Sunday, December 22, 2024
Novel

ദേവതാരകം : ഭാഗം 11

എഴുത്തുകാരി: പാർവതി പാറു

സംഗീത് പറഞ്ഞതോർത്ത് ദേവയുടെ ഹൃദയം ആകെ തളർന്നിരുന്നു…. അവൻ സ്നേഹിക്കുന്നത് താരയെ ആണെന്ന് ദേവക്ക് ഏകദേശം ഉറപ്പായിരുന്നു… അങ്ങനെ ആണെങ്കിൽ അവളെ അവന് വിട്ട് കൊടുക്കേണ്ടത് ഒരു സുഹൃത്ത് എന്ന നിലയിൽ തന്റെ കടമ ആണെന്ന് അവന് തോന്നി… പക്ഷെ താരയുടെ ഉള്ളിൽ താനെവിടെയോ ഉണ്ടെന്ന് ദേവക്ക് ഉറപ്പായിരുന്നു…. സംഗീത് പോയ അന്ന് രാത്രി ദേവ ബാൽക്കണിയിൽ നിന്ന് നോക്കിയപ്പോൾ പതിവുപോലെ താര താഴെ ഇരിക്കുന്നുണ്ട്… അവൻ താഴേക്കു ഇറങ്ങി… അവനെ കണ്ടപ്പോൾ അവൾ ഒന്ന്‌ ചിരിച്ചു.. പക്ഷെ ആ ചിരിക്ക് സാധാരണ ഉള്ള തിളക്കം നഷ്ടപ്പെട്ടിരുന്നു… എന്ത് പറ്റി താര… ആകെ മൂഡോഫ് ആണല്ലോ…. സംഗീത് പോയതിന്റെ വിഷമം ആണെന്ന് അറിഞ്ഞിട്ടും ദേവ ചോദിച്ചു…. ഒന്നും ഇല്ല മാഷ്ക്ക് തോന്നിയതാ.. അവൾ ഒരു ഒഴുക്കൻ മട്ടിൽ പറഞ്ഞു… അങ്ങനെ എങ്കിൽ അങ്ങനെ…. ഞാൻ തന്നോട് ഒരു കാര്യം ചോദിക്കട്ടെ…. എന്താ…..

അന്ന് താനെന്റെ ബർത്ഡേക്ക് തന്ന പുസ്തകത്തിൽ എഴുതിയതിന്റെ അർഥം എന്താ… അവൻ രണ്ടും കല്പ്പ്പിച്ചു ചോദിച്ചു. മാഷ്ക്ക് മലയാളം അറിയില്ലേ.. അതിൽ എഴുതിയത് തന്നെ ആണ്‌ അതിന്റെ അർഥം… അതല്ലടോ… താനെന്താ ഉദേശിച്ചത്‌…. ഞാൻ ഒന്നും ഉദ്ദേശിച്ചില്ല ന്റെ മാഷേ … അതൊക്കെ ചുമ്മാ എന്റെ ഓരോ വട്ട് ആയിട്ട് കണ്ട മതി…. അവൾ തമാശയായി പറഞ്ഞു… ഞാൻ അത് സീരിയസ് ആയിട്ട് എടുത്താലോ…. എന്ത്…. അടുത്ത ജന്മത്തിൽ കളഞ്ഞതുപോയ മോതിരം ഞാൻ കണ്ടുപിടിക്കാം.. .. അപ്പോൾ താനെനിക്ക് എന്ത് തരും… എന്താ വേണ്ടേ.. അവൾ ഗൗരവത്തോടെ ചോദിച്ചു… കുറച്ചു നേരം ആലോചിച്ചു അവൻ പറഞ്ഞു. എന്താ വേണ്ടെന്ന് ഞാൻ അപ്പോൾ പറയാം .. അയ്യോ അത് പറ്റില്ല ഇപ്പൊ പറ…. അവൾ കൊഞ്ചി… അവളുടെ ആ സംസാരം കേട്ടപ്പോൾ അവന് സ്വയം നിയന്ത്രിക്കാൻ കഴിയാത്ത പോലെ തോന്നി.. അവളെ തന്റെ നെഞ്ചിലേക്ക് വലിച്ചിട്ട് ഇറുകെ പുണർന്നു…

നിന്നെ മാത്രം മതി എനിക്ക് എന്ന് പറയാൻ മനസ് വെമ്പൽ കൊണ്ടു…. പറയാൻ മനസില്ല… അവളെ കളിയാക്കി അവൻ പറഞ്ഞു….. അല്ലേലും ഈ മാഷിന്റെ മനസ് ശെരി അല്ല… വല്ലാത്ത ദുഷ്ടൻ ആണ്‌… ആരു ഞാനോ… അവൻ മുഖം കൂർപ്പിച്ചു ചോദിച്ചു….. അല്ല… മനസ്…. അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു…. എന്നെ എന്ത് വേണേലും പറഞ്ഞോ… എന്റെ മനസിനെ പറയാൻ പാടില്ല… അതെന്താ മാഷിന്റെ മനസ് അത്രക്ക് കോസ്‌റ്റ്ലി ആണോ… എന്റെ മനസിന് അത്ര വില ഒന്നും ഇല്ല… പക്ഷെ മനസിന്റെ ഉള്ളിൽ ഉള്ളതിന് എന്റെ ജീവന്റെ വില ഉണ്ട്… ഓ ഭയങ്കര സാഹിത്യം ആണല്ലോ മാഷേ… അതൊക്കെ പോട്ടേ… ഞാൻ വേറൊരു കാര്യം ചോദിക്കട്ടെ… ബാക്കി എല്ലാവരുടെ മുന്നിലും ഞാൻ ദേവ സർ… നമ്മൾ ഒറ്റക്ക് ആവുമ്പോ മാഷ്… അതെന്താ അങ്ങനെ.. അവൾ ചിരിച്ചു…

