Sunday, December 22, 2024
Novel

എന്നും രാവണനായ് മാത്രം : ഭാഗം 17

എഴുത്തുകാരി: ജീന ജാനകി

“ദേ കണ്ണേട്ടാ ഇങ്ങോട്ട് എണീക്കുന്നുണ്ടോ….” “ചക്കി കുറച്ചു നേരം കൂടി… പ്ലീസ്…” “ചായ ഇവിടെ വച്ചിട്ടുണ്ട്… തണുത്ത ശേഷം ചൂടാക്കാൻ കൊണ്ട് വാ… അപ്പോ കാണിച്ചു തരാം… നിങ്ങളെപ്പോഴോ എണീക്ക്…..” കണ്ണേട്ടൻ ഒളികണ്ണിട്ടു ചക്കിയെ നോക്കി… ഒരു സെറ്റ് സാരിയായിരുന്നു അവളുടെവേഷം… നനഞ്ഞ മുടിയിൽ തോർത്ത് ചുറ്റിയിട്ടുണ്ട്…. നെറുകയിൽ സിന്ദൂരം… കണ്ണിൽ കൺമഷിയും നെറ്റിയിൽ ഒരു കുഞ്ഞു പൊട്ടും… കഴുത്തിൽ കുഞ്ഞ് താലിമാല… കുറച്ചു മുടിയിഴകൾ കഴുത്തിൽ നനഞ്ഞൊട്ടി പറ്റിച്ചേർന്നു കിടക്കുന്നു… അവൻ ചക്കിയെ നോക്കി ഒരു കള്ളച്ചിരി പാസാക്കി…. “കിണിക്കല്ലേ…. ഞാൻ പോണു….”

“അങ്ങനെ പോയാലോ എന്റെ ഭാര്യേ…. ” കണ്ണൻ അവളുടെ കൈയിൽ പിടിച്ചു വലിച്ച് നെഞ്ചിലേക്ക് ഇട്ടു…. “ദേ കണ്ണേട്ടാ… വിട്… എനിക്ക് ജോലിയുണ്ട് അടുക്കളയിൽ…. കിന്നരിക്കല്ലേ….” “അടങ്ങിക്കിടക്ക് പെണ്ണേ…..” “വിട് മനുഷ്യാ.. ആരേലും കേറി വരും….” “അതിന് ഞാനെന്റെ പൊണ്ടാട്ടിയെ അല്ലേടീ പിടിച്ചത്…..” “മാറ് കണ്ണേട്ടാ…..” “ഇല്ലല്ലോ……” കണ്ണന്റെ അധരങ്ങൾ അവളുടെ നെറ്റിയിൽ അമർന്നു….. പതിയെ അവ അവളുടെ ചുണ്ടുകൾക്ക് മേലുള്ള കുഞ്ഞ് മറുകിൽ ചുംബിച്ചു…. അവളുടെ മിഴികൾ കൂമ്പിയടഞ്ഞു….. “ചക്കീ….” “എന്താ കണ്ണേട്ടാ….” “ങേ…. കണ്ണേട്ടനോ… ടീ എണീക്കെടീ” “നിങ്ങളെന്താ പെണ്ണിന്റെ സൗണ്ടിൽ സംസാരിക്കുന്നത് മനുഷ്യാ….” “ടീ…. ഇത് ഞാനാ രാജി…. എണീക്കെടീ ….”

