Wednesday, January 22, 2025
Novel

എന്നും രാവണനായ് മാത്രം : ഭാഗം 41

എഴുത്തുകാരി: ജീന ജാനകി

ചക്കി അവളെന്റെ തൊട്ടടുത്ത് നിന്നപ്പോൾ എനിക്ക് എന്നെ നഷ്ടമാകും പോലെ തോന്നി…. ഒരു പക്ഷെ അവൾ കണ്ണടച്ചില്ലെങ്കിൽ ഞാൻ അവളെ ചുംബിക്കുമായിരുന്നു…. ആ കണ്ണുകൾ എന്റെ ഉള്ളിലേക്ക് തുളച്ചു കയറുന്ന പോലെ…. ഉമ്മ ചോദിച്ചപ്പോൾ നെഞ്ചോട് ചേർത്ത് ആ നെറ്റിയിൽ ഒരെണ്ണം നൽകണം എന്ന് മോഹിച്ചിരുന്നു… പക്ഷേ ഇല്ല പെണ്ണേ…. എന്റെ പ്രണയം നിന്നോട് പറഞ്ഞ ശേഷം മാത്രമേ നിന്നെ ഞാൻ ചുംബിക്കുള്ളൂ…. കണ്ണൻ പലതും വെട്ടിപ്പിടിച്ചിട്ടുണ്ട്…. പക്ഷേ നിന്നെ എനിക്ക് എല്ലാവരുടെയും അനുഗ്രഹത്തോടെ നിറഞ്ഞ മനസ്സോടെ സ്വീകരിക്കണം…. എന്നെ സ്നേഹിക്കാൻ പഠിപ്പിച്ചത് നീയാണ്….

നീ പോലുമറിയാതെ…. നിന്നെയാണ് ഈ രാവണൻ ജീവനേക്കാളേറെ സ്നേഹിക്കുന്നത്…. വിശക്കുന്നു എന്ന് പറഞ്ഞ നിന്റെ നിഷ്കളങ്കത… സത്യം പറഞ്ഞാൽ നിനക്ക് ആഹാരം വാരി തരാൻ തോന്നി… എന്റെ മീനൂട്ടിക്ക് മാത്രേ ഞാൻ വാരി കൊടുത്തിട്ടുള്ളൂ…. ഇപ്പോ നിന്നെയും ഊട്ടാനായി കൈകൾ കൊതിക്കുന്നുണ്ട്… റൂമിനും എന്റെ ഷർട്ടിന് പോലും അവളുടെ ഗന്ധം…. ഫോണിലെ അവളുടെ ചിത്രത്തിൽ തലോടിയ ശേഷം അതും കണ്ട് കൊണ്ട് അവളുടെ ഓർമ്മയിൽ എപ്പോഴോ മയങ്ങിപ്പോയി… ********** രാവിലെ എണീറ്റ് ഫ്രഷായി അടുക്കളയിൽ പോയി… ജിതച്ചേച്ചി എണീറ്റ് ചായയും കോഫിയും ഇട്ടു….

എന്റെ തൊള്ളയ്ക് താഴെ ചായയേ ഇറങ്ങൂ… കടുവ ബ്രൂവിന്റെ കോഫീ…. ഒരു കപ്പിൽ പാല് മറ്റൊരു കപ്പിൽ ചേർക്കൂ ബ്രൂ…. മധുരം അല്പം ചേർക്കൂ… ആ കപ്പീന്നും ഈ കപ്പീന്നും അപ്പുറത്തെ കപ്പിലും ചരുവത്തിലുമൊക്കെ അടിച്ചെടുക്കുമ്പോൾ കോഫീ ആകുമെന്നൊക്കെ പറയുന്നു… അപ്പോ ഇതിൽ വെള്ളം ചേർക്കേം ചൂടാക്കുകയൊന്നും വേണ്ടേ… ടെക്നോളജി…. ടെക്നോളജി….. കാലത്തിന്റെ ഓരോ പോക്കേ… നമ്മളൊക്കെ കുഞ്ഞിലെ കഞ്ഞിവെള്ളത്തിൽ രസമൊഴിച്ച് അടിച്ചാ കുടിച്ചിരുന്നേ…. ഹാ…. അതൊക്കെ ഒരു കാലം…. നൊക്ലാച്ചിയ…. കടുവയുടെ കോഫി പിന്നെ കൊടുക്കാം…

