Thursday, December 19, 2024
Novel

ഭാര്യ : ഭാഗം 6

എഴുത്തുകാരി: ആഷ ബിനിൽ

“അതേയ്..” കാശി മെല്ലെ തനുവിന്റെ ചെവിക്കരികിൽ പോയി വിളിച്ചു. അവൾ പൊള്ളിപിടഞ്ഞുകൊണ്ട് അവനെ നോക്കി. “ഇവിടുന്ന് ഇറങ്ങി പോകാം എന്ന് വല്ല പ്ലാനും ഉണ്ടെങ്കിൽ അതങ്ങ് മാറ്റി വച്ചോളൂ. ഈ രാത്രി മുഴുവൻ ഉറങ്ങാതെ നിനക്ക് കവലിരിക്കാൻ പോകുകയാണ് ഞാൻ. എന്നിൽ നിന്ന് നിനക്കൊരു മോചനം ഇല്ല തനു” തനു അവന്റെ മുഖത്തേക്ക് തന്നെ നോക്കി നിർവികാരയായി കിടക്കുകയാണ്.

“ഇനി അതല്ല, ആത്മഹത്യ ചെയ്ത് എന്നെ തോൽപിച്ചു കളയാം എന്നാണ് നിന്റെ ചിന്ത എങ്കിൽ ഒന്നറിഞ്ഞോളൂ, നാളെ നിശ്ചയിച്ച മുഹൂർത്തത്തിൽ നമ്മുടെ കല്യാണം നടന്നില്ലെങ്കിൽ നീയെന്നല്ല, ആരും പിന്നെ എന്നെ ജീവനോടെ കാണില്ല.” തനു നടുങ്ങിപ്പോയി. കാശി തുടർന്നു: “നീ ഇല്ലാതാകുന്നതിന്റെ അടുത്ത നിമിഷം ഞാനും അവസാനിപ്പിക്കും ഈ ജീവിതം. എന്റെ പെണ്ണിന്റെ സോ കോൾഡ് ‘മാനം’ സംരക്ഷിക്കാൻ കഴിവില്ലാത്ത ഞാൻ പിന്നെ ജീവിച്ചിരിക്കുന്നതിൽ അർത്ഥം ഇല്ലല്ലോ.

മരണത്തിലൂടെ എങ്കിലും ഒരുമിക്കാം നമുക്ക്..” തനുവിന്റെ മനസിളക്കാൻ പറഞ്ഞതാണെങ്കിലും അവസാന വാക്കുകൾ പറഞ്ഞപ്പോൾ കാശിയുടെ സ്വരം മുറിഞ്ഞുപോയി. കണ്ണുകൾ നിറഞ്ഞു. നെഞ്ചു പിടഞ്ഞു. “കണ്ടു മതിയായിട്ടില്ല തനു നിന്നെ. സ്നേഹിച്ചു കൊതി തീർന്നിട്ടില്ല…” അവനെ തന്നെ നോക്കി കിടന്ന തനു ക്ഷീണവും മരുന്നിന്റെ ആലസ്യവും കാരണം പെട്ടന്ന് തന്നെ ഉറങ്ങിപ്പോയി. രാവിലെ മയക്കം വിട്ടുണർന്ന കാശി നോക്കുമ്പോഴും അവൾ നല്ല ഉറക്കത്തിൽ ആണ്.