ആ ചിരിക്ക് ആകാശത്തിലെ ചന്ദ്രനെക്കാൾ ശോഭ ഉണ്ടായിരുന്നു… എല്ലാവരുടെ മുന്നിലും വെച്ച് ഞാൻ സർ നെ റെസ്‌പെക്ട് ചെയ്തില്ലെങ്കിൽ മോശം അല്ലേ…. അപ്പൊ ആരും ഇല്ലാത്തപ്പോ എന്നെ റെസ്‌പെക്ട് ചെയ്യുന്നില്ലേ…. അവൻ കളിയാക്കി ചോദിച്ചു… ചെയ്യണോ… അവൾ കുസൃതി യോടെ ചോദിച്ചു… അവളുടെ ആ കുസൃതിയിൽ ദേവ എല്ലാം മറന്നു…. വേണ്ട…. അവൻ ചിരിച്ചുകൊണ്ട് തല വെട്ടിച്ചു… അവനൊരു മനോഹരമായ ചിരി നൽകി അവൾ മുറിയിലേക്ക് നടന്നു… അവൾ പോയിട്ടും ആകാശത്തെ താരകങ്ങളെ നോക്കി അവൻ തന്റെ താരകത്തിനെയും ഓർത്തു നിന്നു… അവന്റെ ഫോണിൽ മെസ്സേജ് നോട്ടിഫിക്കേഷൻ വന്നപ്പോൾ അവൻ തലതാഴ്ത്തി ഫോണിലേക്ക് നോക്കി… താരയുടെ മെസ്സേജ് ആയിരുന്നു അത്…. ആകാശത്തിന്റെ ഭംഗി നോക്കി നിൽക്കാതെ പോയി കിടന്ന് ഉറങ്ങെന്റെ മാഷേ …..

അവന്റെ ചുണ്ടിൽ അറിയാതൊരു ചിരി വിരിഞ്ഞു… ശെരി മാഡം അവൾക്ക് റിപ്ലൈ കൊടുത്ത് അവൻ മുകളിലേക്ക് പോയി…. പിറ്റേന്ന് കോളേജിൽ ഏതോ സീനിയർ പയ്യന് നേരേ ജൂനിയർ കയ്യോങ്ങി എന്ന് പറഞ്ഞ് ജൂനിയർ സീനിയർ അടി ആയിരുന്നു രാവിലെ തന്നെ… ആദ്യം ഒന്നും ചെറിയ പ്രശ്നം ആണെന്ന് കരുതി അദ്ധ്യാപകർ ഇടപെട്ടില്ല… പക്ഷെ കുറച്ചു കഴിഞ്ഞപ്പോഴേക്കും അടി ശക്തമായി തുടങ്ങി… ബാറ്റും ഹോക്കി സ്റ്റിക്ക്‌ കല്ല് എല്ലാം കൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും അടി ആയി… അവസാനം കുട്ടികളെ പിടിച്ചു വെക്കാൻ അദ്ധ്യാപകരും ഇറങ്ങി… കുട്ടികളെ പിടിച്ചു മാറ്റുന്നതിന് ഇടയിൽ ആരോ എറിഞ്ഞ ഒരു കരിങ്കല്ല് അപ്രദീക്ഷിതമായി ദേവയുടെ തലയിൽ കൊണ്ടു… അവന്റെ നെറ്റിയിലൂടെ ചോര ഒലിച്ചു തുടങ്ങി… എല്ലാവരും അടിപിടിയിൽ ആയിരുന്നത് കൊണ്ട് അവന് പരിക്ക് പറ്റിയത് ആരും ശ്രദ്ധിച്ചില്ല…

അവന് തല ചുറ്റുന്നത് പോലെ തോന്നി… അവൻ മെല്ലെ പുറകിലേക്ക് നടന്നു…. അവന് ബോധം മറയുന്നത് പോലെ തോന്നി… അവനൊരു മരത്തിന്റെ താഴേക്ക് ഇരുന്നു… രക്തം അവന്റെ കണ്ണുകളുടെ കാഴ്ച്ച മറച്ചുകൊണ്ടിരുന്നു… കണ്ണടയുമ്പോൾ അവൻ കണ്ടു… അവന്റെ അടുത്തേക്ക് ഓടി വരുന്ന താരയെ… അവളുടെ കണ്ണുകളിൽ വേദന…. കണ്ണ് നിറഞ്ഞൊഴുകുന്നുണ്ട്… കണ്ണടയും മുന്നേ അവൻ കണ്ടു തനിക്കുവേണ്ടി വേദനിക്കുന്ന തരായെ… അന്ന് സംഗീതിന് പരിക്ക് പറ്റിയപ്പോൾ അവളുടെ കണ്ണുകളിൽ കണ്ട വേദനയേക്കാൾ ശക്തമായ വേദന അവളുടെ കണ്ണുകളിൽ ദേവ കണ്ടു…. ബോധം വീണപ്പോൾ ദേവ ഹോസ്പിറ്റലിൽ ആയിരുന്നു… കണ്ണ് തുറന്നപ്പോൾ അരികിൽ ഫസലും അഭിയും ഉണ്ട്… പക്ഷെ അവന്റെ കണ്ണുകൾ തിരഞ്ഞത് അവളെ ആയിരുന്നു…