ഞാൻ പെട്ടെന്ന് ചാടി എണീറ്റു… അയ്യോ ഇത്ര നേരം സ്വപ്നം കണ്ടതായിരുന്നോ… “ടീ നീയിത് ഏത് ലോകത്താ….” “ങേ…. എന്താ നീ പറഞ്ഞത്…” “നിനക്കെന്താടീ ബോധം ഒന്നൂല്ലേ… നീയെന്തിനാ ചേട്ടായിയെ വിളിച്ചത്…” “ഞാനോ… അതും കടുവയെ… ഞാൻ ഭഗവാനെയാകും വിളിച്ചത്….” “നീ ഭഗവാനെയൊക്കെ കണ്ണേട്ടന്നാണോ വിളിക്കുന്നേ ?” “ആ ചില നേരത്ത് അങ്ങനൊക്കെ വിളിക്കും…” “എന്താണ് കുറച്ചു ദിവസായിട്ട് ഒരു ചുറ്റിക്കളി..” “എന്ത് ചുറ്റിക്കളി….” “നീയും ചേട്ടായിയും തമ്മിൽ…..” “ഉവ്വ… ഇതും പറഞ്ഞു അങ്ങോട്ട് ചെല്ല്…. അങ്ങേര് കണ്ടം വഴി ഓടിക്കും….” “എന്റെ ചേട്ടായിക്കെന്താടീ കുറവ്….” “എടീ പൊട്ടിക്കാളി…. നിന്റെ കേട്ടായിക്ക് എന്നെ കാണുമ്പോൾ ജന്നി പിടിച്ചവരുടെ അവസ്ഥയാണ്…

തുള്ളലും വിറയിലും… എന്നെ വിട്ടേക്ക്….” അതും പറഞ്ഞു ഞാൻ സ്കൂട്ടായി…. ബാത്ത്റൂമിലൊക്കെ പോയി ഫ്രഷ് ആയി ഹാളിലേക്ക് ചെന്നപ്പോൾ സച്ചുവേട്ടൻ പത്രം വായിക്കുന്നത് കണ്ടു… ഇടയ്ക്ക് എന്നെ നോക്കി ആക്കിച്ചിരിക്കുന്നു… ഞാൻ പതിയെ അടുത്ത് പോയി സ്വകാര്യം പോലെ പറഞ്ഞു…. “ഒരുപാട് ആക്കിയാൽ ചായയിൽ ഞാൻ വിമ്മിട്ട് തരും…” “പൊന്നു പെങ്ങളേ… ചതിക്കല്ലേ…. ഞാൻ നന്നായിക്കോളാം….” “ഗുഡ് ബോയ്….” ഞാൻ അടുക്കളയിലേക്ക് ചെന്നപ്പോൾ ജലജമ്മ അവിടെ ഉണ്ടായിരുന്നു… “മോളെണീറ്റോ…. ചായ തരാം…” “ഇപ്പോ വേണ്ട ജലജമ്മ… എനിക്ക് ഭക്ഷണം കഴിക്കുമ്പോൾ മതി…..” “എങ്കിൽ ഈ ചായ കണ്ണന് കൊടുത്തിട്ട് വാ…” ഓഹ്…. പെട്ട്….. “അത് ജലജമ്മേ ഞാൻ… എങ്ങനെ….”

“അതിനെന്താ… മോള് ചെല്ല്….” ഞാൻ കടുവ കിടക്കുന്ന റൂമിലേക്ക് പോയി.. “ദൈവമേ… ഡ്രസ്സ് എല്ലാം കാണണേ…. ” ഹാൻഡിലിൽ പതിയെ തിരിച്ചു.. ഭാഗ്യം കുറ്റി ഇട്ടിട്ടില്ല… കാവിമുണ്ടും കറുത്ത സ്ലീവ് ലെസ് ബനിയനും…. കമിഴ്ന്നു തല സൈഡ് ചരിച്ചു വച്ചാണ് ഉറക്കം… ചായ ഗ്ലാസ് മേശപ്പുറത്ത് വെച്ചു… ഞാൻ കടുവയെ നോക്കി… എനിക്ക് വല്ലാത്ത വാത്സല്യം തോന്നി… ഇന്നലെ അത്രേം ഗുണ്ടകളെ എടുത്തു അറഞ്ചം പുറഞ്ചം ചാമ്പിയ മുതലാണെന്ന് കണ്ടാൽ പറയോ… എന്തൊരു ഡിസിപ്ലിൻ… കുറച്ചു മുടിയിഴകൾ നെറ്റിയിലേക്ക് വീണ് കിടപ്പുണ്ട്… മുഖത്തെ ഓമനത്തം കണ്ടാൽ ഒരുമ്മ കൊടുക്കാൻ തോന്നും… ഞാൻ പതിയെ കണ്ണേട്ടന്റെ അരികിലേക്ക് പോയി… നെറ്റിയിലേക്ക് വീണ മുടിയിഴകൾ ഞാനെന്റെ വിരലുകൾ കൊണ്ട് മാടിയൊതുക്കി…. നെഞ്ചിലെ താളം മുറുകി വന്നു…

