Friday, November 22, 2024
Novel

എന്ന് സ്വന്തം മിത്ര… : ഭാഗം 2

എഴുത്തുകാരി: പാർവതി പാറു

ബുള്ളറ്റ് പാർക്ക്‌ ചെയ്ത് ഓഫീസിൽ കയറുമ്പോഴാണ് മിത്രക്കും അമറിനും നേരേ ഫിലിപ്പ് വന്നത്… ഇന്നലെ എന്താ രണ്ടാളും പാർട്ടിക്ക് വരാഞ്ഞേ…. ഓ സോറി ഫിലിപ്പ് എനിക്ക് നല്ല സുഖം ഇല്ലായിരുന്നു…. അമർ അവന്റെ മുഖത്ത് നോക്കാതെ പറഞ്ഞു… മിത്ര അവനെ ഒന്ന് നോക്കി കണ്ണുരുട്ടി മുന്നിലേക്ക് നടന്നു… നീ എന്തിനാ അവനോട് വയ്യെന്ന് നുണ പറഞ്ഞേ…. ഇന്ട്രെസ്റ് ഇല്ലാഞ്ഞിട്ടാ വരാഞ്ഞേ എന്ന് മുഖത്ത് നോക്കി പറഞ്ഞൂടാരുന്നോ… അവളുടെ ഒപ്പം നടന്നെത്തിയ അമറിനോട് അവൾ ദേഷ്യത്തോടെ പറഞ്ഞു.. എന്റെ മിത്തൂ…

നമ്മൾ ആയിട്ട് ആരെയും വെറുപ്പിക്കണ്ട… ആരെക്കൊണ്ടാ എപ്പോളാ ഉപകാരം ഉണ്ടാവാന്ന് പറയാൻ പറ്റില്ല… ആ വായ്‌നോക്കീടെ ഉപകാരം ഏതായാലും എനിക്ക് വേണ്ട… അവൾ ദേഷ്യത്തോടെ അവളുടെ ക്യാബിനിലേക്ക് കയറി…. അമർ ചിരിച്ചുകൊണ്ട് നടന്നു…. ഹായ് മിത്ര യൂ ലൂക്സ് സ്റ്റണിങ് ടുഡേ… ഉച്ചക്ക് ക്യാന്റീനിലേക്ക് നടക്കുമ്പോൾ അവളുടെ പുറകെ വന്നുകൊണ്ടിരിക്കുന്ന റോയ് പറഞ്ഞു… അവൾ അത് ശ്രദ്ധിക്കാതെ നടന്നു… അമർ അപ്പോഴും എത്തിയിരുന്നില്ല… റോയ് അവൽക്കരികിൽ വന്നിരുന്നു…. ഹേയ് മിത്ര… താൻ എന്താടോ ഇങ്ങനെ….

ഇടക്കൊക്കെ നമ്മളെ ഒന്ന് മൈൻഡ് ചെയ്തൂടെ….. എന്നും അമറിനൊപ്പം നടന്നു തനിക്ക് ബോർ അടിക്കുന്നില്ലേ…. ഞാനും ഒറ്റക്കാണ് ഇടക്ക് എന്നെ കൂടി ഒന്ന് പരിഗണിച്ചുകൂടേ… വാട്ട്‌ യൂ മീൻ… അവൾ ദേഷ്യത്തോടെ ചോദിച്ചു… നീ കെടന്ന് പെടക്കല്ലേ പെണ്ണേ… എനിക്ക് അറിയാം നീയും അവനും തമ്മിൽ ഉള്ള ബന്ധം എന്താണെന്ന്…. നിന്നെ ഇപ്പോളും അവൻ കെട്ടിയിട്ട് ഒന്നും ഇല്ലല്ലോ…. അതിനർത്ഥം അവൻ എപ്പോ വേണേലും നിന്നെ മടുത്ത് ഒഴിവാക്കാം… അപ്പൊ ഒറ്റക്കായി പോവും എന്ന പേടി വേണ്ട… ഞാൻ റെഡി ആണ്… അവൻ അവളോട്‌ ചേർന്നിരുന്ന് പറഞ്ഞു…