തന്റെ പ്രാണനെ… തനിക്ക് വേദനിച്ചപ്പോൾ ആദ്യം ഓടി എത്തിയവൾ…തന്നേക്കാളേറെ വേദനിച്ചവൾ… തന്റെ പ്രിയപ്പെട്ടവൾ… നീ ആരെയാ നോക്കുന്നേ… ഫസൽ ചോദിച്ചപ്പോൾ ദേവ അവനെ നോക്കി… നിങ്ങൾ മാത്രമേ ഉള്ളോ…. അല്ല താരയും ഉണ്ട്… അവൾ ബ്ലഡ്‌ കൊടുക്കാൻ പോയതാ… നിന്റെ മുറിവിൽ നിന്ന് ഒത്തിരി ബ്ലഡ്‌ പോയി… അത് കയറ്റിക്കൊണ്ടിരിക്കാ… അപ്പോൾ ആണ് അവൻ കൈലേക്ക് നോക്കിയത്… ഒരു കുപ്പി ഏകദേശം തീരാറായിട്ടുണ്ട്… താരയുടെയും നിന്റെയും ബ്ലഡ്‌ ഗ്രൂപ്പ്‌ ഒന്നാണ്… അത്കൊണ്ട് അവൾ തന്നെ കൊടുക്കാം എന്ന് പറഞ്ഞു… ഒരു കുപ്പി ബ്ലഡ്‌ കോളേജിലെ ഒരു കുട്ടിയും കൊടുത്തു… ഇനി താരയുടെ കൂടി കയറ്റി കഴിഞ്ഞാൽ വീട്ടിൽ പോകാം…. അവൻ മറുപടി പറഞ്ഞില്ല… താര അവൾ തന്നെ ഓരോ തവണയും അത്ഭുതപ്പെടുത്തുകയാണ്….

അവൾ എന്തൊക്കെയാണ് തനിക്ക് വേണ്ടി ചെയുന്നത്…. സിസ്റ്റർ വന്ന് ബ്ലഡ്‌ കയറ്റുന്ന ട്യൂബ് ഊരി അടുത്തത് ഇടാൻ നോക്കിയപ്പോൾ ആണ്‌ ദേവ ഓർമകളിൽ നിന്ന് തിരിച്ചെത്തിയത്…. സിസ്റ്റർ അടുത്ത കുപ്പി ബ്ലഡ്‌ ഇട്ടു… ഇത് തന്റെ പ്രാണന്റെ രക്തം ആണ്‌… എനിക്ക് വേണ്ടി അവൾ ഏറ്റുവാങ്ങിയ ആദ്യത്തെ വേദനയുടെ ഫലം… ദേവയുടെ കണ്ണുകൾ നിറഞ്ഞു… സിസ്റ്റർ ഈ ബ്ലഡ്‌ തന്ന കുട്ടി എവിടെ… ഇത് വരെ ഇങ്ങോട്ട് എത്തിയില്ല.. അഭി ചോദിച്ചപ്പോൾ ആണ്‌ ദേവയും ആ കാര്യം ഓർത്തത്… ഓ ആ കുട്ടി ബ്ലഡ്‌ കൊടുത്തു എഴുന്നേറ്റപ്പോൾ ഒന്ന്‌ തലകറങ്ങി വീണു… സോ അവിടെ തന്നെ കിടത്തി ഒരു ഡ്രിപ് ഇട്ടു ..ഭക്ഷണം കഴിച്ചിരുന്നില്ലെന്ന് തോന്നുന്നു… അതിന്റെ ആവും… പേടിക്കാൻ ഒന്നും ഇല്ല ഡ്രിപ് കഴിഞ്ഞാൽ പോകാം… ദേവക്ക് അത് കേട്ടപ്പോൾ സഹിക്കാനായില്ല.. അവളെ കാണാൻ അവന്റെ മനസ് വെമ്പി…