ഇങ്ങേർക്ക് ബെഡ്കോഫി അല്ല… ബെഡ് റൈസ് സൂപ്പാണ്…. അതായത് ഉത്തമാ ചമ്പാവരിയുടെ കഞ്ഞിവെള്ളം… കടുവേട ക്ലാമറിന്റെ രഹസ്യം…. ചുവന്ന് ചുവന്ന് ചുവന്നുള്ളി പോലെ ആവോ…. ആകെ ചൂടും നീറ്റലും തന്നെയാണല്ലോ അതും… ഞാൻ കടുവയുടെ റൂമിലേക്ക് പോയി വിത്ത് റെഡ് റൈസ് സൂപ്പ്… ദേഹത്ത് തുണിയൊക്കെ കാണണേ എന്റെ കാമദേവാ…. രാവിലെ തന്നെ എന്നെ കണിക്കൊന്ന ആക്കരുതേ…. തല അകത്തോട്ടു ഇട്ടപ്പോൾ സമാധാനപരമായ അന്തരീക്ഷം ആണ്…. ടീപ്പോയിൽ അങ്ങേരുടെ എനർജി ഡ്രിങ്കും വെച്ചിട്ട് ഇറങ്ങി വരാൻ തുടങ്ങി… പക്ഷേ ഇതുവരെ വന്നിട്ട് വെറുതെ പോകുന്നതെങ്ങനെ…. കടുവ ചരിഞ്ഞാണ് കിടന്നിരുന്നത്….

എന്തൊരു ഓമനത്തം… ഞാൻ പെറ്റിട്ടതല്ലെങ്കിലും ഒന്ന് താലോലിക്കാൻ തോന്നി… പക്ഷെ കയ്യിലിരിപ്പ് ആലോചിച്ചാൽ കാലേൽ പിടിച്ചു വലിച്ചിടാൻ തോന്നും… അടുത്ത് ചെന്ന് നെറ്റിയിൽ വീണ മുടി മാറ്റിയിട്ട് അവിടെ ഉമ്മിച്ചു…. ഇങ്ങേരിങ്ങനെ പ്രലോഭിപ്പിച്ച് എന്നെ ഒരു ഉമ്മറി ആക്കും…. കടുവയാണെന്റെ ശോഭ…. റൂട്ട് മാറി റൂട്ട് മാറി…. കടുവ ഉണർന്നാൽ എന്റെ ലൈഫ് ജിങ്കാലാല ആവും… ഞാൻ പാട്ടും പാടി ഹാളിലേക്ക് പോയി….. “ഓടുന്നുണ്ടോടുന്നുണ്ടേ മാണിക്കച്ചെമ്പഴുക്ക പൊട്ടനറിയാതെ മാണിക്കച്ചെമ്പഴുക്ക എന്റെ ഇടംകൈയിലെ മാണിക്കച്ചെമ്പഴുക്ക എന്റെ വലംകൈയിലെ മാണിക്കച്ചെമ്പഴുക്ക….”

പാടി പാടി ചെന്നപ്പോൾ തലയിൽ കമ്പിളിയും പുതച്ചൊരു രൂപം താടിക്ക് കൈയ്യും കൊടുത്ത് പുറത്തോട്ട് നോക്കി ഇരിക്കണുണ്ട്….. ഞാൻ പതിയെ ചെന്ന് തോളിൽ കൈ വച്ചു… “അയ്യോ മാടൻ……” “എന്റമ്മേ….” “ആളെ പേടിപ്പിച്ചു കൊല്ലോടീ….” “ജിത്തുവേട്ടൻ എന്തിനാ ഇവിടെ ഇരിക്കുന്നേ….” “മാവിൽ കേറുന്ന അണ്ണാന്റെ സെൻസസ് എടുക്കുവാ….” “ഹാ…ഹാ…. ഈ ചിരി പോരെ…. കാര്യം പറ… എന്തിനാ ഇങ്ങനെ ഡാഡി ഗിരിജയെ പോലെ ഇരിക്കുന്നേ….” “ഞാനൊരു കാര്യം പറഞ്ഞാൽ നീ പേടിക്കരുത്…..” “എന്താ….” “ഇവിടെ യക്ഷിയുടേം ചുടലമാടന്റേം ശല്യമുണ്ട്….” “പോ വല്യേട്ടാ…. വട്ട് പറയാതെ…”

