എന്നും രാവണനായ് മാത്രം : ഭാഗം 12
എഴുത്തുകാരി: ജീന ജാനകി
രാവിലെ കണ്ണും തിരുമ്മി നോക്കിയപ്പോൾ അടുത്ത് ആരുമില്ല… മീനൂട്ടി വെളുപ്പിന് എണീറ്റ് പോയിട്ടുണ്ടാകും…. ചെമ്പകത്തെ കയ്യിലെടുത്ത് നോക്കുമ്പോൾ സമയം ആറുമണി കഴിഞ്ഞു….. അയ്യോ ഓഫീസിൽ പോകണമല്ലോ….. ടൗവ്വലും എടുത്ത് കുളിക്കാൻ കയറി…. കുളിച്ചിറങ്ങിയപ്പോൾ അമ്മ ചൂട് ചായമായി വന്നു…. “അമ്മേട മോൾ കുളിച്ചോ ?” “ആം…. ഓഫീസിൽ പോകണം…. അമ്മ എപ്പോ എണീറ്റു…..” “കുറച്ചു നേരമായി… മോള് നല്ല ഉറക്കായിരുന്നു…..” ഞാൻ ഒന്ന് ചിരിച്ചു…. “ചക്കി…. ഇങ്ങനെയാണോ തല തോർത്തുന്നത്…. ആ ടൗവ്വലിങ്ങ് താ….
എന്നിട്ട് ഈ കട്ടിലിൽ ഇരിക്ക്….” ഞാൻ അമ്മയുടെ കയ്യിൽ ടൗവ്വലും കൊടുത്ത് കട്ടിലിൽ ഇരുന്നു… മീനൂട്ടി എന്റെ തല തോർത്തി തീരും വരെ ഞാൻ അമ്മയേം ചുറ്റിപ്പിടിച്ച് ഇരുന്നു…. പോരാളിയുടെ ഓർമ്മയിൽ എന്റെ കണ്ണുകൾ നിറഞ്ഞെങ്കിലും അമ്മ കാണാതെ ഞാൻ അത് മറച്ചു…. അമ്മ കുറച്ചു രാസ്നാദിപ്പൊടി എന്റെ നെറുകയിൽ ഇട്ട് തിരുമ്മിത്തന്നു….. സത്യത്തിൽ കടുവയോട് കുഞ്ഞ് അസൂയ തോന്നി…. ഇത്രയും പാവമായ ഒരു അമ്മയെ കിട്ടിയതിന്… ഞാൻ വേഗം റെഡിയായി പുറത്തേക്ക് ഇറങ്ങി… “മോളേ വന്ന് കഴിക്ക്…..” “സമയം ഇല്ലമ്മ…. ഇപ്പോ പോയാലേ ബസ് കിട്ടുള്ളൂ…..”
“അത് പറ്റില്ല…. കഴിച്ചാലേ പറ്റു… സച്ചു മോളെ ബൈക്കിൽ കൊണ്ടാക്കും…..” സച്ചുവേട്ടൻ റെഡിയായി പുറത്തേക്ക് വരികയായിരുന്നു…. “ടീ…. വന്നു കഴിക്ക്….. എനിക്ക് ഒരാവശ്യത്തിന് അത് വഴി പോകണം… ഞാൻ കൊണ്ടാക്കാം…” “ഉം…. അമ്മേ…. അച്ഛൻ എവിടെ ?” “അച്ഛൻ പറമ്പിൽ നിക്കുവാ…..” “ഉം……” കടുവ എണീറ്റില്ല ഇതുവരെ… ഞാനും ഏട്ടനും ആഹാരം കഴിച്ച് എഴുന്നേറ്റ് പോകാൻ ഇറങ്ങി… “അമ്മേ… പോയി വരാം… അച്ഛനോട് പറഞ്ഞേക്ക്……” മീനൂട്ടി കൈവീശി കാണിച്ചു… കാര്യം പറഞ്ഞു പറഞ്ഞു ഞങ്ങൾ പോയി….. ************** “ചക്കി…… നീ ആ ഫയൽ കംപ്ലീറ്റ് ചെക് ചെയ്തോ ?”
