‘അല്‍ ബുറൈമി’ കുപ്പിവെള്ളം ഉപയോഗിക്കരുത്; ഒമാനില്‍ മുന്നറിയിപ്പ്
മസ്‍കത്ത്: ഒമാനിലെ ഫുഡ് സേഫ്റ്റി ആൻഡ് ക്വാളിറ്റി സെന്‍റർ, ‘അൽ ബുറൈമി’ ബ്രാൻഡിന്‍റെ കുപ്പിവെള്ളം ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. അനുവദനീയമായതിലും കൂടുതൽ ബ്രോമേറ്റ് വെള്ളത്തിൽ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ്.
ഒമാനിൽ ഉത്പാദിപ്പിക്കുന്ന അൽ ബുറൈമി ബ്രാൻഡിന്‍റെ 200 മില്ലി കുപ്പിവെള്ളത്തിൽ അനുവദനീയമായതിലും കൂടുതൽ ബ്രോമേറ്റ് അടങ്ങിയിട്ടുണ്ടെന്ന് ഫുഡ് സേഫ്റ്റി ആൻഡ് ക്വാളിറ്റി സെന്‍ററിന്‍റെ റിപ്പോർട്ടിൽ പറയുന്നു. ഉപഭോക്താക്കളുടെ സുരക്ഷ കണക്കിലെടുത്ത് ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപിപ്പിച്ച് പ്രശ്നമുണ്ടാക്കുന്ന ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് പിന്‍വലിക്കാനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്നും ആരുടെയെങ്കിലും കൈവശം ഇതിനകം ഈ കുപ്പിവെള്ളം ഉണ്ടെങ്കിൽ, അത് ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.