“അതേടീ….. ഞാൻ ഇന്നലെ കണ്ടതാ… വെള്ള ളോഹയൊക്കെ ഇട്ട് മുടിയും അഴിച്ചിട്ട് കാല് തറയിൽ തൊടാതെ പറന്ന് നടക്കുവാ….. കൂടെ ചുടലമാടനും… മാടന്റെ കയ്യിൽ തിളങ്ങുന്ന വളയൊക്കെ ഉണ്ട്…..” പാവം…. എന്നേം കടുവയേം കണ്ട് പേടിച്ച്… പറഞ്ഞാൽ ഇങ്ങേരെന്നെ അച്ചാറിടും… ചക്കി പിക്കിൾസ്… “ളോഹയൊക്കെ ഇടാൻ അതെന്താ പള്ളീലച്ചനോ….” “സാരി കിട്ടിക്കാണൂല…. രണ്ടും കൂടി താലം കൈമാറാൻ പോയതാ…. ഞാൻ ഓടി രക്ഷപ്പെട്ടതാ… ഇല്ലാർന്നേൽ എനിക്ക് തലയ്ക് വട്ട് വരില്ലേ…..” “അത് പേടിക്കേണ്ട… ഇല്ലാത്തതല്ലേ വരുള്ളൂ…. ജന്മനാ ഉള്ളത് പിന്നീടും വരില്ലല്ലോ….” “നിനക്കെന്തായിരുന്നു ഇത്രേം നേരം ജോലി….”

“ഞാൻ ചായ അടിക്കുവായിരുന്നു…..” “നീ ചായ അടിച്ചാൽ മതി…. എന്നെ അടിക്കണ്ട…. കേറിപ്പോടീ പിത്തക്കാടീ….” ഹും…. ഇനി ചക്കി കുക്കി വിളിച്ചോണ്ട് വാ…. ദുഷ്ടൻ… ഞാൻ ചാടി മെതിച്ച് അടുക്കളയിൽ പോയി….. *********** രാവിലെ പതിവില്ലാതെ നേരത്തെ ഉണർന്നു…. പക്ഷേ എഴുന്നേൽക്കാൻ തോന്നീല…. പെണ്ണിന്റെ ഫോട്ടോ നോക്കിയിരുന്നു… ഡോർ തുറക്കുന്ന ശബ്ദം കേട്ടു കണ്ണടച്ച് കിടന്നു… വന്ന ആളിനെ തിരിച്ചറിയാൻ എനിക്ക് കണ്ണ് തുറക്കേണ്ടി വന്നില്ല… ആ ഗന്ധം… ആ സാമിപ്യം അതെനിക്ക് അനുഭവിച്ചറിയാം….. അവളുടെ ചുണ്ടുകൾ എന്റെ നെറ്റിയിൽ ചേർന്ന നിമിഷം എന്റെ ജീവൻ പോകും പോലെ തോന്നി…. മുറി വിട്ട് പോയിട്ടും നെറ്റിയിലെ തണുപ്പ് എന്നിൽ അവശേഷിച്ചു….