“ഇന്നലെ പകുതിയാക്കിയിരുന്നു… ഇന്ന് വന്ന് ബാക്കിയും ചെയ്തു…” “നിനക്കെന്തേലും വയ്യായ്ക ഉണ്ടോ ?” “രണ്ട് ദിവസമായി വർക് കൂടുതൽ അല്ലേടാ…. അതിന്റെയാ…. തലവേദനയുണ്ട്…..” “ടീ ചക്കീ… ദേ ഏഷ്യൻ പെയ്ന്റ് വരണുണ്ട് ഇങ്ങോട്ട്…..” സ്നേഹ കുണുങ്ങി കുണുങ്ങി വന്നു… “ഇവിടെന്താ ഒരു ഡിസ്കഷൻ…. വാട്ട് ഹാപ്പെൻഡ് ജാനകി… ?” “നത്തിംഗ് മാം…. ഹെഡേക് ഉണ്ട്….” “അല്ലേലും ചില കൃമികൾ കാരണം എല്ലാവർക്കും തലവേദനയാ…..” അതും പറഞ്ഞു കല്ലൂനെ നോക്കി ഒന്ന് പുച്ഛിച്ചിട്ട് അവൾ നടന്നു പോയി…. “ഇവളെ ഇന്ന് ഞാൻ……” “ടീ കല്ലൂ…. അടങ്ങ്….” “എങ്ങനെ അടങ്ങും …. ഈ ശീമപ്പന്നി രണ്ടൂന്ന് ദിവസായി എന്റെ നെഞ്ചത്തോട്ട് കേറി പൊങ്കാല ഇടാൻ വരുന്നു….”
“അവൾക്ക് എന്തിനാ നിന്നോട് ഇത്ര ചൊറിച്ചിൽ….” “എനിക്കറിയില്ലെടി….. ഇനി അവിനാഷ് സാറിന്റെ എന്തേലും കാര്യമാണോ എന്തോ ?” “അങ്ങേരുടെ എന്ത് കാര്യം….” “അങ്ങേരക്ക് ഈയിടെ ആയിട്ട് എന്നോടൊരു സോഫ്റ്റ് കോർണർ….. ഇവളെ അയാൾ മൈന്റ് ചെയ്യണില്ല….. കല്ലൂന്നാ അയാളും എന്നെ വിളിക്കുന്നേ…..” “അതുവരെയൊക്കെ ആയോ ?” “എനിക്കറിയില്ലെടീ…. കല്ലു അത് ചെയ്യ്…. കല്ലു ഇത് ചെയ്യ്…. കല്ലൂ തലേംകുത്തി നിക്ക്… ആകെയൊരു കല്ലുമയം…..” “ചുരുക്കത്തിൽ പറഞ്ഞാൽ അങ്ങേരക്ക് കല്ലുമാനിയ പിടിച്ചു…..” “അതെന്ത് മാനിയ…..” “പുതിയതാ…. ഇന്ന് രാവിലെ റിലീസ് ആയതേയുള്ളൂ….
ചുമ്മാതല്ല അവൾക്ക് നിന്നോടിത്ര പുച്ഛം…..” “പറയുന്നത് കേട്ടാൽ അവൾക്ക് എന്നോട് മുന്പ് ഭയങ്കര സ്നേഹമായിരുന്നെന്ന് തോന്നുമല്ലോ ?” “അതില്ല…. ഇപ്പോ പുച്ഛം കൂടി…. അൽ പുച്ഛം…” “പോടീ എരുമേ….. നീ വാ…. കാന്റീനിൽ പോയി ചായ കുടിക്കാം…. അപ്പോൾ തല വേദന മാറും……” “ആം….. പോകാം……” ************** മീനൂട്ടിയും പട്ടാളവും ഉമ്മറത്ത് ഇരിക്കുകയായിരുന്നു…… “മീനൂ…. മ്മടെ ചക്കി പാവമാണല്ലേ…. വീടിന് ഒരു അനക്കം വച്ച പോലെ… മ്മടെ രാജി വരുമ്പോഴുള്ള അതേ ബഹളം….”
“ഇന്നലെ എന്നേം കെട്ടിപ്പിടിച്ചാ ഉറങ്ങിയേ… അവൾക്ക് അമ്മയേം അച്ഛനേം കാണാത്തതിൽ നല്ല സങ്കടം ഉണ്ട്… പക്ഷേ പുറത്ത് കാണിക്കില്ല… എപ്പോഴും ചിരിച്ചു കളിച്ചു നടക്കും…..” “അതേ പാവം…. കുറുമ്പൊക്കെ ഉണ്ട്… പക്ഷേ നല്ല പക്വതയും ഉണ്ട്… ഒരു നോട്ടം കൊണ്ട് തന്നെ ആർക്കേലും എന്തേലും വിഷമം ഉണ്ടേൽ കണ്ടുപിടിക്കും… എല്ലാരേം സന്തോഷിപ്പിക്കും… അവളുടെ സങ്കടാണേൽ നെഞ്ചിലൊതുക്കും…..” “ജീവിതത്തിൽ ആദ്യമായിട്ടാ ഇത്രേം ദിവസം വീട്ടിൽ നിന്നും മാറി നിൽക്കുന്നേ…. അതിന്റെ സങ്കടം ആ കുഞ്ഞിന്റെ ഉള്ളിലുണ്ട്….”