വീണ്ടും വീണ്ടും അവൾ തന്നെ സ്നേഹിച്ച് തോൽപ്പിക്കുകയാണ്….. അഭി നീ ഒന്ന്‌ പോയി നോക്ക്… അവൾ അവിടെ ഒറ്റക്കല്ലേ…. ദേവയുടെ വാക്കുകളിൽ പരിഭ്രമം നിറഞ്ഞിരുന്നു… അഭി അവളുടെ അടുത്ത് എത്തി ഫോൺ ചെയ്ത് കുഴപ്പം ഒന്നും ഇല്ലെന്ന് പറഞ്ഞപ്പോൾ ആണ്‌ അവന് സമാധാനം ആയത്… ബ്ലഡ്‌ കയറ്റി തീരാറായപ്പോളേക്കും അഭിയും താരയും എത്തി… ദേവയുടെ അരികിൽ അവൾ വന്നിരുന്നു… അവനെ അലിവോടെ നോക്കി.. ആ നോട്ടത്തിൽ ദേവ ഒന്ന്‌ പതറി.. ആദ്യമായി അവളുടെ കണ്ണുകളിൽ ഇതുവരെ കാണാത്തത് എന്തോ കണ്ടപോലെ അവന് തോന്നി… താരയെ അവനരികിൽ ആക്കി ഫസലും അഭിയും ബില്ല് അടക്കാൻ പോയി… അവർ പോയപ്പോൾ അവൾ സംസാരിച്ചു തുടങ്ങി… ഇപ്പൊ വേദന ഉണ്ടോ മാഷേ…. ആ ചോദ്യത്തിൽ തന്നോടുള്ള കരുതലും, സ്നേഹവും നിറഞ്ഞിട്ടുണ്ടെന്ന് ദേവക്ക് തോന്നി… ഇല്ല…. അവൻ അവളുടെ കണ്ണുകളിൽ നോക്കി പറഞ്ഞു…

തനിക്ക് വേദനയുണ്ടോ… അവളുടെ ബ്ലഡ്‌ എടുത്ത കൈകൾ പിടിച്ചു കൊണ്ട് അവൻ ചോദിച്ചു… ഇല്ല എന്നവൾ തലയാട്ടി… അപ്പോഴേക്കും അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു… എന്ത് പറ്റി താരേ.. എന്താ കണ്ണ് നിറഞ്ഞത്.. ഒന്നുമില്ല മാഷേ കണ്ണിലെന്തോ പോയതാ… അവൾ തലതാഴ്ത്തി കണ്ണ് തുടച്ചു പറഞ്ഞു… അവൾ പറഞ്ഞത് കള്ളം ആണെന്ന് അറിഞ്ഞിട്ടും ദേവ പിന്നെ ഒന്നും ചോദിച്ചില്ല… മൗനം അവർക്കിടയിൽ തളം കെട്ടി കിടന്നു… ദേവക്ക് അവളോടെന്തൊക്കെയോ ചോദിക്കണം എന്ന് തോന്നി… എനിക്ക് പരിക്ക് പറ്റിയത് താനെങ്ങനെ കണ്ടു… നിശബ്ദതയെ കീറിമുറിച്ചു ദേവ ചോദിച്ചു… ഞാൻ അവിടെ തന്നെ ഉണ്ടായിരുന്നു… മാഷ് കുട്ടികളുടെ ഇടയിലേക്ക് ഇറങ്ങിയപ്പോൾ ഞാൻ കണ്ടിരുന്നു… പിന്നെ നോക്കിയപ്പോൾ കാണാൻ ഇല്ല.. ചുറ്റും നോക്കിയപ്പോൾ ആണ്‌ കണ്ടേ മരത്തിനു ചുവട്ടിൽ ചോരയിൽ കുളിച്ചു ഇരിക്കുന്ന മാഷേ… മ്മ്.. ദേവ മറുപടി മൂളലിൽ ഒതുക്കി… തനിക്കു പരിക്ക് പറ്റിയപ്പോൾ എന്തിനാ കരഞ്ഞേ… എന്ന് ചോദിക്കണം എന്നുണ്ടായിരുന്നു അവന് .

പക്ഷെ ചോദിച്ചില്ല… അപ്പോഴേക്കും ഫസലും അഭിയും എത്തി… അവർ വീട്ടിലേക്ക് പോന്നൂ… വീട്ടിൽ എത്തി അവൻ ഒന്ന്‌ ഉറങ്ങി.. എഴുനേറ്റപ്പോഴേക്കും സന്ധ്യ കഴിഞ്ഞിരുന്നു… ദേവി മിസ്സും രമ്യയും അവനെ കാണാൻ വന്നു… പക്ഷെ താര വന്നില്ല…കുറെ നേരം എല്ലാരുംകൂടി സംസാരിച്ചു… അവർ പോയപ്പോഴേക്കും അമ്മ വിളിച്ചു… അമ്മയുടെ വാക്കുകളിൽ പേടിയും വേദനയും നിറഞ്ഞിരുന്നു… അമ്മയോട് സംസാരിച്ചു കട്ടിലിൽ ഇരിക്കുകയായിരുന്നു ദേവ… എത്ര പറഞ്ഞിട്ടും അമ്മയുടെ സങ്കടം മാറുന്നില്ലായിരുന്നു വെറുതെ ഒന്ന്‌ തിരിഞ്ഞു നോക്കിയപ്പോൾ കണ്ടു വാതിലിൽ തന്നെ നോക്കി നിൽക്കുന്ന താരയെ… ആ അമ്മക്ക് ഞാൻ പറഞ്ഞാലല്ലേ വിശ്വാസം ഇല്ലാത്തുള്ളൂ… ഞാൻ ഇതാ താരക്ക് കൊടുക്കാം അവൾ പറയും… എന്ന് പറഞ്ഞു ദേവ ഫോൺ താരക്ക് നേരേ നീട്ടി…

