ഭാര്യ : ഭാഗം 5
എഴുത്തുകാരി: ആഷ ബിനിൽ
“ആഹാ കാശി ഇവിടെ സെന്റിയടിച്ചു നില്കുകയാണോ? ഈ കുട്ടിയെക്കൂടി വിഷമിപ്പിക്കുമല്ലോ..” കാശി തിരിഞ്ഞു നോക്കി. ഷാഹിനയാണ്. അവൻ കണ്ണു തുടച്ചു. പുഞ്ചിരിക്കാൻ ഒരു വിഫല ശ്രമം നടത്തി. “ഹെയ്. എനിക്ക് മനസിലാകും കാശിയുടെ ഇപ്പോഴത്തെ അവസ്ഥ. പക്ഷെ തനിമക്ക് ഇപ്പോൾ ആവശ്യം ഇങ്ങനെ വിഷമിച്ചു നിൽക്കുന്ന കാശിയെ അല്ല. പഴയ തീപ്പൊരി സഖാവായ കൈലാസ് നാഥിനെ ആണ്.” കാശി ഒന്നു ഞെട്ടി അവരെ നോക്കി. “നോക്കേണ്ട. ബിലാലിനെ അനിയൻ ശിഹാബ് തന്റെ കോളേജ് മേറ്റ് ആയിരുന്നു.
നമ്മൾ പരിചയപ്പെടുന്നതിലും മുൻപ് ഞങ്ങൾക്ക് തെന്നെ അറിയാം. അവന്റെ വാക്കുകളിലൂടെ” അവൻ പുഞ്ചിരിച്ചു. ഷാഹിന തുടർന്നു: “ഞങ്ങൾ ഇറങ്ങുകയാണ്. എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ ഈ കാണുന്ന നഴ്‌സസ് കോളിംഗ് ബെൽ പ്രെസ് ചെയ്താൽ മതി. ഈ ഡ്രിപ് തീർന്നു കഴിയുമ്പോൾ നഴ്സിങ് സ്റ്റേഷനിൽ പറയണം. പിന്നെ നാളെ എത്ര മണിക്കാ മുഹൂർത്തം?” “12.15ന് ആണ് പറഞ്ഞിരിക്കുന്നത്” “അപ്പൊ കുഴപ്പം ഇല്ല.
ഒരു ഒൻപത് മണിയൊക്കെ ആകുമ്പോൾ സൈക്യാട്രിസ്റ് വരും തനിമയെ കാണാൻ. പത്ത്-പത്തരയോടെ ഡിസ്ചാർജ് ചെയ്യാം. കുറച്ചു ദിവസത്തേക്ക് നല്ല കരുതൽ വേണം. ഈ കുട്ടിക്ക് വിഷമം ഉണ്ടാക്കുന്ന സംസാരങ്ങളോ സഹചര്യങ്ങളോ വരാതെ നോക്കണം. കൂടെ നിന്ന് ധൈര്യം കൊടുക്കണം.” കാശി എല്ലാം മൂളികേട്ടു. ഷാഹിന യാത്ര പറഞ്ഞുപോയി. അവൻ ഒരു കസേരയെടുത്ത് തനുവിനരികിൽ ഇട്ട് അതിൽ ഇരുന്നു. ആ കയ്യെടുത്ത് തന്റെ കൈക്കുള്ളിൽ വച്ചു.
അല്പനേരം കൂടി കഴിഞ്ഞു തനു മെല്ലെ കണ്ണുതുറന്നു. തനിക്കരികിൽ ഇരിക്കുന്ന കാശിയെ കണ്ട അവളുടെ മുഖം വിടർന്നെങ്കിലും ക്ഷണ നേരെത്തിൽ ആ ഭാവം പേടിക്കോ ദുഃഖത്തിനോ ഒക്കെ വഴിമാറി. “കാശിയേട്ട…” അവൾ വിറയാർന്ന ശബ്ദത്തിൽ വിളിച്ചു. കാശി അവളെ നോക്കി തിളക്കമില്ലാത്ത ഒരു ചിരി സമ്മാനിച്ചു. “സിനിമയിലും സീരിയലിലും ഒക്കെ കാണുന്ന പോലെ അവസാന നിമിഷം എങ്കിലും നായകൻ വന്നു രക്ഷിക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു..” കാശിയുടെ മുഖത്തെ ചിരി മാഞ്ഞു.
