Sunday, December 22, 2024
Novel

എന്ന് സ്വന്തം മിത്ര… : ഭാഗം 12

എഴുത്തുകാരി: പാർവതി പാറു

മതി… നിർത്തൂ സാർ… മിത്ര അക്ഷമയോടെ ദേഷ്യത്തോടെ പറഞ്ഞു… ഇല്ല ഞാൻ ഇത് വിശ്വസിക്കില്ല… ഇതൊന്നും അല്ല സത്യം… അതിന് ഇതാണ് സത്യം എന്ന് ഞാൻ പറഞ്ഞില്ലല്ലോ… അന്ന് സംഭവിച്ചത് അങ്ങനെ ആണ്…. അതിൽ എത്ര മാത്രം സത്യം ഉണ്ടെന്ന് എനിക്ക് അറിയില്ല…. ആ സംഭവം കഴിഞ്ഞ് ഒരു മാസം കഴിഞ്ഞപ്പോൾ എനിക്ക് ഇങ്ങോട്ട് ട്രാൻസ്ഫർ ആയി…. പിന്നീട് ഒരിക്കൽ അവിടെ ഉള്ള ഒരു ഫ്രണ്ട് പറഞ്ഞപ്പോൾ ആണ് അറിയുന്നത്… മിഥില റിക്കവർ ആയെന്നും അവൾക്ക് പരാതി ഇല്ല എന്ന് എഴുതി കൊടുത്തു എന്നും മിഥുൻ പുറത്തിറങ്ങിയതും എല്ലാം…. പിന്നെ കൂടുതൽ ഒന്നും ഞാനും അന്വേഷിച്ചില്ല…

അതിന് പുറകിൽ പല കഥകളും ഉണ്ട്… അത് അറിയുന്നത് മിഥുനും മിഥിലക്കും മാത്രം ആണ്… മിത്രക്ക് ആകെ തലപെരുക്കുന്ന പോലെ തോന്നി… തങ്ങളേക്കാൾ നിഗൂഡം ആണ് അവരുടെ ജീവിതം എന്ന് അവൾക്ക് തോന്നി…. ഇതിനിടയിൽ മിഥുൻ തന്നെ മുന്പേ അറിയും എന്ന കാര്യവും അവളെ വീർപ്പുമുട്ടിച്ചു…. തന്നെ കുറിച്ച് എല്ലാം അറിഞ്ഞിട്ടാണോ അവൻ തന്നോട് അടുക്കുന്നത് എന്ന് അവൾക്ക് തോന്നി… സുദർശൻ യാത്ര പറഞ്ഞു പോയിട്ടും മിത്രയുടെ മനസ് ആകെ വലിഞ്ഞു മുറുകി.. അവൾ ഫോണെടുത്ത് അമറിനെ വിളിച്ചു…

അവൻ ഫോൺ എടുക്കാതെ ആണ് പോയതെന്ന് അവളുടെ തലയണക്ക് അടിയിൽ നിന്ന് ഫോൺ ബെല്ലടിച്ചപ്പോൾ അവൾക് മനസിലായി…. അവൾ അവന്റെ ഫോൺ എടുത്തു…. ലോക്ക് സ്‌ക്രീനിൽ അമറും അവന്റെ തോളിൽ തലവെച്ചു ഇരിക്കുന്ന മിത്രയും… അവൾ അതിലേക്ക് നോക്കി… ഒരു നിമിഷം അവൾ മറ്റെല്ലാം മറന്നു… അവന്റെ തോളിൽ തല ചായ്ക്കാനും നെഞ്ചിൽ തലവെച്ചു കിടക്കാനും അവകാശം ഉണ്ടായിരുന്നവൾ തൊട്ടപ്പുറത്ത് വേദനയോടെ കിടക്കുന്നത് ഓർത്തപ്പോൾ അവളുടെ ഹൃദയം ഒന്ന് പിടഞ്ഞു…. അവളോട്‌ മാപ്പ് പറഞ്ഞാൽ തീരുന്ന തെറ്റുകൾ അല്ല ചെയ്തത്….