മുറിവുകളും പാടുകളും കുറെയൊക്കെ മാറിയിരിക്കുന്നു. എങ്കിലും സൂക്ഷിച്ചു നോക്കിയാൽ ചിലതെല്ലാം ഇപ്പോഴും തെളിഞ്ഞുകാണാം. അവളെ തെല്ലുനേരം നോക്കി നിന്നതിനു ശേഷം അവൻ ബാത്‌റൂമിൽ കയറി ഫ്രഷ് ആയി വന്നു തനുവിനെ വിളിച്ച് എഴുന്നേൽപ്പിച്ചു. ഫ്രഷ് അകാൻ അവൻ അവളെ സഹായിച്ചു. ഭക്ഷണം കാശി ഓർഡർ ചെയ്തു വരുത്തിയിരുന്നു. അതവർ ഒരുമിച്ചു കഴിച്ചു. ഒൻപതു മണി ആയപ്പോഴേക്കും ഒരു സിസ്റ്റർ വന്നു തനുവിന്റെ കയ്യിലെ കാനുല ഊരി കൊടുത്തു. അവർക്ക് പുറകെ സൈക്യാട്രിസ്റ്റും വന്നു.

കാശിയെ പുറത്തു നിർത്തിയ ശേഷം ഒരു മണിക്കൂറോളം അവർ തനുവിനോട് സംസാരിച്ചു. ശേഷം കാശിയെ സംസാരിക്കാനായി തന്റെ ക്യാബിനിലേക്ക് വിളിപ്പിച്ചു. തനു ബുദ്ധിമോശം എന്തെങ്കിലും കാണിച്ചാലോ എന്നു ഭയന്ന് ഒരു സ്റ്റാഫിനെ അവളുടെ അടുത്ത് നിർത്തിയ ശേഷം ആണ് കാശി പോയത്. സൈക്യാട്രിസ്റ്റ് ഡോ. ശാലിനി മാത്യു വളരെ അനുകമ്പയുള്ള ഒരു സ്ത്രീയായിരുന്നു. തനുവിന്റെ ഇപ്പോഴത്തെ മാനസികാവസ്ഥ അവർ കാശിയെ പറഞ്ഞു മനസിലാക്കി.

അവനു ചില നിർദേശങ്ങളും നൽകിയാണ് അവർ പറഞ്ഞയച്ചത്. പത്തരയോടെ ബിലാലും ഷാഹിനയും എത്തി തനുവിനു ഡിസ്ചാർജ് നൽകി. അവർക്ക് വിളറിയ ഒരു ചിരി സമ്മാനിച്ചു തനു റൂമിന് പുറത്തേക്ക് നടന്നു. കാശി ബിലാലിനെ കൈകളിൽ തന്റെ കൈ ചേർത്തുവച്ചു. ഒന്നു കെട്ടിപ്പിടിച്ചു. പിന്നെ അവനും പുറത്തേക്കിറങ്ങി. കല്യാണം നടക്കുന്ന ഓഡിറ്റോറിയത്തിലേക്കാണ് അവർ പോയത്. ◆◆

ഇന്നലത്തെ സംഭവങ്ങൾക്ക് ശേഷം ചെമ്പമംഗലം തറവാട്ടിൽ എല്ലാവർക്കും മൗനം ആയിരുന്നു. തനുവിന്റെ അപകടം തരുൺ മാത്രമാണ് അറിഞ്ഞിരുന്നത്. മറ്റെല്ലാവരും അവൾക്ക് കുഴപ്പം ഒന്നും ഇല്ലതെ തിരിച്ചു കിട്ടിയതിൽ സന്തോഷിച്ചു. കുടുംബത്തിൽ നടന്നതൊന്നും മറ്റാരെയും അറിയിക്കാതെ ഇരിക്കാൻ അവർ പരമാവധി ശ്രമിച്ചു. എത്രയൊക്കെ ഒളിച്ചിട്ടും തനയ്‌യുടെ മുന്നിൽ പിടിച്ചുനിൽക്കാൻ തരുണിന് കഴിഞ്ഞില്ല. അവനോട് സത്യങ്ങളെല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ ആശ്വാസത്തിന് പകരം വേദന കൂടുകയാണ് ചെയ്തത്.