അവന്റെ ഹൃദയത്തിലെ മുറിവിൽ നിന്ന് വീണ്ടും ചോര പൊടിഞ്ഞു തുടങ്ങി. “സാരമില്ല.. ഇതൊക്കെ എന്റെ വിധി ആണ്. ഇനിയിപ്പോ കാശിയേട്ടൻ എന്റെ നായകനല്ല, നീലുവിന്റെയാണ്.” “എന്ത്…?” കാശി ഞെട്ടി അവളെ നോക്കി. “കാശിയേട്ടാ.. ഞാൻ പറയാൻ പോകുന്നത് ഏട്ടൻ ശ്രദ്ധിച്ചു കേൾക്കണം. ഞാൻ സത്യത്തിൽ ഏട്ടന്റെ മുറപ്പെണ്ണല്ല. എന്നെ അച്ഛനും അമ്മയും എടുത്തു വളർത്തിയതാണ്. ഇനീപ്പോ സാരമില്ല, എനിക്ക് ഇങ്ങനെയൊക്കെ സംഭവിച്ചതുകൊണ്ട് എന്നെ സ്വീകരിക്കണം എന്ന് ആരും ഏട്ടനോട് പറയില്ല.
ഏട്ടൻ നീലുവിനെ വിവാഹം കഴിക്കണം.” കാശി തനുവിൽ നിന്ന് തന്റെ കൈകൾ സ്വന്തന്ത്രമാക്കി. “കഴിഞ്ഞോ?” അവൻ ചോദിച്ചു. തനു ചോദ്യഭാവത്തിൽ അവനെ നോക്കി. “നിനക്ക് ആരാ തനു MBBS ന് അഡ്മിഷൻ തന്നത്?” “എന്ത്..?” “അല്ല. നിന്നെ പഠിപ്പിക്കുന്ന പൈസ സർക്കാരിന് നഷ്ടം ആണല്ലോ എന്ന് ആലോചിച്ചതാണ്” “കാശിയേട്ടാ…” തനു ചിണുങ്ങികൊണ്ട് വിളിച്ചു. ആ ഒരു നിമിഷത്തിൽ അവൾ പഴയ തനു ആയതിൽ കാശിയുടെ ഉള്ളു തുടിച്ചു. “പിന്നെ ഞാനെന്താ പറയേണ്ടത് തനു?
നിനക്ക് ഇത്രക്ക് ബോധം ഇല്ലേ? നീ തന്നെ നാഴികക്ക് നാല്പത് വട്ടം പറഞ്ഞിട്ടില്ലേ നീയും തരുണും തനയ്യും നിങ്ങളുടെ അച്ഛന്റെ പോലെ ആണെന്ന്? താരക്ക് മാത്രമേ അമ്മായിയുടെ സൗന്ദര്യം കിട്ടിയിട്ടുള്ളൂ എന്ന്? ഒക്കെ പോട്ടെ. ആണും പെണ്ണുമായി മൂന്നു മക്കൾ ഉള്ള അമ്മാവനും അമ്മയിയ്ക്കും ഒരു കുഞ്ഞിനെ കൂടി ദത്തെടുക്കേണ്ട ആവശ്യം എന്താണ് എന്നെങ്കിലും ചിന്തിച്ചോ നീ?” തനു അൽപ സമയം മൗനമായി ഇരുന്നു. പിന്നെ പറഞ്ഞു: “എനിക്ക് നേരത്തെ തന്നെ അറിയാമായിരുന്നു, ഞാനല്ല, നീലു ആണ് വളർത്തുമകൾ എന്ന്” ഇത്തവണ കാശി ഞെട്ടി എഴുന്നേറ്റു പോയി.