ഇപ്പൊ എണീറ്റോണം ഇവിടന്ന് അല്ലേൽ എന്റെ കാലിൽ കിടക്കുന്ന ചെരുപ്പ് നിന്റെ കരണത്ത് പതിയും… അവൾ ശബ്ദം താഴ്ത്തി പറഞ്ഞു… അവളുടെ സ്വഭാവം അറിയുന്നത് കൊണ്ട് തന്നെ അവൻ അവിടെ നിന്ന് എണീറ്റ് പോയി… അവൾ വാഷ്‌റൂമിലേക്ക് നടന്നു… മുഖത്ത് വെള്ളം കോരി ഒഴിച്ചു.. എത്ര ഒഴിച്ചിട്ടും അവൾക്ക് നിർത്താൻ തോന്നിയില്ല… അവന്റെ വഷളൻ നോട്ടം വീണ്ടും വീണ്ടും കണ്ണിൽ തെളിഞ്ഞു കൊണ്ടിരുന്നു…. അവൾ കണ്ണാടിയിലേക്ക് നോക്കി… അവളുടെ കണ്ണുകൾ നിറഞ്ഞുവരുന്നത് അവൾ അറിഞ്ഞു…

വീണ്ടും അവൾ വെള്ളം കൊണ്ട് മുഖം കഴുകി ആ കണ്ണീരിനെ ഒഴുക്കി കളഞ്ഞു… അവൾ വാഷ്‌റൂമിൽ നിന്ന് വന്നപ്പോഴേക്കും അമർ എത്തിയിരുന്നു… എന്താടി കണ്ണൊക്കെ ആകെ കലങ്ങിയിട്ടുണ്ടല്ലോ … ഒന്നുല്ല.. ഞാൻ മുഖം കഴുകിയപ്പോൾ കണ്ണിൽ വെള്ളം പോയതാ… അവന്റെ മുഖത്തു നോക്കാതെ അവൾ പറഞ്ഞു… വേണ്ട മിത്തൂ.. നീ കഷ്ടപ്പെട്ട് നുണ പറയണ്ട… ഇന്ന് ആരുടെ വക ആയിരുന്നു…. ഫിലിപ്പോ അജിയോ… രണ്ടും അല്ല.. റോയ്.. അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു…. മിത്തൂ നിനക്ക് മതിയായില്ലേ ഇതൊക്കെ കേട്ടിട്ട്…. എത്ര നാളായി… അവളുടെ കൈകളിൽ കൈ ചേർത്ത് അവൻ പറഞ്ഞു…. ശീലം ആയി അമറു… കേട്ട് കേട്ട്.. വാക്കുകൾ എന്നും ഒന്ന് തന്നെ അല്ലേ..

മുഖങ്ങൾ മാത്രമല്ലേ മാറുന്നുള്ളൂ… ശീലം ആയി.. എനിക്ക് മറ്റാരെയും ഒന്നും ബോധിപ്പിക്കാൻ ഇല്ല.. എനിക്ക് നീ മാത്രം മതി…. അവൾ ഒരു തെളിച്ചം ഇല്ലാത്ത ചിരിയോടെ പറഞ്ഞു…. പക്ഷെ ചിലപ്പോഴൊക്കെ നീ അണിയുന്ന ഈ തന്റേടിയുടെ മുഖം ഉണ്ടല്ലോ… അത് നിനക്ക് മതിയാവാതെ വരുന്ന പോലെ… ഈ കലങ്ങിയ കണ്ണുകൾ അതിന്റെ ബാക്കി അല്ലേ…. മ്മ്.. അതെ… എത്രയൊക്കെ ആദർശം പറഞ്ഞാലും ഞാനും ഒരു പെണ്ണല്ലേ… അവളുടെ ശരീരം മാത്രം അല്ല ഹൃദയവും വളരെ സോഫ്റ്റ്‌ ടിഷ്യുസ് കൊണ്ട് നിർമിച്ചത് ആണ്… തകർക്കാൻ എളുപ്പം ആണ്….