“നിന്റെ മോന് അവളൊരു പേരിട്ടിട്ടുണ്ട്….” “ആർക്ക് കണ്ണനോ ?” “അതെ……” “അവള് കൊള്ളാലോ… ആട്ടെ എന്താ പേര് ?” “കടുവ……” “കടുവയോ…..” “എപ്പോഴും അലറിക്കൊണ്ട് നടക്കുവല്ലേ… അതുകൊണ്ടാണ് ആ പേരിട്ടതെന്നാ അവളുടെ വാദം…” “നിങ്ങൾ അച്ഛനും മോനും ഭയങ്കര വാശിയല്ലേ…. പക്ഷേ ഉള്ളിൽ നിറയെ സ്നേഹമുണ്ട്….” “മക്കളെ സ്നേഹിക്കാത്ത മാതാപിതാക്കൾ ഉണ്ടോടോ…. അവനെ താൻ കൈയിട്ട് താലോലിച്ചു…. ഞാനവനെ എന്റെ ഹൃദയത്തിലിട്ടും….. താൻ അവന്റെ വളർച്ച കണ്ണിൽ കണ്ടു…. പക്ഷേ ഞാൻ മനസ്സുകൊണ്ടാ കണ്ടത്….” “ഒത്തിരി വിഷമിക്കുന്നുണ്ട് അല്ലേ…..”
“ഇല്ലെന്ന് പറഞ്ഞാൽ അത് കള്ളമാകും…. പക്ഷേ സാരല്യാ…. എന്റെ മോൻ എന്നെ മനസ്സിലാക്കുന്ന നാൾ വരും….” മീനൂട്ടി പട്ടാളത്തിന്റെ തോളിലേക്ക് ചാഞ്ഞു…. ഇതും കണ്ടുകൊണ്ടായിരുന്നു എന്റെ രംഗപ്രവേശനം…. “കൊള്ളാലോ…. യുവമിഥുനങ്ങൾ റൊമാൻസിൽ ആണല്ലോ…..” “എടീ കാന്താരി, ഇതെന്റെ ഭാര്യയല്ലേ…. ഞാനും ഒന്ന് സ്നേഹിച്ചോട്ടേ…..” “കൊച്ചുഗള്ളാ….. അപ്പോ പട്ടാളം റൊമാന്റിക് ഹീറോ ആണല്ലോ…. ഇത്രയും റൊമാന്റിക് ആയ അച്ഛന്റെ മോനായിട്ട് കടുവ മാത്രമെന്താ അൺ റൊമാന്റിക് മൂരാച്ചി ആയിപ്പോയത്….” “അവൻ കേൾക്കണ്ട… നിന്നെ ചുമരീന്ന് വലിച്ചെടുക്കേണ്ടി വരും…..”