“പിന്നെ എന്തിനാടി പുല്ലേ നീ അവൾ എന്തെങ്കിലും പറഞ്ഞെന്നും പറഞ്ഞു നാടുവിട്ട് പോകാൻ പോയത്?” “നീലുവിന്റെ ആ സമയത്തെ ഭാവം അത്ര പേടിപ്പിക്കുന്നതായിരുന്നു. കല്യാണത്തിൽ നിന്ന് പിന്മാറാൻ ഞാൻ സമ്മതിക്കാതെ ഇരുന്നാൽ അവൾ തന്നെ എല്ലാവരോടും എല്ലാം പറയും. അങ്ങനെ വന്നാൽ താനാണ് ദത്തുപുത്രി എന്ന് അവളറിയും. അതവളുടെ മനസിന് താങ്ങാൻ കഴിയില്ല. എനിക്കത് മറ്റാരേക്കാളും നന്നായി അറിയാം. അതുകൊണ്ടാണ് ഞാൻ അവൾ പറഞ്ഞതെല്ലാം സമ്മതിച്ചു കൊടുത്തത്. പിന്നെ ഞാൻ നാടുവിട്ടു പോയതോന്നും അല്ല.
കുറച്ചു നേരം ഒറ്റക്കിരിക്കാൻ വേണ്ടി കുന്നിൻ ചെരുവിലേക്ക് പോയതാണ് ഇങ്ങനൊക്കെ ആകും എന്നു ഞാനും പ്രതീക്ഷിച്ചില്ല.” കാശി അവളെ അലിവോടെ നോക്കി: “നിനക്ക് എങ്ങനെയാ തനു ഇങ്ങനൊക്കെ ചിന്തിക്കാൻ പറ്റുന്നത്..?” തനു പുഞ്ചിരിച്ചതെ ഉള്ളൂ. അപ്പോഴേക്കും അവളുടെ ഡ്രിപ് തീർന്നിരുന്നു. ഒരു സിസ്റ്റർ വന്ന് അതു മാറ്റി കൊടുത്തു. കയ്യിലെ കാനുല നാളെ രാവിലെ അഴിക്കാം എന്നു പറഞ്ഞു. “കാശിയേട്ടൻ വീട്ടിലേക്ക് പൊയ്ക്കോളൂ. ഇവിടെ മറ്റാരെയെങ്കിലും പറഞ്ഞു വിട്ടാൽ മതി.”
കാശി അതു ശ്രദ്ധിക്കാതെ തനുവിനുള്ള കഞ്ഞി പാത്രത്തിലേക്ക് പകർത്തുകയായിരുന്നു. അവൻ അത് മേശപ്പുറത്തേക്ക് വച്ച ശേഷം അവളെ കോരിയെടുത്തു വാഷ് ബേസിന്റെ മുന്നിൽ കൊണ്ടു നിർത്തി: “കയ്യും മുഖവും കഴുക്” തനു കണ്ണാടിയിൽ കണ്ട തന്റെ പ്രതിബിംബത്തിലേക്ക് നോക്കി. ഏതാനും മണിക്കൂറുകൾ കൊണ്ട് തനിക്ക് വന്ന മാറ്റം നോക്കി കാണുകയായിരുന്നു അവൾ. പഴയ തനുവിന്റെ പ്രേതം മാത്രമാണ് ഇപ്പോൾ മുന്നിലുള്ളതെന്ന് അവൾക്ക് തോന്നി. മിഴികളിൽ നീരൊഴുകി.