നിന്റെ മൂഡ്‌ ഒന്ന് ok ആവാൻ നമുക്കിന്ന് ഹാൽഫ്‌ഡേ ലീവ് എടുത്താലോ…. എന്നിട്ട് നേരേ കന്യാകുമാരി.. സൺസെറ്റ് കണ്ട് തിരിച്ചു പോരാം… അവളെ ഉഷാറാക്കാൻ ആയി അവൻ പറഞ്ഞു… വേണ്ടടാ… ഞാൻ ഒക്കെ ആണ്… അവൾ ചോറെടുത്ത് കഴിച്ചു കൊണ്ട് പറഞ്ഞു…. അവൾ നല്ല ഒരു നടി ആണ്…. ജീവിതം മുഴുവൻ അവൾ ഇങ്ങനെ അഭിനയിച്ചു തീർക്കുകയാണല്ലോ… അമർ മനസ്സിൽ പറഞ്ഞു… ഭക്ഷണം കഴിച്ചു രണ്ടുപേരും വീണ്ടും വർക്കിലേക്ക് മുഴുകി…. വൈകുന്നേരം ആയപ്പോൾ അമർ മിത്രയെ വിളിച്ചു.. മിത്തൂ… എനിക്ക് ടൗൺ ഹാളിൽ ഒരു പ്രോഗ്രാം കവർ ചെയ്യാൻ പോണം….

നീ ഓഫീസിൽ നിന്ന് ഇറങ്ങീട്ട് അങ്ങോട്ട്‌ വരുമോ… ഒക്കെ എപ്പോ കഴിയും പ്രോഗ്രാം… ഒരു 8 മണി… ഞാൻ ബുള്ളറ്റിന്റെ ചാവി സെക്യൂരിറ്റി യെ ഏൽപ്പിക്കാം.. നീ അതെടുത്ത് വന്നോ…. ഞാൻ അജുവിന്റെ കൂടെ പൊക്കോളാം… ഒക്കെ… പിന്നെ… വണ്ടി മെല്ലെ ഓടിക്കാവൂ…. ഹെൽമെറ്റ്‌ വെക്കാൻ മറക്കരുത്… എന്റെ അമറു… ഞാനെന്താ കൊച്ചു കുട്ടി ആണോ… ഞാൻ വന്നേക്കാം… അവൾ ചിരിച്ചു കൊണ്ട് ഫോൺ വെച്ചു… രാത്രി ഏഴു മണിയോടെ അവൾ വർക്ക്‌ എല്ലാം തീർത്തു ഇറങ്ങി….

പാർക്കിങ്ങിലേക്ക് നടക്കുമ്പോൾ ആണ് അവരുടെ ഓഫീസിലെ hr മാനേജർ അവൾക്കൊപ്പം നടന്നെത്തിയത്…. ഓ വന്നോ അടുത്ത മാരണം അവൾ മനസ്സിൽ പറഞ്ഞു… ഹായ് മിത്ര… ഇന്ന് തനിച്ചേ ഉള്ളൂ. .. ആ.. അതെ.. അവൾ ഒട്ടും താല്പര്യം ഇല്ലാതെ അയാളോട് പറഞ്ഞു … മിത്രക്ക് ഈ ഇടയായി വർക്ക്‌ ലോഡ് വളരെ കൂടുതൽ ആണല്ലേ.. ഡെയിലി ഇറങ്ങാൻ ലേറ്റ് ആവുന്നത് കാണാം… ഓ അത് കുഴപ്പം ഇല്ല സർ.. വീട്ടിൽ നേരത്തെ എത്തിയിട്ട് വല്യേ കാര്യം ഒന്നും ഇല്ല… അവൾ വേഗം ചെന്ന് ബുള്ളറ്റ് എടുത്തു… മിത്ര യുവർ റിയലി വണ്ടർഫുൾ… ബുള്ളറ്റ് ഓടിക്കുന്നു….റേസിംഗ് നടത്തുന്നു….