ആഹാരം കഴിക്കാൻ ഇരുന്ന സമയം ചക്കി എന്നെ ഇടങ്കണ്ണിട്ട് നോക്കി… പക്ഷേ ഞാൻ മൈൻഡ് ചെയ്തില്ല… അതിന്റെ പരിണിത ഫലമായി പ്ലേറ്റിലെ ഇഡലിയെ ആക്രമിക്കുന്നത് കണ്ടു…. ജിത്തു – അയ്യോ….. കണ്ണൻ – എന്താടാ…. ജിത്തു – ആരോ എന്റെ കാലിൽ ചവിട്ടി….. ചക്കിടെ നെറുകയിൽ ആഹാരം കയറി അവള് ചുമയ്കാൻ തുടങ്ങി… ഓഹ്… അപ്പോ തമ്പുരാട്ടി ഇങ്ങോട്ടടിച്ച ബോൾ വേറേ ഗോൾപോസ്റ്റിലാ പോയത്…. രാജി – തോന്നിയതാവും… ജിത്തു – ഞാൻ പറഞ്ഞില്ലേ…. യക്ഷി ഉണ്ട് ഇവിടെ… കാലില്ലെന്ന് ഞാൻ പറഞ്ഞതിന്റെ പ്രതികാരത്തിനാവും എന്റെ കാലിൽ ചവിട്ടിയത്…. സച്ചു – മറുതയായിരിക്കും…. രജനി – ഒന്ന് മിണ്ടാതിരിക്ക് മനുഷ്യാ…. ഇങ്ങനൊരു പേടിത്തൊണ്ടൻ…. എനിക്ക് കാന്താരിയുടെ ഇരുപ്പ് കണ്ടു ചിരി വന്നു….

എങ്കിലും കടിച്ച് പിടിച്ച് വേഗം കഴിച്ച് മുകളിലേക്ക് പോയി… ചക്കി താഴെ ആയതുകൊണ്ട് പെട്ടെന്ന് തന്നെ അവളുടെ റൂമിലെത്തി അവളൂരി വെച്ച ഒരു ഫാൻസി മോതിരം എടുത്തു… എന്നിട്ട് ഡ്രസ്സും മാറി ബുള്ളറ്റിന്റെ ചാവിയുമെടുത്ത് പുറത്തേക്ക് പോയി… ചെന്നത് ഒരു ജ്വല്ലറിയുടെ മുന്നിലായിരുന്നു…. അവിടെ ചെന്നശേഷം എന്റെ കയ്യിലെ ചക്കിയുടെ മോതിരം അവിടുത്തെ സ്റ്റാഫിനെ ഏൽപ്പിച്ചു… എന്നിട്ട് അതേ അളവിലുള്ള മോതിരങ്ങൾ കാണിക്കാൻ പറഞ്ഞു… അതിൽ എനിക്ക് ഒരു റിംഗ് വല്ലാതെ ഇഷ്ടപ്പെട്ടു… സിംപിൾ ആയിട്ടുള്ള ഒരു പ്ലാറ്റിനം റിംഗ്…. അതിൽ രണ്ട് ഹാർട്ടുകൾ കോർത്തത് പോലുള്ള ഡിസൈൻ…. അത് പാക് ചെയ്തു മേടിച്ചു….

നാളെ എന്റെ പെണ്ണിന്റെ കയ്യിൽ ഈ മോതിരം ചാർത്തിക്കൊണ്ട് എന്റെ ഇഷ്ടം ഞാൻ പറയും…. ചക്കീ…. നീയെന്നാൽ എനിക്ക് ഭ്രാന്താണ്… നീയെന്ന ലഹരിയിൽ ഞാൻ അത്രമേൽ ആസക്തനാണ്…. നീയെന്റെ പ്രണയമഴയെ സ്വീകരിക്കാൻ തയ്യാറായിക്കോളൂ….. അനുനിമിഷം നിന്നോടുള്ള പ്രണയത്തിൽ ഞാനെന്നെ മറക്കുന്നു…. ശരീരത്തിൽ ഹൃദയത്തിൽ മാത്രമല്ല , ഓരോ കണികയിലും നീ അലിഞ്ഞ് ചേർന്നിരിക്കുന്നു…. വികാരങ്ങളെ മണ്ണിനടിയിൽ വിസ്മൃതിയിലാഴ്ത്തി ജീവിതമത്രയും പച്ചപ്പേതുമില്ലാതെ നരച്ച സ്വപ്നങ്ങളെ മാറോടടക്കിയ വേരായിരുന്നു ഞാൻ…. വരണ്ടുണങ്ങി കാലം കഴിക്കണമെന്ന് ചിന്തിച്ച എന്നിലേക്കൊഴുകിയെത്തിയ പ്രണയനദിയാണ് നീ….