ഒരു കൊലപാതകിയുടെ ക്രൂരതയോടെ വിധി തങ്ങളുടെ സഹോദരിയെ തോല്പിച്ചിട്ടും ഒന്നും ചെയ്യാനാകാതെ അവർ നിന്നു. ആരെയും ഒന്നു അറിയിക്കാതെ എല്ലാം ഉള്ളിലൊതുക്കി. രാവിലെ എല്ലാവരും ഒരുങ്ങി ഓഡിറ്റോറിയത്തിലേക്ക് പോകാൻ റെഡിയായി. ഈ സമയം വരെ നീലുവിനോട് തനയ്യോ തരുണോ സംസാരിച്ചില്ല. മറ്റെല്ലാവരും ഇടക്ക് വന്നു മിണ്ടിയും പറഞ്ഞും പോകും. താര നീലുവിന്റെ കൂടെ ഒരു നിഴൽ പോലെ ഉണ്ടായിരുന്നു. ഒറ്റക്കാക്കി എന്ന അവൾക്ക് തോന്നൽ ഉണ്ടാകാതെ അവർ നോക്കി. അധികം ഒന്നും സംസാരിച്ചില്ലെങ്കിലും നീലുവിനെ ചേർത്തുപിടിക്കാൻ അവൾ ശ്രമിച്ചു.

അവൾക്ക് അതിന് അവസരം കൊടുക്കാൻ രാജീവ് തൻവിമോളെ അധിക സമയവും തന്റെ കൂടെ നിർത്തി. പത്തേമുക്കാൽ കഴിഞ്ഞപ്പോഴാണ് തനുവും കാശിയും ഓഡിറ്റോറിയത്തിൽ എത്തിയത്. തനു വാടി തളർന്ന ഒരു പൂവ് പോലെ തോന്നിച്ചു. BP ഷൂട്ട് ആയതിന്റെ ക്ഷീണം ആണെന്നാണ് എല്ലാവരും കരുതിയത്. തനയ്‌യും തരുണും എല്ലാം അറിഞ്ഞിട്ടും ഒന്നും അറിയാത്തവരെപോലെ നിന്നു, ഉള്ളിൽ കരഞ്ഞു. അബദ്ധത്തിൽ പോലും തന്റെ ഒരു നോട്ടം നീലുവിന്റെ നേരെ വീഴാതെ തനു ശ്രദ്ധിച്ചു, കാശിയും.

മറ്റെല്ലാവരെയും അവൾ ചേർത്തു പിടിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു. കാശിക്കു അതിൽ അത്ഭുതം ഒന്നും തോന്നിയില്ല, ദുഃഖങ്ങൾ ഉള്ളിൽ ഒളിപ്പിച്ചു നടക്കാൻ ആണല്ലോ എന്നും തനുവിനു ശീലം. നേരിട്ടല്ലെങ്കിലും തനിക്ക് സംഭവിച്ച ദുരന്തത്തിന്റെ കാരണക്കാരുടെ കൂട്ടത്തിൽ നീലുവിന്റെ പേരും എഴുതി വച്ചിരുന്നു തനു. അതുകൊണ്ട് അവളെ മനപൂർവം അവഗണിക്കാൻ അവൾ ശ്രമിച്ചു. ഒരുങ്ങിയിറങ്ങിയ തനു സുന്ദരിയായിരുന്നു. അവളുടെ സ്കിൻ ടോണുമായി ചേർന്നു പോകുന്ന മേക്കപ്പ് ആണ് ഉപയോഗിച്ചത്.

നീളൻ മുടി പിന്നിയിട്ടു നിറയെ പൂ ചൂടി. ഹരിയും സുമിത്രയും കരുതിയ സ്വർണം കൂടാതെ കൃഷ്ണന്റെ അമ്മ തനിക്കു നൽകിയ ആഭരണങ്ങളും മാലതി തനുവിനെ അണിയിച്ചിരുന്നു. റെഡ് കളർ കാഞ്ചിപുരം സാരിയും കൂടി ആയപ്പോൾ തനു സുന്ദരിയായി. കുടുംബത്തിലെ മുതിർന്നവരുടേയും ഏട്ടന്മാരുടെയും ചേച്ചിയുടെയും രാജീവേട്ടന്റെയും എല്ലാം അനുഗ്രഹം വാങ്ങി അവൾ കതിർ മണ്ഡപത്തിലേക്ക് നടന്നു. പുളിയിലക്കര മുണ്ടായിരുന്നു കാശിയുടെ വേഷം. കൂടെയൊരു മേൽമുണ്ടും.