യു ആർ റിയലി എക്സ്ട്രാ ഓർഡിനറി…. ലോകത്ത് ബുള്ളറ്റ് ഓടിക്കുന്ന ആകെ ഉള്ള പെണ്ണൊന്നും അല്ല ഞാൻ…. സൈക്കിൾ ബാലൻസും ഈ വണ്ടി താങ്ങാൻ ഉള്ള അത്യാവശ്യം കപ്പാസിറ്റി യും ഉണ്ടേൽ ആർക്കും ഇത് ഓടിക്കാം… ഇതിന് എക്സ്ട്രാ ഓർഡിനറി ആയി ഒന്നും വേണ്ട… സാർ ചെല്ല് വീട്ടിൽ പെണ്ണുമ്പിള്ള കാത്തിരിക്കുന്നുണ്ടാവും…. ഹെൽമെറ്റ് തലയിൽ വെച്ച് കിക്കർ അടിച്ചു വണ്ടി സ്റ്റാർട്ട്‌ ചെയ്ത് അവൾ പറഞ്ഞു…. അയാൾ നിന്നനില്പിൽ ഉരുകി പോയി… പ്രശംസകളിൽ വീഴുന്ന പെണ്ണുങ്ങൾ ഉണ്ടാവാം… പക്ഷെ എല്ലാവരും അങ്ങനെ ആണെന്ന് കരുതണ്ട..പ്രത്യേകിച്ച് ഞാൻ….

അവനെ നോക്കി ഒന്ന് പുച്ഛിച്ചുകൊണ്ട് അവൾ വണ്ടി എടുത്തു… മിത്ര ടൗൺ ഹാളിൽ എത്തിയപ്പോൾ പ്രോഗ്രാം കഴിഞ്ഞിരുന്നില്ല…. അവൾ ഫോണെടുത്ത് അമറിന് അവൾ എത്തി എന്ന് മെസ്സേജ് അയച്ചു.. ഉള്ളിൽ എന്തോ രാഷ്ട്രീയ സമ്മേളനം ആണ് നടക്കുന്നതെന്ന് മനസ്സിൽ ആയത് കൊണ്ട് അവൾ അകത്തേക്ക് കയറിയില്ല. പുറത്ത് മാവിന്റെ ചുവട്ടിൽ ആയുള്ള ഒരു ബെഞ്ചിൽ പോയി ഇരുന്നു…. ബാഗിൽ നിന്ന് ഒരു പുസ്തകം എടുത്തു… കുറച്ചു കഴിഞ്ഞപ്പോൾ അവൾക്കരികിൽ ഒരു ചെറുപ്പക്കാരൻ വന്നിരുന്നു… അയാളുടെ കൈയിൽ ഒരു വയസ് പ്രായം തോന്നിക്കുന്ന ഒരു കുട്ടി ഉണ്ടായിരുന്നു…

ആ കുട്ടി വല്ലാതെ കരയുന്നുണ്ടായിരുന്നു…. അയാൾ കരച്ചിൽ മാറ്റാൻ ശ്രമിക്കുന്നുണ്ടെങ്കിലും സാധിക്കുന്നുണ്ടായിരുന്നില്ല .. അയാൾ ഇടക്കിടക്ക് ഫോൺ എടുത്ത് നോക്കുന്നുണ്ട്…എന്തൊക്കെയോ ടൈപ്പ് ചെയ്യുന്നുണ്ട്…. ആ കുഞ്ഞിനെ വെച്ച് അയാൾ വല്ലാതെ കഷ്ടപെടുന്നുണ്ട് എന്ന് അവൾക്ക് മനസിലായി…. കുഞ്ഞു വല്ലാതെ കരയുന്നുണ്ടല്ലോ… വിശന്നിട്ട് ആവും.. അവൾ പറഞ്ഞു… മ്മ്…. ഇവന്റെ അമ്മ ഉള്ളിൽ പ്രോഗ്രാമിൽ ആണ്…. വേഗം തീരും എന്ന് വിചാരിച്ചു കഴിക്കാൻ ഒന്നും എടുത്തതും ഇല്ല… എന്താ സർ ഇത് കൊച്ചു കുഞ്ഞുങ്ങളെ ഒക്കെ കൊണ്ടുവരുമ്പോൾ ഇങ്ങനെ ഒന്നും എടുക്കാതെ വരാമോ….

