Thursday, January 23, 2025
Novel

എന്നും രാവണനായ് മാത്രം : ഭാഗം 42

എഴുത്തുകാരി: ജീന ജാനകി

ഇന്നെന്റെ പെണ്ണിന് ഒരുപാട് സന്തോഷമാകും…. രാവിലെ പത്തു മണിക്ക് തന്നെ അമ്മയൊക്കെ മടങ്ങി വന്നു… പക്ഷേ അവരെല്ലാം പാപ്പന്റെ വീട്ടിലേക്കാ പോയത്… ഇന്നിനി വൈകിട്ട് നോക്കിയാൽ മതി…. ഉച്ച കഴിഞ്ഞപ്പോൾ പാപ്പൻ അങ്ങോട്ട് വിളിച്ചു… ചെന്നപ്പോൾ ഹാളിൽ ചക്കിയുടെ അച്ഛനും ഉണ്ടായിരുന്നു… ഭാവി അമ്മായിയച്ഛനല്ലേ…. നന്നായൊന്നു പുഞ്ചിരിച്ചു… സംസാരിച്ചപ്പോൾ മനസ്സിലായി ആളൊരു പാവമാണെന്ന്… സുഗുണൻ – ചക്കിയെ ഇന്ന് തന്നെ കൊണ്ടുപോകാൻ വന്നതാണോ…. ദിനേശൻ – അതെ…. ഇത്രയും നാൾ അവളെ പൊന്നുപോലെ നോക്കിയതിനു എത്ര നന്ദി പറഞ്ഞാലും മതിയാവില്ല… മീനൂട്ടി –

എന്തേലും വിശേഷം ഉണ്ടോ മോളെ കൊണ്ട് പോകാൻ…. ദിനേശൻ – അവളുടെ കല്യാണം ഉറപ്പിച്ചു… ഞാനടക്കം എല്ലാവരും ഞെട്ടി…. എന്റെ മുഖമൊക്കെ വലിഞ്ഞ് മുറുകി… പക്ഷേ എങ്ങനൊക്കെയോ ഞാൻ എന്നെ നിയന്ത്രിച്ചു…. പട്ടാളം – മോളൊന്നും ഞങ്ങളോട് പറഞ്ഞില്ല…. ദിനേശൻ – അവളറിഞ്ഞിട്ടില്ല….. ജലജമ്മ – അവളുടെ സമ്മതം ചോദിക്കാതെ ആണോ തീരുമാനിച്ചത്…. ദിനേശൻ – ആദ്യമായിട്ട് അവൾ ഇവിടേക്ക് പുറപ്പെട്ടപ്പോൾ പറഞ്ഞതാ…. അച്ഛയുടെ ഇഷ്ടം എന്താണോ അത് നടക്കട്ടെ എന്ന്… എല്ലാം എന്റെ തീരുമാനത്തിനു വിട്ട് തന്നതാണ്…. അവളെ എനിക്ക് ജീവനാ…

അതേപോലെയാ അവൾക് എന്നെയും… പിന്നെ അവളുടെ അച്ഛ ഒന്ന് തീരുമാനിച്ചാൽ അതിൽ നിന്നും പിന്നോട്ട് പോകില്ലെന്ന് അവൾക്കറിയാം… കൊടുത്ത വാക്ക് പാലിക്കാതെ വന്നാൽ ഈ ഞാൻ ഉണ്ടാവില്ല… ഇത് അവൾക് പരിചയം ഉള്ളത് തന്നെയാ…. മുന്നേ ആലോചിച്ചത്… അവളുടെ കോളേജിൽ പഠിച്ച പയ്യനാ… കുറേ നാൾ അതിനെ കുറിച്ച് വല്യ വിവരം ഒന്നൂല്ലായിരുന്നു… ഇടയ്ക്ക് എപ്പോഴോ വീണ്ടും പൊങ്ങി വന്നു… അവൾക്കും ഇഷ്ടമായിരുന്നല്ലോ… പിന്നൊന്നും നോക്കിയില്ല… ഡേറ്റെടുത്തു… കഷ്ടിച്ച് ഒരു മാസം ഉണ്ട്… അതുകൊണ്ട് ഇന്ന് തന്നെ അവളെ കൊണ്ട് പോകുവാ… നിങ്ങളെല്ലാവരും ഒരാഴ്ച മുമ്പേ വരണം…