“എന്റെ പൊന്നു മീനൂട്ടി ചതിക്കല്ലേ…. ഞാൻ പറഞ്ഞൂന്ന് പറയല്ലേ….. അല്ലേലേ സാത്താൻ കുരുശ്ശ് കാണുന്ന പോലെയാ എന്നെ കാണുമ്പോൾ….” ഞാൻ ഓടി അകത്തേക്ക് പോകുന്നത് കണ്ട് അച്ഛനും അമ്മയും പൊട്ടിച്ചിരിച്ചു… ************** രാത്രി എപ്പോഴോ ഉറങ്ങിയതെന്ന് അറിയില്ല… അവളുടെ അടുത്ത് നിന്നും മടങ്ങി വന്ന് കിടന്നിട്ടും വല്ലാത്തൊരു പരിഭ്രമം ആയിരുന്നു…. ഉറക്കം ഉണർന്നപ്പോൾ പതിനൊന്ന് മണി കഴിഞ്ഞു…. കുരുപ്പ് രാവിലെ ഓഫീസിൽ പോയെന്ന് തോന്നുന്നു…. ഇല്ലായിരുന്നെങ്കിൽ ചീവീട് പോലെ കിടന്നലച്ചേനേ…. ശല്യം….. “മീനൂട്ടി പഴഞ്ചോറെടുത്ത് വയ്ക്……”
“അതൊക്കെ എടുത്ത് വച്ചെടാ…. കാന്താരി മുളകും ഇട്ടിട്ടുണ്ട്….” “ദേ …. വന്നു…… ഉച്ചയ്ക്ക് എന്താ സ്പെഷ്യൽ ?” “പയർ വിഴുക്ക് , അവിയൽ , മാമ്പഴപ്പുളിശ്ശേരി , അച്ചാർ…….” “ഐവാ…. പൊളിച്ചു…. ഉച്ചയ്ക്ക് ഞാൻ വരൂട്ടോ മീനൂട്ടി ഊണ് കഴിക്കാൻ….” “അയിന് നീയെവിടെ പോകുവാ…..” “സജിക്ക് ആരെയോ കാണാൻ പോകണം എന്ന് പറഞ്ഞിരുന്നു…. വേഗം വരാം….” “ഉം…..” “പട്ടാളം എവിടെ ?” “പറമ്പിലുണ്ട്….. എന്തേ ?” “ഏയ് …. ഒന്നൂല്ല…. ” അന്ന് സജിയുടെ കൂടെ പോയി വന്നശേഷം ആസ്വദിച്ചു ആഹാരം കഴിച്ചു…. എന്നിട്ട് വീണ്ടും പോയി… തിരികെ വന്നപ്പോൾ എട്ടുമണി ആകാറായി….. പട്ടാളവും മീനൂട്ടിയും ഉമ്മറത്തുണ്ട്…
ചീവീടിനേം സച്ചൂനേം കണ്ടില്ല…. രണ്ടൂടെ അടികൂടിക്കൊണ്ട് നിൽക്കുവായിരിക്കും…. “മീനൂട്ടി…….” “വന്നോ…..” “ആം…. സച്ചു എവിടെ ?” “അവൻ ആരെയോ കാണാൻ പോയിരിക്കുവാ….” “ഓ……. നിങ്ങടെ വളർത്തുമകളെവിടെ….. ? “അതാര്…….” “ഒരെണ്ണെത്തിനെ ഇങ്ങോട്ട് കെട്ടിയെടുത്തിട്ടില്ലേ……?” “കണ്ണാ…. എന്തൊക്കെയാടാ ആ പാവം കൊച്ചിനെ പറയുന്നത്…..” “ഒരു പാവം…. ഉറങ്ങുമ്പോൾ മാത്രം……” “അവളുറങ്ങുമ്പോൾ പാവമാണെന്ന് നിനക്കെങ്ങനെ അറിയാം…..” ഞാനൊന്നു പരുങ്ങി… എന്നിട്ട് കുറച്ചു ദേഷ്യം വരുത്തിക്കൊണ്ട് പറഞ്ഞു…. “ദേ മീനൂട്ടി….. എനിക്ക് ദേഷ്യം വരണുണ്ട്…. ഞാൻ ഒരു ഉപമ പറഞ്ഞതാ…..” “അവൾ സ്റ്റോർ റൂമിലുണ്ട്….” “അവിടെന്താ……”