നിന്റെ നനവിലെ സ്നേഹത്തിന് പലഭാവമായിരുന്നു…. അതിനാലായിരുന്നില്ലേ വരണ്ടുണങ്ങിയ ഞാനെന്ന വേരുകൾ പോലും ഭ്രാന്തമായ് പൂത്തുലഞ്ഞത്…… ചക്കീ…. പ്രണയമാണ് നിന്നോട്… ഉയിരിലുറഞ്ഞ് കൂടിയ പ്രണയം… നിന്റെ കരം ഗ്രഹിച്ചു നടക്കണം… പ്രണയമാണോ എന്ന് ചോദിക്കുന്നവരോട് നിന്നെ ചേർത്ത് പിടിച്ച് പറയണം പ്രാണനാണെന്ന്….. അസുരന്റെ പ്രണയമാരിയിൽ നനയുക ജാനകീ നീ…. ഇനി നിന്നിലെന്നും നിലയ്ക്കാത്ത പ്രളയമായി ഞാൻ ആർത്തലച്ചു പെയ്യും…. എന്നിലെ പേമാരിയെ നീ നിന്റെ മടിത്തട്ടിൽ താങ്ങുക…. തിരികെ വീട്ടിലെത്തി ഗേറ്റ് കടന്നപ്പോൾ വീണ്ടും പഴയ കലിപ്പന്റെ ആവരണമെടുത്തിട്ട് അകത്തേക്ക് കയറി… പെൺപടകളെല്ലാം തിരക്ക് പിടിച്ച ജോലിയിലാണ്… അതുകൊണ്ട് തന്നെ ആരെയും കാണേണ്ടി വന്നില്ല… ഞാൻ മുറിയിലേക്ക് പോയി…. *********

രജനിച്ചേച്ചി അരകല്ലിൽ ചമ്മന്തി അരയ്കുകയായിരുന്നു… ഞാൻ ഇതും കണ്ട് ആസ്വദിച്ചു നിന്നു… പണ്ട് അച്ഛമ്മയും കല്ലിൽ ചമ്മന്തി അരയ്കുമായിരുന്നു…. അതിന്റെ രുചി അമ്മി മിക്സിയിലരച്ചതിന് ഉണ്ടായിരുന്നില്ല…. രജനി – ചക്കീ…. ദേ ഈ മുളക് വെള്ളം പുറത്ത് കളയ്…. ഞാൻ – ആം…. ഇവിടെ നിന്ന് ഒഴിച്ചാൽ പോരേ….. രജനി – ആ മതി…. ഞാൻ കൈയിട്ട് അതൊന്ന് കലക്കിയ ശേഷം എടുത്തു പുറത്തേക്ക് ഒഴിച്ചു…. “ആഹ്…….” ഞാൻ – ങേ….. ഈ വൃത്തികെട്ട ശബ്ദം ഞാൻ എവിടെയോ…. അയ്യോ വല്യേട്ടൻ… നനഞ്ഞ കോഴിയെ പോലെ കണ്ണും അടച്ചു പിടിച്ച് കഥകളി കാണിക്കുവാ…. ജിത്തു – അയ്യോ എന്റെ കണ്ണ്…. ഞാൻ – സോറി വല്യേട്ടാ ഞാൻ കണ്ടില്ല… മുളക് വെള്ളം പുറത്തേക്ക് കളയാൻ പറഞ്ഞപ്പോൾ കളഞ്ഞതാ…. ജിത്തു –

എന്റെ പുറത്തേക്കാണോടീ കളയാൻ പറഞ്ഞത്…. ഓടിച്ചെന്ന് വല്യേട്ടന്റെ കണ്ണിൽ ഒന്ന് പിടിച്ച് നോക്കി… മുളക് വെള്ളം കലക്കിയ കയ്യാണെന്ന് ഞാൻ ഓർത്തില്ല… ജിത്തു – അയ്യോ…. ഈ മറുത എന്റെ കണ്ണിൽ മുളക് തേച്ചേ….. ഞാൻ പിന്നൊന്നും നോക്കിയില്ല അടുത്തിരുന്ന ബക്കറ്റിലെ വെള്ളം എടുത്തു മുഖത്തേക്ക് ഒഴിച്ചു…. പക്ഷേ അങ്ങോട്ട് പത്രവും വായിച്ചു കൊണ്ട് വന്ന സച്ചുവേട്ടനെ ഞാൻ കണ്ടില്ല…. സച്ചു – കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത….. അയ്യോ… മഴ….. ങേ….. ടീ…. നിനക്ക് ഇങ്ങേരെ മാറ്റി നിർത്തി കുളിപ്പിച്ചൂടേ…. എന്റെ മാതൃഭൂമി വരെ നനഞ്ഞു പോയല്ലോ…. ഞാൻ – അത്… ഞാൻ… അറിയാതെ… പെട്ടെന്ന്…. സച്ചു –