അടുത്ത മാസം ഇരുപത്താറാം തീയതി…” പിന്നെയും അവരെന്തൊക്കെയോ പറഞ്ഞു… പക്ഷേ അതൊന്നും ഞാൻ കേട്ടില്ല…. കേട്ട കാര്യങ്ങൾ തന്നെ ചെവിയിൽ മുഴങ്ങുന്നു…. ഒന്ന് ചിരിച്ചെന്ന് വരുത്തി ഞാൻ ബുള്ളറ്റും കൊണ്ട് വീട്ടിലേക്ക് പോയി… ഞാൻ തനിച്ചേ ഉണ്ടായിരുന്നുള്ളൂ…. ജിത്തുവൊക്കെ തിരികെ വീട്ടിൽ പോയി… സച്ചു അവനെന്തോ അത്യാവശ്യത്തിന് പോയിരിക്കുവാ…. തനിയെ ഉള്ളത് വളരെ നന്നായി എന്നെനിക്ക് തോന്നി…. ആരും കാണാതെ ഞാൻ പൊട്ടിക്കരഞ്ഞു…. എത്ര നേരം എന്നൊന്നും അറിയില്ല…. പിന്നെ പതിയെ കണ്ണ് തുടച്ചു… ഞാൻ മനസ്സിൽ ഒരു തീരുമാനം എടുത്തു…. പെട്ടെന്നാണ് പുറത്ത് കോളിംഗ് ബെൽ മുഴങ്ങിയത്… മുഖം കഴുകിയ ശേഷം പോയി വാതിൽ തുറന്നു…. മുമ്പിൽ നിന്നു ചിരിക്കുന്ന ചക്കിയെ കണ്ടപ്പോൾ നെഞ്ച് പൊടിഞ്ഞു പോയി…

ആ ചിരി ഈ നിമിഷം അവസാനിക്കും എന്നെനിക്ക് ഉറപ്പായിരുന്നു….. അവൾ അകത്തേക്ക് കയറി…. “എന്താണ് കടുവയ്ക് ഒരു വൈക്ലപ്യം….” “ഏയ്…. തോന്നുന്നതാ…..” “എങ്കിൽ എനിക്കുള്ള മറുപടി താ…” “ചക്കി…… അത്…. എനിക്ക്….” “ആ പോരട്ടെ…..” “എനിക്ക് ഇതിൽ താത്പര്യം ഇല്ല…..” “എന്താ….” “എനിക്ക് താല്പര്യമില്ല…. നീ എന്നെ മറക്കണം….” അവളുടെ കണ്ണൊക്കെ നിറഞ്ഞു…. “ദേ…. തമാശ പറയല്ലേ… കണ്ണേട്ടൻ വെറുതെ പറഞ്ഞതാ….” “അല്ല…. അല്ല… അല്ല….” അവളടുത്ത് വന്നെന്റെ ഷർട്ടിൽ പിടിച്ചുലച്ചു… “എന്തുകൊണ്ട്…. എന്തുകൊണ്ട് താല്പര്യം ഇല്ല…..” “എനിക്ക് നിന്നെ ഇഷ്ടമല്ല…. നിന്നെപ്പോലെ അഹങ്കാരി ആയ ഒരുത്തിയെ എനിക്ക് വേണ്ട….

കണ്ണൻ എന്നും തനിച്ചാ….. ഇനിയെന്നും അങ്ങനെ മതി……” അവളുടെ കണ്ണുകൾ നിർത്താതെ ഒഴുകി… എന്റെ ശരീരത്തിലൂടെ ഊർന്നവൾ നിലത്തിരുന്നു… ജീവൻ പോകും പോലെ തോന്നി…. ഞാൻ തിരിഞ്ഞു നടക്കാൻ തുടങ്ങി… പക്ഷേ അവളെന്റെ കാലുകളിൽ കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞു…. “കണ്ണേട്ടാ…. എന്നെ ഇട്ടേച്ച് പോകല്ലേ… ഞാൻ മരിച്ചു പോകും… ഞാനൊരു അഹങ്കാരവും കാണിക്കില്ല… എന്നെ വിട്ടു പോകല്ലേ…..” എന്റെ കണ്ണുകളും നിറഞ്ഞു… അവളെ കെട്ടിപ്പിടിച്ചു ആർക്കും കൊടുക്കില്ല എന്ന് പറയാൻ നാവ് തുടിച്ചു… പക്ഷേ ഞാൻ സ്വയം നിയന്ത്രിക്കണം….