താര ചിരിച്ചുകൊണ്ട് ഫോൺ വാങ്ങി ബാൽകണിയിലേക്ക് ഇറങ്ങി… അമ്മയോട് സംസാരിച്ചുകൊണ്ട് ബാൽക്കണിയിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന താരയെ നോക്കി ദേവ കട്ടിലിൽ ഇരുന്നു… ഒരു അര മണിക്കൂർ കഴിഞ്ഞപ്പോൾ ഫോൺ വെച്ച് താര അകത്തേക്ക് വന്നു… എന്താടോ ഇത്.. എന്താ എന്റെ അമ്മയോട് ഇത്ര പറയാൻ ഉള്ളേ…. ആ അതൊക്കെഉണ്ട്… മോന്റെ കുറ്റം ഓക്കെ പറഞ്ഞു തീരണ്ടേ… ഇതിനും മാത്രം എന്ത് കുറ്റമാ എനിക്ക് ഉള്ളേ.. ദേവ അല്പം സങ്കടത്തോടെ ചോദിച്ചു… അയ്യോ ഞാൻ വെറുതെ പറഞ്ഞതാ മാഷേ… അപ്പോളേക്കും കാര്യം ആക്കിയോ… അവളുടെ മുഖം അപ്പോളേക്കും മങ്ങിയിരുന്നു.. അയ്യോ ഞാനും ഒരു തമാശ പറഞ്ഞതാ.. അവൻ ചിരിച്ചു… അവൾ അവനെ ഒന്ന്‌ നോക്കി പേടിപ്പിച്ചു പുറത്തിറങ്ങി.. തന്റെ അമ്മയും അവളും എത്ര പെട്ടന്ന് ആണ്‌ കൂട്ടായത് …

അമ്മക്ക് അവളെക്കാൾ നല്ലൊരു മരുമകളെ തനിക്ക് കൊടുക്കാൻ കഴിയില്ല… പക്ഷെ വിധി അത് തനിക്ക് അനുകൂലം ആവുമോ… സംഗീത് വന്ന് അവന്റെ മായ താര ആണെന്ന് പറഞ്ഞാൽ അത് തനിക്ക് താങ്ങാനാവുമോ… അവൾ എഴുതിയ പ്രണയ കവിതകൾ ഓക്കെ സംഗീതിന് വേണ്ടി ആയിരുന്നെന്ന് താര പറഞ്ഞാൽ അത് തനിക്ക് സഹിക്കാൻ ആവുമോ… അവന്റെ മനസ് വീണ്ടും കലുഷിതമായി… ഹേലോ മാഷേ ഏത് ലോകത്താണ്… താര വിളിച്ചപ്പോൾ ദേവ തിരിഞ്ഞു നോക്കി.. താൻ പോയില്ലേ… ആഹാ അത് നല്ല കഥ… ഇപ്പൊ ഞാൻ പോവാൻ ഉദ്ദേശിച്ചിട്ടില്ല… വന്നേ ഈ കഞ്ഞി കുടിച്ചേ അവൾ കൈയിലുള്ള പ്ലേറ്റ് ദേവക്ക് നേരേ നീട്ടി… എന്റെ താരേ… എനിക്ക് പനി ഒന്നും അല്ലല്ലോ.. പിന്നെ എന്തിനാ എന്നെ ഈ കഞ്ഞി കുടിപ്പിക്കുന്നേ… അതൊന്നും പറഞ്ഞാൽ പറ്റില്ല… അമ്മ പറഞ്ഞു ഇന്ന് കഞ്ഞി മാത്രം കൊടുത്താൽ മതി എന്ന്…

അതിന് അമ്മ ഇപ്പൊ വിളിച്ചു വെച്ചതല്ലേ ഉള്ളൂ.. അപ്പോളേക്കും താൻ കഞ്ഞി ഉണ്ടാക്കിയോ… അതിന് മാഷേ അല്ലേ ഇപ്പൊ വിളിച്ചേ… എന്നെ വൈകുന്നേരം വിളിച്ചതാ… അവൾ ഒരു കള്ളച്ചിരിയോടെ പറഞ്ഞു… വൈകുന്നേരം വിളിച്ചിട്ടാണോ താനിപ്പോ എന്റെ ഫോണിൽ അര മണിക്കൂർ സംസാരിച്ചത്.. അതേ… അവൾ നിഷ്കളങ്കമായി തല ആട്ടി.. സമ്മതിച്ചു രണ്ടാളെയും… അവൻ കൈകൂപ്പി.. അത് കണ്ടപ്പോൾ താരക്ക് ചിരി വന്നു.. അവളുടെ കൈയിലെ കഞ്ഞി വാങ്ങി അവൻ കട്ടിലിലേക്ക് ഇരുന്ന്… അത് കുടിക്കാതെ ഇളക്കി ഇരുന്നു… എന്താ കുടിക്കാൻ ഒരു മടി… അവൾ ചോദിച്ചു… എനിക്ക് കഞ്ഞി ഇഷ്ടം അല്ല താരേ… ഇനി കുടിക്കണം എന്നുണ്ടേൽ ഇതിനൊപ്പം ഒരു സാധനം കൂടെ വേണം… ദേ ഇതല്ലേ.. താര തന്റെ മറുകൈയിൽ ഒളിപ്പിച്ച പൊതി അവന് നേരേ നീട്ടി… ഇത് ഒപ്പിക്കാൻ ഞാൻ പെട്ട പാട് എനിക്കേ അറിയൂ… അവൾ പൊതി അഴിക്കുന്നതിന്റെ ഇടയിൽ പറഞ്ഞു…