അവളെ അവഗണിക്കാൻ ഒരിക്കലും കഴിയാത്തവൻ അവൾക്ക് നേരേ മുഖം തിരിച്ചു നടക്കുന്നു…. അവഗണനയുടെ വേദന മറ്റാരേക്കാളും അറിയുന്നവൾ ആണ് മിത്ര… എന്നിട്ടും അമറിനെ തടയാൻ തനിക്ക് ആവുന്നില്ല…. അവൻ ആനിയിലേക്ക് പോവുന്നത് ഭയത്തോടെ മാത്രമേ തനിക്ക് ഓർക്കാൻ കഴിയുന്നുള്ളൂ… ഇല്ല ആനി…… സമ്മതിക്കില്ല… ഒരിക്കലും സമ്മതിക്കില്ല…. ഈ ജന്മം നിനക്ക് നിന്റെ മോഹങ്ങളും സ്വപ്നങ്ങളും സാക്ഷാത്കരിക്കാൻ ആവില്ല…. മിത്ര ഓർത്തു… ……… സുദർശൻ നേരേ പോയത് ആനിയെ കാണാൻ ആയിരുന്നു…. അവൻ വാതിൽ തുറന്നപ്പോൾ അവൾ മുറിയിൽ ഒറ്റക്കായിരുന്നു…

കട്ടിലിനോട് ചേർന്നുള്ള ജനലിൽകൂടെ പുറത്തേക്ക് നോക്കി ഇരിക്കുകയാണവൾ… മൊബൈലിൽ പാട്ട് വെച്ചിട്ടുണ്ട്… ജനലിലൂടെ വരുന്ന കാറ്റിൽ അവളുടെ മുടിയിഴകൾ മുഖത്തേക്ക് പാറി വീഴുന്നുണ്ട്…. അവൾ അതിനെ അലക്ഷ്യമായി തന്നെ വിട്ടിരിക്കുകയാണ്… ഇടക്ക് മെല്ലെ ഒന്ന് ഒതുക്കും…. അന്നു നീയെൻ മുന്നിൽ വന്നു പൂവണിഞ്ഞു ജീവിതം തേൻകിനാക്കൾ നന്ദനമായി ( നളിന നയനാ.. പ്രണയ വിരഹം നിറഞ്ഞ വാഴ്‌വിൽ പോരുമോ വീണ്ടും ….. വാർമുകിലേ വാനിൽ നീ വന്നു നിന്നാലോർമ്മകളിൽ ശ്യാമവർണ്ണൻ കളിയാടി നിൽക്കും കദനം നിറയും യമുനാ നദിയായ്‌ മിഴിനീർ വഴിയും….

മൊബൈലിലെ പാട്ടിനൊപ്പം അവളും ചുണ്ട് ആനക്കുന്നുണ്ട്…. അവളുടെ മുഖത്തെ ഭാവം തിരിച്ചറിയാൻ സുദർശന് കഴിഞ്ഞില്ല…. വിരഹമോ വേദനയോ അല്ല… സന്തോഷമോ… ഒട്ടും അല്ല…. പക്ഷെ അവളുടെ കണ്ണുകളിലെ തിളക്കം അതെന്തിന് വേണ്ടിയാണെന്ന് മാത്രം അറിയുന്നില്ല…. സുദർശൻ അവളുടെ അരികിലേക്ക് ചെന്നു…. അവൾ അവനെ അപ്പോഴാണ് കണ്ടത്… അവൾ പാട്ട് ഓഫ്‌ ആക്കി… അവനെ നോക്കി ചിരിച്ചു..അവൻ അവൽക്കരികിലെ ചെയറിൽ ഇരുന്നു…. ഈ പാട്ട് തനിക്ക് ഇഷ്ടം ആണോ.. അവൻ മുഖവര കൂടാതെ ചോദിച്ചു…. ഒത്തിരി… അവൾ മറുപടി നൽകി എന്ത്കൊണ്ട്…