ഇല്ലെങ്കിൽ ഒരായുസ് മുഴുവൻ മകൾക്കു വേണ്ടി ജീവിച്ച ഒരു പാവം മനുഷ്യൻ തോറ്റു പോകും…. ഞാൻ അവൾ കാണാതെ കണ്ണീർ തുടച്ചു…. പതിയെ അവളെ പിടിച്ചെണീപ്പിച്ചു…. “ചക്കി…. ഒന്ന് മനസ്സിലാക്ക്… സ്നേഹം പിടിച്ചു വാങ്ങാൻ കഴിയില്ല… എനിക്ക് കഴിയാത്തതുകൊണ്ടാടീ….” അവളെന്റെ മുഖത്തേക്ക് നോക്കി… നിറഞ്ഞ എന്റെ മിഴികളെ തുടച്ചുമാറ്റി… “കണ്ണേട്ടാ…. ഈ നിറകണ്ണുകൾ മാത്രം മതി നിങ്ങളെന്നെ സ്നേഹിക്കുന്നു എന്ന് മനസ്സിലാക്കാൻ…. നിങ്ങടെ ഹൃദയത്തുടിപ്പുകൾ എന്നോട് പറയുന്നുണ്ട്… അത് ചിലപ്പോൾ എനിക്ക് തോന്നുന്നത് ആകാം…. കണ്ണേട്ടൻ പറഞ്ഞത് ശരിയാ…. സ്നേഹം പിടിച്ചു വാങ്ങാൻ കഴിയില്ല…. എന്റെ സ്നേഹവും ആർക്കും പിടിച്ചു വാങ്ങാൻ കഴിയില്ല…

അതെന്റെ രാവണന് മാത്രം സ്വന്തമാണ്…” “ചക്കി ഞാൻ…..” “ഒന്നും പറയണ്ട… ജീവനായിരുന്നു കണ്ണേട്ടാ….. ഇപ്പോ…. ഇപ്പോ എന്റെ പ്രാണൻ പറിച്ചെടുക്കുന്നത് പോലെ തോന്നുവാ…. പക്ഷേ ഓർമ്മയിൽ വച്ചോളൂ എന്റെ ജീവനും ജീവിതത്തിനും അവകാശി നിങ്ങൾ മാത്രാണ്…. ഞാൻ പടിയിറങ്ങുവാ…. ഇനി ഒരു ശല്യമായി ജാനകി വരില്ല…. പിന്നെ ഒരു കാര്യം ഞാൻ ചെയ്യാൻ പോകുവാ…. എന്നെ തടയരുത്….” അവളെന്റെ അടുത്തേക്ക് ചേർന്ന് നിന്നു… കാലിൽ കുത്തി ഉയർന്നു നിന്നശേഷം എന്റെ മുഖത്തെ അവളുടെ കൈക്കുമ്പിളിൽ എടുത്തു… ഞാൻ കണ്ണടച്ച് നിന്നു… എനിക്കവളെ തടയുവാൻ കഴിയുമായിരുന്നില്ല… അത്രയേറെ ആ വാക്കുകൾ ദൃഢമായിരുന്നു…..

എന്റെ നെറ്റിയിൽ അവളുടെ ചുണ്ടുകൾ സ്നേഹമുദ്ര പതിപ്പിച്ചു…. നനവാർന്ന എന്റെ കണ്ണുകളിൽ അവൾ അമർത്തി ചുംബിച്ചു… അവളുടെ ചുണ്ടുകൾ എന്റെ ചുണ്ടിലേക്ക് ആഴ്ന്നിറങ്ങിയപ്പോൾ ഞാനറിഞ്ഞു അവളുടെ ഉള്ളിൽ തിളച്ചുമറിയുന്ന അഗ്നിയെ…. എന്നിലേക്ക് ഊറിയിറങ്ങിയ കണ്ണുനീരിൽ എന്റെ പെണ്ണിന്റെ സ്നേഹമത്രയും കലർന്നിരുന്നു…. അവളെന്റെ ചെവികളിൽ പതിയെ മന്ത്രിച്ചു….. “ഐ ലവ് യൂ പൊന്നാ……” അതും പറഞ്ഞു പൊട്ടിക്കരഞ്ഞ അവളുടെ കണ്ണുനീർത്തുള്ളികൾ എന്റെ നെഞ്ചിൽ വീണ് ചുട്ട് നീറി…. പതിയെ എന്റെ ചക്കി നടന്നു…. വാതിൽക്കൽ ചെന്നിട്ട് അവളെന്നെ ഒന്ന് നോക്കി പുഞ്ചിരിച്ചു….. ചങ്ക് പറിച്ചെടുത്തു കൊണ്ട് എന്നെ നോക്കിയുള്ള ആ ചിരിയിൽ എന്റെ നെഞ്ചിൽ ആയിരം കഠാരകൾ കുത്തിയിറക്കും പോലെ തോന്നി…. ഞാൻ അകത്തേക്ക് കയറിപ്പോയി….