എന്റെ സ്വന്തമാണെന്നുള്ളൊരു വികാരം ഉള്ളിൽ കിടന്നുപുകയാൻ തുടങ്ങി…. ചക്കി കണ്ട്രോൾ…. ഞാനൊന്നു തല കുടഞ്ഞു… പതിയെ കണ്ണേട്ടന്റെ തോളിൽ തട്ടി വിളിച്ചു… പക്ഷേ പുള്ളി എന്റെ കൈകളിൽ പിടിച്ചു വലിച്ചു… ബാലൻസ് തെറ്റി ഞാൻ കണ്ണേട്ടന്റെ മുകളിൽ വീണു…. അപ്രതീക്ഷിതമായത് കൊണ്ട് കടുവ കണ്ണ് തുറന്നു…. പെട്ട്…. പെട്ട്…. എന്നെ ഇപ്പോൾ കൊല്ലും…. ഞാൻ കണ്ണടച്ചിരുന്നു… കുറച്ചു നേരം കഴിഞ്ഞിട്ടും അനക്കം ഒന്നുമില്ല… പതിയെ കണ്ണ് തുറന്നു നോക്കി…. എന്നെ തന്നെ നോക്കുവായിരുന്നു…. ആ നോട്ടം എന്റെ ഉള്ളിലേക്കാഴ്ന്നിറങ്ങി… ഞാൻ ആ നെഞ്ചിലാണ് കിടക്കുന്നത്… എന്റെ കൈകൾ ആ ചുമലുകളിൽ അമർന്നിരുന്നു… കണ്ണേട്ടൻ എന്റെ ഇടുപ്പിൽ ചുറ്റിപ്പിടിച്ചിരുന്നു…. എനിക്ക് ശ്വാസം വിലങ്ങും പോലെ തോന്നി…

ഇനിയും ഇങ്ങനെ കിടന്നാൽ ശരിയാവില്ല… “അതേ….. എന്നെ എന്താ നിങ്ങൾ ശ്വാസം മുട്ടിച്ചു കൊല്ലുമോ മനുഷ്യാ….” “നീയല്ലേടീ എന്റെ നെഞ്ചത്തോട്ട് വന്ന് കയറിയത് ?” “ആഹാ…. അത് കൊള്ളാം… തട്ടി വിളിച്ച എന്നെ കേറി കെട്ടിപ്പിടിച്ചിട്ട് …..” “ഫ!…. നിന്നെ പിടിക്കുന്നതിലും നല്ലത് ഞാൻ വല്ല പൊട്ടക്കിണറ്റിലും ചാടുന്നതാണ്…” “വോ….. എന്നാൽ ഒരു ശല്യം ഒഴിഞ്ഞു….” “നിന്റെ അച്ഛനാടീ ശല്യം ഊളേ……” “താനാടോ ശല്യം മരപ്പട്ടി…” “നിന്റെ അഹങ്കാരത്തിന് കുറവൊന്നൂല്ല അല്ലേടീ…..” അതും പറഞ്ഞു കടുവ ഒന്ന് മറിഞ്ഞു… ഇപ്പോ അങ്ങേരെന്റെ മുകളിലായിട്ടാണ് കൈ കുത്തി നിൽക്കുന്നത്… കടുവയുടെ ഉഴപ്പിച്ച നോട്ടം കണ്ട് ഞാൻ മുഖം ചരിച്ചു…. പെട്ടെന്ന് തന്നെ പുള്ളി എണീറ്റ് മാറിയിട്ട് ചായയും എടുത്ത് പുറത്തേക്ക് ഇറങ്ങിപ്പോയി…..