അവൻ വീണ്ടും ചോദിച്ചു… ആദ്യം ഈ പാട്ടിന്റെ ഈണം ആയിരുന്നു പ്രിയം… ഇപ്പോൾ ഓരോ വരികളോടും എന്തോ വല്ലാത്ത അടുപ്പം ആണ്… അവൾ പുറത്തേക്ക് നോക്കി പറഞ്ഞു…. രാധയെ പോലെ കൃഷ്ണനെ നഷ്ടപ്പെട്ട് വിരഹിണി ആയത് കൊണ്ടാണോ… രാധയോ ഞാനോ… ഞാനൊരിക്കലും രാധ ആവുന്നില്ല… രാധകൃഷ്ണ പ്രണയം എന്നെ ഒരിക്കലും ആകർഷിച്ചിട്ടില്ല… എന്റെ മോഡൽ പാർവതി ആണ്… സതി ദേവി… പ്രണയിച്ചു കൊതി തീരാതെ വീണ്ടും ജന്മം എടുത്ത് വീണ്ടും പരമേശ്വരനിൽ ചേർന്നവൾ…. പുരാണം ഒക്കെ അറിയുമോ ആനിക്ക്… അവൻ അത്ഭുതത്തോടെ ചോദിച്ചു..

അമർ പറഞ്ഞു തന്ന കഥകൾ ആണ്… ഇതെല്ലാം… ചെറുപ്പത്തിൽ അവൻ മുത്തശ്ശിമാരിൽ നിന്നും കേട്ട കഥകൾ… പക്ഷെ അവനെന്നും പ്രിയപ്പെട്ടത് രാധ ആയിരുന്നു… കൃഷ്ണഭക്ത… അവന്റെ കളികൂട്ടുകാരി… പ്രണയിനി…. സത്യത്തിൽ രാധ ഇതിൽ ആരായിരുന്നു കൃഷ്ണന്….. അറിയില്ല…..രാധയെ പോലെ ആണ് മിത്ര….. അവന്റെ ജീവിതത്തിൽ അവൾ പലതും ആണ്… കൃത്യമായി നിർവചിക്കാൻ ആവാത്ത പോലെ…. അവൾ പുറത്തേക്ക് നോക്കി.. ആ നീലക്കണ്ണുകളിൽ നിരാശ നിറഞ്ഞു… ആഗ്രഹിച്ചിട്ടുണ്ടോ എപ്പോഴെങ്കിലും മിത്ര ആയിരുന്നെങ്കിൽ എന്ന്…. ഒരിക്കലും ഇല്ല….

ആനിക്ക് ഒരിക്കലും മിത്ര ആവാൻ കഴിയില്ല… മിത്രക്ക് ആനിയും… മിത്ര അവന്റെ രാധ ആണ് എന്നും…. ഒരിക്കൽ അവളോട്‌ അവന് യാത്ര പറഞ്ഞേ മതിയാവൂ…. അവളെ മറന്ന് വൃന്ദാവനത്തിൽ നിന്ന് അവൻ മധുരയ്ക്ക് പോവും…. കുടുംബം കെട്ടിപ്പടുക്കാൻ…. തനിക്ക് അറിയുമോ ഭഗവാൻ കൃഷ്ണൻ എന്ത് കൊണ്ട് രാധയെ വിവാഹം ചെയ്തില്ലെന്ന്… വിവാഹം രണ്ട് ആത്മാക്കൾ തമ്മിൽ ആണ് നടക്കുന്നത്.. രാധയും കൃഷ്ണനും ഒരു ആത്മാവ് ആണ്… അവൻ പറഞ്ഞു… ആയിരിക്കാം… മിത്രയും അമറും അങ്ങനെ ആണ്…ഒരേ മനസ് ഉള്ളവർ…. പക്ഷെ അവരുടെ ആത്മാവ് ഒരിക്കൽ എന്നിലേക്ക് വന്ന് ചേരും…

ഇക്കാലമത്രയും ഒന്നായിരുന്ന മനസുകൾ രണ്ട് ആത്മാക്കൾ ആയി പിരിയും… അതിലൊരു പാതി എന്റെ നല്ല പാതി ആവും.. അത് പറയുമ്പോൾ അവളുടെ കണ്ണുകൾ തിളങ്ങി… അപ്പോഴും മറ്റൊരു പാതി പൂർണമാവാതെ അലയും…. സുദർശൻ പറഞ്ഞു… ഇല്ല…. പരസ്പരം രണ്ടാവുമ്പോഴും എന്റെ നല്ലപാതി ഒരു കൈകൊണ്ട് അവളെ ചേർത്ത് പിടിക്കും…. അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു… ഒരിറ്റ് വെറുപ്പ് പോലും തോന്നുന്നില്ലേ മിത്രയെ ഓർത്ത്… അവളെ എനിക്കെങ്ങനെ വെറുക്കാൻ ആവും.. എന്റെ അമറിനെ എന്നേക്കാൾ ഏറെ സ്നേഹിക്കുന്നതും… പരിചരിക്കുന്നതും അവളല്ലേ…..