സർ ഒരു കാര്യം ചെയൂ… ഇവിടന്ന് രണ്ടു ഷോപ്പ് അപ്പുറം ഒരു കൂൾബാർ ഉണ്ട് … അവിടെ പോയി കുറച്ചു തിളപ്പിച്ച പാല് വാങ്ങി കൊണ്ട് വരൂ… കുഞ്ഞിനെ ഞാൻ നോക്കിക്കോളാം… അവൾ ബാഗിൽ നിന്ന് അവളുടെ വെള്ളക്കുപ്പി എടുത്തു കൊടുത്തു കൊണ്ട് പറഞ്ഞു… അവന് കുഞ്ഞിനെ അവളെ ഏൽപ്പിക്കാൻ അൽപ്പം മടി ഉണ്ടായിരുന്നു… സാർ പോയി വരൂ.. ഞാൻ നോക്കിക്കോളാം… അവന്റെ മനസ് മനസിലാക്കിയ പോലെ അവൾ പറഞ്ഞു.. അവൻ കുഞ്ഞിനെ അവളെ ഏൽപ്പിച്ചു പോയി… അവൾ ബാഗിൽ നിന്നും ഒരു ചോക്ലേറ്റ് എടുത്ത് പൊട്ടിച്ചു കുറേശ്ശെ ആയി അവന്റെ നാവിൻ തുമ്പിൽ വെച്ച് കൊടുത്തു… മധുരം കിട്ടിയതോടെ അവന്റെ കരച്ചിൽ കുറഞ്ഞു…

അവൾ തന്റെ വണ്ടിയുടെ ചാവി അവന് നൽകി…. അവൻ അതിന്റ ചെയിൻന്റെ അറ്റത്തുള്ള പാവയെ പീച്ചിക്കൊണ്ടിരുന്നു…. കുറച്ചു സമയം കൊണ്ട് തന്നെ അയാൾ പാല് വാങ്ങി വന്നു…. മിത്രയുടെ മടിയിൽ ചിരിച്ചിരിക്കുന്ന കുഞ്ഞിനെ കണ്ടപ്പോൾ അയാളുടെ മനസ് നിറഞ്ഞു…. മിത്ര കുപ്പിയുടെ അടപ്പിലേക്ക് പാല് അൽപ്പാൽപ്പം ആയി ഒഴിച്ച് അവന്റെ ചുണ്ടോട് ചേർത്ത് കൊടുത്തു…വാവ അനുസരണയോടെ കുടിച്ചു…. എന്താ മോന്റെ പേര്…പാല് കൊടുക്കുന്നതിനിടെ അവൾ ചോദിച്ചു…. .. ആരവ്…. ഓഹോ ആരവ്…. അർജുനന് നാഗകന്യകയായ ഉലൂപി യിൽ ഉണ്ടായ മകൻ….

ഒരിക്കൽ പോലും അച്ഛന്റെ സ്നേഹം ലഭിക്കാത്ത അച്ഛന്റെ ലാളനകൾ ലഭിക്കാത്ത മകൻ…. എന്നിട്ടും അച്ഛനൊപ്പം നിന്ന് യുദ്ധം ചെയ്ത് പോർക്കളത്തിൽ വീണു മരിച്ച സാഹസിക പുത്രന്റെ പേരാണല്ലോ…… അവൾ അയാളെ നോക്കി പറഞ്ഞു…. മകനെ ഓർത്ത് അഭിമാനിക്കുന്ന ഒരച്ഛൻ ആവാനാവും അല്ലേ ഈ പേര് തിരഞ്ഞെടുത്തത്…. അതിന് ഞാൻ അല്ല അവന്റെ അച്ഛൻ… ഇത് എന്റെ അനുജത്തിയുടെ മകൻ ആണ്… അവൾ ഒരു ഫാഷൻ ഫെയിം ആണ്… ഇന്നത്തെ പ്രോഗ്രാം കോംപേർ ചെയ്യുന്നത് അവൾ ആണ്…. ഓഹോ… അപ്പൊ മോന്റെ അച്ഛൻ…. ജീവിച്ചിരിപ്പില്ല…