ഒരുങ്ങിയിറങ്ങിയ തനുവിനെ കണ്ട കാശിയുടെ ഉള്ളം തുടിച്ചു. അവൾ ഇന്നുവരെ കണ്ടതിലും സുന്ദരിയായിരുന്നു. പക്ഷെ തന്നെ കാണുമ്പോൾ തിളങ്ങുന്ന ആ വലിയ കണ്ണുകളിൽ വിഷാദമാണ് ഇപ്പോൾ. കാശിയുടെ പേരെഴുതിയ താലി കഴുത്തിൽ വീഴുമ്പോഴും അവൻ തന്റെ നിറുകയിൽ സിന്ദൂരം ചർത്തുമ്പോഴും തനു കണ്ണുകൾ അടച്ചു പിടിച്ചിരുന്നു. മിഴികളിലെ നീർത്തിളക്കം എല്ലാവരിലും നിന്ന് മറക്കാൻ അവൾ പാടുപെട്ടു. താലികെട്ട് കഴിഞ്ഞപ്പോൾ കാശി തനുവിന്റെ സാരിയുടെ അതേ കളറിൽ ഉള്ള ഒരു ജുബ്ബ ധരിച്ചുവന്നു.

ആ വേഷത്തിൽ ഒരു സിനിമാനടന്റെതുപോലെ സൗന്ദര്യവും ശരീരഭംഗിയും അവനുണ്ടായിരുന്നു. തനു സ്വയം ഒന്നു നോക്കി. ജീവിതം കൊണ്ടു മാത്രമല്ല, കാഴ്ചയിലും താൻ കാശിയേട്ടന് ചേരാത്തവൾ ആണെന്ന് അവൾക്ക് തോന്നിപ്പോയി. തനുവിന്റെ അപകർഷതാബോധം മനസിലാക്കിയ കാശി, തന്റെ ഇടംകൈക്കുകളിൽ അവളുടെ വലതുകൈ ചേർത്തുവച്ചു. ബന്ധുക്കളോടും സുഹൃത്താക്കളോടും ഇടപെടുമ്പോഴും ഫോട്ടോ സെക്ഷനിലും ചിരിച്ചു കളിച്ചു നിൽക്കാൻ കാശിയും തനുവും ഏറെ പാടുപെട്ടു.

കാശി തനുവിന്റെ കഴുത്തിൽ താലി ചർത്തുന്നത് കാണുമ്പോൾ താൻ തകർന്നു പോകും എന്നാണ് നീലു കരുതിയിരുന്നത്. പക്ഷെ ആ ദൃശ്യം തന്നെ തെല്ലും വേദനിപ്പിക്കുന്നില്ല എന്ന് അവൾ തിരിച്ചറിഞ്ഞു. അതിലും ആയിരം ഇരട്ടി വേദന തനുവിന്റെ അവഗണന അവൾക്ക് നൽകി. തനു എത്രത്തോളം തന്റെ ജീവിതത്തിന്റെ ഭാഗം ആയിരുന്നു എന്ന് അപ്പോഴാണ് അവൾ തിരിച്ചറിഞ്ഞത്. ഏട്ടന്മാരുടെയും തനുവിനെയും ഒരു നോട്ടത്തിന് പോലും താനിപ്പോൾ അർഹയല്ല എന്ന തിരിച്ചറിവ് നീലുവിനെ നോവിച്ചുകൊണ്ടിരുന്നു.