********* കണ്ണേട്ടന്റെ വാക്കുകൾ എന്നെ തകർത്തു കളഞ്ഞു…. പക്ഷേ വേണ്ടെന്ന് പറയുമ്പോഴും ആ കണ്ണുകൾ വേണം എന്ന് യാചിക്കും പോലെ തോന്നി… എന്നെ ഇഷ്ടമല്ലായിരുന്നെങ്കിൽ ഞാൻ ചുംബിച്ച സമയം കണ്ണേട്ടൻ എന്നെ തല്ലിയേനേ…. ആ നിമിഷം കണ്ണേട്ടന്റെ നെഞ്ചിടിപ്പ് ഞാനറിഞ്ഞതാ…. തിരികെ പടിയിറങ്ങിയെങ്കിലും പെട്ടെന്നാണ് ഓർമ വന്നത്… കണ്ണേട്ടന് നൽകാനായി ഞാനൊരു വാലറ്റ് മേടിച്ചിരുന്നു…. അത് കൊടുത്തിട്ട് പോകാം എന്ന് കരുതി… അപ്പോഴേക്കും കണ്ണേട്ടൻ റൂമിലേക്ക് പോയിരിക്കുന്നു…. ഞാനും അവിടേക്ക് ചെന്നു… മുറി പകുതി തുറന്നു കിടന്നിരുന്നു…. നോക്കുമ്പോൾ ഫോണിലെ എന്റെ ചിത്രവും നോക്കി കരയുവാ…. എന്റെ ചങ്ക് പൊടിഞ്ഞു പോയി….

ആ ചിത്രത്തോട് സംസാരിക്കുന്നത് ഞാൻ ശ്രദ്ധിച്ചു…. “ടീ കാന്താരി…. ഇഷ്ടാടീ നിന്നെ…. ഈ രാവണന്റെ പ്രണയം അതെന്റെ ജാനകി മാത്രാ….. നിന്റെ കണ്ണ് നിറഞ്ഞപ്പോൾ ദേ ഈ നെഞ്ച് തകർന്ന് പോയെടീ…. പ്രാണനാടീ നീയെന്റെ….. എന്റെ നെഞ്ച് തുടിക്കുന്നത് പോലും നിനക്ക് വേണ്ടിയാ…. നിനക്ക് അറിയോ പൊന്നൂ….. ഞാൻ എന്ത് പറയാനാ ഇരുന്നതെന്ന്…. നിന്നെ എന്റെ കൂടെ കൂട്ടിക്കോട്ടെ എന്ന്…. ദേ നിനക്ക് വേണ്ടി ഞാൻ മേടിച്ചതാ ഈ മോതിരം…. എന്റെ മീനൂട്ടിയുടെ ഏറ്റവും വലിയ സ്വപ്നം നടത്തിക്കൊടുക്കാൻ, നിന്നെ എന്റെ പാതിയാക്കാനും എല്ലാം കാത്തിരുന്നതാ ഞാൻ…. പക്ഷേ നിന്റെ അച്ഛൻ…. ആ പാവം നിന്റെ കല്യാണം ഉറപ്പിച്ചു എന്ന് പറഞ്ഞപ്പോൾ ഞാൻ തളർന്നു പോയി…

വാക്കിന് ജീവനേക്കാൾ വില കല്പിക്കുന്ന നിന്റെ അച്ഛനെ എനിക്കും ഒരുപാട് ഇഷ്ടാടീ…. എന്താണെന്നറിയോ… നിനക്ക് ജന്മം നൽകിയത് കാരണം… കണ്ണന് നിന്നെ സ്വന്തമാക്കാം…. ഈ നിമിഷം… പക്ഷേ നിന്റെ അച്ഛന്റെ സങ്കടം കാണുന്തോറും നീയും സങ്കടപ്പെടും… നിന്റെ കണ്ണ് നിറയുമ്പോൾ എന്റെ ചങ്കിന്ന് ചോര പൊടിയും പെണ്ണേ…. അത്രമേൽ നീയെന്റെ ഉയിരിൽ കലർന്നുപോയി…. ഭ്രാന്താണ് നീയെനിക്ക്… മറ്റൊന്നിനും തരാൻ കഴിയാത്ത ലഹരിയായിരുന്നു നിന്റെ സാമിപ്യം… എന്റെ ഓരോ ഹൃദയമിടിപ്പും നിനക്ക് വേണ്ടിയാണ് പെണ്ണേ…… എന്നിട്ടും നീ കരഞ്ഞപ്പോൾ ഒന്ന് ചേർത്ത് പിടിക്കാൻ പോലും എനിക്ക് പറ്റിയില്ല…. അങ്ങേയറ്റം താഴ്ന്നെന്റെ കാലിൽ വീണ് നീ കരഞ്ഞില്ലേ….