“അവിടെ കുറച്ചു പഴയ പുസ്തകങ്ങൾ മാറ്റി വച്ചിട്ടുണ്ട് എന്നച്ഛൻ പറഞ്ഞിരുന്നു… അത് നോക്കാൻ പോയതാ…..” “അവൾ തനിച്ചോ ?” “അതിനെന്താ… മ്മടെ വീടല്ലേ… എന്ത് പേടിക്കാനാ……” “അമ്മേ മണി ഇപ്പോൾ എട്ടാകും…. എട്ട് മണിമുതൽ ലോഡ്ഷെഡിംഗ് ആണെന്നറിയില്ലേ…..” “എടാ അതിനോട് ചേർന്നാ അടുക്കള…. അവിടെ എമർജൻസി ലാംപുണ്ട്… അതൊക്കെ മോൾ നോക്കിക്കോളും….” “എന്റെ മീനൂട്ടി അവൾക്ക് ഇരുട്ടുമുറിയിൽ തനിച്ചായാൾ ബിപി കുറയും… അവൾക്ക് അതൊക്കെ പേടിയാ……” പറഞ്ഞുതീർന്നതും കറണ്ട് പോയി… ഉള്ളിൽ നിന്നും ഒരു നിലവിളി കേട്ടു…. മൊബൈലിലെ ഫ്ളാഷ് ഓണാക്കി ഞാൻ അകത്തേക്ക് ഓടി…
സ്റ്റോർ റൂമിന്റെ മൂലയിൽ കാലുകളിൽ മുഖം പൂഴ്ത്തി കൈകൊണ്ട് ചെവികൾ പൊത്തി അവളിരുപ്പുണ്ടായിരുന്നു….. ഞാൻ ഓടി അവളുടെ അടുത്തേക്ക് നോക്കി… ഞാൻ അവളെ തട്ടി വിളിച്ചു…. “ചക്കി…….” ഞാൻ അവളെ ആദ്യമായിട്ടാണ് അങ്ങനെ വിളിക്കുന്നത്… എന്റെ സാമിപ്യം അറിഞ്ഞതും അവൾ മുഖമുയർത്തി…. കണ്ണുകൾ കലങ്ങിച്ചുമന്നിരുന്നു…. കൈകൾ തണുത്ത് മരവിച്ചിരിക്കുന്നു…. അവളാകെ വിയർപ്പിൽ കുതിർന്നിരുന്നു… ആ കണ്ണുകളിൽ അപ്പോൾ ഞാൻ കണ്ടത് കുറുമ്പായിരുന്നില്ല… മറിച്ച് ഒറ്റപ്പെട്ടുപോയ ഒരു പെണ്ണിന്റെ നിസ്സഹായതയായിരുന്നു….. അവളെന്റെ നെഞ്ചിലേക്ക് മുഖമമർത്തി ഏങ്ങലടിച്ച് കരഞ്ഞു….
അവളുടെ വാക്കുകൾ മുറിഞ്ഞ് പോയിരുന്നു…. “എന്നെ….. തനിച്ചാക്കി….. പോ… പോ…വല്ലേ കണ്ണേട്ടാ…… എ…. എനിക്ക്…. പേ…..പേടിയാ..” “ഇല്ലെടാ…. പോവില്ല…. കരയണ്ടാട്ടോ…..” എനിക്കവളോട് അപ്പോൾ തോന്നിയത് വാത്സല്യം മാത്രമായിരുന്നു… കരച്ചിൽ നിലച്ചെങ്കിലും അവളുടെ നെടു നിശ്വാസങ്ങൾ അവളുടെ ഉള്ളിലാർത്തിരമ്പുന്നൊരു കടലുണ്ടെന്നതിനുള്ള തെളിവായിരുന്നു… ഞാനവളെ പതിയെ പിടിച്ചെഴുന്നേൽപ്പിച്ചു…. എന്റെ കൈവിരലുകളിൽ മുറുകെപ്പിടിച്ചു എന്റെ നെഞ്ചോട് ചേർന്ന് അവൾ നടന്നു…. അമ്മയും അപ്പയും ഓടിവന്ന് അവളെ പിടിച്ചു… അമ്മയെ കെട്ടിപ്പിടിച്ച് അവൾ കരഞ്ഞു…
ഞാൻ ആരെയും നോക്കാതെ പെട്ടെന്ന് തന്നെ എന്റെ റൂമിലേക്ക് പോയി….. കാതിൽ അപ്പോഴും കണ്ണേട്ടാ എന്നുള്ള അവളുടെ വിളി മുഴങ്ങിക്കേട്ടു….. ************** അച്ഛൻ പഴയ കുറേ പുസ്തകങ്ങൾ അവിടെ സ്റ്റോർ റൂമിലുണ്ട് എന്ന് പറഞ്ഞപ്പോൾ ഞാൻ അങ്ങോട്ടോടി….. പുസ്തകങ്ങൾ എന്റെ ഏറ്റവും വലിയ വീക്നെസ് ആണ്…. അമ്മ വരാമെന്ന് പറഞ്ഞിട്ടും വെളിച്ചമുണ്ടെന്ന ധൈര്യത്തിലാ അവിടേക്ക് പോയത്…. അടുക്കളയോട് ചേർന്ന് തന്നെയായിരുന്നു സ്റ്റോർ റൂം…. ഞാൻ ഒതുക്കി വച്ചിരുന്ന പുസ്തകങ്ങൾ ഓരോന്നായി മറിച്ചു നോക്കി… പഴയപുസ്തകങ്ങളുടെ ഗന്ധം അതെന്നും എനിക്ക് ഏറെ പ്രിയമായിരുന്നു….