പൊതി തുറന്നപ്പോൾ ദേവയുടെ കണ്ണുകൾ സന്തോഷിച്ചു… കാന്താരി…. അവൻ സന്തോഷത്തോടെ പൊതിയിൽ നിന്ന് ഒന്നെടുത്ത് താരയെ നോക്കി കടിച്ചു… അതിന്റെ എരിവ് അവൾ അറിഞ്ഞ പോലെ അവൾ മുഖം ചുളിച്ചു കണ്ണടച്ചു… അത് കണ്ടപ്പോൾ ദേവക്ക് ചിരി വന്നു… ശെരിക്കും ഒന്ന്‌ അവളുടെ വായിൽ വെച്ച് കൊടുക്കാൻ അവന് തോന്നി… ഒരു ഭാവ വ്യത്യാസവും കൂടതെ കഞ്ഞിക്ക് ഒപ്പം മുളക് കടിച്ചു തിന്നുന്ന ദേവയെ തരാ അന്തം വിട്ടു നോക്കി ഇരുന്നു… താനെന്താടോ ഇങ്ങനെ നോക്കുന്നേ… എരിയുന്നില്ലേ.. അവൾ നിഷ്കളങ്കമായി ചോദിച്ചു… ഹേയ് ഒരു എരിവും ഇല്ല… എന്ന് പറഞ്ഞു അവൻ ഒരു കടി കൂടെ കടിച്ചു… വേണേൽ നീ ഒരു കഷ്ണം തിന്ന് നോക്ക്.. എന്ന് പറഞ്ഞു.. കടിച്ചതിന്റെ പാതി അവൾക് നേരേ നീട്ടി.. അവൾ അത് നിരസിക്കും എന്ന ഉറപ്പിലാണ് അവൻ അത് ചെയ്തത്…

പക്ഷെ അവനെ ഞെട്ടിച്ചു കൊണ്ട് അവൾ അത് വാങ്ങി വായിലിട്ടു… കടിച്ചു ചവച്ചു.. അവൾ അറിയാതെ എരിച്ചിൽ പുറത്ത് വന്നു… അയ്യോ മാഷേ എരിഞ്ഞിട്ട് വയ്യ… എന്നും പറഞ്ഞു ദേവ കുടിച്ചുകൊണ്ടിരുന്ന കഞ്ഞി വാങ്ങി അത് പ്ളേറ്റോടെ വായിലേക്ക് കമത്തി…കഞ്ഞിവെള്ളം ഉള്ളിൽ ചെന്നപ്പോൾ അവൾക്ക് തെല്ലൊരു ആശ്വാസം തോന്നി…. അവളുടെ ചേഷ്ടകൾ കണ്ട് ദേവക്ക് ചിരിയും ഒപ്പം തന്നെ സഹതാപവും തോന്നി… അവൻ കഴിച്ചതിന്റെ പാതി അവൾ കഴിച്ചതിൽ അവന് പറഞ്ഞു അറിയിക്കാൻ പറ്റാത്ത ഒരു വികാരം തോന്നി… എരിവ് മാറിയോ… അവൻ സ്നേഹത്തോടെ ചോദിച്ചു… മ്മ്.. അവൾ മൂളി താനെന്ത് പണിയാടോ കാണിച്ചേ.. മുളക് ഏരിയും എന്ന് തനിക്ക് അറിഞ്ഞൂടെ… മാഷല്ലേ പറഞ്ഞേ എരിവില്ലാന്ന്… അവൾ കുട്ടിത്തത്തോടെ ചോദിച്ചു… ഇപ്പോൾ അവളുടെ മുഖം കണ്ടാൽ കെട്ടിപിടിച്ചു ഒരുമ്മ കൊടുക്കാൻ തോന്നും..