രാത്രി എപ്പോഴോ ഉറങ്ങിയതെന്ന് അറിയില്ല… രാവിലെ നെഞ്ചിലേക്ക് എന്തോ വന്നുവീണെന്ന് തോന്നിയപ്പോഴാണ് കണ്ണ് തുറന്നത്…. തുറന്നു നോക്കിയപ്പോൾ ചക്കി…. സ്വപ്നമാണെന്നാണ് ആദ്യം കരുതിയത്… പേടിച്ച് ഇറുകെ പൂട്ടിയ അവളുടെ മിഴികൾ… എന്നിലേക്ക് പാറി വരുന്ന അവളുടെ മുടിയിഴകൾ… നെഞ്ചിൽ തട്ടുന്ന അവളുടെ ചുടുനിശ്വാസം…. ചുണ്ടിന് മുകളിലെ കുഞ്ഞ് മറുക്….. അതിൽ എന്റെ ശ്രദ്ധ പതിഞ്ഞപ്പോളാണ് പെണ്ണ് കിടന്നു ചിലയ്കുന്നത്… അത് ഒരു വിധത്തിൽ നന്നായി… അത് കേട്ടാണ് ഞാൻ ചിന്തയിൽ നിന്നുണർന്നത്…. അവളോട് ദേഷ്യം വന്നു വഴക്കിട്ടു ഒന്ന് മറിഞ്ഞു…

ഇരുവശത്തും കൈകുത്തി അവൾക്ക് മുകളിൽ നിന്നപ്പോൾ പെണ്ണിനെ ഒന്ന് വിരട്ടണം എന്നേ ഉണ്ടായിരുന്നുള്ളൂ… പക്ഷേ അവൾ പേടിച്ചു തല ചരിച്ചപ്പോൾ അവളുടെ ബ്യൂട്ടി സ്പോട്ടിൽ എന്റെ കണ്ണുകൾ ഉടക്കി…. നിങ്ങളാരും വേറൊന്നും വിചാരിക്കണ്ട കേട്ടോ.. ഞാൻ ഉദ്ദേശിച്ചത് അവളുടെ കഴുത്തിന്റെ വലത് ഭാഗത്തായിട്ടൊരു കറുത്ത മറുക്… വന്ന് വന്ന് പെണ്ണിന്റെ മറുക് എന്നെ ബലഹീനനാക്കുന്നത് പോലെ… പെട്ടെന്ന് തന്നെ ഞാൻ എണീറ്റ് ചായയും കൊണ്ട് പുറത്തേക്ക് പോയി… ************** അന്ന് പത്ത് മണിയോടെ തന്നെ എല്ലാവരും വീടുകളിലേക്ക് മടങ്ങി… കണ്ണേട്ടനും സച്ചുവേട്ടനും അവരുടെ വീടായ പൂവള്ളിയിലേക്കും ഞങ്ങൾ രാജിയുടെ വീടായ സ്നേഹതീരത്തേക്കും പോയി….

ആകെ ഒരു ചമ്മലുള്ളത് കൊണ്ട് ഞാൻ കണ്ണേട്ടന്റെ മുന്നിൽ പെടാതെ നടന്നു… വീട്ടിലെത്തിയപ്പോളേക്കും പന്ത്രണ്ട് മണിയായി…. ലാപ്പിൽ കല്ലൂന്റെ മെയിൽ ഉണ്ടായിരുന്നു… അതെടുത്ത് നോക്കുമ്പോൾ ഒരു ലോഡ് വർക്കുണ്ട്…. ആ സ്നേഹപ്പിശാച് മനപ്പൂർവ്വം പണി തന്നതാ…. സച്ചുവേട്ടൻ ഇടയ്ക്ക് എന്റെ സാധനങ്ങളെല്ലാം പൂവള്ളിയിൽ നിന്നും കൊണ്ട് വന്നിരുന്നു… സച്ചുവേട്ടന്റെ കൂടെ രാജിയും അങ്ങോട്ട് പോയി… വർക്ക് ഉള്ളത് കൊണ്ട് ഞാൻ ചെല്ലുന്നില്ലെന്ന് പറഞ്ഞു… അതുമാത്രമല്ല കടുവയെ ഫേസ് ചെയ്യാനൊരു മടി…. ഞാൻ തകർത്തു കിടന്നു വർക്ക് ചെയ്യാൻ തുടങ്ങി… കൂടെ ഏഷ്യൻ പെയിന്റിന്റെ പിതാമഹൻമാരെയും സ്മരിച്ചു…. എടീ മാനത്ത് കണ്ണി… നിനക്ക് ഇതിനുള്ള പണി ഞാൻ തന്നിരിക്കും… അവളുടെ ഉലക്കമേലൊരു വർക്ക്…. കോപ്പ്…. അന്ന് ഫുൾ അവിടെ തന്നെ കുത്തിയിരുന്ന് എപ്പൊഴോ ഉറങ്ങിപ്പോയി…. ***************