പുതുമഴ നനയുന്ന മണ്ണിൽ നിന്നുയരുന്ന ഗന്ധവും ഒത്തിരി ഇഷ്ടമായിരുന്നു… ഓർക്കുമ്പോൾ ചുണ്ടുകളിൽ പുഞ്ചിരി സമ്മാനിക്കുന്നതും നെഞ്ചിൽ ഭയത്തിന്റെ അഗ്നിവർഷിക്കുന്നതും പഴയോർമ്മകളാണ്…. ഓർമ്മകളെ പിന്തള്ളിക്കൊണ്ട് പുസ്തകത്തിന്റെ താളുകൾ മറിച്ചു… അപ്രതീക്ഷിതമായി കറണ്ട് പോയി… ഭയം തേരട്ടയെപ്പോലെ എന്റെ ശരീരത്തിലേക്കിഴഞ്ഞ് കയറാൻ തുടങ്ങി…. പിന്തള്ളപ്പെട്ട ഓർമ്മകൾ എന്നിലേക്ക് പൂർവാധികം ശക്തിയോടെ പാഞ്ഞടുത്തു… കാലുകൾ കുഴയുവാൻ തുടങ്ങി… ഞാൻ സകല ശക്തിയുമെടുത്ത് ഉറക്കെ നിലവിളിച്ചു….
പിന്നീടും അലറിക്കരയാൻ തുടങ്ങവേ എന്റെ നാവ് കുഴഞ്ഞു…. വിയർപ്പുകണങ്ങൾ മത്സരിച്ചൊഴുകി…. പതിയെ ചുമരിലേക്ക് ചാരിയ ഞാൻ നിലത്തേക്കൂർന്നിരുന്നു…. എനിക്ക് ചുറ്റും ഉറക്കെയുള്ള വഴക്കും കരച്ചിലും മുഴങ്ങിക്കേട്ടു…. ഞാനെന്റെ ചെവികൾ പൊത്തി… മുന്പിൽ പരിചയമുള്ള മുഖങ്ങൾ കരയുന്നു…. ഞാനെന്റെ മുഖം കാൽമുട്ടുകൾക്കുള്ളിൽ ഒളിപ്പിച്ചു… അപ്പോൾ ഞാൻ വീണ്ടും പഴയ പത്തു വയസുകാരി ചക്കിയായി മാറുകയായിരുന്നു… പെട്ടെന്ന് ഒരു കാലടി ശബ്ദം എന്റെ അടുത്തേക്ക് വരും പോലെ തോന്നി… അതെന്നിലേക്ക് അടുക്കും തോറും ഞാൻ മൂലയിലേക്ക് ചേർന്നിരുന്നു…. എന്റെ ചുമലിൽ കൈ അമർന്നപ്പോൾ ഞാൻ ഞെട്ടി നോക്കി….
ഫ്ലാഷ് ലൈറ്റിന്റെ പ്രകാശത്തിൽ ഞാൻ ആ മുഖം കണ്ടു…. കടുവ …… ആ കണ്ണുകളിൽ ഞാൻ കണ്ടത് വാത്സല്യത്തിന്റെ തിരയിളക്കമായിരുന്നു…. കെട്ടിപ്പിടിച്ചു കരഞ്ഞപ്പോൾ എന്നെ പൊതിഞ്ഞു പിടിച്ചു ആശ്വസിപ്പിച്ചു….. ആദ്യായിട്ടാ എന്നെ ചക്കീന്ന് വിളിക്കുന്നേ…. ഓരോന്ന് പറഞ്ഞു ആശ്വസിപ്പിക്കുമ്പോഴും എന്റെ അച്ഛയെപ്പോലെ തന്നെ എന്നെ ചേർത്ത് പിടിച്ചിരുന്നു… ആദ്യായിട്ട് ഞാൻ വിളിച്ചു കണ്ണേട്ടനെന്ന്…. അമ്മയുടെ മാറിൽ കിടന്നു പൊട്ടിക്കരയുമ്പോഴും തിരികെ നോക്കാതെ നടന്നകലുന്ന കണ്ണേട്ടനായിരുന്നു കൺനിറയെ…… ആരും അറിയാതെ ആർക്കും മനസ്സിലാക്കാൻ പറ്റാതെ ഒരു കടങ്കഥ പോലെ…..
(തുടരും)