അത്രയും നിഷ്കളങ്കമായിരുന്നു…. ദേവക്ക് തോന്നി… താൻ ശെരിക്കും മണ്ടൂസ് ആണോ.. അതോ അഭിനയിക്കുന്നതാണോ… ഉള്ളിലെ വികാരം അടക്കി ദേവ കളിയാക്കി ചോദിച്ചു… പോ മാഷേ… എന്നോട് മിണ്ടണ്ട… അവൾ അവനോട് പിണങ്ങി പ്ളേറ്റും വാങ്ങി ഓടി… അവന്റെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു… പിറ്റേന്ന് രാവിലെ എണീറ്റപ്പോൾ ദേവക്ക് തല ചെറുതായി വേദന തോന്നി.. അത്കൊണ്ട് അവൻ ലീവ് എടുത്തു… എല്ലാവരും പോകാൻ ഇറങ്ങി… അപ്പോൾ ആണ്‌ താര അവനെ കാണാൻ മുകളിലേക്ക് വന്നത്… വേദന ഉണ്ടല്ലേ മാഷേ.. അവൾ സങ്കടത്തോടെ ചോദിച്ചു… ഹേയ് അത്രക്കൊന്നും ഇല്ല… എന്നാലും ലീവ് എടുക്കാം എന്ന് വെച്ചു… മ്മ്.. റസ്റ്റ്‌ എടുത്തോളൂ.. വേഗം മാറും… പിന്നെ ഫോണിൽ അധികം നോക്കി ഇരുന്ന് തലവേദന കൂട്ടണ്ട… ബോർ അടിച്ചാൽ ഈ പുസ്തകം വായിച്ചോളൂ..

അവൾ ഒരു പുസ്തകം അവന് നേരേ നീട്ടി.. ഹരിദ്വാറിൽ മണികൾ മുഴങ്ങുന്നു.. എം .മുകുന്ദൻ മാഷിന്റെ ടേസ്റ്റ് ആണോ എന്ന് അറിയില്ല… വായിച്ചു നോക്കൂ.അതും പറഞ്ഞവൾ പോയി… ദേവ ആ ബുക്കും എടുത്ത് ബാൽകണിയിൽ വന്നിരുന്നു… പുസ്തകത്തിന്റെ ആദ്യത്തെ പേജ് മറിച്ചു.. എന്റെ വായാടിപ്പെണ്ണിന്….. സംഗീത് അതിലൊരുവേള അവന്റെ കണ്ണുകൾ ഉടക്കി.. സംഗീതിന്റെ സമ്മാനം ആണിത്.. അവൾക്കുവേണ്ടി താനിതുവരെ ഒന്നും നൽകിയില്ലല്ലോ എന്നോർത്ത് അവന് സങ്കടം തോന്നി…. അവൻ ആ പുസ്തകം വായിച്ചിരുന്നു… “” അവർ പടവുകളിലൂടെ താഴോട്ടിറങ്ങി അഞ്ചാമത്തെ പടവിൽ ഇരുന്നു. അവിടെ എണ്ണയും പുഷ്പങ്ങളും അഴുകിക്കിടന്നിരുന്നു. ജലം നിറയെ ഒഴുകുന്ന പുഷ്പങ്ങളാണ്‌. അവർ കൈക്കുമ്പിളിൽ ഗംഗാജലം കോരിക്കുടിച്ചു. ഭീമസേനന്റെ ശരീരത്തിലെ ഉപ്പിന്റെ രുചിയുള്ള ജലം. ‘നാം ഇന്നുമുതൽ പാപത്തിൽനിന്നു മോചിതരാണ്‌.’

‘അതിന്‌ നമ്മളെന്ത്‌ പാപമാണ്‌ ചെയ്തത്‌ രമേശ്?’ ‘ജീവിക്കുന്നു എന്ന പാപം.’ “”” ആ വരികളിൽ അവന്റെ കണ്ണുടക്കി… ആ വരികൾക്ക് താഴെ താരയും അടിവര ഇട്ടിരുന്നു… മൂന്ന് മണിയോടെ അവൻ അത് മുഴുവൻ വായിച്ചു തീർത്തു… ഭക്ഷണം പോലും ഉണ്ടാക്കിയില്ല… അവന് ഒന്ന് കിടക്കാൻ ആണ്‌ തോന്നിയത് അവൻ സുഖമായി ഒന്ന്‌ ഉറങ്ങി… കാളിങ് ബെൽ അടിക്കുന്ന ശബ്ദം കേട്ടാണ് അവൻ ഉണർന്നത്… ക്ലോക്കിൽ സമയം നാലര… കോളേജിൽ നിന്ന് എല്ലാവരും എത്തിയതാകും… അവൻ കതക് തുറന്നു… പക്ഷെ മുന്നിൽ താര ആയിരുന്നു… എന്താ മാഷേ ഉറക്കം ആയിരുന്നോ… മ്മ്… ഉറങ്ങിപ്പോയി.. അല്ല എല്ലാവരും എവിടെ.. ആരും എത്തില്ലല്ലോ ഇന്ന് സ്റ്റാഫ്‌ മീറ്റിംഗ് ഉണ്ട്… തലവേദന ആണെന്ന് പറഞ്ഞു ഞാൻ മുങ്ങി… അതെന്തേ… ആഹാ നല്ല ചോദ്യം ..