സീ മിസ്സ് ചക്കീ…. ഇപ്പുറത്ത് നിന്ന് ഒരാള് വരുമ്പോൾ അപ്പുറത്ത് നിന്ന് ഒരാൾ വെള്ളമൊഴിക്കാമോ….. ഞാൻ – സോറി എന്റെ ഭാഗത്തും തെറ്റുണ്ട്…. ഞാൻ ഇപ്പുറത്തേക്ക് മാറി നിന്നു വല്യേട്ടനേം തിരിച്ചു നിർത്തി… പാവം പല്ലും കടിച്ച് നിക്കുവാ…. സച്ചുവേട്ടൻ നനഞ്ഞ പേപ്പർ എങ്ങനൊക്കെയോ നിവർത്തി വല്യേട്ടന്റെ പുറകിൽ പോയി തിരിഞ്ഞ് നിന്ന് വായിക്കാൻ നോക്കുവാ… ഇത്തവണയും വെപ്രാളത്തിൽ ആ മുതലിനെ ശ്രദ്ധിക്കാൻ ഞാൻ മറന്നു പോയി…. അടുത്തിരുന്ന കലത്തിലെ വെള്ളമെടുത്ത് ചീറ്റി മുഖത്തേക്ക് ഒറ്റ ഒഴിപ്പ്…. ഒഴിച്ചു കഴിഞ്ഞപ്പോഴാണ് വല്യേട്ടനേയും പുറകിൽ പത്രവും നെഞ്ചിലൊട്ടിപ്പിടിച്ച് നിൽക്കുന്ന സച്ചുവേട്ടനേം ഞാൻ കണ്ടത്…. നന്നായി ഞാനൊന്നു ഇളിച്ച് കാണിച്ചു..😁

സച്ചു – കുറച്ചു സോപ്പ് കൂടി തേച്ച് താടീ…. ഇങ്ങേരെ നീ മുളക് വെള്ളത്തിൽ മുക്കി നിർത്തിയത് പൊരിക്കാനാണോ… ജിത്തു – നിനക്ക് പൊരിക്കുന്നത് കാണിച്ചു തരാടാ…. രണ്ടും കൂടി അങ്ങോട്ടും ഇങ്ങോട്ടും കെട്ടിപ്പിടിക്കുന്നു…. കൂമ്പിനിട്ട് ഇടിക്കുന്നു… തറയിൽ കിടന്ന് ഉരുളുന്നു…. ഇതും കണ്ടാണ് ജിതച്ചേച്ചി വന്നത്… ചേച്ചിയൊരു തവി എടുത്തെറിഞ്ഞു…. ജിത – ടാ…. നിന്നെയൊക്കെ ഇന്ന് ഞാൻ ശരിയാക്കും…. പോത്തുപോലെ വളർന്നു…. ചേച്ചി അകത്തു നിന്നും തുടുപ്പ് എടുത്തു കൊണ്ട് വന്നതും രണ്ടും രണ്ട് വഴിക്കോടി…. എല്ലാവരും ചിരിച്ചു കൊണ്ട് തിരിഞ്ഞു നോക്കുമ്പോൾ കണ്ണേട്ടൻ വയറും പൊത്തിപ്പിടിച്ചു പൊട്ടിച്ചിരിക്കുന്നു… എല്ലാവരും ഒരു നിമിഷം ഞെട്ടി….