ഓഫീസിലെത്തിയ കല്ലുവിനെക്കണ്ടപ്പോൾ പാവം തോന്നി…. ഉറങ്ങിയിട്ടില്ലെന്ന് കണ്ടാൽ അറിയാം… എന്റേയും അവസ്ഥ ഏകദേശം അതുപോലെ ആയിരുന്നു…. സ്നേഹ ഞങ്ങളെ നോക്കി പുച്ഛിച്ചിട്ട് അവളുടെ ക്യാബിനിലേക്ക് പോയി… ഞാൻ കല്ലുവിന്റെ അടുത്ത് പോയി… “സാരല്യടീ അവക്കുള്ളത് നമുക്ക് കൊടുക്കാം..” “അത് ഞാൻ കൊടുക്കുന്നുണ്ട് ചക്കി… അവിനാഷ് സാറിന് കുറച്ചു അരിമണിയും ഗോതമ്പും ഇട്ടു കൊടുക്കേണ്ടി വരും…” “അത് ഏൽക്കോ…. എനിക്ക് പ്രതീക്ഷയില്ല…” “മോളേ ചക്കീ… പ്രതീക്ഷ കൈ വിടരുത്… നടിമാര് പരസ്യത്തിൽ കുറേ വെപ്പ് മുടിയും കാണിച്ച് ഇതാണെന്റെ മുടിയുടെ രഹസ്യം എന്നൊക്കെ പറയുമ്പോൾ ഗ്രഹണി പിടിച്ച പിള്ളേര് ചക്കക്കൂട്ടാൻ കിട്ടിയ പോലെ ആളുകൾ ചാടി വീഴുന്നത് കണ്ടിട്ടില്ലേ..

എന്തുകൊണ്ടാ…. പ്രതീക്ഷ… വെറും പ്രതീക്ഷ.. അതിൽ പിടിച്ചു ഞാൻ കേറും….” “ടീ കല്ലൂ… എനിക്ക് ചിലപ്പോൾ തോന്നും നീ വെറും മന്ദബുദ്ധിയാണെന്ന്… ചിലപ്പോൾ തോന്നും നല്ല ബുദ്ധിയുണ്ടെന്ന്… ശരിക്കും ആരാ നീ…..” “ആ….. ആർക്കറിയാം… നീ വാ…. എനിക്ക് വിശക്കണു…. എന്തേലും കഴിക്കുമ്പോൾ കുരുട്ടു ബുദ്ധിയൊക്കെ ഉണരും…. നല്ല അഭിനയം കാഴ്ച വയ്കാനുള്ളതാ… ഇന്നത്തോടെ ആ മാക്കാച്ചിമോറീടെ തിളപ്പ് ഞാൻ തീർക്കും….” കല്ലു ഓരോന്നും മനസ്സിൽ പ്ലാൻ ചെയ്തു മുന്നോട്ടു നടന്നു… അവളുടെ തലപുകഞ്ഞുള്ള നടപ്പ് കണ്ടപ്പോൾ എനിക്ക് ചിരി പൊട്ടി… പിന്നെ ഈ സമയത്ത് ചിരിച്ചാൽ അവളെന്നെ പരേതയാക്കും എന്ന ഒറ്റ കാര്യം കൊണ്ട് ഞാൻ വായ്ക് സിബ്ബിട്ടു…..

(തുടരും)

എന്നും രാവണനായ് മാത്രം : ഭാഗം 16