ഇതിനിടയിൽ ഒരിക്കൽ പോലും കാശി എന്ന നാമം അവളുടെ ഉള്ളിൽ വന്നില്ല. ഇത്രേയുള്ളോ തനിക്ക് കാശിയേട്ടനോടുണ്ടായിരുന്ന പ്രണയം? അവൾ സ്വയം ചോദിച്ചു. കാശിയോടൊപ്പം കാറിലേക്ക് കയറും മുമ്പ് അച്ഛനെയും ചെറിയച്ഛനെയും അമ്മമാരെയും ചേച്ചിയെയും ഏട്ടനെയും കണ്ട യാത്രപറഞ്ഞു തനു. അവസാനം ഏട്ടന്മാർക്ക് മുന്നിൽ എത്തി. തരുണും തനയ്‌യും അവളെ ചേർത്തുപിടിച്ചു. അതോടെ മൂവരും പൊട്ടി കരഞ്ഞുപോയി. “എന്റെ കല്യാണത്തിന് പോലും കരയാത്തവരാണ്” താര പരിഭവം പറഞ്ഞു.

അവരുടെ കരച്ചിലിന്റെ കാരണം അറിയുന്ന ഒരെയൊരാളായ കാശി നിസ്സഹായനായി ആ രംഗം നോക്കി നിന്നു. ഒടുവിൽ ഏട്ടന്മാർ തന്നെ തനുവിനെ കാശിക്കൊപ്പം കാറിലേക്ക് കയറ്റി. ഏട്ടന്മാരുടേയ്ക് അനിയത്തിയുടെയും സ്നേഹം കണ്ട അച്ചന്മാരും അമ്മമാരും സന്തോഷം കൊണ്ട് കണ്ണുനിറച്ചു. സ്വന്തം സഹോദരിയുടെ വീട്ടിലേക്കാണ് തനു പോകുന്നത് എന്നതായിരുന്നു എല്ലാവരുടെയും ആശ്വാസം. കാശിയുടെ കൈകളിൽ പെങ്ങൾ സുരക്ഷിതയാണെന്ന തിരിച്ചറിവ് അവളുടെ ഏട്ടന്മാരുടെ ഉള്ളം തണുപ്പിച്ചു.

തനുവിനെയും കാശിയെയും വഹിച്ചുകൊണ്ട് ആ കാർ കടന്നുപോയതും നീലു ഒരു ഭ്രാന്തിയെ പോലെ അതിന്റെ പിന്നാലെ ഓടി. ഗേറ്റിനടുത് എത്തിയപ്പോഴേക്കും അവൾ നിലത്തുവീണുപോയി. അവിടെ ഇരുന്ന്, എഴുന്നേൽക്കാൻ പോലും ശ്രമിക്കാതെ, മണ്ണു വാരിയെറിഞ്ഞുകൊണ്ട് നീലു ഉറക്കെയുറക്കെ കരഞ്ഞു. തൊണ്ട പൊട്ടുമാറു ഉച്ചത്തിൽ നിലവിളിച്ചു. ആ കാഴ്ച കണ്ടു നിൽക്കാൻ ആകാതെ തരുണും തനയ്‌യും പോയി അവളെ പിടിച്ചെഴുന്നേല്പിക്കാൻ ശ്രമിച്ചു. അവൾ തരുണിന്റെ കാലിൽ കെട്ടിപ്പിടിച്ചു കരഞ്ഞുകൊണ്ടിരുന്നു. ഒടുവിൽ ഏറെ പണിപ്പെട്ടാണ് അവർ അവളെ സാദാരണ ഗതിയിലേക്ക് മടക്കി കൊണ്ടുവന്നത്.