എന്നിട്ടുപോലും എന്റെ പെണ്ണിനെ ആശ്വസിപ്പിക്കാൻ കഴിയാത്ത പാപിയാണ് ഞാൻ…. ക്ഷമിക്കെടീ….. ഐ ലവ് യൂ പൊന്നൂ……. റിയലി ഐ ലവ് യൂ…. നിന്നെ വേദനിപ്പിച്ച ഓരോ വാക്കുകളും എന്റെ ഉള്ളിലേക്കാ തുളച്ച് കയറിയത്… ഓരോ തവണ നിന്നെ ആട്ടിയകറ്റുമ്പോഴും നിന്നെ ഒന്ന് കാണാൻ എന്റെ കണ്ണുകൾ എത്രയേറെ അലഞ്ഞിട്ടുണ്ടെന്നറിയോ…. നീയെന്നെ മറക്കണം പെണ്ണേ…. അച്ഛന്റെ ആഗ്രഹം നടക്കട്ടെ… പക്ഷേ എന്റെ നെഞ്ചിൽ നീയുണ്ടാകും…. അവസാനശ്വാസം വരെയും….” കണ്ണേട്ടൻ എന്റെ ചിത്രത്തിൽ തലോടി… ശരിക്കും ഞാൻ അവിടെ തറഞ്ഞ് നിന്നു… എന്റെ കല്യാണം….

ചെവിയിൽ ഈയം ഉരുക്കിയൊഴിച്ച പോലെ തോന്നി… സ്വബോധം വീണ്ടെടുത്തതും പ്രജ്ഞയറ്റവളെ പോലെ ഞാൻ പുറത്തേക്ക് പോയി… നടക്കുന്നു എന്നല്ലാതെ ചുറ്റിനുള്ള ഒന്നിനേയും ഞാൻ കണ്ടില്ല… ഹൃദയം പോലും വിറങ്ങലിച്ചുപോയി…. കണ്ണുകൾ അനുസരണയില്ലാതെ നിറഞ്ഞൊഴുകി…. പ്രകൃതിയും എന്റെ ദുഃഖത്തിൽ പങ്കെടുത്ത പോലെ ആർത്തലച്ച് പെയ്തു… കണ്ണീർത്തുള്ളികളെ മഴത്തുള്ളികൾ തുടച്ച് മാറ്റി….. കുഞ്ചുംനൂലി എന്ന വിളി കാതിൽ മുഴങ്ങുന്നു…. കണ്ണേട്ടന്റെ ചിരി…. മഴയിൽ നനഞ്ഞ് ദൂരെ കണ്ണേട്ടൻ നിൽക്കുന്ന പോലെ തോന്നി… കണ്ണുനീർ കൈകൊണ്ട് തൂത്തെറിഞ്ഞ് അവിടേക്ക് ഓടി….. പക്ഷേ അടുത്ത് ചെന്നപ്പോൾ ആ രൂപം മാഞ്ഞുപോയി….

ചുറ്റിലും നോക്കിയിട്ടും ഒന്നും കണ്ടില്ല….. “കണ്ണേട്ടാ…….!!!!!!!” നിലത്തേക്ക് ഇരുന്നു ഞാനലറി വിളിച്ചു… ഇടിനാദത്തിൽ ഭൂമി പോലും പ്രകമ്പനം കൊണ്ടു… പക്ഷേ ഞാൻ ഭയന്നില്ല…. എന്റെ പേടിക്ക് മുകളിൽ വേദന വിജയം കൈവരിച്ചിരിക്കുന്നു…. “ചക്കീ……” രാജി കുടയും കൊണ്ട് എന്റെ അടുത്തേക്ക് ഓടിവന്നു…. അവളെന്റെ അടുത്ത് മുട്ടുകുത്തി ഇരുന്നു…. “ചക്കി….. എണീക്കെടാ….. ഞാൻ നിന്റെ അച്ഛ പറഞ്ഞതൊക്കെ അറിഞ്ഞു….” ഞാനവളുടെ നെഞ്ചിൽ കിടന്നു പൊട്ടിക്കരഞ്ഞു…. “കണ്ണേട്ടൻ എന്നോട് മറക്കാൻ പറഞ്ഞെടാ…. എന്റെ പൊന്നിന് എന്തുമാത്രം വേദനിച്ചിരിക്കും…. ഞാനെന്റെ പ്രാണനെ വിട്ടെങ്ങനെ പോകും….. ഒന്ന് പറഞ്ഞു താ…..” രാജിയുടെ കണ്ണുകളും നിറഞ്ഞൊഴുകി…

