്ടും ഉയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,270 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. വെള്ളിയാഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോൾ കേസുകളിൽ 7.8 ശതമാനം വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 4,31,76,817 ആയി. കേരളം ഏറ്റവും കൂടുതൽ കേസുകൾ സ്ഥിരീകരിച്ച സംസ്ഥാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,465 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
കഴിഞ്ഞ 10 ദിവസത്തിനിടെ കേരളത്തിൽ കൊവിഡ് കേസുകളിൽ ഇരട്ടിയോളം വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. പ്രതിദിന കേസുകൾക്കൊപ്പം ടിപിആറും ഉയരുകയാണ്. മെയ് 26നു കേരളത്തിൽ 723 കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.7 ആണ്. രണ്ട് മരണം. എന്നാൽ പത്ത് ദിവസം പിന്നിടുമ്പോൾ കേരളത്തിൽ ടിപിആർ 11.39 ശതമാനമാണ്. കഴിഞ്ഞ ദിവസം നാലു മരണങ്ങൾ കൂടി സ്ഥിരീകരിച്ചു. നിലവിൽ 7,972 പേരാണ് സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. എറണാകുളത്താണ് ഏറ്റവും കൂടുതൽ രോഗികൾ. 2862 പേർക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 60 പുതിയ രോഗികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ 212 പേരാണ് സംസ്ഥാനത്തെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. സംസ്ഥാനത്ത് ഒമിക്റോൺ വകഭേദം പടരുകയാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സംസ്ഥാനത്ത് മറ്റ് പുതിയ വകഭേദങ്ങളൊന്നും സ്ഥിരീകരിച്ചിട്ടില്ലെന്നും മന്ത്രി അറിയിച്ചു.
അതേസമയം കേരളം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ രോഗികളുള്ളത് മഹാരാഷ്ട്രയിലാണ്. ഇവിടെ 1357 പേർക്കാണ് രോഗം ബാധിച്ചത്. ഡൽഹി-405, കർണാടക-222, ഹരിയാന-144 എന്നിവയാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത മറ്റ് സംസ്ഥാനങ്ങൾ. അതേസമയം, 24,052 പേരാണ് നിലവിൽ രാജ്യത്ത് ചികിത്സയിലുള്ളത്.