മാലതി നൽകിയ നിലവിളക്കും കയ്യിലേന്തി വലതുകാൽ വച്ചു കാശിയുടെ ജീവിതത്തിലേക്ക് തനു നടന്നുകയറി. സ്വപ്നങ്ങളിൽ എന്നും ഉണ്ടായിരുന്ന രംഗം ആണിത്. കാശിയേട്ടന്റെ താലിയും പേറി ഈ വീടിന്റെ മരുമകൾ ആയി വരുന്ന ദിനം. ഇപ്പോൾ അതു സത്യമായിരുന്നു. ഏറ്റവും ആഗ്രഹിച്ച ഈ മുഹൂർത്തത്തിനും തന്നെ സന്തോഷിപ്പിക്കാൻ കഴിയുന്നില്ലല്ലോ എന്നവൾ വേദനയോടെ ഓർത്തു. ബന്ധുക്കൾ മിക്കവാറും പേർ പരിചയക്കാർ ആയിരുന്നു. എല്ലാവർക്കും മുന്നിൽ ചിരിച്ചുപിടിച്ചു നിൽക്കാൻ തനു ബുദ്ധിമുട്ടുന്നുണ്ടായിരുന്നു.

ഒടുവിൽ കാശി കാവ്യയെ വിളിച്ചു തനുവിനെയും കൂട്ടി മുകളിലെ അവന്റെ മുറിയിലേക്ക് വിട്ടു. തനുവിന്റെ മുഖത്തെ വിഷാദം വീട്ടുകാരെ വിട്ടു പോന്നത്തിന്റെ ആണെന്നാണ് കാവ്യ കരുതിയത്. അവൾ പലതും പറഞ്ഞു തനുവിനെ അശ്വസിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. സാരിയും ആഭരണങ്ങളും അഴിച്ചെടുക്കാൻ സഹായിച്ചു. “ചേച്ചീ.. സോറി ഏടത്തിക്ക് വേണ്ട ഡ്രെസ് എല്ലാം കാശിയേട്ടൻ വാങ്ങി വച്ചിട്ടുണ്ട്.. പോയി ഫ്രഷ് ആയിട്ടു താഴേക്ക് വന്നോളൂ ട്ടോ.” തനു ഒന്നു പുഞ്ചിരിച്ചുകൊണ്ട് മൂളി.

കാവ്യ പോയികഴിഞ്ഞപ്പോൾ ചമയങ്ങൾ അഴിച്ചുവച്ച നർത്തകിയെപ്പോലെ തനു കണ്ണാടിക്ക് മുന്നിൽ വന്നു നിന്നു. ഒരു നിമിഷം സ്വന്തം പ്രതിബിംബം നോക്കി നിന്ന ശേഷം മനസ് ശാന്തമാകുന്നത് വരെ അവൾ കരഞ്ഞു. ഒടുവിൽ മുഖം അമർത്തി തുടച്ചുകൊണ്ട് അലമാര തുറന്നു. വയലറ്റ് നിറത്തിൽ വലിയ ബോർഡറുള്ള ഒരു പഴയ മോഡൽ സാരിയിൽ തനുവിന്റെ കണ്ണുകൾ ഉടക്കി.

കല്യാണത്തിന് വസ്ത്രങ്ങൾ എടുക്കാൻ പോയപ്പോൾ ഈ സാരി കണ്ട് ഏറെ ഇഷ്ടപ്പെട്ടിരുന്നു. അന്ന് അമ്മക്ക് ഇഷ്ടപ്പെടാത്തത് കൊണ്ട് ഇതു വാങ്ങിയില്ല. കാശിയേട്ടൻ അതുപോലും ഓർത്തു ചെയ്തിരിക്കുന്നു. ഇത്രയും തന്നെ സ്നേഹിക്കുകയും മനസിലാക്കുകയും ചെയ്യുന്ന പുരുഷനെ ഭർത്താവായി കിട്ടിയിട്ടും മനസ്സറിഞ്ഞു സന്തോഷിക്കാൻ കഴിയാത്തവിധം തന്നെ തോൽപ്പിച്ചു പല്ലിളിച്ചു കാണിക്കുന്ന വിധിയോട് അവൾക്ക് പുച്ഛം തോന്നി.

തുടരും-

ഭാര്യ : ഭാഗം 5