അവളെന്നെയും എഴുന്നേൽപ്പിച്ച് ഒരുവിധം വീട്ടിലേക്ക് കൊണ്ടുപോയി…. അച്ഛയുള്ളത് കൊണ്ട് ഞാൻ മുഖമൊക്കെ തുടച്ചു…. ഭാഗ്യത്തിന് ആരും ഹാളിൽ ഉണ്ടായിരുന്നില്ല…. രാജി എന്നെയും കൊണ്ട് റൂമിലേക്ക് പോയി…. “രാജി ഞാനൊന്നു കുളിച്ചിട്ട് വരാം….” “മ്…..” ബാത്ത്റൂമിലെ പൈപ്പ് തുറന്നിട്ട് ഷവറിന് താഴെ നിന്ന് നിശബ്ദമായി കരഞ്ഞു…. പിന്നെ കുളിച്ചെന്ന് വരുത്തിയ ശേഷം ഡ്രസ്സും മാറ്റി പുറത്തേക്ക് ഇറങ്ങി…. “ടീ…. നിനക്ക് തല തോർത്താനറിയില്ലേ…” രാജി തന്നെ തലതോർത്തി തന്നു…. ഞാൻ ഒരു പാവയെ പോലെ ഇരുന്നു…. “ടീ…. ഈ ചായ കുടിക്ക്….” “വേണ്ടെടാ….” “അതൊന്നും പറഞ്ഞാൽ പറ്റില്ല… ദേ കഴിക്ക്…..”

രാജിയുടെ നിർബന്ധത്തിന് വഴങ്ങി ഞാനൊരു കവിൾ കുടിച്ചതും അത് നെറുകയിൽ കയറി… ചുമച്ച് എല്ലാം പുറത്ത് പോയി…. ഒരു തുള്ളി വെള്ളം പോലും ഉള്ളിലേക്ക് ഇറക്കാനെനിക്ക് പറ്റുമായിരുന്നില്ല…. കുറച്ചു കഴിഞ്ഞപ്പോൾ അച്ഛ റൂമിലേക്ക് വന്നു…. “ചക്കീ…. എന്തുപറ്റിയെടാ…. മുഖമൊക്കെ ആകെ വല്ലാതെ….” “നല്ല തലവേദനയുണ്ടായിരുന്നു അച്ഛേ….” “ഹോസ്പിറ്റലിൽ പോണോ മോളേ….” “വേണ്ടച്ഛേ….” “എങ്കിൽ നാളെ രാവിലെ നമുക്ക് പോകാം…. നിന്റെ ഏട്ടൻ വണ്ടിയും കൊണ്ട് വരും…” “മ്…. കഴിക്കണില്ലേ….” “വിശപ്പില്ല അച്ഛേ…..” “വയ്യാണ്ട് പട്ടിണി കിടക്കരുത്…” “ഞാൻ പിന്നെ കഴിച്ചോളാം…. അച്ഛ ചെന്നോളൂ…..” “മ്… ശരി മോളെ….” ഞാൻ എന്റെ ഡയറി എടുത്തു…. എന്റെ സന്തോഷങ്ങളുടെയും ദുഃഖത്തിന്റെയും ആഴത്തെ ഞാൻ എഴുതിയിരുന്നത് അതിലായിരുന്നു….