അയാൾ എങ്ങോട്ടോ നോക്കി പറഞ്ഞു… താൻ പറഞ്ഞില്ലേ അച്ഛന്റെ സ്നേഹം, ലാളന, വാത്സല്യം ഒന്നും ലഭിക്കാതെ വളർന്ന ആരവനെ കുറിച്ച്… അത് കൊണ്ട് തന്നെയാ ഈ പേരിട്ടേ… അവളെ നോക്കി ചിരിച്ചു കൊണ്ട് അയാൾ പറഞ്ഞു…. അവൾക്ക് പിന്നീട് ഒന്നും ചോദിക്കാൻ തോന്നിയില്ല… അവൾ കുഞ്ഞിനെ തോളിലേക്ക് ഇട്ട് എണീറ്റ് നടന്നു…. അവൻ മെല്ലെ മെല്ലെ ഉറങ്ങി…. അയാൾ അവളെ തന്നെ നോക്കി ഇരിക്കുകയായിരുന്നു.. കുഞ്ഞു ഉറങ്ങിയപ്പോൾ അവൾ അയാൾക്കരികിൽ വന്നിരുന്നു… തന്റെ പേരെന്താ… മിത്ര.. ഞാൻ മിഥുൻ… ഡോക്ടർ ആണ്… അനിയത്തി മിഥില.. താനെന്ത് ചെയുന്നു… പീപ്പിൾ ടീവിയിൽ പ്രോഗ്രാം കോഡിനേറ്റർ ആണ്….

എന്റെ ഫ്രണ്ട് പ്രോഗ്രാം റിപ്പോർട്ട്‌ ചെയ്യാൻ വന്നിട്ടുണ്ട്… അവനെ പിക്ക് ചെയ്യാൻ വന്നതാണ്… കുറച്ചു സമയം മുൻപ് പരിചയപ്പെട്ട ഒരാളോട് ആണ് താനിത്രയും സംസാരിച്ചതെന്ന് അവൾ മറന്നു…. കുറേ നാളുകൾ ആയി അമറുവിനോട് അല്ലാതെ ഇത്രയും നേരം താൻ ആരോടും സംസാരിച്ചിട്ടില്ലെന്ന് അവൾക്ക് തോന്നി.. അപ്പോഴേക്കും പ്രോഗ്രാം കഴിഞ്ഞു ആളുകൾ ഇറങ്ങി വരാൻ തുടങ്ങിയിരുന്നു… സെറ്റ് സാരി ഉടുത്തു കൊണ്ട് ഒരു സുന്ദരി ആയ പെൺകുട്ടി അവർക്കരികിലേക്ക് ഓടി വന്നു… ഏട്ടാ അവൻ വല്ലാതെ കരഞ്ഞോ… അവൾ വന്ന ഉടനെ തന്നെ ചോദിച്ചു… ഇല്ല മോളെ… ഇയാൾ കൂടെ ഉള്ളതോണ്ട് പ്രശ്നം ഉണ്ടായില്ല… അവൻ മിത്രയെ ചൂണ്ടിക്കൊണ്ട് പറഞ്ഞു….

മിഥില കുഞ്ഞിനെ മിത്രയുടെ മടിയിൽ നിന്ന് എടുത്തു… താങ്ക്യൂ സൊ മച്… മിഥില ചിരിച്ചു കൊണ്ട് പറഞ്ഞു… മിത്രയും ചിരിച്ചു… അപ്പോഴേക്കും അമറും വന്നു… മിത്ര ആരോടോ സംസാരിച്ചു നിൽക്കുന്നത് കണ്ട് അവൻ ശെരിക്കും ഞെട്ടി…. അവൾ ആരോടും അങ്ങനെ സംസാരിക്കാറില്ലായിരുന്നു…. ഇതാണ് എന്റെ ഫ്രണ്ട് അമർനാഥ്‌… മിത്ര അവനെ മിഥുൻ പരിചയപ്പെടുത്തി.. ഹെലോ അവർ പരസ്പരം കൈകൊടുത്തു. ഒക്കെ എന്നാൽ ബൈ… മിത്ര അവരോട് യാത്ര പറഞ്ഞു… ഇനി ഇങ്ങനെ എവിടെ എങ്കിലും വെച്ച് കാണാം… മിഥുനും പറഞ്ഞു… ബൈക്കിന് അടുത്തേക്ക് നടക്കുമ്പോൾ അമർ മിത്രയെ അന്തം വിട്ട് നോക്കുക ആയിരുന്നു…. എന്താടാ ഇങ്ങനെ നോക്കുന്നേ…