എന്നിട്ട് രാജിയും ജിതച്ചേച്ചിയും കണ്ണേട്ടന്റെ രണ്ട് സൈഡിലായി നിന്ന് കെട്ടിപ്പിടിച്ചു…. ജിത – നിന്റെ ഈ ചിരി ഇത് മതിയെടാ കണ്ണാ…. മനസ്സ് നിറഞ്ഞു…. ഞാൻ ആരും കാണാതെ കണ്ണുകൾ തുടച്ചു…. എന്നിട്ട് കണ്ണേട്ടനെ നോക്കി… ആ കണ്ണുകളിലും നനവ് പടർന്നിട്ടുണ്ട്… എന്നെ നോക്കിയ നോട്ടത്തിലെ ഭാവം അതെനിക്ക് മനസ്സിലായില്ല… പക്ഷേ ആ കണ്ണുനീരിൽ മനസ്സിന്റെ നിറവ് ഞാൻ കണ്ടു…. ഇരുകണ്ണുകളും ചിമ്മിക്കാണിച്ച് ഞാൻ അവിടെ നിന്നും പോയി…. ********* ചക്കി…. അവളെന്നെ ഓരോ നിമിഷവും അത്ഭുതപ്പെടുത്തുകയാണ്…. കളിചിരികളൊക്കെ എന്നോ എന്നിൽ നിന്നും പടിയിറങ്ങിപ്പോയതാണ്….

പിന്നെ എല്ലാത്തിനോടും ദേഷ്യമായിരുന്നു… സ്നേഹവും സങ്കടവും പുറത്തേക്ക് വരാതിരിക്കാൻ ഞാൻ ദേഷ്യത്തെ കൂട്ട് പിടിച്ചു…. എന്റെ ദേഷ്യം കാരണം എന്നോട് മിണ്ടാൻ പോലും എല്ലാവർക്കും പേടിയായി…. എന്റെ മീനൂട്ടി ഒഴികെ… ഈ സ്വഭാവം കാരണം ഉള്ളിൽ ഒത്തിരി വേദനിച്ചിട്ടുണ്ട്…. എന്നോടുള്ള പേടിയിൽ ഓരോരുത്തരും ഒഴിഞ്ഞ്മാറി പോകുമ്പോൾ മനസ് നൊന്തിട്ടുണ്ട്…. പക്ഷേ എന്തൊക്കെ വഴക്ക് പറഞ്ഞിട്ടും തല്ലിയിട്ടും എന്നെ വിട്ടുപോകാതെ എന്നെ പ്രണയിക്കുവാൻ മാത്രം എന്ത് മേന്മയാണ് പെണ്ണേ നീ എന്നിൽ കണ്ടത്… എന്റെ സഹോദരങ്ങളെല്ലാം ഒത്തിരി സ്നേഹമുള്ളവരായിരുന്നു….

വഴക്കിടുമെങ്കിലും ആരും കാണാതെ അവരുടെ കുസൃതികൾ കണ്ടാസ്വദിച്ചിട്ടുണ്ട്…. പക്ഷേ എന്റെ വികാരങ്ങളെ ഞാൻ ചങ്ങലക്കിട്ടു… പക്ഷേ ഇന്ന് നിന്റെ സാമിപ്യം… അതെന്റെ എല്ലാ ചങ്ങലകളെയും പൊട്ടിച്ച് പുറത്തേക്ക് വരുന്നു… എന്റെ പെങ്ങന്മാരെ ചിരിയോടെ ഇങ്ങനെ ചേർത്ത് പിടിക്കാൻ കഴിയുമോ എന്നോർത്ത് എപ്പോഴൊക്കെയോ തേങ്ങിയിട്ടുണ്ട്….. എന്ത് തരാനാണ് നിനക്ക്… എന്റെ പ്രാണനല്ലാതെ വേറൊന്നും കയ്യിലില്ലെടോ… ജീവനുള്ള കാലം വരെ നിനക്ക് സ്ഥാനം എന്റെ നെഞ്ചിലാ പെണ്ണേ….. ********** രാവിലെ പതിവിലും സന്തോഷത്തിലായിരുന്നു ഞാൻ… കാരണം ഇന്നാണ് തിങ്കളാഴ്ച… ഇന്ന് വൈകുന്നേരമാണ് കണ്ണേട്ടൻ എനിക്ക് ഉത്തരം തരാമെന്ന് പറഞ്ഞത്…