വിറയ്ക്കുന്ന കൈകളാൽ ഞാനവയിൽ കോറിയിട്ടു…. “അഗ്നിയിൽ പൊള്ളിയടന്നിട്ടും നിർവികാരതയോടെ നടന്നുനീങ്ങുന്നവളെ കണ്ടിട്ടുണ്ടോ…… തൊലിയിലെ ഉദ്ദീപനങ്ങൾ നഷ്ടമായതിനാലായിരുന്നില്ല…… അതിലുമേറെ ഉഷ്ണത്താൽ ആളിക്കത്തുന്ന യാഗാഗ്നിയെ മനസ്സിൽ ചുമന്നതിനാലായിരുന്നു….. ഒരുനാൾ ചിറകൊടിഞ്ഞു വീണിട്ടും മുന്നിൽ കണ്ടൊരിത്തിരി നറുവെളിച്ചത്തിൻ ശോഭയിൽ ജീവിതം കെട്ടിപ്പെടുക്കവേ അരിയപ്പെട്ടാ ചിറകുകൾ ഒരു നാളും മുറികൂടാനാകാത്ത വിധം…. അല്ലയോ നാരീ നീ എന്തിനാണ് പൊട്ടിച്ചിരിക്കുന്നത്….. ഞാനെന്റെ അവസ്ഥയെ സ്വാഗതം ചെയ്യുന്നു.. എന്റെ തോൽവിയെ ചേർത്ത് പിടിക്കുന്നു…. കണ്ണീരിനെ താലോലിക്കുന്നു….

എന്തെന്നാൽ അന്നും ഇന്നും കൂട്ടായി ഇവരിരുവരും ഉണ്ടായിരുന്നു…. ഒരിക്കലും തനിച്ചാക്കിയില്ല…. തൊട്ട് മുമ്പുള്ള നിമിഷം വരെയും ഞാൻ സന്തോഷത്തെ കാംഷിച്ചിരുന്നു…. അതിനെ ഞാൻ പ്രണയിച്ചിരുന്നു… പക്ഷേ അതെല്ലാം നിലച്ചിരിക്കുന്നു…. ജീവിക്കാനുള്ള മോഹത്തിന്റെ അവസാന കണികയും എന്നിൽ നിന്നൊഴുകിപ്പോയിരിക്കുന്നു….. ഇന്നെനിക്ക് പ്രണയമാണ് പാതിവഴിയിൽ ഉപേക്ഷിച്ച സന്തോഷത്തോടല്ല…. ജീവന്റെ അവസാനം വരെ എന്റേതായിരിക്കും എന്ന് വിശ്വസിക്കുന്ന ഭ്രാന്തിനോട്…. അതിനെ ആത്മാവിലേക്ക് ആവാഹിക്കാൻ ചങ്ങലക്കണ്ണികൾ വേണം…. അവയുടെ നാദം മറ്റുള്ളവരെ അലോസരപ്പെടുത്തുമ്പോൾ അതെന്റെ താരാട്ടാകും…..

എന്നിലെ ജീവന്റെ അവസാന കണികയിലും ഭ്രാന്താവേശിക്കുന്ന മൂർധന്യാവസ്ഥയിൽ ലോകത്തോട് ഉറക്കെ വിളിച്ചു പറയണം…. ഒരുവളുടെ തോൽവി ഇവിടെ വിജയം കൈവരിച്ചിരിക്കുന്നു…..” മടക്കിവെച്ച ശേഷം ഞാൻ പതിയെ കിടക്കയിലേക്ക് ചാഞ്ഞു…. പോകാനുള്ളതെല്ലാം പാക് ചെയ്തത് രാജിയായിരുന്നു…. അവളോട് ഞാൻ എല്ലാം പറഞ്ഞിരുന്നു…. എന്നെ ഒരുനിമിഷം പോലും തനിച്ചാക്കാതെ അവളെന്റെ കൂടെ നിന്നു…. രാത്രിയിൽ നിദ്രാദേവി എന്നെ കടാക്ഷിച്ചില്ല…. തലയണ കണ്ണുനീരാൽ കുതിർന്നു…. *********** ബോധം മറയുവാൻ വേണ്ടി കുടിച്ചു…. കണക്കില്ലാതെ… പക്ഷേ അവളുടെ ആ നോട്ടം അതെന്നെ കൊത്തി വലയ്ക്കുന്നു…. അവളെ മറക്കാൻ ഒരു ലഹരിയും എന്നെ തുണയ്കില്ല….