ആ വാക്കുകളിൽ ഒരു വേദന ഉണ്ടായിരുന്നു… സുദർശന് പറയാൻ ഒന്നും ഇല്ലായിരുന്നു… ആനിയിൽ അമർ എത്ര ആഴത്തിൽ പതിഞ്ഞു പോയതാണെന്ന് അവളുടെ വാക്കുകളിൽ നിന്ന് അവൻ തിരിച്ചറിഞ്ഞു… ഒരിക്കലും ആ ഹൃദയം തനിക്ക് ലഭിക്കില്ല എന്ന് അവൻ ഉറപ്പിച്ചു… അവൾക്ക് ഒരു മങ്ങിയ ചിരി സമ്മാനിച്ചു കൊണ്ട് അവൻ പുറത്തേക്ക് ഇറങ്ങി…. വാതിലിൽ എത്തിയപ്പോൾ ആനി അവനെ വിളിച്ചു. കാത്തിരിപ്പിന്റെ അസഹ്യതയും വിരസതയും വേദനയും നല്ലോണം അറിയുന്നത് കൊണ്ട് പറയുകയാണ്… കാത്തിരിക്കരുത് എനിക്ക് വേണ്ടി…

വിട്ടു പോവാൻ സമ്മതം ഇല്ലാത്ത ആത്മാവ് മുറുക്കെ പിടിക്കുമ്പോൾ ജീവിച്ചിരിക്കുന്നവർക്ക് സമനില തെറ്റും എന്ന് വായിച്ചിട്ടുണ്ട്… അത്തരം ഒരു ആത്മാവ് ആണ് ആമിറിന്റെ പ്രണയം എനിക്ക്…. അതെന്നെ ഓരോ നിമിഷവും ഭ്രാന്തി ആക്കുകയാണ്… ഓർമ്മകൾ കൊണ്ട് വേട്ടയാടുന്നു…. അവനൊപ്പം ഇരുന്ന നിമിഷങ്ങൾ പലതും കാലിലെ ചങ്ങല കൊണ്ട് വ്രണം ആവുന്നു… ഒറ്റക്കിരുന്നു കരയാനും ഒരേ നിമിഷം കൊണ്ട് ചിരിക്കാനും തോനുന്നു… ഭ്രാന്ത് തന്നെ… മുഴുത്ത ഭ്രാന്ത്…. കാത്തിരിക്കരുത് ഒരിക്കലും ഈ ഭ്രാന്തിക്ക് വേണ്ടി… ഒരിക്കലും ആ കണ്ണുകൾ നിറയരുത് ഈ ഭ്രാന്തിയെ ഓർത്ത്…..

അവൾ കൈകുമ്പിളിൽ മുഖം ഒളിപ്പിച്ചു പൊട്ടിക്കരഞ്ഞു… ……. ആനി നീ കരയുന്നത് കാണാൻ ഒരു ഭംഗിയും ഇല്ലാട്ടോ… കരഞ്ഞു വീർത്ത അവളുടെ കവിളുകളിൽ തലോടി അമർ പറഞ്ഞു… അവൾ കണ്ണീർ തുടച്ചു… കരയാൻ മാത്രം എന്താപ്പോ ഉണ്ടായേ… എനിക്ക് ഒരു ജോലി കിട്ടാൻ എന്നേക്കാൾ ഏറെ ആഗ്രഹിച്ചത് നീ ആല്ലേ നിന്റെ പ്രാർത്ഥന കൊണ്ടല്ലേ.. ഡിഗ്രി കഴിഞ്ഞു ഇറങ്ങിയപ്പോഴേക്കും എനിക്ക് ജോലി കിട്ടിയത്.. എന്നാലും ഇത്ര ദൂരെ കിട്ടാൻ ഞാൻ പ്രാർത്ഥിച്ചോ.. ഇല്ലല്ലോ… അതിപ്പോ എല്ലാം നമ്മൾ വിചാരിക്കും പോലെ നടക്കാൻ ദൈവം സമ്മതിച്ചു തരുമോ…