എന്റെ കാത്തിരിപ്പ് ഇന്ന് ഫലം കാണാൻ പോകുവാ…. അതുകൊണ്ട് തന്നെ സാരിയാണ് ഉടുത്തത്…. സാരി ഉടുത്ത ശേഷം നനഞ്ഞ മുടി ഒരു ഭാഗത്തേക്ക് ഇട്ട് കൈ കൊണ്ട് ചീകുകയായിരുന്നു…. കണ്ണാടിയിൽ ഞാൻ എനിക്ക് പുറകിൽ കണ്ണേട്ടന്റെ പ്രതിബിംബം കണ്ടു…. ആ നോട്ടം എന്റെ ഉള്ളിലെവിടെയോ ആഴത്തിൽ പതിഞ്ഞു… എന്റെ പിന്നിലേക്ക് ചേർന്ന് നിന്നു… ഞാനാ നെഞ്ചിൽ തട്ടി നിന്നു…. ഹൃദയമിടിപ്പ് ഉയർന്നു… മുന്നിലേക്ക് എടുത്തിട്ട മുടിയിഴകൾ കൈകൊണ്ട് പിന്നിലേക്ക് വകഞ്ഞിട്ടു…. ആ നിശ്വാസം എന്നെ പൊള്ളിച്ചു…. ആ ചുണ്ടുകൾ എന്റെ ചെവികളിൽ മുട്ടി മുട്ടീല എന്ന മട്ടിൽ വന്നു…. പതിയെ എന്നോട് മന്ത്രിച്ചു…. “നിന്നെ ഞാൻ പ്രണയിക്കുന്നെടീ കാന്താരി…..”

എന്റമ്മേ…. നെഞ്ചിൽ ശ്വാസം വിലങ്ങിപ്പോയി…. വയറ്റിനുള്ളിലൊരു ആളൽ…. ചുണ്ടുകൾ ചേരാഞ്ഞിട്ട് പോലും എന്റെ രോമകൂപങ്ങൾ ഉയർന്നു… കണ്ണുകൾ അടഞ്ഞു പോയി…. “ടീ……..” ങേ….. അലർച്ച കേട്ടാണ് ഞാൻ ഞെട്ടിയത്… ഇങ്ങേരെന്താ വാതിലിന്റെ അടുത്ത്…. “കണ്ണുമടച്ച് കണ്ണാടിക്കു മുന്നിൽ സ്വപ്നം കാണുവാണോ ജലകന്യക…..” ഛേ…. സ്വപ്നമായിരുന്നോ…. ഒരു നിമിഷം കൊണ്ട് ഞാൻ ഉണ്ടാക്കിയ താജ് മഹൽ ദേ താഴെക്കിടന്ന് കൊഞ്ഞനം കുത്തുന്നു… അല്ലേലും ഇങ്ങേരുടെ റൊമാൻസ് കണ്ടപ്പോളേ ഓർക്കണമായിരുന്നു അത് സ്വപ്നമായിരിക്കുമെന്ന്….. “ടീ…..സ്വപനജീവീ….”

“ങേ…. വിളിച്ചോ…. ” “ഇല്ല… നീ ഏത് ലോകത്താ…. പോകാറായില്ലേ….” “ആം….” “ഉം…. ഇന്ന് കുറച്ചു നേരത്തെ ഇറങ്ങ്….” “മ്…..” “പിന്നെ സാരി ഉടുക്കുന്നതൊക്കെ കൊള്ളാം… മര്യാദയ്ക്ക് ഉടുത്തോണം…” “മ്…..” “ഞാൻ കാണേണ്ടത് ഞാൻ മാത്രം കണ്ടാൽ മതി….” “എന്താന്ന്….” “ആരെയും ഒന്നും കാണിക്കാതെ ഉടുക്കണമെന്ന്….” ഞാൻ ഒന്ന് പുഞ്ചിരിച്ച ശേഷം റെഡിയായി പോകാനിറങ്ങി…. അമ്പലത്തിൽ കയറിയ ശേഷമാണ് ഓഫീസിലേക്ക് പോയത്…. മനസ്സിൽ വല്ലാത്ത സന്തോഷമായിരുന്നു… പക്ഷേ ആ ദിവസം എന്റെ ജീവിതത്തെ മാറ്റിമറിക്കും എന്ന് ഞാൻ അറിഞ്ഞിരുന്നില്ല…..  (തുടരും)-

എന്നും രാവണനായ് മാത്രം : ഭാഗം 40