എന്റെ ബോധവും അബോധവും എല്ലാം അവളിൽ തന്നെയാണ്… അവളുടെ ഓർമ്മകൾ എന്നെ കാർന്നുതിന്നാൻ തുടങ്ങി…. അമ്പലത്തിന് പുറത്തെ ആൽമരത്തറയിൽ ആകാശം നോക്കി കിടന്നു…. ചന്ദ്രബിംബമോ നക്ഷത്രങ്ങളോ ഇല്ലാതെ മൂടിക്കെട്ടിയ അന്തരീക്ഷം…. എന്റെ ജീവിതം പോലെ ഇരുണ്ട് കിടക്കുന്നു…. കണ്ണുകൾ നിറഞ്ഞൊഴുകി…. അവളുടെ കണ്ണീർ വീണ സ്ഥലം ഇപ്പോഴും പൊള്ളുന്നുണ്ട്…. വിതുമ്പിക്കൊണ്ട് പറഞ്ഞ അവസാന വാചകം അതെന്റെ ചെവികളിൽ തുളച്ചിറങ്ങുവാ പെണ്ണേ…. രാത്രി എപ്പോഴോ വീട്ടിലേക്ക് പോയി… അപ്പോഴും ഉമ്മറത്തെന്നെയും കാത്ത് മീനൂട്ടി ഉണ്ടായിരുന്നു…. കിണറിൽ നിന്നും വെള്ളം കോരി തലവഴിയേ ഞാൻ പലതവണ ഒഴിച്ചു….

അമ്മ ഒരു തോർത്തും കൊണ്ട് മാറി നിന്നു… കുറച്ചൊന്ന് മനസ് ശാന്തമായപ്പോൾ അമ്മയുടെ അടുത്തേക്ക് ചെന്നു… തലതോർത്തിയ ശേഷം ആഹാരം തന്നു… പക്ഷേ ഒരു വറ്റ് പോലും കഴിക്കാൻ പറ്റിയില്ല…. കിടന്നപ്പോൾ തൊട്ടടുത്ത് അമ്മ ഇരുന്നെന്റെ തലയിൽ തലോടി… അമ്മയുടെ സാമിപ്യം ഞാൻ ആഗ്രഹിച്ചിരുന്നു…. പക്ഷേ എന്നോടൊന്നും അമ്മ ചോദിച്ചില്ല…. കണ്ണുനീർ അമ്മ കാണാതിരിക്കാൻ ഞാൻ കൈ കൊണ്ട് മറച്ചിരിക്കുന്നു… വരുന്ന പുലരിയിൽ ഞാൻ എഴുന്നേൽക്കുന്നത് പഴയ കണ്ണനായിട്ട് ആയിരിക്കും… ആ വാത്സല്യത്തണലിൽ ഞാനെപ്പോഴോ നിദ്ര പുൽകി….. പിറ്റേന്ന് പഴയത് പോലെ എല്ലാവരോടും പെരുമാറി…. പാപ്പന്റെ അടുത്തേക്ക് പോയി…

ചെന്ന സമയത്ത് ചക്കിയും അവളുടെ അച്ഛയും ചേട്ടനും ഇറങ്ങാൻ നിൽക്കുവായിരുന്നു…. അച്ഛനും ചേട്ടനും എന്നെ നോക്കി ചിരിച്ചു…. പിന്നാലെ വന്നത് ആർക്കും പരിചയമില്ലാത്ത ചക്കിയായിരുന്നു… ഒരു ദിവസം കൊണ്ട് പകുതിയായ പോലെ… ആ കണ്ണുകൾക്ക് തിളക്കമില്ല… ആ ചുണ്ടുകളിൽ കുസൃതിച്ചിരിയില്ല…. കണ്ണുകളിൽ കരിമഷിയില്ല… നെറ്റിയിൽ പൊട്ടില്ല…. കൈകളിൽ കരിവളയില്ല…. ശരിക്കും അപരിചിതയായ ഒരാൾ…. എന്നെ ഒന്ന് നോക്കിയത് പോലുമില്ല… പുറകിൽ കയറി സീറ്റിലേക്ക് അവൾ തലചായ്ച് ഇരുന്നു….

ആ കൺപോളകളുടെ ചിമ്മലല്ലാതെ അവളിൽ പ്രാണൻ തുടിക്കുന്നു എന്ന് പറയാൻ മറ്റൊരു അടയാളവുമില്ല…. എല്ലാവർക്കും സങ്കടമുണ്ട്… ജലജമ്മയും രാജിയും കണ്ണുകളൊപ്പുന്നു…. പാപ്പന് സങ്കടമുണ്ടെങ്കിലും പുറത്ത് കാണിക്കുന്നില്ല…. എല്ലാവരോടും യാത്ര പറഞ്ഞ് കാർ ഗേറ്റ് കടന്നു പോയി…. എന്റെ പ്രാണനകന്ന് പോകുന്നത് വേദനയോടെ നോക്കി നിൽക്കാൻ മാത്രമേ എനിക്ക് സാധിച്ചുള്ളൂ…. .  (തുടരും)-

എന്നും രാവണനായ് മാത്രം : ഭാഗം 41