അവൾ അവനോട് ചോദിച്ചു… അല്ല പതിവില്ലാത്ത ഓരോ കാഴ്ചകൾ കാണുമ്പോൾ ഇങ്ങനെ നോക്കി പോവും… ആരാടി അത്… നിനക്ക് മുന്പേ അറിയോ… ഹേയ് ഇല്ല ഇപ്പൊ പരിചയപ്പെട്ടതാ… നീ സാധാരണ അങ്ങനെ ആരെയും പരിചയപെടാറില്ലല്ലോ… അതിന് ഇത് വരെ എന്നെ പരിചയപ്പെടാൻ വന്നവർക്കൊക്കെ വേറെ ഉദ്ദേശം ആയിരുന്നല്ലോ… എന്തോ… അയാളൊരു നല്ല ആളാണെന്ന് തോന്നി സംസാരിച്ചു…. നീ ശ്രദ്ധിച്ചോ സാധാരണ നമ്മളെ ഒരുമിച്ച് കാണുന്ന കണ്ണുകളിൽ ഉള്ള സംശയങ്ങൾ ഒന്നും ആ കണ്ണിൽ ഉണ്ടായിരുന്നില്ല… ഓ അപ്പൊ കണ്ണും കണ്ണും നോക്കുന്ന വരെ ആയി കാര്യങ്ങൾ… ടാ… അവൾ അവനെ അടിക്കാൻ ഓങ്ങി..

അവൻ ചിരിച്ചുകൊണ്ട് ഓടി അവൾ പുറകെയും…. അമർ ഓടി ചെന്ന് നിന്നത് ഒരു പെൺകുട്ടിയുടെ മുന്നിൽ ആയിരുന്നു. ആനി… അവന്റെ ചുണ്ടുകൾ മന്ദ്രിച്ചു…. ആ പെൺകുട്ടിയുടെ കണ്ണുകളിൽ ദേഷ്യം നിറഞ്ഞു നിന്നിരുന്നു… ഓഹ്… ഇപ്പൊ വന്ന് വന്ന് റോഡിലും തുടങ്ങിയോ രണ്ടിന്റെയും കെട്ടിമറച്ചിൽ…. ആനി… അമർ ദേഷ്യത്തോടെ വിളിച്ചു… അവൾ നേരേ മിത്രയുടെ മുന്നിൽ കയറി നിന്നു… എന്നെ കരയിച്ചിട്ട് നീ ചിരിക്ക്…..

എന്റെ അമറിനെ എന്നിൽ നിന്നും തട്ടി എടുത്ത് സന്തോഷത്തോടെ ജീവിക്കാം എന്ന് നീ കരുതണ്ട…. ഇതിനുള്ള ശിക്ഷ നിനക്ക് ഞാൻ തന്നിരിക്കും… ഈ ആനി ആണ് പറയുന്നത്…. മിത്ര ഒന്നും പറയാതെ മുഖം താഴ്ത്തി… ഒരിക്കൽ കൂടി അമറിനെ ഒന്ന് നോക്കി.. ആ നോട്ടത്തിൽ വേദന മാത്രം ആയിരുന്നു.. .അവൾ തിരിഞ്ഞു നടന്നു.. അവൾ പോകുന്നതും നോക്കി നിസ്സഹായതയോടെ അവൻ നിന്നു…. അവന്റെ കണ്ണിൽ നിന്ന് ഒരു തുള്ളി കണ്ണീർ പൊടിഞ്ഞു…. മിത്ര കാണും മുന്നെ അവൻ അത് തുടച്ചു…. ചുണ്ടിൽ ഒരു കൃത്രിമ ചിരിയോടെ മിത്രക്കരികിലേക്ക് നടന്നു….

തുടരും….

എന്ന് സ്വന്തം മിത്ര… : ഭാഗം 1