അപ്പൊ നമ്മൾ അങ്ങേരെ മറക്കില്ലേ.. അത്കൊണ്ട് മൂപര് ചെറിയ ചെറിയ ഡോസ് തരും ഇങ്ങനെ… എന്നാലും.. ബാംഗ്ലൂർ എന്നൊക്കെ പറയുമ്പോ… എനിക്ക് പെട്ടന്ന് കാണാൻ തോന്നിയാൽ ഞാൻ എന്താ ചെയ്യാ…. എന്റെ ആനിമോളെ… ഞാൻ എവിടെ പോയാലും എന്റെ മനസ് ഇവിടെ അല്ലേ…. അത് പോലെ നിന്റെ മനസ് എന്റെ കൂടെയും പിന്നെ നമ്മൾ എങ്ങനെ ഒറ്റക്കാവും… നിനക്കെന്നെ കാണാൻ തോന്നുമ്പോൾ കണ്ണടച്ച് അമർ എന്നൊന്ന് വിളിച്ചാൽ മതി… നിന്റെ ഓർമകളിൽ ഞാൻ ഓടി എത്തും…. അവളുടെ മുഖം കൈകുമ്പിളിൽ എടുത്തു അവൻ പറഞ്ഞു… അപ്പൊ എനിക്ക് ഉമ്മ വേണം എന്ന് തോന്നിയാൽ…

അവൾ ചിണുങ്ങി കൊണ്ട് ചോദിച്ചു… അപ്പൊ നീ കണ്ണുകൾ അടച്ചു പറയണം.. അമർ…. പ്ലീസ് ഗിവ് മി എ കിസ്സ്… അപ്പോൾ ഞാൻ നിന്റെ ഓർമ്മകളിൽ പറന്ന് വന്ന് നിന്റെ കവിളിൽ ഇങ്ങനെ ചുംബിക്കും…. അവൻ അവളുടെ കവിളിന്റെ മുകളിൽ കണ്ണിന് താഴെ ചുംബിച്ചു… അപ്പൊ എനിക്ക് കെട്ടിപ്പിടിക്കാൻ തോന്നിയാലോ… അപ്പൊ നീ വീണ്ടും കണ്ണടച്ച് അമർ.. പ്ലീസ് ഗിവ് മി എ ടൈറ്റ് ഹഗ് എന്ന് പറയണം… അപ്പോൾ ഞാൻ നിന്റെ ഓർമ്മകളിൽ ഓടി വന്ന് നിന്റെ കൈകൾക്ക് ഇടയിലൂടെ എന്റെ കൈ ഇട്ട് നിന്നെ ചേർത്ത് പിടിക്കും… അവൻ അവളെ കെട്ടിപിടിച്ചു…

ആനിയും അവനെ മുറുകെ കെട്ടിപിടിച്ചു അവളുടെ കണ്ണുകൾ നിറഞ്ഞു… അമർ അവന്റെ താടി അവളുടെ തോളിൽ ഉരസി… അവളുടെ ചെവിയുടെ തുമ്പത്ത് കടിച്ചു… ആനി….. അവൻ പ്രണയത്തോടെ വിളിച്ചു….. മ്മ്….. നിന്റെ ചെവിക്ക് എന്തൊരു മധുരം ആണെന്നോ…. നിന്റെ ചുണ്ടുകൾക്ക് പോലും ഇല്ലാത്ത ഒരു മധുരം… അതെന്താ…

അവൻ അവളുടെ ചെവിയിൽ ചോദിച്ചു… അവൾ നാണം കൊണ്ട് പൂത്തുലഞ്ഞു… തല കുനിച്ചു… അവൻ അവളുടെ ചെവിക്ക് പുറകിൽ ചുംബിച്ചു…. ഇനി കരയുമോ എന്റെ തൊട്ടാവാടി…. അവളുടെ തോളിൽ മുഖം പൂഴ്ത്തി അവൻ ചോദിച്ചു…. …….. ആനി കൈകൾ മാറ്റി കണ്ണുകൾ തുറന്നു… കണ്ണീർ തുടച്ചു…. ഇല്ല അമർ ഞാൻ കരയില്ല… അവൾ ആരോടെന്നില്ലാതെ പറഞ്ഞു….

തുടരും….

എന്ന് സ്വന്തം മിത്ര… : ഭാഗം 11