കാശി അവളെ ചേർത്തുപിടിച്ചു. അതോടെ ഒളിപ്പിച്ചുവച്ചിരുന്ന ദുഃഖം അണപൊട്ടി ഒഴുകാൻ തുടങ്ങി. കുറെ നേരം കഴിഞ്ഞു ബോധം വന്നവളെപ്പോലെ തനു കാശിയിൽ നിന്ന് അകന്നുമാറി. കൈകുമ്പിളിൽ വെള്ളം പിടിച്ചു മുഖത്തേക്ക് തളിച്ചു. വീണ്ടും വീണ്ടും അവൾ ആ പ്രവർത്തി ചെയ്തുകൊണ്ടിരുന്നു. ഒടുവിൽ കാശി അവളെ പിടിച്ചുമാറ്റി. അവൾ അവന്റെ കൈ തട്ടി തെറിപ്പിച്ചു വീണ്ടും വെള്ളം മുഖത്തേക്ക് തളിച്ചുകൊണ്ടിരുന്നു. രണ്ടാമതും കാശി പിടിച്ചു മാറ്റാൻ വരുന്നത് കണ്ട തനു അവന് അതിനിട കൊടുക്കാതെ വേച്ചുവേച്ചു നടന്നു കട്ടിലിൽ ചെന്നിരുന്നു.
കാശി അവൽക്കരികിൽ ഇരുന്നു. ആ കൈകൾ എടുത്തു തന്റെ കൈക്കുള്ളിൽ ആക്കാൻ ശ്രമിച്ചപ്പോൾ തനു ശക്തിയിൽ അവന്റെ കൈ തട്ടിയെറിഞ്ഞു. “തനു.. എന്താ നീയീ കാണിക്കുന്നത്? എന്താ പറ്റിയെ നിനക്ക്?” “അത് കാശിയേട്ടനും അറിയാവുന്നതല്ലേ?” “അതുകൊണ്ട്? നീ എന്നെ ഒഴിവാക്കുന്നത് എന്താണ്?” “നാളെ നീലുവിന്റെ ഭർത്താവാകാൻ പോകുന്നവനാണ് കാശിയേട്ടൻ. ഈ മാനം കെട്ടവളുമായി അടുത്തിടപഴകുന്നത് ഏട്ടന് നല്ലതിനല്ല” കാശി ഞെട്ടി തരിച്ചുപോയി. കൈ നീട്ടി അവളെ അടിക്കാൻ പോയെങ്കിലും അവളുടെ അവസ്ഥ മനസിലാക്കി സ്വയം നിയന്ത്രിച്ചു.
രണ്ടുമൂന്നു വട്ടം ശ്വാസം വലിച്ചുവിട്ടു. നിറഞ്ഞുവന്ന കണ്ണുകൾ തനുവിൽ നിന്ന് മറച്ചുകൊണ്ട് ചോദിച്ചു: “ഈ മാനം എന്നു പറയുന്ന സാധനം കാലിന്റെ ഇടയിൽ ആണെന്ന് ആരാ നിനക്ക് പഠിപ്പിച്ചു തന്നത് തനു? മാനം നഷ്ടപ്പെട്ടത് നിന്റെയല്ല, നിന്നോടിത് ചെയ്തവരുടെയാണ്. അവരാണ് ലജ്ജിച്ചു തല കുനിക്കേണ്ടത്. നാലു മണിക്കൂർ പോലും ഈ നാട്ടിൽ ഒരു പെണ്ണിന് ഒറ്റക്ക് നടക്കാൻ വയ്യാത്ത സാഹചര്യം ഇവിടെ ഉണ്ടെങ്കിൽ ഈ സമൂഹമാണ് ലജ്ജിക്കേണ്ടത്. തെറ്റു ചെയ്യുന്നവർ ശിക്ഷിക്കപ്പെടാതെ നടക്കുന്നതാണ് എല്ലാത്തിനും കാരണം. അതാണ് വീണ്ടും വീണ്ടും കുറ്റവാളികളെ സൃഷ്ടിക്കുന്നത്. മാറേണ്ടത് നമ്മുടെ ചിന്തകളാണ്.