ഇവിടെ ഒരാൾ വയ്യാതെ ഉച്ചക്ക് പട്ടിണി കിടക്കുമ്പോൾ ഞാൻ അവിടെ പ്രസംഗം കേട്ടിരിക്കല്ലേ… നല്ല കഥ ആയി… വേഗം കൈകഴുകി വന്ന് ഇത് കഴിച്ചേ… അവൾ കൈയിൽ ഉള്ള പ്ളേറ്റ് മേശ പുറത്തു വെച്ചു… ഞാൻ ചായ ഉണ്ടാക്കില്ല… ഇവിടന്ന് ഉണ്ടാക്കാം എന്ന് വെച്ചു.. അതും പറഞ്ഞു അവൾ അടുക്കളയിൽ പോയി… . ദേവ പ്ളേറ്റ് തുറന്ന് നോക്കി… ദോശയും മൂപ്പിച്ച ഉള്ളി ചമ്മന്തിയും… അവനേറ്റവും ഇഷ്ടമുള്ളത്… താരേ നിന്റെ മുന്നിൽ വീണ്ടും ഞാൻ തോറ്റു… മനസ്സിൽ പറഞ്ഞു അവൻ കൈ കഴുകി ദോശയും എടുത്ത് അടുക്കളയിൽ ചെന്നു… താര ചായ ഉണ്ടാക്കുകയാണ്… അവൻ അവൽക്കരികിൽ സ്ലാബിൽ കയറി ഇരുന്നു… ഞാൻ ഉച്ചക്ക് ഒന്നും കഴിക്കില്ലെന്ന് താനെങ്ങനെ അറിഞ്ഞു…. അവൻ ദോശ ചമ്മന്തിയിൽ ഒപ്പി വായിൽ വെച്ച് ചോദിച്ചു… അതൊക്കെ എനിക്ക് അറിയാം…

അവന് മുഖം കൊടുക്കാതെ ചായയിൽ പഞ്ചസാര ഇട്ടുകൊണ്ട് അവൾ പറഞ്ഞു… എനിക്ക് ദോശ ആണ്‌ ഇഷ്ടം എന്ന് താനെങ്ങനെ അറിഞ്ഞു…. അമ്മ പറഞ്ഞു… ചായ കപ്പിലേക്ക് പകർന്ന് അവന് നൽകികൊണ്ട് പറഞ്ഞു… അവൾ ഉണ്ടാക്കിയ ചായ ചുണ്ടോടടുപ്പിച്ചു കുടിച്ചു… എന്നിട്ട് അവളുടെ മുഖത്തു നോക്കി ഒരു ചിരി കൊടുത്തു… ആഹാ അടിപൊളി ചായ ആണല്ലോ…. ഇനി അല്ലെങ്കിലും കുടിച്ചേ പറ്റൂ…. അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു… അല്ല.. ഇന്നലെ രാത്രി ആരോ എന്നോട് പിണങ്ങി പോയതായിരുന്നു.. രാവിലെ ആയപ്പോളെക്കും എല്ലാം മറന്നെന്നു തോന്നുന്നു… മുകളിലേക്ക് നോക്കി പറഞ്ഞു അവൻ അവളെ ഒന്ന്‌ ഇടം കണ്ണിട്ട് നോക്കി… അവൾ മുഖം താഴ്ത്തി ചിരിച്ചു നിൽക്കുകയാണ്… അവന് അപ്പോഴത്തെ അവളുടെ നിൽപ്പിൽ എന്തൊക്കെയോ തോന്നി… അപ്പോഴത്തെ ഏതോ മാനസിക പ്രേരണയിൽ അവൻ അവളുടെ തടിയിൽ പിടിച്ചു മുഖം ഉയർത്തി…

നാണം കൊണ്ടാണോ എന്നറിയില്ല.. അവളുടെ മുഖം ചുവന്ന് തുടുക്കുന്നത് അവനറിഞ്ഞു… അവൻ ഒരു കഷ്ണം ദോശ ചമ്മന്തിയിൽ ഒപ്പി അവളുടെ വായിൽ വെച്ചു… അനുസരണ ഉള്ള കുട്ടിയെ പോലെ അവൾ അത് കഴിച്ചു… അവന്റെ ഹൃദയം ക്രമാതീതമായി മിടിക്കുന്നത് അവൻ അറിഞ്ഞു…. ഇതുവരെ അനുഭവിക്കാത്ത പല വികാരങ്ങളും ഉയർന്നു പൊങ്ങുന്നത് അവൻ അറിഞ്ഞു… അവളെ ചേർത്ത് പിടിക്കാൻ അവന്റെ കൈകൾ തരിച്ചു…. അവളെ ചുംബനം കൊണ്ട് മൂടാൻ അവന്റെ അധരങ്ങൾ കൊതിച്ചു…. അവളിൽ നിന്ന് നോട്ടം വേർപ്പെടുത്താൻ അവന്റെ കണ്ണുകൾ മടിച്ചു…. അതേ സമയം അവന്റെ ഫോൺ ബെല്ലടിച്ചു… ഡിസ്പ്ലേ യിൽ “സംഗീത് കാളിങ് ” അത് കണ്ട നിമിഷം അവന്റെ ഹൃദയം മരവിച്ചു..

തുടരും

ദേവതാരകം : ഭാഗം 1

ദേവതാരകം : ഭാഗം 2

ദേവതാരകം : ഭാഗം 3

ദേവതാരകം : ഭാഗം 4

ദേവതാരകം : ഭാഗം 5

ദേവതാരകം : ഭാഗം 6

ദേവതാരകം : ഭാഗം 7

ദേവതാരകം : ഭാഗം 8

ദേവതാരകം : ഭാഗം 9

ദേവതാരകം : ഭാഗം 10