നീതിന്യായ വ്യവസ്ഥയാണ്. ഇതിനൊന്നും ഒരു മാറ്റവും വരത്തിടത്തോളം കാലം ഇതൊക്കെ ഇനിയും നടക്കും. അതിന്റെ പേരിൽ കരഞ്ഞുകൊണ്ടിരിക്കാൻ ആണെങ്കിൽ അതിനെ നേരം കാണൂ.” കാശി പറഞ്ഞുനിർത്തി. അവൻ പറഞ്ഞതെല്ലാം സത്യമാണ് എന്ന് തനുവിന് മനസിലായി. പക്ഷേ “മാനം നഷ്ടപ്പെട്ടു” എന്ന അവളുടെ ചിന്തയെ മറികടക്കാൻ ആ വാക്കുകൾക്കും കഴിഞ്ഞില്ല. പെണ്ണിന് മാത്രം നഷ്ടപ്പെടാൻ എന്തുതരം മാനം ആണ് അതെന്ന് അവൾ ചിന്തിച്ചും ഇല്ല.
കാശി തനുവിനെ പിടിച്ചിരുത്തി സ്പൂണ് കൊണ്ടു കഞ്ഞി വാരി കൊടുത്തു. കഴിക്കാനുള്ള താൽപര്യമോ അവസ്ഥയോ ഇല്ലായിരുന്നെങ്കിലും ഒരു തർക്കം ഒഴിവാക്കാൻ അവൾ അത് കഴിച്ചു. ഭക്ഷണ ശേഷം കപ്പിൽ വെള്ളം പിടിച്ചു തനുവിന്റെ വായ കഴുകിച്ചു കാശി. വളെ കട്ടിലിലേക്ക് കിടത്തി. ബാക്കി വന്ന കഞ്ഞി അവനും കുടിച്ച ശേഷം പാത്രങ്ങൾ കഴുകിവച്ചു തനുവിനരികിൽ വന്നിരുന്നു. ഈ നേരമത്രയും രണ്ടുപേരും മൗനത്തെ കൂട്ടുപിടിച്ചിരിക്കുകയായിരുന്നു. “അതേ. ഇങ്ങനെ മിഴിച്ചിരിക്കാതെ വേഗം ഉറങ്ങാൻ നോക്ക്. നാളെ നമ്മുടെ ഫസ്റ്റ് നൈറ്റ് അല്ലെ.
ഉറങ്ങാൻ പറ്റിയെന്ന് വരില്ല” കാശി ഒരു കുസൃതിച്ചിരിയോടെ കണ്ണു ചിമ്മികൊണ്ട് പറഞ്ഞു. തനു ഞെട്ടി അവനെ നോക്കി: “കാശിയേട്ടാ അതിന്.. അതിന് നാളെ നമ്മുടെ കല്യാണം നടക്കില്ല. ഞാൻ സമ്മതിക്കില്ല” “എന്തുകൊണ്ട്?” “അത്.. അത്…” തനു നിന്നു പരുങ്ങി. “അതുപിന്നെ കാശിയേട്ടന്റെ താലി സ്വീകരിക്കാനുള്ള യോഗ്യത ഇപ്പോൾ എനിക്കില്ല. അതു തന്നെ കാരണം” “കന്യകാത്വം ആണോ നീ പറയുന്ന യോഗ്യത?” തനു ഒന്നും മിണ്ടിയില്ല. “തനു.. നീ എന്നെ സ്നേഹിക്കുന്നു, വിശ്വസിക്കുന്നു. ഞാൻ നിന്നെയും.
നിന്നെ വിവാഹം കഴിക്കാൻ ആ യോഗ്യത മാത്രം മതി എനിക്ക്” “അതിന് എനിക്ക് കാശിയേട്ടനോട് സ്നേഹം ഒന്നുമില്ല” തനു അവന്റെ മുഖത്തു നോക്കാതെ പറഞ്ഞു. “അത് നീ എന്റെ മുഖത്തു നോക്കി പറഞ്ഞാൽ വിശ്വസിക്കാം” “അതുപിന്നെ മുഖത്തു നോക്കി പറയാൻ പറ്റാത്തത് കൊണ്ടല്ല, കഴുത്തിന് വേദനയാണ്. തിരിക്കാൻ പറ്റുന്നില്ല.” അമ്പടി. നമ്പർ ഇറക്കുന്നു. അതും നമ്മുടെ അടുത്ത്. ശരിയാക്കി തരാം. “അയ്യോ.. അമ്മേ.. ” കാശി പെട്ടന്ന് നിലവിളിച്ചു. തനു ചാടി എഴുന്നേറ്റ് അവന്റെ കയ്യിലും കാലിലും ഒക്കെ പിടിച്ചുനോക്കി. “എന്താ കാശിയേട്ടാ? എന്താ പറ്റിയെ?” “നിന്റെ കഴുത്തു വേദന ഇത്ര വേഗം മാറിയോ?” തനു ചമ്മി നാക്കു കടിച്ചു.
പിന്നെ ഒന്നും അറിയാത്തവളെപോലെ കട്ടിലിലേക്ക് കിടന്നു. “നിനക്ക് എന്നോട് ഇഷ്ടമില്ലെങ്കിൽ പിന്നെ നീ എന്തിനാ എന്റെ ഫോട്ടോയും എന്നെ കുറിച്ചു വാർത്ത വന്ന പേപ്പർ കട്ടിങ്‌സും സൂക്ഷിച്ചു വച്ചിരിക്കുന്നത്?” “അതുപിന്നെ.. സ്വന്തം കസിൻ അല്ലെ.. അതുകൊണ്ട് എടുത്തു വെച്ചതാണ്. അല്ലാതെ ഒന്നുമില്ല” “അപ്പോ എന്റെ ഫോട്ടോ ഫോണിൽ വാൾപേപ്പർ ആക്കിയിരിക്കുന്നതും അതുകൊണ്ടാണോ?” പൂർണമായും പിടിക്കപ്പെട്ടു എന്ന് തനുവിന് മനസിലായി. “തനു. ഇവിടെ നോക്ക് നീ.
ഈ കാശിയുടെ കൈകൊണ്ട് ഒരു താലി ഞാൻ കെട്ടുന്നുണ്ടെങ്കിൽ അത് തനിമ ഹരിപ്രസാദിന്റെ കഴുത്തിൽ ആയിരിക്കും. അതിന് മാറ്റം ഉണ്ടാകാൻ പോകുന്നില്ല.” കാശിയോട് ഇനിയും തർക്കിക്കുന്നതിൽ കര്യമില്ല എന്നു മനസിലാക്കിയ തനു തിരിഞ്ഞുകിടന്നു. “ഇല്ല കാശിയേട്ടാ. ഈ ശരീരവും കൊണ്ട് ഏട്ടന്റെ മുന്നിൽ കഴുതുനീട്ടി തരാൻ തനുവിനു കഴിയില്ല. ഞാൻ ഇവിടെ ഉപേക്ഷിക്കുകയാണ്, എന്റെ പ്രണയം. ഒരുപാട് വേദനിക്കും എന്നറിയാം, പക്ഷെ എനിക്ക് വേറെ വഴിയില്ല. ക്ഷമിക്കണം എന്നോട്..” അവൾ മനസിൽ പറഞ്ഞുകൊണ്ട് കണ്ണുകൾ തുടച്ചു.
തുടരും- ഭാര്യ പാർട്ട് 6 ഇന്ന് രാത്രി 8 മണിക്ക് ഈ പേജിൽ പോസ്റ്റും